Home

Thursday, 7 January 2016

അല്‍ ഫാതിഹ





സൂറത്ത് എന്ന അറബി പദത്തിന് ഇവിടെ അധ്യായം എന്ന് അര്‍ഥം പറയാം. സൂറ എന്നും ചിലപ്പോള്‍ ഇതിനെ ഉച്ചരിക്കും. വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ കാര്യങ്ങളുമെന്ന പോലെ സൂറകളും തനിമ പുലര്‍ത്തുന്നതാണ്. ഏറ്റം വലിയ സൂറത്തില്‍ (അല്‍ബഖറ) 286 ആയത്തുകളുണ്ടെങ്കില്‍ ഏറ്റം ചെറിയതില്‍ (അല്‍കൗസര്‍) 3 ആയത്തുകളേയുള്ളൂ. ഒരു ചെറിയ സൂറത്തില്‍ ഒന്നിലേറെ വിഷയങ്ങളുണ്ടാകാമെങ്കില്‍ ഒരു വലിയ അധ്യായത്തില്‍ ചിലപ്പോള്‍ പ്രധാനമായും ഒരു വിഷയമേ ഉണ്ടായിരിക്കൂ. അതുകൊണ്ട് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ അതിലെ അധ്യായങ്ങള്‍ മറ്റു ഗ്രന്ഥങ്ങളിലെ അധ്യായങ്ങളെപ്പോലെ വിഭാവനം ചെയ്യുന്നത് തീര്‍ത്തും അബദ്ധമായിരിക്കും. ഈ സൂറ ഖുര്‍ആനിലെ പ്രാരംഭാധ്യായമായിരിക്കയാല്‍ ഇതിന് ഫാതിഹ (പ്രാരംഭം) എന്നും ഫാതിഹത്തുല്‍കിതാബ് (ഗ്രന്ഥത്തിന്റെ തുടക്കം) എന്നും പേര് ലഭിച്ചു. തുടക്കം എന്നു വെച്ചാല്‍ ക്രോഡീകരണത്തില്‍ മാത്രമാണ്; അവതരണത്തിലല്ല. ആദ്യം അവതരിച്ചത് സൂറത്തുല്‍ അലഖ് (ഇഖ്‌റഅ്) ആണല്ലോ. എന്നാല്‍ ഇന്ന സൂറത്തിന്റെ സ്ഥാനം ഇന്നതിന്റെ മുമ്പും ഇന്നതിന്റെ ശേഷവുമാണെന്ന് തിരുനബി (സ്വ) അപ്പപ്പോള്‍ സ്വഹാബത്തിന് നിര്‍ദേശിച്ചുകൊടുത്തിരുന്നു. ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നതില്‍ മിക്ക പണ്ഡിതരും ഏകാഭിപ്രായക്കാരാണ്. അതായത് നബി (സ്വ) യുടെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍. ഏഴു സൂക്തങ്ങള്‍ മാത്രമേ ഇതിലുള്ളുവെങ്കിലും അനന്തമായ അര്‍ഥസാരങ്ങള്‍ ഫാതിഹ ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആനിന്റെ ആദ്യന്തമുള്ള അന്തസ്സത്തയും രത്‌നസംഗ്രഹവുമാണിത്. വിശ്വാസം, കര്‍മം, നിയമനിര്‍മാണം, പാരത്രികവിശ്വാസം, അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, ഋജുവായ പന്ഥാവിന്റെയും വിജയത്തിന്റെയും ലബ്ധിക്ക് അല്ലാഹുവിനെ ലക്ഷ്യം വെക്കല്‍, വിശ്വാസത്തിന്റെയും സല്‍പന്ഥാവിന്റെയും സുസ്ഥിരതക്ക് അല്ലാഹുവിനോട് താഴ്മയോടെ അപേക്ഷിക്കല്‍, ദുര്‍മാര്‍ഗികളും ദൈവികക്രോധത്തിന് വിധേയരുമായ സമൂഹത്തില്‍ നിന്ന് എല്ലാ നിലക്കും അകന്നുനില്‍ക്കല്‍ തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങള്‍ ഈ സൂറയില്‍ പരാമര്‍ശവിധേയമായിക്കാണാം. ഇങ്ങനെ ഖുര്‍ആന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇതിന് ഉമ്മുല്‍കിതാബ് (ഖുര്‍ആനിന്റെ മൂലം) കിതാബിന്റെ അടിസ്ഥാനം എന്നും പേരുണ്ട്. അസ്സബ്ഉല്‍മസാനി, അശ്ശിഫാ, അല്‍അസാസ്, അല്‍വാഫിയ, അല്‍ഹംദ്, അല്‍കാഫിയ, അര്‍റുഖ്‌യ തുടങ്ങി പന്ത്രണ്ടു പേരുകള്‍ ഇമാം ഖുര്‍ഥുബി(റ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (തഫ്‌സീര്‍ ഖുര്‍ഥുബി 1:111-113). ഇരുപത്തഞ്ച് പേരുകളുള്ളതായി ഇമാം സുയൂഥിയും രേഖപ്പെടുത്തിയിരിക്കുന്നു. നാമധേയങ്ങളുടെ ഈ ആധിക്യം സൂറത്തിന്റെ ശ്രേഷ്ഠതയാണ് കുറിക്കുന്നതെന്നതില്‍ പക്ഷാന്തരമില്ല. നമസ്‌കാരത്തില്‍ അനിവാര്യമായി ഓതേണ്ടതും ഒരു പ്രാര്‍ഥനാരൂപത്തില്‍ അവതരിച്ചിട്ടുള്ളതുമാണ് ഫാതിഹ. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല എന്ന ഹദീസ് സുപ്രസിദ്ധമാണ്. ഇതും സൂറയുടെ മഹത്ത്വം തന്നെയാണ് കാണിക്കുന്നത്. ഉബയ്യുബ്‌നു കഅ്ബ്(റ) തിരുനബി (സ്വ) ക്ക് ഒരിക്കല്‍ ഫാതിഹ ഓതിക്കൊടുത്തു. അപ്പോള്‍ അവിടന്ന് പ്രതികരിച്ചു: എന്റെ ശരീരം ആരുടെ കൈയിലാണോ അവന്‍ (അല്ലാഹു) തന്നെ സത്യം, തൗറാത്തിലോ ഇന്‍ജീലിലോ ഫുര്‍ഖാനിലോ ഇതുപോലെ ഒന്ന് അവതീര്‍ണമായിട്ടില്ല. എനിക്ക് നല്‍കപ്പെട്ട അസ്സബ്ഉല്‍മസാനിയും മഹത്തായ ഖുര്‍ആനും ഇതാകുന്നു (ഇമാം അഹ്മദ്-അല്‍മുസ്‌നദ്). 'ആവര്‍ത്തിച്ച് പാരായണം ചെയ്യപ്പെടുന്ന ഏഴു സൂക്തങ്ങളും മഹത്തായ ഖുര്‍ആനും താങ്കള്‍ക്ക് നാം നല്‍കിയിരിക്കുന്നു' എന്ന അല്‍ഹിജ്ര്‍ 87 ലെ പരാമര്‍ശമാണ് മേല്‍ഹദീസില്‍ അവിടന്ന് സൂചിപ്പിച്ചത്. മറ്റൊരിക്കല്‍ തിരുനബി (സ്വ) അബൂസഈദിബ്‌നില്‍ മുഅല്ലായോട് പറഞ്ഞു: നിനക്ക് ഞാന്‍ ഒരു സൂറത്ത് പഠിപ്പിച്ചുതരാം. ഖുര്‍ആനിലെ അധ്യായങ്ങളില്‍ ഏറ്റം മഹത്ത്വമുള്ളതാണത്. അതായത് അല്‍ഹംദുലില്ലാഹി... അതാണ് എനിക്ക് നല്‍കപ്പെട്ട അസ്സബ്ഉല്‍മസാനിയും മഹത്തായ ഖുര്‍ആനും (ബുഖാരി).

No comments:

Post a Comment

Note: only a member of this blog may post a comment.