Home

Thursday, 31 December 2015

സൂറത്തുൽ അലഖ്‌


അദ്ദ്യായം 96 സൂറത്തുൽ  അലഖ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   19
നബി ﷺക്ക്‌ ഖുർആനിൽ നിന്ന് ആദ്യമായി ഇറങ്ങിയ സൂക്തങ്ങളാണ് ഈ സൂറയിലെ ആദ്യ അഞ്ച്‌ സൂക്തങ്ങൾ. അതിനു മുമ്പ്‌ ആറുമാസം യാഥാർത്ഥ്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു നബിﷺക്ക്‌ വഹ്‌യ്‌ ആയി വന്നിരുന്നത്‌. നുബുവത്തിന്റെ നാൽപ്പത്താറിൽ ഒരു അംശമാണ് സ്വപ്നം എന്ന് നബിﷺപറഞ്ഞിട്ടുണ്ട്‌. നബിﷺക്ക്‌ ഏകാഗ്രത ഇഷ്ടമായി തോന്നുകയും മക്കക്കടുത്തുള്ള ജബലുന്നൂർ എന്ന മലയിലെ ഹിറാ ഗുഹയിൽ നബിﷺതുടരെ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ആരാധിക്കുകയും ഇടക്കിടെ ഖദീജബീവി   رضي الله عنهاനബിﷺക്ക്‌ ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിനം ജിബ്‌രീൽ عليه السلام എന്ന മലക്ക്‌ ഗുഹയിൽ വരികയും നബിﷺയോട്‌ വായിക്കാൻ ആവശ്യപ്പെടുകയും, ഞാൻ വായിക്കുന്നവനല്ലെന്ന് നബിﷺഉത്തരം പറയുകയും അപ്പോൾ ജിബ്‌രീൽ عليه السلام നബിﷺക്ക്‌ വേദനിക്കുമാർ നബിﷺയെ കൂട്ടിപ്പിടിച്ച്‌ വിടുകയും വിണ്ടും ഓതാൻ ആവശ്യപ്പെടുകയും നബിﷺഇതേ മറുപടി ആവർത്തിക്കുകയും മൂന്നാമതും ഇങ്ങനെ പറയുകയും കൂട്ടിപ്പിടിക്കുകയും ചെയ്ത ശേഷം ജിബ്‌രീൽ عليه السلام ഒന്നു മുതൽ അഞ്ച്‌ വരെയുള്ള സൂക്തങ്ങൾ ഓതിക്കൊടുക്കുകയും ചെയ്തു. അനന്തരം നബിﷺവിറച്ച്കൊണ്ട്‌ വീട്ടിലെത്തുകയും എനിക്ക്‌ പുതച്ച്‌ തരുവീൻ എന്ന് പറയുകയും ചെയ്തു.ഖദീജബീവി നബിﷺയെ പുതപ്പിക്കുകയും ചെയ്തു. നബിﷺക്ക്‌ പരിഭ്രമം കുറഞ്ഞപ്പോൾ ഹിറാഗുഹയിൽ നടന്ന കാര്യങ്ങൾ ഖദീജബീ‍വി   رضي الله عنها യോട്‌ പറയുകയും എനിക്കു ഭയമുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ തങ്ങൾ വിഷമിക്കേണ്ടതില്ലെന്നും അല്ലാഹു തങ്ങളെ വഷളാക്കുകയില്ലെന്നും കുടുംബ ബന്ധം ചേർക്കുക, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുക, ഇല്ലാത്തവന്നു സഹായം നൽകുക, അതിഥികളെ സൽക്കരിക്കുക തുടങ്ങി അല്ലാഹു ഇഷ്ടപ്പെടുന്നതും മനുഷ്യർക്ക്‌ ഉപകാരപ്രദവുമായ ഒരു പാട്‌ ഗുണങ്ങൾ തങ്ങൾക്കുള്ളതിനാൽ അല്ലാഹു തങ്ങൾക്ക്‌ സഹായം നൽകുമെന്നും പറഞ്ഞ്‌ ഖദീജബീവി   رضي الله عنها നബിﷺയെ ആശ്വസിപ്പിച്ചു. ശേഷം നബി ﷺയേയും കൊണ്ട്‌ ഖദീജബീവി   رضي الله عنها തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്നു നൗഫലിനെ സമീപിച്ചു (അദ്ദേഹം നേരത്തേ കൃസ്തുമതം സ്വീകരിക്കുകയും ഇഞ്ചീൽ നന്നായി പഠിക്കുകയും ചെയ്തിരുന്ന ആളായിയിരുന്നു)അദ്ദേഹം നബിﷺയുടെ കഥകേട്ടപ്പോൾ അത്‌ മൂസാ عليه السلام ന്റെ അടുത്ത്‌ വരാറുണ്ടായിരുന്ന മാലാഖ തന്നെയാണ്. തങ്ങളുടെ ജനത തങ്ങളെ പുറത്താക്കുന്ന സമയത്ത്‌ ഞാനുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഞാൻ സഹായിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. അപ്പോൾ നബിﷺചോദിച്ചു അവർ എന്നെ പുറത്താക്കുമോ? വറഖത്ത്‌ പറഞ്ഞു തങ്ങൾ കൊണ്ട്‌ വന്നത്‌ പോലുള്ള ആശയവുമായി വരുന്ന ആരും ഉപദ്രവിക്കപ്പെടാതിരുന്നിട്ടില്ല. അധികം വൈകാത അദ്ദേഹം മരണപ്പെട്ടു. അങ്ങനെ ലോകത്ത്‌ പ്രകാശം പരത്താൻ ഖുർആനിന്റെ ആരംഭം കുറിച്ച അദ്യ അഞ്ച്‌ സൂക്തങ്ങളാണ് തുടർന്ന് പറയൂന്നത്‌
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ


സൃഷ്ടിച്ചവനായ തങ്ങളുടെ രക്ഷിതാവിന്റെ നാമത്തിൽ ഓതുക.

വിശുദ്ധ വേദഗ്രന്ഥം അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ടാണ് പാരായണം ആരംഭിക്കേണ്ടത്‌ അഥവാ ഖുർആൻ പാരായണത്തിന്റെ ആരംഭത്തിൽ ബിസ്മി ചൊല്ലണമെന്നാണിതിന്റെ താൽപര്യം. ബിസ്മിയുടെ പ്രാധാന്യം നാം സൂറത്തുൽ ഫാത്തിഹയുടെ ആരംഭത്തിൽ വിശദീകരിച്ചത്‌ ഓർക്കുമല്ലോ.

2. خَلَقَ الْإِنسَانَ مِنْ عَلَقٍ
അവൻ മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
എല്ലാസൃഷ്ടികളെയും അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന് ആദ്യം പറഞ്ഞ ശേഷം മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചു എന്ന് പ്രത്യേകം പറഞ്ഞിരിക്കുകയാണ്. ഇത്‌ മനുഷ്യന്റെ മഹത്വം വിളിച്ചറിയിക്കുന്ന പരാമർശമത്രെ! രക്തക്കട്ടയിൽനിന്ന് (അതിനു മുമ്പ്‌ ഇന്ദ്രിയത്തുള്ളിയായിരുന്നു അത്‌) സൃഷ്ടിക്കപ്പെട്ടു എന്നത്‌ വളരെ മ്ലേഛമായി കാണുന്ന ഒരു വസ്തുവിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനായിട്ടു കൂടി അവനു ഉന്നതമായ സ്ഥനങ്ങൾ അല്ലാഹു നൽകുകയും എല്ലാം നിയന്ത്രിക്കാനുള്ള കഴിവു നൽകുകയും ചെയ്തത്‌ അല്ലാഹു അവനു നൽകിയ മഹത്തായ അനുഗ്രഹമാണെന്ന് അവനെ ഓർമ്മപ്പെടുത്തുകയാണിവിടെ(ഖുർത്വുബി 20/85)

3. اقْرَأْ وَرَبُّكَ الْأَكْرَمُ
ഓതുക തങ്ങളുടെ നാഥൻ അത്യുദാരനാകുന്നു

ഓതുക എന്ന ആവർത്തനം ഓത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. അല്ലാഹു അത്യുദാരനാണെന്ന് പറഞ്ഞതിന്റെ താൽപര്യം ഒന്നുമല്ലാതിരുന്ന മനുഷ്യനു ജന്മം നൽകുകയും അവനു ആവശ്യമായ എല്ലാം നൽകി വളർത്തിക്കൊണ്ടുവരികയും ചെയ്തത്‌ അല്ലാഹുവാണെന്നറിഞ്ഞിട്ടും മനുഷ്യൻ അല്ലാഹുവോട്‌ ധിക്കാരം കാണിക്കുകയും അവന്റെ വിധിവിലക്കുകൾ ലംഘിക്കുകയും ചെയ്യുന്നു.എന്നിട്ടും അല്ലാഹു അവന്റെ നന്ദികേടിനു ഉടൻ ശിക്ഷ നൽകാതെ സഹനം പ്രകടിപ്പിക്കുന്നു ഏറ്റവും മാന്യമായ പെരുമാറ്റം മാത്രം അവൻ നടത്തുകയും ചെയ്യുന്നു എന്നൊക്കെയാണിതിന്റെ ആശയം. എഴുതാൻ പഠിപ്പിച്ചതും വേദഗ്രന്ഥം നൽകിയതുമൊക്കെ അവന്റെ ഔദാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളത്രെ!

4. الَّذِي عَلَّمَ بِالْقَلَمِ
അവൻ പേന കൊണ്ട്‌(എഴുത്ത്‌)പഠിപ്പിച്ചവനാണ്

അല്ലാഹു പേനകൊണ്ട്‌ എഴുതാൻ പഠിപ്പിച്ചവനാണെന്ന് പറഞ്ഞത്‌ വലിയ ഒരു അനുഗ്രഹത്തിലേക്ക്‌ സൂചനയാണ്. സഈദ്‌ رضي الله عنه ഖതാദ: رضي الله عنه ൽനിന്ന് നിവേദനം ചെയ്യുന്നു പേന അല്ലാഹുവിൽ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹമാണ്. അതില്ലായിരുന്നുവെങ്കിൽ ഒരു മതവും നിലനിൽക്കുകയില്ല ഒരു ജീവിതവും നന്നായിത്തീരുകയുമില്ല (ഖുർത്വുബി 20/85) പേനയുടെ പ്രാധാന്യം ഇതിൽ നിന്ന് വ്യക്തമാണ്. വിജ്ഞാന വികാസത്തിനും അജ്ഞതയകറ്റാനും പേനയുടെ സംഭാവന മഹത്തരം തന്നെ എഴുതിവെക്കുന്നത്‌ എന്നും നില നിൽക്കും മന:പാഠമാക്കിയത്‌ മറന്നേക്കാം എന്ന ആപ്തവാക്യം എത്ര അർത്ഥവത്താണ്.
അദ്യമായി അല്ലാഹു സൃഷ്ടിച്ചത്‌ പേനയാണെന്നും അതിനോട്‌ എഴുതാൻ അല്ലാഹു നിർദ്ദേശിക്കുകയും വരാനിരിക്കുന്ന മുഴുവൻ കാര്യവും അത്‌ എഴുതിയെന്നും നബിﷺപറഞ്ഞിട്ടുണ്ട്‌.

മലക്കുകൾ ഒരു ഗർഭസ്ഥ ശിശുവിനു നാലുമാസമാവുമ്പോൾ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ആ കുഞ്ഞിന്റെ ആയുസ്സും ആണോ പെണ്ണോ  എന്നതും ഭക്ഷണവും വിജയിയോ പരാജയിയോ എന്നും എഴുതുമെന്നും ഹദീസിൽ കാണാം.

നാം ചെയ്യുന്ന ഓരോകാര്യവും ബഹുമാനികളായ മാലാഖമാർ എഴുതിക്കൊണ്ടിരുക്കുന്നതായി ഖുർആൻ വിശദീകരിക്കുന്നു.മനുഷ്യനും പേനകൊണ്ട്‌ എഴുതുന്നു.ചുരുക്കത്തിൽ ഖലം എന്നതിൽ മൂന്നെണ്ണം കാണാം (1)അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്‌(2)​മലക്കുകളുടെ പേന(3) മനുഷ്യരുടെ പേന(ഖുർത്വുബി 20/86-87)

ചുരുക്കത്തിൽ എഴുത്തും വായനയും ഏറ്റവും വലിയ പരിഗണനയോടെ കാണുന്ന മതമാണ് ഇസ്‌ലാം

എന്നാൽ ഈ സൂക്തങ്ങൾ ഓതുന്നവരും വായനക്കും എഴുത്തിനും ഇസ്‌ലാം നൽകിയ മുന്തിയ പരിഗണന പറയുന്നവരും ആ വായനക്കും എഴുത്തിനുമൊക്കെ നാഥന്റെ നാമവുമായി ബന്ധപ്പെടുത്തിയാണ് ഖുർആൻ പറഞ്ഞതെന്ന് സൗകര്യപൂർവ്വം മറക്കുകയും ഖുർആനിനെയും മത തത്വങ്ങളെയും കാറ്റിൽ പറത്തി ഭൗതിക വിജ്ഞാനത്തിൽ മാത്രം ശ്രദ്ധിക്കുന്നത്‌ എന്ത്‌ മാത്രം അക്രമമാണ്. ഏത്‌ വിജ്ഞാനം സമ്പാദിക്കുമ്പോഴും അതിനു കഴിവു തന്ന നാഥനെ ഓർക്കുന്നതിനു സഹായകമായ ധാർമ്മിക വിദ്യയുടെ അനിവാര്യത ഓർക്കണം .അതാണ് തങ്ങളുടെ നാഥന്റെ നാമത്തിൽ വായിക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യം.(വായിച്ചാൽ പോരാ നാഥനെ ഓർക്കുന്ന വായനയാവണം എന്ന് ചുരുക്കം) അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
5. عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
അവൻ മനുഷ്യനു തനിക്കറിയാത്തത്‌ പഠിപ്പിച്ചിരിക്കുന്നു.
ഒന്നും അറിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന മനുഷ്യന് ആവശ്യമുള്ളതെല്ലാം പഠിപ്പിച്ചത്‌ അല്ലാഹുവാണെന്ന് നമുക്കറിയാം അതിനാൽ അറിവു ലഭിക്കുന്നതിനനുസരിച്ച്‌ മനുഷ്യൻ കൂടുതൽ വിനയാന്വിതനാവുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി രേഖപ്പെടുത്തുകയും വേണം അല്ലാതെ അഹങ്കരിക്കുന്നത്‌ നന്ദികേടാണെന്ന് പറയേണ്ടതില്ലല്ലോ.

6. كَلَّا إِنَّ الْإِنسَانَ لَيَطْغَى
വേണ്ട!നിശ്ചയം മനുഷ്യൻ അതിരു വിട്ട്‌ പോകുന്നു
7. أَن رَّآهُ اسْتَغْنَى
താൻ സ്വയം പര്യാപ്തനാണെന്ന് (തന്നെക്കുറിച്ച്‌)ധരിച്ചതിനാൽ
8. إِنَّ إِلَى رَبِّكَ الرُّجْعَى
(മനുഷ്യാ!) നിന്റെ നാഥനിലേക്ക്‌ തന്നെയാണ് നിന്റെ മടക്കം.
മനുഷ്യനു ഭൗതികലോകത്ത്‌ അൽപം സൗകര്യങ്ങളുണ്ടാവുമ്പോഴേക്ക്‌ അത്‌ നൽകിയ നാഥനെ വെല്ലുവിളിക്കാനും എനിക്കു ഞാൻ തന്നെ മതിയെന്ന് അഹങ്കരിക്കാനും അവൻ ശ്രമിക്കുന്നു തൽഫലമായി അവൻ നേരും നെറിയും ശ്രദ്ധിക്കാത്തവനും താന്തോന്നിയായി ജീവിക്കുനവനുമാകുന്നു. വാസ്തവത്തിൽ അവന്റെ അഹങ്കാരങ്ങളെല്ലാം ഒറ്റനിമിഷം കൊണ്ട്‌ തകർന്നടിയുന്നത് നമുക്ക്‌ കാണാം വിശേഷബുദ്ധി നൽകി അല്ലാഹു ആദരിച്ച മനുഷ്യൻ ആ ബുദ്ധി ശരിയായി ഉപയോഗപ്പെടുത്താത്തത്താണ്. ഇത്രയും അപകടത്തിൽ എത്തിപ്പെടാൻ കാരണം ഇവിടെ പറഞ്ഞത്‌ എല്ലാ മനുഷ്യർക്കും ബാധകമാണെങ്കിലും അബൂജഹ്‌ലിന്റെ വിഷയത്തിലാണിത്‌മുതൽ അവസാനം വരെയുള്ള സൂക്തങ്ങൾ ഇറങ്ങിയത്‌. മക്കയിലുള്ള തന്റെ സ്വാധീനത്തിലും ധനമികവിലും അവൻ അഹങ്കരിക്കുകയും നബിﷺതങ്ങളെ അവൻ വെല്ലുവിളിക്കുകയും ചെയ്തത്‌ കൊണ്ടാണീ പരാമർശം എന്നാൽ എത്ര അഹങ്കരിച്ചാലും അല്ലാഹുവിന്റെ അന്തിമകോടതിയിലേക്കാണവന്റെ മടക്കമെന്നും പ്രവർത്തിച്ചതിനൊക്കെ കണക്കനുസരിച്ച്‌ അവിടെ കൂലി ലഭിക്കുമെന്നും ഉണർത്തുകയാണിവിടെ.

9. أَرَأَيْتَ الَّذِي يَنْهَى
തടയുന്നവനെ താങ്കൾ  കണ്ടുവോ?
10. عَبْدًا إِذَا صَلَّى
ഒരു അടിമയെ(തടയുന്നവനെ)ആ അടിമ നിസ്ക്കരിക്കുമ്പോൾ.
11. أَرَأَيْتَ إِن كَانَ عَلَى الْهُدَى
താങ്കൾ കണ്ടുവോ?ആ അടിമ സന്മാർഗത്തിലാണെങ്കിൽ
12. أَوْ أَمَرَ بِالتَّقْوَى
അല്ലെങ്കിൽ ആ അടിമ സൂക്ഷ്മത(ഭക്തി)കൊണ്ട്‌ കൽപ്പിക്കുകയാണെങ്കിൽ
13. أَرَأَيْتَ إِن كَذَّبَ وَتَوَلَّى
താങ്കൾ കണ്ടുവോ അവൻ(വിരോധിക്കുന്നവൻ)വ്യാജമാക്കുകയും തിരിഞ്ഞു കളയുകയുമാണെങ്കിൽ(എന്തായിരിക്കും അവസ്ഥ)
ഒരു അടിമ നിസ്ക്കരിക്കുമ്പോൾ അവരെ തടഞ്ഞവനെ കണ്ടില്ലേ?എന്താണവന്റെ അവസ്ഥ?ആ നിസ്ക്കരിക്കുന്ന അടിമ സന്മാർഗത്തിലും അല്ലാഹുവിനെ സൂക്ഷിച്ച്‌ ഭയഭക്തിയോടെ ജീവിക്കാൻ ജനങ്ങളെ ഉപദേശിക്കുന്നവരുമാണെങ്കിലും (സത്യം അങ്ങനെ തന്നെയാണ്)അവരെ തടയാനും ഉപദ്രവിക്കാനും ശ്രമിക്കുന്നവൻ എന്തു മാത്രം അക്രമിയാണ് എന്ന് മാത്രമല്ല അവൻ സത്യത്തെ കളവാക്കുന്നവനും സത്യത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കുന്നവനും ആണെങ്കിലോ(അവൻ അങ്ങനെ തന്നെയാണ്) അവന്റെ അവസ്ഥ എന്തുമാത്രം ശോചനീയമാണ് .ഇവിടെ പറഞ്ഞ അടിമ നബിﷺതങ്ങളും തടയുന്നവൻ അബൂജഹ്‌ലുമാണ് എന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. എന്നാൽ ആ സ്വഭാവം നിലനിർത്തുന്ന എല്ലാവർക്കും ഇത്‌ ബാധകമാണെന്ന് പ്രത്യേകം ഓർക്കുക. നബിﷺനിസ്ക്കരിക്കുമ്പോൾ തങ്ങളുടെ പിരടിക്ക്‌ ചവിട്ടാനായി അബൂജഹ്‌ൽ വന്നതും പോയ അതേ വേഗതയിൽ അവൻ തിരിച്ചു പോരുകയും എന്തു പറ്റി എന്ന് ചോദിച്ച അനുയായികളോട്‌ എനിക്കും നബിക്കുമിടയിൽ ഒരു തീയിന്റെ കിടങ്ങും മറ്റ്‌ പല ഭയാനക വസ്തുക്കളും കണ്ടുവെന്നും അതാണ് ഞാൻ തിരിച്ചുവന്നതെന്നും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ധാരാളം കാണാം ചരിത്രത്തിൽ.
14. أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى
നിശ്ചയം അല്ലാഹു കാണുന്നുണ്ടെന്ന് അവൻ അറിഞ്ഞിട്ടില്ലേ?
ഏറ്റവും വലിയ താക്കീതിന്റെ ശൈലിയാണ് ഇത്‌. അല്ലാഹു എല്ലാം കാണുന്നുണ്ടെന്നും അവൻ ഇതിനൊക്കെ തനിക്ക്‌ പ്രതിഫലം നൽകുമെന്നും ഇവൻ മനസിലാക്കുന്നില്ലേ? ഏതൊരു കാര്യം ചെയ്യുന്നവനും അല്ലാഹു അത്‌ കാണുന്നുണ്ടെന്ന് ഓർക്കുകയും അവനു ഇഷ്ടമില്ലാത്തതിലേക്ക്‌ മുന്നിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം എന്നൊക്കെ ഇതിൽ നിന്ന് മനസിലാക്കാം
15. كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
വേണ്ടാ..അവൻ വിരമിക്കുന്നില്ലെങ്കിൽ ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും
16. نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
(അതെ) കള്ളവാദിയും കുറ്റക്കാരിയുമായ കുടുമ
17. فَلْيَدْعُ نَادِيَه
എന്നിട്ട്‌ അവൻ അവന്റെ സഭക്കാരെ വിളിച്ചു കൊള്ളട്ടെ
18. سَنَدْعُ الزَّبَانِيَةَ
നാം സബാനിയത്തിനെ (നരകത്തിലെ ഊക്കന്മാരായ മലക്കുകളെ)വിളിച്ചു കൊള്ളാം
19. كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ
വേണ്ടാ..(നബിയേ)തങ്ങൾ അവനെ അനുസരിക്കരുത്‌ തങ്ങൾ സുജൂദ്‌ ചെയ്യുകയും (അല്ലാഹുവിലേക്ക്‌)അടുക്കുകയും ചെയ്യുക.

അബൂജഹ്‌ലിനും സമാന സ്വഭാവക്കാർക്കുമുള്ള ശക്തമായ താക്കീതാണിത്‌. ഈ ദുഷ്പ്രവർത്തനം നിർത്തുന്നില്ലെങ്കിൽ അവന്റെ പിഴച്ച കള്ളത്തലയിലെ കുടുമ പിടിച്ച്‌ നാം അവനെ നരകത്തിലേക്ക്‌ വലിക്കും അതിൽ നിന്ന് രക്ഷപ്പെടാൻ അവന്റെ ആളുകളെ അവൻ വിളിച്ച്സഹായം ചോദിക്കട്ടെ .ആരാണ് അവനെ രക്ഷിക്കാൻ വരുന്നത്‌? ആരും വരില്ല!!
സബാനിയാക്കളായ (നരകത്തിന്റെ കാവൽക്കാരായ ശക്തന്മാരായ മലക്കുകളെ) നാം വിളിക്കും എന്നാൽ ഈ ധിക്കാരികളെ നരകത്തിലേക്ക്‌ വലിച്ചിഴക്കാൻ അല്ലാഹു അവരോട്‌ നിർദ്ദേശിക്കുമെന്നാണ്.അതിനെ തടയാനോ അതിൽ നിന്ന് രക്ഷപ്പെടാനോ അവർക്ക്‌ കഴിയില്ല എന്നൊക്കെയാണിവിടെ ഉണർത്തുന്നത്‌. ഇത്തരം ദുശ്ശക്തികളുടെ ഭീഷണിയെ തങ്ങൾ അനുസരിക്കരുതെന്നും പകരം അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാവണമെന്നും നബിﷺയെ ഉണർത്തിയിരിക്കുകയാണ്. (ഈ സൂറയുടെ അവസാനത്തിൽ ഓത്തിന്റെ സുജൂദ്‌ സുന്നത്താണ്)

അല്ലാഹു നല്ലത്‌ മനസിലാക്കാനും ഉൾക്കൊണ്ട്‌ ജീവിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

Monday, 28 December 2015

സൂറ:അത്തീൻ


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. وَالتِّينِ وَالزَّيْتُونِ

അത്തിയെയും ഒലീവിനെയും തന്നെ (സത്യം)

അത്തിവൃക്ഷം നമ്മുടെ നാട്ടിലും കാണാമെങ്കിലും അറേബ്യയിലെ വിശേഷിച്ചും ഫലസ്തീൻ നാടുകളിലെ അത്തിക്കു പല സവിശേഷതകളുമുണ്ട്‌. പഴത്തിന്റെ വലിപ്പം, ആകൃതി, സ്വാദ്‌, പ്രയോജനം എന്നിവയിലെല്ലാം അതു വളരെ മെച്ചപ്പെട്ടതാണ്. ആരോഗ്യദായകമായ ഒരു ഭക്ഷ്യ വസ്തുവും ഔഷധവീര്യമുള്ളതും ആണിത്‌. ഇമാം ഖുർത്വുബി رضي الله عنه എഴുതുന്നു. നബി ﷺ ക്ക്‌ ഒരിക്കൽ അത്തിപ്പഴം ഹദ്‌യ (തിരുമുൽക്കാഴ്ച) യായി വന്നു അവിടുന്ന് പറഞ്ഞു “കഴിക്കുക. തങ്ങളും കഴിച്ചു എന്നിട്ട്‌ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നൊരു പഴം എന്ന് ഞാൻ പറയുകയായിരുന്നുവെങ്കിൽ ഈ പഴത്തെ കുറിച്ച്‌ അങ്ങനെ പറയുമായിരുന്നു അത്‌ നിങ്ങൾ കഴിക്കുക .അത്‌ മൂലക്കുരു ഇല്ലാത്താക്കുകയും വാദരോഗങ്ങൾക്ക്‌ ശമനം നൽകുകയും ചെയ്യും (ഖുർത്വുബി 20/79)

സ്വർഗത്തിൽ വെച്ച്‌ ആദ്യമായി നഗ്നത വെളിപ്പെട്ടപ്പോൾ ആദം عليه السلام പറിച്ചെടുത്ത്‌ നഗ്നത മറക്കാൻ ഒട്ടിച്ച്‌ വെച്ചത്‌ അത്തിമരത്തിന്റെ ഇലയായിരുന്നു. ആ പ്രാധാന്യമാണ് അത്‌ കൊണ്ട്‌ സത്യം ചെയ്യാൻ അല്ലാഹു ഇതു ഉപയോഗിച്ചിരിക്കുന്നത്‌(ഖുർത്വുബി 20/80) ഒലീവ്‌ മരത്തിന്റെ കേന്ദ്രവും ഫലസ്തീനും പരിസരങ്ങളും തന്നെ.
ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണ വിത്താണ് ഒലീവിൽ നിന്നെടുക്കുന്ന എണ്ണ (സൈത്തെണ്ണ) ഏറ്റവും പ്രാധാന്യമുള്ള എണ്ണയാണ് കറിയായും മരുന്നായും ലേപനമായും വിളക്കെണ്ണയായും അതു ഉപയോഗിക്കുന്നു.
ഒലീവിന്റെ കമ്പ്‌ പല്ലു തേക്കാനുള്ള മിസ്‌വാക്കായി ഉപയോഗിച്ച്‌ മുആദ്‌ رضي الله عنه പറഞ്ഞു. സൈത്തൂൻ അനുഗ്രഹീത വൃക്ഷമാണ് അതിൽ നിന്നുള്ള മിസ്‌വാക്ക്‌ നല്ല മിസ്‌വാക്ക്‌ ആണ്. വായ ശുദ്ധിയാവാനും പല്ലിന്റെ മഞ്ഞനിറം കളയാനും സഹായകമാണ് അത്‌. എന്റെയും മറ്റ്‌ നബിമാരുടെയും മിസ്‌വാക്കാണ് എന്ന് നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് (ഖുർത്വുബി 20/79)
2. وَطُورِ سِينِينَ

സീനാ പർവ്വതത്തെ തന്നെയാണ് (സത്യം)

മൂസാ (عليه السلام) ക്ക്‌ പ്രവാചകത്വം ലഭിച്ചതും അല്ലാഹുവുമായി മൂസാ عليه السلام സംസാരിച്ചതും തങ്ങൾക്ക്‌ തൗറാത്ത്‌ ലഭിച്ചതും സീനാ പർവ്വതത്തിൽ വെച്ചാണ്. മൂസാ عليه السلام യുടെയും ഇസ്‌റാഈല്യരുടെടെയും ധാരാളം ചരിത്രങ്ങളുമായി ഈ പർവ്വതത്തിനു ബന്ധമുണ്ട്‌
3. وَهَذَا الْبَلَدِ الْأَمِينِ
നിർഭയമായ ഈ രാജ്യത്തെ തന്നെയുമാണ് (സത്യം).


നിർഭയ രാജ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മക്കയാണ്. മക്കയിൽ വെച്ച്‌ ആരും ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാറില്ലായിരുന്നു അതിനാൽ ആ കാലത്ത്‌ പോലും മക്ക നിർഭയത്വത്തിന്റെ സങ്കേതമായിരുന്നു
4. لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോട്കൂടി സൃഷ്ടിച്ചിരിക്കുന്നു.

നാലു വസ്തുക്കളെക്കൊണ്ട്‌ ആണയിട്ട്‌ അല്ലാഹു പറയുന്ന കാര്യം മനുഷ്യനെ അവൻ ഏറ്റവും നല്ല പാകതയിലായിട്ട്‌ സൃഷ്ടിച്ചു എന്നാണ്. ശാരീരികമായും ബുദ്ധിപരമായും എല്ലാം മറ്റു സൃഷ്ടികളേക്കാൾ ഉൽകൃഷ്ടനാണ്. മനുഷ്യൻ. അവനേക്കാൾ എത്രയോ വലുപ്പമുള്ള ജീവികളെയാണ്. അവൻ അനായാസം നിയന്ത്രിക്കുന്നത്‌ ! സകലതിനെയും തന്റെ കരവലയത്തിലൊതുക്കി കൈകാര്യം ചെയ്യാൻ വേണ്ട പക്വതയും പാകതയും അല്ലാഹു അവനു നൽകിയിട്ടുണ്ട്‌ മനുഷ്യനു അല്ലാഹു നൽകിയ ശാരീരിക ക്രമമവും വളരെ സൗന്ദര്യകരം തന്നെ.

ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. “ഈസബ്നു മൂസൽ ഹാശിമി എന്നവർ തന്റെ ഭാര്യയെ നന്നായി സ്നേഹിക്കുന്ന ആളായിരുന്നു.ഒരിക്കൽ അദ്ദേഹം ഭാര്യയോട്‌ പറഞ്ഞു ആ കാണുന്ന പൂണ്ണ ചന്ദ്രനേക്കാൾ നിനക്ക്‌ കൂടുതൽ സൗന്ദര്യമില്ലെങ്കിൽ നീ എന്നിൽ നിന്ന് വിവാഹ മോചനം നൽകപ്പെട്ടവളാണ് എന്ന്. അപ്പോൾ ഭാര്യ അവിടെ നിന്ന് എഴുന്നേൽക്കുകയും നിങ്ങൾ എന്നെ ത്വലാഖ്‌ ചൊല്ലി എന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിനു അപ്പോൾ വലിയ വിഷമം തോന്നുകയും ഭരണാധികാരിയായ ഖലീഫാ മൻസൂറിന്റെ അടുത്ത്‌ ചെന്ന് വിവരം പറയുകയും അദ്ദേഹം പണ്ഡിതന്മാരെ വിളിച്ച്‌ വരുത്തി ത്വലാഖ്‌ പോയോ എന്ന് ചോദിക്കുകയും ചെയ്തു. പലരും പറഞ്ഞു. തലാഖ് പോയി എന്ന് ! അപ്പോൾ അബൂഹനീഫ: رحمة الله عليه ന്റെ ഒരു ശിഷ്യൻ മാത്രം ഒന്നും മിണ്ടാതിരിക്കുന്നത്‌ ഖലീഫകാണുകയും നിങ്ങൾ എന്താണ് ഒന്നും മിണ്ടാത്തത്‌ എന്ന് അന്വേഷിക്കുകയും ചെയ്തു അപ്പോൾ അദ്ദേഹം

وَالتِّينِ وَالزَّيْتُونِ
وَطُورِ سِينِينَ
وَهَذَا الْبَلَدِ الْأَمِينِ
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ

ഈ സൂക്തങ്ങൾ പാരായണം ചെയ്യുകയും മനുഷ്യനേക്കാൾ സൗന്ദര്യമുള്ള ഒന്നുമില്ലെന്നും അതിനാൽ ത്വലാഖ്‌ പോകില്ലെന്നും പറഞ്ഞു. അതാണ് ശരിയെന്നും ഭാര്യയുമൊന്നിച്ച്‌ നിങ്ങൾക്ക്‌ കഴിയാമെന്ന് ഈസബ്നു മൂസാ എന്നവരോട്‌ ഖലീഫ പറയുകയും ഭർത്താവിനെ അനുസരിച്ച്‌ ജീവിക്കാൻ ഭാര്യയോട്‌ നിർദ്ദേശിക്കുകയും ചെയ്തു(ഖുർത്വുബി 20/82). ഇത് അല്ലാഹു മനുഷ്യനു നൽകിയ വലിയ അംഗീകാരമാണ്.
5.ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
പിന്നീട്‌ അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിത്തീർത്തു

ഇങ്ങനെ എല്ലാ അംഗീകാരവും നൽകപ്പെട്ട മനുഷ്യൻ പക്ഷെ തന്റെ വിശേഷ ബുദ്ധി ഉപയോഗിച്ച്‌ അല്ലാഹുവിന്റെ ശക്തിമനസിലാക്കി അവനിൽ വിശ്വസിക്കാനും അവനു വേണ്ടി സുകൃതങ്ങൾ ചെയ്യാനും അവന്റെ നിർദ്ദേശങ്ങൾ പാലിക്കാനും  തയാറാവുന്നില്ലെങ്കിൽ ഏറ്റവും അധമനായി അവനെ അല്ലാഹു തരം താഴ്ത്തുക തന്നെ ചെയ്യും അഥവാ അവൻ അല്ലാഹുവിന്റെ അടുത്ത്‌ ഏറ്റവും നികൃഷ്ടനായി മാറുകയും പരലോകത്ത്‌ അതി ദയനീയമായ ശിക്ഷകൾ കൊണ്ട്‌ അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും
6. إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരൊഴികെ. എന്നാൽ അവർക്ക്‌ മുറിക്കപ്പെടാത്ത പ്രതിഫലമാണുണ്ടായിരിക്കുക.

സത്യവിശ്വാസവും സൽക്കർമ്മങ്ങളും സ്വഭാവമാക്കിയവർക്ക്‌ നിന്ദ്യതയില്ലെന്ന് മാത്രമല്ല വളരെ ഉന്നതമായ നേട്ടങ്ങളാണ്. അവനെ കാത്തിരിക്കുന്നത്‌ അല്ലാഹുവിന്റെ അടുത്ത്‌ അവർക്ക്‌ മഹത്തായ സ്ഥാനമുള്ളതിനാൽ അവന്റെ ദർശനത്തിനു പോലും അവർക്ക്‌ അല്ലാഹു അവസരം നൽകും .അവർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളൊന്നും ഒരിക്കലും നിന്ന് പോകാത്ത വിധം നിത്യമായി തുടരുകയും ചെയ്യും
ഇമാം ഖുർത്വുബി
رحمة الله عليه എഴുതുന്നു. സത്യവിശ്വാസി മരണപ്പെട്ടാൽ അവന്റെ ഖബ്‌റിനു സമീപം വെച്ച്‌ അന്ത്യനാൾ വരെ അല്ലാഹുവിനെ ആരാധിക്കാനായി അല്ലാഹു രണ്ട്‌ മലക്കുകൾക്ക്‌ കൽപന നൽകും എന്നിട്ട്‌ അതിന്റെ പ്രതിഫലം ഇദ്ദേഹത്തിനു നൽകപ്പെടുകയും ചെയ്യും എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു(ഖുർത്വുബി 20/83)

സത്യവിശ്വാസിക്കായി എത്ര പേർ പ്രാർത്ഥിക്കുന്നു അതിന്റെയൊക്കെ ഫലം അവനെ തേടി എത്തുന്നു.അതിനാൽ സത്യവിശ്വാസവും അതിനനുസരിച്ചുള്ള സൽക്കർമ്മവും ജീവിത ശൈലിയാക്കാൻ നാം ശീലിക്കണം അല്ലാഹു തുണക്കട്ടെ ആമീൻ
7. فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
എന്നിരിക്കെ ഇതിനു ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തിൽ (നബിയേ)തങ്ങളെ നിഷേധിക്കാൻ എന്തു ന്യായമാണുള്ളത്‌
8.أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
അല്ലാഹു വിധികർത്താക്കളിൽ വെച്ച്‌ ഏറ്റവും നല്ല വിധികർത്താവല്ലയോ?

മനുഷ്യന്റെ അവസ്ഥ ഇതൊക്കെയാണെന്ന് വന്നാൽ അവന്നു വിചാരണയുണ്ടെന്നും പുനർജ്ജന്മമുണ്ടെന്നും പറയുമ്പോൾ അവൻ നിഷേധിയാകുന്നത്‌ എന്തിന്? അതിനു വല്ല ന്യായവുണ്ടോ? ഇല്ലെന്ന് മാത്രമല്ല അതും അവന്റെ ധിക്കാരത്തിന്റെയും വിവരക്കേടിന്റെയും അടയാളമായി മാറുന്നു. ഇതൊക്കെ പറഞ്ഞത്‌ അല്ലാഹു ആണ് അവൻ ഏറ്റവും നല്ല വിധികർത്താവല്ലേ? അവൻ ഏറ്റവും യുക്തിയുക്തം, കാര്യങ്ങൾ ചെയ്യുന്നവനല്ലേ ഇതവർ ഓർക്കാത്തതെന്ത്‌ എന്നൊക്കെയാണീ ചോദ്യത്തിന്റെ താൽപര്യം ഈ അവസാന സൂക്തം ഓതുമ്പോൾ بلى وأنا علي ذلك من الشاهدين (അതെ!ഞാനും അതിനു സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവൻ തന്നെ) എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവെ അറിഞ്ഞു ആരാധിക്കാൻ അല്ലാഹു നമുക്കെല്ലാം അനുഗ്രഹം നൽകട്ടെ ആമീൻ