Home

Thursday 31 December 2015

സൂറത്തുൽ ബയ്യിന:


അദ്ധ്യായം 98  സൂറത്തുൽ ബയ്യിന   | മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 8
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّى تَأْتِيَهُمُ الْبَيِّنَةُ
വേദക്കാരും ബഹുദൈവ വിശ്വാസികളും ആയ സത്യനിഷേധികൾ തങ്ങൾക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നത് വരെ (സത്യനിഷേധത്തിൽ നിന്ന്)വേറിട്ട് പോരുന്നവരായിട്ടില്ല

2
. رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً
അതായത് പരിശുദ്ധ ഏടുകൾ അവർക്ക് ഓതിക്കൊടുക്കുന്ന അല്ലാഹുവിങ്കൽ നിന്നുള്ള ഒരു റസൂൽ (വന്നെത്തുന്നത് വരെ)
3. فِيهَا كُتُبٌ قَيِّمَةٌ
(വക്രതയില്ലാതെ) ചൊവ്വായുള്ള പല (ലിഖിത)രേഖകൾ അവയിലുണ്ട് (അങ്ങനെയുള്ള ഏടുകൾ ഓതിക്കൊടുക്കുന്ന റസൂൽ (വരുന്നത് വരെ)
അഹ്‌ലുകിതാബ് എന്ന് പറഞ്ഞാൽ തൗറാത്ത് നല്കപ്പെട്ട ജൂതന്മാരും ഇഞ്ചീൽ നല്കപ്പെട്ട നസാറാക്കളുമാണ്. മുശ്‌രിക്കുകൾ എന്നത് കൊണ്ട് ബിംബാരാധകരായ അറബികളുമാണ് ഇവിടെ ഉദ്ദേശ്യം.
യാതൊരു വക്രതയുമില്ലാത്ത നിയമവിധികൾ ഉൾക്കൊണ്ടതും പരിശുദ്ധമായ ഏടുകളിൽ രേഖപ്പെടുത്തിയതുമായ ഖുർആൻ വാക്യങ്ങൾ ഓതിക്കേൾപ്പിക്കുന്ന ഒരു പ്രവാചകൻ; മുഹമ്മദ് നബി  വരുന്നത് വരെ വേദക്കാരായ ജൂത നസാറാക്കളും ബിംബാരാധകരായ അറബികളും തങ്ങളുടെ പിഴച്ച വാദങ്ങളിലും വിശ്വാസത്തിലും തന്നെയായിരുന്നു. എന്നാൽ നബി വരികയും സത്യം പ്രകാശിപ്പിക്കുകയും ചെയ്തപ്പോൾ സന്മനസ്സുള്ളവർ വിശ്വസിക്കുകയും മർക്കടമുഷ്ടിക്കാർ പിഴച്ച വഴിയിൽ തന്നെ പിടിച്ചു തൂങ്ങുകയും ചെയ്തു എന്നാണ് ഇവിടുത്തെ ആശയം . റസൂൽ വന്നതിനു ശേഷവും വഴികേടിൽ കടിച്ചു തൂങ്ങിയവർ വല്ലാത്ത ഗതികേടിൽ തന്നെ (അല്ലാഹുവിൽ അഭയം)
ഇവിടെ ,ബയ്യിനത്ത്,(തെളിവ്) എന്ന് പറഞ്ഞത് നബി തങ്ങളാണ്. തങ്ങളെക്കുറിച്ച് തെളിവ് എന്ന് പറയാൻ കാരണം പലതുമുണ്ട്. നബി തന്റെ പ്രവാചകത്വം സ്ഥിരീകരിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുന്നതിൽ ഒരിക്കലും, ഒരു കളവ് പറയുന്നവൻ ചെയ്യാത്ത ശ്രമങ്ങൾ നടത്തിക്കൊണ്ട് തന്റെ സത്യ സന്ധത തെളിയിച്ച് തങ്ങൾ തന്നെ തെളിവായി എന്നാണ്. നബി പൂർണ്ണമായ ബുദ്ധിയുടെ ഉടമയാണ് (നല്ല ബുദ്ധിയുള്ളവൻ കളവ് പറയില്ല).  നബി സത്യമേ പറയൂ. അപ്പോൾ നബിതന്നെ തെളിവായി. നബി യുടെ അമാനുഷിക പ്രവർത്തനങ്ങൾ(മുഅജിസത്തുകൾ) അത്രയും വ്യക്തമാണ്. അങ്ങനെ നബി തന്നെ തെളിവായി മാറി(റാസി/32/39). ബയ്യിനത്ത് എന്നാൽ എല്ലാപ്രവാചകന്മാരുമാണ് എന്നും, ഖുർആനാണെന്നും അഭിപ്രായമുണ്ട്
ശുദ്ധമായ ഏടുകൾ എന്നാൽ അസത്യം അതിൽ കടന്ന് കൂടാത്ത വിധം ശുദ്ധമാക്കപ്പെട്ടത് എന്നും അതെക്കുറിച്ച് മോശമായി പറയപ്പെടാത്ത വിധം പരിശുദ്ധമാക്കപ്പെട്ട ഗ്രന്ഥം എന്നും അശുദ്ധിയുള്ളവർ സ്പർശിക്കാൻ പറ്റാത്ത വിധം ശുദ്ധമാക്കപ്പെട്ടത് എന്നും അഭിപ്രായമുണ്ട്.ഇതെല്ലാം പലയിടത്തായി ഖുർആൻ തന്നെ വിശദീകരിച്ചിട്ടുണ്ട്
അപ്പപ്പോൾ വരുന്ന ആയത്തുകൾ നബി അപ്പോൾ തന്നെ മന:പാഠമാക്കുകയും ശിഷ്യന്മാർക്ക് ഓതിക്കൊടുക്കുകയും ചെയ്യുന്നതോടൊപ്പം അത് എഴുതിവെക്കാൻ നബി നിർദ്ദേശിച്ചിരുന്നു അത് അവർ ഏടുകളിൽ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു അതാണ് ഏടുകൾ ഓതിക്കൊടുക്കുന്നു എന്ന് പറഞ്ഞത്
സത്യത്തിലേക്ക് നയിക്കാൻ ആവശ്യമായ സുതാര്യമായ നിയമങ്ങളും തത്വോപദേശങ്ങളുമാണ് ചൊവ്വായ ലിഖിതങ്ങൾ എന്നതിന്റെ വിവക്ഷ
4. وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءتْهُمُ الْبَيِّنَةُ
വേദം നല്കപ്പെട്ടവർ തങ്ങൾക്ക് വ്യക്തമായ തെളിവുകൾവന്നു കിട്ടിയ ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല
മുശ്‌രിക്കുകൾക്ക് നേരത്തേ വേദങ്ങൾ പരിചയം ഇല്ല അവർ നിഷേധിക്കുന്നതിൽ അത്ഭുതവുമില്ല. അതെ സമയം വേദക്കാർക്ക് നേരത്തേ വേദം പരിചയമുണ്ട് എന്ന് മാത്രമല്ല അവർ പ്രതീക്ഷിക്കുന്ന പ്രവാചകരായി തന്നെയാണ് നബി കടന്നു വരുന്നത്. നബി യെ ക്കുറിച്ച് സ്വന്തം മക്കളെ അറിയുന്നത് പോലെ അവർക്ക് വ്യക്തമായി അറിയാമെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്. ആ നബി കൊണ്ട് വന്ന ആശയവും ഇവർക്ക് വേദങ്ങളിൽ നിന്ന് പരിചയമുള്ള ആശയവും താത്വികമായി ഒന്നു തന്നെയാണ്. നിഷ്ക്കളങ്കമായ ഏകദൈവ വിശ്വാസ(തൗഹീദ്)വും അവനെ മാത്രം ആരാധിക്കലും നിസ്ക്കാരം, സക്കാത്ത് എന്നിവ നിർവഹിക്കലുമൊക്കെയാണ് അവരുടെ ഗ്രന്ഥങ്ങളിൽ നിർദ്ദേശിക്കപ്പെട്ടത്. അത് തന്നെയാണ് നബി യും പറയുന്നത് എന്നിട്ടും അവർ നബി വന്നപ്പോൾ നബിയെ അംഗീകരിക്കാൻ തയ്യാറാകാത്തത് എത്രമാത്രം നിഷേധാത്മകമാണ്. അസൂയയും പകയുമാണ് അവരെ ഇങ്ങനെ നിഷേധികളാക്കിയത്. ഇബ്‌റാഹീമീ സരണിയാണ് ഞങ്ങളുടെതെന്ന് അവർ അവകാശപ്പെടും പക്ഷെ ആ സരണിയുമായി വന്ന നബി യെ അവർ തള്ളുന്നു.
അദ്ധ്യായത്തിന്റെ ആദ്യത്തിൽ മുശ്‌രിക്കുകളെയും വേദക്കാരെയും ഒന്നിച്ചു പറഞ്ഞ അല്ലാഹു ഇവിടെ വേദക്കാരെ മാത്രം പറയാൻ എന്താണ് കാരണം ? നബി യുടെ പ്രവാചകത്വം അറിയാമായിരുന്ന നിഷേധികളായ വേദക്കാർ തന്നെ നബിയുടെ വിഷയത്തിൽ ഭിന്നിച്ചുവെങ്കിൽ മുൻ‌കൂട്ടി വിവരങ്ങളില്ലാത്ത മുശ്‌രിക്കുകൾ ഭിന്നിക്കുന്നത് പറയേണ്ടതില്ലല്ലോ എന്ന നിലക്കാണ്(റാസി/ഖുർത്വുബി)
ഈ ആയത്ത് നബി യെ ആശ്വസിപ്പിക്കാനാണ് അല്ലാഹു പറഞ്ഞത്.അതായത് തങ്ങൾ പറഞ്ഞ് കൊടുത്ത തെളിവിന്റെ പോരായ്മകൊണ്ടാണ് അവർ വിശ്വസിക്കാതെ പോയതെന്ന്. തങ്ങൾ വിഷമിക്കേണ്ടതില്ലെന്നും മറിച്ച് മനസിലായ സത്യം അവർ മറച്ചു വെച്ചതാണെന്നും ആശ്വസിപ്പിച്ചതാണ്. അവരുടെ മുൻ‌ഗാമികളും അങ്ങനെ തന്നെയായിരുന്നു (വ്യക്തമായ തെളിവുകൾ കൊടുത്തിട്ടും ശനിയാഴ്ച്ച ആരാധനയുടെ വിഷയത്തിലും പശുക്കുട്ടിയെ ആരാധിക്കുന്ന വിഷയത്തിലുമൊക്കെ അവർ ഭിന്നിച്ചിരുന്നില്ലേ) അത് ഇവരും തുടരുകയാണെന്ന് സാരം(റാസി3240
 وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا  الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ 5
മതത്തെ അല്ലാഹുവിനു നിഷ്ക്കളങ്കമാക്കിക്കൊണ്ട് (യാതൊരു വക്രതയും ഇല്ലാത്തവരായ നിലയിൽ) അവനെ ആരാധിക്കുവാനും നിസ്ക്കാരം മുറപ്രകാരം നിലനിർത്തുവാനും സക്കാത്ത് കൊടുക്കാനും മാത്രമാണ് അവരോട് കല്പ്പിക്കപ്പെട്ടിരുന്നത്. വക്രതയില്ലാത്ത മതം അതാണ്

ആരാധന അല്ലാഹുവിനു അർപ്പിക്കണം. അത് കൊണ്ട് അവന്റെ പൊരുത്തം മാത്രം ആഗ്രഹിക്കണം(അതിനെയാണ് ഇഖ്‌ലാസ് എന്ന് പറയുന്നത്)
എല്ലാ ദുർമ്മാർഗങ്ങളും വിട്ട് നേരായ സത്യവഴിയിലേക്ക് തിരിഞ്ഞവർ എന്നാണ്
حُنَفَاء എന്നത് കൊണ്ട് ഉദ്ദേശ്യം.
 ആരാധനകളുടെ കൂട്ടത്തിലെ വളരെ പ്രാധാന്യമാണ് നിസ്ക്കാരം നില നിർത്തുക(സമയം തെറ്റാതെ നിബന്ധനകളും മര്യാദകളുമൊക്കെ പാലിച്ച് നിർവഹിക്കുക എന്നാണിതിന്റെ താല്പര്യം) സക്കാത്ത് കൊടുക്കുക എന്നിവക്കുള്ളത് അതാണ് പ്രത്യേകം അത് പരാമർശിക്കപ്പെട്ടത്
ഇതാണ് ശരിയായ മതം അത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ഇസ്‌ലാമല്ലാത്തതിനെ മതമായി സ്വീകരിച്ചവനിൽ നിന്ന് അത് സ്വീകരിക്കപ്പെടില്ലെന്നും പരലോകത്ത് അവൻ പരാചയത്തിന്റെ കൈപ്പ് അനുഭവിക്കേണ്ടി വരുമെന്നും(സൂറ;ആലു ഇം‌റാൻ85 ) അല്ലാഹു പറഞ്ഞതോർക്കുക
6.
 إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ
വേദക്കാരും ബഹുദൈവ വിശ്വാസികളുമായ സത്യ നിഷേധികൾ നരകാഗ്നിയിലായിരിക്കും തീർച്ച! അതിൽ അവർ നിരന്തര വാസികളായ നിലയിൽ. അവരാണ് `സൃഷ്ടികളിൽ വെച്ച് ഏറ്റവും ദുഷിച്ചവർ
ഇവർ നരകശിക്ഷ അനുഭവിക്കേണ്ടിവരാനുള്ള കാരണം അവരുടെ അവിശ്വാസം എന്നത് പറയുന്നതോടൊപ്പം അവർ ഏറ്റവും ദുഷിച്ചവരാണെന്ന് പറഞ്ഞതിന്റെ താല്പര്യം ഇമാം റാസി(റ) വിശദീകരിക്കുന്നു. ദുഷിച്ചത് ധാരാളമുണ്ടെങ്കിൽ അതിൽ ഏറ്റവും ദുഷിച്ചത് ഇവരുമായി ബന്ധപ്പെട്ട ദൂഷ്യമാണ്. കളവ് നടത്തുന്നവർ ദുഷിച്ചവരാണെങ്കിൽ ഏറ്റവും ദുഷിച്ച കള്ളന്മാർ ഇവരാണ്. കാരണം ഇവർ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് നബി യുടെ വിശേഷണങ്ങളാണ് കട്ടത്. വഴി തടസ്സപ്പെടുത്തുന്നവരെ ഏറ്റവും ദുഷിച്ചവരായി നാം കണ്ടാൽ ഏറ്റവും ദുഷിച്ച വഴി തടസ്സക്കാർ തന്നെയാണിവർ. കാരണം അവർ സത്യത്തിലേക്കുള്ള വഴിയാണ് തകർത്തത് .....(റാസി 32/48)
ഇവിടെ മുശ്‌രിക്കുകൾക്ക് മുമ്പ് വേദക്കാരെ പറഞ്ഞതിന്റെ കാരണം റാസി(رحمة الله عليه)പറയുന്നത് ശ്രദ്ധേയമാണ്. നബി തങ്ങളുടെ കാര്യങ്ങളേക്കാൾ അല്ലാഹുവിന്റെ വിഷയങ്ങളെ മുന്തിച്ചിരുന്നു. ഉദാഹരണമായി തന്നെ ശത്രുക്കൾ ഉപദ്രവിച്ച് പല്ല് പൊട്ടിച്ചപ്പോൾ അവരെ നന്നാക്കണേ എന്ന് പ്രാർഥിച്ച നബി ഖന്തഖിൽ വെച്ച് അസ്വർ നിസ്ക്കാരം നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ അവരുടെ വീടും ഖബ്‌റും തീയാൽ നിറക്കണേ എന്ന് പ്രാർഥിച്ചത് തന്റെ ശരീരത്തിന്റെ നഷ്ടം സഹിച്ച നബി അല്ലാഹുവുമായി ബന്ധപ്പെട്ടത് സഹിക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു
ഇതു പോലെയാണ് അല്ലാഹു തിരിച്ചും. വേദക്കാർ നബി യെ ആക്ഷേപിച്ചതിന്റെ അളവ് കൂടുതലായതിനാൽ ധുഷിച്ചവർ എന്ന് പറയുമ്പോൾ അല്ലാഹു ആദ്യം അവരെ പരാമർശിച്ച് കൊണ്ട് നബി യെ ഇകഴ്ത്തുന്ന ഒന്നും അല്ലാഹു ഇഷ്ടപ്പെടില്ല എന്ന സന്ദേശം നല്കുവാനാണ്.(റാസി32/46) ഒരു വാക്ക് കൊണ്ട് പോലും നബി യുടെ മഹത്വത്തോട് നിരക്കാത്ത വിധം സംസാരിക്കുന്നത് നാം സഗൗരവം കാണണം
7. إنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُوْلَئِكَ هُمْ خَيْرُ الْبَرِيَّةِ

നിശ്ചയമായും സത്യത്തിൽ വിശ്വസിക്കുകയും സല്ക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവർ തന്നെയാണ് സൃഷിടികളിൽ ഏറ്റവും ഉൽകൃഷ്ടർ
സത്യ വിശ്വാസവും സല്ക്കർമ്മങ്ങളും ചെയ്യുന്നവരുടെ പ്രതിഫലമാണിവിടെ പറയുന്നത് അവരുടെ ഏറ്റവും വലിയ മഹത്വമായി അല്ലാഹു പറയുന്നത് അവർ ഏറ്റവും നല്ലവരാണ് എന്നത്രെ
ഇവിടെ സത്യ നിഷേധികളുടെ കാര്യം ആദ്യവും സത്യ വിശ്വാസികളൂടെ കാര്യം പിന്നെയും പറഞ്ഞതിന്റെ ക്രമ സൗന്ദര്യം ഇമാം റാസി رحمة الله عليه വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ശിക്ഷയുണ്ടാവുമെന്ന താക്കീത് മരുന്ന് പോലെയും സ്വർഗമുണ്ടെന്ന വാഗ്ദാനം ഭക്ഷണത്തിന്റെ സ്ഥാനത്തുമാണ്. രോഗാതുരമായ ശരീരത്തിനു ആദ്യം നല്കേണ്ടത് മരുന്നാണ്. കാരണം രോഗമില്ലാതാക്കിയതിനു ശേഷം കഴിക്കുന്ന ഭക്ഷണത്തിനാണല്ലോ ശരീരത്തിൽ കൂടുതൽ ഫലമുണ്ടാക്കാൻ സാധിക്കുക ഇത് പോലെയാണ് അവിശ്വാസമാകുന്ന രോഗത്തിൽ നിന്ന് മുക്തമാക്കി വിശ്വാസത്തിന്റെ സൗഭാഗ്യത്തിലേക്ക് വരുന്നതാണ് ഫലപ്രദം എന്ന് സൂചിപ്പിക്കുകയാണ്
സത്യ വിശ്വാസവും സൽകർമ്മങ്ങളും ഉള്ളവർക്ക് അവരാണ് ഏറ്റവും നല്ലവർ എന്ന അല്ലാഹുവിന്റെ സാക്ഷ്യ പത്രത്തേക്കാൾ വലിയൊരു അംഗീകാരം മറ്റെന്താണ് ലഭിക്കാനുള്ളത്! അല്ലാഹു നമ്മെ എല്ലാം ആ കൂട്ടത്തിലാക്കട്ടെ ആമീൻ
8
. جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ لِمَنْ خَشِيَ رَبَّهُ

തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം അടിഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിക്കുന്ന സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളാണ്. അതിൽ അവർ എന്നെന്നും സ്ഥിരവാസികളായ നിലയിൽ. അല്ലാഹു അവരെക്കുറിച്ചും അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു അത്(ആ പ്രതിഫലം) തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവർക്കുള്ളതാണ്
സ്വർഗ്ഗത്തിലെ സൗകര്യങ്ങളിലേക്കുള്ള സൂചന നല്കിയ ഈ സൂക്തത്തിൽ ,വിശാസികളുടെ മനസിനെ കുളിരണിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹു അവരെ പൊരുത്തപ്പെടുന്നു എന്നതാണ്. അല്ലാഹുവിന്റെ പൊരുത്തം ലഭിച്ചാൽ പിന്നെ മറ്റെന്താണ് നമുക്ക് ആവശ്യമുള്ളത്. അതിലേക്ക് നമ്മെ എത്തിക്കുന്ന സ്വഭാവം സത്യവിശ്വാസവും സൽക്കർമ്മങ്ങളും ആണെന്ന് ഇവിടെ ഉണർത്തുമ്പോൾ ആ സ്വഭാവം കാത്ത് സൂക്ഷിക്കാനുള്ള പ്രതിജ്ഞ നാം എടുക്കേണ്ടിയിരിക്കുന്നു. അരുതായ്മകളിൽ നിന്ന് മാറി നില്കാനും നന്മകൾ വർധിപ്പിക്കാനും നാം ശ്രമിക്കണം. അതിലേക്ക് നമ്മെ എത്തിക്കാനാണ് അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണീ നേട്ടം എന്ന് അല്ലാഹു പറഞ്ഞത്. തെറ്റുകളിൽ നിന്ന് അല്ലഹുവിനെ ഭയപ്പെട്ട് മാറി നില്ക്കുന്നതോടൊപ്പം ചെയ്യുന്ന കർമ്മങ്ങളിൽ ഇത് അല്ലാഹു സ്വീകരിക്കാതെ പോയേക്കുമോ എന്നു ഭയപ്പെടുന്നതും ആ വിഷയത്തിൽ നാം കാണണം. അല്ലാഹു നല്ലവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

സൂറത്തുൽ ഖദ്‌ർ


അദ്ധ്യായം 97 സൂറത്തുൽ ഖദ്‌റ്   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  5
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1. إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
നിശ്ചയം നാം ഇതിനെ (ഖുർആൻ) ലൈലത്തുൽ ഖദ്‌റിൽ (നിർണ്ണയത്തിന്റെ രാത്രിയിൽ) അവതരിപ്പിച്ചിരിക്കുന്നു.
ഖദ്‌ർഎന്ന വാക്കിനു നിർണ്ണയിക്കുക,കണക്കാക്കുക എന്നും ബഹുമാനം,മഹത്വം എന്നും അർത്ഥമുണ്ട്‌.അപ്പോൾ ലൈലത്തുൽ ഖദ്‌ർഎന്നാൽ നിർണ്ണയ രാത്രി എന്നും ബഹുമാനത്തിന്റെ രാത്രി എന്നും വിവർത്തനം പറയാം.രണ്ടായാലും അത്‌ ആ മഹത്തായ രാത്രിയുടെ നാമം ആണ്.
സൂറ:ദുഃഖാനിൽ(അദ്ധ്യായം 44) ഇതേ രാത്രിയെക്കുറിച്ചാണ്.  ليلة مباركة (അനുഗ്രഹീത രാത്രി) എന്ന് പറഞ്ഞിട്ടുള്ളത്‌ അവിടെ ഈ രാത്രിയുടെ പ്രത്യേകതയായി,
فيها يفرق كل أمر حكيم (യുക്തിമത്തായ എല്ലാ കാര്യവും അതിൽ വേർ തിരിച്ച്‌ വിവരിക്കപ്പെടുന്നു)  എന്ന് പറഞ്ഞിരിക്കുന്നു ഈ സൂറയിൽ നാലാം വചനത്തിൽ റബ്ബിന്റെ ഉത്തരവു പ്രകാരം എല്ലാ കാര്യവും കൊണ്ട്‌ റുഹും മലക്കുകളും ഇറങ്ങി വരുമെന്നും പറഞ്ഞിരിക്കുന്നു.ആകയാൽ ആ രാത്രി ഭൂമിയിലെ കാര്യങ്ങൾ പലതും നിർണ്ണയിച്ചു വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്ന് മനസിലാക്കാം.
പ്രസ്തുത രാത്രിയുടെ മഹത്വമായി അല്ലാഹു പറഞ്ഞത്‌ ഖുർആൻ അവതരിച്ചത്‌ ആരാത്രിയിലാണ് എന്നത്രെ! ലോകാവസാനം വരെയുള്ള മാനവ ലോകത്തിന്റെ സകല നന്മകൾക്കും നിദാനമാകുന്ന ആ ദിവ്യഗ്രന്ഥത്തിന്റെ അവതരണം ഉണ്ടായ രാവ്‌ അനുഗ്രഹീതമായിരിക്കും എന്നതിൽ രണ്ട്‌ അഭിപ്രായമുണ്ടാവില്ല .കാരണം സമയങ്ങൾക്കും സ്ഥലങ്ങൾക്കുമൊക്കെ പ്രത്യേകത വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം ആ സ്ഥലങ്ങളിലും സമയങ്ങളിലുമൊക്കെ ഉണ്ടാവുന്ന സംഭവങ്ങൾ ആസ്പദമാക്കിയായിരിക്കും.(ആദം عليـه السلام ന്റെ ജന്മത്താൽ വെള്ളിയാഴ്ച്ചക്കും നബി യുടെ  ജന്മത്താൽ തിങ്കളാഴ്ച്ചക്കും മഹത്വമുള്ളത് ഹദീസുകളിൽ സ്ഥിരപ്പെട്ടത് പോലെ ) എങ്കിൽ അനുഗ്രഹീതമായ ഈ ഗ്രന്ഥത്തിന്റെ അവതരണം എന്ന സംഭവം നടന്ന സമയം അത്കൊണ്ട്‌ തന്നെ അനുഗ്രഹീതമാണ്. ഈ രാവ്‌ റമളാൻ മാസത്തിലാണെന്നത്‌ സുവ്യക്തവും, വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതുമാണ്.
2/185شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ

(
ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. 2/185)
റമളാനിലാണ് ഖുർആൻ അവതരിച്ചതെന്ന് അൽബഖറയിലും അനുഗ്രഹീത രാത്രിയിലാണെന്ന് 44/3ൽ ദുഃഖാനിലും ലൈലത്തുൽ ഖദ്‌റിലാണെന്ന് ഇവിടെയും പറയുന്നു അപ്പോൾ ലൈലത്തുൽ ഖദ്‌ർ റമളാനിലാണെന്നും അത്‌ തന്നെയാണ് അനുഗ്രഹീത രാത്രിയെന്നും വ്യക്തമായി.എന്നാൽ ഖുർആനിന്റെ അവതരണം പൂർത്തിയായത്‌ ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടാണെന്നിരിക്കെ ഈ രാത്രിയിൽ അല്ലെങ്കിൽ റമളാൻ മാസത്തിൽ അവതരിച്ചു എന്ന് പറഞ്ഞതിന്റെ താൽപര്യം എന്താണ് ? എന്ന ചോദ്യം പ്രസക്തമാണ്. അതിന്റെ നിവാരണം രണ്ട്‌ രൂപത്തിൽ ഇമാമുകൾ വിലയിരുത്തുന്നുണ്ട്‌. ഭൂരിഭാഗം ഇമാമുകളുടെയും പക്ഷം അടിസ്ഥാന രേഖയാവുന്ന ലൗഹുൽ മഹ്‌ ഫൂളിൽ നിന്ന് ഏറ്റവും അടുത്ത ആകാശത്തേക്ക്‌ ഇറക്കിയത്‌ ആ രാത്രിയിലാണ്. പിന്നീട്‌ സന്ദർഭത്തിനനുസരിച്ച്‌ 23കൊല്ലം കൊണ്ട്‌ ഭൂമിയിലേക്ക്‌ അവതരിപ്പിക്കപ്പെടുകയാണ് ചെയ്തത്‌ എന്നാകുന്നു. മറ്റൊരു പക്ഷം പറയുന്നത്‌ നബി(സ)ക്ക്‌ ഖുർആൻ അവതരിപ്പിക്കുവാൻ തുടങ്ങിയത്‌ റമളാനിൽ ആരാത്രിയിലാണ് എന്നാകുന്നു. രണ്ടായാലും ഈ അനുഗ്രഹീത രാത്രി കൊല്ലം തോറും ആവർത്തിച്ചു വരുന്നതാണ്.
2. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
ലൈലത്തുൽ ഖദ്‌ർ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയതെന്ത്‌?

ആ രാവിന്റെ മഹത്വത്തിലേക്ക്‌ ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഈ ചോദ്യം. തുടർന്ന് മഹത്വങ്ങൾ ഉണർത്തുകയാണ്.
3. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
ലൈലത്തുൽ ഖദ്‌ർ ആയിരം മാസത്തേക്കാൾ ഉത്തമമാകുന്നു
ലൈലത്തുൽ ഖദ്‌ർ ആയിരം മാസത്തേക്കാൾ ഉത്തമം എന്നതിനു ലൈലത്തുൽ ഖദ്‌റില്ലാത്ത ആയിരം മാസങ്ങളിൽ ചെയ്താലുണ്ടാകുന്ന അത്ര പ്രതിഫലം ആ രാത്രിയിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾക്ക്‌ ലഭിക്കും എന്നായിരിക്കും. അല്ലെങ്കിൽ അതിൽ ആരാധന ചെയ്യുന്നയാൾക്ക്‌ മഹത്വം ഉണ്ടാവും എന്നാവും(റാസി32/27). ലൈലത്തുൽ ഖദ്‌ർ എന്ന് ഈ രാത്രിക്ക്‌ നാമം വരാൻ കാരണം ഈ രാവിൽ മഹത്വമുള്ള ഒരു ഗ്രന്ഥം മഹത്വമുള്ള മാലാഖയുടെ നാവിലൂടെ മഹത്വമുള്ള ഒരു ഉമ്മത്തി(സമൂഹം)നുമേൽ അവതരിപ്പിക്കപ്പെട്ടതിന്റെ കാരണത്താലാണ്. അത്‌ കൊണ്ടായിരിക്കാം അല്ലാഹു മഹത്വം എന്ന അർത്ഥം വരുന്ന ഖദ്‌ർ എന്ന പദം മൂന്ന് തവണ ആവർത്തിച്ചത്‌ എന്ന് അബൂബക്കർ അൽ വർറാക്‌ رحمة الله عليهഎന്നവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു(റാസി 32/27)
മുജാഹിദ്‌ رحمة الله عليهപറഞ്ഞു. ബനൂ ഇസ്‌റാഈല്യരിൽ ഒരാളുണ്ടായിരുന്നു.അദ്ദേഹം രാത്രി മുഴുവൻ നിസ്കരിക്കുകയും പ്രാഭാതം മുതൽ യുദ്ധം ചെയ്യുകയും ചെയ്യും ഇങ്ങനെ അദ്ദേഹം ആയിരം മാസം ഇത് തുടർന്നു. ഇതു കേട്ടപ്പോൾ നബിക്കും സഹാബത്തിനും അത്ഭുതമായി .(അദ്ദേഹത്തിന്റെ മഹത്വം ഓർത്ത്‌ അദ്ദേഹത്തെ പോലെ നമുക്ക്‌ ആവാൻ കഴിയുമോ എന്ന് ചിന്തിച്ച്‌ അത്ഭുതപ്പെട്ടു)അപ്പോൾ അല്ലാഹു ഈ ആയത്ത്‌ അവതരിപ്പിച്ച്‌ കൊണ്ട്‌ ആ ഇസ്രാഈലിക്ക്‌ ലഭിച്ച ആയിരം മാസത്തേക്കാൾ തങ്ങളുടെ ഉമ്മത്തിനു മഹത്വമുള്ള രാവാണീ ലൈലത്തുൽ ഖദ്‌ർ എന്ന് അല്ലാഹു പറഞ്ഞതാണ് ഈ ആയത്തിൽ കണ്ടത്‌(റാസി 32/29)
4. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

മലക്കുകളും റൂഹും(ആത്മാവും)അവരുടെ നാഥന്റെ കൽപന പ്രകാരം എല്ലാ കാര്യവും കൊണ്ട്‌ ആ രാത്രിയിൽ ഇറങ്ങി വരുന്നു
ആ അനുഗ്രഹീത രാത്രിയിൽ മലക്കുകളും റൂഹും ഇറങ്ങുന്നത് ആ രാത്രിയെ ആരാധനകൊണ്ട് ധന്യമാക്കുന്ന വിശ്വാസികളുടെ ആരാധന കാണാനും അവർക്ക് ആശംസകൾ നേരാനും അവരുടെ പ്രാർഥനകളിൽ സംബന്ധിക്കാനും നമുക്ക് വേണ്ടി അല്ലാഹുവോട് ശുപാർശ ചെയ്യാനും നമുക്ക് സലാം പറയാനും (മലക്കുകളുടെ സലാം ലഭിച്ചവന്റെ ദോഷം പൊറുക്കപ്പെടും) ആണ് (റാസി32/32)
ഇവിടെ റൂഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ മലക്കുകളുടെ നേതാവായ ജിബ്രീൽ عليـه السلام എന്നാണ് .ജിബ്‌രിൽ عليـه السلامന്റെ പ്രത്യേകത അറിയിക്കാനാണ് അത് പ്രത്യേകം പറഞ്ഞത്. ഒരു വലിയ മലക്കാണെന്നും അന്ന് മാത്രം കാണാൻ കഴിയുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളും മനുഷ്യരുമല്ലാത്ത ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സൃഷ്ടികളാണെന്നും (അവർ സ്വർഗക്കാരുടെ സേവകരാണെന്നും), ഈസാ عليـه السلام ആണെന്നും, അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും, പ്രത്യേക കാവവൽക്കാരും നന്മ-തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകളാണെന്നും ഉള്ള എട്ട് അഭിപ്രായവും രേഖപ്പെടുത്തി പ്രബലമായ അഭിപ്രായം ജിബ്‌രീൽ(അ) ആണെന്നും തന്റെ മഹത്വ വർദ്ദനവ് തെളിയിക്കാനാണ് പ്രത്യേകം പറഞ്ഞതെന്നും ഇമാം റാസി رحمة الله عليه രേഖപ്പെടുത്തിയിട്ടുണ്ട്(റാസി32/33)
എല്ലായ്പ്പോഴും ദിക്‌റിന്റെ‌ സദസ്സുകളിലും മറ്റ് നന്മയുടെ വേദികളിലുമൊക്കെ മലക്കുകൾ ഉണ്ടാവുമെന്നിരിക്കെ ഈ രാത്രി മലക്കുകൾ ഇറങ്ങുമെന്ന് പ്രത്യേകതയായി പറഞ്ഞത് ഈ പുണ്യ ദിനത്തിലെ ആരാധനക്ക് പ്രചോദനം വർദ്ധിപ്പിക്കാനാണ്.
അല്ലാഹുവിന്റെ അനുമതിയോടെ മലക്കുകൾ ഇറങ്ങും എന്ന് പറഞ്ഞതിൽ നിന്ന് മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങാൻ അല്ലാഹുവോട് സമ്മതം ചോദിക്കുമെന്നും നമ്മോട് ഇഷ്ടവും നമ്മെ കാണാനുള്ള താല്പര്യവും കൊണ്ടാണ് മലക്കുകൾ സമ്മതം തേടുന്നതെന്നും അല്ലാഹുവിന്റെ സമ്മതം അനുസരിച്ചല്ലാതെ മലക്കുകൾ ഒന്നും ചെയ്യില്ലെന്നും അത് അവരുടെ മഹത്വവും അല്ലാഹുവിന്റെ കല്പനകൾ കാറ്റിൽ പറത്തുന്ന താന്തോന്നികളുടെ നിന്ദ്യതയും വ്യക്തമാക്കുന്നുണ്ടെന്നും ഇമാം റാസി رحمة الله عليه ഇവിടെ വിശദീകരിക്കുന്നുണ്ട്.
എല്ലാ കാര്യവും കൊണ്ട് ഇറങ്ങും എന്നതിന് ആ വർഷത്തിൽ നടക്കാനുള്ള എല്ലാ നന്മ തിന്മകളുടെയും തീരുമാനം കൊണ്ട് എന്നതാണ് കൂടുതൽ വ്യഖ്യാതാക്കളും പറയുന്നത്. ബറാഅത്ത് രാവിൽ(ശഅബാൻ പതിനഞ്ചിന്റെ രാവ്)ആണ് ഭക്ഷണവും ആയുസ്സുമൊക്കെ തീരുമാനിക്കുന്നത് എന്നല്ലേ നിങ്ങൾ പറയാറുള്ളത് ഇപ്പോൾ അത് ലൈലത്തുൽ ഖദ്റിലാണെന്ന് പറയുന്നത് എങ്ങനെ യോജിക്കും ? എന്നൊരു ചോദ്യമുണ്ടിവിടെ അതിന്റെ നിവാരണം. ബറാഅത്ത് രാവിൽ അത് കണക്കാക്കുന്നു എന്നും ലൈലത്തുൽ ഖദ്റിൽ അതിന്റെ ആളുകളിലേക്ക് ആ തീരുമാനം കൈമാറുമെന്നും നബിപറഞ്ഞ ഹദീസിലുണ്ട്. അപ്പോൾ വൈരുദ്ധ്യമില്ല എന്നാണ്. വേറെയും വ്യാഖ്യാനങ്ങളുണ്ട്(റാസി 32/34)
5. سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

പ്രഭാതോദയം വരെ അത്‌ സമാധാനമായിരിക്കുന്നതാണ്
ഈ രാത്രിയുടെ മറ്റൊരു പ്രത്യേകതയാണ് അല്ലാഹു ഈ സൂക്തത്തിൽ പറയുന്നത്.പ്രഭാതം വരെ അത് സലാം ആണ് എന്ന്. ഇവിടുത്തെ സലാം എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. അവ എല്ലാം(വൈരുദ്ധ്യമില്ലാതെ) വൈവിധ്യമായതിനാൽ എല്ലാം സ്വീകാര്യവുമാണ് .അഥവാ ആ പ്രത്യേകതകളെല്ലാം ആ രാത്രിയിൽ പ്രതീക്ഷിക്കാം എന്ന് സാരം.
ഇമാം റാസി رحمة الله عليهഎഴുതുന്നു ഈ സലാം എന്ന വാക്കിൽ പല അഭിപ്രായമുണ്ട്.
(ഒന്ന്) ആരാധന നിർവഹിക്കുന്നവർക്ക് ആരാത്രി മുഴുവനും കൂട്ടം കൂട്ടമായി ഇറങ്ങുന്ന മലക്കുകൾ സലാം പറയും എന്നാണ്  
(രണ്ട്) രാത്രി തന്നെ സകല അപകടങ്ങളിൽ നിന്നും രക്ഷയാണ് അഥവാ മലക്കുകൾ ഇറങ്ങുന്നത് നന്മകളും വിജയങ്ങളും കൊണ്ട് മാത്രമാണ്
(മൂന്ന്) അപകടകരമായ കാറ്റ്
, ഇടി പോലുള്ളവയിൽ നിന്ന് ആ രാത്രി രക്ഷയാണ്
(നാല്) ആ രാത്രിയുടെ ഓരോഭാഗവും ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ളതാണ്. മറ്റ് രാത്രികളിൽ ചില ആരാധനകൾക്ക് ചില സമയങ്ങളിൽ കൂടുതൽ പ്രത്യേകതയുള്ളത് പോലെ (ഉദാഹരണം അത്താഴ സമയത്ത് പ്രാർത്ഥനക്ക് പ്രത്യേകതയുള്ള പോലെ)യല്ല ഇവിടെ. ഈ രാത്രിയുടെ ഓരോ സമയവും എല്ലാ ആരാധനക്കും മഹത്വം ഉണ്ട് എല്ലാ സമയവും സമമാണ്.
വേറെയും വ്യാഖ്യാനങ്ങളുണ്ട്. ഏതായാലും ഈ രാവിന്റെ മഹത്വം ലഭിക്കുന്നവർ വിജയികളും അത് തടയപ്പെട്ടവർ നിർഭാഗ്യവാന്മാരും തന്നെ! അല്ലഹു നമ്മെ ഈ രാവിന്റെ മഹത്വം ലഭിക്കുന്നവരിലും ഒരുപാട് ലൈലത്തുൽ ഖദ്റുകളെ സ്വീകരിക്കാൻ ഭാഗ്യമുള്ളവരിലും ഉൾപ്പെടുത്തട്ടെ ആമീൻ
മുൻകാലസമുദായങ്ങൾ നീണ്ട ആയുസ്സ് നൽകപ്പെട്ടവരായിരുന്നു എന്നാൽ നബിയുടെ സമുദായത്തിനു ആയുസ്സ് കുറവാണ്. എന്നിട്ടും ഈ കുറഞ്ഞ ആയുസ്സിൽ ചെയ്യുന്ന നന്മകൾ കൊണ്ട് മുൻസമുദായങ്ങളെ മറികടക്കാൻ സാധിക്കുന്ന വിധത്തിൽ അല്ലാഹു ഈ ഉമ്മത്തിനു ധാരാളം പുണ്യങ്ങൾ നൽകി. അതിൽ ഒന്നത്രെ ലൈലത്തുൽ ഖദ്ർ! എൺപത്തിമൂന്ന് വർഷത്തിലധികം, ആരാധന ചെയ്യുന്നവർക്കുള്ള മഹത്വം ഒരു രാത്രി കൊണ്ട് ലഭിക്കുന്ന ഭാഗ്യം മഹത്തരം തന്നെയല്ലെ?
ഈ രാത്രി റമളാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണ് കൂടുതൽ സാദ്ധ്യത.അത് കൊണ്ട് തന്നെ റമളാനിനെ മൊത്തം ആദരിച്ചും ആ മാസം മുഴുവൻ ആരാധന വർദ്ധിപ്പിച്ചും അത് എന്ന് ആയാലും അതിന്റെ മഹത്വം തനിക്ക് ലഭിക്കാനുള്ള മുൻകരുതൽ എടുക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. ലൈലത്തുൽ ഖദ്റ് എന്നാണെന്ന് നമുക്ക് അറിവ് നൽകപ്പെടാതിരുന്നത് എല്ലാ രാവിലും പ്രത്യേകിച്ച് അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിലൊക്കെ ആരാധന വർദ്ധിപ്പിച്ച് കൊണ്ട് ആ രാവിനെ പ്രതീക്ഷിക്കാനും ആരാധന വർദ്ധനവിനു പ്രചോദനം നൽകാനുമാണ്. വേറെയും സമാന സംഭവങ്ങൾ കാണാം. ഇഅ്ത്തികാഫ് ഉൾപ്പെടെയുള്ള നന്മകൾ വർദ്ധിപ്പിക്കുക അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ