Home

Wednesday, 21 October 2015

സൂറത്തുൽ മുനാഫിഖൂൻ


سورة المنافقون


മദീനയിൽ അവതരിച്ചു : വാക്യങ്ങൾ 11



بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



إِذَا جَاءكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ (1


(നബിയേ)അങ്ങയുടെ അടുക്കൽ കപടവിശ്വാസികൾ വരുമ്പോൾ, നിശ്ചയമായും തങ്ങൾ അള്ളാഹുവിന്റെ റസൂൽ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, എന്ന് അവർ പറയും.തങ്ങൾ അള്ളാഹുവിന്റെ റസൂൽ തന്നെയാണെന്ന് അള്ളാഹുവിന്നറിയാം.കപട വിശ്വാസികൾ കള്ളം പറയുന്നവർ തന്നെയാണെന്ന് അള്ളാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു

ബാഹ്യമായി മുസ്ലിമാണെന്ന് നടിക്കുകയും ഉള്ളിൽ സത്യനിഷേധം ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നവർക്കാണ് മുനാഫിഖുകൾ-കപടവിശ്വാസികൾ-എന്ന് പറയുന്നത്.അങ്ങനെയുള്ള ചിലർ മദീനയിലുമുണ്ടായിരുന്നു. നബി(സ)യുടെയും സത്യവിശ്വാസികളുടെയും മുന്നിലെത്തുമ്പോൾ വിശ്വസിച്ചവരാണ് ഞങ്ങൾ എന്ന് സത്യം ചെയ്ത് ആണയിട്ട് സ്ഥാപിക്കാൻ അവർ ശ്രമിക്കുമായിരുന്നു. എന്നാൽ അവരുടെ വാക്കുകൾ സത്യത്തിനെതിരാണെന്നും കള്ള സത്യമാണവർ ചെയ്തിരിക്കുന്നതെന്നും അള്ളാഹു വ്യക്തമാക്കിയിരിക്കുന്നു

ഇമാം ഖുർത്വുബി എഴുതുന്നു ഇമാം ബുഖാരി(റ)സൈദു ബിൻ അർഖമിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുഞാൻ എന്റെ പിത്ര്‌വ്യനോടൊപ്പം ഒരു യുദ്ധത്തിലായിരിക്കെ (തബൂഖ് യുദ്ധമാണതെന്നും ബനുൽ മുസ്ഥലഖ് യുദ്ധമാണെന്നും അഭിപ്രായമുണ്ട്- ഫത്ഹുൽബാരി) കപട നേതാവ് അബ്ദുള്ളാഹ് ബിൻ ഉബയ്യ് ബിൻ സുലൂൽ പറയുന്നത് ഞാൻ കേട്ടു.(യാത്രക്കിടയിൽ വിശ്രമത്തിനിറങ്ങിയിടത്ത് വെച്ചായിരുന്നു ഈ സംസാരം-ഫത്ഹുൽ ബാരി‌)നബി(സ)യുടെ അടുത്തുള്ളവർക്ക് അവർ നബി(സ)യുടെ അടുത്ത് നിന്ന് പിരിഞ്ഞു പോകും വരെ നിങ്ങൾ ഒന്നും ചിലവഴിക്കരുത് എന്നും. നാം മദീനയിൽ മടങ്ങിയെത്തിയാൽ അവിടെയുള്ള യോഗ്യന്മാർ താഴ്ന്നവരെ പുറത്താക്കും(സഹാബത്തിനെയായിരുന്നു താഴ്ന്നവർ എന്ന് അവൻ ഉദ്ദേശിച്ചത്)എന്നും അവൻ പറയുന്നതാണ് ഞാൻ കേട്ടത്.ഞാൻ അത് എന്റെ പിതൃവ്യനോട് പറയുകയും അദ്ദേഹം നബി(സ)യെ അറിയിക്കുകയും ചെയ്തു.അപ്പോൾ നബി(സ)കപടനേതാവിനെയും അനുയായികളെയും വിളിപ്പിച്ച് നിങ്ങൾ ഇങ്ങനെ പറഞ്ഞോ എന്ന് ചോദിക്കുകയും ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവർ സത്യം ചെയ്യുകയും ചെയ്തു,അപ്പോൾ അവരുടെ സത്യം നബി(സ)സ്വീകരിക്കുകയും എന്നെ നിരാകരിക്കുകയും ചെയ്തു.ജീവിതത്തിൽ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധം ഞാൻ മാനസികമായി വിഷമിച്ചു.പിന്നെ പുറത്തിറങ്ങാതെ ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി(ഞാൻ നബി(സ)യോട് കള്ളം പറഞ്ഞു എന്ന് പലരും എന്നെക്കുറിച്ച് ധരിക്കുകയും ആപ്രതിഷേധം അവർ പ്രകടിപ്പിക്കുകയും ചെയ്തു.അതായിരുന്നു ഞാൻ പുറത്തിറങ്ങാതിരിക്കാൻ കാരണം)അപ്പോൾ ഈ അദ്ധ്യായത്തിന്റെ ആദ്യം മുതൽ കപടനേതാവിന്റെ പ്രസ്താവനയടക്കമുള്ള ഭാഗങ്ങൾ അള്ളാഹു അവതരിപ്പിച്ചു.അപ്പോൾ നബി(സ)എന്റെ ആടുത്തേക്ക് വിളിക്കാനായി ആളെ അയക്കുകയും നിങ്ങളെ അള്ളാഹു സത്യമാക്കിയിരിക്കുന്നു എന്ന് പറയുകയും ചെയ്തു(ബുഖാരി ഹദീസ് നമ്പർ 4900)

ഇമാം തുർമുദിയുടെ സുനനിൽ 3313-മത് ഹദീസിൽ ഇങ്ങനെ കാണാം സൈദ് ബിൻ അർഖം(റ)പറഞ്ഞു.ഞങ്ങൾ നബി(സ)യോടൊപ്പം യുദ്ധത്തിനു പുറപ്പെട്ടു.എവിടെയെങ്കിലും സംഘം ഇറങ്ങിയാൽ വെള്ളമുള്ളിടത്തേക്ക് ഞങ്ങൾ വേഗം പോകും എന്നാൽ ഗ്രാമീണരായ അറബികൾ ഏറ്റവും ആദ്യം വെള്ളത്തിന്റടുത്ത് എത്തുമായിരുന്നു.അങ്ങനെ ഒരു ഗ്രാമീണൻ മുന്നോട്ട് വന്ന് വെള്ളം കെട്ടി നിർത്തുകയും ചുറ്റുഭാഗത്തും കല്ലുകൾ വെക്കുകയും അതിന്റെ മേൽ തോൽ വിരിപ്പിട്ട് തന്റെ കൂട്ടുകാർവരാനായി കാത്തിരിക്കുകയും ചെയ്തു.അപ്പോൾ അൻസാരികളിൽ പെട്ട ഒരു യോദ്ധാവ് ആ കെട്ടി നിർത്തിയ വെള്ളത്തിൽ നിന്ന് തന്റെ ഒട്ടകത്തെ വെള്ളം കുടിപ്പിക്കാൻ ശ്രമിച്ചു.ഗ്രാമീണൻ അത് തടഞ്ഞു.അപ്പോൾ കെട്ടിയ നിർത്തിയ വെള്ളം ആ അൻസാരി പൊട്ടിച്ച് വിടാനായി കെട്ടി നിർത്താനുപയോഗിച്ച ഒരു കല്ല് വലിച്ചൂരി.ഗ്രാമീണൻ ഒരു മരക്കഷ്ണമെടുത്ത് അൻസാരിയുടെ തലക്കടിക്കുകയും മുറിവ് പറ്റുകയും ചെയ്തു.അപ്പോൾ ആ അൻസാരി കപടനേതാവായ അബ്ദുള്ളാഹ് ബിൻ ഉബ്അയ്യ് ബിൻ സുലൂലിനോട് പോയി പരാതി പറഞ്ഞു.അപ്പോൾ അബ്ദുള്ളക്ക് ദേഷ്യം വരികയും റസൂലിന്റെ അടുത്ത് നിന്ന് അവർ പോകും വരെ നിങ്ങൾ ഒന്നും ചിലവഴിക്കരുത് –ഗ്രാമീണരെ ഉദ്ദേശിച്ചാണ് അവൻ ചുറ്റുഭാഗത്തുള്ളവർ എന്ന് പറഞ്ഞത് നബി(സ)യുടെ അടുത്ത് ഭക്ഷണം കൊണ്ടു വന്നാൽ ഗ്രാമീണർ അത് കഴിക്കാൻ എത്താറുണ്ടായിരുന്നു.ഇനി അവർക്ക് ഒന്നും കൊടുക്കരുതെന്നാണ് അവന്റെ വാക്കിന്റെ ധ്വനി-അതോടൊപ്പം നാം മദീനയിൽ മടങ്ങിയെത്തിയാൽ യോഗ്യരായ നാം ഗ്രാമീണരെ പുറത്താക്കുമെന്നും അവൻ പ്രഖ്യാപിച്ചു.കപടനേതാവിന്റെ ഈ പ്രഖ്യാപനം കേട്ട ഞാൻ അത് എന്റെ പിതൃവ്യനോട് പറയുകയും അവർ നബി(സ)യെ അറിയിക്കുകയുംനബി(സ)കപടനേതാവിനോട് വിശദീകരണം തേടുകയും അവൻ അത് നിഷേധിക്കുകയും ചെയ്തു.അപ്പോൾ അവനെ സ്വീകരിക്കുകയും എന്റെ വാദം നിരാകരിക്കുകയും ചെയ്തു.ഞാൻ നബി(സ)യോട് നുണ പറഞ്ഞു എന്ന് സഹാബികൾ പലരും ധരിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമമായി.അങ്ങനെ നബി(സ)ക്കൊപ്പം ദു:ഖത്താൽ കുനിഞ്ഞ മുഖവുമായി യാത്ര തുടരവെ നബി(സ)എന്റെ അടുത്ത് വരികയും എന്റെ ചെവിയിൽ പിടിച്ച് ഉരസുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു.സാശ്വതമായി ഭൂമിയിൽ ജീവിക്കുന്നതിനേക്കാൾ വലിയ സന്തോഷമാണ് ആ സമയത്ത് എനിക്കുണ്ടായത്.പിന്നീട് അബൂബക്കർ(റ)എന്റെ അടുത്ത് വന്ന് നബി(സ)എന്ത് പറഞ്ഞു എന്ന് ചോദിക്കുകയും ചെയ്തു.ഒന്നും പറഞ്ഞില്ലെന്നും ചെവിപിടിച്ചുരസുകയും ചിരിക്കുകയുമാണ് ചെയ്തതെന്നും ഞാൻ പറഞ്ഞു.സന്തോഷിക്കുക എന്ന് പറഞ്ഞ് അബൂബകർ(റ)മാറി.പിന്നീട് ഇതേ പോലെ ഉമർ(റ)വും ചെയ്തു.പിന്നീട് വന്ന പ്രഭാതത്തിൽ നബി(സ)ഈ അദ്ധ്യായം പാരായണം ചെയ്തു

അബ്ദുള്ളാഹ് ബിൻ അംറ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ)പറഞ്ഞു.നാലു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ പൂർണ്ണ കപടനാണ്.ഇതിൽ നിന്ന് ഒരു കാര്യം ഒരാളിൽ ഉണ്ടായാൽ കാപട്യത്തിന്റെ ഒരു കാര്യം അവനിലുണ്ടാകും അത് അവൻ ഒഴിവാക്കും വരെ.വിശ്വസിക്കപ്പെട്ടാൽ വഞ്ചന കാണിക്കുക,സംസാരിച്ചാൽ കള്ളം പറയുക,വാഗ്ദാനം ചെയ്താൽ വഞ്ചന കാണിക്കും,പിണങ്ങിയാൽ തെറി പറയും.ഇത് സത്യവിശ്വാസികൾക്കുള്ള ശക്തമായ താക്കീതാണ്.ഈ ദു:സ്വഭാവങ്ങൾ നമ്മിലുണ്ടോ എന്ന് ചിന്തിക്കുകയും ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയും വേണം(ഖുർത്വുബി)


അവർ സാക്ഷ്യം വഹിക്കും എന്ന് പറഞ്ഞത് അവരുടെ മനസ്സിൽ നബി(സ)അള്ളാഹുവിന്റെ റസൂലാണെന്ന് വിശ്വാസമുണ്ടെന്ന സത്യം ചെയ്തു കൊണ്ട് തങ്ങളുടെ കാപട്യം മറച്ചു വെക്കലാണവരുടെ ഉദ്ദേശ്യം.എന്നാൽ തങ്ങൾ - അവർ പറഞ്ഞത് പോലെ- അള്ളാഹുവിന്റെ റസൂലാണെന്ന് അള്ളാഹുവിനറിയാം.എന്നാൽ അവർക്ക് അങ്ങനെ വിശ്വാസമുണ്ടെന്ന വാദം കള്ളമാണെന്ന് അള്ളാഹു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.ഒന്നു പറയുകയും അതിനെതിരു വിശ്വസിക്കുകയും ചെയ്താൽ അവൻ കള്ളനാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം(ഖുർത്വുബി)



اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ إِنَّهُمْ سَاء مَا كَانُوا يَعْمَلُونَ 2

അവർ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കി വെച്ചിരിക്കുകയാണ്.അങ്ങനെ അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ (ജനങ്ങളെ) തടയുന്നു നിശ്ചയമായും അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ!

സ്വന്തം മറ പൊളിയാതിരിക്കാനുള്ള ഒരു അടവ് മാത്രമാണീ സത്യം ചെയ്യൽ എന്നും അത് മുഖേന ചില നല്ല മനുഷ്യരെ വഞ്ചിക്കാനും അവരുടെ വലയിൽ പെടുത്തുവാനും അവർക്ക് സാധിച്ചിരുന്നുവെന്നും ഇത് വളരെ ദുഷിച്ച നിലപാടാണെന്നും അള്ളാഹു അറിയിക്കുന്നു

അവരുടെ സാക്ഷ്യത്തെക്കുറിച്ചല്ലഅവർ സത്യത്തെ മറയാക്കി എന്ന് പറഞ്ഞത് മറിച്ച് തുടക്കത്തിൽ പറഞ്ഞ പോലെ പറഞ്ഞത് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ സത്യത്തെയാണിവിടെ ഉദ്ദേശ്യം

അള്ളാഹുവിന്റെ മാർഗം അവർ അവഗണിച്ചു എന്നും ഇവിടെ ആശയമാകാം ഞങ്ങൾ തന്നെ വിശ്വസിച്ചിട്ടില്ല ഞങ്ങൾ അവരെ നിഷേധിച്ചിരിക്കുന്നു മുഹമ്മദ്(സ)ശരിയായ പ്രവാചകനായിരുന്നെങ്കിൽ ഇത് മനസിലാക്കേണ്ടതായിരുന്നില്ലേ എന്ന് പറഞ്ഞ് കൊണ്ട് ജൂതരെയും ബഹുദൈവാരാധകരെയും ഇസ്ലാമിലേക്ക് വരുന്നതിൽ നിന്ന് അവർ തടഞ്ഞു എന്നും ഇവിടെ ഉദ്ദേശ്യമാകാം.എന്നാൽ അവരുടെ മനസിൽ വിശ്വാസമില്ലെന്ന് അറിയാത്തത് കൊണ്ടല്ല പരസ്യമായി ശഹാദത്ത് കലിമ ചൊല്ലിയവനെ ബാഹ്യമായി മുസ്ലിമായി കണക്കാക്കലും അവന്റെ കാപട്യത്തിന്റെ ശിക്ഷ പരലോകത്തേക്ക് മാറ്റിവെക്കലുമാണ് ഇസ്ലാമിന്റെ ശൈലി എന്നത് കൊണ്ടാണ് നേരത്തെ അവരെ പരസ്യമായി വഷളാക്കാതിരുന്നത് എന്നുമാണ് അള്ളാഹു ഇവിടെ ഉണർത്തുന്നത് അവരുടെ ഈ കാപട്യവും സത്യത്തിൽ നിന്ന് ആളുകളെ തിരിച്ചു വിടലുമൊക്കെ വളരെ ചീത്തയായ നടപടിയാണെന്നും അള്ളാഹു ഉണർത്തുന്നു



ذَلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ  (3


അത് അവർ (നാവുകൊണ്ട് മാത്രം)വിശ്വസിക്കുകയും (ഹൃദയം കൊണ്ട്)നിഷേധിക്കുകയും ചെയ്തത് കൊണ്ടാണ്.അതിനാൽ അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു അതിനാൽ അവർ സത്യം ഗ്രഹിക്കുന്നില്ല


അവർ ഇത്രയും ദുഷിച്ച് പോയത് നാവുകൊണ്ട് വിശ്വസിച്ചു എന്ന് പറയുകയും മനസ്സിൽ അവിശ്വാസം കൊണ്ട് നടക്കുകയും ചെയ്തത് കൊണ്ടാണ്. ഇതിന്റെ

ഫലമായി അവരുടെ ഹ്ര്‌ദയങ്ങൾ ഏറ്റവും കടുത്ത് പോവുകയും മേലിൽ ഒരു നന്മയും കടക്കാത്ത വിധം അവ അടച്ചു പൂട്ടിമുദ്രവെക്കപ്പെടുകയും ചെയ്തു.അതിനാൽ ഇനി അവർ സത്യം ഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല



وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ هُمُ الْعَدُوُّ فَاحْذَرْهُمْ قَاتَلَهُمُ اللَّهُ أَنَّى يُؤْفَكُونَ   (4


അവരെ നിങ്ങൾ കണ്ടാൽ അവരുടെ ശരീരങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും.സംസാരിക്കുകയാണെങ്കിൽ അവർ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യും.ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമാണവർ.എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്ന് അവർ വിചാരിക്കും അവർ ശത്രുക്കളാണ്.അതിനാൽ അവരെ സൂക്ഷിച്ചു കൊള്ളുക.അള്ളാഹു അവരെ ശപിക്കട്ടെ എങ്ങിനെയാണവർ(സത്യം വിട്ട്)തെറ്റിക്കപ്പെടുന്നത്?


അവരെ കണ്ടാൽ അഴകുള്ള ശരീരവും ആകർഷകമായ സംസാരവും ആയതിനാൽ ആരും ശ്രദ്ധിച്ച് പോകും(കപട നേതാവ് അബ്ദുള്ളാഹ് ബിൻ ഉബയ്യ് ബിൻ സുലൂൽ നല്ല സംസാര വൈഭവം പ്രകടിപ്പിച്ചിരുന്ന ആരോഗ്യവും ആകർഷകമായ ശരീരവുമുണ്ടായിരുന്ന ആളായിരുന്നു എന്ന് ഇബ്നു അബ്ബ്ബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്) പക്ഷെ അവർ ചാരിവെച്ച മരത്തടി പോലെയാണ് ഉപകാരമില്ല ധീരതയുമില്ല വല്ല ശബ്ദവും കേട്ടാൽ വിളറിയായി.തങ്ങൾക്കെതിരിൽ വല്ല ആപത്തും വരുന്നുവെന്നാണ് ധാരണ.തങ്ങളുടെ കാപട്യം പുറത്താക്കും വിധം വല്ല പ്രഖ്യാപനവും അള്ളാഹുവിൽ നിന്ന് വരുമോ എന്നവർ ഭയപ്പെട്ടിരുന്നു. പക്ഷെ അവർ തങ്ങളുടെ ശത്രുക്കളാണെന്നും കുതന്ത്രങ്ങളിലും വഞ്ചനയിലും മിടുക്കന്മാരാണെന്നും .അത് കൊണ്ട് അവരെ സൂക്ഷിക്കണമെന്നും അവരുടെ ഒരു കുതന്ത്രങ്ങളിലും കുടുങ്ങരുതെന്നുമാണ് അള്ളാഹു ഉണർത്തുന്നത് അവർ അള്ളാഹുവിന്റെ ശാപത്തിനർഹരാണെന്നത്രെ തുടർന്ന് പറഞ്ഞത്.നബി(സ)സത്യ പ്രവാചകനാണെന്നതിനു എത്രയോ വ്യക്തമായ തെളിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടെന്നും പിന്നെയും അവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെട്ടത് എങ്ങനെ എന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയാണിവിടെ


وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُؤُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ 5  



നിങ്ങൾ വരൂ അള്ളാഹുവിന്റെ റസൂൽ നിങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടും എന്ന് അവരോട് പറയപ്പെട്ടാൽ അവർ അവരുടെ തലകൾ തിരിച്ചു കളയും.അഹംഭാവം നടിച്ചവരായിക്കൊണ്ട് അവർ തിരിഞ്ഞു പോകുന്നതായി തങ്ങൾ കാണുകയും ചെയ്യും

കപടന്മാരുടെ ദുഷിച്ച നിലപാടുകളെക്കുറിച്ച് വിവരിക്കുകയാണിനി.നബി(സ)യെക്കൊണ്ട് തങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ ആവശ്യപ്പെടുന്നത് സത്യവിശ്വാസിയുടെ സ്വഭാവമാണ്.കാരണം.നമുക്ക് വേണ്ടി അള്ളാഹുവോട് നബി(സ) നടത്തുന്നശുപാർശ സ്വീകരിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.അതിനു വേണ്ടി അവരെ ക്ഷണിച്ചാൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്ന ഭാവത്തിൽ അഹങ്കാരികളായി അവർ തല തിരിച്ചു പോകും

ഇമാം ഖുർത്വുബി(റ)എഴുതുന്നു.കപടന്മാരെ അനാവരണം ചെയ്തു കൊണ്ടുള്ള മുൻ കഴിഞ്ഞ സൂക്തങ്ങൾ അവതരിച്ചപ്പോൾ അവരുടെ കുടുംബക്കാരായ സത്യവിശ്വാസികൾ അവരുടെ അടുത്ത് ചെന്ന് അള്ളാഹു നിങ്ങളുടെ കാപട്യത്തെ വെളിവാക്കി നിങ്ങളെ വഷളാ‍ക്കിയിരിക്കുന്നു.അതിനാൽ കാപട്യത്തിൽ നിന്ന് പിന്തിരിഞ്ഞ് നബി(സ)യുടെ അടുത്ത് പോയി നബി(സ)യെക്കൊണ്ട് നിങ്ങൾക്ക് വേണ്ടി അള്ളാഹുവോട് പൊറുക്കലിനെ തേടിക്കൂ.അങ്ങനെ അള്ളാഹു നിങ്ങളുടെ ദോഷം പൊറുത്ത് തരട്ടെ എന്ന് പറഞ്ഞു അപ്പോൾ പരിഹാസ പൂർവം അവർ തലതിരിച്ചു കളയുകയും അഹങ്കരിക്കുകയും ചെയ്തു.അബ്ദുള്ളാഹ് ബിബ് ഉബയ്യിനോട് നബി(സ)യുടെ അടുത്ത് പോയി പൊറുക്കലിനെ തേടാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പ്രതികരിച്ചു നിങ്ങൾ എന്നോട് വിശ്വസിക്കാൻ പറഞ്ഞു.ഞാൻ അനുസരിച്ചു.സക്കാത്ത് കൊടുക്കാൻ പറഞ്ഞു.ഞാൻ അതും ചെയ്തു.ഇനി ഞാൻ മുഹമ്മദ് നബിക്ക് സുജൂദ് ചെയ്യാനേ ബാക്കിയുള്ളൂ എന്ന്.(ഖുർത്വുബി) നബിയെക്കൊണ്ട് പൊറുക്കലിനെ തേടാൻ ആവശ്യപ്പെടുന്നത് നബിക്കുള്ള ആരാധനയാണെന്ന് കണ്ടെത്തിയത് അവന്റെ ധിക്കാരമായിരുന്നു ഒരിക്കലും മുസ്ലിംകൾക്ക് അത്തരമൊരു അഭിപ്രായമുണ്ടാകാവതല്ലെന്നും നബി(സ)അള്ളാഹുവിലേക്കുള്ള നമ്മുടെ മാധ്യമമാണെന്നും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു



سَوَاء عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ  (6

തങ്ങൾ അവർക്ക് വേണ്ടി പൊറുക്കലിനെ തേടലും തേടാതിരിക്കലും അവരുടെ മേലിൽ സമമാണ് –അള്ളാഹു അവർക്ക് പൊറുത്തുകൊടുക്കുന്നതേയല്ല-ധിക്കാരികളായ ജനതയെ അള്ളാഹു നേർമാർഗത്തിൽ ചേർത്തുകയില്ല തന്നെ


അവർ ദുഷ്ടന്മാരായത് കൊണ്ട് അവർക്ക് വേണ്ടി നബി(സ)പൊറുക്കലിനെ തേടിയാലും അവർക്ക് അള്ളാഹു പൊറുക്കുകയില്ല .കാരണം വിശ്വാസം ശരിയായാലല്ലേ നബി(സ)യുടെ ശുപാർശ ഫലിക്കുകയുള്ളൂ



هُمُ الَّذِينَ يَقُولُونَ لَا تُنفِقُوا عَلَى مَنْ عِندَ رَسُولِ اللَّهِ حَتَّى يَنفَضُّوا وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَكِنَّ الْمُنَافِقِينَ لَا يَفْقَهُونَ  (7

അള്ളാഹുവിന്റെ റസൂലിന്റെ അടുത്തുള്ളവർക്ക് നിങ്ങൾ(ഒന്നും)ചെലവ് ചെയ്യരുത് അവർ (നബിയുടെ അടുത്ത് നിന്ന്)ഒഴിഞ്ഞു പോകാൻ വേണ്ടി എന്ന് പറയുന്നവരാണവർ ആകാശഭൂമികളുടെ ഭണ്ഡാരങ്ങൾ അള്ളാഹുവിനുള്ളതാണ് പക്ഷെ കപട വിശ്വാസികൾ ഇത് ഗ്രഹിക്കുന്നില്ല

കപടന്മാർക്ക് മുസ്ലിംകളോടുണ്ടായിരുന്ന പകയും കുശുമ്പും എത്ര ആഴത്തിലായിരുന്നു എന്ന് മനസിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ആണിവിടെ പറയുന്നത്.നബി(സ)യുടെ കൂടെയുണ്ടായിരുന്ന സഹാബികൾക്ക് ഒന്നും നൽകരുതെന്നും അങ്ങനെ വന്നാൽ നബി(സ)യുടെ അടുത്ത് നിന്ന് അവർ ഒഴിഞ്ഞു പോകുമെന്നും അവർ പറഞ്ഞു.എന്നാൽ ഇത് വെറും വ്യാമോഹമാണെന്നും നിങ്ങൾ അവർക്ക് ഒന്നും നൽകിയില്ലെങ്കിലും അവർ വിഷമിക്കേണ്ടി വരില്ല.കാരണം മനുഷ്യരുടെ ആഹാരാദികളും മറ്റും അവരുടെ കയ്യിലല്ലെന്നും ആകാശഭൂമിയിലുള്ള എല്ലാം അള്ളാഹുവിന്റെ നിയന്ത്രണത്തിലാണെന്നും അത് കൊണ്ട് ഇവരുടെ ഭീഷണിക്ക് അല്പം പോലും വിലകൽ‌പ്പിക്കേണ്ടതില്ലെന്നും ഉണർത്തിയിരിക്കുകയാണ്.അള്ളാഹു ഒരു കാര്യം തീരുമാനിച്ചാൽ അതിന്റെ വഴികൾ അള്ളാഹു എളുപ്പമാക്കും എന്ന് കപടന്മാർക്ക് അറിയാത്തത് കൊണ്ടാണ് ഇത്തരം തിട്ടൂരങ്ങൾ അവർ പുറപ്പെടുവിച്ചത് എന്നാണിതിന്റെ ചുരുക്കം



يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لَا يَعْلَمُونَ  (8

നാം മദീനയിലേക്ക് മടങ്ങിച്ചെന്നാൽ കൂടുതൽ അന്തസ്സുള്ളവർ ഏറ്റവും താഴ്ന്നവരെ അവിടെ നിന്ന് പുറത്താക്കുകതന്നെ ചെയ്യും എന്നവർ പറയുന്നു അന്തസ്സ് അള്ളാഹുവിനും അവന്റെ റസൂലിനും സത്യവിശ്വാസികൾക്കുമാമാണ് താനും!പക്ഷെ കപട വിശ്വാസികൾ (അത്)അറിയുന്നില്ല


ഒരിക്കൽ നബി(സ)യും സഹാബികളും മദീനക്ക് പുറത്തേക്കുള്ള ഒരു യുദ്ധയാത്രയുണ്ടായി.ചില കപടന്മാരും ആകൂട്ടത്തിലുണ്ടായിരുന്നു യാത്രക്കിടയിൽ അവർ പറഞ്ഞു.നാം നാട്ടിൽ മടങ്ങിയെത്തട്ടെ.ആർക്കാണ് അന്തസ്സെന്ന് കാണിച്ചു കൊടുക്കാം .അതായത് അന്തസ്സുള്ള (നമ്മൾ) താഴ്ന്നവരെ(മുസ്ലിംകളെ )അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യും എന്തൊരു വീരവാദം!ഇവർക്കാണ് അന്തസ്സെന്നും മുസ്ലിംകൾ താഴ്ന്നവരാണെന്നും ആരാണിവരോട് പറഞ്ഞത്?അള്ളാഹുവിനും റസൂലിനും സത്യവിശ്വാസികൾക്കും തന്നെയാണ് അന്തസ്സ്.അതില്ലാതാക്കാൻ ഇവർക്കാവില്ല..പക്ഷെ അത് മനസിലാക്കാൻ ഈ പാവങ്ങൾക്കാവില്ല എന്നാണ് അള്ളാഹു ഉണർത്തിയത്



يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ  9


സത്യ വിശ്വാസികളേ.നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അള്ളാഹുവിന്റെ സ്മരണയിൽ നിന്ന് നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ.ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ

ധനവും സന്താനങ്ങളും കാരണമായി അള്ളാഹുവിന്റെ സ്മരണ നഷ്ടപ്പെട്ടു പോകരുതെന്ന് താക്കീത് ചെയ്തിരിക്കുകയാണിവിടെ.അങ്ങനെ നഷ്ടപ്പെട്ടു പോയവർ സ്ഥിരമായി പരാചയപ്പെടും.ധനത്തിന്റെ ബലത്തിൽ തങ്ങൾക്കാണ് യോഗ്യത എന്ന് അഹങ്കരിച്ചിരുന്ന കപടന്മാരുടെ നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നുവല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ.ഇനി സത്യവിശ്വാസികളോട് കപടന്മാരെ പോലെ ധനമാണെല്ലാം എന്ന ധാരണയിൽ അതിൽ മാത്രം സമയം കളഞ്ഞ് അള്ളാഹുവിന്റെ സ്മരണ നഷ്ടപ്പെടുത്തരുത് അത് നിങ്ങളുടെ പരലോക നാശത്തിനു ഹേതുവാകും എന്നാണ് സാരം,ധനം പോലെ സന്താനങ്ങളും ചിലരെ അഹങ്കാരികളാക്കും അത് ശ്രദ്ധിക്കണമെന്നുമാണിതിന്റെ ആശയം



وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَى أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ 10


നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽ നിന്ന് നിങ്ങൾ ചിലവഴിക്കുക നിങ്ങളിൽ ഓരോരുത്തനും മരണം വന്നെത്തുകയും അപ്പോൾ എന്റെ രക്ഷിതാവേ അടുത്ത ഒരു അവധിവരെ എന്നെ പിന്തിച്ചു കൂടെ?എന്നാൽ ഞാൻ ധർമ്മം ചെയ്യുകയും സദ് വ്ര്‌ത്തരുടെ കൂട്ടത്തിൽ ആയിത്തീരുകയും ചെയ്യുമായിരുന്നല്ലോ എന്ന് പറയുകയും ചെയ്യുന്നതിനു മുമ്പ്.



അള്ളാഹു നൽകിയ ധനം മരണത്തിനുമുമ്പ് അളാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അനുകൂല സമയവും സമ്പത്തും നന്മക്ക് ഉപയോഗിക്കാത്തവരൊക്കെ മരണ സമയം ഖേദിക്കേണ്ടി വരുമെന്നും അപ്പോൾ സമയം നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല സക്കാത്തിന്റെ സമയമായാൽ സക്കാത്ത് കൊടുക്കാൻ താമസിക്കരുതെന്നും മറ്റെല്ലാ‍ നിർബന്ധങ്ങളും സമയത്ത് നിർവഹിക്കാ‍ാൻ ശ്രദ്ധിക്കണമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു



وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاء أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ  11


ഒരാളെയും അവന്റെ അവധി എത്തിയാൽ അള്ളാഹു പിന്തിക്കുകയില്ല നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു

മരണം വരെയാണ് പ്രവർത്തിക്കാനുള്ള സമയം.മരണശേഷം പ്രവർത്തിച്ചതിന്റെ പ്രതിഫലം ലഭിക്കുന്ന സമയമാണ്.പ്രവർത്തിക്കേണ്ട സമയത്ത് പ്രവർത്തിച്ചാലല്ലേ പ്രതിഫലത്തിന്റെ നേരത്ത് സന്തോഷിക്കാനാവൂ.അള്ളാഹു നന്മ വർദ്ധിപ്പിച്ച് പരലോക വിജയികളിലുൾപ്പെടാൻ നമ്മെ സഹായിക്കട്ടെ ആമീൻ

No comments:

Post a Comment

Note: only a member of this blog may post a comment.