Home

Wednesday 28 October 2015

സൂറത്തുൽ ഖലം


سورة القلم

മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 52)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ن وَالْقَلَمِ وَمَا يَسْطُرُونَ (1



നൂൻ!പേന തന്നെയാണ്‌ സത്യം അവർ എഴുതി വെക്കുന്നതും തന്നെയാണ്‌ സത്യം!



ഇവിടെ നൂൻ എന്നതിന്റെ വിവക്ഷയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ കാണാം .ഖുർആനിലെ 29 അദ്ധ്യായങ്ങളുടെ തുടക്കത്തിൽ ഇങ്ങനെ അക്ഷരങ്ങൾ കാണാം. ഒന്ന് മുതൽ അഞ്ച് വരെ അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയ അദ്ധ്യായങ്ങളും കാണാം. ഇതിന്റെ വ്യാഖ്യാനം എന്താണെന്ന ചർച്ചയിൽ ഒരു വിഭാഗം വ്യാഖ്യാതാക്കൾ ഒരു വിശദീകരണവും പറയാതെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിനറിയാം എന്ന് പറഞ്ഞവരാണ്. ഈ അക്ഷരങ്ങൾ ഉൾക്കൊണ്ട ചില പദങ്ങളുടെ ചുരുക്കമാണെന്നും അദ്ധ്യായത്തിന്റെ പേരാണെന്നും അള്ളാഹുവിന്റെ നാമമാണെന്നും മറ്റും അഭിപ്രായം കാണാം. വ്യാഖ്യാനമുണ്ടെന്ന് പറയുന്നവർ ഇവിടെ നൂൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങൾ പറഞ്ഞിട്ടുണ്ട് നൂൻ എന്നാൽ മത്സ്യം ആണെന്നും മഷിക്കുപ്പിയാണെന്നും അള്ളാഹുവിന്റെ നിർദ്ദേശമനുസരിച്ച് മാലാഖമാർ അവന്റെ കല്പനകൾ എഴുതി വെക്കുന്ന പ്രകാശപ്പലകയാണെന്നും അള്ളാഹുവിന്റെ നാമമായ റഹ് മാൻ എന്നതിലെ നൂൻ ആണെന്നും ആ നാമം മൊത്തമാണുദ്ദേശ്യമെന്നും എല്ലാം അഭിപ്രായമുണ്ട് എന്നാൽ വിശദീകരണം അള്ളാഹുവിന്നറിയാം എന്ന വ്യാഖ്യാനമാണ് കൂടുതൽ സ്വീകാര്യമായത്. പേന എന്നതിന്റെ വിവക്ഷ സാധാരണ എഴുതുന്ന പേനയാണെന്നും എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ട അടിസ്ഥാന രേഖയായ ലൌഹുൽ മഹ്ഫൂളിൽ എഴുതാനുപയോഗിച്ച പേനയാണെന്നും അഭിപ്രായമുണ്ട് വലീദുബിൻ ഉബാദ(റ)പറഞ്ഞു. “എന്റെ പിതാവ് ഉബാദത്തുബിൻ സ്വാമിത്ത്(റ) എന്നോട് ഉപദേശിച്ചു മോനേ! നീ അള്ളാഹുവിനെ സൂക്ഷിക്കുക അള്ളാഹുവിന്റെ ഏകത്വവും നന്മ തിന്മകൾ അവനാണു കണക്കിയതെന്നും വിശ്വസിക്കുന്നത് വരെ നീ അള്ളാഹുവിനെ സൂക്ഷിക്കുന്നവനോ വിജ്ഞാനം ലഭിച്ചവനോ ആവില്ല നബി(സ) പറയുന്നത് ഞാൻ കേട്ടു അള്ളാഹു ഖലമിനെ സൃ‌ഷ്ടിച്ച് അതിനോട് എഴുതാൻ കല്പിച്ചു ഞാൻ എന്ത് എഴുതണമെന്ന് അത് ചോദിച്ചു ഞാൻ കണക്കാക്കുന്നത് എഴുതൂ എന്ന് അള്ളാഹു പറഞ്ഞു ആസമയത്ത് തന്നെ ഉണ്ടായതും അന്ത്യ നാൾ വരെ ഉണ്ടാവാനിരിക്കുന്നതുമായ എല്ലാം അത് എഴുതി(ഖുർത്വുബി18/169). പേന എന്നത് നാവ് പോലെ ആശയം വ്യക്തമാക്കാൻ സഹായിക്കുന്നതിനാൽ അത് അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. അവർ എഴുതുന്നത് എന്നതിന്റെ വിവക്ഷ മലക്കുകൾ രേഖപ്പെടുത്തുന്ന കർമ്മങ്ങളാണ്. മനുഷ്യന്റെ കർമ്മങ്ങളെല്ലാം മലക്കുകൾ രേഖപ്പെടുത്തുകയും അത് പരലോകത്തെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളുടെ നിദാനമായി മാറുകയും ചെയ്യും.

2. مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

(നബിയേ!)അങ്ങയുടെ നാഥന്റെ അനുഗ്രഹം മൂലം അങ്ങ് ഭ്രാന്തനല്ല. നബി(സ)തങ്ങളെ ശത്രുക്കൾ ആക്ഷേപിക്കാനുപയോഗിച്ച വാക്കുകളിലൊന്നായിരുന്നു അവിടുന്ന് ഭ്രാന്തനാണെന്ന പരാമർശം. പ്രധാനപ്പെട്ട പലതുകൊണ്ടും സത്യം ചെയ്തു കൊണ്ട് ആ അപവാദത്തെ അള്ളാഹു നിരാകരിക്കുകയാണ് .അങ്ങ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഭ്രാന്തനല്ല. ഭ്രാന്തില്ലെന്ന് മാത്രമല്ല അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനു തങ്ങൾ അർഹനാണെന്ന പ്രഖ്യാപനം നബി(സ) തങ്ങളുടെ അതുല്യമായ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. ഇമാം റാസി(റ)എഴുതുന്നു. നബി(സ)ക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ലെന്ന് തെളിവു സഹിതം അള്ളാഹു വിവരിക്കുകയാണ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് പൂർണ്ണ ബുദ്ധിയും ശരിയായ സംസാരവും തൃപ്തികരമായ ജീവിതരീതിയും എല്ലാ വൈകല്യങ്ങളിൽ നിന്നും മുക്തവും നന്മകളുടെ സംഗമവും തങ്ങളിൽ വ്യക്തമായി കാണാം ഇത് അള്ളാഹുവിന്റെ അനുഗ്രഹമത്രെ! ഇങ്ങനെയുള്ള ഒരു വ്യക്തത്വത്തെ ഭ്രാന്ത് കൊണ്ട് ആരോപിക്കുന്നത് മോശം തന്നെ. നബി(സ)ക്ക് ഭ്രാന്തുണ്ടെന്ന ശത്രുക്കളുടെ ആരോപണം പച്ചക്കള്ളം തന്നെ(റാസി 30/71)

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ (3

നിശ്ചയം തങ്ങൾക്ക് നിരന്തര പ്രതിഫലവുമുണ്ട്. ശത്രുക്കളുടെ അനാവശ്യവും അസഹ്യവുമായ ആരോപണങ്ങളേറ്റുവാങ്ങിയും കർമ്മനിരതനായി മുന്നോട് നീങ്ങുന്ന നബി(സ)ക്ക് ഒരിക്കലും നിലക്കാത്ത പ്രതിഫലം അള്ളാഹു ഒരുക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണിവിടെ. - مَمْنُونٍ എന്നാൽ മറ്റാരുടെയും ഔദാര്യത്തിലല്ലാതെ അള്ളാഹു നൽകി എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(ബൈളാവി)

وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (4

നിശ്ചയം അങ്ങ് മഹത്തായ ഒരു സ്വഭാവത്തിന്മേലാണുള്ളത്. നബി(സ)യുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണിവിടെ സൂചിപ്പിക്കുന്നത്.അവിടുത്തെ സ്വഭാവത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുത്തെ സ്വഭാവം ഖുർആനാണെന്ന് മറുപടി പറഞ്ഞതായി ഹദീസിലുണ്ട് .ഖുർആൻ മുന്നോട്ട് വെക്കുന്നതെല്ലാം അവിടുത്തെ സ്വഭാവത്തിൽ കാണാം .ബൈളാവി(റ)ഇവിടെ എഴുതുന്നു മറ്റാർക്കും സഹിക്കാനാവത്ത പ്രയാസങ്ങൾ സമൂഹത്തിൽ നിന്ന് സഹിക്കാൻ അങ്ങേക്ക് കഴിഞ്ഞത് അവിടുത്തെ സ്വഭാവ മഹാത്മ്യം കൊണ്ടാണ്(ബൈളാവി 2/514). ഇമാം റാസി(റ) എഴുതുന്നു നബി(സ) ഭ്രാന്തനല്ലെന്ന മുമ്പ് പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനമാണിത് അതായത് ഭ്രാന്തനാണെങ്കിൽ ചീത്ത സ്വഭാവങ്ങളും പ്രവർത്തനവുമാണല്ലോ ഉണ്ടാവുക. തങ്ങൾ നല്ല സ്വഭാവത്തിലാണ്. അത് ഭ്രാന്തുണ്ടെന്ന വാദം പൊളിക്കാൻ പര്യാപ്തമാണല്ലോ(റാസി 30/72). അവിടുന്നു മോശമായ വാക്കുകൾ പറയുന്നവരോ വൃ‌ത്തികേട് ചെയ്യുന്നവരോ തിന്മയെ തിന്മകൊണ്ട് പ്രതികരിക്കുന്നവരോ ആയിരുന്നില്ല മറിച്ച് അവിടുന്ന് മാപ്പ് നൽകുന്നവരും ക്ഷമ കൈകൊള്ളുന്നവരുമായിരുന്നു.സാധുക്കളുടെ ക്ഷണം സ്വീകരിക്കുമായിരുന്നു.നന്മയായി അറിയപ്പെടുന്ന എല്ലാം തങ്ങളിലുണ്ടായിരുന്നു എന്ന് ചുരുക്കം. മഹത്തായ സ്വഭാവത്തിലാണെന്നതിനു അള്ളാഹുവിന്റെ ദീനിന്റെ മേലിലാണ് എന്നും വ്യാഖ്യാനമുണ്ട്.അതായത് അള്ളാഹുവിന്റെ കല്പനകളെന്തായാലും അതൊക്കെ യഥാവിധി അവിടുന്ന് നടപ്പാക്കുന്ന ആളാണു തങ്ങൾ എന്ന സാക്ഷ്യമത്രെ ഇത്. അഥവാ അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിക്കുന്നതിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് അള്ളാഹു സാക്ഷ്യപ്പെടുത്തിയതാണിത്. 10 വർഷം നബി(സ) ക്ക് സേവനം ചെയ്ത അനസ്(റ) പറയുന്നു ഞാൻ പത്ത് വർഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്തിട്ട് ഒരിക്കൽ പോലും എന്തിനു അത് ചെയ്തു എന്നോ ഇന്ന കാര്യം ചെയ്തില്ലേ എന്നോ ആക്ഷേപ സ്വരത്തിൽ എന്നോട് ചോദിച്ചിട്ടില്ല (അദ്ദുർ അൽ മൻ ഥൂർ 6/390). ഇമാം റാസി(റ) എഴുതുന്നു മഹത്തായ സ്വഭാവത്തിന്റെ മേലെയാണെന്ന പ്രയോഗത്തിൽ തന്നെ തങ്ങൾ അതിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.എന്ന ആശയം ഉണ്ട്.നല്ല സ്വഭാവവും തങ്ങളും തമ്മിലുള്ള ബന്ധം അടിമക്ക് മേൽ ഉടമക്കുള്ള സ്വാധീനം പോലെയാണ്(റാസി 30/72) എന്താണ് സൽ‌സ്വഭാവം എന്നാൽ? ഇമാം റാസി(റ) എഴുതുന്നു.നല്ല കാര്യങ്ങൾ ചെയ്യാൻ നിഷ്‌പ്രയാസം സാധിക്കും വിധമുള്ള ഒരു കഴിവാണത് –അതായത് നല്ല കാര്യം ചിലപ്പോൾ ദുസ്വഭാവിയും ചെയ്യും പക്ഷെ അത് അവനു നിഷ്‌പ്രയാസമായിരിക്കില്ല. ആ കഴിവു മുഖേന പിശുക്ക്,ദേഷ്യം,കാർക്കശ്യം ബന്ധ വിച്ഛേദം എന്നിങ്ങനെയുള്ള എല്ലാ ദുസ്വഭാവങ്ങളിൽ നിന്നും അവിടുന്നു ഒഴിഞ്ഞ് നിൽക്കുന്നത് വളരെ എളുപ്പമാകും വിധം അള്ളാഹു അവിടുത്തെ തിരഞ്ഞെടുത്തു(റാസി 30/72)

5. فَسَتُبْصِرُ وَيُبْصِرُونَ

പിന്നീട് തങ്ങൾ കണ്ടറിയും അവരും കണ്ടറിയും


6. بِأَييِّكُمُ الْمَفْتُونُ

നിങ്ങളിൽ ആരിലാണ്‌ കുഴപ്പം ഉള്ളതെന്ന് നബി(സ) യെ ആക്ഷേപിച്ചവർക്കുള്ള ശക്തമായ താക്കീതാണിത്.ആർക്കാണ് കുഴപ്പമെന്ന് തങ്ങളും അവരും കാണാനിരിക്കുന്നു എന്നത് ഭൂമിയിൽ വെച്ച് തന്നെ കാണുമെന്നും പരലോകത്ത് കാണുമെന്നാണതിന്റെ താല്പര്യമെന്നും വ്യാഖ്യാനമുണ്ട് രണ്ട് വ്യാഖ്യാനവും വൈരുദ്ധ്യമല്ലാത്തതിനാൽ രണ്ടും സ്വീകാര്യവുമാണ്.ആർക്കാണ് കുഴപ്പം വരാനിരിക്കുന്നതെന്ന് അവരും തങ്ങളും കാണുന്നത് ഭൂമിയിൽ വെച്ചാണെന്ന് വെച്ചാൽ അതിന്റെ താല്പര്യം തങ്ങൾക്ക് എന്താണ് ഭാവിയിൽ വരാനിരിക്കുന്നതെന്നും അവരെ എന്താണ് കാത്തിരിക്കുന്നതെന്നും പിന്നീട് കാണാം എന്നാണ്.അതായത് തങ്ങൾ ഭാവിയിൽ സമാദരണീയനായി മാറുകയും തങ്ങളെ ആക്ഷേപിച്ചവർ നിന്ദ്യരായി നാണം കെടുമെന്നും അർത്ഥം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകം അത് കാണുകയും ചെയ്തു ബദ്ർ യുദ്ധം മുതൽ അവർ പരിഹാസ്യരും ദയനീയമായ പരാജയം അനുഭവിച്ചവരുമാവുകയും നബി(സ) തങ്ങൾ ലോകം മൊത്തം തന്റെ ദൌത്യ നിർവഹണത്തിന്റെ സാക്ഷാൽക്കാരം നടത്തിയതും താൻ പ്രബോധനം ചെയ്ത ആശയത്തിന്റെ സമ്പൂർത്തീകരണത്തിന്റെ സന്ദേശം ലക്ഷത്തിലധികം വരുന്ന ശിഷ്യന്മാരുടെ മുന്നിൽ വെച്ച് പ്രഖ്യാപിക്കാൻ സാധിച്ചതും ഈ കാഴ്ചയുടെ സാക്ഷാൽക്കാരമാണ്. പരലോകത്ത് കാണുമെന്ന വ്യാഖ്യാനം എടുത്താൽ നിഷേധികൾ നരകത്തിന്റെ ഭയാനകതയിൽ നട്ടം തിരിയുന്നവരും ഒരു അവസരം ഭൂമിയിലേക്ക് മടങ്ങാൻ കിട്ടിയാൽ സത്യ വിശ്വാസത്തിന്റെ ആൾ രൂപങ്ങളായിക്കൊള്ളാമെന്ന് കുമ്പസരിക്കുന്നതും അത് സാദ്ധ്യമല്ലെന്ന നാഥന്റെ തീരുമാനത്തോടെ നബി(സ)യെ എതിർത്തതിൽ മനം നൊന്ത് ഇങ്ങനെയൊന്നും ചെയ്യാതെ പ്രവാചകന്റെ ചങ്ങാത്തം സ്വീകരിച്ചാൽ മതിയായിരുന്നു എന്ന് വിലപിക്കുകയും ചെയ്യുന്ന രംഗം കാണാനാവുമെന്നും അതെ സമയം നബി(സ)യും സത്യ വിശ്വാസികളും സ്വർഗത്തിന്റെ സന്തോഷത്തിൽ ആറാടുന്ന കാഴ്ചയാണു കാണാൻ കഴിയുക എന്നും ആകും അർഥം ഒന്നു ഭൂമിയിൽ കണ്ടതും രണ്ടാമത്തെത് പരലോകത്ത് കാണാനിരിക്കുന്നതുമത്രെ

7. إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

തങ്ങളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗം വിട്ട് തെറ്റിയവരെ പറ്റി നല്ല വണ്ണം അറിയുന്നവൻ തന്നെയാണ്‌ സന്മാർഗം പ്രാപിച്ചവരെക്കുറിച്ചും അവൻ നല്ല വണ്ണം അറിയുന്നവനാകുന്നു. തങ്ങൾ ഭ്രാന്തനാണെന്ന ആരോപണത്തിന്റെ ശക്തമായ മറുപടിയാണിതും.അതായത് തങ്ങൾക്ക് നേരെ ഭ്രാന്താരോപണം നടത്തിയവർ ബുദ്ധിമാന്മാരാണെന്നാണല്ലോ അവരുടെ വെപ്പ്.എന്നാൽ തങ്ങൾ സന്മാർഗ്ഗത്തിലും അവർ വഴികേടിലുമാണെന്ന് അള്ളാഹുവിനു നന്നായറിയാം.അപ്പോൾ ശാശ്വത വിജയത്തിന്റെ നിദാനമായ സന്മാർഗത്തിനാണ് അവരീ പറയുന്ന ഭ്രാന്താരോപണത്തേക്കാൾ മഹത്വമുള്ളത് അതിനാൽ സന്മാർഗത്തിലുള്ള തങ്ങൾക്കു നേരെയുള്ള ഭ്രാന്താരോപണം ശുദ്ധ നുണയാവുന്നു എന്നാണിതിന്റെ അർഥം മറ്റൊരു വ്യാഖ്യാനവും ഇവിടെ കാണാം യഥാർഥത്തിൽ ആരാണ് ഭ്രാന്തുള്ളവർ അവർ സത്യ മാർഗം തെറ്റിയവരാണ് എന്നാൽ ബുദ്ധിയുള്ളവരോ സന്മാർഗം ലഭിച്ചവരുമാണ് .അതായത് വാദി പ്രതിയായെന്നർത്ഥം!


8. فَلَا تُطِعِ الْمُكَذِّبِينَ

അതിനാൽ നിഷേധിക്കുന്നവരെ തങ്ങൾ അനുസരിക്കരുത്.


9. وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

തങ്ങൾ അയവ് കാണിച്ചാൽ നന്നായിരുന്നു എന്ന് അവർ ആഗ്രഹിക്കുന്നു എന്നാൽ അവരും അയവ് കാണിക്കും. നബി(സ)യുടെ ശത്രുക്കൾക്കുണ്ടായ ഒരു ചിന്തയുടെ മുനയൊടിക്കുകയാണിവിടെ .അവരുടെ ആരാധ്യ വസ്തുക്കളെ നബി(സ) അംഗീകരിക്കുക.അവരുടെ ദുരാചാരങ്ങളെ വിമർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിച്ച് കൊണ്ട് പ്രബോധനരീതിയിൽ ചെറിയ അയവു വരുത്തിയാൽ അവർക്ക് നബി(സ) യോടുള്ള എതിർപ്പിലും അയവു വരുത്താമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു പക്ഷെ സത്യത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ലെന്നും അത്തരക്കാരുടെ ആഗ്രഹത്തിനു വഴങ്ങരുതെന്നും ഉണർത്തിയിരിക്കുകയാണിവിടെ.


10. وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

അധികമായി സത്യം ചെയ്യുന്നവനും നീചനുമായ ആരെയും തങ്ങൾ അനുസരിക്കരുത്.

നിഷേധികളുടെ അടയാളങ്ങളാണിവിടെ വിശദീകരിക്കുന്നത്. അധികമായി സത്യം ചെയ്യുന്നവൻ എന്നാണ് ആദ്യമായി പറഞ്ഞത്..സ്ഥാനത്തും അസ്ഥാനത്തും സത്യം അസത്യം എന്ന വിവേചനമില്ലാതെ സത്യം ചെയ്യുന്നവൻ എന്നാണിതിന്റെ അർത്ഥം .വളരെ അത്യാവശ്യ ഘട്ടത്തിലല്ലാതെ സത്യമായ കാര്യത്തിൽ പോലും സത്യം ചെയ്യുന്നത് നന്നല്ല എന്നിരിക്കെ എന്തിനും സത്യം ചെയ്യുന്ന ദുസ്വഭാവം സത്യ നിഷേധികളുടെ ലക്ഷണമാണെന്നും അവനെ അനുസരിക്കരുതെന്നുമാണ് ഉണർത്തുന്നത്.അഭിപ്രായത്തിലും വിവേചന ഭുദ്ധിയിലും ശരാശരിക്കും താഴെ ആയതിനാൽ അള്ളാഹുവിന്റെ മഹത്വം മനസിലാക്കാതെ അവനെ എന്തിനും സത്യത്തിനു ഉപയോഗിച്ച് നിസ്സാരമാക്കിയതിനാൽ ഇവൻ നിസ്സാരനായി. ഇമാം റാസി(റ) എഴുതുന്നു താൻ അടിമയാണെന്ന സത്യം ഉൾക്കൊള്ളുന്നതിലാണ് മനുഷ്യന്റെ മഹത്വം നിലകൊള്ളുന്നത് അത് അറിയാത്തവൻ നിന്ദ്യനാണ് ഇതും നിഷേധിയുടെ ലക്ഷണമാണ്.



11. هَمَّازٍ مَّشَّاء بِنَمِيمٍ

കുത്ത് വാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ.

ജനങ്ങളെ പരിഹസിക്കാനും അവരിലുള്ള കുറവുകൾ പറഞ്ഞ് അപഹസിക്കാനും വല്ലാതെ ശ്രമിക്കുന്നവൻ എന്നാണ് –هماز എന്നതിന്റെ താല്പര്യം കൂടുതൽ വിശദീകരണം 104 മത് അദ്ധ്യായം നോക്കുക. ഒരാളുടെ വാക്കിനെ കുഴപ്പമുണ്ടാക്കാനായി മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നാണ് ഏഷണി എന്ന് പറഞ്ഞാൽ സ്വർഗ പ്രവേശനം തടയപെടാൻ പര്യാപ്തമായ ദുഷ്ക്കർമ്മമത്രെ ഏഷണി.ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന ഹദീസ് എത്ര മാത്രം ഗൌരവമുള്ളതാണ് എന്ന് ചിന്തിച്ചെങ്കിൽ

12. مَنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

നന്മയെ നിശ്ശേഷം തടയുന്നവനും അതിക്രമിയും മഹാ പാപിയുമായ. നന്മ നിശ്ശേഷം തടയുന്നവൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. ഇവിടെ പറഞ്ഞ خير ധനമാണെന്നും അത് ആവശ്യക്കാർക്ക് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവനാണെന്നുമാണ് ഒരു വ്യാഖ്യാനം. ‌ഇസ് ലാം എന്ന നന്മയിലേക്ക് വരുന്നവരെ തടയുന്നവൻ എന്നാണ് മറ്റൊരു വ്യാഖ്യാനം. എല്ലാ നന്മ മുടക്കികൾക്കും താക്കീത് തന്നെയാണീ സൂക്തം. അതിക്രമി എന്നാൽ സത്യത്തെ അവഗണിച്ച് അക്രമം കാണിക്കുന്നവൻ എന്നും വൃ‌ത്തികേടുകളും അരുതായ്മകളും ചെയ്യുന്നവൻ എന്നും അർഥമുണ്ട്. മഹാ പാപി എന്നാൽ കുറ്റങ്ങളിൽ മുഴുകുന്നവൻ എന്ന് തന്നെ താല്പര്യം.

13. عُتُلٍّ بَعْدَ ذَلِكَ زَنِيمٍ


ക്രൂരനും അതിനെല്ലാം പുറമെ ശരിയായ പിതാവില്ലാത്തവനുമായ(വനെ തങ്ങൾ അനുസരിക്കരുത്)

ക്രൂരൻ എന്നത് സ്വഭാവ ദൂഷ്യത്തിന്റെ ആൾ രൂപം എന്ന അർത്ഥത്തിലാണ് പരുഗണിക്കുന്നത്زنيم എന്നതിനു ജാര സന്താനം എന്ന അർത്ഥത്തിനു പുറമെ ദുർവൃ‌ത്തിയിൽ കുപ്രസിദ്ധി നേടിയവൻ എന്നും മറ്റും വ്യാഖ്യാനമുണ്ട്


14. أَن كَانَ ذَا مَالٍ وَبَنِينَ

അവൻ സ്വത്തും സന്താനങ്ങളുമുള്ളവനായതിനാൽ(ആണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്)

ധാരാളം സമ്പത്തും സന്താനങ്ങളുമെണ്ടെന്ന ഹുങ്കിലാണിയാൾ ഇത്രയും അധർമ്മിയായി മാറിയത്.സമ്പത്തും സന്താനങ്ങളുമുണ്ടെങ്കിൽ പിന്നെ ഒന്നും പ്രശ്നമല്ലെന്ന മിഥ്യാ ധാരണയാളെ അഹങ്കാരിയാക്കിയത് എന്ന് ചുരുക്കം


15. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അത് പൂർവീകന്മാരുടെ പഴങ്കഥകളാണ്‌ എന്ന് അവൻ പറയും

ഈ അഹകാരത്തിന്റെ ആഴമാണ് അള്ളാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള പൂർവീകരുടെ പഴങ്കഥകളാണ് എന്ന അസത്യം പറയാൻ അവനെ പ്രേരിപ്പിച്ചത്

سَنَسِمُهُ عَلَى الْخُرْطُومِ (16


പിന്നീട് അവന്റെ തുമ്പിക്കൈക്ക് (നീണ്ട മൂക്കിന്‌) നാം അടയാളം വെക്കുന്നതാണ്‌ ഭൌതിക സൌകര്യങ്ങളുടെ പേരിൽ ഖുർആ നിനെ വിമർശിക്കുന്നവർക്ക് ശക്തമായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണിവിടെ ഉണർത്തുന്നത്. അത്തരക്കാ‍രുടെ മൂക്കിനെയാണ് തുമ്പിക്കെ ആയി ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവമാണു മുഖം ആ മുഖത്ത് ഉയർന്നു നിൽക്കുന്ന മൂക്കിന്റെ സ്ഥാനം പ്രധാനം തന്നെ ഈ ധിക്കാരികൾക്ക് മൂക്കിനു പ്രത്യേകം അടയാളം, നൽകി അവരെ അപമാനിക്കുമെന്നാണ് താല്പര്യം അന്ത്യ നാളിൽ അവരുടെ മുഖം കറുപ്പിക്കുമെന്നാണിതിന്റെ താല്പര്യമെന്നും മറ്റും വ്യാഖ്യാനമുണ്ട്.എന്തായാലും സത്യ നിഷേധിയുടെ കാര്യം മഹാ കഷ്ടം തന്നെ . പത്ത് മുതൽ പതിനാറു കൂടിയ സൂക്തങ്ങൾ ആരുടെ വിഷയത്തിലാണിറങ്ങിയതെന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട് പത്ത് മക്കളും ധാരാളം സമ്പത്തുമുണ്ടായിരുന്ന ഖുറൈശികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന വലീദു ബിൻ മുഗീറയെക്കുറിച്ചാണെന്ന് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അയാൾ നബി(സ)യുടെ വാക്കുകൾ കേട്ടപ്പോൾ ഇത് വല്ലാത്ത ആകർഷകമാണെന്ന് പറയുകയും അതിനെ പുകഴ്ത്തുകയും ചെയ്തു സുസമ്മതനായ ഈ നേതാവ് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ട അബൂജഹ്ൽ കള്ളം പറഞ്ഞ് അയാളെ പ്രകോപിപ്പിക്കുകയും അയാൾ ദുരഭിമാനം സംരക്ഷിക്കാനായി നബി(സ)യെ ആക്ഷേപിക്കുകയും ചെയ്തപ്പോൾ അയാളിലുള്ള പോരായ്മകൾ പറഞ്ഞ് കൊണ്ട് അള്ളാഹു അയാളെ നാണം കെടുത്തി.ഈ സൂക്തങ്ങൾ ഇറങ്ങിയപ്പോൾ വലീദ് ഉമ്മയുടെ അടുത്ത് ചെന്ന് എന്നെക്കുറിച്ച് മുഹമ്മദ്(സ) പല ആക്ഷേപങ്ങളും പറയുന്നുണ്ട് അതിൽ ജാര സന്താനം എന്നതൊഴിച്ചുള്ള കുറ്റങ്ങളെല്ലാം എന്നിലുണ്ട് ഇതിന്റെ സത്യം എനിക്ക് പറഞ്ഞ് തരണമെന്നും ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി അപ്പോൾ ഉമ്മ പറഞ്ഞു മുഹമ്മദ്(സ)പറഞ്ഞത് സത്യം തന്നെയാണ് നിന്റെ ഉപ്പ ലൈംഗിക ശേഷി ഇല്ലാത്ത ആളും വലിയ സമ്പന്നനുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാനായി ഞാൻ ഒരു ആട്ടിടയനുമായി ശാരീരിക ബന്ധം പുലർത്തുകയും മുഗീറയുടെ മകനായി നിന്നെ പുറത്ത് പരിചയപ്പെടുത്തുകയും ചെയ്തതാണ് എന്ന് ഉമ്മ വിശദീകരിച്ചു.ഇത്ര വ്യക്തമായി നബി(സ)യുടെ പ്രഖ്യാപനങ്ങളുടെ വസ്തുത മനസിലായിട്ടും സത്യമുൾക്കൊള്ളാതെ ഖുർആൻ പൂർവീകരുടെ കെട്ടുകഥയാണെന്ന് പറയുന്നവന്റെ അധപതനം എത്ര ഗുരുതരം! ഇവിടെ പറഞ്ഞ കുറ്റങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കാൻ എല്ലാവരും ശ്രമിക്കേണ്ടത് തന്നെ.
 
 


(17)إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ


നിശ്ചയം ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ ഇവരെയും നാം പരീക്ഷിച്ചു. പ്രഭാതവേളയിലായിരിക്കെ തങ്ങൾ അത്(തോട്ടത്തിലെ പഴങ്ങൾ) മുറിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അവർ സത്യം ചെയ്ത് പറഞ്ഞ സന്ദർഭം!
ഇവരെ എന്നത് കൊണ്ട് ഉദ്ദേശ്യം മക്കക്കാരാണ്.അവർക്ക് അള്ളാഹു ധനം നൽകി. പ്രവാചകനെയും നൽകി.അള്ളാഹുവിനു അതിന്റെ പേരിൽ നന്ദി കാണിക്കലായിരുന്നു-അഹങ്കരിക്കലല്ല- അവരുടെ കടമ എന്നിട്ടും നബി(സ)തങ്ങളാകുന്ന അള്ളാഹുവിന്റെ ഏറ്റവും ഇഷ്ടമുള്ള പ്രവാചകനോട് ശാത്രവം കാണിക്കുക വഴി അവർ അള്ളാഹുവോട് നന്ദി കേട് കാണിച്ചപ്പോൾ തോട്ടക്കാരെ പരീക്ഷിച്ച പോലെ ദാരിദ്ര്യം കൊണ്ടും വരൾച്ച കൊണ്ടും അവരെ പരീക്ഷിച്ചു എന്നാണ് അള്ളാഹു പറയുന്നത്. ഇവിടെ ഉദാഹരണമായി പറഞ്ഞ തോട്ടക്കാർ യമനിലായിരുന്നുവെന്നും (സൻആഇൽ നിന്ന് കുറച്ച് അകലെയുള്ള ളർവാൻ എന്ന ഗ്രാമത്തിലായിരുന്നു )ഹബ്സീനിയയിലായിരുന്നുവെന്നും കാണാം അവർ വേദക്കാരായിരുന്നുവെന്നും ഈസാ(അ)ക്ക് ശേഷമാണ് ഈ സംഭവമെന്നും ചരിത്രങ്ങളിലുണ്ട് സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. ഉദാര ശീലനും സാദാചാരതല്പരനുമായ ഒരു സദ് വൃ‌ത്തന്റെതായിരുന്നു ആ തോട്ടം.അതിലെ പഴങ്ങൾ പറിച്ചെടുക്കുമ്പോൾ ഒരുഭാഗം സാധുക്കൾക്ക് ദാനം ചെയ്യുമായിരുന്നു അദ്ദേഹം.താൻ മരണപ്പെട്ട ശേഷം രംഗത്ത് വന്ന മക്കൾ പക്ഷെ ഉപ്പയുടെ പാരമ്പര്യം തുടരാനിഷ്ടപ്പെട്ടില്ല.പുലർച്ചക്ക് തന്നെ തോട്ടത്തിലെത്തി (സാധുക്കൾ എത്തും മുമ്പെ )പഴം പറിച്ചെടുക്കണമെന്നും സാധുക്കൾക്ക് ഒന്നും കൊടുക്കരുതെന്നും അവർ പരസ്പരം സ്വകാര്യം പറയുകയും ചെയ്തു. തീരുമാനിച്ചതനുസരിച്ച് തോട്ടത്തിൽ ചെന്ന് നോക്കുമ്പോൾ ഒരു അത്യാഹിതം ബാധിച്ച് തോട്ടം നിശ്ശേഷം നശിച്ചു പോയിരിക്കുന്നു അപ്പോൾ അവർ തീരാദു:ഖത്തിലായി.തോട്ടത്തിനു ബാധിച്ച വിപത്ത് ചുഴലിക്കാറ്റാണെന്നും ഒരു ഇടിത്തീ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇമാം ഥിബ് രി(റ) എഴുതുന്നു.ആ തോട്ടത്തിന്റെ ഉടമയായിരുന്ന ആ നല്ല മനുഷ്യൻ വിളവെടുപ്പിന്റെ സമയത്ത് ഒരു വർഷത്തേക്ക് തങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ സൂക്ഷിച്ച് വെക്കുകയും ബാക്കി മുഴുവനും സാധുക്കൾക്ക് കൊടുക്കുകയും ചെയ്യുമായിരുന്നു.ബാപ്പ മരിച്ചപ്പോൾ ആ പതിവ് മക്കൾ പാടെ മാറ്റി മറിച്ചു,സാധുക്കൾക്ക് ഒന്നും നൽകില്ലെന്ന് തീരുമാനിച്ചു(ഥിബ് രി 29/31)

(18) وَلَا يَسْتَثْنُونَ

അവർ ഒഴിവാക്കി പറഞ്ഞതുമില്ല
അവർ ഒഴിവാക്കി പറഞ്ഞില്ല എന്നാൽ അവർ ഇൻശാ അള്ളാഹ് എന്ന് പറഞ്ഞില്ല എന്നും പാവങ്ങൾക്ക് ഒന്നും ഒഴിവാക്കിക്കൊടുക്കുകയില്ല എന്നും വ്യാഖ്യാനമുണ്ട്


(19)فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ


അങ്ങനെ അവർ ഉറങ്ങിക്കൊണ്ടിരിക്കെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരാപത്ത് ആ തോട്ടത്തിന്റെ മേൽ ബാധിച്ചു


طَائِفٌ എന്ന് പറഞ്ഞാൽ ജിബ്‌രീൽ(അ) എന്നും നരകത്തിൽ നിന്ന് പുറപ്പെട്ട തീ എന്നും അള്ളാഹുവിന്റെ പ്രത്യേക കല്പന എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി 18/180). ഇമാം ഖുർത്വുബി(റ) എഴുതുന്നു. “ആ തോട്ടക്കാർ സാധുക്കളെ ഒഴിവാക്കാൻ തീരുമാനിച്ചുറച്ചപ്പോൾ തന്നെ (അത് നടപ്പാക്കുന്നതിനു മുമ്പ്)അവരുടെ തോട്ടം നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞതിൽ നിന്ന് ചില തെറ്റുകൾ ചെയ്യാൻ ഉറപ്പിച്ചാൽ തന്നെ അള്ളാഹു ശിക്ഷിക്കും കാരണം ഇവർ തീരുമാനിച്ച കാര്യം ചെയ്യുന്നതിനുമുമ്പാണല്ലോ അള്ളാഹു അവരുടെ തോട്ടത്തെ നശിപ്പിച്ചത്. “നബി(സ) പറഞ്ഞു .രണ്ട് മുസ്‌ലിംകൾ അവരുടെ വാളു കൊണ്ട് പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്.അപ്പോൾ ചോദിക്കപ്പെട്ടു. കൊന്നവൻ നരകത്തിലാണെന്നത് മനസിലായി.കൊല്ലപ്പെട്ടവൻ എന്ത് കൊണ്ട് നരകത്തിലായി? നബി(സ) പറഞ്ഞു അവൻ തന്റെ സഹോദരനെ കൊല്ലാൻ കരുതിയവനാണല്ലോ! അതായത് ചെയ്യാൻ തീരുമാനിച്ച തെറ്റിന്റെ പേരിൽ ആ തെറ്റ് ചെയ്തില്ലെങ്കിലും അവൻ നരകത്തിലായി(ഖുർത്വുബി 18/180)


فَأَصْبَحَتْ كَالصَّرِيمِ 20

അങ്ങനെ അത്(തോട്ടം)ഫലം മുറിച്ചെടുക്കപ്പെട്ടതു പോലെയായി


صريم എന്നാൽ ഇരുട്ടായ രാത്രി പോലെ എന്നും കറുത്ത ചാരം പോലെ എന്നും ..അഭിപ്രായമുണ്ട്. അതായത് അവർ തോട്ടത്തിലെത്തിയപ്പോൾ പഴങ്ങളില്ലാത്ത ശൂന്യമായ അവസ്ഥയാണു കണ്ടത്


(21) فَتَنَادَوا مُصْبِحِينَ

എന്നിട്ട് പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചു പറഞ്ഞു


(22) أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ

നിങ്ങൾ ഫലം മുറിച്ചെടുക്കു(വാൻ ഉദ്ദേശിക്കു)ന്നവരാണെങ്കിൽ നിങ്ങളുടെ കൃ‌ഷി സ്ഥലത്ത് പുലർച്ചക്ക് വരുവീൻ


(23) فَانطَلَقُوا وَهُمْ يَتَخَافَتُونَ

അങ്ങനെ അവർ അന്വോന്യം പതുക്കെ പറഞ്ഞ് കൊണ്ട് പോയി


(24)أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ

ഇന്ന് ആ തോട്ടത്തിൽ ഒരു സാധുവും നമ്മുടെ അടുത്ത് പ്രവേശിക്കുകയേ അരുത് എന്ന്.


അവർ തോട്ടത്തിൽ വിളവ് എടുക്കാൻ പോകുന്നത് സാധുക്കൾ അറിയാതിരിക്കാനായിരുന്നു അവർ പതുക്കെ പറഞ്ഞത് എന്നാൽ അവരുടെ പിതാവ് വിളവെടുപ്പിന്റെ വിവരം സാധുക്കളോട് നേരത്തെ പറയുകയും ആ സമയത്ത് അവർ അവിടെ സന്നിഹിതരാവുകയുമായിരുന്നു ചെയ്തിരുന്നത്



(25) وَغَدَوْا عَلَى حَرْدٍ قَادِرِينَ

(സാധുക്കളെ) തടയുവാൻ കഴിയുന്ന(വരാണെന്ന് ധരിച്ചുകൊണ്ട് അവർ പുലർച്ചെ എത്തുകയും ചെയ്തു



(26) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ

അങ്ങനെ ആ തോട്ടം കണ്ടപ്പോൾ നിശ്ചയമായും നാം വഴിതെറ്റിപ്പോയവരാണെന്ന് അവർ പറഞ്ഞു


(27) بَلْ نَحْنُ مَحْرُومُونَ


പക്ഷെ നാം (ആഹാര മാർഗം) തടയപ്പെട്ടവരാണ്
സാധുക്കളെ പറ്റിച്ചു എന്ന ആശ്വാസത്തിൽ തോട്ടത്തിലെത്തിയ അവർക്ക് ഒരു വിളവുമില്ലാതെ തകർന്ന തോട്ടമാണ് കാണാനായത്. അപ്പോൾ സാധുക്കളെ തടയാൻ തീരുമാനിച്ചതിൽ നമുക്ക് തെറ്റ് പറ്റി എന്നും ഇത് നമ്മുടെ തോട്ടമല്ല നമുക്ക് വഴിതെറ്റിയിരിക്കുന്നു എന്നും ഇവിടെ അർത്ഥമുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ തോട്ടം അവരുടെത് തന്നെ എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖേദപൂർവം നമ്മൾ ഭക്ഷണം തടയപ്പെട്ടവരാണെന്ന് എന്ന് അവർ പറഞ്ഞത്നബി(സ) പറഞ്ഞു. ദോഷങ്ങളെ നിങ്ങൾ സൂക്ഷിക്കുക.കാരണം അടിമ ചെയ്യുന്ന ദോഷം കാരണത്താൽ അവനു നിശ്ചയിക്കപ്പെട്ട ഭക്ഷണം തടയപ്പെടും എന്നിട്ട് നബി(സ) ഈ അദ്ധ്യായത്തിലെ 19/20 സൂക്തങ്ങൾ ഓതി(ഖുർത്വുബി 18/182)


(28) قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ


അവരിൽ കൂടുതൽ നീതിമാനായ ആൾ പറഞ്ഞു ഞാൻ നിങ്ങളോട് പറഞ്ഞില്ലേ?നിങ്ങൾ അള്ളാഹുവിനു തസ്ബീഹ് ചെയ്യാത്തതെന്താണ്?


അവർ സാധുക്കൾക്ക് ഒന്നും നൽകരുതെന്ന് ഗൂഢാലോചന നടത്തിയപ്പോൾ അവരിൽ കൂടുതൽ നീതി ബോധമുള്ളയാൾ-ബുദ്ധിയുള്ളയാൾ- പറഞ്ഞത് അള്ളാഹു തന്ന അനുഗ്രഹത്തിനു നിങ്ങൾ നന്ദി കാണിക്കാത്തത് എന്താണ് ? അവന്റെ പരിശുദ്ധി നിങ്ങൾക്ക് പ്രകീർത്തനം ചെയ്തു കൂടേ?അതിനു പകരം നിങ്ങളുടെ ഈ നിലപാട് ശരിയല്ലെന്ന് അദ്ദേഹം ഉണർത്തിയിരുന്നു അത് അവർ അവഗണിച്ചിരുന്നു.പക്ഷെ തോട്ടത്തിന്റെ നാശം കണ്ടപ്പോൾ ഈ ഉപദേശം ഓർക്കുകയും ഞങ്ങൾ തെറ്റ് പറ്റിയവരായി ഇനി ഞങ്ങൾ അള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാമെന്ന ഏറ്റുപറച്ചിലാണ് താഴെ!



(29) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ


അവർ പറഞ്ഞു ഞങ്ങളുടെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞങ്ങളിതാ പ്രകീർത്തനം ചെയ്യുന്നു നിശ്ചയമായും നാം അക്രമികളായിരിക്കുന്നു



(30) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ


അങ്ങനെ തമ്മതമ്മിൽ കുറ്റം പറഞ്ഞ് കൊണ്ട് അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു .
അതായത് നീ പറഞ്ഞത് കൊണ്ടാണ് നമ്മൾ ഈ അക്രമം ചെയ്തതെന്ന് പറഞ്ഞ് പരസ്പരം ആക്ഷേപിച്ചു(തെറ്റുകൾക്ക് വേണ്ടി സംഘം ചേരുന്നവരുടെയൊക്കെ അവസ്ഥ ഇത് തന്നെയാണ്. ശിക്ഷ കാണുമ്പോൾ മുന്നിൽ നിന്നവനെ ആക്ഷേപിക്കാൻ മറ്റുള്ളവർ ശ്രമിക്കും പക്ഷെ ഞാൻ പറഞ്ഞത് നിങ്ങൾ എന്തിനു സ്വീകരിച്ചു എന്ന് പറഞ്ഞ് അവൻ ഇവരെ കയ്യൊഴിയും.അതിനാൽ ജീവിത കാലത്ത് തിന്മക്കു വേണ്ടിയുള്ള ഒരു കൂട്ടായ്മയോടും സഹകരിക്കാതെ നമ്മുടെ പരലോകം രക്ഷപ്പെടുത്താൻ നാം ബോധമുള്ളവരായിരിക്കണം



(31) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ

അവർ പറഞ്ഞു.നമ്മുടെ കഷ്ടമേ! നാം അതിക്രമികളാവുക തന്നെ ചെയ്തിരിക്കുന്നു
നമ്മുടെ പിതാക്കളെ പോലെ സാധുക്കൾക്ക് നൽകി അള്ളാഹുവിനു നന്ദി ചെയ്യാതെ നാം അക്രമികളായി എന്ന ഏറ്റ് പറച്ചിലാണിത്



(32) عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ

നമ്മുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം.നിശ്ചയമായും നമ്മുടെ നാഥനിലേക്ക് നാം ആഗ്രഹം സമർപ്പിക്കുന്നവരാകുന്നു.
ശിക്ഷ കണ്ട അവർ ഇതിൽ നിന്ന് അള്ളാഹു നമ്മെ രക്ഷപ്പെടുത്തി നഷ്ടപ്പെട്ട തോട്ടം തിരിച്ചു കിട്ടിയാൽ പൂർവീകരെ പോലെ ഞങ്ങളും നന്മ ചെയ്യാമെന്ന് ആത്മാർത്ഥമായി അവർ പറഞ്ഞതാണിത്.ഇമാം ഖുർത്വുബി(റ) എഴുതുന്നു.അവരുടെ ഈ പാശ്ചാത്താപ മനസ്ഥിതി വന്നപ്പോൾ അള്ളാഹു ജിബ്‌രീൽ(അ)നു നിർദേശം കൊടുക്കുകയും ഈ കരിഞ്ഞ തോട്ടം പിഴുതെടുത്ത് ശാം നാട്ടിൽ കൊണ്ട് പോയി വെക്കാനും ഫലഭൂയിഷ്ടമായ ശാമിൽ നിന്ന് സമൃദ്ധമായ ഒരു തോട്ടം ഇവിടെ വെച്ച് കൊടുക്കാനും കല്പിച്ചു. ഇബ്നു മസ് ഊദ്(റ) പറയുന്നു. അവരുടെ ആത്മാർത്ഥമായ പാശ്ചാത്താപം വന്നപ്പോൾ അള്ളാഹു അവർക്ക് പകരം തോട്ടം നൽകി. ആ തോട്ടത്തിലെ ഒരു മുന്തിരിക്കുല ഒരു കോവർകഴുതക്ക് ചുമക്കാൻ മാത്രം വലിപ്പമുണ്ടായിരുന്നു.(ഖുർത്വുബി18/183)തെറ്റ് പറ്റിയാൽ അത് ഏറ്റ്പറയാനും അതിൽ നിന്ന് മടങ്ങാനും സന്മനസ്സുണ്ടായാൽ അവരെ അള്ളാഹുസ്വീകരിക്കും.അവർ നിരാശരാവേണ്ടതില്ല എന്ന് ഖുർ ആൻ തന്നെ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ടല്ലൊ!


(33) كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ


ശിക്ഷ അപ്രകാരമാണ്.പരലോക ശിക്ഷയാകട്ടെ കൂടുതൽ വലിയതുമാകുന്നു.അവർ അറിയുന്നവരായിരുന്നുവെങ്കിൽ!
ഈ തോട്ടക്കാരുടെത് പോലെയാണ് മക്കക്കാരുടെ നില.നബി(സ)യെയും വിശുദ്ധ ഗ്രന്ഥത്തെയും അള്ളാഹു അവർക്ക് നൽകി.എന്നാൽ അവരാകട്ടെ ധിക്കാരികളും അക്രമികളുമായിത്തീരുകയാണ് ചെയ്തത് അതിന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കേണ്ടി വന്ന ഇവർക്ക് പരലോകത്തെ ശിക്ഷ അതി കഠിനമായിരിക്കുംഭൂമിയിലെ ശിക്ഷ ഈ വിധത്തിലുള്ള ധന നഷ്ടമാണ്.എന്നാൽ പരലോക ശിക്ഷ ഇതിലും കഠോരമായിരിക്കുമെന്ന് അവർ മനസിലാക്കിയിരുന്നുവെങ്കിൽ അവർ പാശ്ചാത്തപിച്ച് മടങ്ങുകയും ഇത്തരം അരുതായ്മകൾ വെടിയുകയും ചെയ്യുമായിരുന്നു.എന്നാൽ വിവര ദോഷികളായ ഈ വർഗം നാശത്തിലേക്ക് ചെന്ന് ചാടുക തന്നെയാണ് (ഥിബ്‌രി)

ഇമാം റാസി(റ) എഴുതുന്നു. ഈ തോട്ടക്കാരുടെ ചരിത്രം പറഞ്ഞത് രണ്ട് ലക്ഷ്യത്തിനു വേണ്ടിയാണ്.

(1) ഈ അദ്ധ്യായത്തിലെ പതിനാല് പതിനഞ്ച് ആയത്തുകളിൽ പറഞ്ഞ ധനവും സന്താനങ്ങളുമുണ്ടായപ്പോൾ അവൻ അഹങ്കാരിയായി മാറി .അവനു അള്ളാഹു ധനവും സമ്പത്തും നൽകിയത് അവനെ പരീക്ഷിക്കാനായിരുന്നു എന്നിട്ട് അവൻ അവിശ്വാസത്തിലേക്ക് കൂപ്പുകുത്തി അവൻ എത്രമാത്രം ഭാഗ്യ ഹീനനാണ്; കാരണം തെറ്റ് ചെയ്യാൻ ആലോചിച്ച ഈ തോട്ടക്കാർക്ക് അള്ളാഹു ശിക്ഷ ഇറക്കിയെങ്കിൽ നബി(സ)യോട് ശത്രുത വെച്ചവന്റെ കാര്യം എത്ര പരിതാപകരം!എന്ന് സൂചിപ്പിക്കുകയാണ്

(2)തോട്ടക്കാർ അവരുടെ തോട്ടം കൊണ്ട് ഉപകാരമെടുക്കാനും സാധുക്കളെ തടയാനും കരുതി പുറപ്പെട്ടപ്പോൾ അള്ളാഹു അവരുടെ ലക്ഷ്യത്തെ കീഴ് മേൽ മറിച്ചു.ഇത് പോലെയാണ് മക്കക്കാരുടെ അവസ്ഥ അവർ നബി(സ)യെയും അനുചരന്മാരെയും കൊന്നു കളയും എന്ന് പ്രതിജ്ഞ ചെയ്ത് കൊണ്ട് ബദ് റിലേക്ക് പുറപ്പെട്ടു.ആ ദൌത്യം നിർവഹിച്ച് തിരിച്ചു വന്നാൽ ക അബ പ്രദക്ഷിണം ചെയ്യുകയും മദ്യം കുടിച്ച് ആഹ്ലാദിക്കുകയും ചെയ്യാം, എന്ന് അവർ തീരുമാനിച്ച് പുറപ്പെട്ടു പക്ഷെ അവരുടെ ലക്ഷ്യം പാടേ തകർത്ത് കൊണ്ട് അവർ കൊല്ലപ്പെടുകയോ തടവ് പുള്ളികളായി പിടിക്കപ്പെടുകയോ ചെയ്ത് കൊണ്ട് ഈ തോട്ടക്കാരെ പോലെ അള്ളാഹു അവരെ പരീക്ഷിച്ചു ഇത് സ്ഥിരീകരിക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്(റാസി 31/81)

സാധുക്കൾക്ക് നമ്മുടെ ധനത്തിൽ അവകാശമുണ്ടെന്ന് ഖുർ‌ആൻ ഉണർത്തിയിട്ടുണ്ട്. അവരെ അവഗണിക്കുന്നവരെ അള്ളാഹു പരീക്ഷിച്ചതിനും തെളിവുകളുണ്ട്.പ്രവാചക കല്പനകളെ അവഗണിക്കുന്നവർ പരീക്ഷണം ഏറ്റ് വാങ്ങേണ്ടി വരും തുടങ്ങ്നി നമ്മുടെ ജീവിതം സൂക്ഷ്മതയോടെ മുന്നോട്ട് നയിക്കാൻ ആവശ്യമായ ഒരു പാട് ഗുണ പാഠങ്ങളാണ് ഉണർത്തപ്പെട്ടത്.
 

34. إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ

നിശ്ചയമായും ഭക്തന്മാർക്ക് അവരുടെ രക്ഷിതാവിങ്കൽ സുഖാനുഗ്രഹത്തിന്റെ സ്വർഗങ്ങളുണ്ട്.

അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് പരലോകത്ത് വിഷമം തൊട്ടുതീണ്ടാത്ത പരിപൂർണ്ണ സുഖം മാത്രം ലഭിക്കും.എന്നാണ് അള്ളാഹു പറയുന്നത്. പ്രയാസമനുഭവിച്ചിരുന്ന മുസ്ലിംകളെ പരിഹസിച്ച് ഞങ്ങളാണ് ഈ മുസ്ലിംകളേക്കാൾ അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യതയുള്ളവർ അത് കൊണ്ടാണ് ഞങ്ങൾക്ക് ധനവും മുസ് ലിംകൾക്ക് ദാരിദ്ര്യവും ലഭിച്ചത് എന്ന് ഖുറൈശി നേതാക്കൾ പറഞ്ഞിരുന്നു അതിന്റെ മറുപടിയാണ് പരലോകത്ത് സത്യവിശ്വാസികൾക്ക് അള്ളാഹു സുഖം മാത്രമുള്ള ആരാമങ്ങൾ നൽകും എന്ന് ഉണർത്തിയത്.പരലോക നന്മയെക്കുറിച്ച് പ്രതിപാദിക്കുന്നത് കേട്ടാൽ ഖുറൈശികൾ പറയും പരലോകത്ത് അങ്ങനെ നേട്ടമുണ്ടെങ്കിൽ അവിടെയും നമുക്ക് തന്നെയാവും നേട്ടം ഏറ്റവും ചുരുങ്ങിയത് അവർക്ക് ലഭിക്കുമ്പോലെയെങ്കിലും നമുക്കും ലഭിക്കും എന്ന് അവർ പറഞ്ഞതിന്റെ മറുപടിയാണ് താഴേ സൂക്തം(ഖുർത്വുബി18/184)

35. أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ

എന്നാൽ കുറ്റവാളികളെപ്പോലെ മുസ് ലിംകളെ നാം ആക്കുമോ?
ഒരിക്കലും മുസ് ലിംകളെ പരലോകത്ത് നാം ധിക്കാരികളെ പോലെ ആക്കുകയില്ല മറിച്ച് മുസ് ലിംകൾക്ക് അവിടെ വലിയ സന്തോഷവും ഇവർക്ക് നിത്യ ദു:ഖവുമായിരിക്കുമവിടെ എന്ന് സാരം

36 .مَا لَكُمْ كَيْفَ تَحْكُمُونَ


നിങ്ങൾക്ക് എന്തായിപ്പോയി? എങ്ങനെയെല്ലാമാണ് നിങ്ങൾ വിധി കൽ‌പ്പിക്കുന്നത്?
നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പരലോകത്ത് മുസ് ലിംകളെ പോലെ നിങ്ങൾക്ക് സുഖം ലഭിക്കുമെന്ന് വിധിക്കുന്നത്(അങ്ങനെ വിധിക്കാൻ നിങ്ങളെ ആരെങ്കിലും ഏൽ‌പ്പിച്ചോ?) എന്ന് മുശ് രിക്കുകളെ അള്ളാഹു ചോദ്യം ചെയ്യുകയാണിവിടെ ഒരിക്കലും ഈ വിധി ശരിയായില്ലെന്ന് ചുരുക്കം.

37. أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ


അതൊ നിങ്ങൾക്ക് വല്ല ഗ്രന്ഥവുണ്ടോ? അതിൽ നിങ്ങൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന

ഈ തെറ്റായ വിധിക്ക് തെളിവാകും വിധം വല്ല ഗ്രന്ഥവും പഠിച്ചിട്ടാണോ നിങ്ങളുടെ ഈ നിഗമനം?
അങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പിൻബലവും ഇവർക്കില്ലെന്ന് സാരം

38. إِنَّ لَكُمْ فِيهِ لَمَا يَتَخَيَّرُونَ


നിശ്ചയമായും നിങ്ങൾ (ഇഷ്ടപ്പെട്ട്) തിരഞ്ഞെടുക്കുന്നത് അതിൽ നിങ്ങൾക്കുണ്ട്(എന്നുണ്ടോ?)
അഥവാ ആ ഗ്രന്ഥത്തിൽ ഇങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അധികാരമുണ്ടെന്നുണ്ടോ ഒരിക്കലും കാര്യമങ്ങനെയല്ല എന്ന് ചുരുക്കം

39. أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ


അതോ നിങ്ങൾ തീരുമാനിക്കുന്നത് നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നതിനു അന്ത്യ നാൾ വരെ നീണ്ട് നിൽക്കുന്ന വല്ല സത്യ പ്രതിജ്ഞയും നിങ്ങൾക്ക് വേണ്ടി നമ്മുടെ ബാദ്ധ്യതയിലുണ്ടോ?
സത്യ പ്രതിജ്ഞ എന്നതിന്റെ താല്പര്യം കരാർ എന്നാണ് അഥവാ ഇവരുടെ എന്ത് തീരുമാനവും നടപ്പാക്കാൻ അള്ളാഹു ഇവരുമായി വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?ഒരിക്കലുമില്ല എന്ന് സാരം

40. سَلْهُم أَيُّهُم بِذَلِكَ زَعِيمٌ


(നബിയേ) അവരിൽ ആരാണ് അത് സംബന്ധിച്ച് (അവർക്ക് വേണ്ടി) ഏറ്റ്പറയുന്നത് എന്ന് അവരോട് ചോദിക്കുക
അഥവാ എന്റെ പേരിൽ ഇങ്ങനെ-മുസ് ലിംകളെ പോലെ ഇവർക്കും പരലോകത്ത് നേട്ടമുണ്ടാകുമെന്ന്- കള്ളം കെട്ടിപറയാൻ ആരാണിവർക്ക് തെളിവ് നിരത്തി സാക്ഷി നിന്നത് എന്ന് അവരോട് ചോദിക്കുക

41. أَمْ لَهُمْ شُرَكَاء فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ

അതോ അവർക്ക് വല്ല പങ്ക് കാരുമുണ്ടോ?എന്നാൽ അവർ സത്യവാദികളാണെങ്കിൽ അവരുടെ പങ്ക് കാരെ കൊണ്ട് വരട്ടെ.
തോട്ടക്കാരുടെ സംഭവം വിശദീകരിച്ചതിനു ശേഷം സത്യ നിഷേധികളുടെ ഒരു പിഴച്ച ധാരണക്ക് അള്ളാഹു മറുപടി പറയുകയാണ് ഈ സൂക്തങ്ങളിൽ.അതായത് ഞങ്ങളാണല്ലോ സമ്പന്നന്മാർ.മുസ് ലിംകൾ സാധുക്കളും! അവർ ഉത്തമന്മാരാണെങ്കിൽ അവർക്കല്ലേ സാമ്പത്തിക പുരോഗതിയുണ്ടാവേണ്ടിയിരുന്നിരുന്നത് മരണാനന്തരം ഒരു ജീവിതമുണ്ടായാൽ തന്നെ അവിടെയും ഭൂമിയിലെ പോലെ ഞങ്ങൾക്ക് തന്നെയായിരിക്കും സുഖം ലഭിക്കുക എന്ന് അവർ പറയാറുണ്ടായിരുന്നു.ഈ അബദ്ധം പറയുന്നവരോട് ഖുർ ആനിന്റെ മറുപടി ഇതാണ്.നിങ്ങൾക്ക് പരലോകത്തും സുഖം ലഭിക്കുമെന്ന വാദം നിങ്ങളുടെ പക്കലുള്ള വല്ല വേദ ഗ്രന്ഥവും മുഖേന വായിച്ച് പഠിച്ചതാണോ?എന്നിട്ടാണോ നിങ്ങൾ അങ്ങനെ വാദിക്കുന്നത്?അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിനൊത്ത പ്രതിഫലമാണ് അവർക്ക് നൽകപ്പെടുക എന്നതിനു അന്ത്യനാൾ വരെ –അന്നാണല്ലോ അന്തിമ തീരുമാനം-ബലത്തിലിരിക്കുന്ന വല്ല ഉറപ്പും അള്ളാഹു അവർക്ക് നൽകിയിട്ടുണ്ടോ?എങ്കിൽ അവർ അതൊന്ന് തെളിയിക്കട്ടെ അതുമല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കത്തക്ക അധികാര ശക്തിയുള്ള വല്ല പങ്കുകാരും(ആരാധ്യരും) അവർക്കുണ്ടോ?ഉണ്ടെങ്കിൽ അതൊന്നു കാണട്ടെ എന്ന് സാരംഅങ്ങനെ ഒരു തെളിവുമില്ല.മറിച്ച് അവർ അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞതാണ്



42. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ

കണങ്കാൽ വെളിവാക്കപ്പെടുന്ന(ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക സുജൂദ് ചെയ്യാൻ അവർ ക്ഷണിക്കപ്പെടും അപ്പോൾ അവർക്കതിനു സാധിക്കുകയില്ല.
ഈ സൂക്തത്തിന്റെ ആദ്യ ഭാഗം മുൻ സൂക്തവുമായി ബന്ധപ്പെടുത്തിയും അർഥം പറയാം.അതായത് അവരെ സഹായിക്കുന്ന പങ്കാളികളുണ്ടെങ്കിൽ അവർക്ക് ശുപാർശ ചെയ്യാനായി ഭീതിജനകമായ ആ ദിനത്തിൽ കൊണ്ട് വരട്ടെ എന്ന് സാരം.

43. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

അവരുടെ കണ്ണുകൾ താഴ്ന്നിരിക്കുന്ന നിലയിൽ നിന്ദ്യത അവരെ ആവരണം ചെയ്യും,അവർ സുരക്ഷിതരായിരുന്ന സമയത്ത് അവർ സുജൂദ് ചെയ്യാനായി ക്ഷണിക്കപ്പെടാറുണ്ടായിരുന്നു(അന്ന് അവരത് ചെയ്തില്ല)
يُكْشَفُ عَن سَاقٍ
എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം കണങ്കാൽ വെളിവാക്കപ്പെടുക എന്നാണ് കാര്യം വളരെ ഗൌരവതരമായിത്തീരുക എന്ന അർത്ഥത്തിൽ ആലങ്കാരികമായി ആ വാക്ക് ഉപയോഗിക്കുന്നു ഒരു ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി ഓടുമ്പോൾ വസ്ത്രം പൊക്കിപ്പിടിക്കാറുണ്ടല്ലൊ.ഖിയാമം നാളിലെ അതി ഗൌരവ ഘട്ടമാണിവിടെ ഉദ്ദേശ്യം. വിചാരണാ സമയം സത്യ നിഷേധികൾ അങ്ങേയറ്റം നിന്ദ്യരും അപമാനിതരുമായിക്കൊണ്ട് തല താഴ്ത്തി താഴോട്ട് നോക്കിക്കൊണ്ടിരിക്കും അള്ളാഹുവിനു സുജൂദ് ചെയ്യാൻ അവരോട് പറയപ്പെടുന്നതാണ് അപ്പൊൾ അവർക്കതിനു സാധിക്കില്ല അവരുടെ നട്ടെല്ല് വളയുകയില്ല ഇഹലോകത്ത് വെച്ച് അവരെ അതിനു ക്ഷണിച്ചപ്പോൾ അത് അനുസരിക്കാൻ നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും അവർ അത് നിരസിക്കുകയാണ് ചെയ്തിരുന്നത് ഇപ്പോൾ സുജൂദ് ചെയ്യാൻ ഇവർ തയാറാണെങ്കിലും അതിനു സാധിക്കുന്നില്ല.

ഇമാം ഖുർത്വുബി(റ) എഴുതുന്നു.നബി(സ) പറഞ്ഞു. “അന്ത്യനാളാകുമ്പോൾ ഓരോ വിഭാഗത്തിനും അവർ ആരാധിച്ചിരുന്നവയെ കാണിക്കപ്പെടുകയും ഓരോവിഭാഗവും തങ്ങളുടെ ആരാധ്യ വസ്തുക്കളുടെ അടുത്തേക്ക്(വല്ല സഹായവും ലഭിക്കുമെന്ന വിശ്വാസത്തിൽ) പോവുകയും ചെയ്യും(സഹായം ലഭിക്കില്ലെന്ന് മാത്രമല്ല ആരാധിക്കപ്പെട്ടവർ ആരാധിച്ചവരെ നിഷേധിക്കുകയും കയ്യൊഴിയുകയും ചെയ്യും) എന്നാൽ ഏകദൈവ വിശ്വാസികൾ എങ്ങോട്ടും പോകാതെ അവിടെത്തന്നെ നിൽക്കും അപ്പോൾ അവരോട് ചോദിക്കപ്പെടും എല്ലാവരും പോയല്ലൊ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?അവർ പറയും ഞങ്ങൾ കാണാതെ തന്നെ ഞങ്ങൾ ആരാധിച്ചിരുന്ന റബ്ബുണ്ട് അപ്പോൾ കണ്ടാൽ നിങ്ങൾക്ക് അറിയുമോ എന്ന് ചോദിക്കപ്പെടും അവർ പറയും അതെ എന്ന്.നിങ്ങൾ നേരത്തെ കാണാത്ത സ്ഥിതിക്ക് റബ്ബിനെ കണ്ടാലും നിങ്ങൾക്കെങ്ങനെ മനസിലാകും എന്ന് ചോദിക്കപ്പെടും.അവർ പറയും ഞങ്ങളുടെ നാഥൻ ഒന്നിനോടും തുല്യതയില്ലാത്തവനാണ്.അപ്പോൾ മറ മാറ്റപ്പെടുകയും അവർ അള്ളാഹുവിനെ കാണുകയും ചെയ്യും (അള്ളാഹുവെ പരലോകത്ത് വിശ്വാസികൾക്ക് കാണാം പക്ഷെ എങ്ങനെ എന്നൊന്നും നമുക്ക് ഇപ്പോൾ അറിയില്ല) അപ്പോൾ അവർ അള്ളാഹുവിനു സാ‍ഷ്ടാംഗം ചെയ്യും എന്നാൽ മുതുക് പശുക്കൊമ്പ് പോലെ യായി ഒരു കൂട്ടർ സുജൂദ് ചെയ്യാനാവതെ നിൽക്കും സുജൂദ് ചെയ്യാൻ ശ്രമിച്ചാലും അവർക്ക് സാധിക്കില്ല അതാണ് സുജൂദിലേക്ക് ക്ഷണിക്കപ്പെട്ടാൽ അവർക്ക് അതിനു സാധിക്കില്ല എന്ന് അള്ളാഹു പറഞ്ഞത്.ഈ ഹദീസ് കേട്ട ഉമർ ബിൻ അബ്ദുൽ അസീസ്(റ)പറഞ്ഞു ഏകദൈവ വിശ്വാസികളെ സംബന്ധിച്ച് ഇതിനേക്കാൾ സന്തോഷം നൽകുന്ന( പരലോകത്ത് സത്യ വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷം നാഥനെ കാണുക എന്നതാണ്) ഒരു ഹദീസും ഞാൻ കേട്ടിട്ടില്ല(ഖുർത്വുബി 18/186)

ഇവിടെ സുജൂദ് ചെയ്യാൻ സാധിക്കാതെ നിൽക്കുന്നത് കപട വിശ്വാസികളാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്(ഖുർത്വുബി 18/187)നിസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ അതിനുത്തരം ചെയ്യാതെ നടക്കുന്നവർ ഈ സൂക്തത്തിന്റെ ആശയം ഗൌരവത്തോടെ ആലോചിക്കണം.നിരങ്ങിയെങ്കിലും പള്ളിയിലെത്താൻ ശ്രമിച്ച മഹാന്മാർ ഈ സൂക്തത്തെ ശരിക്കുമുൾക്കൊണ്ടവരായിരുന്നു.

44. فَذَرْنِي وَمَن يُكَذِّبُ بِهَذَا الْحَدِيثِ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

ആകയാൽ എന്നെയും ഈ വാർത്തയെ നിഷേധിക്കുന്നവരെയും കൂടി വിട്ടേക്കുക അവർ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.
ഖുർ ആനിനെ നിഷേധിക്കുന്നവരുടെ കാര്യത്തിൽ നബി(സ)യെ സമാധാനിപ്പിക്കുകയാണ് അള്ളാഹു .ഖുർ ആൻ നിഷേധികളെ നാം വെറുതെ വിടില്ലെന്നും അവരെ ഞാൻ പിടികൂടുമെന്നും നാം അവർക്ക് നൽകുന്ന അനുഗ്രഹങ്ങളൊന്നും അവരോടുള്ള ഇഷ്ടം കൊണ്ടല്ല പ്രത്യുത പരീക്ഷണമാണ്.അങ്ങനെ പതുക്കെ പതുക്കെ ശിക്ഷ അവരെ ബാധിക്കുക തന്നെ ചെയ്യും എന്ന് സാരം. ഇമാം ഖുർത്വുബി(റ)എഴുതുന്നു. “ഇസ്രയേൽ വംശത്തിലൊരാൾ പറഞ്ഞു.അള്ളാഹുവേ!ഞാൻ എത്രയോ തെറ്റ് ചെയ്തിട്ടും നീ എന്താണ് എന്നെ ശിക്ഷിക്കാത്തത്?അപ്പോൾ ആ കാലത്തെ നബി (അ)ക്ക് അള്ളാഹു ദിവ്യ ബോധനം നൽകിയത് എന്റെ ശിക്ഷ നീ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷെ നീ മനസ്സിലാക്കുന്നില്ലെന്ന് മാത്രം! എന്നെ ഓർത്ത് കരയാതെ ഉണങ്ങിയ നിന്റെ രണ്ട് കണ്ണുകളും കഠിനമായ നിന്റെ ഹൃ‌ദയവും നീ ചിന്തിക്കുന്നുവെങ്കിൽ നിനക്കുള്ള ശിക്ഷ തന്നെയാണ്. എന്ന് അയാളോട് പറയാനായിരുന്നു! അരുതായ്മ ചെയ്യുന്നവർ ശിക്ഷ ലഭിക്കാത്തത് അനുകൂല ഘടകമായി കാണരുതെന്നും അള്ളാഹുവിന്റെ ശിക്ഷ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഓർക്കുക


45 .وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ


ഞാൻ അവർക്ക് സമയം നീട്ടുക്കൊടുക്കുകയാണ് നിശ്ചയം എന്റെ തന്ത്രം ശക്തമാകുന്നു.
പെട്ടെന്ന് അവരെ മരിപ്പിച്ച് കൊണ്ടോ ശിക്ഷിച്ച് കൊണ്ടോ പെട്ടെന്ന് പിടികൂടുകയില്ലെന്ന് സാരം.എന്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടില്ലെന്നും അത് വരുമ്പോൾ അത് ശക്തമായിരിക്കുമെന്നും അർത്ഥം



46. أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

അതോ തങ്ങൾ അവരോട് വല്ല പ്രതിഫലവും ചോദിക്കുകയും എന്നിട്ട് അവർ കടബാദ്ധ്യത നിമിത്തം ഞെരുങ്ങിയിരിക്കുകയാണോ?
സത്യ വിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരിൽ നബി(സ) അവരോട് പ്രതിഫലം ആവശ്യപ്പെടുകയും അത് നൽകാനാവാതെ പ്രയാസപ്പെട്ടത് കൊണ്ടാണോ അവർ വിശ്വാസത്തിലേക്ക് വരാതിരിക്കുന്നത്? അങ്ങനെ അവരോട് ഒന്നും ചോദിച്ചില്ലെന്ന് മാത്രമല്ല നബി(സ)യെ പിന്തുടരുക വഴി ഭൂമിയിൽ തന്നെ നേട്ടം ലഭിക്കുകയും പരലോകത്തെ മെച്ചപ്പെട്ട സുഖത്തിലെത്തിച്ചേരാൻ വഴിതുറക്കുകയുമാണ് ചെയ്യുക(എന്നിട്ടും അവർ സത്യത്തോട് പുറം തിരിഞ്ഞ് നിന്നതിനു എന്ത് ന്യായമാണ് അവർക്കുള്ളത്)



47. أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

അതല്ലെങ്കിൽ അവരുടെ അടുത്ത് അദൃ‌ശ്യ ജ്ഞാനമുണ്ടായിട്ട് അവർ അത് എഴുതിക്കൊണ്ടിരിക്കുകയാണോ?
സത്യ നിഷേധികളുടെ സ്ഥിതിഗതികൾ പലതും വിവരിച്ച ശേഷം അവരെ അള്ളാഹു ക്രമേണ ഒതുക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്നാണ് മേൽ സൂക്തങ്ങളിൽ ഉദ്ദേശിക്കുന്നത് .ഇവിടെ പറഞ്ഞ അദ്ര്‌ശ്യം എന്നത് കൊണ്ടുള്ള വിവക്ഷ ലൌഹുൽ മഹ്ഫൂള് ആണെന്ന് പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തുന്നു അത് നോക്കിയിട്ട് അവർ എഴുതിയതാണോ അവർ സത്യ വിശ്വാസികളേക്കാൾ ഉത്തമന്മാരാണെന്നും അവർക്ക് പരലോകത്ത് ശിക്ഷയുണ്ടാവില്ലെന്നുമുള്ള ഈ വാദം എന്ന് സാരം.നബി(സ) അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നത് കൊണ്ടോ അവരുടെ പക്കൽ അദ്ര്‌ശ്യ ജ്ഞാനം ഉണ്ടായത് കൊണ്ടോ ഒന്നുമല്ല അവർ സത്യം നിഷേധിക്കുന്നത് എന്ന് വ്യക്തം


48. فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُومٌ

അത് കൊണ്ട് (നബിയേ) അങ്ങയുടെ രക്ഷിതാവിന്റെ വിധിക്ക് വേണ്ടി അങ്ങ് ക്ഷമിച്ചിരിക്കുക തങ്ങൾ മത്സ്യത്തിന്റെ ആളെപ്പോലെ(യൂനുസ് (അ)നെപ്പോലെ) ആകരുത് അദ്ദേഹം വ്യസനം നിറഞ്ഞ് കൊണ്ട് പ്രാർത്ഥിച്ച സന്ദർഭം.
ഇവിടെ നബി(സ)യോട് ക്ഷമിക്കാൻ പറഞ്ഞത് അള്ളാഹുവിന്റെ തീർമാനങ്ങൾക്ക് മുന്നിൽ ക്ഷമകാണിക്കുക എന്നോ അള്ളാഹുവിന്റെ സഹായം വന്നെത്തും വരെ ക്ഷമിക്കുക ധൃ‌തി കാണിക്കേണ്ടതില്ല എന്നോ ആണ് അർത്ഥം.മത്സ്യത്തിന്റെ ആൾ യൂനുസ്(അ) ആണ്.അവർ അനുയായികളുടെ നിഷേധാത്മക നിലപാടുകളിൽ വിഷമിച്ച് നാട് വിട്ട് പോയി സമുദ്രയാത്രയിൽ മത്സ്യം വിഴുങ്ങി അതാണ് മത്സ്യത്തിന്റെ ആൾ എന്ന് പറഞ്ഞത്. യൂനുസ്(അ) നീനവാ എന്ന പ്രദേശത്തേക്ക് പ്രബോധനത്തിനു നിയോഗിക്കപ്പെടുകയും അവർ നിഷേധികളായപ്പോൾ അള്ളാഹുവിന്റെ ശിക്ഷ വരുമെന്ന് ഭയപ്പെട്ടും അവരുടെ അസത്യ വിശ്വാസത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ചും അള്ളാഹുവിന്റെ അനുമതി വരും മുമ്പേ ധൃ‌തി കാണിച്ച് നാട് വിട്ടു. യഥാർത്ഥത്തിൽ ക്ഷമിച്ച് അവിടെ തന്നെ നിന്നിരുന്നുവെങ്കിൽ തന്നെ വൈകാതെ അള്ളാഹുവിന്റെ സഹായം വരുമായിരുന്നു.എന്നാൽ പുറപ്പെട്ട് പോയ യൂനുസ്(അ)നെ മത്സ്യം വിഴുങ്ങി .അങ്ങനെ മത്സ്യത്തിന്റെ വയറ്റിൽ വെച്ച് വ്യസനത്തോടെ അള്ളാഹുവോട് പ്രാർത്ഥിച്ചു

لااله الا أنت سبحانك اني كنت من الظالمين എന്നായിരുന്നു യുനുസ്(അ)ന്റെ പ്രാർത്ഥന അതാണ് അവസാനം താൻ വ്യസന സമേതം പ്രാർത്ഥിച്ച സന്ദർഭം എന്ന് പറഞ്ഞത്

49. لَوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاء وَهُوَ مَذْمُومٌ

തന്റെ നാഥനിൽ നിന്നുള്ള അനുഗ്രഹം അവരെ വീണ്ടെടുത്തില്ലായിരുന്നുവെങ്കിൽ അവർ ആ പാഴ്ഭൂമിയിൽ ആക്ഷേപാർഹനായിക്കൊണ്ട് പുറം തള്ളപ്പെടുമായിരുന്നു.

അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ യൂനുസ്(അ) ആക്ഷേപാർഹനല്ലാതെ തന്നെ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വരികയും സത്യ വിശ്വാസികളായ അനുയായികളെക്കൊണ്ടും വീണ്ടുമുള്ള ദിവ്യബോധനം കൊണ്ടും അള്ളാഹു യൂനുസ്(അ)നെ അനുഗ്രഹിക്കുകയും ചെയ്തു.ഇവിടെ പറഞ്ഞ അനുഗ്രഹം എന്നത് പ്രവാചകത്വം എന്നും നേരത്തെ ചെയ്ത സൽക്കർമ്മം എന്നും لااله الا أنت سبحانك اني كنت من الظالمين എന്ന ദുആ എന്നും മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വിട്ടത് എന്നും എല്ലാം വ്യാഖ്യാനമുണ്ട്.ഏതായാലും അള്ളാഹുവിന്റെ മഹത്തായ ഈ അനുഗ്രഹം കാരണം എല്ലാ സന്തോഷത്തോടെയും യൂനുസ്(അ) തിരിച്ചു വന്നു



50. فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ

എന്നാൽ തന്റെ നാഥൻ തന്നെ ഉൽകൃ‌ഷ്ടനായി തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തെ സത്‌വൃ‌ത്തരിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അള്ളാഹു യൂനുസ്(അ)നെ ആദരിച്ചു എന്ന് ചുരുക്കം.

51. وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ

സത്യ നിഷേധികൾ ഖുർ ആൻ കേൾക്കുന്ന സമയത്ത് അവരുടെ കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും നിശ്ചയം നബി(സ)ഭ്രാന്തൻ തന്നെ എന്ന് അവർ പറയുകയും ചെയ്യും



52 . وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ

(സത്യത്തിൽ) ഈ ഖുർ ആൻ ലോകജനതക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല


ഖുർആൻ കേൾക്കുമ്പോൾ സത്യനിഷേധികൾക്കുണ്ടായിരുന്ന വെറുപ്പിന്റെ ശക്തിയാണ് അള്ളാഹു എടുത്ത് കാണിക്കുന്നത് അവർ കോപാകുലരായി നബി(സ)യുടെ നേരെ ഉഗ്രമായി തുറിച്ചു നോക്കും അതിന്റെ ശക്തിയാൽ നബി(സ) കാൽ വഴുതി വീണേക്കുമോ എന്ന് തോന്നിപ്പോകും അഥവാ അത്രയും കടുത്തതായിരുന്നു അത്.എന്നാൽ അവർ വെറുത്തത് കൊണ്ട് ഖുർആൻ കൈവെടിയാൻ വയ്യല്ലൊ. മുഴുവൻ ജനത്തിനുമുള്ള സന്ദേശമാണല്ലോ അത്കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ ഇടറിവീഴുമാറാക്കുക എന്നാൽ കണ്ണേറ് തട്ടുക എന്നും അർത്ഥം പറഞ്ഞിട്ടുണ്ട്ഖുർ ആൻ ഉൽബോധനമാണെന്ന് പറയാൻ കാരണം അവരുടെ ജീവിതത്തിന്റെ എല്ലാ മേഘലയിലും പാലിക്കേണ്ട മര്യാദകളും വിധി വിലക്കുകളും മറ്റ് വിജ്ഞാനങ്ങളും അടക്കം മനുഷ്യനു ആവശ്യമുള്ളതൊക്കെ ഉള്ള ഗ്രന്ഥം ആണ് ഖുർആൻ .അത് ഉൾക്കൊള്ളാനാണ് അതിനെതിരെ കണ്ണുരുട്ടാനല്ല ബുദ്ധിയുള്ളവൻ ശ്രമിക്കേണ്ടത് എന്ന് സാരം.

അള്ളാഹു ഖുർആൻ ഉൾക്കൊണ്ട് ജീവിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
 
 

No comments:

Post a Comment

Note: only a member of this blog may post a comment.