Home

Friday 27 November 2015

സൂറ: മുതഫ്ഫീൻ




بسم الله الرحمن الرحيم

പരമ കാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമവും പറഞ്ഞ്‌ അനുഗ്രഹം തേടിക്കൊണ്ട്‌ ഞാൻ ആരംഭിക്കുന്നു

1. وَيْلٌ لِّلْمُطَفِّفِينَ
(അളവിലും തൂക്കത്തിലും) കുറവു വരുത്തുന്നവർക്ക്‌ മഹാനാശം!

2. الَّذِينَ إِذَا اكْتَالُواْ عَلَى النَّاسِ يَسْتَوْفُونَ
അതായത്‌ അവർ ജനങ്ങളോട്‌ അളന്ന് വാങ്ങുന്നതായാൽ അവർ (അളവ്‌) പൂർത്തിയാക്കിയെടുക്കും
3. وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
അവർ (ജനങ്ങൾക്ക്‌)അങ്ങോട്ട്‌ അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാൽ അവർ ജനങ്ങൾക്ക്‌ നഷ്ടം വരുത്തും
4. أَلَا يَظُنُّ أُولَئِكَ أَنَّهُم مَّبْعُوثُونَ
തങ്ങൾ മരണാനന്തരം എഴുന്നേൽപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ?
5. لِيَوْمٍ عَظِيمٍ
വമ്പിച്ച ഒരു ദിവസത്തിങ്കലേക്ക്‌ (എഴുന്നേൽപ്പിക്കപ്പെടുമെന്ന്)
6. يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ
അതായത്‌ ലോകരക്ഷിതാവിങ്കലേക്ക്‌ ജങ്ങളെല്ലാം എഴുന്നേറ്റ്‌ വരുന്ന ദിവസം!
ലോകത്ത്‌ മനസാക്ഷിയുള്ള എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌ ഉപഭോക്താവിനെ വഞ്ചിക്കുന്നത്‌ വളരെ മോശമാണെന്ന കാര്യം.അളത്തത്തിലും തൂക്കത്തിലും കുറവു വരുത്തുന്നത്‌ വ്യക്തമായ കബളിപ്പിക്കലാണ്‌.മുമ്പും പല സമൂഹങ്ങളിലും ഈ ദുരാചാരം നില നിന്നപ്പോൾ അവരെ ഉത്‌ ബോധിപ്പിക്കാൻ അക്കാലത്തെ പ്രവാചകർ നൽകിയ ഉപദേശങ്ങൾ ഖുർആൻ വിശദീകരിക്കുന്നുണ്ട്‌

മഹാനായ ശുഐബ്‌ നബി(അ) തന്റെ ജനതയോട്‌ നടത്തിയ ഉപദേശം 26-മത്‌ അദ്ധ്യായം സൂറ:ശുഅറാഅ് 181-184 ൽ അല്ലാഹു പറയുന്നു

أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ 'നിങ്ങൾ അളവ്‌ പൂർത്തിയാക്കിക്കൊടുക്കുക നിങ്ങൾ(ജനങ്ങൾക്ക്‌)നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാവരുത്‌. وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ കൃത്രിമമല്ലാത്ത തുലാസ്‌ കൊണ്ട്‌ നിങ്ങൾ തൂക്കുക . وَلَا تَبْخَسُوا النَّاسَ أَشْيَاءهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ജനങ്ങൾക്ക്‌ അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്‌.നാശകാരികളായിക്കൊണ്ട്‌ നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്‌. وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ. നിങ്ങളെയും നിങ്ങളുടെ പൂർവ്വ തലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക(ശുഅറാഅ്.181-184)
സൂറ: റഹ്‌മാൻ (അദ്ധ്യായം 55) 7 -9 ലും സൂറ:അൻആം(അദ്ധ്യായം 6) 152 ലും സൂറ:ഇസ്‌റാഅ്(അദ്ധ്യായം 17) 35 ലും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്‌ ഇങ്ങോട്ട്‌ എടുക്കുമ്പോൾ പൂർത്തിയാക്കുകയും ചിലപ്പോൾ കൂടുതലാക്കുകയും ചെയ്യുന്ന ചില കച്ചവടക്കാർ അങ്ങോട്ട്‌ കൊടുക്കുമ്പോൾ സമർത്ഥമായി ജനങ്ങളെ പറ്റിക്കുന്നതിനായി പ്രത്യേക തൂക്കക്കട്ടിയും പാത്രങ്ങളും വരെ സംവിധാനിക്കുകയും അത്‌ തങ്ങളുടെ സാമർത്ഥ്യമായി കരുതുകയും ചെയ്യുന്നു.എന്നാൽ ഇത്‌ എത്രമാത്രം ഗുരുതരമായ കുറ്റമായാണ്‌ അല്ലാഹു കാണുന്നത്‌ എന്ന് ഈ വാക്യങ്ങൾ നമുക്ക്‌ മനസിലാക്കിത്തരുന്നു. അളവിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർക്ക്‌ പരലോകത്ത്‌ മാത്രമല്ല ഈ ലോകത്ത്‌ തന്നെ അല്ലാഹു ശിക്ഷ നൽകുമെന്ന് ഇസ്‌ലാം മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌.

ഇമാം ഖുർത്വുബി(റ)എഴുതുന്നു. നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌(റ) പറയുന്നു ‘അഞ്ചു കാര്യങ്ങൾക്ക്‌ പകരം അഞ്ചു കാര്യം (അല്ലാഹു നിങ്ങൾക്ക്‌ തരും) (1) ഏതൊരു ജനത വാഗ്ദത്ത ലംഘനം നടത്തുന്നുവോ അവരുടെ മേൽ അവരുടെ ശത്രുവിനു അല്ലാഹു അധികാരം നൽകാതിരിക്കില്ല (2)അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമപ്രകാരം അവർ വിധി നടത്തുന്നതായാൽ അവരിൽ ദാരിദ്ര്യം വ്യാപിക്കാതിരിക്കില്ല (3) അവരിൽ നീചവൃത്തികൾ(വ്യഭിചാരം പോലുള്ളവ) വ്യാപകമായാൽ അവരിൽ പ്ലേഗ്‌ പോലുള്ളവ(അവ മൂലമുള്ള മരണം)വ്യാപിക്കാതിരിക്കില്ല (4)അവർ അളവ്‌ കുറക്കുന്നതായാൽ അവർക്ക്‌ ഉൽപ്പാദനം(വിളവ്‌) തടയപ്പെടുകയും ക്ഷാമം പിടിപെടുകയും ചെയ്യാതിരിക്കില്ല (5) അവർ സക്കാത്ത്‌ (നിർബന്ധ ദാനം) കൊടുക്കാതായാൽ അവർക്ക്‌ മഴ തടയപ്പെടാതിരിക്കില്ല(ഖുർത്വുബി 19/178)

മഹാനായ നാഫിഅ്(റ) പറയുന്നു. ‘ഇബ്നു ഉമർ(റ) കച്ചവടക്കാരുടെ അടുത്ത്‌ ചെന്ന് പറയാറുണ്ട്‌. സഹോദരാ, അല്ലാഹുവിനെ സൂക്ഷിക്കുകയും അളത്തം പൂർത്തിയാക്കുകയും ശരിയായ തുലാസുകൊണ്ട്‌ തൂക്കുകയും ചെയ്യുക. കാരണം അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർ ഖിയാമത്ത്‌ നാളിൽ നിർത്തപ്പെടുന്നത്‌ ചെവിയുടെ പകുതിയോളം വിയർപ്പിൽ മുങ്ങുന്ന വിധത്തിലായിരിക്കും എന്ന്! (ഖുർത്വുബി 19/178) ഭൂമിയിലെ ചെറിയ ലാഭത്തിനായി നിത്യ ദുരിതത്തിൽ ചെന്ന് ചാടാൻ ബുദ്ധിയുള്ളവർ തയാറാവുമോ എന്നാണ്‌ ചിന്തിക്കേണ്ടത്‌ ഇബ്നു അബ്ബാസ്‌(റ) പറയുന്നു. നബി(സ്വ) മദീനയിലെത്തുമ്പോൾ അവിടുത്തുകാർ അളവിലും തൂക്കത്തിലുമൊക്കെ കൃത്രിമം കാണിച്ചിരുന്നവരായിരുന്നു എന്നാൽ അങ്ങനെയുള്ളവർക്ക്‌ നാശമുണ്ടെന്ന മുന്നറിയിപ്പ്‌ കേട്ടപ്പോൾ അവർ ആ തിന്മ പാടെ ഉപേക്ഷിച്ചു. ഇമാം ഫർറാഅ്(റ)പറയുന്നു പിന്നീട്‌ ഇന്നോളം മദീനക്കാർ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുന്നവരാണ്‌(ഖുർത്വുബി 19/176 , റാസി31/82)

ഉപദേശങ്ങൾ പ്രവാചക ശിഷ്യന്മാരുടെ മനസിലുണ്ടാക്കിയ സ്വാധീനത്തിനുള്ള നല്ലൊരു ഉദാഹരണമത്രെ ഇത്‌. ‘വൈൽ’ എന്നാൽ ഭയങ്കര ശിക്ഷ എന്നും നരകാവകാശികളുടെ ശരീരത്തിൽ നിന്ന് ചീഞ്ചലമൊലിക്കുന്ന നരകത്തിലെ ഒരു ചെരുവ്‌ എന്നും അഭിപ്രായമുണ്ട്‌.

അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്കുള്ള താക്കീതായി അല്ലാഹു തുടർന്ന് പറയുന്നത്‌ അല്ലാഹുവിലേക്ക്‌ ജനങ്ങളെല്ലാം എഴുന്നേറ്റ്‌ വരുന്ന ആ മഹാദിനത്തിലേക്ക്‌ ഇവരും എഴുന്നേൽപ്പിക്കപെടുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ എന്നാണ്‌ അഥവാ ആ ഭയങ്കര ദിനത്തിൽ അവർ ഈ ചെറിയ കാര്യത്തിനു പോലും വിചാരണ നേരിടേണ്ടി വരുമെന്നത്‌ അവർ ഓർക്കുന്നില്ലേ എന്നാണ്‌ അല്ലാഹു ചോദിക്കുന്നത്‌. ആ ഭയങ്കര ദിനത്തെ കുറിച്ച്‌ ഓർത്താൽ കരയാത്തവരുണ്ടാവുമോ? ഇമാം ഖുർത്വുബി എഴുതുന്നു. മഹാനായ ഇബ്നു ഉമർ(റ) ഈ സൂറത്ത്‌ പാരായണം ചെയ്യാൻ തുടങ്ങുകയും ലോകരക്ഷിതാവായ അല്ലാഹുവിലേക്ക്‌ ജനങ്ങൾ എഴുന്നേറ്റ്‌ വരുന്ന ദിവസം എന്നത്‌ വരെ പാരായണം എത്തുകയും ചെയ്തപ്പോൾ അദ്ദേഹം വീഴുകയും തുടർന്ന് പാരായണം ചെയ്യാൻ സാധിക്കാതാവുകയും ചെയ്തു. പിന്നീട്‌ മഹാൻ പറഞ്ഞു. നബി(സ്വ) പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അമ്പതിനായിരം കൊല്ലത്തിന്റെ ധൈർഘ്യമുള്ള ആദിനത്തിൽ ജനങ്ങളെല്ലാം അല്ലാഹുവിലേക്ക്‌ എഴുന്നേറ്റ്‌ നിൽക്കും അപ്പോൽ അവരിൽ ഞെരിയാണിവരെ വിയർപ്പുള്ളവരും മുട്ട്‌ വരെ വിയർപ്പെത്തിയവരും അരവരെയും നെഞ്ച്‌ വരെയും വിയർപ്പിൽ കുളിച്ചവരും ചെവിവരെ വിയർപ്പ്‌ മൂടിയവരും തവള വെള്ളത്തിൽ മുങ്ങുന്നത്‌ പോലെ വിയർപ്പിൽ മുങ്ങിത്താഴുന്നവരും ഉണ്ടാവും എന്ന്!(ഖുർത്വുബി 19/179)

ഇമാം റാസി(റ) എഴുതുന്നു. ഈ ആയത്തുകളിൽ ശക്തമായ ഒരുപാട്‌ താക്കീതുകൾ അല്ലാഹു ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർക്ക്‌ നാശം എന്നത്‌ തന്നെ താക്കീതാണ്‌ കാരണം പരീക്ഷണം വരുന്നു എന്നറിയിക്കാനാണ്‌ ‘വൈൽ’ എന്ന പദം പ്രയോഗിക്കുക. രണ്ടാമതായി അവർ വിചാരിക്കുന്നില്ലേ എന്നത്‌ നിഷേധാത്മകമായ ചോദ്യമാണ്‌ അഥവാ അത്‌ ഉൾക്കൊള്ളണം എന്ന ശാസനയാണതിൽ അടങ്ങിയിട്ടുള്ളത്‌. മൂന്നാമതായി ഒരു മഹാദിനത്തിൽ എന്ന് പറഞ്ഞത്‌ ശരിക്കും ഭയപ്പെടേണ്ട ദിനമാണത്‌ എന്ന് ഓർമ്മിപ്പിക്കുന്നു. നാലാമതായി ലോകം നിയന്ത്രിക്കുന്ന അല്ലാഹുവിലേക്കാണ്‌ അവർ വരുന്നത്‌ എന്ന വാക്ക്‌ എല്ലാ അധികാരാവകാശങ്ങളുടെയും നാഥന്റെ അടുത്ത്‌ ഒരു അധികാരവുമില്ലാത്തവൻ വരുമ്പോഴുള്ള ദൈന്യതയും ഭയവും അറിയിക്കുന്നു.

ഇവിടെ ഒരു ചോദ്യമുണ്ട്‌. ഇത്രയും അധികാരമുള്ള അല്ലാഹു എന്തിനാണീ ചെറിയ വിഷയത്തിനൊക്കെ വിചാരണ നടത്താൻ ഒരുമിച്ച്‌ കൂട്ടുന്നത്‌ എന്ന്. അതിനു നിവാരണം ഇങ്ങനെ കാണാം .ചെറിയ കാര്യങ്ങളിൽ പോലും മർദ്ദിതനു നീതി കിട്ടിയെന്ന് ബോദ്ധ്യപ്പെടാൻ ഇത്‌ ആവശ്യമാണ്‌.അപ്പോൾ ഒരു അനീതിയും അവിടെ ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്ന് മനസിലാക്കുകയും ചെയ്യാം.(റാസി..31/84) ചുരുക്കത്തിൽ ഈ ദിനത്തിലൊത്ത്‌ കൂടണം എന്ന് ചിന്തിക്കുന്നതായാൽ തന്നെ മനുഷ്യനു നന്നാവാൻ അത്‌ പ്രചോദനമാവും .


7. كَلَّا إِنَّ كِتَابَ الفُجَّارِ لَفِي سِجِّينٍ
വേണ്ട! നിശ്ചയം ദുർമ്മാർഗികളുടെ രേഖ :സിജ്ജീനിൽ തന്നെയാകുന്നു.

8. وَمَا أَدْرَاكَ مَا سِجِّينٌ
സിജ്ജീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയതെന്താണ്‌?

9. كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ്‌ (അത്‌)

അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുക എന്ന വലിയൊരു കുറ്റത്തിന്റെ വിശദീകരണത്തിനു ശേഷം അതിന്റെ തുടർച്ചയായി വരുന്ന വിഷയങ്ങൾ വിശദീകരിക്കുയാണ്‌ ഇവിടെ كَلَّا എന്ന പ്രയോഗം പുനർജ്ജന്മ-വിചാരണ ഓർക്കാതെ അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്ന പ്രവർത്തനം അവസാനിപ്പിച്ച്‌ യാഥാർത്ഥ്യ ബോധത്തിലേക്ക്‌ കടന്ന് വരണമെന്ന നിർദ്ദേശത്തിന്റെ ഭാഗമാണ്‌. സിജ്ജീൻ എന്നാൽ പിശാചുക്കൾ ഉൾപ്പെടെ ദുഷ്ക്കർമ്മികളുടെ പ്രവർത്തനങ്ങൾ എല്ലാം രേഖപ്പെടുത്തിയ ഒരു കേന്ദ്രമാണെന്നും നരകം തന്നെയാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്‌ അതിന്റെ ഭയങ്കരതയും ഗൗരവവും ചൂണ്ടിക്കാട്ടുന്നതാണ്‌ 8-മത്‌ സൂക്തം. 9-മത്‌ വാക്യം സിജ്ജീൻ എന്നതിന്റെ ഒരു നിർവ്വജനമല്ല മറിച്ച്‌ അതിന്റെ ഒരു വിവരണമാണ്‌ എല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്‌ അതെന്ന് ചുരുക്കം.

ഇമാം ത്വബരി(റ) എഴുതുന്നു. ബറാഅ്(റ) നബി(സ്വ) യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. ദുർമാർഗിയുടെ ആത്മാവിനെ കുറിച്ച്‌ വിശദീകരിച്ച്‌ കൊണ്ട്‌ നബി(സ്വ) പറഞ്ഞു ശരീരത്തിൽ നിന്ന് പിടിച്ചെടുത്ത ആത്മാവുമായി മലക്കുകൾ ആകാശത്തേക്ക്‌ കയറും അപ്പോൾ മലക്കുകൾ പറയും ഏതാണീ വൃത്തികെട്ട ആത്മാവ്‌? അങ്ങനെ ആകാശ കവാടം തുറക്കാൻ ആവശ്യപ്പെടും അപ്പോൾ ആ ആത്മാവിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയില്ല. പിന്നീട്‌ നബി(സ്വ) സൂറ: അ അ്റാഫി ലെ 40-മത്‌ വചനം പാരായണം ചെയ്തു.
إِنَّ الَّذِينَ كَذَّبُواْ بِآيَاتِنَا وَاسْتَكْبَرُواْ عَنْهَا لاَ تُفَتَّحُ لَهُمْأَبْوَابُ السَّمَاء وَلاَ يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ وَكَذَلِكَ نَجْزِي الْمُجْرِمِينَ

അവർക്ക്‌(ദുരാത്മാക്കൾക്ക്‌)വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ ഇല്ല.സൂചിക്കുഴലിലൂടെ ഒട്ടകം പ്രവേശിക്കുന്നത്‌ വരെ..(അഅ്റാഫ്‌ 40)അപ്പോൾ അല്ലാഹു പറയും അവന്റെ ഗ്രന്ഥം താഴേ ഭൂമിയിലുള്ള സിജ്ജീനിൽ രേഖപ്പെടുത്തൂ എന്ന്.(ത്വബരി 30/106) ഇവിടെ സിജ്ജീൻ താഴേഭൂമിയിലാണെന്ന് സ്ഥിരീകരിക്കുന്നു.

10. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവർക്ക്‌ അന്നത്തെ ദിവസം മഹാനാശം!

11. الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
അതായത്‌ പ്രതിഫല ദാന ദിനത്തെ നിഷേധിക്കുന്നവർക്ക്‌

12. وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
മഹാപാപിയായ അതിക്രമികളല്ലാതെ അതിനെ നിഷേധിക്കുകയില്ല താനും!

13. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
നമ്മുടെ ആയത്തുകൾ(ലക്ഷ്യം)അവനു ഓതിക്കേൾപ്പിക്കപ്പെട്ടാൽ ഇത്‌ പൂർവ്വീകരുടെ പഴങ്കഥ(ഐതിഹ്യം) കളാണെന്ന് അവൻ പറയും.

പ്രതിഫല ദിനത്തെ നിഷേധിക്കുന്നവർക്ക്‌ അന്നേ ദിവസം വലിയ ശിക്ഷ ലഭിക്കും അവരുടെ മൂന്ന് ലക്ഷണങ്ങളാണ്‌ അല്ലാഹു പറയുന്നത്‌ 1)അതിക്രമി :-അതായത്‌ ശരിയായ വഴിയിൽ നിന്ന് തെറ്റിയവർ. 2) കുറ്റവാളി :- അതായത്‌ തെറ്റുകളിൽ മുഴുകിയവർ. 3)ലക്ഷ്യങ്ങൾ ഓതിക്കേൾപ്പിച്ചാൽ അത്‌ ഐതിഹ്യമാണെന്നോ കെട്ട്കഥയാണെന്നോ ഒക്കെ പറഞ്ഞ്‌ സത്യത്തെ നിരാകരിക്കുന്നവർ.

ഇമാം റാസി(റ)എഴുതുന്നു മനുഷ്യനു രണ്ട്‌ തരം കഴിവുകളുണ്ട്‌ ഒന്ന് ചിന്താപരം. അല്ലാഹുവിനെ ശരിയായി അറിയുന്നതിലൂടെയാണ്‌ അതിന്റെ പൂർണ്ണത കൈവരിക രണ്ട്‌ കർമ്മ പരം. നന്മ ഏതാണെന്ന് കൃത്യമായി അറിയലും തദനുസാരം പ്രവൃത്തിക്കലിലൂടെയുമാണതിന്റെ പൂർണ്ണത എന്നാൽ അല്ലാഹുവിനെ പറ്റി അസത്യം പറയുന്നതിലൂടെ അല്ലാഹുവിനെ അറിയുക എന്ന ചിന്താപരമായ കഴിവുകൾ അവൻ നശിപ്പിക്കുന്നു.അല്ലാഹുവിനു പുനർജ്ജനിപ്പിക്കാൻ കഴിയില്ലെന്ന വാദം ആ ഗണത്തിലാണ്‌ വരിക. ആ തോന്നലിൽ നിന്നാണ്‌ ദേഷ്യവും വികാരവും അവനിൽ നുരഞ്ഞ്‌ പൊങ്ങുന്നതും കുറ്റവാളിയാവാൻ അവൻ ധൈര്യം കാണിക്കുന്നതും .ഇതാണ്‌ കർമ്മ പരമായ ശക്തിയുടെ അപചയം(റാസി 31/86-87)

അല്ലാഹു നിശ്ചയിച്ച നിയമങ്ങളെ കുറിച്ച്‌ ഉൽബോധനം നൽകപ്പെട്ടാൽ എല്ലാ കാലത്തുമുള്ള താന്തോന്നികളുടെ പ്രതികരണമാണിവിടെ ഖുർആൻ പറയുന്നത്‌. ലക്ഷ്യങ്ങൾ -മത മൂല്യങ്ങൾ കേൾക്കുമ്പോൾ അത്‌ പിന്തിരിപ്പനാണ്‌ പഴഞ്ചനാണ്‌ എന്നൊക്കെയുള്ള പ്രതികരണം മുഖേന തൃപ്തിയടയുക എന്നത്‌ തങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്ന തെറ്റുകൾക്ക്‌ മറയിടാനാണ്‌ അത്തരക്കാർ ഉപയോഗിക്കുന്നത്‌ എന്നാൽ ഇത്തരക്കാരുടെ ഈ നിഷേധാത്മക നിലപാടിനുള്ള കാരണമാണ്‌ അടുത്ത സൂക്തത്തിൽ അല്ലാഹു സൂചിപ്പിക്കുന്നത്‌

14. كَلَّا بَلْ رَانَ عَلَى قُلُوبِهِم مَّا كَانُوا يَكْسِبُونَ
അങ്ങനെയല്ല!പക്ഷെ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളിൽ കറപിടിപ്പിച്ചിരിക്കുന്നു.

അഥവാ ഖുർആനോ ഇസ്‌ലാമിക പ്രമാണങ്ങളോ കെട്ട്‌ കഥയോ അസത്യമോ ആയതല്ല അവർ വിശ്വസിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം മറിച്ച്‌ അവരുടെ കുറ്റങ്ങളുടെ ആധിക്യത്താൽ ഹൃദയം കറ പിടിക്കുകയും അതിലേക്ക്‌ നന്മയൊന്നും പ്രവേശിക്കാതാവുകയും ചെയ്ത താണ്‌ ഇമാം ഖുർത്വുബി(റ) എഴുതുന്നു. അബൂഹുറൈറ:(റ) ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിലിങ്ങനെ കാണാം. 'നബി(സ്വ) പറഞ്ഞു; ഒരാൾ ഒരു പാപം ചെയ്താൽ അത്‌ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളിയായിത്തീരും ആ പുള്ളി എടുത്ത്‌ മാറ്റാനായി അവൻ പശ്ചാത്താപിച്ചാൽ അവന്റെ ഹൃദയം തെളിഞ്ഞു വരും അതെ സമയം പാപം വർദ്ധിച്ചാൽ ഹൃദയം കൂടുതൽ കറുത്ത്‌ പോകും അതാണ്‌ അല്ലാഹു അവരുടെ പ്രവർത്തനം കാരണത്താൽ അവരുടെ ഹൃദയത്തിൽ കറപിടിപ്പിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞത്‌. (ഖുർത്വുബി 19/183)

അപ്പോൾ പാപങ്ങൾ വർദ്ധിക്കും തോറും കറ കൂടുന്നതിനാൽ നന്മകൾ പ്രവേശിക്കാത്ത ചെളിക്കുണ്ടായി ഹൃദയം മാറും. അത്‌ കഴുകി വൃത്തിയാക്കാനായി തൗബ എന്ന പാശ്ചാത്താപത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഉപയോഗപ്പെടുത്തണം. അത്‌ ചെയ്യാത്തവരത്രെ സത്യത്തോട്‌ പുറം തിരിഞ്ഞു നിൽക്കുന്ന ഹതഭാഗ്യരൊക്കെ!
15. كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
വേണ്ട! നിശ്ചയം അന്നത്തെ ദിവസം അവർ തങ്ങളുടെ നാഥനിൽ നിന്നും മറയിടപ്പെടുന്നവർ തന്നെയായിരിക്കും

16. ثُمَّ إِنَّهُمْ لَصَالُوا الْجَحِيمِ
അനന്തരം നിശ്ചയം അവർ ജ്വലിക്കുന്ന അഗ്നിയിൽ പ്രവേശിക്കുന്നവർ തന്നെയാണ്‌.

സത്യത്തോട്‌ പുറം തിരിഞ്ഞു നിൽക്കുകയും, കുറ്റത്തിൽ മുങ്ങുകയും ചെയ്തവർക്ക്‌ അല്ലാഹുവിനെ കാണാനാവില്ലെന്നാണ്‌ അല്ലാഹു പറയുന്നത്‌ അവരുടെ വാസ സ്ഥലം കത്തിജ്വലിക്കുന്ന നരകമാണെന്ന മുന്നറിയിപ്പും അല്ലാഹു നൽകുന്നു അതിനാൽ ഏറ്റവും ആനന്ദദായകമായ ദൈവിക ദർശനത്തിനു വേണ്ടി ജീവിതത്തെ തിന്മകളിൽ നിന്ന് മുക്തമാക്കാൻ ശ്രദ്ധിക്കേണ്ടവരാണ്‌ നാം. കാരണം കുറ്റവാളിയായതിനാൽ കറ പുരണ്ട മനസിനുടമയായത്‌ കൊണ്ടാണ്‌ അവൻ അല്ലാഹിവിനെ തൊട്ട്‌ മറയിടപ്പെട്ടതെന്ന് വ്യക്തമാവുന്നതോടെ തെളിഞ്ഞ മനസിന്റെ ഉടമക്ക്‌, വിശുദ്ധ ജീവിതം നയിച്ചവർക്ക്‌, ദൈവീക ദർശനം യാഥാർത്ഥ്യമാകുമെന്ന് കൂടി ഉറപ്പാകുന്നു. ഇതിനായി ശ്രമിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
17. ثُمَّ يُقَالُ هَذَا الَّذِي كُنتُم بِهِ تُكَذِّبُونَ
പിന്നെ അവരോട്‌ പറയപ്പെടും ഇതത്രെ നിങ്ങൾ നിഷേധിച്ച്‌ കൊണ്ടിരുന്നത്‌ എന്ന്!


ഒരു വല്ലാത്ത പ്രതികരണമാണിത്‌. ജീവിതം സുഖിക്കാനുള്ളതാണെന്നും ഈ ജീവിതത്തിനു ശേഷം ശൂന്യതയാണെന്നും ജൽപ്പിക്കുന്നവർക്ക്‌ കനത്ത മറുപടിയാണീ സൂക്തം. ഇപ്പോൾ എന്തായി നീ നിഷേധിച്ച ആ നരകം അനുഭവിക്കാനായില്ലേ എന്ന ഓർമ്മപ്പെടുത്തൽ ഏതൊരു നിഷേധിയുടെയും കരൾ പിളർക്കുന്ന അനുഭവം തന്നെ! അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ ആമീൻ

18. كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
വേണ്ട! നിശ്ചയം പുണ്യവാന്മാരുടെ ഗ്രന്ഥം ഇല്ലിയ്യീനിൽ തന്നെയായിരിക്കും

19. وَمَا أَدْرَاكَ مَا عِلِّيُّونَ
ഇല്ലിയ്യീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ വിവരം നൽകിയതെന്താണ്‌?
20. كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമത്രെ അത്‌
21. يَشْهَدُهُ الْمُقَرَّبُونَ

അതിന്റെ അടുക്കൽ (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവർ സന്നിഹിതരാവുന്നതാണ്‌)


ദുർമ്മാർഗികളുടെ അവസ്ഥ വിശദീകരിച്ച്ചതിനു ശേഷം പുണ്യവാന്മാരുടെ അവസ്ഥ വിശദീകരിക്കുകയാണ്‌. ഇല്ലിയ്യീൻ എന്നാൽ വളരെ ഉന്നതവും ശ്രേഷ്ടവുമായ ഒരു പ്രത്യേക സ്ഥാനമാണെന്നും സ്വർഗമാണെന്നും മറ്റും അഭിപ്രായമുണ്ട്‌. അവിടെ മലക്കുകൾ സന്നിഹിതരാവുമെന്നത്‌ സജ്ജനങ്ങളുടെ ഗ്രന്ഥങ്ങൾക്ക്‌ അല്ലാഹു നൽകുന്ന ആദരണീയമായ സ്ഥാനമാണ്‌ നമുക്ക്‌ മനസിലാക്കിത്തരുന്നത്‌.


ഇമാം ഖുർത്വുബി (റ) എഴുതുന്നു. ‘പുണ്യാത്മാക്കളുടെ സൽപ്രവർത്തനങ്ങൾക്ക്‌ എല്ലാ ആകാശത്തുമുള്ള മലക്കുകൾ സാക്ഷികളാവുന്നു, അതായത്‌ ഒരു സത്യ വിശ്വാസി ഒരു സൽക്കർമ്മം ചെയ്താൽ ആരേഖയുമായി മലക്കുകൾ ആകാശത്തേക്ക്‌ കയറിപ്പോകും സൂര്യൻ ഭൂമിയിൽ പ്രകാശം പരത്തുന്നത്‌ പോലെ ആ രേഖ ആകാശത്തൊക്കെ പ്രകാശം പരത്തും.അങ്ങനെ അത്‌ ഇസ്രാഫീൽ(അ) ന്റെ അടുത്തെത്തിക്കുകയും അദ്ദേഹം അതിനെ സീൽ ചെയ്ത്‌ സൂക്ഷിക്കുകയും ചെയ്യും. ഇതാണ്‌ മലക്കുകൾ സന്നിഹിതരാവും എന്നതിന്റെ താൽപര്യം!(ഖുർത്വുബി 19/186)
 
22. إِنَّ الْأَبْرَارَ لَفِي نَعِيمٍ
നിശ്ചയമായും പുണ്യവാന്മാർ സുഖാനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

നിർബന്ധങ്ങൾ നിറവേറ്റിയും അരുതായ്മകൾ കയ്യൊഴിച്ചും അല്ലാഹുവെ സൂക്ഷിക്കുന്നവരാണ്‌ പുണ്യവാന്മാർ

23. عَلَى الْأَرَائِكِ يَنظُرُونَ
അലംകൃത കട്ടിലുകളിലായി അവർ നോക്കിക്കൊണ്ടിരിക്കും.

അവർക്ക്‌ അല്ലാഹു നൽകിയ അനുഗ്രഹങ്ങളും ആദരവുകളും അവർ നോക്കിക്കൊണ്ടിരിക്കും എന്നും നരകാവകാശികൾക്ക്‌ അല്ലാഹു നൽകിയ ശിക്ഷ നോക്കുമെന്നും അഭിപ്രായമുണ്ട്‌(അപ്പോഴാണല്ലോ അവർക്ക്‌ ലഭിച്ച അംഗീകാരത്തിന്റെ വില മനസിലാവുക)
24. تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
അവരുടെ മുഖങ്ങളിൽ സുഖാനുഗ്രഹങ്ങളുടെ തേജസ്സ്‌ തങ്ങൾക്ക്‌ (കണ്ട്‌)അറിയാവുന്നതാണ്‌.

നിറഞ്ഞ മനസ്സും അർഹമായ അംഗീകാരവും എല്ലാം കൈക്കുമ്പിളിൽ ലഭ്യം എന്ന സാഹചര്യവും പൂർവ്വോപരി അല്ലാഹുവിന്റെ തൃപ്തിയുമാണ്‌ ഇത്രയും തേജസ്സ്‌ മുഖത്ത്‌ പ്രതിഫലിക്കാൻ കാരണം.

25. يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
സീൽ വെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും.

26. خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
അതിന്റെ സീൽ കസ്തൂരിയായിരിക്കും.കിടമത്സരം നടത്തുന്നവർ അതിൽ കിടമത്സരം നടത്തട്ടെ

27. وَمِزَاجُهُ مِن تَسْنِيمٍ
അതിന്റെ ചേരുവ തസ്‌നീമിൽ നിന്നാണ്‌
28. عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
അതായത്‌ (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവർ കുടിച്ച്‌(ആസ്വദിക്കുന്ന)​‍ഉറവുജലം.

അല്ലാഹു മനുഷ്യരെ സൂറ: വാഖിഅ:യിൽ മൂന്നായി തരം തിരിച്ചിട്ടുണ്ട്‌ ഒന്ന് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മുഖർറബീങ്ങൾ രണ്ട്‌ സൗഭാഗ്യത്തിന്റെ വലതു പക്ഷം മൂന്ന് ദൗർഭാഗ്യത്തിന്റെ ഇടത്‌ പക്ഷം ഇതിൽ ആദ്യ രണ്ട്‌ കക്ഷികൾ സ്വർഗത്തിലും മൂന്നാം കക്ഷി നരകത്തിലുമാണ്‌.എന്നാൽ സ്വർഗത്തിലെ രണ്ട്‌ കക്ഷികൾക്കും ഒരേ സ്ഥാനമല്ല.ഒന്നാം കക്ഷി ഏറ്റവും ശ്രേഷ്ടരാണ്‌ തസ്‌നീം എന്ന പാനീയം മറ്റൊന്നും കൽർത്താതെ കുടിക്കാൻ അവർക്ക്‌ ലഭിക്കുംഎന്നാൽ രണ്ടാം വിഭാഗത്തിനു തസ്നീം ചേർത്ത മദ്യം നൽകപ്പെടും എന്നാണിവിടെ വിശദീകരിക്കുന്നത്‌. സജ്ജനങ്ങളുടെ ഏടുകളെക്കുറിച്ച്‌ പ്രസ്താവിച്ച ശേഷം അവർക്ക്‌ ലഭിക്കാൻ പോകുന്ന ഉന്നതമായ സുഖ സൗകര്യങ്ങൾ വിശകലനം ചെയ്യുകയാണിവിടെ!

അലംകൃതമായ കട്ടിലുകളിലിരുന്ന് അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ നോക്കിക്കാണുക, കസ്തൂരി കൊണ്ട്‌ സീൽ വെക്കപ്പെട്ട, തസ്നീം(അല്ലാഹുവിന്റെ ഇഷ്ടം നേടിയവർക്ക്‌ കുടിച്ചാസ്വദിക്കാനായി സ്വർഗത്തിൽ സംവിധാനിച്ച ഒരു ശ്രേഷ്ടമായ നീരുറവ) എന്ന സ്വർഗത്തിലെ ഉന്നതമായ പാനീയം കലർത്തിയ സീൽപൊട്ടിക്കാത്ത പാത്രങ്ങളിലായി നൽകപ്പെടുന്ന മദ്യം നുകരുക, തുടങ്ങിയ അത്യുന്നത സുഖസൗകര്യങ്ങളോട്കൂടിയ ശാശ്വത സ്വർഗീയ ജീവിതം നയിക്കാനാണ്‌ മനുഷ്യൻ കിടമത്സരം നടത്തേണ്ടത്‌.അതാഗ്രഹിക്കുന്നവർ ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി മുന്നോട്ട്‌ വരട്ടെ എന്നിങ്ങനെ ആവേശകരമായ ഉത്ബോധനമാണ്‌ ഈ വചനങ്ങളിൽ തെളിഞ്ഞു കാണുന്നത്‌
29. إِنَّ الَّذِينَ أَجْرَمُوا كَانُواْ مِنَ الَّذِينَ آمَنُوا يَضْحَكُونَ
നിശ്ചയം കുറ്റം ചെയ്തവർ സത്യവിശ്വാസികളെക്കുറിച്ച്‌ (പരിഹസിച്ച്‌)ചിരിച്ച്‌ കൊണ്ടിരിക്കുന്നവരായിരുന്നു
30. وَإِذَا مَرُّواْ بِهِمْ يَتَغَامَزُونَ
തങ്ങളുടെ അടുത്ത്‌ കൂടി സത്യ വിശ്വാസികൾ നടന്ന് പോകുമ്പോൾ അവർ പരസ്പരം കണ്ണ്‌കൊണ്ട്‌ (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.

31. وَإِذَا انقَلَبُواْ إِلَى أَهْلِهِمُ انقَلَبُواْ فَكِهِينَ
തങ്ങളുടെ ബന്ധുക്കളിലേക്ക്‌ തിരിച്ച്‌ ചെല്ലുമ്പോൾ രസിച്ച്‌(സംതൃപ്തരായി)കൊണ്ടായിരുന്നു അവർ മടങ്ങി ചെന്നിരുന്നത്‌.

32
. وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاء لَضَالُّونَ
ഇവർ പിഴച്ചവർ തന്നെയാണെന്ന് സത്യ വിശ്വാസികളെ കാണുമ്പോൾ അവർ പറയുകയും ചെയ്തിരുന്നു.

33
. وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
സത്യവിശ്വാസികളുടെ മേൽനോട്ടം വഹിക്കുന്നവരായി അവർ നിയോഗിക്കപ്പെട്ടിട്ടില്ല താനും.

ഖുർആൻ അവതരിച്ചു കൊണ്ടിരുന്ന കാലത്തെ മുശ്‌രിക്കുകൾ മുസ്‌ലിംകൾക്കെതിരിൽ അനുവർത്തിച്ച്‌ വന്നിരുന്നതും ഇസ്‌ലാമിന്റെ എതിരാളികളിൽ പലപ്പോഴും കാണപ്പെടുന്നതുമായ ചില കാര്യങ്ങളാണ്‌ അല്ലാഹു ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. മുസ്‌ലിംകളെക്കുറിച്ച്‌ പുച്ഛിച്ച്‌ ചിരിക്കുക,കണ്ണ്‌ കൊണ്ടും മറ്റും ഗോഷ്ടികൾ കാട്ടി പരിഹസിക്കുക,സ്വന്തം ആളുകളുടെ അടുത്തെത്തുമ്പോൾ അതിന്റെ പേരിൽ ദുരഭിമാനം കൊള്ളുക, എന്നോ ലഭിക്കുമെന്ന് പറയുന്ന പരലോക സുഖത്തിനായി ഇവിടെയുള്ള താൽകാലിക സന്തോഷങ്ങൾ പലതും ഉപേക്ഷിക്കുന്നവർ വഴി പിഴച്ചവരെന്നും കൊള്ളരുതാത്തവരെന്നും അവരെപറ്റി വിധി കൽപ്പിച്ച്‌ സ്വയം തൃപ്തരാവുക തുടങ്ങിയവ അവരുടെ സ്വഭാവമായിരുന്നു.

അവിശ്വാസികളിൽ മാത്രമല്ല പുരോഗമന വാദികളെന്ന് സ്വയം ധരിച്ച്‌ വശായ ചില മുസ്‌ലിം നാമധാരികളിലും ഇസ്‌ലാമികമായ പല ആശയങ്ങളെയും അവരുടെ യുക്തിചിന്ത വെച്ച്‌ തള്ളിക്കളയാനുള്ള -അവകളെ പരിഹസിക്കാനുള്ള വ്യഗ്രത-കണ്ടുവരുന്നുണ്ട്‌.എന്നാൽ ഒരു ശരിയായ വിശ്വാസി അതൊന്നും മുഖവിലക്കെടുക്കാതെ അല്ലാഹുവിന്റെ മതം മുറുകെപിടിച്ച്‌ മുന്നോട്ട്‌ പോയാൽ ഈ ആളുകൾ വളരെ പരിഹാസത്തോടെ ലോകം തിരിയാത്തവർ എന്നൊക്കെ പരിഹസിക്കുന്നത്‌ കാണുമ്പോൾ ഈ വിശ്വാസികളുടെ കാര്യങ്ങൾ പരിശോധിക്കാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മേലന്വേഷണം നടത്താൻ അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ടവാണോ ഇവരെന്ന് തോന്നിപ്പോകും !അതില്ലെന്നു തീർച്ച തന്നെ ആസ്ഥിതിക്ക്‌ എന്തിനാണിവർ വിശ്വാസികളെ പരിഹസിക്കാൻ ഒരുങ്ങുന്നത്‌ എന്നാണ്‌ അല്ലഹു ചോദിക്കുന്നത്‌.ഈ ഭൗതിക ജീവിതത്തിൽ അത്തരം പരിഹാസങ്ങൾ സഹിച്ചും അല്ലാഹുവിനു വേണ്ടി ക്ഷമിച്ചും ജീവിക്കുന്നവർക്ക്‌ പരലോകത്ത്‌ അനുഭവം മറിച്ചായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാണിക്കുന്നു

34. فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ
എന്നാൽ അന്ന് (അന്ത്യനാളിൽ) സത്യവിശ്വാസികൾ സത്യനിഷേധികളെക്കുറിച്ച്‌ ചിരിക്കുന്നതാണ്‌

35. عَلَى الْأَرَائِكِ يَنظُرُونَ
അലംകൃത കട്ടിലുകളിലായി അവർ (സത്യനിഷേധികളെ) നോക്കിക്കാണും
ഭൂമിയിൽ മുസ്‌ലിംകളായതിന്റെ പേരിൽ വിശ്വാസികൾക്കുണ്ടായിരുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി ചിരിക്കുന്നവരായിരുന്നല്ലോ അവിശ്വാസികൾ!എന്നാൽ സത്യ വിശ്വാസം കൈക്കൊള്ളാത്തതിന്റെ പേരിൽ അവർ ഇന്ന് അനുഭവിക്കുന്ന ശിക്ഷകൾ കാണുമ്പോൾ തങ്ങളെ ഭൂമിയിൽ വെച്ച്‌ കളിയാക്കി ചിരിച്ചവർക്കുള്ള മറുപടിയെന്നോണവും അല്ലാഹു തങ്ങൾക്ക്‌ അവിടെ നൽകിയ അനുഗ്രഹങ്ങളിൽ ആഹ്ലാദിച്ചും വിശ്വാസികൾക്ക്‌ ചിരിക്കാൻ സാധിക്കും അവിടെ
36. هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ
സത്യനിഷേധികൾക്ക്‌ അവർ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നൽകപ്പെട്ടുവോ?

അതെ! അവർക്കു ലഭിക്കുന്ന പ്രതിഫലങ്ങൾ മേൽ വിവരിച്ച പ്രകാരമായിരിക്കെ ആപ്രതിഫലം ലഭിക്കുന്നതോട്‌ കൂടി യഥാർത്ഥത്തിൽ അവർ അർഹിക്കുന്നതും അവർക്ക്‌ അനുയോജ്യവുമായ പ്രതിഫലം അവർക്ക്‌ കിട്ടിക്കഴിഞ്ഞുവെന്നതിൽ ഒട്ടും സംശയമില്ല. ശിക്ഷ ലഭിക്കുമ്പോൾ അവർക്ക്‌ തന്നെ ഇത്‌ തോന്നുകയും ഇത്‌ തിരുത്താനുള്ള അവസരത്തിനായി കെഞ്ചുകയും ചെയ്യും എന്ന് ഖുർആൻ പല സ്ഥലത്തും വിശദീകരിച്ചിട്ടുണ്ട്‌. അല്ലാഹു നമ്മെയെല്ലാം പരലോക രക്ഷക്കായി പ്രവർത്തിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ ..
 

അൽ ഇൻഫിത്വാർ



മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 19
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമവും പറഞ്ഞ്‌ അനുഗ്രഹം തേടിക്കൊണ്ട്‌ ഞാൻ ആരംഭിക്കുന്നു
1. إِذَا السَّمَاء انفَطَرَتْ
ആകാശം പൊട്ടിപ്പിളരുമ്പോൾ.

കഴിഞ്ഞ അദ്ധ്യായത്തിൽ (അദ്ധ്യായം 81 )സൂചിപ്പിച്ച പോലെ ഖിയാമത്ത്‌ നാളിലെ ചില സംഭവങ്ങൾ തന്നെയാണ്‌ ഇവിടെയും പരാമർശം. സൂറ:അത്തതക് വീറിലെ പതിനൊന്നാം സൂക്തമാണ്‌ ഇതിലെ ഒന്നാം സൂക്തത്തിന്റെ ആശയം സൂചിപ്പിക്കുന്നത്‌. മൃഗത്തിന്റെ തൊലി പൊളിക്കുന്നത്‌ പോലെ ആകാശത്തിന്റെ മറകളെല്ലാം നീക്കി അവ വെളിവാക്കപ്പെടുമെന്ന് അവിടെ വിശദീകരിച്ചത്‌ ഓർക്കുക.ആ മാറ്റത്തിന്റെ പര്യവസാനമായിരിക്കും പൊട്ടിപ്പിളരുക എന്ന് ഇവിടെ സൂചിപ്പിച്ചത്‌
2. وَإِذَا الْكَوَاكِبُ انتَثَرَتْ
(നക്ഷത്ര)ഗ്രഹങ്ങൾ കൊഴിഞ്ഞു വീഴുകയും ചെയ്യുമ്പോൾ.

മുൻ അദ്ധ്യായത്തിലെ രണ്ടാം സൂക്തവും ഇതിലെ രണ്ടാം സൂക്തവും ഒരേ ആശയം പ്രതിഫലിപ്പിക്കുന്നു നക്ഷത്ര ഗ്രഹങ്ങളെല്ലാം അതിന്റെ സ്ഥാനവും ക്രമവും വിട്ട്‌ കൊഴിഞ്ഞു വീഴുന്നു
3. وَإِذَا الْبِحَارُ فُجِّرَتْ
സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോൾ.

മുൻ അദ്ധ്യായത്തിലെ ആറാം സൂക്തവും ഇതിലെ മൂന്നാം സൂക്തവും ഒരേ വിഷയത്തെ കുറിച്ചാണ്‌ സംസാരിക്കുന്നത്‌ അന്നേ ദിനം ഭൂമിയിലുണ്ടാവുന്ന മാറ്റത്തിന്റെ ഭാഗമായി സമുദ്രം തിളച്ച്‌ മറിയുകയും കരകവിഞ്ഞൊഴുകുകയും ചെയ്യുന്നതാണ്‌.
4. وَإِذَا الْقُبُورُ بُعْثِرَتْ
ഖബ്‌റുകൾ (അടിയോടെ)ഇളക്കി മറിക്കപ്പെടുകയും ചെയ്യുമ്പോൾ.

ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം ഖബറുകളിലുള്ളവരെ രണ്ടാമത്‌ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നാണ്‌ ഇമാം റാസി(റ)എഴുതുന്നു. ‘ഇവിടെ രണ്ട്‌ വ്യാഖ്യാനമുണ്ട്‌. 1)ഖബറുകൾ ഇളക്കി മറിക്കപ്പെടുന്നത്‌ അതിനകത്തുള്ള മയ്യിത്തുകൾക്ക്‌ ജീവൻ നൽകി പുറത്ത്‌ കൊണ്ട്‌ വന്ന് കൊണ്ടാണ്‌ 2) ഭൂമിക്കകത്തുള്ള സ്വർണ്ണം വെള്ളി തുടങ്ങിയ വസ്തുക്കൾ പുറത്ത്‌ കൊണ്ട്‌ വരുമെന്നാണ്‌ കാരണം അന്ത്യ നാളിന്റെ അടയാളങ്ങളിൽ ഇങ്ങനെയുള്ള നിക്ഷേപങ്ങൾ പുറത്തെത്തിച്ചതിനു ശേഷമാണ്‌ മരണപ്പെട്ടവർക്ക്‌ പുനർജന്മം നൽകുക എന്ന് കാണാം. എന്നാൽ ഒന്നാമത്തെ വ്യാഖ്യാനമാണ്‌ ഇവിടെ ഏറ്റവും യോജിക്കുന്നത്‌(റാസി.31/71).

ഈ നാല്‌ സൂക്തങ്ങളുടെ ക്രമീകരണത്തെ കുറിച്ച്‌ ഇമാം റാസി(റ)എഴുതുന്നത്‌ ചിന്താർഹമാണ്‌. ‘ഈ ഈ സൂക്തങ്ങളുടെ ഉദ്ദേശ്യം ലോകം നശിക്കുമെന്നും നിർദ്ദേശങ്ങൾ നിലക്കുമെന്നും ആകാശം മേൽക്കൂര പോലെയും ഭൂമി കെട്ടിടം പോലെയും ആണെന്നും ഒരു കെട്ടിടം പൊളിക്കാനുദ്ദേശിക്കുന്നവൻ ആദ്യം അതിന്റെ മേൽക്കൂരയാണ്‌ തകർക്കുക. ഇതാണ്‌ ആകാശം പൊട്ടിപ്പിളരുമ്പോൾ എന്നതിന്റെ താൽപര്യം. ആകാശം തകരുന്നതോടെ നക്ഷത്രങ്ങൾ തകർന്ന് വീഴുക സ്വാഭാവികം മാത്രം. ഇതാണ്‌ രണ്ടാം സൂക്തം നക്ഷത്രങ്ങൾ ഉതിർന്ന് വീഴുമ്പോൾ എന്ന് പറഞ്ഞത്‌ ആകാശത്തിന്റെ തകർച്ചയും നക്ഷത്രങ്ങളുടെ വീഴ്ച്ചയും കഴിഞ്ഞാൽ ഭൂമുഖത്തുള്ളവയുടെ നാശം ആരംഭിക്കും. അതാണ്‌ മൂന്നാം സൂക്തം സൂചിപ്പിക്കുന്നത്‌ അവസാനം ഭൂമിയാകുന്ന കെട്ടിടത്തിന്റെ സമൂല നാശം നടക്കും അതാണ്‌ നാലാം സൂക്തം സൂചിപ്പിക്കുന്നത്. ഈ ചിന്തനീയമായ ക്രമമാണ്‌ ഖുർ ആൻ മുന്നോട്ട്‌ വെച്ചത്‌’(റാസി 31/71)
5. عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
(അപ്പോൾ) ഓരോ ആളും താൻ മുമ്പ്‌ ചെയ്ത്‌ വെച്ചതും (ചെയ്യാതെ)പിന്നേക്ക്‌ വെച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

മുൻ അദ്ധ്യായത്തിലെ പതിനാലാം സൂക്തം സൂചിപ്പിച്ചത്‌ തന്നെയാണ്‌ ഇവിടെയും ഉദ്ദേശ്യം. ഈ ലോകത്ത്‌ വെച്ച്‌ ചെയ്ത കർമ്മങ്ങളാണ്‌(മുന്നെ ചെയ്ത്‌ വെച്ചത്‌)എന്ന് പറഞ്ഞത്‌ പ്രവർത്തിക്കാതെ വിട്ട്‌ കളഞ്ഞ കാര്യങ്ങളാണ്‌ (പിന്നേക്ക്‌ വെച്ചത്‌)എന്നതിന്റെ താൽപര്യം. അതായത്‌ ഭൂമിയിൽ ജീവിച്ചപ്പോൾ ഉത്തരവാദിത്വനിർവ്വഹണത്തിൽ താൻ എത്രത്തോളം വിജയിച്ചിരുന്നുവെന്നും, അപ്പോൾ താൻ നിർവ്വഹിക്കാതെ വിട്ട്‌ കളഞ്ഞ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും അവിടെ വെച്ച്‌ അറിയും എന്ന് സാരം.

ഇങ്ങനെ പറഞ്ഞത്‌ ഈ ഭൂമിയിലെ ജീവിതത്തിൽ തെറ്റുകൾ കയ്യൊഴിക്കാനും ആരാധനാ കാര്യങ്ങളിൽ സജീവത കൈവരിക്കാനും പ്രചോദനം നൽകാനാണ്‌. കാരണം എന്റെ ജീവിതം ശരിക്കും വിശകലനം നടക്കുന്ന ഒരു ദിനം വരാനുണ്ടെന്നറിയുന്ന ബുദ്ധിമാൻ മുൻകരുതലെടുക്കാൻ നിർബന്ധിതനാവുമെന്നതിൽ തർക്കമില്ലല്ലോ! മറ്റൊരു വ്യാഖ്യാനം ഇവിടെയുണ്ട്‌. ഇമാം സുയൂഥി(റ) എഴുതുന്നു. ‘മുന്നേ ചെയ്ത്‌ വെച്ചതെന്നാൽ താൻ ചെയ്ത നന്മകളും പിന്നേക്ക്‌ വെച്ചതെന്നാൽ താൻ ബാക്കി വെച്ച നല്ല ചര്യയാണ്‌. അത്‌ പിന്നീട്‌ വരുന്നവർ ചെയ്തു കൊണ്ടിരിക്കും .അതിന്റെ പേരിൽ തനിക്ക്‌ പ്രതിഫലം ലഭ്യമാവുകയും ചെയ്യും. ഇതാണ്‌ നല്ല മാതൃകകൾ പിൻ തലമുറക്കായി ബാക്കി വെക്കുന്നത്‌ സൗഭാഗ്യവും, തെറ്റായ കീഴ്‌വഴക്കങ്ങൾ സ്ഥാപിച്ച്‌ മരണപ്പെട്ട്‌ പോകുന്നത്‌ പരാജയവുമാകുന്നു എന്ന് പറയാൻ കാരണം (അദ്ദുർ അൽ മൻഥൂർ6/534)

6. يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
ഹേ മനുഷ്യാ! മാന്യനായ (ഉദാരനായ)നിന്റെ നാഥനെ കുറിച്ച്‌ നിന്നെ വഞ്ചിച്ച്‌ കളഞ്ഞതെന്താണ്‌?

7. الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
അതെ! നിന്നെ അവൻ സൃഷ്ടിക്കുകയും ശരിപ്പെടുത്തുകയും അവൻ നിന്നെ പാകപ്പെടുത്തുകയും ചെയ്തു.

8. فِي أَيِّ صُورَةٍ مَّا شَاء رَكَّبَكَ
ഏതൊരു രൂപത്തിലാണോ അവൻ ഉദ്ദേശിച്ചത്‌ ആ രൂപത്തിൽ അവൻ നിന്നെ കൂട്ടിച്ചേർത്തു.


കഴിഞ്ഞ സൂക്തങ്ങളിൽ ലോകാവസാനവും പുനർജ്ജന്മവുമൊക്കെ പരാമർശിച്ചപ്പോൾ അതിന്റെ സംഭവ്യതക്ക്‌ തന്റെ ജീവിതത്തിൽ നിന്ന് തന്നെ തെളിവ്‌ നൽകുകയാണ്‌ അല്ലാഹു. അഥവാ മനുഷ്യൻ തന്നെ കുറിച്ചു തന്നെയൊന്ന് ചിന്തിച്ചുകൂടെ? അവൻ നിന്നെ ഇന്ദ്രിയ തുള്ളിയിൽ നിന്ന് പടക്കുകയും നിനക്കാവശ്യമായ അവയവങ്ങൾ നൽകി ശരിപ്പെടുത്തുകയും ഓരോ അവയവവും അതാതിന്റെ തോതും യോജിപ്പുമനുസരിച്ച്‌ യഥാക്രമം പാകപ്പെടുത്തി നിന്റെയോ മറ്റാരുടെയോ ഇഷ്ടമോ അഭിപ്രായമോ അനുസരിച്ചല്ലാതെ അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച്‌ അവൻ നിനക്ക്‌ രൂപം നൽകുകയും ചെയ്തു. ഇങ്ങനെ നിനക്ക്‌ സൃഷ്ടിയും രൂപവും നൽകി നിന്നെ സംരക്ഷിച്ച്‌ വരുന്ന അത്യുദാരനും അതി മാന്യനുമായ നിന്റെ നാഥന്റെ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കാതെയും അവന്റെ ശാപ കോപങ്ങളെ കുറിച്ച്‌ ഭയപ്പെടാതെയും നീ ജീവിക്കുന്നത്‌ അത്ഭുതം തന്നെ! നിന്റെ തെറ്റുകൾക്ക്‌ ഉടനടി അവൻ ശിക്ഷ നൽകിയില്ല എന്നത്‌ അവന്റെ മഹാ അനുഗ്രഹമായി മനസിലാക്കി കൂടുതൽ നന്ദിയുള്ളവനാവുന്നതിനു പകരം നീ എന്തേ ഇത്രയും ധിക്കാരിയായത്‌? എന്നാണ്‌ അല്ലാഹു ചോദിക്കുന്നത്‌.

അല്ലാഹു ഉദ്ദേശിച്ചത്‌ പോലെയാണ്‌ അവൻ സൃഷ്ടിക്കുന്നതെന്നും നിങ്ങളുടെ അഭിപ്രായത്തിനു അതിൽ ഒരു കാര്യവുമില്ലെന്നത്‌ കൊണ്ടാണ്‌ കറുത്ത മാതാപിതാക്കൾക്ക്‌ വെളുത്ത കുട്ടിയും തിരിച്ചും വികലാംഗർക്ക്‌ അല്ലാത്ത കുട്ടിയെ കൊടുത്തതും തിരിച്ചു നൽകുന്നതുമൊക്കെ എന്ന് നമുക്ക്‌ അനുഭവമല്ലേ?

9. كَلَّا بَلْ تُكَذِّبُونَ بِالدِّينِ
അങ്ങനെ വേണ്ടാ! പക്ഷെ നിങ്ങൾ പ്രതിഫലം നൽകപ്പെടുന്ന ദിനത്തെ നിഷേധിക്കുന്നു.

സൃഷ്ടാവായ അല്ലാഹുവിൽ നിന്ന് ഭൗതിക ലോകത്ത്‌ വെച്ച്‌ തിരിച്ചടികളും ശിക്ഷകളും ഉണ്ടാവുന്നില്ലെന്നത്‌ അല്ലാഹുവിനെ തന്നെ നിഷേധിക്കുന്നിടത്തേക്ക്‌ നിങ്ങളെ എത്തിച്ചിരിക്കുന്നുവെന്നും അത്‌ അത്ഭുതകരമായ വഞ്ചനയിൽ നിങ്ങൾ പെട്ടത്‌ കൊണ്ടാണെന്നും ഉണർത്തിയ അല്ലാഹു ഈ വഞ്ചനയുടെ ഏറ്റവും വലിയ തെളിവാണ്‌ നിങ്ങൾ പ്രതിഫല ദിനത്തെ നിഷേധിക്കുന്നത്‌ എന്നും അതൊരിക്കലും ബുദ്ധിയുള്ളവർക്ക്‌ ചേർന്ന പണിയല്ലെന്നും ഉണർത്താനാണീ പ്രയോഗം ഇത്രയൊക്കെ സൗകര്യങ്ങൾ നിങ്ങൾക്ക്‌ ചെയ്ത്‌ തന്ന അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും വിചാരണ ചെയ്യാനും ഒരുക്കുന്ന ദിനമാണ്‌ പ്രതിഫല ദിനം! അത്‌ നിഷേധിക്കുന്നിടത്തോളം നിങ്ങൾ അഹങ്കാരികളായി. അതൊരിക്കലും ഉണ്ടാവരുതായിരുന്നു എന്നാണ്‌ ഉണർത്തുന്നത്‌ അഥവാ ഇവിടെ നിങ്ങൾക്ക്‌ അല്ലാഹു തന്ന സാവകാശം നിങ്ങളെ എന്തും ചെയ്യാൻ കയറൂരി വിട്ടതല്ലെന്നും പ്രവർത്തനം വിലയിരുത്തി പ്രതിഫലം തരാനായി അല്ലാഹു സംവിധാനിച്ച ദിവസം വരാനിരിക്കുന്നുവെന്നും അത്‌ ഓർക്കാതെയുള്ള അപഥ സഞ്ചാരം ആപത്താണെന്നും ഉണർത്തുകയാണിവിടെ! ആദിനത്തിന്റെ സംഭവ്യതക്ക്‌ ആവശ്യമായ തെളിവുകൾ നേരത്തേ പറഞ്ഞത്‌ ഓർക്കുമല്ലോ!


10. وَإِنَّ عَلَيْكُمْ لَحَافِظِينَ
നിശ്ചയം! നിങ്ങളുടെ മേൽ സൂക്ഷ്മമായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ചിലരുണ്ട്‌ താനും.

11. كِرَامًا كَاتِبِينَ
അതായത്‌ (കാര്യങ്ങൾ )എഴുതി രേഖപ്പെടുത്തുന്ന മാന്യന്മാർ!

12. يَعْلَمُونَ مَا تَفْعَلُونَ
നിങ്ങൾ ചെയ്യുന്നതെല്ലാം അവർ അറിയുന്നുണ്ട്‌.

വിചാരണ ദിനത്തിലേക്ക്‌ ആവശ്യമായ തെളിവുകൾ നിരത്താൻ അല്ലാഹു തന്നെ ചെയ്ത സംവിധാനമാണിത്‌. മനുഷ്യന്റെ ജീവിതം ഒപ്പിയെടുക്കാനും അവരുടെ എല്ലാ കാര്യങ്ങളും എഴുതി വെക്കാനും ബഹുമാനികളായ മാലാഖമാരെ അല്ലാഹു ഒരുക്കിയിട്ടുണ്ട്‌. അവരുടെ നിരീക്ഷണത്തിൽ നിന്ന് പുറത്ത്‌ കടക്കാനോ അവരുടെ കണ്ണ്‌ വെട്ടിച്ച്‌ കുറ്റങ്ങളിൽ മുഴുകാനോ ഒരാൾക്കും സാദ്ധ്യമല്ല. ഖുർആൻ തന്നെ ധാരാളം സ്ഥലങ്ങളിൽ ഈ മലക്കുകളുടെ സാന്നിദ്ധ്യത്തെ കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. അവർ പകപോക്കലിന്റെ പേരിൽ എന്തെങ്കിലും എഴുതി വെക്കുന്നവരല്ലെന്നും മറിച്ച്‌ മാന്യന്മാരാണെന്നും അല്ലാഹു ഉണർത്തുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം അവർ അറിയുന്നു എന്ന പ്രസ്താവന തന്നെ മതി മനുഷ്യന്റെ കണ്ണ്‌ തുറക്കാൻ!

ഇമാം റാസി(റ)എഴുതുന്നു. ‘അല്ലാഹു ഈ മലക്കുകൾക്ക്‌, വീക്ഷിക്കുന്നവർ, മാന്യന്മാർ, എഴുത്തുകാർ, നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ പറഞ്ഞ്‌ അവരെ പുകഴ്ത്തിയത്‌ അവരുടെ മഹത്വം പ്രകാശനം ചെയ്യുന്നതോടൊപ്പം പ്രതിഫല ദിനത്തിലെ കാര്യങ്ങളുടെ ഗൗരവം അറിയിക്കാൻ കൂടിയാണ്‌’(റാസി 31/77). ചുരുക്കത്തിൽ പരലോകത്തിൽ നടക്കുന്ന വിചാരണ ഒരിക്കലും പ്രഹസനമായിരിക്കില്ലെന്നും കൃത്യമായ തെളിവുകൾ മാറ്റുരക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിധി വരികയും ചെയ്യുന്ന ദിനമാണത്‌ എന്നും വ്യക്തം! അന്നത്തെ വിധിയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നാണ്‌ തുടർന്നുള്ള സൂക്തങ്ങളിൽ അല്ലാഹു സൂചിപ്പിക്കുന്നത്‌ .

13. إِنَّ الْأَبْرَارَ لَفِي نَعِيمٍ
നിശ്ചയം, പുണ്യവാന്മാർ സുഖാനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

പുണ്യവാന്മാർ എന്ന് പറയപ്പെടണമെങ്കിൽ ഏറ്റവും ചുരുങ്ങിയത്‌ നിർബന്ധങ്ങൾ മുഴുവനും നിർവ്വഹിക്കുകയും നിഷിദ്ധങ്ങൾ കയ്യൊഴിക്കുകയും വേണം. ഇമാം ത്വബ്‌രി(റ) എഴുതുന്നു. ‘അല്ലാഹു നിർബന്ധമാക്കിയതൊക്കെ എടുത്തു കൊണ്ടും ദോഷങ്ങളെ ഉപേക്ഷിച്ച്‌ കൊണ്ടും ഗുണം പ്രവർത്തിച്ചവർ സ്വർഗ്ഗീയ സുഖങ്ങളിൽ വിരാജിക്കും(ത്വബ്‌രി30/97)’. അപ്പോൾ സ്വർഗപ്രവേശനം കൊതിക്കുന്നവർ ചുരുങ്ങിയത് നിർബന്ധങ്ങൾ ചെയ്യാനും ഹറാമുകൾ വർജ്ജിക്കാനും തയ്യാറായേ പറ്റൂ എന്നാണിത്‌ നമ്മെ പഠിപ്പിക്കുന്നത്‌.

14. وَإِنَّ الْفُجَّارَ لَفِي جَحِيمٍ
(ദുർമാർഗികളായ)തോന്നിവാസികൾ ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും.

15. يَصْلَوْنَهَا يَوْمَ الدِّينِ
പ്രതിഫല ദിനത്തിൽ അവർ അതിൽ പ്രവേശിക്കും.

16. وَمَا هُمْ عَنْهَا بِغَائِبِينَ
അവർ അത്‌ (നരകം) വിട്ട്‌ മറഞ്ഞ്‌(ഒഴിവായി)പോകുന്നവരുമല്ല.

വിശ്വാസ വിശുദ്ധി കൈവരിക്കാത്തവരും കർമ്മ രംഗത്ത്‌ ശ്രദ്ധയില്ലാതെ അപഥ സഞ്ചാരം നടത്തിയവരുമൊക്കെ ഓർക്കേണ്ട വാചകമാണിത്‌. വിശ്വാസം ശരിയല്ലാത്തവരാണ്‌ ഒരിക്കലും നരകത്തിൽ നിന്ന് രക്ഷപ്പെടില്ലെന്ന് പറഞ്ഞത്‌ കൊണ്ട്‌ ഉദ്ദേശ്യം. അവർ നരകത്തിൽ നിന്ന് പുറത്ത്‌ കടത്താനും പിന്നീട്‌ നന്നായി ജീവിച്ചോളാം എന്ന് വിലപിക്കാനുമൊക്കെ തുടങ്ങും. പക്ഷെ ഈ സാഹചര്യത്തെ സംബന്ധിച്ച്‌ വേണ്ടത്‌ പോലെ നേരത്തെ നിങ്ങൾക്ക്‌ ഉത്ബോധനം ലഭിച്ചിട്ടും അത്‌ അവഗണിച്ച നിങ്ങൾക്ക്‌ വീണ്ടും അവസരം തന്നാലും അത്‌ തന്നെ തുടരുമെന്നും അതിനാൽ നരകശിക്ഷ തുടരുകയല്ലാതെ കിടന്ന് മോങ്ങേണ്ടതില്ലെന്ന മറുപടിയാണ്‌ അവരെ കാത്തിരിക്കുന്നത്‌ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഗൗരവത്തോടെ കാണാനും ജീവിത കാലത്ത്‌ മുൻകരുതലെടുക്കാനും അല്ലാഹു തൗഫീഖ്‌ നൽകട്ടെ. ആമീൻ.

ഇമാം റാസി(റ)എഴുതുന്നു. ‘സുലൈമാനുബ്നു അബ്ദിൽ മലിക്‌ എന്നവർ അബൂഹാസിം എന്ന മഹാനോട്‌ ചോദിച്ചു നാളെ(പരലോകത്ത്‌ )എങ്ങനെയാണ്‌ അല്ലാഹുവിന്റെ അടുത്ത്‌ വരിക ?എന്ന്. മഹാൻ പറഞ്ഞു. ‘നല്ല വിശ്വാസവും സൽക്കർമ്മങ്ങളുമുള്ളവൻ വിദേശത്ത്‌ പോയവൻ സാവേശം തന്റെ കുടുംബത്തിലേക്ക്‌ വരുന്നവനെ പോലെ സന്തോഷത്തിലും തിന്മയുടെ വാക്താവ്‌ ഓടിപ്പോയ അടിമ യജമാനന്റെ അടുത്ത്‌ വരുന്നത്‌ പോലെയുമായിരിക്കും’. അപ്പോൾ കരഞ്ഞ്‌ കൊണ്ട്‌ സുലൈമാൻ എന്നവർ ചോദിച്ചു അല്ലാഹുവിന്റെ സന്നിധിയിൽ എനിക്കെന്താണുള്ളത്‌ എന്ന് അറിയാൻ എന്താണ്‌ മാർഗ്ഗം? മഹാൻ പറഞ്ഞു നിന്റെ പ്രവർത്തനങ്ങളെ ഖുർആനിന്റെ മേൽ വെളിവാക്കുക. സുലൈമാൻ ചോദിച്ചു ഖുർആനിൽ എവിടെയാണ്‌ ഞാൻ നോക്കേണ്ടത്‌ ? അപ്പോൾ മഹാൻ പറഞ്ഞുനിശ്ചയം പുണ്യവാന്മാർ സുഖത്തിലും ദുർമാർഗ്ഗികൾ നരകത്തിലുമാണ്‌ എന്ന സൂക്തങ്ങൾ നോക്കുക.

വേറെയും വ്യാഖ്യാനങ്ങൾ ഇവിടെയുണ്ട്‌. നഈം എന്നാൽ അല്ലാഹുവിനെ കുറിച്ച്‌ അറിയലും ജഹീം എന്നാൽ ദേഹേഛയുടെ ഇരുട്ടും ആണ്‌. അഥവാ നല്ലവർ അല്ലാഹുവിനെ അറിയാനും അവന്റെ അനുഗ്രഹങ്ങളിലൂടെ അവന്റെ ശക്തി മനസ്സിലാക്കാനും സമയം കണ്ടെത്തുമ്പോൾ ദുർമാർഗ്ഗികൾ താൽക്കാലിക സുഖങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരായിരിക്കും ആ സുഖങ്ങൾക്ക്‌ വേണ്ടി പരലോകം നഷ്ടപ്പെടുത്തുമെന്ന് സാരം. നഈം എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കലും ജഹീം എന്നാൽ അത്യാഗ്രഹം എന്നും, നഈം എന്നാൽ അല്ലാഹുവിന്റെ തൃപ്തിയിൽ ജോലിയാവലും ജഹീം എന്നാൽ സൃഷ്ടികളുടെ തൃപ്തിയിൽ ജോലിയാവലും എന്നും ചില വ്യാഖ്യാനങ്ങളുണ്ട്‌(റാസി 31/78-79)

17. وَمَا أَدْرَاكَ مَا يَوْمُ الدِّينِ
പ്രതിഫല ദിവസം എന്നാൽ എന്താണ്‌ എന്ന് താങ്കൾക്ക്‌ അറിവ്‌ നകിയതെന്താണ്‌?

18. ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
വീണ്ടും(ചോദിക്കട്ടെ)പ്രതിഫല ദിവസം എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയത്‌ എന്താണ്‌?
19. يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ
ഒരാൾ മറ്റൊരാൾക്ക്‌ ഒന്നും അധീനമാക്കാത്ത ദിവസമാണത്‌ അന്ന് എല്ലാകാര്യങ്ങളും (അധികാരങ്ങളും)അല്ലാഹുവിനാകുന്നു.

പ്രതിഫല ദിവസത്തിന്റെ ഭയാനകത ബോദ്ധ്യപ്പെടുത്തുകയാണ്‌ ഈവസാന വചനങ്ങൾ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണവും അധികാരവും എല്ലാ കാലത്തും അല്ലാഹുവിനു തന്നെയാണെങ്കിലും ഭൗതികജീവിതത്തിൽ മനുഷ്യനു കുറെ സ്വാതന്ത്ര്യവും കഴിവുകളും അല്ലാഹു നൽകിക്കൊണ്ടിരിക്കുകയും അതനുസരിച്ച്‌ അവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരലോകത്തതെല്ലാം നിശ്ശേഷം തകരുകയും സംസാരിക്കാൻ പോലും പലർക്കും അനുവാദമില്ലാതാവുകയും ഭയ വിഹ്വലരായി എല്ലാവരും അല്ലാഹുവിന്റെ വിധി കാത്ത്‌ നിൽക്കുകയും ചെയ്യും അല്ലാഹു അനുവാദം നൽകുന്നവരല്ലാതെ സംസാരിക്കാൻ പോലും ആർക്കും സാധിക്കില്ല. അന്നത്തെ ദിനത്തിൽ വിശിഷ്ട പരിഗണന ലഭിക്കുന്നവരിൽ ഉൾപ്പെടാൻ നാം പ്രവർത്തിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

Friday 20 November 2015

സൂറ:അത്തക്‌വീർ



( മക്കയിൽ അവതരിച്ചു.. ആകെ സൂക്തങ്ങൾ 29 )


ഇമാം തുർമുദി(റ) റിപ്പൊർട്ട്‌ ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം നബി(സ്വ) പറഞ്ഞതായി ഇബ്നു ഉമർ(റ) പറയുന്നു. ഖിയാമത്ത്‌ നാളിനെ നോക്കി കാണുന്നത്‌ ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്‌വീർ), സൂറ: 82(ഇൻഫിത്വാർ), സൂറ: 84(ഇൻശിഖാഖ്‌) എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)

അദ്ധ്യായം 81 സൂറ:അത്തക്‌വീർ ( 1 മുതൽ 14 വരെ സൂക്തങ്ങളുടെ വിശദീകരണം ) part-1

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു.

1. إِذَا الشَّمْسُ كُوِّرَتْ
സൂര്യൻ ചുരുട്ടപ്പെടുമ്പോൾ.

അന്ത്യ നാളിനോടനുബന്ധിച്ചുണ്ടാകുന്ന കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്‌ സൂര്യന്റെ ചില ഭാഗങ്ങൾ മറ്റ്‌ ചില ഭാഗങ്ങളിലേക്ക്‌ കൂട്ടപ്പെടുകയും സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും എന്നാണ്‌ ഇവിടെ പറഞ്ഞതിന്റെ താൽപര്യം.

2
. وَإِذَا النُّجُومُ انكَدَرَتْ
നക്ഷത്രങ്ങൾ ഉതിർന്ന് വീഴുകയും ചെയ്യുമ്പോൾ.
ഇമാം റാസി(റ)എഴുതുന്നു. ആകാശം അന്ന് മഴത്തുള്ളി കണക്കെ നക്ഷത്രങ്ങളെ ഭൂമിയിലേക്ക്‌ വർഷിക്കും അവസാനം ആകാശത്ത്‌ ഒരു നക്ഷത്രവുമില്ലാത്ത അവസ്ഥ വരും(റാസി 31/61). നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌(റ) ഉദ്ധരിക്കുന്നു ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും അന്ന് ഭൂമിയിലേക്ക്‌ വീഴുകയും ജനം അത്‌ കണ്ട്‌ ഭയപ്പെടുകയും ചെയ്യും(ഖുർത്വുബി 19/160)
3. وَإِذَا الْجِبَالُ سُيِّرَتْ
പർവ്വതങ്ങൾ (അതിന്റെ സ്ഥാനം വിട്ട്‌) നടത്തപ്പെടുകയും ചെയ്യുമ്പോൾ.
പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങൾ വിട്ട്‌ നീക്കപ്പെടുകയും പൊടി പൊടിയാക്കി പാറ്റപ്പെടുകയും ചെയ്യും (കൂടുതൽ വിശദീകരണം സൂറ 78: സൂക്തം 20 ന്റെ വിശദീകരണം നോക്കുക)
وَإِذَا الْعِشَارُ عُطِّلَتْ . 4
പൂർണ്ണ ഗർഭിണികളായ ഒട്ടകങ്ങൾ(ഉപേക്ഷിച്ച്‌)വിടപ്പെടുകയും ചെയ്യുമ്പോൾ.
ഖുർആൻ അവതരിക്കുന്ന കാലത്തെ അറബികളെ സംബന്ധിച്ചിടത്തോളം അവർക്ക്‌ ഏറ്റവും വിലപ്പെട്ട സമ്പത്താണ്‌ പ്രസവിക്കാറായ ഒട്ടകം ആ സമയത്ത്‌ അവക്ക്‌ പ്രത്യേക പരിചരണവും ശ്രദ്ധയും അവരിൽ നിന്ന് ലഭിക്കും എന്നാൽ അന്ത്യ നാളിന്റെ ഇടിപ്പടക്കങ്ങൾ കൺ മുന്നിൽ കാണുമ്പോൾ ഈ ഒട്ടകങ്ങളെ പോലും അവർ അവഗണിക്കും (അതിനു മാത്രം ഗൗരവമാണ്‌ അന്നത്തെ അവസ്ഥ!)അന്ന് അവർ ഒട്ടകത്തെ അവഗണിക്കും എന്നതിനർത്ഥം ജനം അവരുടെ ഏറ്റവും പ്രിയപ്പെട്ട സമ്പത്ത്‌ സംരക്ഷിക്കുന്നതിൽ പോലും അ ശ്രദ്ധരാകും വിധം ഭീകരാന്തരീക്ഷം അന്നേദിവസം സംജാതമാവുമെന്നാണ്‌.
ഇമാം റാസി(റ) എഴുതുന്നു. ‘ഈ പറഞ്ഞതിന്റെ താൽപര്യം സമ്പത്തും അധികാരങ്ങളുമൊക്കെ വലിച്ചെറിഞ്ഞു ജനങ്ങൾ അന്ന് സ്വന്തം ശരീരത്തെ കുറിച്ച്‌ (അതിനെ എങ്ങനെ രക്ഷിക്കാമെന്ന്)ചിന്തിച്ച്‌ കൊണ്ടിരിക്കുമെന്നാണ്‌(റാസി 31/62)’
5. وَإِذَا الْوُحُوشُ حُشِرَتْ
കാട്ടു ജന്തുക്കൾ ഒരുമിച്ച്‌ കൂട്ടപ്പെടുകയും ചെയ്യുമ്പോൾ.
പരസ്പരം അക്രമിക്കുകയും പിടിച്ചു തിന്നുകയും ചെയ്തിരുന്ന കാട്ടു ജീവികൾ ഒരേ സ്ഥലത്ത്‌ ഒരു മിച്ചു കൂടും എന്നാൽ ഒന്നും മറ്റൊന്നിനെ അക്രമിക്കില്ല കാരണം ആ ദിനത്തിന്റെ ഭീതി തന്നെ! എന്തിനാണീ വന്യ ജീവികളെയും മറ്റും ഒരു മിച്ച്‌ കൂട്ടുന്നത്‌ ?
ഇമാം റാസി(റ) എഴുതുന്നു. ‘അല്ലാഹു എല്ലാ ജീവികളെയും അന്ന് ഒരുമിച്ചു കൂട്ടുകയും എന്നിട്ട്‌ ഭൂമിയിൽ വെച്ച്‌ അക്രമം കാണിച്ചവരിൽ നിന്ന് പ്രതിക്രിയ ചെയ്യാൻ മർദ്ദിതരായ ജീവികൾക്ക്‌ അവസരം കൊടുക്കുകയും ശേഷം മണ്ണാവാൻ അവയോട്‌ നിർദ്ദേശിക്കുകയും ചെയ്യും അല്ലാഹുവിന്റെ നീതി വെളിവാക്കാനാണ്‌ അവകളെ അല്ലാഹു ഹാജറാക്കുന്നത്‌ ബുദ്ധിയില്ലാത്ത അവക്കിടയിൽ തന്നെ അല്ലാഹു അവിടെ നീതി നടപ്പാക്കുമെങ്കിൽ വിശേഷ ബുദ്ധിയും നിയമങ്ങളും നിർദ്ദേശങ്ങളും ബാധകമായിരുന്ന മനുഷ്യ-ഭൂത വർഗങ്ങളെ അല്ലാഹു എന്തായാലും അവിടെ ഒരുമിച്ചു കൂട്ടുമെന്ന് മനസിലാക്കാൻ പ്രയാസമില്ലല്ലോ!’(റാസി 31/62)
6. وَإِذَا الْبِحَارُ سُجِّرَتْ
സമുദ്രങ്ങൾ തിളച്ചു മറിക്കപ്പെടുകയും ചെയ്യുമ്പോൾ.
ഭൂമിയുടെ സ്വഭാവം അന്ത്യ നാളിനോടനുബന്ധിച്ച്‌ പാടെ മാറി പോകുന്നതിന്റെ ഭാഗമായി സമുദ്രം തിളച്ച്‌ മറിയുംഅന്നേ ദിനം ഭൂമിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായി സമുദ്രങ്ങൾ തിളച്ച്‌ മറിയുകയും കര കവിഞ്ഞൊഴുകുകയും ചെയ്യും സമുദ്ര ജലം വറ്റി തൽസ്ഥാനത്ത്‌ തീ പിടിച്ച്‌ പോകുന്നു എന്നും അഭിപ്രായമുണ്ട്‌. ഇമാം ത്വബരി(റ) എഴുതുന്നു. ‘വ്യാഖ്യാതാക്കൾ ഇവിടെ ഭിന്നാഭിപായക്കാരാണ്‌ ചിലർ പറയുന്നത്‌ വെള്ളം വറ്റി തീ കത്തുകയും കരിയുകയും ചെയ്യുമെന്നാണ്‌ മറ്റു ചിലർ പറയുന്നത്‌ കവിഞ്ഞൊഴുകുമെന്നാണ്‌.’ ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുമെന്നതാണ്‌. കാരണം മറ്റൊരു സ്ഥലത്ത്‌ (82/1)സമുദ്രം പൊട്ടിപ്പിളരുമ്പോൾ എന്ന് പറഞ്ഞതിൽ നിന്ന് ഇതാണ്‌ കൂടുതൽ വ്യക്തമാവുന്നത്‌(ത്വബരി 15/72) ഈ പറഞ്ഞ ആറു കാര്യങ്ങൾ ഖിയാമത്തിന്റെ ഭാഗമായി ലോകം നശിക്കുന്നതിനു മുമ്പേ സംഭവിക്കാം.
ഇമാം റാസി(റ) എഴുതുന്നു. ‘ഈ പറഞ്ഞ ആറു അടയാളങ്ങൾ ലോകം നശിക്കാൻ ആരംഭിക്കുന്ന ആദ്യ സമയത്തോ അന്ത്യനാളിനു ശേഷമോ ആവാം. എന്നാൽ ഇനി പറയുന്നവ എന്തായാലും ഖിയാമത്ത്‌ നാൾ സംഭവിച്ചതിനു ശേഷമേ സംഭവിക്കുകയുള്ളൂ’(റാസി 31/63).

ഇമാം ഖുർത്വുബി (റ) എഴുതുന്നു. ‘ഇബയ്യുബ്നു കഅ്ബ്‌(റ) പറഞ്ഞിരിക്കുന്നു. ‘ആറു അടയാളങ്ങൾ ഖിയമത്ത്‌നാൾ സംഭവിക്കുന്നതിനു മുമ്പാണ്‌ നടക്കുക. അതായത്‌ ജനങ്ങൾ അവരുടെ തൊഴിലുകളിലും അങ്ങാടികളിലും ആയിരിക്കെ സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും നക്ഷത്രങ്ങൾ വെളിപ്പെടുകയും ചെയ്യും അസമയത്തുള്ള നക്ഷത്രങ്ങളുടെ രംഗപ്രവേശനവും സൂര്യന്റെ മങ്ങലും കണ്ട്‌ അവർ പരിഭ്രമിച്ച്‌ നിൽക്കുമ്പോൾ ഈ നക്ഷത്രങ്ങൾ ഉതിർന്നു വീഴും. അപ്പോൾ തന്നെ പർവ്വതങ്ങൾ ഭൂമുഖത്ത്‌ വീഴുകയും അത്‌ തകർന്ന് ധൂളികളായി പാറുകയും ചെയ്യും അപ്പോൾ മനുഷ്യർ ഭയത്തോടെ ഒത്തു കൂടും. ജിന്നുകളും ഒത്ത്‌ കൂടും കന്ന് കാലികളും വന്യ ജീവികളും ഇഴ ജന്തുക്കളും പക്ഷികളും ഭയത്തോടെ ഒത്ത് കൂടും. അതാണ്‌ കാട്ട്‌ ജീവികളെ ഒരുമിച്ച്‌ കൂട്ടപ്പെട്ടാൽ(സൂക്തം :5) എന്ന് പറഞ്ഞത്‌. അപ്പോൾ ജിന്നുകൾ പറയും ഞങ്ങൾ നിങ്ങൾക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്നതിനെ കുറിച്ച്‌ വല്ല വാർത്തയും കൊണ്ട്‌ വരാം എന്ന്. അങ്ങനെ അവർ സമുദ്രത്തിന്റെ അടുത്ത്‌ എത്തുമ്പോൾ അത്‌ നിറഞ്ഞ്‌ കവിയുന്നതും കത്തിയമരുന്നതും കാണും അപ്പോൾ തന്നെ ഒരു കാറ്റ്‌ അടിക്കുകയും എല്ലാവരും മരിക്കുകയും ചെയ്യും(ഖുർത്വുബി 19/163)

7. وَإِذَا النُّفُوسُ زُوِّجَتْ
ആളുകൾ കൂട്ടി ഇണക്കപ്പെടുകയും ചെയ്യുമ്പോൾ
അന്ത്യനാളിൽ നല്ലവരെ നല്ലവരോടൊപ്പവും ചീത്ത ആളുകളെ അവരെ പോലുള്ളവരോടൊപ്പവും കൂട്ടിച്ചേർക്കപ്പെടുന്നതാണ്‌. ആത്മാക്കളെ അതിന്റെ ജഢവുമായി കൂട്ടിച്ചേർക്കപ്പെടും എന്നും ഇവിടെ വ്യാഖ്യാനമുണ്ട്‌ ഇമാം ത്വബരി(റ)എഴുതുന്നു. ഉമർബിൻ അൽഖത്വാബ്‌(റ) വിനോട്‌ ഈ സൂകതത്തെ കുറിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞത്‌ സുകൃതം ചെയ്ത ആളെ അതേ പോലെ സുകൃതം ചെയ്തവനോടൊപ്പം സ്വർഗത്തിലും ചീത്ത മനുഷ്യനെ അതേ പോലെ ചീത്ത പ്രവർത്തിച്ചവനൊപ്പം നരകത്തിലും ഒരുമിച്ച്‌ കൂട്ടപ്പെടുമെന്നാണ്‌ (ത്വബരി 15/77). ഇബ്നു അബ്ബാസ്‌(റ) പറഞ്ഞതായി ഇമാം റാസി(റ) ഉദ്ധരിക്കുന്നു. ‘വിശ്വാസികളെ സ്വർഗസ്ത്രീകളോടൊപ്പവും അവിശ്വാസികളെ പിശാചുക്കളോടൊപ്പവും ഒരുമിച്ച്‌ കൂട്ടപ്പെടും(റാസി 31/63) അന്ന് ജനങ്ങൾ മൂന്ന് തരക്കാരായിരിക്കും സൗഭാഗ്യത്തിന്റെ വലതുപക്ഷക്കാരും ദൗർഭാഗ്യത്തിന്റെ ഇടത്‌പക്ഷക്കാരും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ നന്മയിൽ മുൻകടന്നവരും ഓരോ വിഭാഗത്തെയും അതേ സ്വഭാവക്കാരോടൊപ്പം ഒരുമിച്ച്‌ കൂട്ടപ്പെടും എന്ന് സാരം(ഖുർത്വുബി19/163)
അപ്പോൾ ആ ദിനത്തിൽ ആരുടെ കൂടെ നിൽക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌ അവരുടെ സ്വഭാവവും ജീവിത രീതിയുമാണ്‌ നാം പിൻ തുടരേണ്ടത്‌. അവരെയാണ്‌ നാം സ്നേഹിക്കേണ്ടതും! മനുഷ്യൻ അവൻ സ്നേഹിക്കുന്നവരോടൊപ്പമാണെന്ന നബി വചനം ഇത്തരുണത്തിൽ ശ്രദ്ധേയമത്രെ!

8. وَإِذَا الْمَوْؤُودَةُ سُئِلَتْ
(ജീവനോടെ)കുഴിച്ചു മൂടപ്പെട്ട (പെൺകുട്ടി)ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ.

9. بِأَيِّ ذَنبٍ قُتِلَتْ
എന്തു കുറ്റത്തിനാണ്‌ അത്‌ കൊല്ലപ്പെട്ടതെന്ന്.
പെൺകുഞ്ഞ്‌ ജനിക്കുന്നത്‌ അപമാനമായി കാണുകയും തന്റെ രക്തത്തിൽ പിറന്ന കുഞ്ഞ്‌ പെണ്ണാണെന്നറിഞ്ഞാൽ നിർദ്ദാക്ഷിണ്യം അതിനെ കുഴിച്ച്‌ മൂടുകയും ചെയ്തിരുന്ന സമൂഹത്തിനു മുമ്പിൽ ആ കുഞ്ഞുങ്ങൾ എന്ത്‌ കുറ്റം ചെയ്തിട്ടാണ്‌ കുഴിച്ചു മൂടപ്പെട്ടതെന്ന് ചോദിക്കപ്പെടും പരലോകത്ത്‌ എന്നാണ്‌ അല്ലാഹു പറയുന്നത്‌. ആ കുഞ്ഞുങ്ങളോട്‌ ചോദിക്കപ്പെടുന്നത്‌ കുഴിച്ച്‌ മൂടിയവർക്ക്‌ ഒരു ശിക്ഷ എന്ന നിലക്കാണ്‌. ഇമാം ഇബ്നുകസീർ (റ) എഴുതുന്നു. ‘എന്തിനാണ്‌ നീ കൊല്ലപ്പെട്ടതെന്ന് കുഞ്ഞിനോട്‌ ചോദിക്കുന്നത്‌ കൊന്നവനെ ഭയപ്പെടുത്താനാണ്‌ കാരണം മർദ്ധിതനോട്‌ തന്നെ ചോദിക്കപ്പെടുമെങ്കിൽ മർദ്ദിച്ചവന്റെ അവസ്ഥ എന്തായിരിക്കും? (ഇബ്നു കസീർ4/695) ഈ ആയത്തിറങ്ങിയപ്പോൾ മുമ്പ്‌ ഈ ക്രൂരകൃത്യം ചെയ്തിരുന്ന പലരും ഖേദപ്രകടനവുമായി നബി(സ്വ)യെ സമീപിക്കുകയും മാപ്പപേക്ഷിക്കുകയും പ്രായശ്ചിത്തമെന്നോണം പലരും ഒട്ടകത്തെ അറുത്ത്‌ ദാനം ചെയ്യുകയും ചെയ്തിരുന്നതായി ധാരാളം റിപ്പൊർട്ടുകൾ നമുക്ക്‌ കാണാവുന്നതാണ്‌.
10. وَإِذَا الصُّحُفُ نُشِرَتْ
ഏടുകൾ തുറക്കപ്പെടുകയും ചെയ്യുമ്പോൾ
ഓരോരുത്തരുടെയും എല്ലാ കർമ്മങ്ങളും രേഖപ്പെടുത്തിയ ഏടുകൾ ഹാജറാക്കപ്പെടുകയും ഓരോരുത്തർക്കും അത്‌ വായിച്ച്‌ നോക്കാൻ സൗകര്യപ്പെടുമാർ അത്‌ നിവർത്തി കൈകളിൽ നൽകപ്പെടുകയും ചെയ്യും. പരലോകത്തെ ഏറ്റവും വലിയ‍ വിഷയം തന്നെയാണിത്‌. ജീവിതത്തിൽ നാം ചെയ്യുന്നതെല്ലാം രേഖപ്പെടുത്താൻ അല്ലാഹു നേരത്തേ തന്നെ സംവിധാനമുണ്ടാക്കുകയും ആ ഗ്രന്ഥം ഓരോരുത്തർക്കും നൽകി അത്‌ വായിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്യും. നാം ചെയ്തതെല്ലാം അതിൽ രേഖപ്പെട്ട്‌ കിടക്കുന്നുണ്ടാവും. അതിരഹസ്യമായി നാം ചെയ്ത കാര്യങ്ങളടക്കം എല്ലാം സവിസ്തരം അതിൽ വായിക്കുമ്പോൾ പലരുടെയും കണ്ണ്‌ തള്ളിപ്പോവും. ചെറുതെന്ന് ഞാൻ കരുതിയിരുന്നവ പോലും വായിക്കേണ്ടി വരുമ്പോൾ ഇതെന്തൊരു അത്ഭുത ഗ്രന്ഥം! ചെറുതും വലുതും ഒന്നും വിട്ട്‌ കളഞ്ഞിട്ടില്ലല്ലോ എന്ന് മനുഷ്യൻ വിലപിക്കും. അന്ന് നമ്മെ ദുഃഖിപ്പിക്കാനിടയുള്ള തിന്മകളൊക്കെ ഒഴിവാക്കി ഗ്രന്ഥം വായിക്കുമ്പോൾ സന്തോഷിക്കാനാവശ്യമായ നല്ല പ്രവർത്തനങ്ങൾ കൊണ്ട്‌ വിജയിക്കാൻ ശ്രമിക്കുക .അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
11. وَإِذَا السَّمَاء كُشِطَتْ
ആകാശം മറ മാറ്റപ്പെടുകയും ചെയ്യുമ്പോൾ

മൃഗങ്ങളുടെ തൊലിയുരിക്കുന്നത്‌ പോലെ ആകാശത്തിന്റെ മറകളെല്ലാം, തട്ടിമാറ്റി ആകാശം വെളിവാക്കപ്പെടും.ആകാശം ചുരുട്ടുകയും സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയും ചെയ്യുമെന്നും അർത്ഥമുണ്ട്‌.
12. وَإِذَا الْجَحِيمُ سُعِّرَتْ
നരകം ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോൾ.
എത്രയോ കാലമായി കത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നരകം അല്ലാഹുവിന്റെ കോപത്താലും മനുഷ്യരുടെ ദോഷത്താലും അതി ശക്തിയായി കത്തിക്കപ്പെടും അന്ന്.
13. وَإِذَا الْجَنَّةُ أُزْلِفَتْ
സ്വർഗം അടുപ്പിച്ചു കൊണ്ട്‌ വരപ്പെടുകയും ചെയ്യുമ്പോൾ.

സ്വർഗ്ഗം സജ്ജനങ്ങളിലേക്ക്‌ അടുപ്പിക്കപ്പെടുമെന്നാൽ സ്വർഗത്തിനു സ്ഥാന ചലനം സംഭവിക്കുമെന്നല്ല മറിച്ച്‌ ഭക്തരെ അത്‌ പ്രാപിക്കാൻ പാകത്തിൽ അല്ലാഹു അങ്ങോട്ട്‌ എത്തിക്കുമെന്നാണ്‌ ഹസൻ(റ) അഭിപ്രായപ്പെട്ടത്‌. ഏതായാലും വിശ്വാസികൾക്ക്‌ വേണ്ടി ചമഞ്ഞൊരുങ്ങി നിൽക്കുന്ന സ്വർഗവും ധിക്കാരികൾക്ക്‌ വേണ്ടി അലറി വിളിക്കുന്ന നരകവും അന്നേദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്‌.
ഖുർആൻ പറയുന്നു. ( وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ . وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ (الشعراء 90-91
സ്വർഗം ഭക്തന്മാരിലേക്ക്‌ അടുപ്പിക്കപ്പെടും ജ്വലിക്കുന്ന നരകം ദുർമാർഗികളിലേക്ക്‌ വെളിവാക്കപ്പെടുകയും ചെയ്യും (സൂറ:ശുഅറാഅ്90-91)
14. عَلِمَتْ نَفْسٌ مَّا أَحْضَرَتْ
(അപ്പോൾ) ഓരോ ആളും താൻ തയ്യാറാക്കി കൊണ്ട്‌ വന്നത്‌ എന്താണെന്ന് അറിയുന്നതാണ്‌.
മുമ്പ്‌ വിശദീകരിച്ച അതീവ ഗൗരവ രംഗങ്ങൾ കണ്ണിൽ കാണുകയും ചെയ്ത്‌ വെച്ച പ്രവർത്തനങ്ങളെല്ലാം തന്റെ ഏടിലും മനസിലും തെളിഞ്ഞു വരികയും ചെയ്യുമ്പോൾ താൻ ഭൗതിക ജീവിതത്തിൽ എന്തെല്ലാം ചെയ്തുവേന്നും അത്‌ തനിക്കിവിടെ ഗുണപരമായി മാറുമോ അതോ തന്നെ പിടിച്ചുലക്കുമോ എന്നെല്ലാം അനുഭവത്തിൽ ബോദ്ധ്യപ്പെടും .പക്ഷെ അവിടെ വെച്ച്‌ തന്റെ പ്രവർത്തനങ്ങൾ പരാജയമായിരുന്നുവെന്ന് മനസിലാക്കിയാൽ ഒരു പ്രായശ്ചിത്തത്തിനോ പരിഹാരക്രിയക്കോ സംവിധാനമുണ്ടാവില്ല. കാരണം അത്‌ പ്രതിഫലദിനമാണ്‌ പ്രവർത്തന ദിനമല്ല. അതിനാൽ ബുദ്ധിയുള്ളവൻ അന്നത്തെ രക്ഷക്ക്‌ വേണ്ട മുൻകരുതൽ ഇന്ന് എടുക്കണം അല്ലെങ്കിൽ തീരാ‍ദു:ഖത്തിലും മാറാവേദനയിലും എത്തിപ്പെടും. നബി(സ്വ) പറയുന്നു. ‘പരലോകത്ത്‌ ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ ഓരോരുത്തരോടും അല്ലാഹു സംസാരിക്കും അപ്പോൾ മനുഷ്യൻ തന്റെ വലത്‌ ഭാഗത്തേക്ക്‌ നോക്കിയാൽ താൻ നേരത്തേ ചെയ്ത്‌ വെച്ച കാര്യങ്ങൾ മാത്രമേ അവൻ കാണുകയുള്ളൂ. ഇടത്തോട്ട്‌ നോക്കിയാലും തഥൈവ!അപ്പോൾ അവന്റെ മുന്നിൽ അലറിവിളിക്കുന്ന നരകം അവൻ കാണുന്നുണ്ടാവും. അതിനാൽ ഒരു കാരക്കക്കഷ്ണം കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കാൻ സാധിക്കുന്നവർ അത്‌ ചെയ്യട്ടെ(അഥവാ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു കച്ചിത്തുരുമ്പും അവഗണിക്കരുത്‌) 
 

15. فَلَا أُقْسِمُ بِالْخُنَّسِ
എന്നാൽ പിൻവാങ്ങി പോകുന്നവ കൊണ്ട്‌ ഞാൻ സത്യം ചെയ്ത്‌ പറയുന്നു

16. الْجَوَارِ الْكُنَّسِ
(അതായത്‌)സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയും ചെയ്യുന്നവ കൊണ്ട്‌.

നക്ഷത്രങ്ങളെ കൊണ്ട്‌ അല്ലാഹു സത്യം ചെയ്തിരിക്കുകയാണ്‌ നക്ഷത്രങ്ങൾ രാത്രി പ്രത്യക്ഷപ്പെടുകയും പകൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു ചില നക്ഷത്രങ്ങൾ അവയുടെ സഞ്ചാര പഥത്തിലൂടെ മുന്നോട്ട്‌ വന്ന് പ്രത്യക്ഷപ്പെടുകയും വീണ്ടും പിന്നോട്ട്‌ മടങ്ങി അപ്രത്യക്ഷമാവുകയും ചെയ്യുന്നു നക്ഷത്രങ്ങളുടെ ഇങ്ങനെയുള്ള സ്വഭാവ വിശേഷണങ്ങളാണ്‌ ഇവിടെ വിശദീകരിച്ചിരിക്കുന്നത്‌

17. وَاللَّيْلِ إِذَا عَسْعَسَ
രാവ്‌ കൊണ്ടും (ഞാൻ സത്യം ചെയ്യുന്നു) അത്‌ (ഇരുട്ടുമായി) മുന്നോട്ട്‌ ഗമിക്കുമ്പോൾ.

ഇവിടെ പിന്നോട്ട്‌ ഗമിക്കുമ്പോൾ എന്നും വ്യഖ്യാനമുണ്ട്‌.രണ്ടായാലും രാവിന്റെ ഇരുട്ടുമായുള്ള വരവാണ്‌ ഉദ്ദേശ്യം.രാവിന്റെ ആദ്യം ഇരുട്ടുമായി മുന്നോട്ട്‌ വരുന്നുവെന്നും രാവിന്റെ അവസാനം ഇരുട്ടുമായി പിന്നോട്ട്‌ പോകുന്നുവെന്നും ചിലർ അർത്ഥം പറഞ്ഞിട്ടുണ്ട്‌(ഖുർത്വുബി 19/167)

18. وَالصُّبْحِ إِذَا تَنَفَّسَ
പ്രഭാതം കൊണ്ടും(ഞാൻ സത്യം ചെയ്യുന്നു)

അത്‌ വെളിച്ചം വീശി വികസിച്ച്‌ വരുമ്പോൾ പകൽ വെളിച്ചവുമായി വരുന്ന അവസ്ഥയാണിതിൽ സൂചിപ്പിച്ചിരിക്കുന്നത്‌ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളും നമുക്ക്‌ കാണാൻ സാധിക്കുന്നതും നാം ഫലം അനുഭവിക്കുന്നതുമായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്‌. ഇവയുടെ ഈ സേവനം മുഖേന നമുക്ക്‌ ജീവിതത്തിൽ വല്ലാത്ത ആശ്വാസവും അനുഗ്രഹവുമാണ്‌ അല്ലാഹു നൽകിയിരിക്കുന്നത്‌ എന്ന് ചിന്തിക്കാൻ നാം എത്ര സമയം ചിലവിടാറുണ്ട്‌? പകലോ രാത്രിയോ ഇല്ലാതായാലുള്ള അസ്വസ്ഥതയും അസൗകര്യങ്ങളും ചിന്തിച്ചാൽ നാം അല്ലാഹുവിനു നന്ദി ചെയ്യാത്ത വല്ല സമയവും ഉണ്ടാവുമോ? പ്രപഞ്ചത്തിലെ ഈ വസ്തുക്കളെ കൊണ്ട്‌ സത്യം ചെയ്ത്‌ വിശുദ്ധ ഖുർ ആനിന്റെ ആധികാരികതയും സത്യസന്ധതയും സ്ഥിരീകരിക്കുകയാണ്‌ അല്ലാഹു.

19. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
നിശ്ചയം ഇത്‌(ഖുർആൻ) മാന്യനായ ഒരു ദൂതൻ(എത്തിച്ചു തന്ന) വാക്കാകുന്നു

20. ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
അതെ !ശക്തനും അർശിന്റെ(സിംഹാസനത്തിന്റെ) ഉടമസ്ഥന്റെ അടുത്ത്‌ സ്ഥാനമുള്ളവരുമായ(ദൂതൻ)

21. مُطَاعٍ ثَمَّ أَمِينٍ
(ആകാശ ലോകങ്ങളിൽ) അനുസരിക്കപ്പെടുന്നവരും വിശ്വസ്തരുമായ (ദൂതൻ എത്തിച്ചു തന്ന വാക്കാകുന്നു ഇത്‌)

ഖുർആൻ അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ(അ) മുഖേനയാണല്ലോ നബി(സ്വ)ക്ക്‌ എത്തിക്കപ്പെട്ടത്‌. എത്തിച്ച്‌ കൊടുക്കുന്നയാളിന്റെ സ്ഥാനവും മഹത്വവും അറിയുമ്പോഴാണല്ലോ എത്തിക്കപ്പെട്ടതിന്റെ പ്രാധാന്യം വ്യക്തമാവുക! ജിബ്‌രീൽ മാലാഖ എന്ന ദൂതനു അല്ലാഹു പറഞ്ഞ വിശേഷണങ്ങൾ മാന്യൻ,ശക്തൻ,അല്ലാഹുവിങ്കൽ സ്ഥാനമുള്ളയാൾ,ആകാശ ലോകങ്ങളിൽ അനുസരിക്കപ്പെടുന്നയാൾ വിശ്വസ്ഥൻ എന്നിവയാണ്‌. അല്ലാഹുവിൽ നിന്ന് നബി(സ്വ)ക്ക്‌ ഖുർആൻ എത്തിച്ചു കൊടുത്ത ദൂതന്റെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെടുന്നത്‌ അദ്ദേഹത്തിലൂടെ എത്തിക്കപ്പെട്ട വിഷയമായ ഖുർആനിന്റെ വിശ്വാസ്യത വിളിച്ചോതുന്നുണ്ട്‌. അല്ലാഹു മഹത്വം നൽകിയ ജിബ്‌രീൽ(അ)ന്റെ ശക്തി പലതിലും പ്രകടമാണ്‌ ജിബ്‌രീലിന്റെ ശക്തിക്കുദാഹരണമാണ്‌ ലൂഥ്‌(അ)ന്റെ ജനതയുടെ ഗ്രാമം തന്റെ ചിറകിന്റെ മുൻഭാഗം കൊണ്ട്‌ താൻ പിഴുതെടുത്തു എന്നത്‌(റാസി/ഖുർ ത്വുബി) സിംഹാസനത്തിന്റെ ഉടമസ്ഥന്റെ അടുത്ത്‌ സ്ഥാനമുള്ളവൻ എന്ന് പറഞ്ഞതിനെ വിശദീകരിച്ച്‌ കൊണ്ട്‌ ഇമാം റാസി(റ)എഴുതുന്നു. ഈ അടുത്ത്‌ എന്നത്‌ സ്ഥലവുമായോ ഭാഗവുമായോ ബന്ധപ്പെട്ട അടുപ്പമല്ല മറിച്ച്‌ മഹത്വം ആദരവ്‌ എന്ന അടുപ്പമാണ്‌ ഉദ്ദേശ്യം(റാസി 31/67) അവിടെ അനുസരിക്കപ്പെടുന്നവർ എന്നാൽ ജിബ്‌രീൽ(അ) ന്റെ എല്ലാകൽപനകളും മലക്കുകൾ അവരുടെ ലോകത്ത്‌ അനുസരിക്കുന്നുവെന്നാണ്‌. ഇമാം ഖുർത്വുബി(റ)എഴുതുന്നു. മലക്കുകൾ ജിബ്‌രീൽ(അ)നെ അനുസരിക്കുന്നതിന്റെ ഉദാഹരണമാണ്‌ ഇസ്‌റാഇന്റെ(നിശാ പ്രയാണം) രാത്രിയിൽ നബി(സ്വ) യുമായി എത്തിയ ജിബ്‌രീൽ(അ) സ്വർഗത്തിന്റെ ഉത്തരവാദിത്തമുള്ള രിള്‌വാൻ(അ) നോട്‌ സ്വർഗം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വർഗവും നരകത്തിന്റെ ചുമതലയുള്ള മാലിക്‌(അ)നോട്‌ നരകം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നരകവും തുറക്കുകയും നബി(സ്വ) അതിലുള്ള കാര്യങ്ങൾ കാണുകയും ചെയ്തത്‌(ഖുർത്വുബി 19/168). താൻ അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്ക്‌ എത്തിച്ച്‌ കൊടുക്കുന്ന സന്ദേശങ്ങളിൽ താൻ വിശ്വസ്ഥനാണെന്നത്രെ. തുടർന്ന് അല്ലാഹു പറഞ്ഞത്‌ ഏതായാലും ഈ മഹത്വങ്ങളെല്ലാമുള്ള ജിബ്‌രീൽ(അ) ഈ ഖുർആൻ എത്തിച്ച്‌ കൊടുക്കുന്ന പ്രവാചകനും വലിയ മഹത്വവും പ്രത്യേകതയുമുള്ളവരാണെന്നാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌.

22. وَمَا صَاحِبُكُم بِمَجْنُونٍ
നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തനല്ലതാനും.

നബി(സ്വ) ഖുർആൻ ഓതിക്കൊണ്ട്‌ പ്രബോധനം നടത്തുമ്പോൾ ഖുർആൻ നിരാകരിക്കാനും നബി(സ്വ)യെ തിരസ്ക്കരിക്കാനുമായി ശത്രുക്കൾ പറഞ്ഞിരുന്ന ഒരു ദുരാരോപണമാണ്‌ നബി(സ്വ) ഭ്രാന്തനാണെന്ന്. ആ വാദഗതിയുടെ പൊള്ളത്തരം തുറന്ന് കാട്ടാനും നബി(സ്വ) യുടെ ആധികാരികത സ്ഥിരീകരിക്കാനുമുതകുന്ന വാചകമാണിത്‌. അതായത്‌ നബി(സ്വ) നിങ്ങൾക്കിടയിൽ ജീവിച്ചവരാണ്‌ അവിടുത്തേക്ക്‌ ഭ്രാന്തോ ബുദ്ധി ഭ്രമമോ ഒന്നുമില്ലെന്നും മറിച്ച്‌ നല്ല കൂർമ്മ ബുദ്ധിയും വിശ്വസ്തയും ഉള്ളവരാണ്‌ തങ്ങളെന്നും അവിടുന്ന് പറയുന്ന കാര്യങ്ങളെ നിങ്ങൾ അവിശ്വസിക്കുന്നത്‌ കഷ്ടമാണെന്നും അല്ലാഹു സ്ഥപിക്കുന്നു

23. وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
തീർച്ചയായും അദ്ദേഹത്തെ (ആ ദൂതനെ )പ്രത്യക്ഷമായ (നഭോ) മണ്ഡലത്തിൽ വെച്ച്‌ നബി(സ്വ)കണ്ടിട്ടുണ്ട്‌.

ജിബ്‌രീൽ(അ) മുഖേനയാണല്ലോ ഖുർആൻ ഇറങ്ങുന്നത്‌ .ജിബ്‌രീലും നബി(സ്വ) യും പരസ്പരം നന്നായി പരിചയമുണ്ടെന്നും ജിബ്‌രീൽ (അ) നെ ഉപരി മണ്ഡലത്തിൽ വെച്ച്‌ തന്റെ ശരിയായ രൂപത്തിൽ തന്നെ നബി(സ്വ) കണ്ടിട്ടുണ്ടെന്നും സ്ഥിരപ്പെടുത്തുകയാണിവിടെ. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാൻ ഈ വാചകം ധാരാളം മതിയാവും ഈ പറഞ്ഞ കാഴ്ച്ച ജിബ്‌രീലിന്റെ സാക്ഷാൽ രൂപത്തിലുള്ള കാഴ്ചയാണ്‌. സാക്ഷാൽ രൂപത്തിൽ രണ്ട്‌ തവണ നബി(സ്വ) ജിബ്‌ രീൽ (അ) നെ കണ്ടിട്ടുണ്ട്‌.


24. وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അദ്ദേഹമാകട്ടെ അദൃശ്യ കാര്യങ്ങളെ പറ്റി സംശയിക്കപ്പെടുന്ന ആളുമല്ല.

ഖുർആൻ നബി(സ്വ) ഓതിക്കൊടുക്കുമ്പോൾ അതിൽ ധാരാളം കാര്യങ്ങൾ വരുന്നു പൂർവ്വ്വീകരുടെ ചരിത്രങ്ങൾ, വരാനിരിക്കുന്ന കാര്യങ്ങൾ ഇതൊക്കെ നബി(സ്വ) പറയുമ്പോൾ താൻ ഇതൊക്കെ കെട്ടിയുണ്ടാക്കി പറയുന്നതാണെന്ന് ഊഹിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും തങ്ങളുടെ സത്യ സന്ധത അതിനു മാത്രം പ്രസിദ്ധമാണെന്നും ഉണർത്തിയിരിക്കുകയാണ്‌ അല്ലാഹു. അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന അദൃശ്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച്‌ വെച്ച്‌ പിശുക്ക്‌ കാണിക്കുന്നവരല്ല നബി(സ്വ) എന്നും ഈ വാക്യത്തിനു ചിലർ വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്‌.

25. وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ
അത്‌(ഖുർആൻ)ശപിക്കപ്പെട്ട പിശാചിന്റെ വാക്കുമല്ല.

ഇമാം റാസി(റ)എഴുതുന്നു. മക്കക്കാർ പറയാറുണ്ടായിരുന്നു. ഏതോ ഒരു പിശാച്‌ ഈ വാചചകങ്ങളുമായി വന്ന് നബി(സ്വ) യുടെ നാവിലൂടെ ഇട്ട്‌ കൊടുക്കുന്ന വാചകമാണ്‌ ഖുർആൻ എന്ന് .അതിനെ അല്ലാഹു നിഷേധിക്കുകയാണ്‌ ഈ ഖുർആൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ആട്ടപ്പെട്ട പിശാചിന്റെ വാക്കുകളല്ല തന്നെ എന്ന പ്രഖ്യാപനത്തിലൂടെ!

26. فَأَيْنَ تَذْهَبُونَ
എന്നിരിക്കെ നിങ്ങൾ എങ്ങോട്ടാണ്‌ പോകുന്നത്‌?

അതായത്‌ വിശ്വസ്തനായ ജിബ്‌രീൽ മാലാഖ മുഖേന അല്ലാഹുവിന്റെ ദൂതനായ നബി(സ്വ) ക്ക്‌ അല്ലാഹു നൽകിയതാണ്‌ ഖുർആൻ എന്ന് വരുമ്പോൾ അത്‌ അവതരിപ്പിക്കുന്നതിൽ പിശാചിനു യാതൊരു പങ്കുമില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക്‌ ഈ ഖുർആൻ അവഗണിച്ച്‌ നിങ്ങൾ എങ്ങോട്ടാണ്‌ പോകുന്നത്‌ എന്ന് അല്ലാഹു ചോദിക്കുന്നു. അഥവാ ഈ നിഷേധാത്മക നിലപാട്‌ ഒട്ടും ശരിയല്ലെന്ന് സാരം!


27. إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
അത്‌(ഖുർആൻ)ലോകർക്കുള്ള ഒരു ഉത്ബോധനം മാത്രമാണ്‌.

ഖുർആൻ പൈശാചിക വചനങ്ങളാണെന്നും മറ്റും ജൽപ്പിച്ചവർക്കുള്ള മറുപടിയായി അത്‌ പൈശാചികമല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ഇപ്പോൾ അല്ലാഹു എന്താണത്‌ ,എന്തിനാണത്‌ എന്ന് കൂടി വ്യക്തമാക്കുകയാണ്‌ ഇത്‌(ഖുർആൻ ) ഒരു ഉൽബോധനം മാത്രമാണ്‌. ഇത്‌ ഫലപ്പെടുന്നത്‌ ആർക്കാണെന്നാണ്‌ അല്ലാഹു വിശദീകരിക്കുകയാണ്‌


28. لِمَن شَاء مِنكُمْ أَن يَسْتَقِيمَ
അതായത്‌ നിങ്ങളിൽ നിന്ന് ചൊവ്വായി നിലകൊള്ളുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ നേർമാർഗത്തിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്കാണീ ഖുർആൻ ഫലപ്പെടുക.


29. وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ
ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല താനും.

നന്നാവാൻ ഉദ്ദേശിക്കുന്നവർക്കാണ്‌ ഖുർആൻ ഉൽബോധനമാവുക എന്ന ആയത്ത്‌ ഇറങ്ങിയപ്പോൾ അബൂജഹൽ പറഞ്ഞു. കാര്യം നമ്മുടെ അടുത്താണ്‌ നമുക്കിഷ്ടമുണ്ടെങ്കിൽ നന്നാവാം. അല്ലെങ്കിൽ മോശമാവാം. അഥവാ അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു. അപ്പോഴാണ്‌ തുടർന്നുള്ള ആയത്ത്‌ അവതരിച്ചത്‌. അതായത്‌ നിങ്ങൾ എന്ത്‌ ഉദ്ദേശിക്കുന്നുവെങ്കിലും അത്‌ അല്ലാഹു കണക്കാകുകയും തീരുമാനിക്കുകയും ചെയ്താലല്ലാതെ നിങ്ങൾക്ക്‌ ഉദ്ദേശിക്കാൻ തന്നെ കഴിയില്ല എന്ന്(ഖുർത്വുബി 19/170)

നബി(സ്വ) പറഞ്ഞതായി ഇമാം ബൈളാവി(റ) ഉദ്ധരിക്കുന്നു. ആരെങ്കിലും സൂറ:തക്‌വീർ പാരായണം ചെയ്താൽ ഗ്രന്ഥം നിവർത്തപ്പെടുന്ന സമയത്ത്‌ വഷളാവുന്നതിനെ തൊട്ട്‌ അല്ലാഹു അവനെ സംരക്ഷിക്കും.(ബൈളാവി 2/574)
 
 

Monday 16 November 2015

അബസ


അദ്ധ്യായം 80 (അബസ )سورة عبس
സൂക്തങ്ങൾ 42 ; മക്കയിൽ അവതരിച്ചു


കരുണാ നിധിയും പരമ കാരുണികനുമായ അല്ലാഹുവിന്റെ സർവ്വ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ അരംഭിക്കുന്നു
عَبَسَ وَتَوَلَّى 1
അവർ (നബി -സ്വ-) മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു
2. أَن جَاءهُ الْأَعْمَى
തന്റെയടുത്ത്‌ ആ അന്ധൻ വന്നതിനാൽ
3. وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى
അങ്ങേക്ക്‌ അറിവ്‌ നൽകുന്നതെന്താണ്‌ ? ആ (വന്നയാൾ) പരിശുദ്ധി പ്രാപിച്ചേക്കാം

4. أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى
അല്ലെങ്കിൽ അദ്ദേഹം ഉപദേശം സ്വീകരിക്കുകയും അങ്ങിനെ ആ ഉപദേശം അദ്ദേഹത്തിനു പ്രയോജനപ്പെടുകയും ചെയ്തേക്കാം

ഒരിക്കൽ മക്കയിലെ കുറേ പ്രധാനികളായ അവിശ്വാസികൾ നബി(സ്വ)യുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവരെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു കൊണ്ടും മുസ്‌ലിമാവേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടും നബി(സ്വ) അവരെ ഉത്ബോധിപ്പിക്കുന്നു. അവർ അത്‌ സ്വീകരിക്കുമെന്ന പ്രതീക്ഷ നബി(സ്വ)യുടെ മനസിൽ വരുന്നു. അപ്പോഴാണ്‌ അന്ധനായ അബ്ദുല്ലാഹി ബിൻ ഉമ്മി മക്തൂം(റ) ആ സദസ്സിലേക്ക്‌ കയറി വന്നു കൊണ്ട്‌, നബിയേ! അങ്ങേക്ക്‌ അല്ലാഹു പഠിപ്പിച്ചു തന്ന വിജ്ഞാനത്തിൽ നിന്ന് എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും! എന്ന് പറഞ്ഞത്‌. ഇത്‌ പോലുള്ള സാധുക്കൾക്കൊപ്പം ഇരിക്കേണ്ടി വരും മുസ്‌ലിംകളായാൽ എന്ന് ചിന്തിച്ച്‌ തലക്കനത്തിന്റെ ആൾ രൂപങ്ങളായ ഈ അവിശ്വാസി നേതാക്കൾ മാറിപ്പോകുമോ എന്ന വിഷമത്തിൽ നബി(സ്വ) ക്ക്‌ ആ സ്വഹാബിയുടെ അപ്പോഴുണ്ടായ ആഗമനത്തിൽ നീരസം തോന്നുകയും അദ്ദേഹത്തിനു മറുപടി കൊടുക്കാതെ അവരുമായി നടന്ന് കൊണ്ടിരിക്കുന്ന സംസാരം തുടരുകയും ചെയ്തപ്പോഴാണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയതെന്നാണ്‌ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നത്‌. ഇതൊരിക്കലും നബി(സ്വ) അന്ധനായ ഇബ്നു ഉമ്മി മക്തൂമിനെ അവഗണിച്ചത്‌ കൊണ്ടായിരുന്നില്ല മറിച്ച്‌ അദ്ദേഹം നേരത്തേ മുസ്‌ലിമായ മഹാനാണ്‌. ഞാൻ തൽക്കാലം അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസത്തിനു തകരാറുണ്ടാവില്ല അതേ സമയം ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഖുറൈശി നേതാക്കൾ സത്യത്തിലേക്ക്‌ കടന്ന് വന്നാൽ അത്‌ വലിയൊരു പുരുഷാരം ഇസ്‌ലാമിലേക്ക്‌-സത്യത്തിലേക്ക്‌-ഒഴുകിയെത്താൻ കാരണമാവും എന്ന് ആഗ്രഹിച്ചതിന്റെ പേരിലാണ്‌ നബി(സ്വ) ഈ സമീപനം സ്വീകരിച്ചത്‌. താനുമായി കൂടുതൽ അടുപ്പമുള്ളവരെ ചിലപ്പോൾ ഒഴുവാക്കി മറ്റുള്ളവർ സത്യത്തിലെത്താൻ അവരെ കൂടുതൽ പരിഗണിക്കുന്ന ശൈലി ചിലപ്പോഴൊക്കെ നബി(സ്വ) സ്വീകരിക്കാറുണ്ട്‌. പ്രവാചക ശിഷ്യന്മാരായ സ്വഹാബത്തിനു അത്‌ മനസിലാവുകയും ചെയ്യാറുണ്ട്‌. ആ സമീപനത്തിലൂടെ നബി(സ്വ) ഉദ്ദേശിക്കുന്നത്‌ നരകത്തിലെത്താൻ സാദ്ധ്യതയുള്ള ചിലരെയെങ്കിലും രക്ഷിച്ചെടുക്കുക എന്നതാണ്‌.

അവിടുന്ന് ഒരിക്കൽ പറഞ്ഞു اني لأصل الرجل وغيره أحب الي منه مخافة ان يكبه الله في النار علي وجهه ഞാൻ ഒരാളോട്‌ ബന്ധം പുലർത്തും യഥാർത്ഥത്തിൽ മറ്റു ചിലരായിരിക്കും എന്റെ ഏറ്റവും ഇഷ്ടന്മാർ.(എന്നിട്ടും ഇവരോട്‌ ഞാൻ കൂടുതൽ അടുപ്പം കാണിക്കുന്നത്‌) അവരെ അല്ലാഹു നരകത്തിലേക്ക്‌ തള്ളിയിടുന്നതിനെ തൊട്ട്‌ ഭയപ്പെട്ടത്‌ കൊണ്ടാണ്‌(ഖുർത്വുബി 19/150)

ഈ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂം(റ)നെ പിന്നീട്‌ നബി(സ്വ) കൂടുതൽ ആദരിക്കുകയും അദ്ദേഹത്തിനു കൂടുതൽ പരിഗണ നൽകി രണ്ട്‌ യുദ്ധ വേളയിൽ നബി(സ്വ) മദീനക്ക്‌ പുറത്ത്‌ പോയപ്പോൾ തന്നെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ مرحبا بمن عاتبني فيه ربي എന്നെ അല്ലാഹു ആക്ഷേപിച്ചത്‌ ഏതൊരു മഹാന്റെ വിഷയത്തിലാണോ അവർക്ക്‌ സ്വാഗതം എന്ന് പറയാറുമുണ്ട്‌(ബൈളാവി 2/568) ഈ സംഭവത്തിൽ അല്ലാഹു തങ്ങൾ മുഖം ചുളിച്ചു, തങ്ങൾ പിന്തിരിഞ്ഞു, എന്ന ശൈലി പ്രയോഗിക്കാതിരുന്നത്‌ നബി(സ്വ) യെ അല്ലാഹു ബഹുമാനിച്ചത്‌ കൊണ്ടാണ്‌( ഖുർത്വുബി 19/150) ഈ സംഭവം നബി(സ്വ)യുടെ സത്യ സന്ധതക്കുള്ള ഏറ്റവും വലിയ തെളിവാണ്‌. കാരണം തന്റെ ഒരു സമീപനം അങ്ങനെയായിരുന്നില്ല വേണ്ടത്‌ എന്ന് അല്ലാഹു അറിയിച്ച ഈ കാര്യം നബി(സ്വ) ജനങ്ങളെ അറിയിച്ചുവല്ലോ വല്ലതും മറച്ചു വെക്കുമായിരുന്നുവെങ്കിൽ ഈ കാര്യം മറച്ച്‌ വെക്കുമായിരുന്നു(അദ്ദുർ അൽ മൻഥൂർ 6/518) ഈ സംഭവത്തോടെ പ്രബോധന മേഘലയിൽ എല്ലാവരെയും ഒരു പോലെ സമീപിക്കുന്ന ശൈലി നബി(സ്വ) സ്വീകരിച്ചു(ആർക്കും കൂടുതൽ പ്രാധാന്യം കൽപിച്ചില്ല) (അദ്ദുർ അൽ മൻഥൂർ 6/518)

ഈ സൂക്തങ്ങളിൽ നബി(സ്വ)യുടെ പാപ സുരക്ഷിതത്വത്തിനെതിരായ തെളിവുണ്ടെന്ന് കണ്ടെത്താവതല്ല. കാരണം നബി(സ്വ) ക്ക്‌ പ്രബോധന വീഥിയിൽ യുക്തമെന്ന് തോന്നുന്ന സമീപനം സ്വീകരിക്കാൻ അല്ലാഹു അനുമതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ശത്രു പക്ഷത്ത്‌ നിലയുറപ്പിച്ചവർക്ക്‌ കൂടി സത്യത്തിന്റെ സന്ദേശം സ്വീകരിക്കാനാവശ്യമായ ഒരു സമീപനം സ്വീകരിക്കുകയായിരുന്നു അവിടുന്ന്. എന്നാൽ ഈ പ്രമാണിമാരെ പരിഗണിക്കുമ്പോൾ സാധുവായ ഇബ്നു ഉമ്മി മക്തൂം അതിനിടയിൽ (ബോധ പൂർവ്വമല്ലെങ്കിലും) അവഗണിക്കപ്പെട്ടുപോയല്ലോ ആ സമീപനം ഏറ്റവും നല്ലതിന്റെ മാറ്റമായി. അതാണ്‌ ഇവിടെ പറഞ്ഞത്‌ ഏറ്റവും നല്ലതിന്റെ മാറ്റം തെറ്റല്ല എന്ന് ഉറപ്പാണല്ലോ!(റാസി31/52) . നബി(സ്വ) ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ ഇടക്ക്‌ കയറി സംസാരിക്കുക, അവരുടെ സംസാരത്തിനു തടസ്സമുണ്ടാക്കുക, അവരുടെ സമ്മതം ഇല്ലാതെ അവിടെ പ്രവേശിക്കുക, തുടങ്ങിയ കാര്യങ്ങളൊന്നും നബി(സ്വ) പഠിപ്പിച്ച മര്യാദയിൽ പെട്ടതല്ല. ആസ്ഥിതിക്ക്‌ ഇവിടെ ഇബ്നു ഉമ്മി മക്തൂം(റ) ന്റെസമീപനം ആക്ഷേപാർഹം തന്നെയല്ലേ? അതിനു തങ്ങൾക്ക്‌ നീരസം തോന്നേണ്ടത്‌ തന്നെയല്ലേ? എന്നൊക്കെ ഇവിടെ ചോദിച്ചേക്കാം അതിന്റെ ഉത്തരം തുടർന്നുള്ള ആയത്തുകളിൽ നിന്ന് മനസിലാക്കാം. അതായത്‌ കണ്ണ്‌ കാണാത്ത ആ സ്വഹാബി, ഉപദേശം തേടിക്കൊണ്ടാണ്‌ വന്നത്‌ അദ്ദേഹം ശരിയായ വിശ്വാസിയായതിനാൽ ഉപദേശം ഫലപ്പെടുകയും ചെയ്യും. അപ്പോൾ അദ്ദേഹത്തെ പരിഗണിക്കുന്നതിൽ നന്മ മാത്രം! അതേ സമയം തങ്ങളുടെ മുന്നിലിരിക്കുന്ന ഈ അവിശ്വാസികൾക്ക്‌ ഉപദേശം തങ്ങൾ അങ്ങോട്ട്‌ വെച്ച്‌ കെട്ടുകയാണ്‌. അവർ അത്‌ സ്വീകരിക്കാതിരിക്കാനുള്ള പഴുതുകൾ തിരയുകയാണ്‌ അതിനാൽ അവർക്ക്‌ ഉപദേശം പ്രയോജനപ്പെടാതിരിക്കാനാണ്‌ സാദ്ധ്യത. എങ്കിൽ ഉറപ്പുള്ള ഈ ഫലം തന്നെയാണ്‌ പരിഗണിക്കേണ്ടത്‌ അതിനാൽ ഉദ്ദേശ ശുദ്ധിയോടെ വന്ന ഇബ്നു ഉമ്മി മക്തൂമിന്റെ സമീപനത്തിലുള്ള അനൗചിത്യം അദ്ദേഹത്തിന്റെ ശുദ്ധ ചിന്താ ഗതിക്കു മുന്നിൽ പ്രശ്നമാക്കാതിരുന്നതാണ്‌.
5. أَمَّا مَنِ اسْتَغْنَى
എന്നാൽ സ്വയം പര്യാപ്‌തത നടിച്ചവനാകട്ടെ

6. فَأَنتَ لَهُ تَصَدَّى
അവന്റെ നേരെ തങ്ങൾ ശ്രദ്ധ തിരിക്കുന്നു

وَمَا عَلَيْكَ أَلَّا يَزَّكَّى .7
അവൻ(സത്യ നിഷേധത്തിൽ നിന്ന്)ശുദ്ധിയാവാത്തതിൽ തങ്ങൾക്ക്‌ ഒരു കുറ്റവുമില്ല
8. وَأَمَّا مَن جَاءكَ يَسْعَى
എന്നാൽ (താൽപര്യപൂർവ്വം) തങ്ങളുടെ അടുത്ത്‌ ധൃതിപ്പെട്ട്‌ വന്നവരാകട്ടെ
وَهُوَ يَخْشَى .9
അദ്ദേഹം(അല്ലാഹുവിനെ)ഭയപ്പെടുകയും ചെയ്യുന്നു
فَأَنتَ عَنْهُ تَلَهَّى .10
തങ്ങൾ അദ്ദേഹത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു
ധനവും നേതൃത്വവും സ്വാധീനവുമുള്ള ഖുറൈശി നേതാക്കളുടെ അവസ്ഥയാണ്‌ അല്ലാഹു ഉണർത്തുന്നത്‌. ഞങ്ങൾ ഇപ്പോൾ നിലകൊള്ളുന്നത്‌ തന്നെയാണ്‌ ശരിയെന്നും ഞങ്ങൾക്ക്‌ ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും ധരിച്ചു വശായ ആ അവിശ്വാസികളെ നന്നാക്കാൻ സമയം കളയുന്നതിനു പകരം ഭക്തനും വിജ്ഞാന ദാഹിയും ആയ ഈ മഹാന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കലാണ്‌ ഫലപ്രദം എന്ന് അറിയിക്കുകയാണ്‌ അല്ലാഹു. അദ്ദേഹത്തെ അല്ലാഹു നല്ലത്‌ കേൾക്കാൻ താൽപര്യത്തോടെ വരുന്നവർ. അല്ലാഹുവിനെ ഭയപ്പെടുന്നവർ എന്നെല്ലാം പ്രശംസിച്ചിരിക്കുന്നു .അദ്ദേഹത്തെ പ്രത്യേകം ആദരിക്കാറുണ്ടായിരുന്ന നബി(സ്വ) മദീനാ പള്ളിയിലെ സുബ്‌ഹി വാങ്കു വിളിക്കാനും ചുമതലപ്പെടുത്തി അംഗീകരിക്കുകയുണ്ടായി
كَلَّا إِنَّهَا تَذْكِرَةٌ . 11
അങ്ങനെ വേണ്ടാ! നിശ്ചയം അവ(ഖുർആൻ വചനങ്ങൾ) ഒരു ഉപദേശമാകുന്നു.
فَمَن شَاء ذَكَرَهُ .12
ആകയാൽ ആർ(വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവരത്‌ ഓർമ്മിച്ചു കൊള്ളട്ടെ
فِي صُحُفٍ مُّكَرَّمَةٍ .13
ആദരണീയമായ ചില ഏടുകളിലാണ്‌ (അതുള്ളത്‌)
مَّرْفُوعَةٍ مُّطَهَّرَةٍ .14
(അതെ) ഉന്നതമാക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ)
بِأَيْدِي سَفَرَةٍ .15
ചില ദൗത്യ വാഹകന്മാരുടെ കൈക്ക്‌
كِرَامٍ بَرَرَةٍ .16
മാന്യന്മാരും പുണ്യവാന്മാരുമായ(ദൗത്യ വാഹകന്മാരുടെ കൈക്ക്‌)
ഇതു വരെ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്‌. സദുപദേശം തേടി വരുന്നവന്റെ നേരെ അശ്രദ്ധ കാണിക്കുകയും അതിനാവശ്യമില്ലെന്ന് നടിക്കുന്നവരുടെ നേരെ ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതില്ല. ഈ ഖുർആൻ ഉപദേശമാണ്‌ അത്‌ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നവർ സ്വീകരിക്കട്ടെ. ആരെയും അത്‌ അടിച്ചേൽപ്പിക്കേണ്ടതില്ല. എന്നാൽ ഖുർആൻ ഒരു സാധാരണ ഉപദേശമല്ല മറിച്ച്‌ മഹത്തായതും ഉന്നത പദവിയുള്ളതും പിശാചുക്കളുടെ സ്പർശത്തിൽ നിന്ന് സംശുദ്ധമായതും മാന്യന്മാരും അനുസരണമുള്ളവരും ആയ സന്ദേശവാഹകരായ മലക്കുകളുടെ കൈവശമുള്ള ഏടുകളിൽ സ്ഥിതി ചെയ്യുന്നതുമാണിത്‌ വളരെ സംശുദ്ധവും പരിപാവനവുമായ ഗ്രന്ഥം!
മലക്കുകൾക്കിവിടെ മൂന്ന് വിശേഷണം പറഞ്ഞിരിക്കുന്നു
(1). സഫറത്ത്‌.
സഫറത്ത്‌ എന്നാൽ എഴുത്തുകാരായ മലക്കുകൾ എന്നും അല്ലാഹുവിന്റെയും മനുഷ്യരുടെയും ഇടയിലെ മദ്ധ്യ വർത്തികളായ മലക്കുകൾ എന്നും അർത്ഥമുണ്ട്‌ അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശങ്ങൾ മനുഷ്യരിലേക്കെത്തിക്കുന്ന ദൗത്യവാഹകരായ മലക്കുകൾ!
(2) കിറാം.
അല്ലാഹുവിന്റെ അടുത്ത്‌ ആദരവുള്ളവർ എന്നും മനുഷ്യരോട്‌ ഇടപഴകുമ്പോൾ മാന്യത പുലർത്തുന്നവർ എന്നുമൊക്കെ ഇവിടെ ഉദ്ദേശ്യമാണ്‌
(3) ബററത്ത്‌.
അല്ലാഹുവിനെ യഥാവിധി അനുസരിക്കുന്നവർ എന്നത്രെ ഇവിടെ ഉദ്ദേശ്യം(റാസി 31/55)ഇത്ര മഹത്വമുള്ള ഖുർആൻ മനപാഠമാക്കുന്നവനും അതനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവനും പരലോകത്ത്‌ വലിയ മഹത്വമുണ്ട്‌.കഷ്ടപ്പെട്ട്‌ ഖുർആൻ പാരായണം ചെയ്യുന്നവർക്ക്‌ രണ്ട്‌ പ്രതിഫലമുണ്ടെന്ന് ഹദീസിൽ വന്നിരിക്കുന്നു. 
 

قُتِلَ الْإِنسَانُ مَا أَكْفَرَهُ 17

മനുഷ്യൻ നാശമടയട്ടെ(ശപിക്കപ്പെടട്ടെ) അവനെ ഇത്ര നന്ദി കെട്ടവൻ(സത്യ നിഷേധി) യാക്കിയതെന്താണ്‌?

18. مِنْ أَيِّ شَيْءٍ خَلَقَهُ

ഏതൊരു വസ്തുവിൽ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

19. مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ

ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു എന്നിട്ട്‌ അവനെ വേണ്ട വിധം വ്യവസ്ഥപ്പെടുത്തി

20. ثُمَّ السَّبِيلَ يَسَّرَهُ

പിന്നെ തന്റെ (ജീവിത) മാർഗങ്ങളെ അവന്നു സുഗമമാക്കിക്കൊടുത്തു

21. ثُمَّ أَمَاتَهُ فَأَقْبَرَهُ

പിന്നീട്‌ അവനെ മരണപ്പെടുത്തി എന്നിട്ടവനെ മറവു ചെയ്യിപ്പിച്ചു(ഖബ്‌റിലാക്കി)

ثُمَّ إِذَا شَاء أَنشَرَهُ .22

പിന്നീട്‌ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവനെ പുനർജ്ജീവിപ്പിക്കുന്നതാണ്‌.


മുൻ സൂക്തങ്ങളിൽ ദരിദ്രന്മാരായ വിശ്വാസികളോട്‌ പരിഹാസപൂർവ്വം അഹങ്കാരം നടിച്ചവരെ കൂടുതൽ പരിഗണിക്കാനായി സാധുക്കളെ മാറ്റിനിർത്തേണ്ടതില്ലെന്ന് ഉണർത്തിയിരുന്നവല്ലോ. ആ ധനികന്മാർക്ക്‌ സാധുക്കളുടെ മേൽ അഹങ്കരിക്കാൻ എന്തു യോഗ്യതയാണുള്ളത്‌? അവന്റേയും ആദ്യം മ്ലേഛമായി കരുതുന്ന ഇന്ദ്രിയവും അവസാനം ചീഞ്ഞളിയുന്ന ശവവും അതിനിടക്ക്‌ കാഷ്ടം പേറി നടക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ? അവൻ എത്ര അഹങ്കരിച്ചാലും സൃഷ്ടിപ്പിലെ ഈ അവസ്ഥയോ അവസാനത്തിൽ വരുന്ന ആ സാഹചര്യമോ ഇപ്പോഴുള്ള ഈ നിസ്സഹായതയോ അവനു ഇല്ലാതാക്കാനാവുമോ? ഇല്ല .എന്നാണ്‌ ഉത്തരമെങ്കിൽ അവൻ എങ്ങനെ സത്യ നിഷേധിയാവുന്നു? എന്ന മനസിലേക്ക്‌ തുളച്ച്‌ കയറുന്ന ചോദ്യമാണ്‌ അല്ലാഹു ചോദിക്കുന്നത്‌ എന്നിട്ട്‌ ആ നിഷേധത്തിന്റെ പേരിൽ അവനെതിരെയുള്ള ശക്തമായ പ്രാർത്ഥനയാണ്‌ അവൻ കൊല്ലപ്പെടട്ടെ! ശപിക്കപ്പെടട്ടെ! നാശമടയട്ടെ! എന്നൊക്കെ അർത്ഥം പറയാവുന്ന വാക്കിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്നത്‌.


ഇമാം ഖുർത്വുബി(റ) എഴുതുന്നു. അബൂലഹബിന്റെ മകൻ ഉത്ബത്ത്‌ എന്നവന്റെ വിഷയത്തിലാണീസൂക്തം അവതരിച്ചത്‌. അവൻ നിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും ഉച്ചിയിൽ നിലയുറപ്പിച്ചപ്പോൾ അല്ലാഹുവിന്റെ പ്രത്യേകമായ സിംഹം അവനെ കൊന്നുകളയട്ടെ എന്ന് നബി(സ്വ) പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ശാമിലേക്ക്‌ കച്ചവടത്തിനു പോകുന്ന സംഘത്തിൽ ഇവനും പുറപ്പെടുകയും, 'ഗാളിറ:' എന്ന സ്ഥലത്ത്‌ വിശ്രമിക്കാനിറങ്ങിയപ്പോൾ നബി(സ്വ)യുടെ പ്രാർത്ഥന ഇവന്ന് ഓർമ്മ വരികയും എന്നെ നന്നായി ശ്രദ്ധിക്കണമെന്നും ഞാൻ സുരക്ഷിതനായി നേരം പുലർന്നാൽ എന്നെ സംരക്ഷിക്കുന്നവർക്ക്‌ ആയിരം ദീനാർ ഞാൻ നൽകുമെന്നും അവൻ വാഗ്ദാനം ചെയ്തു. അങ്ങനെ യാത്രാ സംഘത്തിന്റെ മദ്ധ്യഭാഗത്ത്‌ ഇവനെ കിടത്തുകയും കൂടെയുള്ള സാധനങ്ങളെല്ലാം ചുറ്റും വെച്ച്‌ പ്രതിരോധം തീർക്കുകയും ചെയ്തിട്ടും കാട്ടിൽ നിന്ന് മണം പിടിച്ച്‌ വന്ന സിംഹം ഇവന്റെ മേലെ ചാടി വീഴുകയും അവനെ പിച്ചിച്ചീന്തുകയും ചെയ്തു. മകന്റെ അതി ദാരുണമായ മരണ വാർത്തയറിഞ്ഞ അബൂലഹബിന്റെ പ്രതികരണം
ماقال محمد شيئا قط الا كان മുഹമ്മദ്‌ പറഞ്ഞ ഒന്നും നടക്കാതെ പോകില്ല എന്നായിരുന്നു (ഖുർത്വുബി 19/153)


മറ്റൊരു നിലക്ക്‌ ചിന്തിച്ചാൽ മനുഷ്യൻ അല്ലാഹുവിനോട്‌ കാണിക്കുന്ന സത്യനിഷേധത്തിന്റെയും നന്ദികേടിന്റെയും ഗൗരവം അല്ലാഹു ഉണർത്തുകയാണ്‌ അവൻ എങ്ങനെ നിഷേധിയാവും! അവന്റെ തുടക്കം ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നല്ലേ? ഇത്‌ അവൻ സ്വയം പര്യാപ്തനല്ലെന്നും അവൻ അല്ലാഹുവിന്റെ ഔദാര്യത്തിൽ ജന്മം നൽകപ്പെട്ടവനാണെന്നും അവൻ ഓർക്കേണ്ടതല്ലേ! അതെ! കേവലം നിസ്സാരമായ ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നാണവന്റെ ജന്മം! അങ്ങനെ അവന്നു പൂർണ്ണമായ മനുഷ്യരൂപം നൽകി ആകൃതിയും പ്രകൃതിയും നിശ്ചയിച്ചു. ഭക്ഷണവും ആയുസ്സുമെല്ലാം വ്യവസ്ഥ ചെയ്തു. വിജയ പരാജയത്തിന്റെ വഴികൾ ഏതാണെന്ന് വിശദീകരിച്ചു കൊടുത്തു. ജീവിതാവസാനമെത്തിയപ്പോൾ മരണപ്പെടുത്തുകയും ഭൂമിയിൽ മറവു ചെയ്യപ്പെടാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ ഇവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു എന്നത്‌ ഒരാൾക്കും നിഷേധിക്കാനാവാത്ത അനുഭവമാണ്‌ എന്ന് സമ്മതിച്ചാൽ ഇതിന്റെയെല്ലാം കർത്താവായ അല്ലാഹു താൻ ഉദ്ദേശിക്കുമ്പോൾ ഇവർക്ക്‌ പുനർജ്ജന്മം നൽകുമെന്നതിനെ നിഷേധിക്കുന്നത്‌ എന്തു മാത്രം നിരർത്ഥകമാണ്‌ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്‌ അല്ലാഹു ഇവൻ എങ്ങനെ ഇത്ര വലിയ നിഷേധിയായി എന്ന് ചോദിക്കുന്നത്‌.


ഇമാം റാസി(റ) എഴുതുന്നു. 'ഏതൊരു പുതിയതിനും മൂന്ന് അവസ്ഥകളുണ്ട്‌. തുടക്കം, മദ്ധ്യം, അവസാനം. എന്നിവയാണ്‌ അത്‌. ഈ മൂന്ന് അവസ്ഥകളാണ്‌ 18- ം സൂക്തം മുതൽ 22 കൂടിയ സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. എന്തിൽ നിന്ന് പടച്ചു? എന്ന ചോദ്യം ആ സാദനം വളരെ നിസ്സാരം എന്ന് അറിയിക്കാൻ വേണ്ടിയത്രെ!. ഇന്ദ്രിയത്തിൽ നിന്നു പടച്ചു എന്ന മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കം വിവരിച്ചതിലൂടെ വളരെ നിസ്സാരമായ ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെട്ട ഒരാൾക്ക്‌ അഹങ്കരിക്കുക എന്ന അവസ്ഥ ചേരില്ല എന്നുണർത്തിയിരിക്കുകയാണ്‌ 19- ം സൂക്തത്തിൽ പറഞ്ഞ വ്യവസ്ഥപ്പെടുത്തി എന്നതിന്റെ താൽപര്യം അവൻ അഭിമുഖീകരിക്കുന്ന വിവിധ ഘട്ടങ്ങളാണ്‌ അതായത്‌ ഇന്ദ്രിയം പിന്നീട്‌ രക്തക്കട്ടയും അത്‌ പിന്നീട്‌ മാംസക്കട്ടയും അതിന്റെ വളർച്ചയുടെ പ്രധാന ഘട്ടത്തിൽ ആണോ പെണ്ണോ എന്ന് വേർത്തിരിക്കപ്പെട്ടതും വിജയിയോ പരാജയിയോ എന്ന തീരുമാനവുമെല്ലാം ആ വ്യവസ്ഥപ്പെടുത്തുക എന്നതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്‌. ഓരോ അവയവവും അതിന്റെ കൃത്യമായ ആകാരത്തിലും അളവിലും ആവുന്നതും വ്യവസ്ഥപ്പെടുത്തിയതിന്റെ ഭാഗമത്രെ! മദ്ധ്യ ഘട്ടം എന്നതാണ്‌ 20- ം സൂക്തം സൂചിപ്പിക്കുന്നത്‌ വഴി എളുപ്പമാക്കുക എന്നതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഉമ്മയുടെ വയറ്റിൽ നിന്നു തനിക്കു പുറത്തേക്കുള്ള വഴി എളുപ്പമാക്കി എന്നതാണ്‌ ഒരു വ്യാഖ്യാനം ഉമ്മയുടെ ഗർഭപാത്രത്തിൽ തല മുകളിലും കാൽ താഴെയുമായാണ്‌ കുട്ടിയുടെ കിടപ്പ്‌. എന്നാൽ പ്രസവ സമയം അത്‌ തിരിഞ്ഞു വരുന്നു!ആരാണ്‌ കുട്ടിക്ക്‌ തിരിയാനുള്ള ക്ലാസ്സ്‌ കൊടുത്തത്‌? അല്ലാഹു തന്നെ!അതെ! വളരെ ചെറിയൊരു ദ്വാരത്തിലൂടെ ഈ കുഞ്ഞ്‌ ഭൂമിയിലെത്തിയത്‌ വഴി അല്ലാഹു എളുപ്പമാക്കിയത്‌ കൊണ്ട്‌ തന്നെ!രണ്ടാമത്തെ വ്യാഖ്യാനം വഴി എളുപ്പമാക്കി എന്നാൽ മതപരവും ഭൗതികവുമായ വിഷയങ്ങളിൽ നന്മയുടെയും തിന്മയുടെയും വഴികൾ വിവേചിച്ച്‌ മനസിലാക്കാൻ ആവശ്യമായ വിശേഷ ബുദ്ധിയും ഗ്രന്ഥങ്ങളിലൂടെയും പ്രവാചക ഉത്ബോധനങ്ങളിലൂടെയുള്ള ദിശാബോധവും അല്ലാഹു നൽകി എന്നതാണ്‌ മൂന്നാം ഘട്ടമാണ്‌ 21- 22 സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. അഥവാ മരണവും അനുബന്ധ വിഷയങ്ങളും!


മൂന്നാം ഘട്ടം മൂന്ന് ഭാഗമായി വിശദീകരിക്കാം. മരിപ്പിക്കൽ, ഖബറടക്കൽ,പുനർജ്ജനിപ്പിക്കൽ എന്നിങ്ങനെ .ഇതാണ്‌ അവസാന രണ്ട്‌ ആയത്തിൽ വിശദീകരിച്ചത്‌(റാസി 31/56) ഈ മറവു ചെയ്യാനുള്ള നിർദ്ദേശം മരണപ്പെട്ടവനോടുള്ള ആദരവാണ്‌. ഇമാം ഖുർത്വുബി(റ) എഴുതുന്നു. 'അവനൊരു ഖബ്‌ർ കുഴിക്കുകയും പക്ഷികളും മറ്റ്‌ ജീവികളും അവനെ കൊത്തി വലിക്കാൻ സൗകര്യം ഒരുക്കി അവനെ ഭൂമുഖത്ത്‌ ഇടാതെ അവനെ മറവ്‌ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത്‌ അവന്റെ മയ്യിത്തിനോട്‌ കാണിക്കുന്ന ആദരവത്രെ!(ഖുർത്വുബി19/154)


23. كَلَّا لَمَّا يَقْضِ مَا أَمَرَهُ

അങ്ങനെ വേണ്ടാ..മനുഷ്യനോട്‌ അല്ലാഹു കൽപ്പിച്ചത്‌ അവൻ നിർവ്വഹിച്ചില്ല

24. فَلْيَنظُرِ الْإِنسَانُ إِلَى طَعَامِهِ

എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തിലേക്കൊന്ന്(ചിന്തിച്ചു) നോക്കട്ടെ

25. أَنَّا صَبَبْنَا الْمَاء صَبًّا

അതായത്‌ നാം (മഴ)വെള്ളം (ശക്തിയായ)ചൊരിച്ചു

26. ثُمَّ شَقَقْنَا الْأَرْضَ شَقًّا

പിന്നെ ഭൂമിയെ നാം(യുക്തമായ വിധം)പിളർത്തി

27. فَأَنبَتْنَا فِيهَا حَبًّا

അങ്ങനെ നാം അതിൽ ധാന്യം മുളപ്പിച്ചു

28. وَعِنَبًا وَقَضْبًا

മുന്തിരിയും (പച്ചയിൽ മുറിച്ചെടുക്കുന്ന)സസ്യങ്ങളും

29. وَزَيْتُونًا وَنَخْلًا

ഒലീവും ഈത്തപ്പനയും

30. وَحَدَائِقَ غُلْبًا

(വൃക്ഷങ്ങൾ)ഇട തൂർന്ന് നിൽക്കുന്ന തോട്ടങ്ങളും

31. وَفَاكِهَةً وَأَبًّا

പഴങ്ങളും മേച്ചിൽ പുല്ലും(കാലിത്തീറ്റ)

مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ .32

നിങ്ങൾക്കും നിങ്ങളുടെ കന്ന് കാലികൾക്കും ഉപയോഗത്തിനു വേണ്ടി


23- ം സൂക്തത്തിൽ കൽപ്പിച്ചത്‌ മനുഷ്യൻ ചെയ്തില്ലെന്ന് പറഞ്ഞത്‌ അവിശ്വാസിയായ മനുഷ്യനെ പറ്റിയാണ്‌. അവനോട്‌ കൽപ്പിക്കപ്പെട്ടിരുന്നത്‌ അഹങ്കാരം ഒഴിവാക്കാനും അല്ലാഹുവിന്റെ ഏകത്വത്തിന്റെ തെളിവുകൾ മനസ്സിലാക്കാനും അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്യത്ഭുതങ്ങൾ ചിന്തിക്കാനും അവന്റെ കഴിവുകൾ സമ്മതിക്കാനുമാണ്‌. പക്ഷെ അവൻ അതൊക്കെ വിസ്മരിച്ചാണ്‌ നടപ്പ് എന്നാണ്‌ അല്ലാഹു ഉണർത്തിയത്‌. ശേഷം അല്ലാഹു ചെയ്ത്‌ കൊടുത്ത അനുഗ്രഹങ്ങൾ ഉണർത്തുകയാണ്‌. മനുഷ്യൻ കഴിക്കുന്ന ഭക്ഷണം, മൃഗങ്ങൾക്ക്‌ ആവശ്യമായ ആഹാരം, അതിനു പ്രകൃതിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ എല്ലാം അല്ലാഹു ചെയ്തു വെച്ചിരിക്കുന്നു. മഴ വർഷിപ്പിക്കുന്നതും, അത്‌ ഭൂഗർഭ അറകളിൽ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തതുമൊക്കെ അലോചിച്ചാൽ തന്നെ അല്ലാഹുവിന്റെ അളവറ്റ ഈ അനുഗ്രഹങ്ങൾക്ക്‌ നന്ദി ചെയ്യാൻ താൻ കടപ്പെട്ടവനാണെന്ന് ചിന്തിക്കുന്നവനു മനസിലാകും. അതിനും പുറമേ എത്ര അനുഗ്രഹങ്ങൾ അവൻ തന്നു. എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ച്‌ നന്ദി കേട്‌ കാണിക്കുന്നവൻ ഉത്തരവാദിത്തം നിർവ്വഹിച്ചില്ലെന്ന് പറയുന്നത്‌ മനുഷ്യന്റെ കണ്ണ്‌ തുറപ്പിക്കേണ്ട പ്രയോഗം തന്നെ!പച്ചയിൽ മുറിച്ചെടുത്ത്‌ ഉപയോഗിക്കുന്ന എല്ലാ പച്ചക്കറി ചെടികൾക്കും പൊതുവിൽ പറയപ്പെടുന്ന പേരാണ്‌ قضب എന്ന പദം. എന്നാൽ മനുഷ്യൻ തിന്നാറില്ലാത്തതും കാലികൾ മേഞ്ഞു തിന്നുന്നതുമായ പുൽച്ചെടികളും മറ്റുമാണ്‌ أب എന്ന് പറഞ്ഞാൽ. തുടർന്ന് 32- ം സൂക്തത്തിൽ ഇതെല്ലാം നിങ്ങൾക്കും കാലികൾക്കും ഗുണത്തിനും സുഖത്തിനും വേണ്ടിയെന്നാണല്ലോ അല്ലാഹു പറഞ്ഞത്‌ ഇതിനു നന്ദി ചെയ്യേണ്ടവനാണു മനുഷ്യൻ എന്ന് കൂടി ഇത്‌ സൂചിപ്പിക്കുന്നു .അതിനെതിരിൽ ചരിക്കുന്നവർക്ക്‌ പാപത്തിന്റെ ശമ്പളം ലഭിക്കാൻ പോകുന്ന വിധി നിർണ്ണയ നാളിനെ കുറിച്ചാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌.
 

فَإِذَا جَاءتِ الصَّاخَّةُ 33
എന്നാൽ ആഭീകര ശബ്ദം വന്നാൽ


يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ 34
അതായത്‌ മനുഷ്യൻ തന്റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം

35. وَأُمِّهِ وَأَبِيهِ
തന്റെ മാതാവിനേയും പിതാവിനേയും വിട്ടും(ഓടിപ്പോകുന്ന ദിവസം)

36. وَصَاحِبَتِهِ وَبَنِيهِ
തന്റെ ഭാര്യയേയും മക്കളെയും വിട്ടും(ഓടുന്ന ദിവസം)

37. لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
അന്ന് അവരിൽ നിന്ന് ഓരോരുത്തർക്കും തന്നെ മതിയാക്കത്തക്ക കാര്യങ്ങളുണ്ട്‌(അത്‌ കൊണ്ടാണ്‌ അവൻ ഉറ്റവരെയൊന്നും ശ്രദ്ധിക്കാത്തതെന്ന് ചുരുക്കം)

അല്ലാഹു നൽകുന്ന ധാരാളം അനുഗ്രഹങ്ങൾ കഴിഞ്ഞ സൂക്തങ്ങളിൽ സൂചിപ്പിച്ചുവല്ലോ! ഈ ആനുകൂകൂല്യങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ എന്നിട്ടും അല്ലാഹുവിനു നന്ദി ചെയ്യുന്നതിനു പകരം നിഷേധവുമായി നടക്കാൻ ധാർഷ്ട്യം കാണിക്കുന്നു. എന്നാൽ അവരെ പരലോകത്ത്‌ ഒരുമിച്ചു കൂട്ടുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ്‌ ഭീകര ശബ്ദം വന്നാൽ എന്നതിന്റെ വിവക്ഷ! ഖബ്‌റിൽ നിന്നു മഹ്ശർ മൈതാനിയിലെത്തുന്ന മനുഷ്യരുടെ അസ്വസ്ഥമായ അവസ്ഥയാണ്‌ അല്ലാഹു വിശദീകരിക്കുന്നത്‌. അന്നത്തെ വിഷമത്തിൽ നിന്നു എനിക്കെങ്ങനെ രക്ഷപ്പെടാനാവും എന്ന് മാത്രമായിരിക്കും ഓരോരുത്തരുടെയും ചിന്ത! സ്വന്തം മാതാപിതാക്കളെയോ ഭാര്യ സന്താനങ്ങളെയോ നേരിൽ കണ്ടാൽ പോലും അവരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരാളും ഒരുക്കമല്ല. കാരണം ആദ്യം എന്റെ രക്ഷ! എന്നതാണ്‌ ഓരൊരുത്തരുടെയും ലക്ഷ്യം. അതിനായി നെട്ടോട്ടത്തിലാണ്‌ എല്ലാവരും!

ഇമാം ഖുർത്വുബി(റ) എഴുതുന്നു. ഭൗതികജീവിതത്തിന്റെ അവസ്ഥകൾ വിവരിച്ചതിനു ശേഷം പരലോക കാര്യങ്ങൾ അല്ലാഹു വിശകലനം ചെയ്യുന്നത്‌ ആ ദിനത്തെ വരവേൽക്കാനായി സുകൃതങ്ങൾ ചെയ്തു ഒരുങ്ങാൻ ബുദ്ധിയുള്ളവർക്ക്‌ പ്രചോദനമാവാൻ വേണ്ടിയാണ്‌. ആ ദിനത്തിലുണ്ടാവുന്ന ശബ്ദത്തിനു ചെകിടടപ്പിക്കുന്ന ശബ്ദം. കാത്‌ പൊട്ടിപ്പോകുമാറുള്ള ശബ്ദം എന്നൊക്കെയാണ്‌ അർത്ഥം! (ഖുർത്വുബി 19/157)

ആ ദിനത്തിൽ സ്വന്തക്കാരിൽ നിന്നെല്ലാവരും ഓടും എന്നതിന്റെ താത്പര്യം എന്താണ്‌ എന്നതിനെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു.. 'ഇവിടെ ഓടും എന്ന് പറഞ്ഞാൽ അതിന്റെ ബാഹ്യാർത്ഥം തന്നെയാവാം. അഥവാ സ്വന്തക്കാരെ കാണാതിരിക്കാനായി ഓടുക തന്നെ!കാരണം സ്വന്തക്കാരെ കണ്ട്‌ മുട്ടിയാൽ അവർക്ക്‌ ലഭിക്കേണ്ട ചില അവകാശങ്ങൾ അവർ ചോദിച്ചാലോ എന്ന ഭയം കാരണത്താൽ! അതായത്‌ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നോടുള്ള ചില കടമകൾ വീട്ടിയില്ലായിരുന്നുവെങ്കിൽ അത്‌ വെച്ച്‌ അവിടെ അവർ വിലപേശുമെന്ന് ഇവൻ ഭയപ്പെടുന്നു. അഥവാ സഹോദരൻ സഹോദരനെ കണ്ട്‌ മുട്ടിയാൽ അവൻ പറയും ഭൂമിയിൽ നിനക്ക്‌ സൗകര്യങ്ങളുണ്ടായിട്ടും സഹോദരനെന്ന നിലക്ക്‌ നീ എന്നെ സഹായിച്ചില്ല, രക്ഷിതാക്കൾ മക്കളെ കണ്ടാൽ പറയുന്നു മാതാപിതാക്കളോടുള്ള കടമകൾ നീ ഭൂമിയിൽ നിന്ന് വീട്ടിയിട്ടില്ല, ഭാര്യയെ കണ്ടാൽ അവൾ പറയും നിങ്ങൾ ഭൂമിയിൽ വെച്ചു എനിക്ക്‌ അനധികൃതമായ ആഹാരം തന്ന് എന്നെ ദുഷിപ്പിച്ചു, മക്കൾ കണ്ടാൽ പറയും പിതാവെന്ന നിലക്ക്‌ ഞങ്ങൾ പരലോകത്ത്‌ രക്ഷപ്പെടാനാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുകയോ ഞങ്ങൾക്ക്‌ ദിശാബോധം നൽകുകയോ ചെയ്യാതെ നിങ്ങൾ ഞങ്ങളെ വിഷമത്തിലാക്കി.. ഇത്‌ പോലുള്ള എല്ലാ കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാമെന്ന് ധരിച്ചാണ്‌ അവൻ ഓടുന്നത്‌',
ഇനി ഓടുക എന്നാൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കില്ല എന്നും അർത്ഥമാവാം ഭൂമിയിലാവുമ്പോൾ സ്വന്തക്കാർക്ക്‌ ആപത്ത്‌ വരുന്നിടത്തൊക്കെ പെട്ടെന്ന് ഓടിയെത്തുന്നവർ പോലും പരലോകത്ത്‌ സഹായിക്കാനെത്തില്ലെന്നു ചുരുക്കം! ഖുർആനിൽ ഓടുന്നവരുടെ ക്രമം ആദ്യം സഹോദരൻ, പിന്നെ മാതാപിതാക്കൾ, പിന്നെ ഭാര്യ മക്കൾ എന്നിങ്ങനെ പറഞ്ഞത്‌ അടുപ്പം കൂടുതലും കുറവും പരിഗണിച്ച്‌ കൊണ്ടാണ്‌ അഥവാ സഹോദരനേക്കാൾ അടുപ്പം രക്ഷിതാക്കളോടും അവരേക്കാൾ ശ്രദ്ധ ഭാര്യാ മക്കളുടെ കാര്യത്തിലുമെടുക്കാറാണല്ലോ സാധാരണയായി മനുഷ്യന്മാർ!(റാസി 31/59,60)

ആ ദിനത്തിന്റെ ഗൗരവാവസ്ഥ വിശദീകരിച്ച്‌ ഇബ്നു കസീർ(റ) എഴുതുന്നു. ''അന്നെദിനം ഭാര്യയെ കണ്ടാൽ ഭർത്താവ്‌ പറയും 'പ്രിയേ! ഭൂമിയിൽ ഞാൻ നിനക്ക്‌ വേണ്ടി ധാരാളം ഗുണങ്ങൾ ചെയ്ത്‌ തന്നത്‌ നിനക്ക്‌ ഓർമ്മയില്ലേ? ഇന്നെനിക്ക്‌ നിന്റെ ഒരു സഹായം വേണം നിന്റെ നന്മയിൽ നിന്ന് അൽപം തന്ന് നീ എന്നെ ഒന്ന് സഹായിക്കണം' ഇത്‌ കേട്ടാൽ ഭാര്യയുടെ പ്രതികരണം 'ഭൂമിയിൽ നിങ്ങൾ എന്റെ നല്ല ഭർത്താവായിരുന്നു. പക്ഷെ ഇവിടെ നിങ്ങൾ ഭയപ്പെടുന്ന അതേ ഭയം എനിക്കുമുണ്ട്‌ അതിനാൽ ഇന്ന് നിങ്ങളെ സഹായിക്കാൻ എനിക്കാവില്ല' എന്നായിരിക്കും. ഇതേ ക്രമത്തിൽ തന്നെയായിരിക്കും എല്ലാവരുടെയും പ്രതികരണം. ഏറ്റവും ശ്രേഷ്ടരായ പ്രവാചകന്മാർ പോലും അന്ന് എന്റെ രക്ഷ എന്നായിരിക്കും വിളിച്ചു പറയുക! (ഇബ്നു കസീർ 4/690)
അന്ന് വ്യത്യസ്തമായൊരു ശബ്ദം മുഹമ്മദ്‌ നബി(സ്വ)യിൽ നിന്ന് മാത്രമാണുണ്ടാവുക അവിടുന്ന് പറയുക എന്റെ സമുദായത്തെ രക്ഷിക്കേണമേ എന്നായിരിക്കും. ആ ഭീതിതമായ സമയത്ത്‌ പോലും നമ്മെ കൈവിടാത്ത നബി(സ്വ)യെ സ്വജീവനേക്കാൾ സ്നേഹിക്കാനും അവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നതിലും അവിടുത്തെ ചര്യ പിൻതുടരുന്നതിലും വീഴ്ച്ച വരുത്താതിരിക്കാനും നമുക്ക്‌ ബാദ്ധ്യതയുണ്ടെന്ന കാര്യം ഒരിക്കലും നാം വിസ്മരിക്കരുത്‌.
ആ ദിവസത്തിന്റെ അവസ്ഥ മനസിലാക്കാൻ അനസ്‌(റ) നബി(സ്വ) യിൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ്‌ ധാരാളം മതി. ആഇശ:(റ) നബി(സ്വ) യോട്‌ ചോദിച്ചു. ''അല്ലാഹുവിന്റെ നബിയേ! എങ്ങനെയാണ്‌ പുരുഷന്മാരെ അന്ത്യനാളിൽ ഒരുമിച്ച്‌ കൂട്ടുക? നബി(സ്വ) പറഞ്ഞു. ചെരുപ്പു ധരിക്കാത്തവരായും നഗ്നരായും കൊണ്ട്‌. വീണ്ടും ആ ഇശ:(റ) ചോദിച്ചു. സ്ത്രീകളെയോ? നബി(സ്വ) പറഞ്ഞു. അവരെയും അങ്ങനെ തന്നെ! അപ്പോൾ ആ ഇശ:ബീവി പറഞ്ഞു. അയ്യേ!അപ്പോൾ പരസ്പരം നഗ്നത കാണില്ലേ ? വല്ലാത്ത നാണക്കേട്‌ തന്നെ!! നബി(സ്വ) പറഞ്ഞു. ഇല്ല.. അന്നേ ദിനം ഒരാളും മറ്റൊരാളുടെയും നഗ്നത നോക്കില്ല. കാരണം ഓരോരുത്തർക്കും അവന്റെ രക്ഷയേ കുറിച്ച്‌ ചിന്തിക്കാൻ മാത്രമെ അന്ന് ശ്രദ്ധയുണ്ടാവൂ. അതാണ്‌ അല്ലാഹു പറഞ്ഞത്‌ ഓരോ ആളുകൾക്കും അന്ന് തന്നെ മതിയാകത്തക്ക കാര്യമുണ്ട്‌!

ചിന്തിക്കുക ! അവനവന്റെ രക്ഷക്ക്‌ അവിടെ വെച്ച്‌ മാത്രം ശദ്ധിച്ചത്‌ കൊണ്ടായില്ല ഇവിടെ വെച്ച്‌ തയാറാവണം ഒരുക്കങ്ങൾ നടത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ!

എന്നാൽ അന്ന് അല്ലാഹുവിനെ അനുസരിച്ച്‌ ഭൂമിയിൽ ജീവിച്ചിരുന്നവരും ധിക്കരിച്ചു നടന്നിരുന്നവരും ഒരു പോലെയായിരിക്കുമെന്ന് ധരിക്കരുത്‌. അവർ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടാവും അതാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

38. وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും

39. ضَاحِكَةٌ مُّسْتَبْشِرَةٌ
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും
40. وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
(വേറേ)ചില മുഖങ്ങളാവട്ടെ അന്ന് അവയുടെ മേൽ പൊടിപടലം ഉണ്ടായിരിക്കും
41. تَرْهَقُهَا قَتَرَةٌ
അവയെ കൂരിരുട്ട്‌ മൂടിയിരിക്കും

42. أُوْلَئِكَ هُمُ الْكَفَرَةُ الْفَجَرَةُ
അവരാണ്‌ ദുർമാർഗികളായ സത്യ നിഷേധികൾ!

അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ സന്തുഷ്ടരായ കാരണത്താൽ സജ്ജനങ്ങളുടെ മുഖം പ്രസന്നവും സന്തോഷം കളിയാടുന്നതുമായിരിക്കും. അതേ സമയം യാതൊരു പ്രതീക്ഷയുമില്ലാത്ത ദുർജ്ജനങ്ങളുടെ മുഖത്ത്‌ നിന്ന് തന്നെ അവരുടെ വിഷമം വായിച്ചെടുക്കാനാവും. അല്ലാഹു സത്യവിശ്വാസികളിൽ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. ആമീൻ.

ഇമാം റാസി(റ) എഴുതുന്നു. ''അന്ത്യ നാളിന്റെ ഭീതിതമായ അവസ്ഥ വിശദീകരിച്ചതിനു ശേഷം അല്ലാഹു മനുഷ്യരെ പ്രധാനമായും രണ്ട്‌ വിഭാഗമായി തരം തിരിക്കുന്നു. ഒന്ന് വിജയികൾ. രണ്ട്‌ പരാചയപ്പെട്ടവർ. വിജയികളുടെ വിശേഷണമായി അല്ലാഹു പറഞ്ഞു പ്രസന്ന മുഖമുള്ളവർ. അവരുടെ മുഖപ്രസന്നതക്ക്‌ പല കാരണങ്ങളും ഉണ്ട്‌. ഇബ്നു അബ്ബാസ്‌(റ) പറയുന്നു. രാത്രി നിസ്കാരം നിർവ്വഹിച്ചതിനാൽ എന്ന്. കാരണം രാത്രി കൂടുതൽ നിസ്ക്കരിച്ചവന്റെ മുഖം പകലിൽ സുന്ദരമായിരിക്കും എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വുളൂഇന്റെ അടയാളം കാരണത്താൽ പ്രസന്നമാകുമെന്ന് ളഹ്ഹാക്ക്‌(റ) പറയുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പൊടി പുരണ്ടകാരണത്താൽ എന്നും അഭിപ്രായമുണ്ട്‌. ഭൗതിക ബന്ധങ്ങളിൽനിന്നെല്ലാം രക്ഷപ്പെട്ട്‌ വിചാരണ കഴിഞ്ഞ ആശ്വാസത്തിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന പൊരുത്തത്തിന്റെ ഊഷ്മളതയാൽ മുഖത്തിന്റെ തെളിച്ചം കൂടുമെന്നാണ്‌ എന്റെ അഭിപ്രായം(റാസി 31/60)
രണ്ടാം വിഭാഗത്തിനു അല്ലാഹു മുഖത്തിനു കറുപ്പും പൊടി പടലവും കൊണ്ട്‌ മൂടിയത്‌ തെമ്മാടിത്തരവും അവിശ്വാസവും അവർ കൊണ്ട്‌ നടന്നതിനാലാണ്‌(റാസി 31/60)
ദോഷത്തിന്റെ ആധിഖ്യത്താൽ വിയർപ്പിൽ മുങ്ങിയ അവിശ്വാസിയുടെ മുഖത്ത്‌ പൊടി പടലങ്ങൾ ശരിക്കും സ്ഥാനം പിടിക്കും (അദ്ദുർ അൽമൻഥൂർ 6/523)

പ്രിയപ്പെട്ട വായനക്കാരേ! വർണ്ണിക്കാൻ സാദ്ധ്യമല്ലാത്ത അത്രയും വിഷമകരമായ അന്ത്യ ദിനം നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും ചെയ്യാൻ നാം സദാ ശ്രദ്ധയുള്ളവരാവണം .അല്ലാഹു നമുക്കും ഗുണകാംക്ഷികൾക്കും അതിനു അനുഗ്രഹിക്കട്ടെ ആമീൻ
അബസ സൂറത്ത്‌ പാരായണം ചെയ്യുന്നവൻ പരലോകത്ത്‌ പ്രസന്നമായ മുഖവുമായിട്ടായിരിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌(ബൈളാവി 2/571)