Home

Thursday, 29 October 2015

സൂറത്തുൽ ഹാഖ്ഖ


سورة الحاقةമക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 52
بسم الله الرحمن الرحيم
കരുണാനിധിയും പരമകാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1. الْحَاقَّةُ

ആ യഥാർത്ഥ സമയം!


2. ما الْحَاقَّةُ

യഥാർത്ഥ സമയമെന്നാൽ എന്താണ്‌?


3. وَمَا أَدْرَاكَ مَا الْحَاقَّةُ


യഥാർത്ഥ സമയമെന്നാൽ എന്ത് എന്ന് തങ്ങൾക്ക് അറിവ് നല്കിയതെന്താണ്‌?യഥാർത്ഥ സമയം എന്നതിന്റെ വിവക്ഷ ഖിയാമത്ത് നാളാണ്.അത് സത്യമായും സംഭവിക്കുന്നതും അതിൽ വിചാരണ പ്രതിഫലം മുതലായവ സാക്ഷാൽക്രതങ്ങളായിത്തീരുന്നതുമാണ് അതിന്റെ ഗൌരവം ചൂണ്ടിക്കാട്ടുന്നതാണ് രണ്ടും മൂന്നും വാക്യങ്ങൾ ഖിയാമം നാളിന്റെ ഗൌരവം ചൂണ്ടിക്കാട്ടുന്ന വേറേ പേരുകളും അതിനുണ്ട്


4. كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ


സമൂദ് സമൂഹവും ആദ് സമൂഹവും ആ ഞെട്ടിക്കുന്ന സമയത്തെ (അന്ത്യനാളിനെ)നിഷേധിച്ചു
ജനങ്ങളെ അതിശക്തമായി ഭീതിപ്പെടുത്തുന്ന- ആകാശങ്ങളെ തകർത്തെറിയുന്ന -ഭൂമിയെയും പർവതങ്ങളെയുമെല്ലാം പൊടിയാക്കപ്പെടുന്ന- നക്ഷത്രങ്ങൾ ഉതിർന്ന് വീഴുന്ന ഞെട്ടിക്കുന്ന മഹാ സംഭവമാണ് അന്ത്യനാൾ.ആദിനത്തെ ആദും സമൂദും നിഷേധിച്ചു എന്ന് പറഞ്ഞതും അവർ അനുഭവിക്കേണ്ടി വന്ന ശിക്ഷകൾ എടുത്തുദ്ധരിച്ചതും അതേ വിശ്വാസം സ്വീകരിച്ച മക്കക്കാർക്ക് ഉപദേശമാവാനും അവരുടെ അന്ത്യം മോശമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉണർത്താനും വേണ്ടിയാണ്.ഒന്നാം സൂക്തത്തിൽ പറഞ്ഞ َحَاقَّةُ എന്നതും നാലാം സൂക്തത്തിൽ പറഞ്ഞ قَارِعَةِഎന്നതും അന്ത്യനാൾ ആണ് ഉദ്ദേശമെങ്കിൽ നാലാം സൂക്തത്തിൽ വ്യക്തമായവാക്ക് പറയാതെ ها എന്ന സർവനാമം പറഞ്ഞാൽ പോരേ എന്ന ചോദ്യത്തിന്റെ നിവാരണം ഇമാം റാസി(റ) പറയുന്നത് ആ ദിനത്തിന്റെ ഗൌരവം കൂടുതൽ വ്യക്തമാക്കാനാണ് قَارِعَةِ എന്ന വ്യക്തമായ നാമം പറഞ്ഞത് എന്നത്രെ


5. فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ


എന്നാൽ സമൂദ് സമൂഹം ആ അതിരുവിട്ട സംഭവം മൂലം നശിപ്പിക്കപ്പെട്ടു.


6. وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ


അപ്പോൾ ആദ് സമുദായം ആഞ്ഞ് വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.

സമൂദ് സമുദായത്തെ അള്ളാഹു നശിപ്പിച്ചത് ഒരു ഭയങ്കര ശബ്ദം കൊണ്ടായിരുന്നുവെന്ന് 11;67-68ലും,


وَأَخَذَ الَّذِينَ ظَلَمُواْ الصَّيْحَةُ فَأَصْبَحُواْ فِي دِيَارِهِمْ جَاثِمِينَ
كَأَن لَّمْ يَغْنَوْاْ فِيهَا أَلاَ إِنَّ ثَمُودَ كَفرُواْ رَبَّهُمْ أَلاَ بُعْدًا لِّثَمُودَ


(അക്രമം ചെയ്തവരെ ഒരു ഭയങ്കര ശബ്ദം പിടികൂടി തന്നിമിത്തം അവർ സ്വന്തം വീടുകളിൽ ചത്ത് വിറങ്ങലിച്ചവരായിത്തീർന്നു.അവർ ആ വീടുകളിൽ താമസിച്ചിട്ടേയില്ലെന്ന് തോന്നും വിധം! അറിയുക സമൂദ് സമുദായം തങ്ങളുടെ നാഥനോട് നന്ദികേട് കാണിച്ചു അറിയുക,സമൂദിനു വമ്പിച്ച നാശം (സൂറത്ത് ഹൂദ് 67/68) ലും,


അവരുടെ നാശം ഒരു ശക്തമായ പ്രകമ്പനം കൊണ്ടായിരുന്നുവെന്ന് 7;78ലും, فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُواْ فِي دَارِهِمْ جَاثِمِينَ (അങ്ങനെ അവരെ പ്രകമ്പനം ബാധിച്ചു തൽഫലമായി അവർ തങ്ങളുടെ വീടുകളിൽ മരിച്ചു വീണവരായി(സൂറ:അ അ് റാഫ് 78) പ്രസ്താവിച്ചിട്ടുണ്ട്.

അതായത് ഒരു ഭയങ്കര ശബ്ദവും അതോടൊന്നിച്ച് ഒരു ഭൂമി കുലുക്കവുമുണ്ടായി അങ്ങനെ അള്ളാഹു അവരെ നശിപ്പിച്ചു അതാണ് വാക്യം അഞ്ചിൽ പറഞ്ഞ طَّاغِيَةِ (അതിരു വിട്ട സംഭവം) എന്നത് കൊണ്ടുദ്ദേശ്യം. പല കലകളിലും നൈപുണ്യം നേടിയിരുന്ന വിഭാഗമായിരുന്നു സമൂദ് സമൂഹം.നന്മ നിറഞ്ഞ ജീവിതം ഒഴിവാക്കി അക്രമത്തിലേക്കും ധിക്കാരത്തിലേക്കും കൂപ്പ് കുത്തിയ അവരെ നന്മയിലേക്ക് നയിക്കാനായി സ്വാലിഹ് നബി(അ)നെ അവരിലേക്ക് പ്രവാചകനായി അള്ളാഹു നിയോഗിച്ചു പ്രവാചകനായ തന്നെ അനുസരിക്കണമെന്ന് സ്വാലിഹ്(അ) അവരോട് പറഞ്ഞപ്പോൾ ഒരു വലിയ പാറ ചൂണ്ടിക്കാണിച്ച് കൊണ്ട് അതിൽ നിന്ന് ഗർഭിണിയായ ഒരു ഒട്ടകം പുറത്ത് വന്നാൽ വിശ്വസിക്കാം എന്നായിരുന്നു അവരുടെ പ്രതികരണം സമൂഹത്തിന്റെ നന്മയിൽ അതീവ തല്പരനായ സ്വാലിഹ്(അ) ഇവർ ആവശ്യപ്പെട്ട തെളിവ് കാണിച്ച് കൊടുക്കാനായി അള്ളാഹുവോട് പ്രാർഥിച്ചു. ആ പാറ പിളരുകയും അവർ ആവശ്യപ്പെട്ടത് പോലുള്ള ഒട്ടകം അതിൽ നിന്ന് പുറത്ത് വരികയും ചെയ്തു ആ ഒട്ടകം അള്ളാഹുവിന്റെ പ്രത്യേക പരിഗണനയുള്ളതാണെന്നും അതിനെ ഉപദ്രവിക്കുകയോ അറുക്കുകയോ ചെയ്യരുതെന്നും ജല ദൌർലഭ്യം അനുഭവപ്പെടുന്ന അവിടെ ഒരു ദിവസം വെള്ളം ഒട്ടകത്തിനും അടുത്ത ദിവസം നിങ്ങൾക്കും എന്ന തോതിൽ വികേന്ദ്രീകരണം നടത്തണമെന്നും സ്വാലിഹ്(അ) അവരോട് പറഞ്ഞു.അമ്പരപ്പിക്കുന്ന ഈ തെളിവ് കണ്ടപ്പോൾ ചുരുങ്ങിയ ജനങ്ങൾ വിശ്വസിച്ചുവെങ്കിലും അവിശ്വാസത്തിൽ ആഴ്ന്നു പോയ ഭൂരിഭാഗം ആളുകളും കൊള്ളാമല്ലൊ തന്റെ ജാല വിദ്യ! എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചെയ്തത്. എന്ന് മാത്രമല്ല ഖുദാർ എന്ന ദുഷ്ടൻ അവരുടെ സാന്നിദ്ധ്യത്തിൽ വെച്ച് ആ ഒട്ടകത്തെ അറുക്കുകയും ചെയ്തു. ആവശ്യപ്പെട്ട തെളിവുകൾ നൽകിയിട്ട് അത് അവഗണിക്കുന്നത് മഹാ പാതകമായതിനാൽ അവരെ അള്ളാഹു നേരത്തേ പറഞ്ഞ പോലുള്ള ശിക്ഷ ഇറക്കി നശിപ്പിച്ചു ആദ് സമൂഹമാകട്ടെ ഘോരമായ കൊടുങ്കാറ്റ് മുഖേനയാണ്സംഹരിക്കപ്പെട്ടത് അള്ളാഹുവിന്റെ കഠിന ശിക്ഷയാൽ ഭൂമുഖത്ത് നിന്ന് ഉച്ചാടനം ചെയ്യപ്പെട്ട ഈ രണ്ട് സമുദായങ്ങളുടെ സംഭവം ഖുർ ആൻ പലയിടത്തും വിവരിച്ചിട്ടുണ്ട്


7. سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

ഏഴ് രാവും എട്ട് പകലും തുടർച്ചയായി അവരുടെ മേൽ അതിനെ(കാറ്റ്)അവൻ നിയോഗിച്ചു അപ്പോൾ ആ ജനതയെ കടപുഴകി വീണുകിടക്കുന്ന ഈത്തപ്പനത്തടികളെന്ന പോലെ കാറ്റിൽ വീണുകിടക്കുന്നതായി തങ്ങൾക്ക് കാണാം

8. فَهَلْ تَرَى لَهُم مِّن بَاقِيَةٍ

ഇനി അവരുടെതായ വല്ല അവശിഷ്ടവും തങ്ങൾ കാണുമോ?
ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ഹൂദ് നബി(അ)ആയിരുന്നു.സത്യത്തിലേക്കുള്ള ഹൂദ്(അ)ന്റെ ക്ഷണം അവർ സ്വീകരിച്ചില്ലെന്ന് മാത്രമല്ല നാഥന്റെ ശിക്ഷവരുമെന്നറിയിച്ച ഹൂദ്(അ)നെ വെല്ലുവിളിച്ച് എന്നാൽ ആ ശിക്ഷ കൊണ്ടുവാ എന്ന് ആക്രോശിക്കാനായിരുന്നു അവർക്ക് താല്പര്യം.അങ്ങനെ ഏഴ് രാവും എട്ട് പകലും തുടരെ അടിച്ചു വീശിയ കാറ്റിൽ അവർ നാമാവശേഷമായി.ഇബ്നു ജുറൈജ്(റ)പറഞ്ഞതായി ഇമാം റാസി(റ)പറയുന്നു.ഏഴു രാവും എട്ട് പകലും അള്ളാഹുവിന്റെ ശിക്ഷയായി അവരിലേക്ക് ഇറങ്ങിയ കാറ്റിൽ അവർ ജീവനോടെ വിഷമിച്ചു(സഹിക്കാനാവാത്ത കാറ്റ് വന്നാൽ അത് ഭീതിതമാകും എന്ന് നമുക്കുമറിയില്ലേ)എട്ടാമത്തെ പകൽ അവസാനിച്ചപ്പോൾ അവർ മരിച്ചു ഇതേ കാറ്റ് അവരെ കടലിൽ തള്ളി അതാണ് അവരുടെ വല്ല അവശിഷ്ടവും കാണാമോ എന്ന് ചോദിച്ചത്.പൊടിപോലും കിട്ടാനില്ലാത്ത വിധം അവർ നശിപ്പിക്കപ്പെട്ടു എന്നത്രെ ഖുർ ആൻ ഉണർത്തുന്നത്


9. وَجَاء فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ


ഫറോവയും അവന്റെ മുമ്പുള്ളവരുംകീഴ്മേൽ മറിഞ്ഞ നാട്ടുകാരും തെറ്റായ പ്രവർത്തനം കൊണ്ടുവന്നു


10. فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً


അങ്ങനെ അവർ തങ്ങളുടെ നാഥന്റെ ദൂതനോട് അനുസരണക്കേട് കാണിക്കുകയും അപ്പോൾ അവൻ അവരെ ശക്തിയായ ഒരു പിടുത്തം പിടിക്കുകയും ചെയ്തു
മൂസാ (അ)മായിരുന്നു ഫറോവയുടെ കാലത്തെ പ്രവാചകൻ അവൻ ധിക്കാരത്തിന്റെ ആൾ രൂപമായപ്പോൾ അവനെയും അനുയായികളെയും അള്ളാഹു ചെങ്കടലിൽ മുക്കി കൊന്നു,അവന്റെ മുമ്പുള്ളവർ എന്നതിന്റെ ഉദ്ദെശ്യം നേരത്തെ ജീവിച്ചിരുന്ന നിഷേധികൾ എന്നാണ്. കീഴ്മേൽ മറിഞ്ഞ നാട്ടുകാർ ലൂഥ്(അ)ന്റെ ജനതയാണ്.സ്വവർഗ്ഗ രതിയുടെ വാക്താക്കളായ അവരെ ലൂഥ്(അ) നിരന്തരം ഉപദേശിച്ചിട്ടും അവർ ആ അധർമ്മത്തിൽ സജീവമായപ്പോഴാണ് അവരെ കീഴ്മേൽ മറിച്ചു കൊണ്ട് അള്ളാഹു നശിപ്പിച്ചത്

11 .إِنَّا لَمَّا طَغَى الْمَاء حَمَلْنَاكُمْ فِي الْجَارِيَةِ


നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ നാം കപ്പലിൽ കയറ്റി(രക്ഷിച്ചു).
നിങ്ങളെ നാം കപ്പലിൽ കയറ്റി എന്ന് പറഞ്ഞത് നൂഹ് (അ)ന്റെ കപ്പലിൽ കയറി രക്ഷപ്പെട്ടവരെക്കുറിച്ചാണ്.അവരുടെ സന്താന പരമ്പരയാണല്ലൊ ഇന്നുള്ളത്.അവർ രക്ഷപ്പെട്ടത് കൊണ്ടാണ് ഇന്നുള്ളവർക്ക് ജീവിക്കാൻ കഴിഞ്ഞത്അതിരു കവിഞ്ഞ എന്നതിന്റെ അർത്ഥമായി ഇമാം റാസി(റ)എഴുതുന്നത് എത്ര വെള്ളം എന്നത് കണക്കാക്കാനാകാത്ത അത്രയും വെള്ളം വന്നു എന്നാൽ അതിനു മുമ്പോ ശേഷമോ നിശ്ചിത കണക്കിലല്ലാതെ വെള്ളം ഇറക്കാറില്ല എന്നത്രെ.എല്ലാ സ്ഥലത്തും വെള്ളം കേറാവുന്ന വിധത്തിൽ എന്നാണ് അതിരു കവിഞ്ഞു എന്നതിനു മറ്റു വ്യാഖ്യാതാക്കൾ പറഞ്ഞത് (റാസി30/95)


12. لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ


നിങ്ങൾക്ക് അവയെ ഞാൻ ഒരു സ്മരണയാക്കുവാനും ഓർമ്മിച്ച് സൂക്ഷിക്കുന്ന ചെവികൾ അത് ഓർമ്മിച്ച് സൂക്ഷിക്കുവാനും വേണ്ടി.
ഇതെല്ലാം ഇവിടെ എടുത്തു പറയാനുണ്ടായ കാരണമാണ് വാക്യം 12ൽ വ്യക്തമാക്കിയത്.അതെ ജനങ്ങൾ ഓർമ്മിക്കുവാനും പാഠം പഠിക്കുവാനും തന്നെയാണ് ഇവരുടെ കഥ വിശദീകരിച്ചത് എന്ന് ചുരുക്കം. അന്ത്യ നാളിനെ പറ്റിയാണല്ലൊ അദ്ധ്യായത്തിന്റെ ആദ്യത്തിൽ പരാമർശിച്ചത് അതിനെ നിഷേധിച്ചവർക്കുണ്ടായ ചില അനുഭവങ്ങളും തിക്തമായ പരിണിത ഫലവും വ്യക്തമാക്കുകയാണിവിടെ


നേരത്തെ പറഞ്ഞ കാറ്റ് വന്നപ്പോഴും കീഴ്മേൽ മറിച്ചപ്പോഴും അതി ശക്തമായ ശബ്ദം വന്ന് കുറെ ആളുകൾ നശിച്ചപ്പോഴും നന്മയുടെ പക്ഷത്ത് ഉറച്ച് നിന്ന വിശ്വാസികളെ അള്ളാഹു രക്ഷപ്പെടുത്തി എന്നതിൽ നിന്ന് അള്ളാഹുവിന്റെ ശക്തിയുടെ പ്രഖ്യാപനം ഉൾക്കൊള്ളാം അങ്ങനെയുള്ള നാഥനു അന്ത്യ നാൾ സംഭവിപ്പിക്കുക എന്നത് ഒരിക്കലും പ്രയാസമല്ലെന്ന് വ്യക്തമാക്കാനാണ് ഇത് ഉണർത്തിയത്


13. فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ


കാഹളത്തിൽ ഒരു ഊത്ത് ഊതപ്പെട്ടാൽ
ഇവിടെ പറഞ്ഞത് ഒന്നാമത്തെ ഊത്താണ്.ആസമയത്താണ് എല്ലാം നശിക്കുന്നത്. പിന്നീട് ഒന്നു കൂടി ഊതുമ്പോഴാണ് എല്ലാവരും വീണ്ടും ഒരു മിച്ച് കൂടുന്നതും വിചാരണക്കവരെ വിധേയരാക്കപ്പെടുന്നതും


14. وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً


ഭൂമിയും പർവതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ച് തകർക്കലിനു വിധേയമാക്കപ്പെടുകയും ചെയ്താൽ.
പൊക്കിയെടുക്കുക എന്നാൽ അത് ഉയർത്തപ്പെടുകയും സ്ഥാന ചലനം സംഭവിക്കുകയും ചെയ്യും എന്നാണ് താല്പര്യം. ഉയർത്തപ്പെടൽ അന്ത്യനാളിന്റെ പ്രകമ്പനം കൊണ്ടാവാം,അല്ലെങ്കിൽ അന്നുണ്ടാവുന്ന കാറ്റിന്റെ ശക്തികൊണ്ടാകാം.അല്ലെങ്കിൽ മലക്കുകൾ ഉയർത്തുന്നതാവാം.അല്ലെങ്കിൽ ബാഹ്യ കാരണങ്ങളൊന്നുമില്ലാതെ അള്ളാഹുവിന്റെ ശക്തികൊണ്ടാവാം എന്ന് ഇമാം റാസി (റ) വിശദീകരിക്കുന്നു എന്നിട്ട് അവ തകർത്ത് പൊടിയാക്കപ്പെടും റാസി (30/96)


15. فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ


അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
അന്ത്യ നാൾ സംഭവിക്കുകയായി എന്ന് സാരം


16. وَانشَقَّتِ السَّمَاء فَهِيَ يَوْمَئِذٍ وَاهِيَةٌ


ആകാശം പൊട്ടിപ്പിളരുകയും ചെയ്യും അന്ന് അത് ദുർബലമായിരിക്കും.
ഭദ്രമായി നില നിന്നിരുന്ന ആകാശം ബലഹീനമായി തകർന്നു പോകുമെന്ന് ചുരുക്കം


17. وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ

മലക്കുകൾ അതിന്റെ നാനാ ഭാഗത്തുമുണ്ടായിരിക്കും തങ്ങളുടെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ട് കൂട്ടർ വഹിക്കുന്നതാണ്.
മലക്കുകൾ ആകാശത്തിന്റെ നാനാഭാഗത്തുമുണ്ടായിരിക്കും എന്ന് പറഞ്ഞതിന്റെ സാരം ആകാശം പൊട്ടിപ്പിളരുന്ന സമയത്ത് പിളരുന്ന ഭാഗത്ത് നിന്ന് മലക്കുകൾ നാനാ ഭാഗങ്ങളിലേക്കും മാറിനിൽക്കും എന്നാണ് .ഒന്നാമത്തെ ഊത്തിന്റെ സമയത്ത് തന്നെ എല്ലാവരും മരിക്കും എന്ന് ഖുർ ആൻ പറയുന്നുണ്ടല്ലൊ.അപ്പോൾ പിന്നെ എങ്ങനെയാണ് ഒന്നാം ഊത്തിനു ശേഷം അവർ ആകാശത്തിന്റെ ഭാഗങ്ങളിലേക്ക് മാറി നിൽക്കുക എന്ന സന്ദേഹത്തിനു രണ്ട് രൂപത്തിൽ നിവാരണം കാണാം ഒന്ന് അവർ അല്പ നിമിഷങ്ങൾ അങ്ങനെ നിൽക്കുകയും ഉടൻ മരിക്കുകയും ചെയ്യും (രണ്ട്)അള്ളാഹു ഉദ്ദേശിച്ചവരൊഴികെ എല്ലാവരും മരിക്കും എന്ന് ഖുർ ആൻ പറഞ്ഞിട്ടുണ്ടല്ലൊ അവരായിരിക്കും ആകാശത്തിന്റെ ഭാഗങ്ങളിൽ നിൽക്കുക (റാസി 30/96/97)

തങ്ങളുടെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ട് കൂട്ടർ വഹിക്കുന്നതാണ് എന്ന് പറഞ്ഞിടത്ത് അവരുടെ മീതെ എന്നത് കൊണ്ട് ആകാശത്തിന്റെ നാനാ ഭാഗത്തു നിൽക്കുന്ന മലക്കുകളുടെ മീതെ എന്നാണ് ഉദ്ദേശ്യമെന്നും ഈ മലക്കുകൾ അവരുടെ തന്നെ തലയിൽ സിംഹാസനം ചുമക്കുമെന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്(റാസി)

എട്ട് കൂട്ടർ എന്ന് പറഞ്ഞത് എട്ട് മലക്കുകൾ എന്നും എട്ടായിരം എന്നും എട്ട് അണികൾ എന്നും എട്ടായിരം അണികൾ എന്നും അഭിപ്രായമുണ്ടെങ്കിലും കൂടുതൽ പ്രബലം എട്ട് മലക്കുകൾ എന്നാണെന്ന് കാരണങ്ങൾ നിരത്തി ഇമാം റാസി(റ)വിശദീകരിച്ചിരിക്കുന്നു(റാസി 30/97)

ഇവിടെ ഇമാം റാസി(റ)പ്രധാനപ്പെട്ട ഒരു കാര്യം എഴുതുന്നു.അള്ളാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്ന വിഭാഗം അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നില്ലെങ്കിൽ പിന്നെ അതിനെ മലക്കുകൾ ചുമക്കുന്നതിനു എന്തുകാര്യം എന്ന് പറഞ്ഞു നിങ്ങൾ പ്രദർശിപ്പിക്കപ്പെടും എന്ന് പറഞ്ഞ തുടർ സൂക്തം ആ വാദത്തെ ശക്തിപ്പെടുത്തുന്നു എന്നവർ പറഞ്ഞു.എന്നാൽ ഏകദൈവ വിശ്വാസികൾക്ക് ആ വാദത്തിനു വ്യക്തമായ മറുപടിയുണ്ട്.അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് ഒരിക്കലും പറയാൻ പാടില്ല കാരണം സിംഹാസനത്തെ മലക്കുകൾ ചുമക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം ആ സിംഹാസനത്തിലുള്ളതിനെയെല്ലാം ചുമക്കുമെന്നാണ്.അപ്പോൾ അള്ളാഹു സിംഹാസനത്തിൽ ഇരിക്കുകയാണെങ്കിൽ മലക്കുകൾ അള്ളാഹുവിനെയും ചുമന്നു എന്ന് പറയേണ്ടി വരും അത് അസംഭവ്യമാണ്.കാരണം അത് സത്യമാണെങ്കിൽ അള്ളാഹുവിനു മലക്കുകളിലേക്ക് ആവശ്യമുണ്ടെന്ന് വരും അള്ളാഹുവേക്കാൾ മലക്കുകൾ ശക്തിയുള്ളവരാണെന്നും വരും ഇത് വ്യക്തമായ അവിശ്വാസമത്രെ!(റാസി 30/97). അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് പറയുന്നവർ അതിന്റെ അപകടം മനസിലാക്കിയിരുന്നെങ്കിൽ..എന്ന് ആശിച്ചു പോകുന്നു


18. يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنكُمْ خَافِيَةٌ


അന്നേ ദിവസം നിങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതാണ് യാതൊരു മറഞ്ഞ കാര്യവും നിങ്ങളിൽ നിന്ന് മറഞ്ഞ് പോകുന്നതല്ല.
ഇവിടെ പ്രദർശിപ്പിക്കപ്പെടുക എന്നതിന്റെ അർത്ഥം വിചാരണക്കും കണക്ക് ചോദ്യത്തിനും ഒരുമിച്ചു കൂട്ടുക എന്നാണ് ഒരു കാര്യവും മറഞ്ഞ് പോകുന്നതല്ല എന്ന് പറഞ്ഞാൽ നിങ്ങളെ സംബന്ധിക്കുന്ന എല്ലാം അള്ളാഹു സവിസ്തരം അറിയുന്നവനാണ്. അത് നമുക്കുള്ള ശക്തിയായ താക്കീതാണ് അഥവാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു കാണുന്നുണ്ടെന്നും അത് വിചാരണക്ക് വിധേയമാക്കപ്പെടുന്നുണ്ടെന്നും ഉൾക്കൊള്ളുകയും നമ്മുടെ ജീവിതത്തെ നന്മയിലായി ക്രമീകരിക്കണമെന്ന് നാം മനസിലാക്കുകയും വേണംഒന്നും മറഞ്ഞു പോകില്ല എന്നതിനു മറ്റൊരു വ്യാഖ്യാനം ഇമാം റാസി(റ)എഴുതുന്നു. ഭൂമിയിൽ വെച്ച് നിങ്ങൾക്ക് അവ്യക്തമായിരുന്നത് അവിടെ വ്യക്തമാവും അഥവാ വിശ്വാസികളുടെ അവസ്ഥ അവർക്ക് മനസിലാവുകയും അവർക്ക് സന്തോഷം പൂർണ്ണമാവുകയും അവിശ്വാസികൾക്ക് അവരുടെ അവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാനുള്ള ശിക്ഷ മനസിലാക്കുകയും ദു:ഖവും വഷളത്തരവും വ്യക്തമാവുകയും ചെയ്യും(റാസി 30/98).
 


19. فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَؤُوا كِتَابِيهْ


എന്നാൽ ആരുടെ വലതുകൈയിൽ (അന്ന്)തന്റെ ഗ്രന്ഥം (കർമ്മരേഖ)കൊടുക്കപ്പെട്ടുവോ അവൻ പറയും ഇതാ നിങ്ങൾ വരൂ .എന്റെ കർമ്മരേഖ ഒന്ന് എടുത്ത് വായിക്കൂ എന്ന്
സജ്ജനങ്ങൾക്കാണ് തങ്ങളുടെ കർമ്മരേഖ വലതുകൈയിൽ നൽകപ്പെടുക.അത് ലഭിക്കുമ്പോൾ തന്നെ അവർ വിജയിച്ചു എന്നതിന്റെ രേഖയായി അവർക്ക് അത് മനസ്സിലാകും.ആ സന്തോഷത്തിൽ നിന്നാണ് ആവേശഭരിതരായി വന്നോളൂ! എന്റെ കർമ്മരേഖ നിങ്ങൾ വായിച്ചു നോക്കിക്കോളൂ എന്ന് വിളിച്ച് പറയാനുള്ള പ്രചോദനം അവർക്ക് ലഭിക്കുന്നത്.

20. إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيهْ

നിശ്ചയമായും വിചാരണയെ കണ്ട്മുട്ടുമെന്ന് (മുമ്പ്തന്നെ) ഞാൻ ഉറപ്പിച്ച് വെച്ചിരിക്കുന്നു.
ഈ മഹത്തായ നേട്ടം കൈവരിക്കാൻ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ഈ വിചാരണ കണ്ട്മുട്ടുമെന്ന് ഞാൻ വിശ്വസിച്ചിരുന്നുവെന്നും പുനർജന്മത്തെ നിഷേധിച്ചിരുന്നില്ലെന്നും അത് ഈ വിധത്തിൽ സന്തോഷകരമാക്കാൻ ജീവിത കാലത്ത് ഞാൻ ക്രമീകരണം വരുത്തിയിരുന്നുവെന്നും സാരം(നാമും ഈ ചിന്ത സജീവമാക്കുകയും ജീവിതം ആത്മീയമായി നന്നാക്കുകയും വേണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ)


21.فَهُوَ فِي عِيشَةٍ رَّاضِيَةٍ


അപ്പോൾ അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും.
സ്വർഗത്തിന്റെ ശൈലിയാണിത്. എന്തെങ്കിലും അതൃപ്തിയുണ്ടാക്കുന്ന ഒന്നും അവിടെയുണ്ടാവില്ല.മറിച്ച് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ളതെല്ലാം അവിടെയുണ്ട് താനും!


നബി(സ) തങ്ങൾ പറഞ്ഞു.സ്വർഗത്തിലെത്തിയവർ ജീവിച്ചു കൊണ്ടേയിരിക്കും ഒരിക്കലും മരിക്കില്ല അവർ ആരോഗ്യമുള്ളവരാകും രോഗികളാവുകയേയില്ല അവർക്ക് സുഖം ലഭിക്കും ബുദ്ധിമുട്ട് ബാധിക്കയേയില്ല അവർ യുവാക്കളാകും വാർദ്ധക്യം ഉണ്ടാവുകയേയില്ല (ഖുർത്വുബി.18/200)


22. فِي جَنَّةٍ عَالِيَةٍ

അതായത് ഉന്നതമായ സ്വർഗത്തിൽ


വർണ്ണിക്കാൻ അശക്തമാകും വിധം ഉന്നതമായ സ്വർഗം എന്നത്രെ ഇവിടെ പറയുന്നത്


23. قُطُوفُهَا دَانِيَةٌ


അതിലെ പറിച്ചെടുക്കപ്പെടുന്ന പഴങ്ങൾ (വേഗം പറിക്കത്തക്ക വിധം)അടുത്തതായിരിക്കും
പറിക്കത്തക്ക വിധം അടുത്താവുക എന്നാൽ നിൽക്കുന്നവനും ഇരിക്കുന്നവനും കിടക്കുന്നവനും അവർ വിചാരിക്കുമ്പോൾ പറിക്കാൻ സാധിക്കും വിധം അവരോട് അടുപ്പിച്ച് സംവിധാനിച്ചുവെന്ന് ചുരുക്കം(അഥവാ സ്വർഗക്കാർ ഒന്നിനും പ്രയാസപ്പെടുന്നില്ലെന്ന് ചുരുക്കം)


24.كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ


കഴിഞ്ഞു പോയ ദിവസങ്ങളിൽ മുൻ കൂട്ടി ചെയ്ത് വെച്ച സൽക്കർമ്മഫലമായി നിങ്ങൾ ആനന്ദ പൂർവം തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക(എന്ന് അവരോട് പറയപ്പെടും)
ഇങ്ങനെ ഒരു ദിനം വരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നന്മയിൽ മുഴുകി ജീവിക്കുകയും താൽക്കാലിക സന്തോഷങ്ങളും സുഖങ്ങളും മാറ്റിവെക്കുകയും ചെയ്തതിന്റെ പേരിൽ ഇവിടെ ആവശ്യം പോലെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക എന്ന സന്തോഷ വാർത്തയാണ് അവർക്ക് നൽകപ്പെടുക. ഭൂമിയിൽ മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന് വിലക്കുണ്ടായതിനാൽ അത് ഉപയോഗിക്കാത്തവർക്ക് മദ്യം ഉപയോഗിക്കാൻ അവിടെ സുതാര്യമായ അവസരമുണ്ടാകും എന്നത് പോലെ എല്ലാ വിഷയത്തിലും അവിടെ സുതാര്യതയുണ്ടാകും.അതിനു പക്ഷെ ഭൂമിയിലെ ജീവിതത്തിൽ ശരിക്കും നിയന്ത്രണമുണ്ടാകണം

ഇവിടെ മറ്റൊരു വ്യാഖ്യാനം ഇമാം ഖുർത്വുബി(റ)എഴുതുന്നു. ‘ഇവിടെ ഗ്രന്ഥം നൽക്കപ്പെട്ടവൻ എന്നതിന്റെ ഉദ്ദേശ്യം നന്മയിലോ തിന്മയിലോ നേതൃത്വം വഹിച്ചവൻ എന്നാവാം.അതായത് നന്മയിൽ നായകത്വം വഹിക്കുന്നയാൾ ആ നന്മയിലേക്ക് ധാരാളം ആളുകളെ ക്ഷണികുകയും അനുയായികളെ ധാരാളം അദ്ദേഹം നേടിയെടുക്കുകയും ചെയ്ത ശേഷം മരണപ്പെട്ടു.പരലോകത്ത് അവന്റെ പേരും പിതാവിന്റെ പേരും ചേർത്ത് അയാൾ വിളിക്കപ്പെടും അങ്ങനെ അദ്ദേഹം വരുമ്പോൾ വെള്ള രേഖയുള്ള ഒരു ഗ്രന്ഥം അദ്ദേഹത്തിനു നൽകപ്പെടും അദ്ദേഹത്തിന്റെ നന്മകൾ പുറത്ത് കാണത്തക്ക വിധം അയാളുടെ തിന്മകൾ അകത്തേക്ക് മാറ്റപ്പെട്ടിരിക്കും എന്നാൽ അദ്ദേഹം തിന്മകളാണ് വായിച്ചു തുടങ്ങുക.തന്റെ ജീവിതത്തിൽ വന്നു പോയ തിന്മകൾ കാണുമ്പോൽ ഭയം കൊണ്ട് അയാളുടെ മുഖം വിവർണ്ണമാകുകയും അയാൾ വിഷമിക്കുകയും ചെയ്യും.അങ്ങനെ തന്റെ വായന അവസാനത്തിലെത്തുമ്പോൾ അയാൾക്ക് കാണാനാവുന്നത് ഇതൊക്കെ നിന്റെ തിന്മകളാണെങ്കിലും അതെല്ലാം ഞാൻ നിനക്ക് പൊറുത്തുതന്നിരിക്കുന്നു എന്ന് അവൻ കാണുകയും അവൻ വല്ലാതെ സന്തോഷിക്കുകയും ചെയ്യും പിന്നീട് തന്റെ നന്മകൾ വായിക്കുമ്പോൾ സന്തോഷം കൂടിക്കൊണ്ടേയിരിക്കും അതിന്റെ അവസാനത്തിലെത്തിയാൽ അവനു കാണാൻ സാധിക്കുക ഇതൊക്കെ നിന്റെ നന്മകളാണ് ഇതിന്റെ പ്രതിഫലം നിനക്ക് ഇരട്ടികളാക്കി വർദ്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നായിരിക്കും അപ്പോൾ അവന്റെ സന്തോഷത്തിനു അതിരുണ്ടാവുകയില്ല പിന്നീട് ഒരു പ്രത്യേക കിരീടം അവനു അണിയിക്കപ്പെടുകയും ആഭരണങ്ങൾ അണിയിക്കപ്പെടുകയും ചെയ്യും ആദം(അ)ന്റെ നീളമായിരുന്ന 60മുഴം നീളം അവനു നൽകപ്പെടും പിന്നെ നിങ്ങളെ പിന്തുടർന്ന അനുയായികളുടെ അടുത്ത് ചെന്ന് അവർക്കെല്ലാം ഇത് പോലുള്ള പ്രത്യേക പ്രതിഫലമുണ്ടെന്ന് അറിയിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിക്കപ്പെടും അങ്ങനെ അനുയായികളുടെ അടുത്തെത്തുമ്പോഴാണ് വന്ന് എന്റെ ഗ്രന്ഥം വായിക്കൂ എന്ന് അവൻ പറയുക .അതെ സമയം തിന്മയിലായിരുന്നു ഒരാൾ നായകത്വം വഹിച്ചിരുന്നതെങ്കിൽ ഇതിന്റെ വിപരീതമായ സമീപനമായിരിക്കും അവൻ കാണേണ്ടി വരിക .അങ്ങനെ അവൻ ഭയത്തോടെ വന്ന് അനുയായികളോട് പറയുന്ന കാര്യമാണ് ഖുർ ആൻ തുടർന്ന് പറയുന്നത് എന്നത്രെ ആ വ്യാഖ്യാനം!(ഖുർത്വുബി 18/201)


25. وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيهْ


ഇടത് കൈയിൽ കർമ്മരേഖ നൽകപ്പെട്ടവൻ പറയും ഹാ എന്റെ കർമ്മരേഖ എനിക്ക് നൽകപ്പെടാതിരുന്നെങ്കിൽ..
ഇടത് കൈയിൽ കർമ്മ രേഖ ലഭിക്കുന്നത് തന്നെ പരാചയത്തിന്റെ തെളിവാണ്.അത് ലഭിക്കുമ്പോൾ താൻ കുടുങ്ങിയെന്ന് അവനു ബോദ്ധ്യപ്പെടും അപ്പോഴുള്ള തന്റെ പ്രതികരണമാണ് താഴെ.


26. وَلَمْ أَدْرِ مَا حِسَابِيهْ


എന്റെ വിചാരണ എന്താണെന്ന് ഞാൻ അറിയുകയും ചെയ്തിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നേനേ!
തന്റെ കർമ്മ രേഖ കാണുമ്പോഴുള്ള നിരാശയിൽ നിന്നാണീ പ്രതികരണം


27. يَا لَيْتَهَا كَانَتِ الْقَاضِيَةَ


ഹാ!അത് (മരണം) തീരുമാനം വരുത്തുന്നത് (അതോടെ എല്ലാം അവസാനിക്കുന്നത്)ആയിരുന്നെങ്കിൽ നന്നായിരുന്നു.
ഈ വിചാരണയിൽ നിന്ന് രക്ഷപ്പെടുത്തുന്ന എല്ലാം അവസാനിക്കുന്ന ഒരു മരണം ലഭിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കും എന്നാണിവിടെ സൂചിപ്പിക്കുന്നത്

28.مَا أَغْنَى عَنِّي مَالِيهْ


എന്റ ധനം എനിക്ക് ഉപകരിച്ചില്ല.
ഭൂമിയിലെ ജീവിതത്തിൽ പണം കൊണ്ട് പ്രതിസന്ധികളെ അതിജയിച്ചവർക്ക് ഇവിടെ അതുപകരിക്കില്ലെന്ന് അനുഭവത്തിൽ അവർ മനസിലാക്കി എന്ന് ചുരുക്കം


29. هَلَكَ عَنِّي سُلْطَانِيهْ


എന്റെ സ്വാധീന ശക്തി എനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു


ഭൂമിയിലുണ്ടായിരുന്ന അധികാരം തകർന്നു അതിന്റെ ഫലം എനിക്കിവിടെ ലഭിച്ചില്ല എന്നോ എന്നെ രക്ഷിക്കാനാവശ്യമായ തെളിവുകൾ ഒന്നും ഇപ്പോൾ എന്റെ കൂടെ ഇല്ല എന്നോ ആണിതിന്റെ താല്പര്യം

30. خُذُوهُ فَغُلُّوهُ


(മലക്കുകളോട് അള്ളാഹു കൽപ്പിക്കും) നിങ്ങൾ അവനെ പിടിച്ചിട്ട് ചങ്ങലയിൽ ബന്ധിക്കുക.
ഉടൻ മലക്കുകൾ അവനെ പിടിച്ച് ചങ്ങലയിൽ ബന്ധിക്കും


31. ثُمَّ الْجَحِيمَ صَلُّوهُ

എന്നിട്ട് ജ്വലിക്കുന്ന നരകത്തിൽ കടത്തുക


ഉടൻ മലക്കുകൾ അവനെ നരകത്തിലെറിയും


32. ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ


എന്നിട്ട് എഴുപത് മുഴം അളവുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുക
ഇവിടുത്തെ മുഴം ഏത് മുഴത്തെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമല്ല എന്നാണ് ഹസൻ(റ) പറഞ്ഞത്.എന്നാൽ ഇബ്നു അബ്ബാസ്(റ)പറഞ്ഞത് മലക്കുകളുടെ മുഴം എന്നാണ്.വേറെയും അഭിപ്രായങ്ങളുണ്ട്.മുഖാതിൽ (റ)പറയുന്നു അവരെ അണിയിക്കപ്പെട്ട ചങ്ങലയുടെ ഒരു കണ്ണിയെങ്ങാനും ഭൂമിയിലെ ഒരു പർവതത്തിന്റെ ഉച്ചിയിൽ വെച്ചാൽ ഈയം ഉരുകുന്നത് പോലെ ആ പർവതം ഉരുകും .അത്രയും അപകടമുള്ള ചങ്ങലയിൽ ആണ് അവരെ പ്രവേശിപ്പിക്കുന്നത്.അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ.

ഇത്രയും നിന്ദ്യമായ ശിക്ഷയും ഏറ്റു വാങ്ങി അനുയായികളുടെ അടുത്തേക്ക് വരുന്ന ഈ നേതാവിനെ പക്ഷെ അനുയായികൾ തിരിച്ചറിയില്ല.അവൻ ചോദിക്കും നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ?അവർ പറയും ഇല്ല.പക്ഷെ നിങ്ങളിലെ ദയനീയത ഞങ്ങൾക്ക് മനസിലാവുന്നുണ്ട്..അപ്പോൾ അവൻ പറയും ഞാൻ ഇന്ന ആളാണ് എന്നെ അനുസരിച്ച നിങ്ങൾക്കും ഇതേ പോലുള്ള ശിക്ഷയുണ്ട്.ഈ വിധത്തിലുള്ള ശിക്ഷ ഏറ്റുവാങ്ങിയതിന്റെ കാരണമാണ് തുടർന്ന് പറയുന്നത്


33. إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ


(കാരണം) അവൻ മഹാനായ അള്ളാഹുവിൽ വിശ്വസിക്കാത്തവൻ തന്നെയായിരുന്നു.
സത്യ നിഷേധിയാവുക എന്നത് ഏറ്റവും വലിയ പാതകമാണ്. കാരണം മനുഷ്യൻ വിശേഷ ബുദ്ധിയുള്ളവനാണ്. അവന്റെ ശരീരവും അത്യത്ഭുതങ്ങൾ നിറഞ്ഞ ഈ പ്രപഞ്ചവും അതിന്റെ കുറ്റമറ്റ നിയന്ത്രണവും എങ്ങനെ നടക്കുന്നു എന്ന് ആലോചിച്ചാൽ സർവശക്തനായ നാഥന്റെ അനിവാര്യതയും അവനെ വിശ്വസിക്കേണ്ടതിന്റെ ആധികാരികതയും ഉൾക്കൊള്ളാനാവും .അത് ഉപയോഗപ്പെടുത്താത്തത് കഷ്ടം തന്നെയല്ലെ അതിന്റെ ശിക്ഷയാണ് അവൻ ഏറ്റുവാങ്ങുന്നത് എന്ന് ചുരുക്കം


34. وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ


പാവപ്പെട്ടവനു ഭക്ഷണം നൽകുന്നതിൽ അവൻ പ്രോത്സാഹനം കാണിച്ചിരുന്നതുമില്ല
വിശ്വാസത്തിനു ശേഷം വളരെ ഗൌരവത്തിൽ കാണേണ്ട കാര്യമാണ് സാധു സംരക്ഷണവും അവർക്ക് ഭക്ഷണം നൽകലും, അത് സ്വയം ചെയ്യലും അതിനു പ്രേരിപ്പിക്കലും അനിവാര്യമാണ് അത് ചെയ്യാതിരിക്കൽ മനുഷ്യത്വത്തിന്റെ മഹത്വത്തിനെതിരാണ്.അത് മത നിഷേധത്തിന്റെ ലക്ഷണമാണെന്നും ഖുർ ആൻ ഉണർത്തിയിട്ടുണ്ട്


35. فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ


അത് കൊണ്ട് ഇന്ന് അവനിവിടെ ഒരു ഉറ്റബന്ധുവുമില്ല.


തന്റെ സഹായത്തിനെത്താൻ ഒരു ബന്ധു അവിടെ ഉണ്ടാവില്ല കാരണം അവരും ഇവനെ പോലെ വ്യക്തിപരമായ പ്രതിസന്ധി നേരിടുകയാണല്ലോ


36. وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ


ഗിസ്്ലീനിൽ നിന്നല്ലാതെ ഭക്ഷണവുമില്ല.
നരകക്കാരുടെ ദേഹങ്ങളിൽ നിന്ന് പൊട്ടി ഒഴുകുന്ന കടുത്ത ദുർഗന്ധം വമിക്കുന്ന ദുർ നീരാണ് ഗിസ്്ലീൻ എന്നാണ് കൂടുതൽ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നത്നരകക്കാർക്ക് ഭക്ഷണമായി നൽകപ്പെടുന്ന ഒരു മരമാണത് എന്നും അഭിപ്രായമുണ്ട്


37. لَا يَأْكُلُهُ إِلَّا الْخَاطِؤُونَ


കുറ്റം ചെയ്തവരേ അത് ഭക്ഷിക്കുകയുള്ളൂ.

കുറ്റവാളിയായതിനാലാണ് ഈ ഭക്ഷണം ശിക്ഷയായി അവർക്ക് ലഭിക്കുന്നതെന്ന് സാരം.


38. فَلَا أُقْسِمُ بِمَا تُبْصِرُونَ

എന്നാൽ നിങ്ങൾ കാണുന്നവയെക്കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു.
അള്ളാഹു പല വസ്തുക്കളെയും സത്യം ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ ഇവിടെ പ്രത്യേകം ഒന്നിനെ വെർതിരിക്കാതെ നിങ്ങൾ കാണുന്ന എല്ലാത്തിനെയും ഉപയോഗിച്ച് സത്യം ചെയ്യുന്നു എന്നാണ് പറയുന്നത്


39. وَمَا لَا تُبْصِرُونَ


നിങ്ങൾ കാണാത്തവയെക്കൊണ്ടും ഞാൻ സത്യം ചെയ്ത് പറയുന്നു.
കാണാത്തവ കൊണ്ടും സത്യം ചെയ്യുന്നു എന്ന് പറയുമ്പോൾ എല്ലാം ഉപയോഗിച്ചാണ് സത്യം ചെയ്യുന്നത് എന്നത് ഇനി പറയാൻ പോകുന്ന കാര്യത്തിന്റെ ഗൌരവമാണ് സൂചിപ്പിക്കുന്നത്. ഇമാം ഖുർത്വുബി(റ)എഴുതുന്നു. ഈ സൂക്തങ്ങൾ അവതരിക്കാനുണ്ടായ കാരണം ഇതാണ്.വലീദു ബിൻ മുഗീറ:എന്ന മുശ് രിക്ക് നേതാവ് പറഞ്ഞു മുഹമ്മദ്(സ) ഒരു ആഭിചാരക്കാരനാണ്.(അത് കൊണ്ടാണ് ഇത്രയും ആകർഷകമായ വാക്യങ്ങൾ ഉരുവിടുന്നത്), അബൂജ ഹ് ൽ പറഞ്ഞു.മുഹമ്മദ്(സ) ഒരു കവിയാണ്. ഉഖ്ബത്ത് പറഞ്ഞു മുഹമ്മദ്(സ) ഒരു ജോത്സ്യനാണ്.അപ്പോഴാണ് നബി(സ)യെക്കുറിച്ചുള്ള വിരോധികളുടെ വിലയിരുത്തലിന്റെ അടിവേരറുത്ത് കൊണ്ട് നാം കാണുന്നതിനെയും കാണാത്തതിനെയുമെല്ലാം എല്ലാം പിടിച്ച് സത്യം ചെയ്തു കൊണ്ട് ഖുർ ആൻ ഇവർ പറഞ്ഞത് പോലെയൊന്നുമല്ല എന്ന് ഉണർത്തുന്നത്(ഖുർത്വുബി(18/203)



40. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ


നിശ്ചയമായും അത്(ഖുർആൻ) ആദരണീയനായ ഒരു ദൂതൻ(അള്ളാഹുവിങ്കൽ നിന്നുള്ള സന്ദേശമായി) ഓതിത്തരുന്ന വാക്കുകൾ തന്നെയാണ്
ഖുർആൻ ആഭിചാരക്കാരന്റെ വാക്കല്ല മറിച്ച് അള്ളാഹുവിൽ നിന്ന് ജിബ് രീൽ(അ)എന്ന മാലാഖയിലൂടെ ഇവിടെ ഓതിക്കൊടുക്കപ്പെട്ടതാണെന്ന് സാരം. ഇവിടെ പറഞ്ഞ ദൂതൻ നബി(സ) ആണെന്ന അഭിപ്രായവും പ്രസക്തം തന്നെ .ഇവിടെ ദൂതന്റെ വാക്കാണ് എന്ന് പറഞ്ഞതിന്റെ താല്പര്യം ഓതിക്കൊടുത്തത് എന്ന നിലക്കാണ്.ദൂതൻ നിർമ്മിച്ചത് എന്ന അർത്ഥത്തിലല്ല.കാരണം മനുഷ്യ നിർമ്മിതമായിരുന്നുവെങ്കിൽ അതിൽ ധാരാളം പൊരുത്തക്കേടുകൾ ഉണ്ടാകുമായിരുന്നു എന്ന് ഖുർ ആൻ തന്നെ പറഞ്ഞിട്ടുണ്ട്.

ഇമാം റാസി(റ) പറയുന്നു.ഖുർ്ആൻ അള്ളാഹുവിന്റെ വാക്കാണെന്ന് അവിതർക്കിതമാണല്ലൊ അപ്പോൾ പിന്നെ അള്ളാഹുവിന്റെ വാക്ക് എന്ന ഒറ്റ അഭിപ്രായമല്ലെ ഉണ്ടാകാവൂ.നബി(സ)യുടെ വാക്കാണെന്നും ജിബ്്രീൽ(അ)ന്റെ വാക്കാണെന്നുമൊക്കെ എന്തിനു പറയുന്നു എന്ന് ചോദിക്കാം .ഉത്തരമിതാണ്. ജിബ്്രീൽ(അ)ലേക്കും നബി(സ)യിലേക്കും ചേർത്തി പറയാൻ ഒരു ചെറിയ ബന്ധം മതി.അതായത് ഖുർ്ആൻ ക്രമീകരിച്ചതും അത് വെളിവാക്കിയതും അള്ളാഹുവാണ് എന്ന നിലക്ക് സത്യത്തിൽ ഖുർ`ആൻ അള്ളാഹുവിന്റെ വാക്കാണ് എന്ന് പറയുന്നു.അത് ഭൂമിയിലേക്ക് ഇറക്കി നബി(സ)ക്ക് കേൾപ്പിച്ചു കൊടുത്തത് ജിബ് രീൽ(അ) ആണെന്ന നിലക്ക് ആലങ്കാരികമായി അത് ജിബ് രീൽ(അ)ന്റെ വാക്കാണ് എന്നും അത് ജനങ്ങൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്ന നിലക്ക് ഖുർ`ആൻ നബി(സ)യുടെ വാക്കാണെന്നും ആലങ്കാരികമായി പറയാം അതിൽ വൈരുദ്ധ്യമൊന്നുമില്ല(റാസി 30/104)


41. وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَا تُؤْمِنُونَ

അതൊരു കവിയുടെ വാക്കല്ല .അല്പം മാത്രമേ നിങ്ങൾ വിശ്വസിക്കുന്നുള്ളു.
കവിതയുടെ സ്വഭാവത്തോട് ഒരിക്കലും തുലനം ചെയ്യാനാവാത്ത വാക്കുകളത്രെ ഇത്അല്പം മാത്രം വിശ്വസിക്കുന്നുള്ളൂ എന്നതിന്റെ കാരണം സത്യ നിഷേധികളുടെ ശക്തമായ മാത്സര്യ ബുദ്ധിയത്രെ(ബൈളാവി)

42. وَلَا بِقَوْلِ كَاهِنٍ قَلِيلًا مَا تَذَكَّرُونَ

അതൊരു പ്രശ്നക്കാരന്റെ വാക്കുമല്ല നിങ്ങൾ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ.
പ്രശ്നക്കാർക്ക് സഹായികളായി വർത്തിക്കുന്നത് പിശാചുക്കളാണ്.പ്രശ്നക്കാരുടെ വാക്കുകളായിരുന്നു ഖുർ`ആൻ എങ്കിൽ അതിലൊരിക്കലും പിശാചുക്കളെ വിമർശിക്കില്ലായിരുന്നു ഖുർ‘ആനിൽ പിശാചുക്കളെ നന്നായി വിമർശിക്കുന്നത് കാണാം അവർ അവതരിപ്പിക്കുന്ന വാക്കുകളിൽ അവരെ തന്നെ വിമർശിക്കില്ലല്ലൊ എന്നാണിതിന്റെ ചുരുക്കംചിന്തയുടെ കുറവ് കൊണ്ടാണ് നബി(സ) പ്രശ്നക്കാരനാണെന്നിവർ പറയുന്നത് എന്ന് സാരം

ഇവിടെ ഖുർ ആൻ കവിയുടേ വാക്കല്ല എന്ന് പറഞ്ഞയുടൻ വിശ്വാസക്കുറവാണിവരെ ബാധിച്ചതെന്നും പ്രശ്നക്കാരന്റെ വാക്കല്ല ഖുർആൻ എന്നതിനുടനെ ചിന്തക്കുറവാണ് നിങ്ങളെക്കൊണ്ടങ്ങനെ പറയിപ്പിച്ചതെന്നും പറയാൻ കാരണം ഖുർആൻ കവി വാക്കല്ലെന്നത് എല്ലാവർക്കും വ്യക്തവും മത്സര ബുദ്ധിയില്ലാത്തവർ അംഗീകരിക്കുന്നതുമാണ്.എന്നാൽ പ്രശ്നക്കാരന്റെ വാക്കല്ലെന്നത് തിരിയാൻ ചിന്തയും നബി(സ)യെക്കുറിച്ചുള്ള പഠനവുമൊക്കെ ആവശ്യമായതിനാലാണ് ഒരിടത്ത് വിശ്വാസം കുറഞ്ഞുവെന്നും മറ്റൊരിടത്ത് ചിന്താ ശക്തിയില്ലെന്നും പറഞ്ഞത്(ബൈളാവി.2/524)

43. تَنزِيلٌ مِّن رَّبِّ الْعَالَمِينَ


ലോകരക്ഷിതാവായ നാഥനിൽ നിന്ന് അവതരിച്ചതാണ് ഖുർആൻ.
ലോകം നിയന്ത്രിക്കുന്ന നാഥനല്ലാതെ ഈ വിധത്തിൽ കുറ്റമറ്റ ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ കഴിയില്ല



44. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ

നബി(സ) നമ്മുടെ മേൽ വല്ലതും കെട്ടിപ്പറഞ്ഞിരുന്നുവെങ്കിൽ.
നബി(സ)സ്വന്തമായി വല്ലതും ഖുർ ആനെന്ന പേരിൽ കെട്ടി പറഞ്ഞിരുന്നുവെങ്കിൽ ശക്തമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് ചുരുക്കം. ഖുർആനിന്റെ ദൈവികതയും ആധികാരികതയും വിളിച്ചോതുന്ന വാക്കുകളാണിത്


45. لَأَخَذْنَا مِنْهُ بِالْيَمِينِ


നബി(സ)യെ നാം ശക്തിയോടെ പിടിക്കുമായിരുന്നു


ശക്തിയോടെ പിടിക്കുക എന്നാൽ ശിക്ഷിക്കുക എന്നാണ് താല്പര്യം


46. ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ


പിന്നെ അവരു(നബിയുടെ)ടെ (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു.

മരിപ്പിക്കുമെന്ന് ചുരുക്കം

47. فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ


അപ്പോൾ നിങ്ങളിൽ ആരും തന്നെ അദ്ദേഹത്തിൽ നിന്ന് (അത്)തടയുന്നവരായി ഉണ്ടാകുന്നതല്ല
ആർക്കും അള്ളാഹുവിന്റെ തീരുമാനം മാറ്റിക്കാൻ സാധിക്കില്ല എന്ന് സാരം


48. وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ

നിശ്ചയമായും ഖുർ ആൻ ഭക്തന്മാരെ ഓർമ്മപ്പെടുത്തുന്നതാണ്
നിർബന്ധങ്ങൾ നിർവഹിച്ചും കുറ്റങ്ങൾ ഉപേക്ഷിച്ചും അള്ളാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിക്കുന്ന നല്ലവർക്കാണ് ഖുർആനിന്റെ ഉപദേശം ഫലിക്കുക എന്ന് ചുരുക്കം


49. وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ

നിശ്ചയമായും നിങ്ങളിൽ(ഈ ഖുർആനെ) നിഷേധിക്കുന്ന ചിലരുണ്ടെന്ന് നമുക്കറിയാം.
ഖുർആന്റെ കല്പനകളെ അവഗണിക്കുന്ന നിഷേധികളുണ്ടെന്ന് അറിയാത്തത് കൊണ്ടല്ല അവർ പെട്ടെന്ന് ശിക്ഷിക്കപ്പെടാത്തതെന്നും അത് അള്ളാഹു പരലോകത്ത് നടപ്പാക്കുമെന്നും നിഷേധികൾ രക്ഷപ്പെട്ടുവെന്ന് കരുതേണ്ടതില്ലെന്നും സാരം

50. وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ


നിശ്ചയമായും ഇത് സത്യ നിഷേധികളുടെ മേൽ ഒരു വമ്പിച്ച ഖേദ(കാരണ)വുമാണ്
പരലോകത്ത് വെച്ച് സത്യവിശ്വാസികൾക്ക് ലഭ്യമാവുന്ന അനുഗ്രഹങ്ങൾ കാണുമ്പോഴാണ് ഇവർക്ക് ഖേദമുണ്ടാവുക ഒപ്പം തങ്ങളുടെ ശിക്ഷയും കൂടിയാവുമ്പോൾ അവർ ശരിക്കും ഖേദിക്കും എന്നാണ് ഒരു ആശയം

മറ്റൊരു വ്യാഖ്യാനം ഭൂമിയിൽ തന്നെ ഖുർആൻ നിഷേധികൾക്ക് അതിനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാനുള്ള വെല്ലുവിളി സ്വീകരിക്കാനാവാത്ത ഖേദം അവരുടെ ഖേദകാരണമാകുമെന്നാണ്

51. وَإِنَّهُ لَحَقُّ الْيَقِينِ

നിശ്ചയമായും ഇത് ദൃഢമായ യാഥാർത്ഥ്യമാവുന്നു.


ഖുർആൻ അള്ളാഹുവിന്റെ ഗ്രന്ഥമാണെന്നത് ഒരിക്കലും സംശയത്തിനു അവകാശമില്ലാത്ത വിധം ഉറപ്പാണെന്ന് സാരം

52.فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ


അത് കൊണ്ട് തങ്ങളുടെ മഹാനായ നാഥന്റെ പരിശുദ്ധിയെ തങ്ങൾ പ്രകീർത്തനം ചെയ്യുക


അള്ളാഹുവിനു യാതൊരു വിധ പോരായ്മകളുമില്ലെന്ന് പ്രഖ്യാപിക്കലാണ് ഈ പ്രകീർത്തനത്തിന്റെ താല്പര്യം. അള്ളാഹു നബി(സ)ക്ക് നൽകിയ മഹത്തായ അനുഗ്രഹത്തിനും വഹ്്യ് നൽകിയതിനും അടക്കമുള്ള നന്ദിയായിട്ടു കൂടിയാണ് ഈ പ്രകീർത്തനത്തിനു ള്ള നിർദ്ദേശം.ഈ അദ്ധ്യായം ഓതിയാൽ ചെറിയ വിചാരണയേ അള്ളാഹു അവനെ നടത്തുകയുള്ളൂ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(ബൈളാവി)പരലോകത്ത് വലത് കൈയിൽ ഗ്രന്ഥം ലഭിക്കുന്ന സൌഭാഗ്യവാന്മാരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ.

Wednesday, 28 October 2015

സൂറത്തുൽ ഖലം


سورة القلم

മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 52)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ن وَالْقَلَمِ وَمَا يَسْطُرُونَ (1



നൂൻ!പേന തന്നെയാണ്‌ സത്യം അവർ എഴുതി വെക്കുന്നതും തന്നെയാണ്‌ സത്യം!



ഇവിടെ നൂൻ എന്നതിന്റെ വിവക്ഷയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ കാണാം .ഖുർആനിലെ 29 അദ്ധ്യായങ്ങളുടെ തുടക്കത്തിൽ ഇങ്ങനെ അക്ഷരങ്ങൾ കാണാം. ഒന്ന് മുതൽ അഞ്ച് വരെ അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയ അദ്ധ്യായങ്ങളും കാണാം. ഇതിന്റെ വ്യാഖ്യാനം എന്താണെന്ന ചർച്ചയിൽ ഒരു വിഭാഗം വ്യാഖ്യാതാക്കൾ ഒരു വിശദീകരണവും പറയാതെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിനറിയാം എന്ന് പറഞ്ഞവരാണ്. ഈ അക്ഷരങ്ങൾ ഉൾക്കൊണ്ട ചില പദങ്ങളുടെ ചുരുക്കമാണെന്നും അദ്ധ്യായത്തിന്റെ പേരാണെന്നും അള്ളാഹുവിന്റെ നാമമാണെന്നും മറ്റും അഭിപ്രായം കാണാം. വ്യാഖ്യാനമുണ്ടെന്ന് പറയുന്നവർ ഇവിടെ നൂൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങൾ പറഞ്ഞിട്ടുണ്ട് നൂൻ എന്നാൽ മത്സ്യം ആണെന്നും മഷിക്കുപ്പിയാണെന്നും അള്ളാഹുവിന്റെ നിർദ്ദേശമനുസരിച്ച് മാലാഖമാർ അവന്റെ കല്പനകൾ എഴുതി വെക്കുന്ന പ്രകാശപ്പലകയാണെന്നും അള്ളാഹുവിന്റെ നാമമായ റഹ് മാൻ എന്നതിലെ നൂൻ ആണെന്നും ആ നാമം മൊത്തമാണുദ്ദേശ്യമെന്നും എല്ലാം അഭിപ്രായമുണ്ട് എന്നാൽ വിശദീകരണം അള്ളാഹുവിന്നറിയാം എന്ന വ്യാഖ്യാനമാണ് കൂടുതൽ സ്വീകാര്യമായത്. പേന എന്നതിന്റെ വിവക്ഷ സാധാരണ എഴുതുന്ന പേനയാണെന്നും എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ട അടിസ്ഥാന രേഖയായ ലൌഹുൽ മഹ്ഫൂളിൽ എഴുതാനുപയോഗിച്ച പേനയാണെന്നും അഭിപ്രായമുണ്ട് വലീദുബിൻ ഉബാദ(റ)പറഞ്ഞു. “എന്റെ പിതാവ് ഉബാദത്തുബിൻ സ്വാമിത്ത്(റ) എന്നോട് ഉപദേശിച്ചു മോനേ! നീ അള്ളാഹുവിനെ സൂക്ഷിക്കുക അള്ളാഹുവിന്റെ ഏകത്വവും നന്മ തിന്മകൾ അവനാണു കണക്കിയതെന്നും വിശ്വസിക്കുന്നത് വരെ നീ അള്ളാഹുവിനെ സൂക്ഷിക്കുന്നവനോ വിജ്ഞാനം ലഭിച്ചവനോ ആവില്ല നബി(സ) പറയുന്നത് ഞാൻ കേട്ടു അള്ളാഹു ഖലമിനെ സൃ‌ഷ്ടിച്ച് അതിനോട് എഴുതാൻ കല്പിച്ചു ഞാൻ എന്ത് എഴുതണമെന്ന് അത് ചോദിച്ചു ഞാൻ കണക്കാക്കുന്നത് എഴുതൂ എന്ന് അള്ളാഹു പറഞ്ഞു ആസമയത്ത് തന്നെ ഉണ്ടായതും അന്ത്യ നാൾ വരെ ഉണ്ടാവാനിരിക്കുന്നതുമായ എല്ലാം അത് എഴുതി(ഖുർത്വുബി18/169). പേന എന്നത് നാവ് പോലെ ആശയം വ്യക്തമാക്കാൻ സഹായിക്കുന്നതിനാൽ അത് അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. അവർ എഴുതുന്നത് എന്നതിന്റെ വിവക്ഷ മലക്കുകൾ രേഖപ്പെടുത്തുന്ന കർമ്മങ്ങളാണ്. മനുഷ്യന്റെ കർമ്മങ്ങളെല്ലാം മലക്കുകൾ രേഖപ്പെടുത്തുകയും അത് പരലോകത്തെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളുടെ നിദാനമായി മാറുകയും ചെയ്യും.

2. مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

(നബിയേ!)അങ്ങയുടെ നാഥന്റെ അനുഗ്രഹം മൂലം അങ്ങ് ഭ്രാന്തനല്ല. നബി(സ)തങ്ങളെ ശത്രുക്കൾ ആക്ഷേപിക്കാനുപയോഗിച്ച വാക്കുകളിലൊന്നായിരുന്നു അവിടുന്ന് ഭ്രാന്തനാണെന്ന പരാമർശം. പ്രധാനപ്പെട്ട പലതുകൊണ്ടും സത്യം ചെയ്തു കൊണ്ട് ആ അപവാദത്തെ അള്ളാഹു നിരാകരിക്കുകയാണ് .അങ്ങ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഭ്രാന്തനല്ല. ഭ്രാന്തില്ലെന്ന് മാത്രമല്ല അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനു തങ്ങൾ അർഹനാണെന്ന പ്രഖ്യാപനം നബി(സ) തങ്ങളുടെ അതുല്യമായ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. ഇമാം റാസി(റ)എഴുതുന്നു. നബി(സ)ക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ലെന്ന് തെളിവു സഹിതം അള്ളാഹു വിവരിക്കുകയാണ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് പൂർണ്ണ ബുദ്ധിയും ശരിയായ സംസാരവും തൃപ്തികരമായ ജീവിതരീതിയും എല്ലാ വൈകല്യങ്ങളിൽ നിന്നും മുക്തവും നന്മകളുടെ സംഗമവും തങ്ങളിൽ വ്യക്തമായി കാണാം ഇത് അള്ളാഹുവിന്റെ അനുഗ്രഹമത്രെ! ഇങ്ങനെയുള്ള ഒരു വ്യക്തത്വത്തെ ഭ്രാന്ത് കൊണ്ട് ആരോപിക്കുന്നത് മോശം തന്നെ. നബി(സ)ക്ക് ഭ്രാന്തുണ്ടെന്ന ശത്രുക്കളുടെ ആരോപണം പച്ചക്കള്ളം തന്നെ(റാസി 30/71)

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ (3

നിശ്ചയം തങ്ങൾക്ക് നിരന്തര പ്രതിഫലവുമുണ്ട്. ശത്രുക്കളുടെ അനാവശ്യവും അസഹ്യവുമായ ആരോപണങ്ങളേറ്റുവാങ്ങിയും കർമ്മനിരതനായി മുന്നോട് നീങ്ങുന്ന നബി(സ)ക്ക് ഒരിക്കലും നിലക്കാത്ത പ്രതിഫലം അള്ളാഹു ഒരുക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണിവിടെ. - مَمْنُونٍ എന്നാൽ മറ്റാരുടെയും ഔദാര്യത്തിലല്ലാതെ അള്ളാഹു നൽകി എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(ബൈളാവി)

وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (4

നിശ്ചയം അങ്ങ് മഹത്തായ ഒരു സ്വഭാവത്തിന്മേലാണുള്ളത്. നബി(സ)യുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണിവിടെ സൂചിപ്പിക്കുന്നത്.അവിടുത്തെ സ്വഭാവത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുത്തെ സ്വഭാവം ഖുർആനാണെന്ന് മറുപടി പറഞ്ഞതായി ഹദീസിലുണ്ട് .ഖുർആൻ മുന്നോട്ട് വെക്കുന്നതെല്ലാം അവിടുത്തെ സ്വഭാവത്തിൽ കാണാം .ബൈളാവി(റ)ഇവിടെ എഴുതുന്നു മറ്റാർക്കും സഹിക്കാനാവത്ത പ്രയാസങ്ങൾ സമൂഹത്തിൽ നിന്ന് സഹിക്കാൻ അങ്ങേക്ക് കഴിഞ്ഞത് അവിടുത്തെ സ്വഭാവ മഹാത്മ്യം കൊണ്ടാണ്(ബൈളാവി 2/514). ഇമാം റാസി(റ) എഴുതുന്നു നബി(സ) ഭ്രാന്തനല്ലെന്ന മുമ്പ് പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനമാണിത് അതായത് ഭ്രാന്തനാണെങ്കിൽ ചീത്ത സ്വഭാവങ്ങളും പ്രവർത്തനവുമാണല്ലോ ഉണ്ടാവുക. തങ്ങൾ നല്ല സ്വഭാവത്തിലാണ്. അത് ഭ്രാന്തുണ്ടെന്ന വാദം പൊളിക്കാൻ പര്യാപ്തമാണല്ലോ(റാസി 30/72). അവിടുന്നു മോശമായ വാക്കുകൾ പറയുന്നവരോ വൃ‌ത്തികേട് ചെയ്യുന്നവരോ തിന്മയെ തിന്മകൊണ്ട് പ്രതികരിക്കുന്നവരോ ആയിരുന്നില്ല മറിച്ച് അവിടുന്ന് മാപ്പ് നൽകുന്നവരും ക്ഷമ കൈകൊള്ളുന്നവരുമായിരുന്നു.സാധുക്കളുടെ ക്ഷണം സ്വീകരിക്കുമായിരുന്നു.നന്മയായി അറിയപ്പെടുന്ന എല്ലാം തങ്ങളിലുണ്ടായിരുന്നു എന്ന് ചുരുക്കം. മഹത്തായ സ്വഭാവത്തിലാണെന്നതിനു അള്ളാഹുവിന്റെ ദീനിന്റെ മേലിലാണ് എന്നും വ്യാഖ്യാനമുണ്ട്.അതായത് അള്ളാഹുവിന്റെ കല്പനകളെന്തായാലും അതൊക്കെ യഥാവിധി അവിടുന്ന് നടപ്പാക്കുന്ന ആളാണു തങ്ങൾ എന്ന സാക്ഷ്യമത്രെ ഇത്. അഥവാ അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിക്കുന്നതിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് അള്ളാഹു സാക്ഷ്യപ്പെടുത്തിയതാണിത്. 10 വർഷം നബി(സ) ക്ക് സേവനം ചെയ്ത അനസ്(റ) പറയുന്നു ഞാൻ പത്ത് വർഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്തിട്ട് ഒരിക്കൽ പോലും എന്തിനു അത് ചെയ്തു എന്നോ ഇന്ന കാര്യം ചെയ്തില്ലേ എന്നോ ആക്ഷേപ സ്വരത്തിൽ എന്നോട് ചോദിച്ചിട്ടില്ല (അദ്ദുർ അൽ മൻ ഥൂർ 6/390). ഇമാം റാസി(റ) എഴുതുന്നു മഹത്തായ സ്വഭാവത്തിന്റെ മേലെയാണെന്ന പ്രയോഗത്തിൽ തന്നെ തങ്ങൾ അതിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.എന്ന ആശയം ഉണ്ട്.നല്ല സ്വഭാവവും തങ്ങളും തമ്മിലുള്ള ബന്ധം അടിമക്ക് മേൽ ഉടമക്കുള്ള സ്വാധീനം പോലെയാണ്(റാസി 30/72) എന്താണ് സൽ‌സ്വഭാവം എന്നാൽ? ഇമാം റാസി(റ) എഴുതുന്നു.നല്ല കാര്യങ്ങൾ ചെയ്യാൻ നിഷ്‌പ്രയാസം സാധിക്കും വിധമുള്ള ഒരു കഴിവാണത് –അതായത് നല്ല കാര്യം ചിലപ്പോൾ ദുസ്വഭാവിയും ചെയ്യും പക്ഷെ അത് അവനു നിഷ്‌പ്രയാസമായിരിക്കില്ല. ആ കഴിവു മുഖേന പിശുക്ക്,ദേഷ്യം,കാർക്കശ്യം ബന്ധ വിച്ഛേദം എന്നിങ്ങനെയുള്ള എല്ലാ ദുസ്വഭാവങ്ങളിൽ നിന്നും അവിടുന്നു ഒഴിഞ്ഞ് നിൽക്കുന്നത് വളരെ എളുപ്പമാകും വിധം അള്ളാഹു അവിടുത്തെ തിരഞ്ഞെടുത്തു(റാസി 30/72)

5. فَسَتُبْصِرُ وَيُبْصِرُونَ

പിന്നീട് തങ്ങൾ കണ്ടറിയും അവരും കണ്ടറിയും


6. بِأَييِّكُمُ الْمَفْتُونُ

നിങ്ങളിൽ ആരിലാണ്‌ കുഴപ്പം ഉള്ളതെന്ന് നബി(സ) യെ ആക്ഷേപിച്ചവർക്കുള്ള ശക്തമായ താക്കീതാണിത്.ആർക്കാണ് കുഴപ്പമെന്ന് തങ്ങളും അവരും കാണാനിരിക്കുന്നു എന്നത് ഭൂമിയിൽ വെച്ച് തന്നെ കാണുമെന്നും പരലോകത്ത് കാണുമെന്നാണതിന്റെ താല്പര്യമെന്നും വ്യാഖ്യാനമുണ്ട് രണ്ട് വ്യാഖ്യാനവും വൈരുദ്ധ്യമല്ലാത്തതിനാൽ രണ്ടും സ്വീകാര്യവുമാണ്.ആർക്കാണ് കുഴപ്പം വരാനിരിക്കുന്നതെന്ന് അവരും തങ്ങളും കാണുന്നത് ഭൂമിയിൽ വെച്ചാണെന്ന് വെച്ചാൽ അതിന്റെ താല്പര്യം തങ്ങൾക്ക് എന്താണ് ഭാവിയിൽ വരാനിരിക്കുന്നതെന്നും അവരെ എന്താണ് കാത്തിരിക്കുന്നതെന്നും പിന്നീട് കാണാം എന്നാണ്.അതായത് തങ്ങൾ ഭാവിയിൽ സമാദരണീയനായി മാറുകയും തങ്ങളെ ആക്ഷേപിച്ചവർ നിന്ദ്യരായി നാണം കെടുമെന്നും അർത്ഥം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകം അത് കാണുകയും ചെയ്തു ബദ്ർ യുദ്ധം മുതൽ അവർ പരിഹാസ്യരും ദയനീയമായ പരാജയം അനുഭവിച്ചവരുമാവുകയും നബി(സ) തങ്ങൾ ലോകം മൊത്തം തന്റെ ദൌത്യ നിർവഹണത്തിന്റെ സാക്ഷാൽക്കാരം നടത്തിയതും താൻ പ്രബോധനം ചെയ്ത ആശയത്തിന്റെ സമ്പൂർത്തീകരണത്തിന്റെ സന്ദേശം ലക്ഷത്തിലധികം വരുന്ന ശിഷ്യന്മാരുടെ മുന്നിൽ വെച്ച് പ്രഖ്യാപിക്കാൻ സാധിച്ചതും ഈ കാഴ്ചയുടെ സാക്ഷാൽക്കാരമാണ്. പരലോകത്ത് കാണുമെന്ന വ്യാഖ്യാനം എടുത്താൽ നിഷേധികൾ നരകത്തിന്റെ ഭയാനകതയിൽ നട്ടം തിരിയുന്നവരും ഒരു അവസരം ഭൂമിയിലേക്ക് മടങ്ങാൻ കിട്ടിയാൽ സത്യ വിശ്വാസത്തിന്റെ ആൾ രൂപങ്ങളായിക്കൊള്ളാമെന്ന് കുമ്പസരിക്കുന്നതും അത് സാദ്ധ്യമല്ലെന്ന നാഥന്റെ തീരുമാനത്തോടെ നബി(സ)യെ എതിർത്തതിൽ മനം നൊന്ത് ഇങ്ങനെയൊന്നും ചെയ്യാതെ പ്രവാചകന്റെ ചങ്ങാത്തം സ്വീകരിച്ചാൽ മതിയായിരുന്നു എന്ന് വിലപിക്കുകയും ചെയ്യുന്ന രംഗം കാണാനാവുമെന്നും അതെ സമയം നബി(സ)യും സത്യ വിശ്വാസികളും സ്വർഗത്തിന്റെ സന്തോഷത്തിൽ ആറാടുന്ന കാഴ്ചയാണു കാണാൻ കഴിയുക എന്നും ആകും അർഥം ഒന്നു ഭൂമിയിൽ കണ്ടതും രണ്ടാമത്തെത് പരലോകത്ത് കാണാനിരിക്കുന്നതുമത്രെ

7. إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

തങ്ങളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗം വിട്ട് തെറ്റിയവരെ പറ്റി നല്ല വണ്ണം അറിയുന്നവൻ തന്നെയാണ്‌ സന്മാർഗം പ്രാപിച്ചവരെക്കുറിച്ചും അവൻ നല്ല വണ്ണം അറിയുന്നവനാകുന്നു. തങ്ങൾ ഭ്രാന്തനാണെന്ന ആരോപണത്തിന്റെ ശക്തമായ മറുപടിയാണിതും.അതായത് തങ്ങൾക്ക് നേരെ ഭ്രാന്താരോപണം നടത്തിയവർ ബുദ്ധിമാന്മാരാണെന്നാണല്ലോ അവരുടെ വെപ്പ്.എന്നാൽ തങ്ങൾ സന്മാർഗ്ഗത്തിലും അവർ വഴികേടിലുമാണെന്ന് അള്ളാഹുവിനു നന്നായറിയാം.അപ്പോൾ ശാശ്വത വിജയത്തിന്റെ നിദാനമായ സന്മാർഗത്തിനാണ് അവരീ പറയുന്ന ഭ്രാന്താരോപണത്തേക്കാൾ മഹത്വമുള്ളത് അതിനാൽ സന്മാർഗത്തിലുള്ള തങ്ങൾക്കു നേരെയുള്ള ഭ്രാന്താരോപണം ശുദ്ധ നുണയാവുന്നു എന്നാണിതിന്റെ അർഥം മറ്റൊരു വ്യാഖ്യാനവും ഇവിടെ കാണാം യഥാർഥത്തിൽ ആരാണ് ഭ്രാന്തുള്ളവർ അവർ സത്യ മാർഗം തെറ്റിയവരാണ് എന്നാൽ ബുദ്ധിയുള്ളവരോ സന്മാർഗം ലഭിച്ചവരുമാണ് .അതായത് വാദി പ്രതിയായെന്നർത്ഥം!


8. فَلَا تُطِعِ الْمُكَذِّبِينَ

അതിനാൽ നിഷേധിക്കുന്നവരെ തങ്ങൾ അനുസരിക്കരുത്.


9. وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

തങ്ങൾ അയവ് കാണിച്ചാൽ നന്നായിരുന്നു എന്ന് അവർ ആഗ്രഹിക്കുന്നു എന്നാൽ അവരും അയവ് കാണിക്കും. നബി(സ)യുടെ ശത്രുക്കൾക്കുണ്ടായ ഒരു ചിന്തയുടെ മുനയൊടിക്കുകയാണിവിടെ .അവരുടെ ആരാധ്യ വസ്തുക്കളെ നബി(സ) അംഗീകരിക്കുക.അവരുടെ ദുരാചാരങ്ങളെ വിമർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിച്ച് കൊണ്ട് പ്രബോധനരീതിയിൽ ചെറിയ അയവു വരുത്തിയാൽ അവർക്ക് നബി(സ) യോടുള്ള എതിർപ്പിലും അയവു വരുത്താമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു പക്ഷെ സത്യത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ലെന്നും അത്തരക്കാരുടെ ആഗ്രഹത്തിനു വഴങ്ങരുതെന്നും ഉണർത്തിയിരിക്കുകയാണിവിടെ.


10. وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

അധികമായി സത്യം ചെയ്യുന്നവനും നീചനുമായ ആരെയും തങ്ങൾ അനുസരിക്കരുത്.

നിഷേധികളുടെ അടയാളങ്ങളാണിവിടെ വിശദീകരിക്കുന്നത്. അധികമായി സത്യം ചെയ്യുന്നവൻ എന്നാണ് ആദ്യമായി പറഞ്ഞത്..സ്ഥാനത്തും അസ്ഥാനത്തും സത്യം അസത്യം എന്ന വിവേചനമില്ലാതെ സത്യം ചെയ്യുന്നവൻ എന്നാണിതിന്റെ അർത്ഥം .വളരെ അത്യാവശ്യ ഘട്ടത്തിലല്ലാതെ സത്യമായ കാര്യത്തിൽ പോലും സത്യം ചെയ്യുന്നത് നന്നല്ല എന്നിരിക്കെ എന്തിനും സത്യം ചെയ്യുന്ന ദുസ്വഭാവം സത്യ നിഷേധികളുടെ ലക്ഷണമാണെന്നും അവനെ അനുസരിക്കരുതെന്നുമാണ് ഉണർത്തുന്നത്.അഭിപ്രായത്തിലും വിവേചന ഭുദ്ധിയിലും ശരാശരിക്കും താഴെ ആയതിനാൽ അള്ളാഹുവിന്റെ മഹത്വം മനസിലാക്കാതെ അവനെ എന്തിനും സത്യത്തിനു ഉപയോഗിച്ച് നിസ്സാരമാക്കിയതിനാൽ ഇവൻ നിസ്സാരനായി. ഇമാം റാസി(റ) എഴുതുന്നു താൻ അടിമയാണെന്ന സത്യം ഉൾക്കൊള്ളുന്നതിലാണ് മനുഷ്യന്റെ മഹത്വം നിലകൊള്ളുന്നത് അത് അറിയാത്തവൻ നിന്ദ്യനാണ് ഇതും നിഷേധിയുടെ ലക്ഷണമാണ്.



11. هَمَّازٍ مَّشَّاء بِنَمِيمٍ

കുത്ത് വാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ.

ജനങ്ങളെ പരിഹസിക്കാനും അവരിലുള്ള കുറവുകൾ പറഞ്ഞ് അപഹസിക്കാനും വല്ലാതെ ശ്രമിക്കുന്നവൻ എന്നാണ് –هماز എന്നതിന്റെ താല്പര്യം കൂടുതൽ വിശദീകരണം 104 മത് അദ്ധ്യായം നോക്കുക. ഒരാളുടെ വാക്കിനെ കുഴപ്പമുണ്ടാക്കാനായി മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നാണ് ഏഷണി എന്ന് പറഞ്ഞാൽ സ്വർഗ പ്രവേശനം തടയപെടാൻ പര്യാപ്തമായ ദുഷ്ക്കർമ്മമത്രെ ഏഷണി.ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന ഹദീസ് എത്ര മാത്രം ഗൌരവമുള്ളതാണ് എന്ന് ചിന്തിച്ചെങ്കിൽ

12. مَنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

നന്മയെ നിശ്ശേഷം തടയുന്നവനും അതിക്രമിയും മഹാ പാപിയുമായ. നന്മ നിശ്ശേഷം തടയുന്നവൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. ഇവിടെ പറഞ്ഞ خير ധനമാണെന്നും അത് ആവശ്യക്കാർക്ക് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവനാണെന്നുമാണ് ഒരു വ്യാഖ്യാനം. ‌ഇസ് ലാം എന്ന നന്മയിലേക്ക് വരുന്നവരെ തടയുന്നവൻ എന്നാണ് മറ്റൊരു വ്യാഖ്യാനം. എല്ലാ നന്മ മുടക്കികൾക്കും താക്കീത് തന്നെയാണീ സൂക്തം. അതിക്രമി എന്നാൽ സത്യത്തെ അവഗണിച്ച് അക്രമം കാണിക്കുന്നവൻ എന്നും വൃ‌ത്തികേടുകളും അരുതായ്മകളും ചെയ്യുന്നവൻ എന്നും അർഥമുണ്ട്. മഹാ പാപി എന്നാൽ കുറ്റങ്ങളിൽ മുഴുകുന്നവൻ എന്ന് തന്നെ താല്പര്യം.

13. عُتُلٍّ بَعْدَ ذَلِكَ زَنِيمٍ


ക്രൂരനും അതിനെല്ലാം പുറമെ ശരിയായ പിതാവില്ലാത്തവനുമായ(വനെ തങ്ങൾ അനുസരിക്കരുത്)

ക്രൂരൻ എന്നത് സ്വഭാവ ദൂഷ്യത്തിന്റെ ആൾ രൂപം എന്ന അർത്ഥത്തിലാണ് പരുഗണിക്കുന്നത്زنيم എന്നതിനു ജാര സന്താനം എന്ന അർത്ഥത്തിനു പുറമെ ദുർവൃ‌ത്തിയിൽ കുപ്രസിദ്ധി നേടിയവൻ എന്നും മറ്റും വ്യാഖ്യാനമുണ്ട്


14. أَن كَانَ ذَا مَالٍ وَبَنِينَ

അവൻ സ്വത്തും സന്താനങ്ങളുമുള്ളവനായതിനാൽ(ആണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്)

ധാരാളം സമ്പത്തും സന്താനങ്ങളുമെണ്ടെന്ന ഹുങ്കിലാണിയാൾ ഇത്രയും അധർമ്മിയായി മാറിയത്.സമ്പത്തും സന്താനങ്ങളുമുണ്ടെങ്കിൽ പിന്നെ ഒന്നും പ്രശ്നമല്ലെന്ന മിഥ്യാ ധാരണയാളെ അഹങ്കാരിയാക്കിയത് എന്ന് ചുരുക്കം


15. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അത് പൂർവീകന്മാരുടെ പഴങ്കഥകളാണ്‌ എന്ന് അവൻ പറയും

ഈ അഹകാരത്തിന്റെ ആഴമാണ് അള്ളാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള പൂർവീകരുടെ പഴങ്കഥകളാണ് എന്ന അസത്യം പറയാൻ അവനെ പ്രേരിപ്പിച്ചത്

سَنَسِمُهُ عَلَى الْخُرْطُومِ (16


പിന്നീട് അവന്റെ തുമ്പിക്കൈക്ക് (നീണ്ട മൂക്കിന്‌) നാം അടയാളം വെക്കുന്നതാണ്‌ ഭൌതിക സൌകര്യങ്ങളുടെ പേരിൽ ഖുർആ നിനെ വിമർശിക്കുന്നവർക്ക് ശക്തമായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണിവിടെ ഉണർത്തുന്നത്. അത്തരക്കാ‍രുടെ മൂക്കിനെയാണ് തുമ്പിക്കെ ആയി ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവമാണു മുഖം ആ മുഖത്ത് ഉയർന്നു നിൽക്കുന്ന മൂക്കിന്റെ സ്ഥാനം പ്രധാനം തന്നെ ഈ ധിക്കാരികൾക്ക് മൂക്കിനു പ്രത്യേകം അടയാളം, നൽകി അവരെ അപമാനിക്കുമെന്നാണ് താല്പര്യം അന്ത്യ നാളിൽ അവരുടെ മുഖം കറുപ്പിക്കുമെന്നാണിതിന്റെ താല്പര്യമെന്നും മറ്റും വ്യാഖ്യാനമുണ്ട്.എന്തായാലും സത്യ നിഷേധിയുടെ കാര്യം മഹാ കഷ്ടം തന്നെ . പത്ത് മുതൽ പതിനാറു കൂടിയ സൂക്തങ്ങൾ ആരുടെ വിഷയത്തിലാണിറങ്ങിയതെന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട് പത്ത് മക്കളും ധാരാളം സമ്പത്തുമുണ്ടായിരുന്ന ഖുറൈശികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന വലീദു ബിൻ മുഗീറയെക്കുറിച്ചാണെന്ന് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അയാൾ നബി(സ)യുടെ വാക്കുകൾ കേട്ടപ്പോൾ ഇത് വല്ലാത്ത ആകർഷകമാണെന്ന് പറയുകയും അതിനെ പുകഴ്ത്തുകയും ചെയ്തു സുസമ്മതനായ ഈ നേതാവ് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ട അബൂജഹ്ൽ കള്ളം പറഞ്ഞ് അയാളെ പ്രകോപിപ്പിക്കുകയും അയാൾ ദുരഭിമാനം സംരക്ഷിക്കാനായി നബി(സ)യെ ആക്ഷേപിക്കുകയും ചെയ്തപ്പോൾ അയാളിലുള്ള പോരായ്മകൾ പറഞ്ഞ് കൊണ്ട് അള്ളാഹു അയാളെ നാണം കെടുത്തി.ഈ സൂക്തങ്ങൾ ഇറങ്ങിയപ്പോൾ വലീദ് ഉമ്മയുടെ അടുത്ത് ചെന്ന് എന്നെക്കുറിച്ച് മുഹമ്മദ്(സ) പല ആക്ഷേപങ്ങളും പറയുന്നുണ്ട് അതിൽ ജാര സന്താനം എന്നതൊഴിച്ചുള്ള കുറ്റങ്ങളെല്ലാം എന്നിലുണ്ട് ഇതിന്റെ സത്യം എനിക്ക് പറഞ്ഞ് തരണമെന്നും ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി അപ്പോൾ ഉമ്മ പറഞ്ഞു മുഹമ്മദ്(സ)പറഞ്ഞത് സത്യം തന്നെയാണ് നിന്റെ ഉപ്പ ലൈംഗിക ശേഷി ഇല്ലാത്ത ആളും വലിയ സമ്പന്നനുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാനായി ഞാൻ ഒരു ആട്ടിടയനുമായി ശാരീരിക ബന്ധം പുലർത്തുകയും മുഗീറയുടെ മകനായി നിന്നെ പുറത്ത് പരിചയപ്പെടുത്തുകയും ചെയ്തതാണ് എന്ന് ഉമ്മ വിശദീകരിച്ചു.ഇത്ര വ്യക്തമായി നബി(സ)യുടെ പ്രഖ്യാപനങ്ങളുടെ വസ്തുത മനസിലായിട്ടും സത്യമുൾക്കൊള്ളാതെ ഖുർആൻ പൂർവീകരുടെ കെട്ടുകഥയാണെന്ന് പറയുന്നവന്റെ അധപതനം എത്ര ഗുരുതരം! ഇവിടെ പറഞ്ഞ കുറ്റങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കാൻ എല്ലാവരും ശ്രമിക്കേണ്ടത് തന്നെ.
 
 


(17)إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ


നിശ്ചയം ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ ഇവരെയും നാം പരീക്ഷിച്ചു. പ്രഭാതവേളയിലായിരിക്കെ തങ്ങൾ അത്(തോട്ടത്തിലെ പഴങ്ങൾ) മുറിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അവർ സത്യം ചെയ്ത് പറഞ്ഞ സന്ദർഭം!
ഇവരെ എന്നത് കൊണ്ട് ഉദ്ദേശ്യം മക്കക്കാരാണ്.അവർക്ക് അള്ളാഹു ധനം നൽകി. പ്രവാചകനെയും നൽകി.അള്ളാഹുവിനു അതിന്റെ പേരിൽ നന്ദി കാണിക്കലായിരുന്നു-അഹങ്കരിക്കലല്ല- അവരുടെ കടമ എന്നിട്ടും നബി(സ)തങ്ങളാകുന്ന അള്ളാഹുവിന്റെ ഏറ്റവും ഇഷ്ടമുള്ള പ്രവാചകനോട് ശാത്രവം കാണിക്കുക വഴി അവർ അള്ളാഹുവോട് നന്ദി കേട് കാണിച്ചപ്പോൾ തോട്ടക്കാരെ പരീക്ഷിച്ച പോലെ ദാരിദ്ര്യം കൊണ്ടും വരൾച്ച കൊണ്ടും അവരെ പരീക്ഷിച്ചു എന്നാണ് അള്ളാഹു പറയുന്നത്. ഇവിടെ ഉദാഹരണമായി പറഞ്ഞ തോട്ടക്കാർ യമനിലായിരുന്നുവെന്നും (സൻആഇൽ നിന്ന് കുറച്ച് അകലെയുള്ള ളർവാൻ എന്ന ഗ്രാമത്തിലായിരുന്നു )ഹബ്സീനിയയിലായിരുന്നുവെന്നും കാണാം അവർ വേദക്കാരായിരുന്നുവെന്നും ഈസാ(അ)ക്ക് ശേഷമാണ് ഈ സംഭവമെന്നും ചരിത്രങ്ങളിലുണ്ട് സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. ഉദാര ശീലനും സാദാചാരതല്പരനുമായ ഒരു സദ് വൃ‌ത്തന്റെതായിരുന്നു ആ തോട്ടം.അതിലെ പഴങ്ങൾ പറിച്ചെടുക്കുമ്പോൾ ഒരുഭാഗം സാധുക്കൾക്ക് ദാനം ചെയ്യുമായിരുന്നു അദ്ദേഹം.താൻ മരണപ്പെട്ട ശേഷം രംഗത്ത് വന്ന മക്കൾ പക്ഷെ ഉപ്പയുടെ പാരമ്പര്യം തുടരാനിഷ്ടപ്പെട്ടില്ല.പുലർച്ചക്ക് തന്നെ തോട്ടത്തിലെത്തി (സാധുക്കൾ എത്തും മുമ്പെ )പഴം പറിച്ചെടുക്കണമെന്നും സാധുക്കൾക്ക് ഒന്നും കൊടുക്കരുതെന്നും അവർ പരസ്പരം സ്വകാര്യം പറയുകയും ചെയ്തു. തീരുമാനിച്ചതനുസരിച്ച് തോട്ടത്തിൽ ചെന്ന് നോക്കുമ്പോൾ ഒരു അത്യാഹിതം ബാധിച്ച് തോട്ടം നിശ്ശേഷം നശിച്ചു പോയിരിക്കുന്നു അപ്പോൾ അവർ തീരാദു:ഖത്തിലായി.തോട്ടത്തിനു ബാധിച്ച വിപത്ത് ചുഴലിക്കാറ്റാണെന്നും ഒരു ഇടിത്തീ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇമാം ഥിബ് രി(റ) എഴുതുന്നു.ആ തോട്ടത്തിന്റെ ഉടമയായിരുന്ന ആ നല്ല മനുഷ്യൻ വിളവെടുപ്പിന്റെ സമയത്ത് ഒരു വർഷത്തേക്ക് തങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ സൂക്ഷിച്ച് വെക്കുകയും ബാക്കി മുഴുവനും സാധുക്കൾക്ക് കൊടുക്കുകയും ചെയ്യുമായിരുന്നു.ബാപ്പ മരിച്ചപ്പോൾ ആ പതിവ് മക്കൾ പാടെ മാറ്റി മറിച്ചു,സാധുക്കൾക്ക് ഒന്നും നൽകില്ലെന്ന് തീരുമാനിച്ചു(ഥിബ് രി 29/31)

(18) وَلَا يَسْتَثْنُونَ

അവർ ഒഴിവാക്കി പറഞ്ഞതുമില്ല
അവർ ഒഴിവാക്കി പറഞ്ഞില്ല എന്നാൽ അവർ ഇൻശാ അള്ളാഹ് എന്ന് പറഞ്ഞില്ല എന്നും പാവങ്ങൾക്ക് ഒന്നും ഒഴിവാക്കിക്കൊടുക്കുകയില്ല എന്നും വ്യാഖ്യാനമുണ്ട്


(19)فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ


അങ്ങനെ അവർ ഉറങ്ങിക്കൊണ്ടിരിക്കെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരാപത്ത് ആ തോട്ടത്തിന്റെ മേൽ ബാധിച്ചു


طَائِفٌ എന്ന് പറഞ്ഞാൽ ജിബ്‌രീൽ(അ) എന്നും നരകത്തിൽ നിന്ന് പുറപ്പെട്ട തീ എന്നും അള്ളാഹുവിന്റെ പ്രത്യേക കല്പന എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി 18/180). ഇമാം ഖുർത്വുബി(റ) എഴുതുന്നു. “ആ തോട്ടക്കാർ സാധുക്കളെ ഒഴിവാക്കാൻ തീരുമാനിച്ചുറച്ചപ്പോൾ തന്നെ (അത് നടപ്പാക്കുന്നതിനു മുമ്പ്)അവരുടെ തോട്ടം നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞതിൽ നിന്ന് ചില തെറ്റുകൾ ചെയ്യാൻ ഉറപ്പിച്ചാൽ തന്നെ അള്ളാഹു ശിക്ഷിക്കും കാരണം ഇവർ തീരുമാനിച്ച കാര്യം ചെയ്യുന്നതിനുമുമ്പാണല്ലോ അള്ളാഹു അവരുടെ തോട്ടത്തെ നശിപ്പിച്ചത്. “നബി(സ) പറഞ്ഞു .രണ്ട് മുസ്‌ലിംകൾ അവരുടെ വാളു കൊണ്ട് പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്.അപ്പോൾ ചോദിക്കപ്പെട്ടു. കൊന്നവൻ നരകത്തിലാണെന്നത് മനസിലായി.കൊല്ലപ്പെട്ടവൻ എന്ത് കൊണ്ട് നരകത്തിലായി? നബി(സ) പറഞ്ഞു അവൻ തന്റെ സഹോദരനെ കൊല്ലാൻ കരുതിയവനാണല്ലോ! അതായത് ചെയ്യാൻ തീരുമാനിച്ച തെറ്റിന്റെ പേരിൽ ആ തെറ്റ് ചെയ്തില്ലെങ്കിലും അവൻ നരകത്തിലായി(ഖുർത്വുബി 18/180)


فَأَصْبَحَتْ كَالصَّرِيمِ 20

അങ്ങനെ അത്(തോട്ടം)ഫലം മുറിച്ചെടുക്കപ്പെട്ടതു പോലെയായി


صريم എന്നാൽ ഇരുട്ടായ രാത്രി പോലെ എന്നും കറുത്ത ചാരം പോലെ എന്നും ..അഭിപ്രായമുണ്ട്. അതായത് അവർ തോട്ടത്തിലെത്തിയപ്പോൾ പഴങ്ങളില്ലാത്ത ശൂന്യമായ അവസ്ഥയാണു കണ്ടത്


(21) فَتَنَادَوا مُصْبِحِينَ

എന്നിട്ട് പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചു പറഞ്ഞു


(22) أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ

നിങ്ങൾ ഫലം മുറിച്ചെടുക്കു(വാൻ ഉദ്ദേശിക്കു)ന്നവരാണെങ്കിൽ നിങ്ങളുടെ കൃ‌ഷി സ്ഥലത്ത് പുലർച്ചക്ക് വരുവീൻ


(23) فَانطَلَقُوا وَهُمْ يَتَخَافَتُونَ

അങ്ങനെ അവർ അന്വോന്യം പതുക്കെ പറഞ്ഞ് കൊണ്ട് പോയി


(24)أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ

ഇന്ന് ആ തോട്ടത്തിൽ ഒരു സാധുവും നമ്മുടെ അടുത്ത് പ്രവേശിക്കുകയേ അരുത് എന്ന്.


അവർ തോട്ടത്തിൽ വിളവ് എടുക്കാൻ പോകുന്നത് സാധുക്കൾ അറിയാതിരിക്കാനായിരുന്നു അവർ പതുക്കെ പറഞ്ഞത് എന്നാൽ അവരുടെ പിതാവ് വിളവെടുപ്പിന്റെ വിവരം സാധുക്കളോട് നേരത്തെ പറയുകയും ആ സമയത്ത് അവർ അവിടെ സന്നിഹിതരാവുകയുമായിരുന്നു ചെയ്തിരുന്നത്



(25) وَغَدَوْا عَلَى حَرْدٍ قَادِرِينَ

(സാധുക്കളെ) തടയുവാൻ കഴിയുന്ന(വരാണെന്ന് ധരിച്ചുകൊണ്ട് അവർ പുലർച്ചെ എത്തുകയും ചെയ്തു



(26) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ

അങ്ങനെ ആ തോട്ടം കണ്ടപ്പോൾ നിശ്ചയമായും നാം വഴിതെറ്റിപ്പോയവരാണെന്ന് അവർ പറഞ്ഞു


(27) بَلْ نَحْنُ مَحْرُومُونَ


പക്ഷെ നാം (ആഹാര മാർഗം) തടയപ്പെട്ടവരാണ്
സാധുക്കളെ പറ്റിച്ചു എന്ന ആശ്വാസത്തിൽ തോട്ടത്തിലെത്തിയ അവർക്ക് ഒരു വിളവുമില്ലാതെ തകർന്ന തോട്ടമാണ് കാണാനായത്. അപ്പോൾ സാധുക്കളെ തടയാൻ തീരുമാനിച്ചതിൽ നമുക്ക് തെറ്റ് പറ്റി എന്നും ഇത് നമ്മുടെ തോട്ടമല്ല നമുക്ക് വഴിതെറ്റിയിരിക്കുന്നു എന്നും ഇവിടെ അർത്ഥമുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ തോട്ടം അവരുടെത് തന്നെ എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖേദപൂർവം നമ്മൾ ഭക്ഷണം തടയപ്പെട്ടവരാണെന്ന് എന്ന് അവർ പറഞ്ഞത്നബി(സ) പറഞ്ഞു. ദോഷങ്ങളെ നിങ്ങൾ സൂക്ഷിക്കുക.കാരണം അടിമ ചെയ്യുന്ന ദോഷം കാരണത്താൽ അവനു നിശ്ചയിക്കപ്പെട്ട ഭക്ഷണം തടയപ്പെടും എന്നിട്ട് നബി(സ) ഈ അദ്ധ്യായത്തിലെ 19/20 സൂക്തങ്ങൾ ഓതി(ഖുർത്വുബി 18/182)


(28) قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ


അവരിൽ കൂടുതൽ നീതിമാനായ ആൾ പറഞ്ഞു ഞാൻ നിങ്ങളോട് പറഞ്ഞില്ലേ?നിങ്ങൾ അള്ളാഹുവിനു തസ്ബീഹ് ചെയ്യാത്തതെന്താണ്?


അവർ സാധുക്കൾക്ക് ഒന്നും നൽകരുതെന്ന് ഗൂഢാലോചന നടത്തിയപ്പോൾ അവരിൽ കൂടുതൽ നീതി ബോധമുള്ളയാൾ-ബുദ്ധിയുള്ളയാൾ- പറഞ്ഞത് അള്ളാഹു തന്ന അനുഗ്രഹത്തിനു നിങ്ങൾ നന്ദി കാണിക്കാത്തത് എന്താണ് ? അവന്റെ പരിശുദ്ധി നിങ്ങൾക്ക് പ്രകീർത്തനം ചെയ്തു കൂടേ?അതിനു പകരം നിങ്ങളുടെ ഈ നിലപാട് ശരിയല്ലെന്ന് അദ്ദേഹം ഉണർത്തിയിരുന്നു അത് അവർ അവഗണിച്ചിരുന്നു.പക്ഷെ തോട്ടത്തിന്റെ നാശം കണ്ടപ്പോൾ ഈ ഉപദേശം ഓർക്കുകയും ഞങ്ങൾ തെറ്റ് പറ്റിയവരായി ഇനി ഞങ്ങൾ അള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാമെന്ന ഏറ്റുപറച്ചിലാണ് താഴെ!



(29) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ


അവർ പറഞ്ഞു ഞങ്ങളുടെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞങ്ങളിതാ പ്രകീർത്തനം ചെയ്യുന്നു നിശ്ചയമായും നാം അക്രമികളായിരിക്കുന്നു



(30) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ


അങ്ങനെ തമ്മതമ്മിൽ കുറ്റം പറഞ്ഞ് കൊണ്ട് അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു .
അതായത് നീ പറഞ്ഞത് കൊണ്ടാണ് നമ്മൾ ഈ അക്രമം ചെയ്തതെന്ന് പറഞ്ഞ് പരസ്പരം ആക്ഷേപിച്ചു(തെറ്റുകൾക്ക് വേണ്ടി സംഘം ചേരുന്നവരുടെയൊക്കെ അവസ്ഥ ഇത് തന്നെയാണ്. ശിക്ഷ കാണുമ്പോൾ മുന്നിൽ നിന്നവനെ ആക്ഷേപിക്കാൻ മറ്റുള്ളവർ ശ്രമിക്കും പക്ഷെ ഞാൻ പറഞ്ഞത് നിങ്ങൾ എന്തിനു സ്വീകരിച്ചു എന്ന് പറഞ്ഞ് അവൻ ഇവരെ കയ്യൊഴിയും.അതിനാൽ ജീവിത കാലത്ത് തിന്മക്കു വേണ്ടിയുള്ള ഒരു കൂട്ടായ്മയോടും സഹകരിക്കാതെ നമ്മുടെ പരലോകം രക്ഷപ്പെടുത്താൻ നാം ബോധമുള്ളവരായിരിക്കണം



(31) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ

അവർ പറഞ്ഞു.നമ്മുടെ കഷ്ടമേ! നാം അതിക്രമികളാവുക തന്നെ ചെയ്തിരിക്കുന്നു
നമ്മുടെ പിതാക്കളെ പോലെ സാധുക്കൾക്ക് നൽകി അള്ളാഹുവിനു നന്ദി ചെയ്യാതെ നാം അക്രമികളായി എന്ന ഏറ്റ് പറച്ചിലാണിത്



(32) عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ

നമ്മുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം.നിശ്ചയമായും നമ്മുടെ നാഥനിലേക്ക് നാം ആഗ്രഹം സമർപ്പിക്കുന്നവരാകുന്നു.
ശിക്ഷ കണ്ട അവർ ഇതിൽ നിന്ന് അള്ളാഹു നമ്മെ രക്ഷപ്പെടുത്തി നഷ്ടപ്പെട്ട തോട്ടം തിരിച്ചു കിട്ടിയാൽ പൂർവീകരെ പോലെ ഞങ്ങളും നന്മ ചെയ്യാമെന്ന് ആത്മാർത്ഥമായി അവർ പറഞ്ഞതാണിത്.ഇമാം ഖുർത്വുബി(റ) എഴുതുന്നു.അവരുടെ ഈ പാശ്ചാത്താപ മനസ്ഥിതി വന്നപ്പോൾ അള്ളാഹു ജിബ്‌രീൽ(അ)നു നിർദേശം കൊടുക്കുകയും ഈ കരിഞ്ഞ തോട്ടം പിഴുതെടുത്ത് ശാം നാട്ടിൽ കൊണ്ട് പോയി വെക്കാനും ഫലഭൂയിഷ്ടമായ ശാമിൽ നിന്ന് സമൃദ്ധമായ ഒരു തോട്ടം ഇവിടെ വെച്ച് കൊടുക്കാനും കല്പിച്ചു. ഇബ്നു മസ് ഊദ്(റ) പറയുന്നു. അവരുടെ ആത്മാർത്ഥമായ പാശ്ചാത്താപം വന്നപ്പോൾ അള്ളാഹു അവർക്ക് പകരം തോട്ടം നൽകി. ആ തോട്ടത്തിലെ ഒരു മുന്തിരിക്കുല ഒരു കോവർകഴുതക്ക് ചുമക്കാൻ മാത്രം വലിപ്പമുണ്ടായിരുന്നു.(ഖുർത്വുബി18/183)തെറ്റ് പറ്റിയാൽ അത് ഏറ്റ്പറയാനും അതിൽ നിന്ന് മടങ്ങാനും സന്മനസ്സുണ്ടായാൽ അവരെ അള്ളാഹുസ്വീകരിക്കും.അവർ നിരാശരാവേണ്ടതില്ല എന്ന് ഖുർ ആൻ തന്നെ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ടല്ലൊ!


(33) كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ


ശിക്ഷ അപ്രകാരമാണ്.പരലോക ശിക്ഷയാകട്ടെ കൂടുതൽ വലിയതുമാകുന്നു.അവർ അറിയുന്നവരായിരുന്നുവെങ്കിൽ!
ഈ തോട്ടക്കാരുടെത് പോലെയാണ് മക്കക്കാരുടെ നില.നബി(സ)യെയും വിശുദ്ധ ഗ്രന്ഥത്തെയും അള്ളാഹു അവർക്ക് നൽകി.എന്നാൽ അവരാകട്ടെ ധിക്കാരികളും അക്രമികളുമായിത്തീരുകയാണ് ചെയ്തത് അതിന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കേണ്ടി വന്ന ഇവർക്ക് പരലോകത്തെ ശിക്ഷ അതി കഠിനമായിരിക്കുംഭൂമിയിലെ ശിക്ഷ ഈ വിധത്തിലുള്ള ധന നഷ്ടമാണ്.എന്നാൽ പരലോക ശിക്ഷ ഇതിലും കഠോരമായിരിക്കുമെന്ന് അവർ മനസിലാക്കിയിരുന്നുവെങ്കിൽ അവർ പാശ്ചാത്തപിച്ച് മടങ്ങുകയും ഇത്തരം അരുതായ്മകൾ വെടിയുകയും ചെയ്യുമായിരുന്നു.എന്നാൽ വിവര ദോഷികളായ ഈ വർഗം നാശത്തിലേക്ക് ചെന്ന് ചാടുക തന്നെയാണ് (ഥിബ്‌രി)

ഇമാം റാസി(റ) എഴുതുന്നു. ഈ തോട്ടക്കാരുടെ ചരിത്രം പറഞ്ഞത് രണ്ട് ലക്ഷ്യത്തിനു വേണ്ടിയാണ്.

(1) ഈ അദ്ധ്യായത്തിലെ പതിനാല് പതിനഞ്ച് ആയത്തുകളിൽ പറഞ്ഞ ധനവും സന്താനങ്ങളുമുണ്ടായപ്പോൾ അവൻ അഹങ്കാരിയായി മാറി .അവനു അള്ളാഹു ധനവും സമ്പത്തും നൽകിയത് അവനെ പരീക്ഷിക്കാനായിരുന്നു എന്നിട്ട് അവൻ അവിശ്വാസത്തിലേക്ക് കൂപ്പുകുത്തി അവൻ എത്രമാത്രം ഭാഗ്യ ഹീനനാണ്; കാരണം തെറ്റ് ചെയ്യാൻ ആലോചിച്ച ഈ തോട്ടക്കാർക്ക് അള്ളാഹു ശിക്ഷ ഇറക്കിയെങ്കിൽ നബി(സ)യോട് ശത്രുത വെച്ചവന്റെ കാര്യം എത്ര പരിതാപകരം!എന്ന് സൂചിപ്പിക്കുകയാണ്

(2)തോട്ടക്കാർ അവരുടെ തോട്ടം കൊണ്ട് ഉപകാരമെടുക്കാനും സാധുക്കളെ തടയാനും കരുതി പുറപ്പെട്ടപ്പോൾ അള്ളാഹു അവരുടെ ലക്ഷ്യത്തെ കീഴ് മേൽ മറിച്ചു.ഇത് പോലെയാണ് മക്കക്കാരുടെ അവസ്ഥ അവർ നബി(സ)യെയും അനുചരന്മാരെയും കൊന്നു കളയും എന്ന് പ്രതിജ്ഞ ചെയ്ത് കൊണ്ട് ബദ് റിലേക്ക് പുറപ്പെട്ടു.ആ ദൌത്യം നിർവഹിച്ച് തിരിച്ചു വന്നാൽ ക അബ പ്രദക്ഷിണം ചെയ്യുകയും മദ്യം കുടിച്ച് ആഹ്ലാദിക്കുകയും ചെയ്യാം, എന്ന് അവർ തീരുമാനിച്ച് പുറപ്പെട്ടു പക്ഷെ അവരുടെ ലക്ഷ്യം പാടേ തകർത്ത് കൊണ്ട് അവർ കൊല്ലപ്പെടുകയോ തടവ് പുള്ളികളായി പിടിക്കപ്പെടുകയോ ചെയ്ത് കൊണ്ട് ഈ തോട്ടക്കാരെ പോലെ അള്ളാഹു അവരെ പരീക്ഷിച്ചു ഇത് സ്ഥിരീകരിക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്(റാസി 31/81)

സാധുക്കൾക്ക് നമ്മുടെ ധനത്തിൽ അവകാശമുണ്ടെന്ന് ഖുർ‌ആൻ ഉണർത്തിയിട്ടുണ്ട്. അവരെ അവഗണിക്കുന്നവരെ അള്ളാഹു പരീക്ഷിച്ചതിനും തെളിവുകളുണ്ട്.പ്രവാചക കല്പനകളെ അവഗണിക്കുന്നവർ പരീക്ഷണം ഏറ്റ് വാങ്ങേണ്ടി വരും തുടങ്ങ്നി നമ്മുടെ ജീവിതം സൂക്ഷ്മതയോടെ മുന്നോട്ട് നയിക്കാൻ ആവശ്യമായ ഒരു പാട് ഗുണ പാഠങ്ങളാണ് ഉണർത്തപ്പെട്ടത്.
 

34. إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ

നിശ്ചയമായും ഭക്തന്മാർക്ക് അവരുടെ രക്ഷിതാവിങ്കൽ സുഖാനുഗ്രഹത്തിന്റെ സ്വർഗങ്ങളുണ്ട്.

അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് പരലോകത്ത് വിഷമം തൊട്ടുതീണ്ടാത്ത പരിപൂർണ്ണ സുഖം മാത്രം ലഭിക്കും.എന്നാണ് അള്ളാഹു പറയുന്നത്. പ്രയാസമനുഭവിച്ചിരുന്ന മുസ്ലിംകളെ പരിഹസിച്ച് ഞങ്ങളാണ് ഈ മുസ്ലിംകളേക്കാൾ അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യതയുള്ളവർ അത് കൊണ്ടാണ് ഞങ്ങൾക്ക് ധനവും മുസ് ലിംകൾക്ക് ദാരിദ്ര്യവും ലഭിച്ചത് എന്ന് ഖുറൈശി നേതാക്കൾ പറഞ്ഞിരുന്നു അതിന്റെ മറുപടിയാണ് പരലോകത്ത് സത്യവിശ്വാസികൾക്ക് അള്ളാഹു സുഖം മാത്രമുള്ള ആരാമങ്ങൾ നൽകും എന്ന് ഉണർത്തിയത്.പരലോക നന്മയെക്കുറിച്ച് പ്രതിപാദിക്കുന്നത് കേട്ടാൽ ഖുറൈശികൾ പറയും പരലോകത്ത് അങ്ങനെ നേട്ടമുണ്ടെങ്കിൽ അവിടെയും നമുക്ക് തന്നെയാവും നേട്ടം ഏറ്റവും ചുരുങ്ങിയത് അവർക്ക് ലഭിക്കുമ്പോലെയെങ്കിലും നമുക്കും ലഭിക്കും എന്ന് അവർ പറഞ്ഞതിന്റെ മറുപടിയാണ് താഴേ സൂക്തം(ഖുർത്വുബി18/184)

35. أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ

എന്നാൽ കുറ്റവാളികളെപ്പോലെ മുസ് ലിംകളെ നാം ആക്കുമോ?
ഒരിക്കലും മുസ് ലിംകളെ പരലോകത്ത് നാം ധിക്കാരികളെ പോലെ ആക്കുകയില്ല മറിച്ച് മുസ് ലിംകൾക്ക് അവിടെ വലിയ സന്തോഷവും ഇവർക്ക് നിത്യ ദു:ഖവുമായിരിക്കുമവിടെ എന്ന് സാരം

36 .مَا لَكُمْ كَيْفَ تَحْكُمُونَ


നിങ്ങൾക്ക് എന്തായിപ്പോയി? എങ്ങനെയെല്ലാമാണ് നിങ്ങൾ വിധി കൽ‌പ്പിക്കുന്നത്?
നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പരലോകത്ത് മുസ് ലിംകളെ പോലെ നിങ്ങൾക്ക് സുഖം ലഭിക്കുമെന്ന് വിധിക്കുന്നത്(അങ്ങനെ വിധിക്കാൻ നിങ്ങളെ ആരെങ്കിലും ഏൽ‌പ്പിച്ചോ?) എന്ന് മുശ് രിക്കുകളെ അള്ളാഹു ചോദ്യം ചെയ്യുകയാണിവിടെ ഒരിക്കലും ഈ വിധി ശരിയായില്ലെന്ന് ചുരുക്കം.

37. أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ


അതൊ നിങ്ങൾക്ക് വല്ല ഗ്രന്ഥവുണ്ടോ? അതിൽ നിങ്ങൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന

ഈ തെറ്റായ വിധിക്ക് തെളിവാകും വിധം വല്ല ഗ്രന്ഥവും പഠിച്ചിട്ടാണോ നിങ്ങളുടെ ഈ നിഗമനം?
അങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പിൻബലവും ഇവർക്കില്ലെന്ന് സാരം

38. إِنَّ لَكُمْ فِيهِ لَمَا يَتَخَيَّرُونَ


നിശ്ചയമായും നിങ്ങൾ (ഇഷ്ടപ്പെട്ട്) തിരഞ്ഞെടുക്കുന്നത് അതിൽ നിങ്ങൾക്കുണ്ട്(എന്നുണ്ടോ?)
അഥവാ ആ ഗ്രന്ഥത്തിൽ ഇങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അധികാരമുണ്ടെന്നുണ്ടോ ഒരിക്കലും കാര്യമങ്ങനെയല്ല എന്ന് ചുരുക്കം

39. أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ


അതോ നിങ്ങൾ തീരുമാനിക്കുന്നത് നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നതിനു അന്ത്യ നാൾ വരെ നീണ്ട് നിൽക്കുന്ന വല്ല സത്യ പ്രതിജ്ഞയും നിങ്ങൾക്ക് വേണ്ടി നമ്മുടെ ബാദ്ധ്യതയിലുണ്ടോ?
സത്യ പ്രതിജ്ഞ എന്നതിന്റെ താല്പര്യം കരാർ എന്നാണ് അഥവാ ഇവരുടെ എന്ത് തീരുമാനവും നടപ്പാക്കാൻ അള്ളാഹു ഇവരുമായി വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?ഒരിക്കലുമില്ല എന്ന് സാരം

40. سَلْهُم أَيُّهُم بِذَلِكَ زَعِيمٌ


(നബിയേ) അവരിൽ ആരാണ് അത് സംബന്ധിച്ച് (അവർക്ക് വേണ്ടി) ഏറ്റ്പറയുന്നത് എന്ന് അവരോട് ചോദിക്കുക
അഥവാ എന്റെ പേരിൽ ഇങ്ങനെ-മുസ് ലിംകളെ പോലെ ഇവർക്കും പരലോകത്ത് നേട്ടമുണ്ടാകുമെന്ന്- കള്ളം കെട്ടിപറയാൻ ആരാണിവർക്ക് തെളിവ് നിരത്തി സാക്ഷി നിന്നത് എന്ന് അവരോട് ചോദിക്കുക

41. أَمْ لَهُمْ شُرَكَاء فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ

അതോ അവർക്ക് വല്ല പങ്ക് കാരുമുണ്ടോ?എന്നാൽ അവർ സത്യവാദികളാണെങ്കിൽ അവരുടെ പങ്ക് കാരെ കൊണ്ട് വരട്ടെ.
തോട്ടക്കാരുടെ സംഭവം വിശദീകരിച്ചതിനു ശേഷം സത്യ നിഷേധികളുടെ ഒരു പിഴച്ച ധാരണക്ക് അള്ളാഹു മറുപടി പറയുകയാണ് ഈ സൂക്തങ്ങളിൽ.അതായത് ഞങ്ങളാണല്ലോ സമ്പന്നന്മാർ.മുസ് ലിംകൾ സാധുക്കളും! അവർ ഉത്തമന്മാരാണെങ്കിൽ അവർക്കല്ലേ സാമ്പത്തിക പുരോഗതിയുണ്ടാവേണ്ടിയിരുന്നിരുന്നത് മരണാനന്തരം ഒരു ജീവിതമുണ്ടായാൽ തന്നെ അവിടെയും ഭൂമിയിലെ പോലെ ഞങ്ങൾക്ക് തന്നെയായിരിക്കും സുഖം ലഭിക്കുക എന്ന് അവർ പറയാറുണ്ടായിരുന്നു.ഈ അബദ്ധം പറയുന്നവരോട് ഖുർ ആനിന്റെ മറുപടി ഇതാണ്.നിങ്ങൾക്ക് പരലോകത്തും സുഖം ലഭിക്കുമെന്ന വാദം നിങ്ങളുടെ പക്കലുള്ള വല്ല വേദ ഗ്രന്ഥവും മുഖേന വായിച്ച് പഠിച്ചതാണോ?എന്നിട്ടാണോ നിങ്ങൾ അങ്ങനെ വാദിക്കുന്നത്?അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിനൊത്ത പ്രതിഫലമാണ് അവർക്ക് നൽകപ്പെടുക എന്നതിനു അന്ത്യനാൾ വരെ –അന്നാണല്ലോ അന്തിമ തീരുമാനം-ബലത്തിലിരിക്കുന്ന വല്ല ഉറപ്പും അള്ളാഹു അവർക്ക് നൽകിയിട്ടുണ്ടോ?എങ്കിൽ അവർ അതൊന്ന് തെളിയിക്കട്ടെ അതുമല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കത്തക്ക അധികാര ശക്തിയുള്ള വല്ല പങ്കുകാരും(ആരാധ്യരും) അവർക്കുണ്ടോ?ഉണ്ടെങ്കിൽ അതൊന്നു കാണട്ടെ എന്ന് സാരംഅങ്ങനെ ഒരു തെളിവുമില്ല.മറിച്ച് അവർ അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞതാണ്



42. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ

കണങ്കാൽ വെളിവാക്കപ്പെടുന്ന(ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക സുജൂദ് ചെയ്യാൻ അവർ ക്ഷണിക്കപ്പെടും അപ്പോൾ അവർക്കതിനു സാധിക്കുകയില്ല.
ഈ സൂക്തത്തിന്റെ ആദ്യ ഭാഗം മുൻ സൂക്തവുമായി ബന്ധപ്പെടുത്തിയും അർഥം പറയാം.അതായത് അവരെ സഹായിക്കുന്ന പങ്കാളികളുണ്ടെങ്കിൽ അവർക്ക് ശുപാർശ ചെയ്യാനായി ഭീതിജനകമായ ആ ദിനത്തിൽ കൊണ്ട് വരട്ടെ എന്ന് സാരം.

43. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

അവരുടെ കണ്ണുകൾ താഴ്ന്നിരിക്കുന്ന നിലയിൽ നിന്ദ്യത അവരെ ആവരണം ചെയ്യും,അവർ സുരക്ഷിതരായിരുന്ന സമയത്ത് അവർ സുജൂദ് ചെയ്യാനായി ക്ഷണിക്കപ്പെടാറുണ്ടായിരുന്നു(അന്ന് അവരത് ചെയ്തില്ല)
يُكْشَفُ عَن سَاقٍ
എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം കണങ്കാൽ വെളിവാക്കപ്പെടുക എന്നാണ് കാര്യം വളരെ ഗൌരവതരമായിത്തീരുക എന്ന അർത്ഥത്തിൽ ആലങ്കാരികമായി ആ വാക്ക് ഉപയോഗിക്കുന്നു ഒരു ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി ഓടുമ്പോൾ വസ്ത്രം പൊക്കിപ്പിടിക്കാറുണ്ടല്ലൊ.ഖിയാമം നാളിലെ അതി ഗൌരവ ഘട്ടമാണിവിടെ ഉദ്ദേശ്യം. വിചാരണാ സമയം സത്യ നിഷേധികൾ അങ്ങേയറ്റം നിന്ദ്യരും അപമാനിതരുമായിക്കൊണ്ട് തല താഴ്ത്തി താഴോട്ട് നോക്കിക്കൊണ്ടിരിക്കും അള്ളാഹുവിനു സുജൂദ് ചെയ്യാൻ അവരോട് പറയപ്പെടുന്നതാണ് അപ്പൊൾ അവർക്കതിനു സാധിക്കില്ല അവരുടെ നട്ടെല്ല് വളയുകയില്ല ഇഹലോകത്ത് വെച്ച് അവരെ അതിനു ക്ഷണിച്ചപ്പോൾ അത് അനുസരിക്കാൻ നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും അവർ അത് നിരസിക്കുകയാണ് ചെയ്തിരുന്നത് ഇപ്പോൾ സുജൂദ് ചെയ്യാൻ ഇവർ തയാറാണെങ്കിലും അതിനു സാധിക്കുന്നില്ല.

ഇമാം ഖുർത്വുബി(റ) എഴുതുന്നു.നബി(സ) പറഞ്ഞു. “അന്ത്യനാളാകുമ്പോൾ ഓരോ വിഭാഗത്തിനും അവർ ആരാധിച്ചിരുന്നവയെ കാണിക്കപ്പെടുകയും ഓരോവിഭാഗവും തങ്ങളുടെ ആരാധ്യ വസ്തുക്കളുടെ അടുത്തേക്ക്(വല്ല സഹായവും ലഭിക്കുമെന്ന വിശ്വാസത്തിൽ) പോവുകയും ചെയ്യും(സഹായം ലഭിക്കില്ലെന്ന് മാത്രമല്ല ആരാധിക്കപ്പെട്ടവർ ആരാധിച്ചവരെ നിഷേധിക്കുകയും കയ്യൊഴിയുകയും ചെയ്യും) എന്നാൽ ഏകദൈവ വിശ്വാസികൾ എങ്ങോട്ടും പോകാതെ അവിടെത്തന്നെ നിൽക്കും അപ്പോൾ അവരോട് ചോദിക്കപ്പെടും എല്ലാവരും പോയല്ലൊ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?അവർ പറയും ഞങ്ങൾ കാണാതെ തന്നെ ഞങ്ങൾ ആരാധിച്ചിരുന്ന റബ്ബുണ്ട് അപ്പോൾ കണ്ടാൽ നിങ്ങൾക്ക് അറിയുമോ എന്ന് ചോദിക്കപ്പെടും അവർ പറയും അതെ എന്ന്.നിങ്ങൾ നേരത്തെ കാണാത്ത സ്ഥിതിക്ക് റബ്ബിനെ കണ്ടാലും നിങ്ങൾക്കെങ്ങനെ മനസിലാകും എന്ന് ചോദിക്കപ്പെടും.അവർ പറയും ഞങ്ങളുടെ നാഥൻ ഒന്നിനോടും തുല്യതയില്ലാത്തവനാണ്.അപ്പോൾ മറ മാറ്റപ്പെടുകയും അവർ അള്ളാഹുവിനെ കാണുകയും ചെയ്യും (അള്ളാഹുവെ പരലോകത്ത് വിശ്വാസികൾക്ക് കാണാം പക്ഷെ എങ്ങനെ എന്നൊന്നും നമുക്ക് ഇപ്പോൾ അറിയില്ല) അപ്പോൾ അവർ അള്ളാഹുവിനു സാ‍ഷ്ടാംഗം ചെയ്യും എന്നാൽ മുതുക് പശുക്കൊമ്പ് പോലെ യായി ഒരു കൂട്ടർ സുജൂദ് ചെയ്യാനാവതെ നിൽക്കും സുജൂദ് ചെയ്യാൻ ശ്രമിച്ചാലും അവർക്ക് സാധിക്കില്ല അതാണ് സുജൂദിലേക്ക് ക്ഷണിക്കപ്പെട്ടാൽ അവർക്ക് അതിനു സാധിക്കില്ല എന്ന് അള്ളാഹു പറഞ്ഞത്.ഈ ഹദീസ് കേട്ട ഉമർ ബിൻ അബ്ദുൽ അസീസ്(റ)പറഞ്ഞു ഏകദൈവ വിശ്വാസികളെ സംബന്ധിച്ച് ഇതിനേക്കാൾ സന്തോഷം നൽകുന്ന( പരലോകത്ത് സത്യ വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷം നാഥനെ കാണുക എന്നതാണ്) ഒരു ഹദീസും ഞാൻ കേട്ടിട്ടില്ല(ഖുർത്വുബി 18/186)

ഇവിടെ സുജൂദ് ചെയ്യാൻ സാധിക്കാതെ നിൽക്കുന്നത് കപട വിശ്വാസികളാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്(ഖുർത്വുബി 18/187)നിസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ അതിനുത്തരം ചെയ്യാതെ നടക്കുന്നവർ ഈ സൂക്തത്തിന്റെ ആശയം ഗൌരവത്തോടെ ആലോചിക്കണം.നിരങ്ങിയെങ്കിലും പള്ളിയിലെത്താൻ ശ്രമിച്ച മഹാന്മാർ ഈ സൂക്തത്തെ ശരിക്കുമുൾക്കൊണ്ടവരായിരുന്നു.

44. فَذَرْنِي وَمَن يُكَذِّبُ بِهَذَا الْحَدِيثِ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

ആകയാൽ എന്നെയും ഈ വാർത്തയെ നിഷേധിക്കുന്നവരെയും കൂടി വിട്ടേക്കുക അവർ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.
ഖുർ ആനിനെ നിഷേധിക്കുന്നവരുടെ കാര്യത്തിൽ നബി(സ)യെ സമാധാനിപ്പിക്കുകയാണ് അള്ളാഹു .ഖുർ ആൻ നിഷേധികളെ നാം വെറുതെ വിടില്ലെന്നും അവരെ ഞാൻ പിടികൂടുമെന്നും നാം അവർക്ക് നൽകുന്ന അനുഗ്രഹങ്ങളൊന്നും അവരോടുള്ള ഇഷ്ടം കൊണ്ടല്ല പ്രത്യുത പരീക്ഷണമാണ്.അങ്ങനെ പതുക്കെ പതുക്കെ ശിക്ഷ അവരെ ബാധിക്കുക തന്നെ ചെയ്യും എന്ന് സാരം. ഇമാം ഖുർത്വുബി(റ)എഴുതുന്നു. “ഇസ്രയേൽ വംശത്തിലൊരാൾ പറഞ്ഞു.അള്ളാഹുവേ!ഞാൻ എത്രയോ തെറ്റ് ചെയ്തിട്ടും നീ എന്താണ് എന്നെ ശിക്ഷിക്കാത്തത്?അപ്പോൾ ആ കാലത്തെ നബി (അ)ക്ക് അള്ളാഹു ദിവ്യ ബോധനം നൽകിയത് എന്റെ ശിക്ഷ നീ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷെ നീ മനസ്സിലാക്കുന്നില്ലെന്ന് മാത്രം! എന്നെ ഓർത്ത് കരയാതെ ഉണങ്ങിയ നിന്റെ രണ്ട് കണ്ണുകളും കഠിനമായ നിന്റെ ഹൃ‌ദയവും നീ ചിന്തിക്കുന്നുവെങ്കിൽ നിനക്കുള്ള ശിക്ഷ തന്നെയാണ്. എന്ന് അയാളോട് പറയാനായിരുന്നു! അരുതായ്മ ചെയ്യുന്നവർ ശിക്ഷ ലഭിക്കാത്തത് അനുകൂല ഘടകമായി കാണരുതെന്നും അള്ളാഹുവിന്റെ ശിക്ഷ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഓർക്കുക


45 .وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ


ഞാൻ അവർക്ക് സമയം നീട്ടുക്കൊടുക്കുകയാണ് നിശ്ചയം എന്റെ തന്ത്രം ശക്തമാകുന്നു.
പെട്ടെന്ന് അവരെ മരിപ്പിച്ച് കൊണ്ടോ ശിക്ഷിച്ച് കൊണ്ടോ പെട്ടെന്ന് പിടികൂടുകയില്ലെന്ന് സാരം.എന്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടില്ലെന്നും അത് വരുമ്പോൾ അത് ശക്തമായിരിക്കുമെന്നും അർത്ഥം



46. أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

അതോ തങ്ങൾ അവരോട് വല്ല പ്രതിഫലവും ചോദിക്കുകയും എന്നിട്ട് അവർ കടബാദ്ധ്യത നിമിത്തം ഞെരുങ്ങിയിരിക്കുകയാണോ?
സത്യ വിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരിൽ നബി(സ) അവരോട് പ്രതിഫലം ആവശ്യപ്പെടുകയും അത് നൽകാനാവാതെ പ്രയാസപ്പെട്ടത് കൊണ്ടാണോ അവർ വിശ്വാസത്തിലേക്ക് വരാതിരിക്കുന്നത്? അങ്ങനെ അവരോട് ഒന്നും ചോദിച്ചില്ലെന്ന് മാത്രമല്ല നബി(സ)യെ പിന്തുടരുക വഴി ഭൂമിയിൽ തന്നെ നേട്ടം ലഭിക്കുകയും പരലോകത്തെ മെച്ചപ്പെട്ട സുഖത്തിലെത്തിച്ചേരാൻ വഴിതുറക്കുകയുമാണ് ചെയ്യുക(എന്നിട്ടും അവർ സത്യത്തോട് പുറം തിരിഞ്ഞ് നിന്നതിനു എന്ത് ന്യായമാണ് അവർക്കുള്ളത്)



47. أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

അതല്ലെങ്കിൽ അവരുടെ അടുത്ത് അദൃ‌ശ്യ ജ്ഞാനമുണ്ടായിട്ട് അവർ അത് എഴുതിക്കൊണ്ടിരിക്കുകയാണോ?
സത്യ നിഷേധികളുടെ സ്ഥിതിഗതികൾ പലതും വിവരിച്ച ശേഷം അവരെ അള്ളാഹു ക്രമേണ ഒതുക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്നാണ് മേൽ സൂക്തങ്ങളിൽ ഉദ്ദേശിക്കുന്നത് .ഇവിടെ പറഞ്ഞ അദ്ര്‌ശ്യം എന്നത് കൊണ്ടുള്ള വിവക്ഷ ലൌഹുൽ മഹ്ഫൂള് ആണെന്ന് പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തുന്നു അത് നോക്കിയിട്ട് അവർ എഴുതിയതാണോ അവർ സത്യ വിശ്വാസികളേക്കാൾ ഉത്തമന്മാരാണെന്നും അവർക്ക് പരലോകത്ത് ശിക്ഷയുണ്ടാവില്ലെന്നുമുള്ള ഈ വാദം എന്ന് സാരം.നബി(സ) അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നത് കൊണ്ടോ അവരുടെ പക്കൽ അദ്ര്‌ശ്യ ജ്ഞാനം ഉണ്ടായത് കൊണ്ടോ ഒന്നുമല്ല അവർ സത്യം നിഷേധിക്കുന്നത് എന്ന് വ്യക്തം


48. فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُومٌ

അത് കൊണ്ട് (നബിയേ) അങ്ങയുടെ രക്ഷിതാവിന്റെ വിധിക്ക് വേണ്ടി അങ്ങ് ക്ഷമിച്ചിരിക്കുക തങ്ങൾ മത്സ്യത്തിന്റെ ആളെപ്പോലെ(യൂനുസ് (അ)നെപ്പോലെ) ആകരുത് അദ്ദേഹം വ്യസനം നിറഞ്ഞ് കൊണ്ട് പ്രാർത്ഥിച്ച സന്ദർഭം.
ഇവിടെ നബി(സ)യോട് ക്ഷമിക്കാൻ പറഞ്ഞത് അള്ളാഹുവിന്റെ തീർമാനങ്ങൾക്ക് മുന്നിൽ ക്ഷമകാണിക്കുക എന്നോ അള്ളാഹുവിന്റെ സഹായം വന്നെത്തും വരെ ക്ഷമിക്കുക ധൃ‌തി കാണിക്കേണ്ടതില്ല എന്നോ ആണ് അർത്ഥം.മത്സ്യത്തിന്റെ ആൾ യൂനുസ്(അ) ആണ്.അവർ അനുയായികളുടെ നിഷേധാത്മക നിലപാടുകളിൽ വിഷമിച്ച് നാട് വിട്ട് പോയി സമുദ്രയാത്രയിൽ മത്സ്യം വിഴുങ്ങി അതാണ് മത്സ്യത്തിന്റെ ആൾ എന്ന് പറഞ്ഞത്. യൂനുസ്(അ) നീനവാ എന്ന പ്രദേശത്തേക്ക് പ്രബോധനത്തിനു നിയോഗിക്കപ്പെടുകയും അവർ നിഷേധികളായപ്പോൾ അള്ളാഹുവിന്റെ ശിക്ഷ വരുമെന്ന് ഭയപ്പെട്ടും അവരുടെ അസത്യ വിശ്വാസത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ചും അള്ളാഹുവിന്റെ അനുമതി വരും മുമ്പേ ധൃ‌തി കാണിച്ച് നാട് വിട്ടു. യഥാർത്ഥത്തിൽ ക്ഷമിച്ച് അവിടെ തന്നെ നിന്നിരുന്നുവെങ്കിൽ തന്നെ വൈകാതെ അള്ളാഹുവിന്റെ സഹായം വരുമായിരുന്നു.എന്നാൽ പുറപ്പെട്ട് പോയ യൂനുസ്(അ)നെ മത്സ്യം വിഴുങ്ങി .അങ്ങനെ മത്സ്യത്തിന്റെ വയറ്റിൽ വെച്ച് വ്യസനത്തോടെ അള്ളാഹുവോട് പ്രാർത്ഥിച്ചു

لااله الا أنت سبحانك اني كنت من الظالمين എന്നായിരുന്നു യുനുസ്(അ)ന്റെ പ്രാർത്ഥന അതാണ് അവസാനം താൻ വ്യസന സമേതം പ്രാർത്ഥിച്ച സന്ദർഭം എന്ന് പറഞ്ഞത്

49. لَوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاء وَهُوَ مَذْمُومٌ

തന്റെ നാഥനിൽ നിന്നുള്ള അനുഗ്രഹം അവരെ വീണ്ടെടുത്തില്ലായിരുന്നുവെങ്കിൽ അവർ ആ പാഴ്ഭൂമിയിൽ ആക്ഷേപാർഹനായിക്കൊണ്ട് പുറം തള്ളപ്പെടുമായിരുന്നു.

അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ യൂനുസ്(അ) ആക്ഷേപാർഹനല്ലാതെ തന്നെ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വരികയും സത്യ വിശ്വാസികളായ അനുയായികളെക്കൊണ്ടും വീണ്ടുമുള്ള ദിവ്യബോധനം കൊണ്ടും അള്ളാഹു യൂനുസ്(അ)നെ അനുഗ്രഹിക്കുകയും ചെയ്തു.ഇവിടെ പറഞ്ഞ അനുഗ്രഹം എന്നത് പ്രവാചകത്വം എന്നും നേരത്തെ ചെയ്ത സൽക്കർമ്മം എന്നും لااله الا أنت سبحانك اني كنت من الظالمين എന്ന ദുആ എന്നും മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വിട്ടത് എന്നും എല്ലാം വ്യാഖ്യാനമുണ്ട്.ഏതായാലും അള്ളാഹുവിന്റെ മഹത്തായ ഈ അനുഗ്രഹം കാരണം എല്ലാ സന്തോഷത്തോടെയും യൂനുസ്(അ) തിരിച്ചു വന്നു



50. فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ

എന്നാൽ തന്റെ നാഥൻ തന്നെ ഉൽകൃ‌ഷ്ടനായി തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തെ സത്‌വൃ‌ത്തരിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അള്ളാഹു യൂനുസ്(അ)നെ ആദരിച്ചു എന്ന് ചുരുക്കം.

51. وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ

സത്യ നിഷേധികൾ ഖുർ ആൻ കേൾക്കുന്ന സമയത്ത് അവരുടെ കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും നിശ്ചയം നബി(സ)ഭ്രാന്തൻ തന്നെ എന്ന് അവർ പറയുകയും ചെയ്യും



52 . وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ

(സത്യത്തിൽ) ഈ ഖുർ ആൻ ലോകജനതക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല


ഖുർആൻ കേൾക്കുമ്പോൾ സത്യനിഷേധികൾക്കുണ്ടായിരുന്ന വെറുപ്പിന്റെ ശക്തിയാണ് അള്ളാഹു എടുത്ത് കാണിക്കുന്നത് അവർ കോപാകുലരായി നബി(സ)യുടെ നേരെ ഉഗ്രമായി തുറിച്ചു നോക്കും അതിന്റെ ശക്തിയാൽ നബി(സ) കാൽ വഴുതി വീണേക്കുമോ എന്ന് തോന്നിപ്പോകും അഥവാ അത്രയും കടുത്തതായിരുന്നു അത്.എന്നാൽ അവർ വെറുത്തത് കൊണ്ട് ഖുർആൻ കൈവെടിയാൻ വയ്യല്ലൊ. മുഴുവൻ ജനത്തിനുമുള്ള സന്ദേശമാണല്ലോ അത്കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ ഇടറിവീഴുമാറാക്കുക എന്നാൽ കണ്ണേറ് തട്ടുക എന്നും അർത്ഥം പറഞ്ഞിട്ടുണ്ട്ഖുർ ആൻ ഉൽബോധനമാണെന്ന് പറയാൻ കാരണം അവരുടെ ജീവിതത്തിന്റെ എല്ലാ മേഘലയിലും പാലിക്കേണ്ട മര്യാദകളും വിധി വിലക്കുകളും മറ്റ് വിജ്ഞാനങ്ങളും അടക്കം മനുഷ്യനു ആവശ്യമുള്ളതൊക്കെ ഉള്ള ഗ്രന്ഥം ആണ് ഖുർആൻ .അത് ഉൾക്കൊള്ളാനാണ് അതിനെതിരെ കണ്ണുരുട്ടാനല്ല ബുദ്ധിയുള്ളവൻ ശ്രമിക്കേണ്ടത് എന്ന് സാരം.

അള്ളാഹു ഖുർആൻ ഉൾക്കൊണ്ട് ജീവിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
 
 

Monday, 26 October 2015

സൂറത്തുൽ മുൽക്ക്


മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 30


ഈ സൂറത്തിനു വാഖിയ واقية (കാവൽ നൽകുന്നത്) മുൻജിയ منجية (രക്ഷിക്കുന്നത്) മാനിഅ: مانعة (തടയുന്നത്) മുജാദല: مجادلة (തർക്കിക്കുന്നത്-അത് പാരായണം ചെയ്യുന്നവരെ രക്ഷിക്കാനായി ഖബ്റിൽ വെച്ച് തർക്കിക്കും) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ സൂറത്തിനുണ്ട്.

ഇബ്നു അബ്ബാസ്(رضي الله عنه) വിൽ നിന്ന് ഇമാം തുർമുദി(رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു. നബി(صلى الله عليه وسلم)യുടെ ഒരു സ്വഹാബി യാത്രക്കിടയിൽ ഒരു സ്ഥലത്ത് (അവിടെ ഖബ്റുണ്ടെന്നറിയാതെ ) വിശ്രമത്തിനായി തമ്പുണ്ടാക്കി.യഥാർത്ഥത്തിൽ അത് ഒരു നല്ല മനുഷ്യന്റെ ഖബ് റായിരുന്നു.അതിൽ നിന്ന് സൂറത്തുൽ മുൽക്ക് മുഴുവനായി പാരായണം ചെയ്യുന്നത് കേട്ടു.അങ്ങനെ ആ സ്വഹാബി നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഈ സംഭവം വിശദീകരിച്ചു അപ്പോൾ നബി(صلى الله عليه وسلم) പറഞ്ഞു ഈ അദ്ധ്യായം തടയുന്നതാണ് -ഖബ്‌റിന്റെ ശിക്ഷയിൽ നിന്ന് അത് ഓതുന്നവരെ രക്ഷിക്കുന്നതാണ്. ഈ അദ്ധ്യായം എല്ലാ സത്യവിശ്വാസികളുടെയും ഹൃ‌ദയത്തിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട് അള്ളാഹുവിന്റെ ഖുർ ആനിലെ മുപ്പത് സൂക്തങ്ങളുള്ള ഒരു അദ്ധ്യായമുണ്ട് അത് ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും അന്ത്യനാളിൽ അവരെ നരകത്തിൽ നിന്ന് രക്ഷിച്ച് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും അത് തബാറക സൂറത്താവുന്നു.

പ്രമുഖ സ്വഹാബിയായ അബ്ദുള്ളാഹി ബിൻ മസ് ഊദ്(رضي الله عنه) പറഞ്ഞു ഒരു മയ്യിത്തിനെ ഖബ് റിൽ വെച്ചാൽ അയാൾ തബാറക സൂറത്ത് ഓതിയിരുന്നവനാണെങ്കിൽ ഈ സൂറത്തിനെ അവിടെ കൊണ്ട് വരപ്പെടുകയും ഇയാൾ എന്നെ പാരായണം ചെയ്തിരുന്നവനാണ് അവനെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് പറയുകയും ചെയ്യും .എന്നിട്ട് മഹാൻ പറഞ്ഞു ഇത് അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് ഇത് പാരായണം ചെയ്യുന്നവനെ തടയുന്നതാണ് എന്ന്! എല്ലാരാത്രിയിലും ഈ സൂറത്ത് ഓതിയാൽ അവനെ പിശാച് ബുദ്ധിമുട്ടിക്കുകയില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്(ഖുർത്വുബി 18/155)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ആരംഭിക്കുന്നു


ആധിപത്യം ഏതൊരുത്തനാണോ അവൻ ഗുണം വർദ്ധിച്ചവനാണ് അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ

തബാറക എന്നാൽ പരിശുദ്ധനായവൻ എന്നും നന്മകൾ വർദ്ധിച്ചവൻ എന്നും ദാനം ധാരാളമായി നൽകുന്നവൻ എന്നും അനുഗ്രഹം നിത്യമായവൻ എന്നും മറ്റും അർത്ഥമുണ്ട്(ഖുർതുബി 25-മത് അദ്ധ്യായം സൂറത്തുൽ ഫുർഖാൻ…13/3). എല്ലാ കുറ്റങ്ങളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് അള്ളാഹു.അതോടൊപ്പം എല്ലാ ഗുണങ്ങളും മേളിച്ചവനുമാണവൻ.പ്രപഞ്ചത്തിന്റെ ആധിപത്യം അള്ളാഹുവിനാണ് അവൻ സർവശക്തനാണ് എന്നതൊക്കെ അവൻ ഗുണം വർദ്ധിച്ചവനാണെന്നതിന്റെ വിശദീകരണമായി കാണാം. ഇമാം റാസി(رضي الله عنه) എഴുതുന്നു.ഇവിടെ يد എന്ന പ്രയോഗം അധികാരം(എല്ലാ അർത്ഥത്തിലുമുള്ള )എന്ന അർത്ഥത്തിലാണ് അവയവം എന്ന അർത്ഥം ഇവിടെ ഇല്ലതന്നെ(റാസി 30/46)



നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃ‌ത്തി ചെയ്യുന്നവർ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃ‌ഷ്ടിച്ചവനാണ് (അവൻ) അവൻ പ്രതാപ ശാലിയും വളരെ പൊറുക്കുന്നവനുമാണ്


ജീവിതവും മരണവും പടച്ചത് അള്ളാഹുവാണ് ഇല്ലായ്മയിൽ നിന്ന് ജന്മം നൽകി ഭൂമിയിൽ ജീവിക്കാൻ അള്ളാഹു മനുഷ്യരെ വിട്ടു. പിന്നീട് മരണത്തിലൂടെ ഇവിടെ നിന്ന് വീണ്ടും പോകണം എന്ന് പഠിപ്പിച്ചതിലൂടെ ജീവിത കാലത്ത് മരണ ശേഷ ജീവിതത്തിലേക്ക് എന്തൊക്കെ ചെയ്യുന്നുണ്ടെന്നും അള്ളാഹു പരീക്ഷിക്കുകയാണ് .ഈ ജീവിതവും മരണവുമൊന്നും മനുഷ്യന്റെ തീരുമാനമനുസരിച്ചോ അവന്റെ ഇഷ്ടം നോക്കിയോ അല്ല മറിച്ച് അള്ളാ‍ഹു തീരുമാനിക്കുന്നതിനു വഴങ്ങിക്കൊടുക്കാനേ മനുഷ്യനു കഴിയൂ.എന്നാൽ മരണത്തോടെ എല്ലാം തീരുകയല്ല മറിച്ച് ജീവിതകാലത്തെ തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നൽകാൻ അനശ്വരമായ പരലോക സംവിധാനം അള്ളാഹു ഒരുക്കിയിട്ടുണ്ട് .ആജീവിതം സുഖകരമാക്കാൻ ആരാണ് നന്നായി അദ്ധ്വാനിക്കുന്നത് എന്ന് പരീക്ഷണം ഇവിടെ നടക്കുന്നു.അത് മനസിലാക്കി പ്രവർത്തനം ഉത്തരവാദിത്തോടെ നിർവഹിക്കുന്നവർ വിജയിക്കും . തന്നെ അള്ളാഹുവിനു കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ എന്ന് നബി(صلى الله عليه وسلم) പഠിപ്പിച്ചത് ശ്രദ്ധേയമാണ് ആരു വിജയിച്ചു ആരു പരാചയപ്പെട്ടു എന്ന് വ്യക്തമാവുന്നത് മരണശേഷമാണ് .അത് കൊണ്ട് തന്നെ ജീവിതവും മരണവും അള്ളാഹു പടച്ചത് നന്നായി പ്രവർ‌ത്തിക്കുന്നത് ആരെന്ന് പരീക്ഷിക്കാനാണ് എന്ന പ്രയോഗം ചിന്തനീയം തന്നെ.അള്ളാഹു പരീക്ഷിക്കുന്നു എന്ന് പറഞ്ഞത് നേരത്തേ അള്ളാഹുവിനു അത് അറിയില്ല എന്ന അർത്ഥത്തിലല്ല.മറിച്ച് ഓരോരുത്തരുടെയും നിലപാട് പ്രത്യക്ഷത്തിൽ തന്നെ വെളിപ്പെടുത്താനും തദടിസ്ഥാനത്തിൽ നിലപാട് എടുക്കാനും വേണ്ടിയാണ് പരീക്ഷിക്കാൻ വേണ്ടി ജീവിതവും മരണവും പടച്ചു എന്ന പ്രയോഗത്തിൽ മരണശേഷമുള്ള ജീവിതവും അതിലെ പ്രതിഫലവും അടങ്ങിയിട്ടുണ്ട് കാരണം അനന്തര ഫലമില്ലെങ്കിൽ പരീക്ഷ എന്നത് തന്നെ അർത്ഥ ശൂന്യമാവുമല്ലോ! ഇവിടെ മരണവും ജീവിതവും പടച്ചു എന്ന് ആദ്യം മരണത്തെയും പിന്നെ ജീവിതത്തെയും പറഞ്ഞത് എന്താണ് എന്ന് ചോദിച്ചേക്കാം ചില വ്യാഖ്യാതാക്കൾ പറയുന്നത് അതിന്റെ അർത്ഥം അള്ളാഹു നിങ്ങളെ പടച്ചത് ഭൂമിയിൽ നിന്ന് മരിക്കാനും പരലോകത്ത് ജീവിക്കാനുമാണ് എന്നാണ്.മാത്രമല്ല മരണത്തെകുറിച്ച് പറഞ്ഞാലാണ് കൂടുതൽ ഉത്ബോധനം ഉണ്ടാക്കാനാവുക.എന്നതും സ്മര്യമാണ്.

നബി(صلى الله عليه وسلم) പറഞ്ഞതായി ഖതാദ:(رضي الله عنه)പറയുന്നു.അള്ളാഹു മരണം മുഖേന മനുഷ്യനെ അനുസരിപ്പിക്കുകയും ഭൌതിക ലോകത്തെ ജീവിതത്തിന്റ്റെ ഭവനവും പിന്നെ മരണ വീടും ആക്കുകയും പിന്നെ പരലോകത്തെ പ്രതിഫലത്തിന്റെ സ്ഥലവും പിന്നെ ശാശ്വതജീവിതത്തിന്റെ സ്ഥലവും ആക്കിയിരിക്കുന്നു

അബുദ്ദർദാ അ്(رضي الله عنه) പറയുന്നു നബി(صلى الله عليه وسلم)പറഞ്ഞതായി മൂന്ന് കാര്യങ്ങളുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യൻ ഒരിക്കലും തലകുനിക്കില്ല. ദാരിദ്ര്യവും രോഗവും മരണവുമത്രെ അവ!(ഖുർത്വുബി18/152). ആരാണ് നന്നായി പ്രവർ‌ത്തിക്കുന്നതെന്ന് പരീക്ഷിക്കാൻ എന്ന് പറഞ്ഞതിന്റ്റെ വ്യാഖ്യാനം പല രൂപത്തിലും വന്നിട്ടുണ്ട്.മരണത്തെ കൂടുതൽ ഓർക്കുന്നവരും അതിനു വേണ്ടി തയാറാവുന്നവരും അതിനനുസരിച്ച മുൻകരുതൽ എടുക്കുന്നവരും ആരാണെന്ന് പരീക്ഷിക്കാൻ എന്നത്രെ ഒരു വ്യാഖ്യാനം. അള്ളാഹു വിരോധിച്ചതിനെ തൊട്ട് ഏറ്റവും സൂക്ഷ്മത പാലിക്കുന്നവരും അള്ളാഹുവിനുള്ള ആരാധനകളിൽ ഏറ്റവും സജീവത പുലർത്തുന്നതും ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടി എന്നാണ് മറ്റൊരു വ്യാഖ്യാനം.(ഖുർത്വുബി 18/157). അള്ളാഹു പ്രതാപിയും മാപ്പരുളുന്നവനുമാണെന്ന് രണ്ട് വിശേഷണം ഇവിടെ പറഞ്ഞത് വളരെ അർത്ഥ വ്യാപ്തിയുണ്ട്. അതായത് അള്ളാഹുവിന്റെ ഈ പരീക്ഷണത്തിനു വിലകൽ‌പ്പിക്കാതെ അപഥ സഞ്ചാരം നടത്തുന്നവനെ ശിക്ഷിക്കാൻ അള്ളാഹുവിനു കഴിവുണ്ടെന്നും എന്നാൽ തന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് നാഥനോട് മാപ്പിരക്കുന്നവരെ അവൻ ആട്ടിയകറ്റുകയില്ലെന്നും ഇത് പഠിപ്പിക്കുന്നു ഇത് കൊണ്ടാണ് ഒരു സത്യവിശ്വാസി (بين الخوف والرجاء) ഭയത്തിന്റെയും പ്രതീക്ഷയുടെയും മദ്ധ്യേ ആയിരിക്കണം അഥവാ അള്ളാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭയവും വിശ്വാസിയുടെ മനസിലുണ്ടാവണം, അള്ളാഹുവിന്റെ അനുഗ്രഹത്തിലെ പ്രതീക്ഷ നന്മ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ശിക്ഷയെക്കുറിച്ചുള്ള ഭയം തിന്മയിൽ നിന്ന് മനുഷ്യനെ മാറ്റാൻ പ്രേരിപ്പിക്കുന്നു.ഇത് രണ്ടും സൂചിപ്പിക്കാനാണ് അള്ളാഹുവിന്റെ രണ്ട് വിശേഷണങ്ങൾ പറഞ്ഞത്



തട്ടുകളായി ഏഴ് ആകാശങ്ങളെ സൃ‌ഷ്ടിച്ചവനാണ് (അവൻ ) കരുണാനിധിയായ അള്ളാഹുവിന്റെ സൃ‌ഷ്ടിയിൽ യാതൊരു ഏറ്റവും വ്യത്യാസവും നിങ്ങൾ കാണുകയില്ല എന്നാൽ നിങ്ങൾ ഒന്ന് നിങ്ങളുടെ ദൃ‌ഷ്ടി കൊണ്ട് ആവർത്തിച്ച് നോക്കൂ വല്ല വിടവും നിങ്ങൾ കാണുന്നുണ്ടോ?


പിന്നെയും നിന്റെ ദ്ര്‌ഷ്ടികൊണ്ട് രണ്ട് വട്ടം ആവർത്തിച്ച് നോക്കുക എന്നാൽ ദ്ര്‌ഷ്ടികൾ പരാജയമടഞ്ഞ നിലയിൽ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും അതാവട്ടെ അങ്ങേയറ്റം ക്ഷീണിച്ചതുമായിരിക്കും.
ഭൂമിക്കുപരിയായുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ടമായ ഏഴ് മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു.അള്ളാ‍ഹുവിന്റെ പ്രപഞ്ച സ്ര്‌ഷ്ടിപ്പിൽ എവിടെയെങ്കിലും എന്തെങ്കിലും വൈകല്യങ്ങളോ പോരായ്മകളോ കണ്ട് പിടിക്കാൻ കഴിയില്ലെന്ന് അള്ളാഹു സ്ഥിരീകരിക്കുകയാണ് .ഉണ്ടെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് തെളിയിക്കാനുള്ള വെല്ലു വിളിയും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വെറും പാമരന്മാരോടുള്ള വെല്ലുവിളിയല്ല.അത്യത്ഭുതകരമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുന്ന സകല ചിന്തകരെയും ഉദ്ദേശിച്ചുള്ള വെല്ലുവിളിയാണ് പ്രപഞ്ചത്തിലെ നിഗൂഢമായ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പലരും അത് സസൂക്ഷ്മം നിയന്ത്രിക്കുന്ന മഹാശക്തിയാവുന്ന അള്ളാഹുവിനെക്കുറിച്ച് ചിന്തിക്കാത്തത് കഷ്ടം തന്നെ!(ഇവിടുത്തെ സംബോധനം നബി(صلى الله عليه وسلم)യോടാണെന്നും എല്ലാ ശ്രോദ്ധാക്കളോടുമാണെന്നും അഭിപ്രായമുണ്ട്(റാസി 30/51)


നിശ്ചയമായും ഏറ്റവും അടുത്ത ആകാശത്തെ പല വിളക്കുകൾ(നക്ഷത്രങ്ങൾ) കൊണ്ട് നാം അലങ്കരിക്കുകയും അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവ ആക്കുകയും ചെയ്തിരിക്കുന്നു അവർക്ക് നാം ജ്വലിക്കുന്ന നരക ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.
അള്ളാഹുവിന്റെ മഹത്വത്തിന്റെയും മഹാശക്തിയുടെയും മറ്റൊരു തെളിവാണിവിടെ സൂചിപ്പിക്കുന്നത്.ഭൂമിയേക്കാൾ എത്രയോ വലിപ്പമുള്ളതും ഭൂമിയിൽ നിന്ന് ബഹുദൂരം അകലെ സ്ഥിതി ചെയ്യുന്നതുമായ അനേകം നക്ഷത്രങ്ങളെക്കൊണ്ട് അള്ളാഹു അലങ്കരിച്ചിരിക്കുന്നു ആകാശത്തെ.നമുക്ക് ഊഹിക്കാൻ പോലുമാവാത്ത എന്തൊക്കെ അവിടെ നടക്കുന്നുണ്ട്.ഭൂമിക്ക് മുകളിൽ അതികമനീയമായി നിർമ്മിക്കപ്പെട്ട വിശാലമായ ഒരു പന്തലിന്റെ ഉൾഭാഗത്ത് മിന്നിത്തിളങ്ങുന്ന ദീപാലങ്കാരമായും അള്ളാഹു അവയെ ആവിഷ്ക്കരിച്ചു..കൂടാതെ ആകാശത്ത് വെച്ച് നടത്തുന്ന ചില സംഭാഷണങ്ങൾ പതിയിരുന്ന് കട്ട് കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാട്ടുവാനുള്ള ഒരു സംവിധാനവും ഈ നക്ഷത്രങ്ങൾ വഴി അള്ളാഹു ഒരുക്കിയിട്ടുണ്ട് അതായത് അവയിൽ നിന്ന് പുറത്ത് വരുന്ന ഒരു തരം തീജ്വാലകളാകുന്ന ഉൽക്കകൾ മൂലം പിശാചുക്കൾ എറിഞ്ഞാട്ടപ്പെടും. അടുത്ത ആകാശം എന്ന് പറഞ്ഞത്, ഭൂമിയോട് അടുത്ത ആകാശം എന്ന അർത്ഥത്തിലാണ് നാം കാണുന്ന നക്ഷത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും മറ്റ് ആറ് ആകാശങ്ങളും ഇതിന്റെ മീതെയാണെന്നും മനുഷ്യന്റെ നിരീക്ഷണങ്ങൾ നടക്കുന്നതൊക്കെ ഈ ഒരു ആകാശാതിർത്തിക്കുള്ളിൽ മാത്രമാണെന്നും ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്.





തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിക്കുന്നവർക്ക് നരകശിക്ഷയുണ്ട് ആ മടക്കസ്ഥലം വളരെ ചീത്ത!
അള്ളാഹുവിന്റെ അളവറ്റ ശക്തിയും കഴിവും വിശദീകരിച്ചുവല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ, അതോടൊപ്പം അള്ളാഹു നമ്മെ വെറുതെ പടച്ചതല്ല എന്നും നാം എങ്ങനെ പ്രവൃർ‌ത്തിക്കുന്നു എന്ന പരീക്ഷണം നടത്തുമെന്നും ധിക്കാരികളെ ശിക്ഷിക്കാൻ അവൻ യോഗ്യനാണെന്നും പാശ്ചാത്താപിക്കുന്നവർക്ക് അവൻ പൊറുക്കുമെന്നും അവിടെ വിശദീകരിച്ചുവല്ലൊ ആ ആശയം വ്യക്തമാക്കുകയാണ്‌‌ അള്ളാഹുവിനെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവർക്ക് നരകശിക്ഷയുണ്ടെന്നും ആ സ്ഥലം വളരെ മോശമാണെന്നും ആശിക്ഷ പിശാചുക്കൾക്ക് മാത്രമല്ല എല്ലാ നിഷേധികൾക്കും ഉണ്ടാകും എന്ന് വ്യക്തമാക്കുകയാണിവിടെ


അവരെ ആനരകത്തിൽ ഇടപ്പെട്ടാൽ തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ അതിനൊരു ഗർജ്ജനം അവർ കേൾക്കുന്നതാണ്‌.
തീയിലേക്ക് വിറൿ‌ എറിയപ്പെടുന്നത് പോലെ അവിശ്വാസികളെ നരകത്തിൽ എറിയപ്പെടും.അപ്പോൾ നരകത്തിനു ശക്തമായ ശബ്ദം ഉണ്ടാവും അത് നരകത്തിന്റെ ശക്തമായ ജ്വാലയുടെ കാഠിന്യത്താലുണ്ടാവുന്ന ശബ്ദമാണ്‌ണ്‌. കഴുതയുടെ ശബ്ദം പോലെ വളരെ മോശമായ ശബ്ദമായിരിക്കും അത് എന്നും നരകത്തിന്റെ ശക്തമായ നിശ്വാസം (ദേഷ്യപ്പെടുന്നവന്റെ ശ്വാസോച്ച്വാസം പോലെ)ആണു ആ ശബ്ദം എന്നും നരകത്തിലെറിയപ്പെടുമ്പോൾ ഇവരിൽ നിന്ന് തന്നെ പുറപ്പെടുന്ന (ഭയത്താലുണ്ടാവുന്ന) ശബ്ദമാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ ശബ്ദം എന്ന ആദ്യത്തെ അഭിപ്രായമാൺ‌ പ്രബലം(റാസി30.56) തിളച്ചുമറിയുന്ന സ്ഥിതിയിൽ എന്ന് പറഞ്ഞതിനെക്കുറിച്ച് ഇമാം റാസിയും ഖുർത്വുബിയുമൊക്കെ എഴുതുന്നു. മുജാഹിദ്(റ)പറഞ്ഞു. കുറഞ്ഞ ധാന്യമണികളെക്കൊണ്ട് ധാരാളം വെള്ളം തിളക്കുന്നത് പോലെ നരകക്കാരെ കൊണ്ട് നരകം തിളക്കും എന്നാണ്‌ ഇതിന്റെ താല്പര്യം,നരകം ദേഷ്യത്തിന്റെ കാഠിന്യത്താൽ തിളക്കുമെന്നും കാണാം


അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും.ഓരോ കൂട്ടം ആളുകൾ അതിൽ ഇടപ്പെടുമ്പോഴൊക്കെയും അതിലെ പാറാവുകാർ അവരോട് ചോദിക്കും നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ?


അവർ പറയും അതെ. ഞങ്ങൾക്ക് താക്കീതുകാരൻ വരികതന്നെ ചെയ്തിരുന്നു എന്നിട്ട് ഞങ്ങൾ അദ്ദേഹത്തെ നിഷേധിച്ചു അള്ളാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല നിങ്ങൾ വലിയ വഴികേടിൽ തന്നെയാണ്‌ എന്ന് ഞങ്ങൾ അവരോട് പറയുകയും ചെയ്തു.
അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും. എന്നത് ആലംങ്കാരികമായി പറയുന്നതാണ്‌‌. സത്യനിഷേധികളോടുള്ള ശക്തമായ അമർഷം കാരണത്താലുണ്ടാവുന്ന നരകത്തിന്റെ തീഷ്ണതയാണിത് സൂചിപ്പിക്കുന്നത്.നരകം ഒരു ജീവിയല്ലല്ലോ പിന്നെ എങ്ങനെയാണ്‌‌ അത് ദേഷ്യപ്പെടും എന്ന് പറയുക? എന്ന ചോദ്യത്തിന്റെ നിവാരണം പലരൂപത്തിലുമുണ്ട്.(1)ദേഷ്യം വരാൻ ജീവൻ അനിവാര്യമല്ല. അള്ളാഹു അതിൽ ഒരു തരം ജീവ് സൃ‌ഷ്ടിക്കുന്നതിനു കുഴപ്പവും ഇല്ല(2)നരകത്തിന്റെ ശക്തമായ ജ്വാലയെയും അതിന്റെ ശബ്ദത്തെയും ദേഷ്യം പിടിച്ച ഒരാളുടെ ശബ്ദത്തോടും ചലനത്തോടും തുലനം ചെയ്തതാണ്‌ ‌(3)നരകത്തിന്റെ കാവല്ക്കാരായ മലക്കുകളുടെ ദേഷ്യവും ഇവിടെ ഉദ്ദേശിക്കാം(റാസി 30.56)

നരകത്തിന്റെ പാറാവുകാർ എന്ന് പറഞ്ഞത് മാലിൿ(അ)എന്ന മലക്കും സഹായികളായ സബാനിയാക്കളുമാണ്‌‌. നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ? എന്ന ചോദ്യം അവരെ ഭയപ്പെടുത്താനുള്ള ചോദ്യമാണ്‌‌ അതും ഒരു തരം ശിക്ഷയാണ്‌‌


അവർ(വീണ്ടും)പറയും ഞങ്ങൾ (അവർ പറഞ്ഞത് )കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ ഈ ജ്വലിക്കുന്ന നരകക്കാരാകുമായിരുന്നില്ല.


അങ്ങനെ അവർ തങ്ങളുടെ കുറ്റം സമ്മതിച്ചു പറയും അപ്പോൾ ജ്വലിക്കുന്ന നരകക്കാർ (അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന്)വളരെ വിദൂരം!
ഭൂമിയിൽ വെച്ച് പ്രവാചകന്മാരെയും സത്യ പ്രബോധകരെയും തള്ളിക്കളയുകയും അവർ അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം ഒന്നും പറയുകയല്ലെന്നും സ്വന്തം വകയായി പറഞ്ഞതാണെന്നും അത് സ്വീകരിക്കാൻ ഞങ്ങളെക്കിട്ടില്ലെന്നും അഹങ്കാരം പറഞ്ഞവർ പരലോകത്ത് നരകത്തിലെ ശിക്ഷക്ക് വിധേയരാവുമ്പോഴുള്ള കുറ്റസമ്മതമാണിത് .ഞങ്ങൾ പ്രവാചകന്മാരെ നിഷേധിച്ചിരുന്നുവെന്നും കാര്യങ്ങൾ യഥാവിധി ചിന്തിക്കുകയും നല്ലത് കേൾക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഞങ്ങൾക്ക് വരില്ലായിരുന്നു എന്ന കുമ്പസാരം പക്ഷെ അവരെ രക്ഷിക്കുകയില്ല അതാണ്‌‌ അവർ അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് വളരെ വിദൂരം എന്ന് പറഞ്ഞത്


നിശ്ചയമായും തങ്ങളുടെ നാഥനെ അദൃ‌ശ്യമായ നിലയിൽ ഭയപ്പെടുന്നവർക്ക് പാപമോചനവും മികച്ച പ്രതിഫലവുമുണ്ട്

സത്യ നിഷേധികളെയും അവരുടെ ദയനീയമായ ശിക്ഷയെയും നിസ്സഹായമായ പരിണിതിയെയും കുറിച്ചുണർത്തിയതിനു ശേഷം ഭക്തന്മാർക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പറയുകയാണ്‌‌.(അത് ഖുർആനിന്റെ ഒരു ശൈലിയാണ്‌. സത്യനിഷേധികൾക്ക് ലഭിക്കുന്ന ശിക്ഷ ഉണർത്തിയ ഉടനെ വിശ്വാസികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ ഉണർത്തുക ചിലപ്പോൾ മറിച്ചും പറയുക എന്നത്)അദൃ‌ശ്യമായ നിലയിൽ എന്ന് പറഞ്ഞത് നമ്മുടെ കണ്ണ് കൊണ്ട് നാം അള്ളാഹുവെ കാണുന്നില്ല ഈ ഭൂമിയിൽ വെച്ച് കാണുകയുമില്ല (പരലോകത്ത് സത്യവിശ്വാസികൾ അവനെ കാണും അള്ളാഹു നമുക്കെല്ലാം ആ ഭാഗ്യം നല്കട്ടെ) പക്ഷെ അവന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിലൂടെയും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അത്യത്ഭുതങ്ങളിലൂടെയും അവൻ ഉള്ളവനാണെന്ന് മനസിലാക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കും അവനെ നാം കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുകയും നമ്മെ അവൻ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധത്തോടെ പ്രത്യക്ഷമായും പരോക്ഷമായും സൂക്ഷ്മതയുള്ള ജീവിതം നയിക്കുന്നവരാണ്‌‌ ഭാഗ്യവാന്മാർ .അവർക്ക് അള്ളാഹു നല്കുന്ന ഭാഗ്യം തന്നിൽ നിന്ന് വന്നുപോയ അരുതായ്മകൾ പൊറുത്ത് കൊടുക്കുകയും അളവറ്റ പ്രതിഫലം നല്കുകയും ചെയ്യുക എന്നതാണ്‌‌.




നിങ്ങളുടെ സംസാരം പതുക്കെയാക്കുക അല്ലെങ്കികിൽ ഉറക്കെയാക്കുക(രണ്ടും സമമാൺ‌ കാരണം)അവൻ ഹൃ‌ദയങ്ങളിലുള്ളതെല്ലാം നല്ലവണ്ണം അറിയുന്നവൻ തന്നെയാകുന്നു


സൃ‌ഷ്ടിച്ചവൻ അറിയുകയില്ലേ? അവനാകട്ടെ അതി നിഗൂഢ രഹസ്യം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണെന്നിരിക്കെ.
അള്ളാഹുവിന്റെ വിശാലവും നിഗൂഢവുമായ ജ്ഞാനത്തെക്കുറിച്ചാണ്‌‌ ഈ സൂക്തങ്ങളിൽ അള്ളാഹു പറയുന്നത് പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അവനു തുല്യമാൺ‌ എല്ലാത്തിനെയും പടച്ച അള്ളാഹുവിനറിയില്ലേ അവന്റെ പടപ്പുകൾ എന്ത് പറയുന്നു എന്നും എന്ത് ചെയ്യുന്നു എന്നും!ഈ ആയത്തുകൾ ഇറങ്ങാനുണ്ടായ പാശ്ചാത്തലം വ്യാഖ്യാതാക്കൾ പറയുന്നതിങ്ങനെയാണ്‌‌.ജൂതന്മാർ നബി(صلى الله عليه وسلم)യെക്കുറിച്ച് പലപ്പോഴും പല ആക്ഷേപങ്ങളും പറയുമായിരുന്നു.അതിനെ സംബന്ധിച്ച് നബി(صلى الله عليه وسلم)ക്ക് ദിവ്യബോധനവുമായി ജിബ്‌രീൽ(عليه وسلم)വരികയും ചെയ്യും.അപ്പോൾ അവർ പറഞ്ഞു.നബി(صلى الله عليه وسلم)യെക്കുറിച്ച് ആക്ഷേപം പറയുമ്പോൾ പതുക്കെ പറയാം അല്ലെങ്കിൽ മുഹമ്മദ്നബി(صلى الله عليه وسلم)യുടെ റബ്ബ് കേൾക്കും എന്ന്.അപ്പോൾ ആണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയത് (ഖുർത്വുബി)നിങ്ങൾ പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അതിനുള്ള കഴിവ് നിങ്ങൾക്ക് നല്കിയ അള്ളാഹു അത് അറിയാതിരിക്കില്ല എന്ന്!

അവതരണ കാരണം ഇതാണെങ്കിലും എന്ത് വിഷയത്തിനും ഈ തത്വം ബാധകമാണ്‌.നാം പരസ്യമായി പറഞ്ഞാലും രഹസ്യമായി പറഞ്ഞാലും മാത്രമല്ല മനസിൽ കരുതുന്നത് പോലും അള്ളാഹു അറിയാതിരിക്കില്ല എന്ന് നാം മനസിലാക്കണം. നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും അള്ളാഹു വീക്ഷിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്‌ ജീവിത വിശുദ്ധി കൈവരികയുള്ളൂ.



നിങ്ങൾക്ക് ഭൂമിയെ(കൈകാര്യം ചെയ്യുവാൻ)വിധേയമാക്കിത്തന്നവനാണ്‌ അവൻ.അത്കൊണ്ട് നിങ്ങൾ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുകയും അവന്റെ(വക) ആഹാരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക.അവങ്കലേക്ക് തന്നെയാണ്‌ ഉയിർത്തെഴുന്നേല്പ്പുംഅള്ളാഹുവിന്റെ വിസ്തൃതവും നിഗൂഢവുമായ ഞ്ജാനത്തെക്കുറിച്ചാണ് കഴിഞ്ഞ സൂക്തത്തിൽ സൂചിപ്പിച്ചത് മെല്ലെ പറയുന്നതും ഉച്ചത്തിൽ പറയുന്നതുമൊക്കെ അവനു തുല്യമാണ് .മനുഷ്യനു യഥേഷ്ടം വിഹരിക്കുവാൻ ഭൂമിയെ പാകപ്പെടുത്തിയത് അള്ളാഹുവാണ് കൃ‌ഷി ചെയ്യാനും കുളം കുഴിക്കാനും ജല സേചന പദ്ധതികൾ നടപ്പാക്കാനും മറ്റുമൊക്കെ ഭൂമിയെ അള്ളാഹു പാകപ്പെടുത്തി.ആ ഭൂമിയിൽ അലസരായിരിക്കാതെ അതിൽ സഞ്ചരിക്കുകയും അള്ളാഹുവിന്റെ കഴിവുകളെ മനസിലാക്കുകയും ഭക്ഷണമാർഗം അന്വേഷിക്കുകയും അതേ സമയം അള്ളാഹുവിലേക്ക് മടക്കപ്പെടുമെന്ന് ഓർക്കുകയും ജീവിതത്തെ ആ സമയത്തെ വിജയത്തിനായി ക്രമീകരിക്കുകയും ചെയ്യണമെന്ന് ഇവിടെ ഉണർത്തുന്നു. മനാകിബ് എന്നാൽ പർവതങ്ങൾ /വഴികൾ/പാതയോരങ്ങൾ എന്നൊക്കെ അർത്ഥമുണ്ട്



ആകാശത്ത്(അധികാര ശക്തിയുള്ളവൻ)നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ അപ്പോൾ അത് ഇളകിക്കൊണ്ടിരിക്കും
നിങ്ങളുടെ അഹങ്കാരവും സത്യ നിഷേധവുമായി കാലാകാലം ഇവിടെ ജീവിക്കാമെന്ന് ധരിക്കേണ്ട .ഈ ഭൂമി ക്ഷോപിച്ച് കൊണ്ട് അതിൽ നിങ്ങളെ ആഴ്ത്തിക്കളയാൻ അള്ളാഹുവിനു കഴിയും .അങ്ങനെ നടക്കില്ലെന്ന് നിങ്ങൾ നിർഭയരാവുന്നോ? അങ്ങനെ ആവരുത് എന്ന് സാരം. കാരണം അള്ളാഹു ധിക്കാരിയായ ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞത് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവിടെ ആകാശത്തുള്ളവൻ എന്ന് അർത്ഥം പറയുകയും അള്ളാഹു ആകാശത്താണെന്ന് കണ്ടെത്തുകയും ചെയ്യുന്നത് വലിയ അപകടമാണ് എന്ന് വ്യാഖ്യാതാക്കൽ വ്യക്തമാക്കിയിട്ടുണ്ട്
ഇമാം ഖുർത്വുബി(رحمه الله) എഴുതുന്നു ഇവിടെ ആകാശത്ത് എന്ന് പറയുന്ന ഉയർച്ച മഹത്വം എന്ന അർഥത്തിലേ കാണാവൂ സ്ഥലം ഭാഗം എന്ന അർത്ഥത്തിൽ മനസിലാക്കരുത് കാരണം അത് തടിയുള്ളതിന്റെ വിശേഷണമാണ്(അള്ളാഹു തടിയിൽ നിന്ന് പരിശുദ്ധനത്രെ)പ്രാർഥിക്കുമ്പോൾ ആകാശത്തേക്ക് കൈ ഉയർത്തുന്നത് ദിവ്യ ബോധനത്തിന്റെ(വഹ്‌യ്) പ്രഭവകേന്ദ്രം, മഴ ഇറക്കുന്ന സ്ഥലം, ശുദ്ധന്മാരായ മാലാഖമാരുടെ സങ്കേതം, ദാസന്മാരുടെ സുക്ര്‌തങ്ങൾ ഉയർത്തപ്പെടുന്ന സ്ഥലം, അവന്റെ സിംഹാസനത്തിന്റെയും സ്വർഗത്തിന്റെയും സ്ഥലം എന്ന നിലക്ക് ആണ് നിസ്കാരത്തിന്റെ ഖിബ്‌ലയായി അള്ളാഹു കഅബയെ നിശ്ചയിച്ച പോലെ . മാത്രമല്ല അള്ളാഹു സ്ഥലങ്ങളെ പടച്ചവനാണ് അതിനു മുമ്പും അള്ളാഹു ഉള്ളവനാണ് അപ്പോൾ സ്ഥലം ഉണ്ടാക്കുന്നതിനു മുമ്പേ അള്ളാഹു ഉള്ളവനാണ് സ്ഥലം ഉണ്ടാക്കിയതിനു ശേഷവും അള്ളാഹു അതേ അവസ്ഥയിൽ തന്നെ സ്ഥലത്തിലേക്ക് ആവശ്യമില്ലാത്തവനായ നിലയിൽ തന്നെയാണ്(ഖുർതുബി 18/163)

ഇമാം റാസി(رحمه الله) എഴുതുന്നു.അള്ളാഹുവിനെ സൃ‌ഷ്ടികളോട് തുല്യപ്പെടുത്തുന്ന വിഭാഗം അള്ളാഹുവിനു സ്ഥലമുണ്ടെന്ന് സ്ഥിരീകരിക്കാൻ ഈ സൂക്തം തെളിവാക്കി. എന്നാൽ ഈ സൂക്തത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ മനസിലാക്കാൻ പാടില്ലെന്നത് മു‌സ്‌ലിം ലോകത്തിന്റെ ഇജ്മാ‍അ്(ഏകകണ്ഢമായ അഭിപ്രായ)മാണ്. അപ്പോൾ ഈ സുക്തത്തിന്റെ ബാഹ്യാർത്ഥമല്ല അതിനു വിശദീകരണം ആവശ്യമാണ്. ആ വിശദീകരണങ്ങളിൽ ഒന്നാണ് ആകാശത്തിൽ അധികാരമുള്ളവൻ എന്ന്, വേറെയും വ്യാഖ്യാനങ്ങളുണ്ട്(റാസി30/62)



അതല്ലെങ്കിൽ ആകാശത്ത് അധികാര ശക്തിയുള്ളവൻ നിങ്ങളുടെ മേൽ ഒരു ചരൽ മാരി അയക്കുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ? എന്റെ താക്കീത് എങ്ങനെയിരിക്കുമെന്ന് അപ്പോൾ നിങ്ങൾക്ക് അറിയാറാവും.ചരൽ മാരി-കൽമഴ-അയച്ച് നശിപ്പിക്കാൻ അള്ളാഹുവിനു കഴിയും .മുമ്പ് ഇത്തരത്തിലുള്ള ശിക്ഷ അവൻ ഇറക്കിയിട്ടുണ്ട് ലൂഥ്(عليه وسلم)ന്റെ ജനതക്കെതിരെയും കഅബ തകർക്കാൻ വന്ന അബ്‌റഹത്തിന്റെ ആനപ്പടയെയും നശിപ്പിച്ചത് ഈ വിധത്തിലായിരുന്നുവല്ലോ!

നിശ്ചയമായും ഇവർക്ക് മുമ്പുള്ളവരും (സത്യം) നിഷേധിച്ചിട്ടുണ്ട് എന്നിട്ട് എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു?(അവർ അതൊന്ന് ചിന്തിക്കട്ടെ)
പ്രവാചകാദ്ധ്യാപനങ്ങളെ അവഗണിച്ച് ധിക്കാരികളായി ജീവിച്ച-നൂഹ്(عليه وسلم)ന്റെ ജനതയെ പോലെ- പല സമൂഹങ്ങളെയും അള്ളാഹു വംശ നാശം വരും വിധം തന്നെ ശിക്ഷിച്ചിട്ടുണ്ട്. അള്ളാഹുവിന്റെ ശിക്ഷവന്നപ്പോൾ പ്രതിരോധിക്കാനോ ഒന്ന് സഹതപിക്കാൻ പോലുമോ ആരും ഉണ്ടായിരുന്നില്ല. ഈ ധിക്കാരികളേക്കാ‍ൾ കരുത്തും സ്വാധീനവുമുണ്ടായിരുന്ന അവരെ അള്ളാഹു കൈകാര്യം ചെയ്ത രീതി ഇവർ ഓർക്കാതിരിക്കുന്നത് കഷ്ടം തന്നെ

19
. أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ

തങ്ങളുടെ മീതെ ചിറകുകൾ വിടർത്തിക്കൊണ്ടും കൂട്ടിപ്പിടിച്ച് കൊണ്ടും പക്ഷികൾ പറക്കുന്നത് അവർ കണ്ടിട്ടില്ലേ? കരുണാനിധിയായ അള്ളാഹു അല്ലാതെ അവയെ പിടിച്ചുനിർത്തുന്നില്ല നിശ്ചയമായും അവൻ എല്ലാ വസ്തുവെപ്പറ്റിയും കണ്ടറിയുന്നവനാകുന്നു

കരുണാനിധിയായ അള്ളാഹുവിനെ കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്‌? സത്യനിഷേധികൾ വഞ്ചനയിൽ പെട്ടിരിക്കുക തന്നെയാകുന്നു
ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിയ പോലെ അന്തരീക്ഷത്തെ പറവകൾക്ക് അവൻ പാകപ്പെടുത്തിഅള്ളാഹുവിന്റെ കഴിവും നിയന്ത്രണ പാഠവവും മനസിലാക്കാനുതകുന്ന ധാരാളം തെളിവുകൾ പ്രക്ര്‌തിയിൽ തന്നെ അള്ളാഹു സംവിധാനിച്ചിട്ടുണ്ട്. ശരാശരി ബോധമുള്ള ഏതൊരാൾക്കും അത് കാണാനാവും. അതിലെ ഒരു മഹാത്ഭുതത്തെയാണ് ഈ സൂക്തം നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു എത്തും പിടിയുമില്ലാത്ത പ്രവിശാലമായ ആകാശത്തിനു താഴെ-നമുക്ക് മീതെ-ചിലപ്പോൾ ചിറകുകൾ വിടർത്തിയും ചിലപ്പോൾ അത് കൂട്ടിപ്പിടിച്ചും പാറി നടക്കുന്ന പക്ഷികളെ താഴെ വീണു പോകാതെ സംരക്ഷിച്ച് നിയന്ത്രിച്ച് പോരുന്നത് കരുണാനിധിയായ അള്ളാഹുവാണ്.അവൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ അത് തടയുവാനുള്ള ഏത് സൈന്യമാണ് നിങ്ങളുടെ അടുത്തുള്ളത് അള്ളാഹുവെ അവഗണിച്ച് നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾക്ക് അത് സാദ്ധ്യമാണോ എന്ന് ചോദിക്കുകയാണിവിടെ.എല്ലാം കണ്ടറിയുന്ന നാഥനെ അവഗണിക്കുന്നത് ബുദ്ധിയുള്ളവർക്ക് ഭൂഷണമല്ലെന്ന് ഓർക്കുക. ഇത് ചിന്തിക്കാത്ത നിഷേധികൾ വഞ്ചിതരായവരാണെന്നാണ് ഇവിടെ ഉണർത്തുന്നത്

അതല്ലെങ്കിൽ അള്ളാഹു അവന്റെ ആഹാരം നിറുത്തിവെച്ചാൽ നിങ്ങൾക്ക് ആഹാരം നല്കുന്ന ഇവൻ ആരാകുന്നു?പക്ഷെ അവർ ധിക്കാരത്തിലും(സത്യത്തിൽ നിന്ന്)അകന്ന് പോകുന്നതിലും നിരതരായിരിക്കയാണ്‌

നിങ്ങൾക്ക് ഭക്ഷണം തരുന്നവൻ അള്ളാഹുവാണ് .അത് അവൻ നിർത്തിവെച്ചാൽ അത് പുനസ്ഥാപിക്കാൻ അള്ളാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്നവർക്ക് കഴിയുമോ?ഒരിക്കലുമില്ല.ആർക്കും തനിക്ക് അന്നം തരാൻ കഴിയില്ല കാരണം എല്ലാവർക്കും ഭക്ഷണം നൽകുന്നവൻ അള്ളാഹു മാത്രമാണ്. എന്നിട്ടും അവന്റെ ഭക്ഷണം കഴിച്ച് അവനു പങ്കാളികളെ സ്ഥാപിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്യുന്നത് എത്രമേൽ അക്രമമാണ്!

അപ്പോൾ മുഖം കുത്തി നടക്കുന്നവനാണോ ലക്ഷ്യത്തിലെത്തിച്ചേരുക. അതല്ല നേരായ മാർഗത്തിൽ ശരിയായി നടക്കുന്നവനോ?
മുഖം കുത്തി നടക്കുക എന്നത് കല്പനക്കെതിരായും തെറ്റായ ജീവിത –വിശ്വാസ-ശൈലിയിലൂടെയും മുന്നോട്ട് നീങ്ങുക എന്നതാണ്.നേരായ മാർഗത്തിൽ ശരിയായി നടക്കുക എന്നാൽ അള്ളാഹുവിന്റെ കല്പനക്കനുസൃ‌തമായി ജീവിക്കുക എന്നാണ്. ഈ നന്നായി നടക്കുന്നവനേ ലക്ഷ്യത്തിലെത്തിച്ചേരൂ .അഥവാ യഥാർത്ഥ ജീവിതമാകുന്ന പരലോകത്ത് വിജയിക്കാനാവൂ. അല്ലാത്തവൻ പരലോകത്ത് ശക്തമായ ശിക്ഷകളിൽ ഉഴലേണ്ടി വരും

(നബിയേ)പറയുക! നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തവനാണ്‌ അള്ളാഹു.നിങ്ങൾ അല്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ
അള്ളാ‍ഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഇല്ലായ്മയിൽ നിന്ന് നമുക്ക് ജന്മം നൽകി എന്നത്. ജനിച്ച നമുക്ക് കാണാനുള്ള കണ്ണും കേൾക്കാനുള്ള കാതും നല്ലതും ചീത്തയും വേർതിരിച്ച് നല്ലതിനോട് ഒട്ടിനിൽക്കാൻ പ്രേരിപ്പിക്കുന്ന മനസ്സും നൽകി ജീവിതത്തെ സാർത്ഥകമാക്കാനുള്ള വഴികളും അവൻ നൽകി. പക്ഷെ ഈ അനുഗ്രഹങ്ങളുടെ പൊരുളറിഞ്ഞ് അത് നൽകിയ നാഥനു നന്ദി ചെയ്യുന്നവരുടെ എണ്ണം തുലോം വിരളമാണെന്ന് അള്ളാഹു ഉണർത്തിയത് നമ്മുടെ മനസുകളിൽ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഉയർന്ന ബോധം ഉണ്ടാക്കേണ്ടതാണ്

പറയുക!നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ച് പെരുപ്പിച്ചവനാണ്‌ അള്ളാഹു അവങ്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ച്കൂട്ടപ്പെടുകയും ചെയ്യും.
സൃ‌ഷ്ടിച്ച് നമ്മെ വ്യാപിപ്പിച്ച അള്ളാഹു ഈ ജീവിതത്തിനു ശേഷം നമ്മെ അവങ്കലേക്ക് ഒരുമിച്ച് കൂട്ടും എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ട ഒരു ലോകം വരാനില്ലെന്നും മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും വാദിക്കുന്ന ചിലർ അതിനു പറയുന്ന കാരണം മരിച്ച് മണ്ണിൽ ലയിച്ചാൽ പിന്നെ എങ്ങനെയാണ് വീണ്ടും ജനിപ്പിക്കുക എന്നാണ്. അള്ളാ‍ഹു ആ സംശയത്തെ തകർക്കുകയാണീ പ്രയോഗത്തിലൂടെ. അതായത് ഇല്ലായ്മയിൽ നിന്ന് ജനിപ്പിച്ചവനാണവൻ! അത്ര ബുദ്ധിമുട്ടുണ്ടാവില്ലല്ലോ മരിച്ച് മണ്ണായി പോയ സാധനത്തിനു പഴയ അവസ്ഥ നൽകാൻ!! വളരെ ബുദ്ധിപരമായ ഒരു ചിന്തയാണിത്. അത് കൊണ്ട് തന്നെയാണ് പുനർജ്ജന്മത്തെ നിരാകരിക്കുന്നവരോടൊക്കെ അള്ളാ‍ഹു ഈ വിധം മറുപടി പറഞ്ഞത്


അവർ(സത്യ നിഷേധികൾ)ചോദിക്കുന്നു എപ്പോഴാണ്‌ (ഒരുമിച്ച്കൂട്ടുമെന്ന)ഈ വാഗ്ദാനം പുലരുക? നിങ്ങൾ സത്യവാദികളാണെങ്കിൽ (അതൊന്നു പറയൂ)



അതിനെപറ്റിയുള്ള അറിവ് അള്ളാഹുവിങ്കൽ മാത്രമാണ്‌ ഞാൻ സ്പഷ്ടമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു എന്ന് തങ്ങൾ പറയുക




എന്നാൽ അത് സമീപിച്ചതായി അവർ കാണുമ്പോൾ (ആ)സത്യനിഷേധികളുടെ മുഖങ്ങൾക്ക് മ്ലാനത ബാധിക്കും (ഉണ്ടാവുകയില്ലെന്ന്) നിങ്ങൾ വാദിച്ച് കൊണ്ടിരിക്കുന്നതാണിത് എന്ന് അവരോട് പറയപ്പെടുകയും ചെയ്യും

സത്യ നിഷേധികളുടെ അന്ത്യ നാൾ നിഷേധത്തെക്കുറിച്ചാണ് 25/26/27 എന്നീ ആയത്തുകൾ സൂചിപ്പിക്കുന്നത്. അന്ത്യനാളിന്റെ നിഷേധവുമായി നടക്കുന്നവർ ചോദിക്കും എപ്പോഴാണിത് നടക്കുക?(നടക്കില്ലെന്ന ധാരണയിലുള്ള ചോദ്യമാണിത്)

അതിന്റെ മറുപടിയായി അള്ളാഹു മാത്രമാണ് ആത്യന്തികമായി അത് അറിയുന്നവൻ എന്ന് പറയാനാണ് അള്ളാഹു നബി(صلى الله عليه وسلم)യോട് കൽ‌പ്പിക്കുന്നത് .അത് സത്യമാണെന്നും അതിനെ നിഷേധിക്കുന്നവൻ ശിക്ഷിക്കപ്പെടുമെന്ന് താക്കീത് നൽകലാണ് എന്റെ ജോലിയെന്നും നബി(صلى الله عليه وسلم)പറയുന്നു .എന്നാൽ വീറോടെ അങ്ങനെ ഒന്നു നടക്കില്ലെന്ന് വാദിക്കുന്നവരുടെ കൺ മുന്നിൽ അത് യാഥാർത്ഥ്യമായി അനുഭവപ്പെടുമ്പോൾ സത്യ നിഷേധികൾ അന്താളിച്ച് പോകുകയും ഞങ്ങളുടെ നിഷേധം പൊളിഞ്ഞല്ലോ എന്ന് വ്യക്തമാവുമ്പോൾ അവർ നാണം കെട്ട് പോകുകയും ചെയ്യും.അപ്പോൾ അവർക്കുള്ള ശിക്ഷ എന്ന നിലക്ക് ഇതല്ലേ ഉണ്ടാവില്ലെന്ന് നിങ്ങൾ പറഞ്ഞിരുന്നത് എന്ന് അവരോട് ചോദിക്കപ്പെടും




(നബിയേ അവരോട്) ചോദിക്കുക. നിങ്ങൾ പറയൂ എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു ശിക്ഷിക്കുകയോ ഞങ്ങൾക്കവൻ കരുണ ചെയ്യുകയോ ചെയ്താൽ (രണ്ടായാലും നിങ്ങൾക്കെന്ത് ഫലം?)വേദനാജനകമായ ശിക്ഷയിൽ നിന്ന് സത്യനിഷേധികളെ രക്ഷിക്കുവാൻ ആരാണുള്ളത്?
നബി(صلى الله عليه وسلم) തങ്ങൾ ഒന്ന് വഫാത്തായിക്കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന അറേബ്യൻ മുശ് രിക്കുകളോട് പറയാനായി അള്ളാഹു നിർദ്ദേശിക്കുന്നത് എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു മരിപ്പിച്ചാലും അല്ലെങ്കിൽ അവൻ അനുഗ്രഹം നൽകി ജീവിതം നീട്ടിത്തന്നാലും അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ആരാണ് രക്ഷിക്കുക(ഞങ്ങൾക്ക് നാശമുണ്ടായാലും അനുഗ്രഹമുണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് അള്ളാഹുവിന്റെ ശിക്ഷ മാത്രമാണെന്ന താക്കീതാണിതിലൂടെ അവർക്ക് നൽകുന്നത്

പറയുക!അവൻ കരുണാനിധിയാണ് ഞങ്ങൾ അവനിൽ വിശ്വസിക്കുകയും അവന്റെ മേൽ തന്നെ ഭരമേൽ‌പ്പിക്കുകയും ചെയ്തിരിക്കുന്നു എന്നാൽ വ്യക്തമായ വഴികേടിൽ ആരാണ് അകപ്പെട്ടിരിക്കുന്നത് എന്ന് അടുത്ത് അറിയാറാകും
ഇത് സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ്.അതായത് അള്ളാഹു കരുണയുടെ കേദാരമാണ്.ഞങ്ങൾ അവനിൽ വിശ്വസിക്കുന്നു (നിങ്ങളെ പോലെ അവനെ നിഷേധിക്കുന്നവരല്ല ഞങ്ങൾ) അവനിൽ ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നു നിങ്ങളെ പോലെ ധനത്തിലും ആൾബലത്തിലുമല്ല ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നത് .ഈ വ്യത്യസ്ത നിലപാടുകളിൽ ആരാണ് സത്യത്തിലെന്നും ആരാണു വഴികേടിലെന്നും അടുത്ത് തന്നെ അറിയാം കാത്തിരുന്നു കാണാം എന്ന് സാരം


ചോദിക്കുക!നിങ്ങളൊന്ന് പറയൂ നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്ന് തരുന്നതാരാണ്?
വെള്ളം വറ്റിപ്പോയാൽ ആരാണ് അത് തരിക എന്ന ചോദ്യം അവരുടെ മോശമായ നിലപാടിനെ ചോദ്യം ചെയ്യാനാണ്.അതായത് ആരാണ് വെള്ളം തരിക എന്ന ചോദ്യത്തിനു അള്ളാഹു എന്ന് അവർക്ക് പറയേണ്ടി വരും അപ്പോൾ ഇതൊന്നും ചെയ്തു തരാൻ കഴിയാത്തവരെ നിങ്ങൾ എന്തിനു അള്ളാഹുവിനെ പോലെ ആരാധിക്കുന്നു അത് മോശമല്ലേ എന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യംഅള്ളാഹുവാണ് എല്ലാ‍ത്തിന്റെയും ഉടമ എന്നും അവനെ അനുസരിക്കാതെ ജീവിച്ച് ശാശ്വതമായ പരലോകം നശിപ്പിക്കരുതെന്നും ഇത് ചിന്തിച്ച് പ്രവർത്തിക്കാത്തവർക്ക് വമ്പിച്ച നാശമുണ്ടെന്നും അള്ളാ‍ഹു നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ജീവിക്കണമെന്നുമൊക്കെ ഉപദേശിച്ച ഈ അദ്ധ്യായം വളരെ പ്രാധാന്യമുള്ളതാണെന്ന് തുടക്കത്തിൽ നാം പറഞ്ഞത് ഓർക്കുക എല്ലാ ദിവസവും ഇത് പാരായണം ചെയ്യുക . അള്ളാഹു നല്ലവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീ.