بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ
അള്ളാഹുവിന്റെ എല്ലാ നാമങ്ങളും
പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. وَالْفَجْرِ
പ്രഭാതം തന്നെയാണ് (സത്യം)
2. وَلَيَالٍ عَشْرٍ
പത്ത് രാത്രികൾ തന്നെയാണ് (സത്യം)
3. وَالشَّفْعِ وَالْوَتْرِ
ഇരട്ടയും ഒറ്റയും തന്നെയാണ്(സത്യം)
4. وَاللَّيْلِ إِذَا يَسْرِ
രാത്രി തന്നെയാണ്(സത്യം) അത് ചരിച്ച് കൊണ്ടിരിക്കെ
5. هَلْ فِي ذَلِكَ قَسَمٌ لِّذِي حِجْرٍ
ബുദ്ധിയുള്ളവന്നു അതിൽ(മേൽ പറഞ്ഞവയിൽ) സത്യത്തിനു വകയുണ്ടോ?
പ്രകൃതിയിലെ അഞ്ചു കാര്യങ്ങൾ എടുത്ത് സത്യം ചെയ്യുകയാണിവിടെ.ഒരു പ്രധാന
കാര്യം സ്ഥാപിക്കാനാണിത്. പ്രഭാതം കൊണ്ടാണ് ഒന്നാമത്തെ സത്യം. ഭൂമുഖത്ത് നിന്ന് അന്ധകാര നിബിഢമായ ഭീകരാവസ്ഥയെ
അകറ്റിക്കൊണ്ട് പ്രഭാതം പൊട്ടിവിടരുകയും മരണതുല്യമായ ഗാഢ നിദ്രയിൽനിന്നു മനുഷ്യൻ
ഉണരുകയും അവന്നൊരു നവ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു ലോകത്ത് ഇത്തരം ഒരു സ്ഥിതി
മാറ്റം വരുത്തിയ അല്ലാഹു മരണശേഷം വീണ്ടും മനുഷ്യനെ പുനർജ്ജനിപ്പിക്കാൻ
കഴിവുള്ളവനാണെന്ന് മനസിലാക്കാൻ പ്രയാസമില്ലല്ലോ എന്നാണ് സൂചിപ്പിക്കുന്നത്.
പ്രഭാത നിസ്കാരം(സുബ്‌ഹി) ആണിവിടെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്
പത്ത് രാത്രികളെക്കൊണ്ടാണ് പിന്നീട് സത്യം ചെയ്തത്. ഈ രാത്രികൾ കൊണ്ട് ഉദ്ദേശ്യം മുഹറം മാസത്തിലെ
ആദ്യത്തെ പത്ത് ദിനങ്ങളാണെന്നും റമളാനിലെ അവസാനത്തെ പത്ത് ദിനങ്ങൾ ആണെന്നും ആ
രാത്രികളുടെ ചില സവിശേഷതകൾ ചൂണ്ടിക്കാട്ടി ചില വ്യാഖ്യാതാക്കൾ
അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടതും
പ്രബലമായതും ദുൽഹിജ്ജയിലെ ആദ്യ പത്ത് നാളുകളാണെന്ന അഭിപ്രായമാണ്. ഹജ്ജ്
കർമ്മങ്ങളിലെ സുപ്രധാനമായ പല കർമ്മങ്ങളും നടക്കുന്ന ആദിനങ്ങളുടെ മഹത്വം
അവിശ്വാസികളായിരുന്ന അറബികൾക്കും അറിവുള്ളതായിരുന്നു. ഇസ്‌ലാം വരുന്നതിനു മുമ്പും
അവർ സമാദരണീയമായി കരുതിയിരുന്ന ആദിനങ്ങളെക്കൊണ്ട് ആണയിട്ടു പറയുന്നത് അവരുടെ
ശ്രദ്ധ പ്രത്യേകമായും അല്ലാത്തവരുടേത് പൊതുവിലും ക്ഷണിക്കാൻ സഹായകമാണ്.
ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളെക്കുറിച്ച് നബി(ﷺ) പറഞ്ഞു. ‘ഏതു
ദിനങ്ങളിൽ സൽ കർമ്മം ചെയ്യുന്നതും ഈ ദിനങ്ങളി(ദുൽഹിജ്ജ പത്ത് ദിനം)ൽ
ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനു ഇഷ്ടപ്പെട്ടതായിരിക്കില്ല’ ഇതു
കേട്ടപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നതും അതിനേക്കാൾ
ഇഷ്ടപ്പെട്ടതായിരിക്കില്ലേ? എന്ന് സ്വഹാബികൾ ചോദിച്ചു, നബി(ﷺ) പറഞ്ഞു
അല്ലാഹുവിന്റെ മാർഗത്തിലുള്ള സമരവും(ഇതിനേക്കാൾ ഇഷ്ടപ്പെട്ടത്) ആയിരിക്കില്ല
എന്നാൽ ഒരാൾ തന്റെ ധനവും ശരീരവും കൊണ്ട് സമരത്തിനു പോയിട്ട് അവയിൽ ഒന്നും
മടക്കിക്കൊണ്ട് വരാത്തവൻ (ജീവനും ധനവും ബലിയർപ്പിച്ചവൻ) ഒഴികെ (ബുഖാരി).അവന്റെ
പ്രവർത്തനം ഏറ്റവും ഇഷ്ടപ്പെട്ടതാവുമെന്ന് സാരം.
ഒറ്റയും ഇരട്ടയും കൊണ്ടാണ് അടുത്ത സത്യം .ഈ
ഒറ്റയും ഇരട്ടയും കൊണ്ട് എന്താണ് ഉദ്ദേശ്യമെന്നതിൽ ധാരാളം അഭിപ്രായങ്ങൾ കാണാം
.രണ്ട് കൊണ്ട് ഭാഗിച്ചാൽ ശിഷ്ടം വരാത്ത സംഘ്യക്ക് ഇരട്ട എന്നും അല്ലാത്തതിനു
ഒറ്റ എന്നും പറയുന്നു.അപ്പോൾ ലോകത്തുള്ള എന്തും ഒന്നുകിൽ ഒറ്റ അല്ലെങ്കിൽ ഇരട്ട
എന്ന് പറയാവുന്നതാണ് മറ്റൊരു നിലക്ക് പറഞ്ഞാൽ ലോകത്ത് ഒരു തരത്തിലുള്ള ഇണയോ
തുല്യതയോ സാമ്യമോ ഒന്നുമില്ലാതെ എല്ലാ നിലക്കും പരിപൂർണ്ണമായി ഒറ്റയായുള്ളത്
അല്ലാഹു മാത്രമാണ് അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാം അവൻ
ഒരു തരത്തിലും മറ്റൊന്നുമായി തുല്യത ഉള്ളവനല്ല.അതിനാൽ ഒറ്റ അല്ലാഹുവും
അല്ലാത്തതെല്ലാം ഇരട്ടയും എന്ന് വന്നാൽ ഈ സത്യത്തിന്റെ വൈപുല്യം വ്യക്തമാവും
നബി(ﷺ) പറയുന്നു. ‘അല്ലാഹു നിശ്ചയം ഒറ്റയാണ്
അവൻ ഒറ്റയെ ഇഷ്ടപ്പെടുന്നു.ആകയാൽ നിങ്ങൾ വിത്‌ർ (അവസാനം ഒരു റക്‌അത്ത് കൊണ്ട്
അവസാനിപ്പിക്കുന്ന ഇശാ നിസ്ക്കാര ശേഷം നിർവ്വഹിക്കേണ്ട സുന്നത്ത് നിസ്ക്കാരം)
നിസ്ക്കരിക്കുവീൻ, മഗ്‌രിബ് നിസ്ക്കാരം ഒറ്റയും മറ്റുള്ളവ
ഇരട്ടയുമായതിനാൽ അവയാണിവിടെ ഉദ്ദേശ്യമെന്നും ഹജ്ജിന്റെ ചില കർമ്മങ്ങൾ വരുന്ന
ദുൽഹിജ്ജ 11, 12 എന്നിവ ഇരട്ടയും 13ഒറ്റയും
ആണെന്നും അപ്പോൾ ദുൽ ഹിജ്ജ പത്ത് വരെയുള്ള ദിനങ്ങൾ പത്ത് ദിനങ്ങൾ എന്നതിലും
അയ്യാമുത്തശ്‌രീഖ് എന്നറിയപ്പെടുന്ന ദിനങ്ങൾ ഒറ്റ,ഇരട്ട എന്നതിലും ഉൾപ്പെടുന്നു
എന്നും മറ്റും അഭിപ്രായമുണ്ട്. ഈ ഒറ്റ, ഇരട്ട
എന്നതിനെക്കുറിച്ച് ഇരുപത് അഭിപ്രായങ്ങൾ തന്റെ വ്യാഖ്യാനത്തിൽ
എടുത്തുദ്ധരിച്ച്കൊണ്ട് ഇമാം റാസി(رحمة الله عليه) പറയുന്നത് ഇതെല്ലാം അർത്ഥമാകുന്നതിനു യാതൊരു തടസ്സവുമില്ലെന്നും
അവയെല്ലാം ഉദ്ദേശമാക്കാവുന്നതാണ് എന്നുമാണ്(റാസി 31/152-53)
അഞ്ചാമത്തെ സത്യം ചരിക്കുന്ന രാത്രിയെക്കൊണ്ടാണ്. ചരിക്കുക
എന്നത് രാത്രിയുടെ വരവിനെയോ പോക്കിനെയോ രാത്രിയിലുള്ള അതിന്റെ നീക്കത്തെയോ
ഉദ്ദേശിച്ചാവാം പ്രഭാതം കൊണ്ട് നേരത്തേ സത്യം ചെയ്ത സ്ഥിതിക്ക് രാത്രിയുടെ
പോക്ക് അതിൽ നിന്ന് തന്നെ മനസിലാക്കാനാവുമെന്നതിനാൽ ഇവിടെ രാവിന്റെ
പ്രാരംഭത്തെ-വരവിനെ-സൂചിപ്പിക്കുന്നത് കൂടുതൽ ഉചിതമാവാം പ്രഭാതത്തെക്കുറിച്ചു
പറഞ്ഞപോലെ രാത്രിയും ലോകത്തെ വലിയ ദൃഷ്ടാന്തം തന്നെയാണ് അത് ആലോചിക്കാനും അതുവഴി
ഖുർആൻ പ്രബോധനം ചെയ്യുന്ന ആശയം മനസിലാക്കാനും ഇത് സഹായകാമാവും. ഇമാം റാസി(رحمة الله عليه) എഴുതുന്നു. ‘രാപ്പകലുടെ
വരവും പോക്കും അതിലുള്ള ഏറ്റവ്യത്യാസങ്ങളും നമുക്ക് വല്ലാത്ത അനുഗ്രഹം തന്നെ
അപ്പോൾ അതിലെ മാറ്റങ്ങൾ ഒരു നിയന്ത്രിക്കുന്ന ശക്തിയിലേക്ക് സൂചന നൽകുന്നു.ആശക്തി
അന്യൂന്യം പ്രവർത്തിക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്നും മനസിലാക്കാം (റാസി 31/153). ഈ പറഞ്ഞ രാത്രി എല്ലാ രാത്രിയുമാണെന്നാണ് പ്രബല അഭിപ്രായമെങ്കിലും വലിയ
പെരുന്നാൾ രാവിൽ ഹാജിമാർ മുസ്ദലിഫയിൽ ഒത്തുകൂടുന്ന ആ രാത്രിയാണ് ഇവിടെ
ഉദ്ദേശമെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.
സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് കാര്യബോധവും
ബുദ്ധിയുമുള്ളവർക്ക് മനസിലാക്കുവാൻ ഈ സത്യങ്ങളിൽ തീർച്ചയായും വകയുണ്ട് ഇമാം
റാസി(رحمة الله عليه)എഴുതുന്നു.
ഇതിന്റെ താൽപര്യം ഈ പറഞ്ഞ പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ അല്ലാഹുവിന്റെ
നിയന്ത്രണത്തിന്റെയും അവന്റെ ഏകത്വത്തിന്റെയും തെളിവുകൾ ബുദ്ധിയുള്ളവന്നു
മനസിലാക്കാൻ പ്രയാസമില്ല എന്നാണ്(റാസി 31/154).
ഇവിടെ
حجر എന്നതിനാണ്
ബുദ്ധി എന്ന് അർത്ഥം കൽപിച്ചത്. حجر എന്നാൽ തടയുക എന്നാണ് അർത്ഥം ശരിയായ
ബുദ്ധിയുള്ളവനെ ആ ബുദ്ധി അരുതായ്മകളിൽനിന്ന് തടയുമെന്നതിനാലാണ് അങ്ങനെ അർത്ഥകൽപന
വന്നത്.
6. أَلَمْ تَرَ كَيْفَ فَعَلَ
رَبُّكَ بِعَادٍ
തങ്ങളുടെ രക്ഷിതാവ് ‘ആദി’ നെക്കൊണ്ട്
എപ്രകാരം ചെയ്തുവെന്ന് തങ്ങൾ കണ്ടില്ലേ?
7. إِرَمَ ذَاتِ الْعِمَادِ
അതായത് തൂണിന്റെ ആൾക്കാരായ ‘ഇറം’ ഗോത്രക്കാരെക്കൊണ്ട്
8. الَّتِي لَمْ يُخْلَقْ
مِثْلُهَا فِي الْبِلَادِ
ആ
നാടുകളിൽ അതുപോലുള്ളവർ സൃഷ്ടിക്കപ്പെട്ടിട്ടില്ല.
കണ്ടില്ലേ എന്ന ചോദ്യം, അറിഞ്ഞില്ലേ എന്ന അർത്ഥത്തിലാണ്. അതായത് ആദ്, ഥമൂദ്, ഫറോവ
എന്നിവരുടെയൊക്കെ ചരിത്രം സംശയത്തിനിടയില്ലാത്തവിധം അറബികൾക്കിടയിൽ
സുപരിചിതമായിരുന്നു .കണ്ടാൽ ലഭിക്കുന്നതുപോലുള്ള ഉറപ്പ് കൃത്യമായി സ്ഥിരപ്പെട്ട
ചരിത്രത്തിലും ലഭ്യമാണെന്നത് കൊണ്ടാണ് അല്ലാഹു അങ്ങനെ ചോദിച്ചത് ഈ ചോദ്യം നബി(ﷺ) യോടാണെങ്കിലും
എല്ലാവരും ഉദ്ദേശ്യമാണ്. അതായത് അവരുടെ ചരിത്രം ഉണർത്തുന്നതിലൂടെ ധിക്കാരികൾക്ക്
അതിൽ നിന്ന് മടങ്ങാനുള്ള പ്രചോദനവും വിശ്വാസികൾക്ക് ലഭ്യമായ സത്യത്തിൽ അടിയുറച്ച്
നിൽക്കാനും പ്രയോജനപ്പെടാൻ വേണ്ടിയാണ് അല്ലാഹു ഇവരുടെ ചരിത്രം
ഓർമ്മിപ്പിക്കുന്നത്.
നൂഹ്(عليه السلام)ന്റെ മകൻ
സാമിന്റെ സന്താന പരമ്പരയിൽപെട്ടയാളാണ് ആദ് എന്ന മനുഷ്യൻ .അദ്ദേഹത്തിന്റെ പേരിൽ
തന്നെ അവരുടെ ഗോത്രവും അറിയപ്പെട്ടു.ഇറം എന്നത് അദ്ദേഹത്തിന്റെ ഉപ്പൂപ്പയാണെന്നും
ആ പേരിലും അവർ അറിയപ്പെടുന്നുവെന്നും ഇറം എന്നത് നാട്ടിന്റെ പേരാണെന്നും
അതിലേക്ക് ചേർത്തും ആളുകൾ അറിയപ്പെടുന്നത് അവരുടെ പതിവാണെന്നും അഭിപ്രായമുണ്ട്.ഏതായാലും
അവർ വലിയ ധിക്കാരികളായി ഭൂമിയിൽ ജീവിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു
അവരിലേക്ക് പ്രവാചകനായി വന്ന ഹൂദ് عليه السلامനെ അവർ വിലവെച്ചില്ല. അവരെ അല്ലാഹു നശിപ്പിച്ചു.
എന്നാണിവിടെ പരാമർശിക്കുന്നത്. തൂണുകളുടെ ആൾക്കാർ എന്ന് പറഞ്ഞതിന്റെ താപര്യം അവർ
ഉയർന്ന കുന്നുകളിലും മറ്റും വലിയ സ്തംഭങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുകയും അതൊരു
പൊങ്ങച്ചത്തിന്ന് അവർ ഉപയോഗിക്കുകയും ചെയ്തിരുന്നു.വലിയ കൈക്കരുത്തിന്റെ ആളുകളാണ്
തങ്ങളെന്ന് മറ്റുള്ളവരെ അറിയിക്കുന്നത് കൂടി അവരുടെ ഈ പ്രവർത്തനത്തിന്റെ
ലക്ഷ്യമായിരുന്നു അങ്ങനെ അഹങ്കാരത്തിൽ മുഴികിയ ഇവർ പ്രവാചകാദ്ധ്യാപനങ്ങൾക്ക്
ചെവികൊടുക്കാതിരുന്നപ്പോൾ നിങ്ങളുടെ ഈ കൈക്കരുത്ത് അല്ലാഹുവിന്റെ ശിക്ഷക്ക്
മുന്നിൽ നിഷ്‌പ്രഭമാണെന്ന് അവർക്ക് അല്ലാഹു കാണിച്ചു കൊടുത്തതാണിവിടുത്തെ ചർച്ച.
ഇമാം റാസി(رحمة
الله عليه)ഇവിടെ
ഒരു ചരിത്രം ഉദ്ധരിക്കുന്നു. ഈ ആദ് എന്ന മനുഷ്യനു രണ്ട് ആൺ മക്കളുണ്ടായിരുന്നു
ശദ്ദാദ്, ശദീദ് എന്നായിരുന്നു പേർ. രണ്ട് പേരും ആളുകളെ
അടക്കിഭരിക്കുകയും തൻപ്രമാണിത്വം കാണിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശദീദ്
മരണപ്പെട്ടു അപ്പോൾ അധികാരം മുഴുവനും ശദ്ദാദിന്റെ കരങ്ങളിലൊതുങ്ങി അപ്പോഴാണിയാൾ
പ്രവാചകൻ വാഗ്ദാനം ചെയ്യുന്ന സ്വർഗ്ഗത്തെക്കുറിച്ച് കേട്ടത് അവൻ ഭൂമിയിൽ തന്നെ
ഞാൻ അത്തരത്തിൽ സ്വർഗ്ഗം പണിയുമെന്ന് വീമ്പിളക്കുകയും മുന്നൂറ് കൊല്ലം കൊണ്ട്
അദ്ൻ മരുഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും അതൊരു വലിയ പട്ടണമാക്കി
മാറ്റുകയും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കൊട്ടാരങ്ങളും ഗോമേദകവും മാണിക്യവും
പതിച്ച അലംകൃതമായ തൂണുകളും വിവിധ മരങ്ങളും അരുവികളും അതിൽ സംവിധാനിക്കുകയും
ചെയ്തു.പണി പൂർത്തിയായ തന്റെ സ്വർഗ്ഗത്തിന്റെ ഉൽഘാടനത്തിനായി പരിവാരങ്ങളെയും
കൂട്ടി അവൻ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടെങ്കിലും ഈ കൃത്രിമ സ്വർഗത്തിലേക്ക്
ഒരു ദിവസത്തെ വഴിദൂരം ബാക്കിയുള്ളപ്പോൾ അവനെയും പരിവാരങ്ങളെയും ഒരു
അട്ടഹാസത്തിലൂടെ അല്ലാഹു നശിപ്പിച്ചു(റാസി 31/155)
ധിക്കാരികൾ എത്ര തന്നെ ഉന്നതരായാലും അല്ലാഹുവിനു പ്രശ്നമല്ലെന്ന് തിരിച്ചറിയാൻ
ഇതിലെ ഗുണപാഠം നമുക്ക് സഹായകമത്രെ! അത് പോലുള്ളവർ സൃഷ്ടിക്കപ്പെട്ടില്ല
എന്നതിന്റെ ആശയം അവർ ആജാനബാഹുക്കളും കരുത്തന്മാരും ആയിരുന്നു എന്നാകാം അവരുടെ നീളം
400 മുഴമുണ്ടായിരുന്നതായും ഒരു സംഘത്തെ നശിപ്പിക്കാൻ
വലിപ്പമുള്ള കല്ലു ഒരാൾ തന്നെ ചുമന്ന് കൊണ്ടുപോകുമായിരുന്നുവെന്നും അത്ര വലിയ
ശക്തിയായിരുന്നു അവർക്കെന്നും റാസി(رحمة الله عليه)എഴുതുന്നു. ശദ്ദാദിന്റെ പട്ടണം പോലെ വേറെ
പടക്കപ്പെട്ടില്ലെന്നുമാവം ഇവിടെ ഉദ്ദേശ്യം അവർ ഉണ്ടാക്കിയിരുന്ന തൂണുകൾ പോലുള്ളത്
വേറെ പടക്കപ്പെട്ടില്ല എന്നുമാവാം ഇത്രയും ശക്തരായിട്ടും നിമിഷനേരം കൊണ്ട്
അല്ലാഹു അവരെ നശിപ്പിച്ചെങ്കിൽ താരതമ്യേന ബലഹീനന്മാരായ അറബികളെ ശിക്ഷിക്കുക എന്നത്
അല്ലാഹുവിനു ഒരു വിഷയമേ അല്ലെന്നും അതിനാൽ നബി (സ) യോടുള്ള
ധിക്കാരം അവർ സൂക്ഷിക്കണമെന്നുമാണുദ്ദേശ്യം
9. وَثَمُودَ الَّذِينَ
جَابُوا الصَّخْرَ بِالْوَادِ
താഴ്‌വരകളിൽ പാറവെട്ടി (കെട്ടിടങ്ങൾ)ഉണ്ടാക്കിയിരുന്ന ഥമൂദിനെ
ക്കൊണ്ടും(നാഥൻ എപ്രകാരം ചെയ്തുവെന്ന് കണ്ടില്ലേ?)
സ്വാലിഹ് നബി(عليه السلام)യുടെ ജനതയാണ് ‘ഥമൂദ് ഗോത്രം’ പാറകൾ
വെട്ടിത്തുറന്ന് വീടുകൾ നിർമ്മിക്കുന്നവരായിരുന്നു അവർ. കല്ലുകൾ കൊണ്ട് മാത്രം 1700
പട്ടണങ്ങൾ അവർ നിർമ്മിച്ചിരുന്നതായി ഇമാം റാസി(رحمة الله عليه)രേഖപ്പെടുത്തുന്നു. പാറകൾ കൊണ്ട് നിർമ്മാണം നടത്താമെന്ന
കണ്ടെത്തലുകൾ നടത്താൻ മാത്രം ബുദ്ധിയിൽ കേമന്മാരായിരുന്നു ഥമൂദ് വർഗം പക്ഷെ സത്യ
സന്ദേശവുമായി കടന്ന് വന്ന സ്വാലിഹ് നബി (عليه السلام) നെ അവർ ധിക്കരിച്ചു അല്ലാഹുവിന്റെ ശിക്ഷയും
അവരെ പിടികൂടി
10. وَفِرْعَوْنَ ذِي
الْأَوْتَادِ
കുറ്റികളുടെ ആളായ ഫറോവയെക്കൊണ്ടും.
ആജ്ഞകളെന്തും നിർവേറ്റാൻ സദാ തയാറായി നിൽക്കുന്ന പട്ടാളക്കാരുള്ളവനായിരുന്നു ഫറോവ.അതാണിവിടെ കുറ്റികളുള്ളവൻ എന്നതിന്റെ താൽപര്യമെന്നും തന്റെ ശിക്ഷക്ക് വിധേയമാവുന്നവരെ ആണിയിൽ തറക്കുന്നതിനാലാണ് കുറ്റികളുടെ ആൾ എന്ന് പറഞ്ഞതെന്നും മറ്റും അഭിപ്രായമുണ്ട്. സ്വന്തം ഭാര്യയായിരുന്ന ആസിയ ബീവി(رضي ا لله عنها)യെയും സത്യവിശ്വാസിനിയായി എന്ന കാരണത്താൽ അവൻ ആണികളിൽ കുരുക്കി ക്രൂരമായി കൊന്നു കളഞ്ഞു അപ്പോഴാണവർ നാഥാ! നിന്റെ സ്വർഗത്തിൽ ഈ ദാസിക്ക് നീ ഭവനം നൽകണമെന്ന് പ്രാർത്ഥിച്ചതും ധീരമായി മരണം വരിച്ചതും!
11. الَّذِينَ طَغَوْا فِي
الْبِلَادِ
അതെ.നാടുകളിൽ അതിക്രമം നടത്തിയവർ
12. فَأَكْثَرُوا فِيهَا
الْفَسَادَ
അങ്ങനെ അവർ അതി(നാടുകളി)ൽ കുഴപ്പം വർദ്ധിപ്പിച്ചു.
അവരുടെ കുറ്റങ്ങളുടെ ചുരുക്കമാണീ രണ്ട് സൂക്തങ്ങളിൽ വിവരിക്കുന്നത് തെറ്റുകൾ
പ്രവർത്തിക്കുകയും നബിമാരോട് മര്യാദകേട് കാണിക്കുകയും ചെയ്ത അവർ നന്മകളിൽ നിന്ന്
അകന്നു നിൽക്കുകയും തിന്മകളുടെ സഹയാത്രികരാവുകയും ചെയ്തു
13. فَصَبَّ عَلَيْهِمْ
رَبُّكَ سَوْطَ عَذَابٍ
അതിനാൽ തങ്ങളുടെ നാഥൻ അവരുടെ മേൽ ശിക്ഷയുടെചമ്മട്ടി
ചൊരിഞ്ഞു.
ശിക്ഷയുടെ ചമ്മട്ടി അവരുടെ മേൽ ചൊരിഞ്ഞു എന്നത് ആലങ്കാരികമായി പറയുകയാണ്.അഥവാ
പരലോകത്ത് അവരെ കാത്തിരിക്കുന്ന ശിക്ഷകളുമായി തുലനം ചെയ്യുമ്പോൾ ഇവിടെ കിട്ടിയ
ശിക്ഷ ഒരു ചാട്ടവാർ അടി പോലെ നിസ്സാരം എന്നത്രെ! മഹാനായ ഹസൻ( رضي الله عنه) ഈ സൂക്തം പാരായണം ചെയ്താൽ പറയാറുണ്ടായിരുന്നു അല്ലാഹുവിന്റെ
അടുത്ത് ധാരാളം ചമ്മട്ടികളുണ്ട് അതിൽ നിന്ന് ഒന്നു കൊണ്ട് മാത്രം ഇവിടെ നിന്ന്
അവരെ അടിച്ചു.(ബാക്കിയെല്ലാം വഴിയെ ലഭിക്കും)
14. إِنَّ رَبَّكَ لَبِالْمِرْصَادِ
നിശ്ചയം തങ്ങളുടെ നാഥൻ പതി സ്ഥാനത്ത്
(വീക്ഷിച്ചുകൊണ്ടിരിക്കുക) തന്നെയാണ്.
വേട്ട ജന്തുക്കളെ പിടികൂടാനും മറ്റുമായി പതിയിരിക്കുന്ന സ്ഥലത്തിന്നാണ് مرصادഎന്ന് പറയുക. ഇവിടെ അതിന്റെ വിവക്ഷ കുറ്റവാളികളെ അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും തക്ക സമയത്ത് അവരെ പിടിക്കുക തന്നെ ചെയ്യുമെന്നും ഉണർത്താനാണ്.അവന്റെ നിയന്ത്രണത്തിൽ നിന്ന് മാറി തെറ്റ് ചെയ്യാൻ സാദ്ധ്യമല്ലെന്ന് വരുമ്പോൾ തെറ്റിൽ നിന്ന് മാറി അച്ചടക്കമുള്ളൊരു ദാസനായി ജീവിക്കാൻ മനുഷ്യൻ ശ്രമിച്ചേ മതിയാവൂ.
15 فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ
وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ
എന്നാൽ മനുഷ്യൻ-തന്റെ നാഥൻ അവനെ പരീക്ഷിക്കുകയും എന്നിട്ടവനെ ആദരിക്കുകയും
അവനു സൗഖ്യം നൽകുകയും ചെയ്താൽ എന്റെ നാഥൻ എന്നെ ആദരിച്ചിരിക്കുന്നു എന്ന് അപ്പോൾ
അവൻ പറയും
16. وَأَمَّا
إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
ഇനി റബ്ബ് തന്നെ പരീക്ഷിക്കുകയും എന്നിട്ട് അവന്റെ മേൽ അവന്റെ ഉപജീവനം
കുടുസ്സാക്കുകയും ചെയ്താലോ അപ്പോൾ അവൻ പറയും എന്റെ റബ്ബ് എന്നെ
അപമാനിച്ചിരിക്കുന്നു എന്ന് !
മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവമാണിത്.സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത് തനിക്ക് അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ് ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചു എന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല പ്രത്യുത രണ്ടും അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാകുന്നു. സൗഖ്യത്തിൽ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും ദു:ഖത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക വഴി താൻ പ്രതിഫലാർഹനാവുകയും ചെയ്യും ഇതാണ് ശരിയായ വിശ്വാസിയുടെ കാഴ്ചപ്പാട്. എന്നാൽ സുഖത്തിൽ മതിമറന്ന് ആഹ്ലാദിക്കാനും ദുരിതത്തിൽ പൊറുതികേട് കാണിക്കാനുമാണ് മനുഷ്യനു താൽപര്യം ഇത് ശരിയായ നിലപാടല്ലെന്നു ഉണർത്തുകയാണ്.
മുൻ സൂക്തത്തിൽ പറഞ്ഞ അല്ലാഹുവിന്റെ
നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ് ഈ സൂക്തം. അതായത് മനുഷ്യൻ പരലോക രക്ഷക്ക്
വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് അല്ലാഹു നിരീക്ഷിക്കുന്നു പക്ഷെ അവന്റെ ചിന്ത
മുഴുവനും ഭൂമിയിലെ സുഖങ്ങളിലായിപ്പോകുന്നു ഇവിടെ സുഖം കിട്ടിയാൽ അവൻ സന്തോഷിക്കുകയും
കിട്ടിയില്ലെങ്കിൽ വ്യസനിക്കുകയും ചെയ്യുന്നു(റാസി 31/157) എന്നാൽ സത്യ വിശ്വാസി ഇവിടെയുള്ള സുഖവും ദു:ഖവും അനന്തമായ പരലോക ജീവിതത്തിന്റെ സന്തോഷത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് അതിനു സുഖത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈകൊള്ളണം
17. كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ
അങ്ങനെ വേണ്ട! പക്ഷെ (അതിനു പുറമെ) നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല
18. وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തിൽ പരസ്പരം പ്രോത്‌സാഹിപ്പിക്കുന്നുമില്ല.
നന്മയിൽ
നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു
മാത്രമല്ല അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നുമില്ല
ഏതെങ്കിലും വിധേന സ്വത്ത് വാരിക്കൂട്ടാനും ധനത്തോട് അമിതമോഹം കാണിക്കാനും നിങ്ങൾ
വ്യഗ്രത കാണിക്കുന്നു അല്ലാഹു ഇവിടെ പ്രയോഗിച്ചത് ചിന്തനീയമാണ്. അനാഥകൾക്ക്
സഹായം ചെയ്യുന്നില്ലെന്നോ അഗതികൾക്ക് അന്നം നൽകുന്നില്ലെന്നോ അല്ല അല്ലാഹു
പറഞ്ഞത്. അനാഥയെ ആദരിക്കുന്നില്ലെന്നും അഗതികൾക്ക് അന്നം കൊടുക്കാൻ
പ്രോൽസാഹിപ്പിക്കുന്നില്ലെന്നുമാണ് അതായത് അവർക്ക് അന്നം കൊടുത്താൽ മാത്രം പോരാ
അവരെ ആദരിക്കണം ചിലർ അനാഥകൾക്ക് അന്നം നൽകും പക്ഷെ അവരെ അവജ്ഞയോടെകാണും ഇത്
ശരിയല്ല. പാവപ്പെട്ടവന്ന് ആഹാരം നൽകിയാൽ പോരാ അവരുടെ ഉന്നമനത്തിന്നായുള്ള
പ്രവർത്തനത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തി ഫലപ്രദമായ ഇടപെടൽ നടത്തണം. അപ്പോൾ
അനാഥർക്ക് സഹായം ചെയ്യാത്തവരുടെയും അഗതികളെ പരിഗണിക്കാത്തവരുടെയും അവസ്ഥ എന്തു
മാത്രം പരിതാപകരമായിരിക്കും!
നബി(ﷺ)
പറഞ്ഞതായി അബൂഹുറൈറ:( رضي الله عنه)റിപ്പോർട്ട്
ചെയ്യുന്നു ‘ഏറ്റവും
നല്ല മുസ്‌ലിം ഭവനം തനിക്ക് വീട്ടുകാരാൽ ഗുണം ചെയ്യപ്പെടുന്ന അനാഥനുള്ള വീടും
ഏറ്റവും ചീത്തഭവനം വിഷമിക്കപ്പെടുന്ന അനാഥനുള്ള മുസ്‌ലിം ഭവനവുമാണ്’ എന്നിട്ട്
ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന് വിരലുകൾ ചേർത്ത് പിടിച്ച്കൊണ്ട്
നബി(ﷺ)
പറഞ്ഞു(ഇബ്നു കസീർ 4/744)
19. وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
നിങ്ങൾ അനന്തരാവകാശ സ്വത്തുക്കൾ ഒന്നായി ഒരുമിച്ചുകൂട്ടി തിന്നുകയും
ചെയ്യുന്നു
20. وَتُحِبُّونَ الْمَالَ حُبًّا جَمًّا
ധനത്തെ നിങ്ങൾ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു.
അന്യായമായി
ധനസമ്പാദനത്തിനുള്ള വഴികൾ അന്വേഷിക്കുകയും അനന്തരവാകാശികളെപ്പോലും
കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ട് പണം പിടുങ്ങുന്നവരെ ഇന്ന്
ധാരാളമായി കാണാവുന്നതാണ് എന്തു ചെയ്തും പണം സമ്പാദിക്കുകയും ആർഭാഢമായി
ജീവിക്കുകയും ചെയ്യലാണ് മനുഷ്യന്റെ മഹത്വം എന്ന ഒരു തെറ്റായ കാഴ്ച്ചപ്പാട് സമൂഹം
വെച്ച് പുലർത്തുന്നുവെന്നത് വളരെ ദു:ഖകരം തന്നെ. ലോകത്ത് കാണുന്ന അനീതിയുടെയും
അഴിമതിയുടെയും കാരണം മറ്റൊന്നല്ല. ധനം എങ്ങനെ സമ്പാദിച്ചുവെന്നും എന്തിൽ
ചിലവഴിച്ചുവെന്നും കണക്ക് ബോധിപ്പിക്കാതെ പരലോകത്ത് രക്ഷപ്പെടാനാവില്ലെന്ന
തിരുനബി വചനം എത്രമാത്രം ചിന്തനീയമാണ് !.
നബി(ﷺ)
പറഞ്ഞു. ‘നിങ്ങൾക്കെല്ലാം
തന്റെ അനന്തരാവകാശിയുടെ ധനത്തോടാണ് സ്വന്തം ധനത്തേക്കാൾ താൽപര്യം എന്ന്.അപ്പോൾ
ശിഷ്യന്മാർ ചോദിച്ചു. നബിയേ! സ്വന്തം ധനത്തോടല്ലേ എല്ലാവർക്കും കൂടുതൽ
താൽപര്യമുണ്ടാവുക? നബി(ﷺ)
പറഞ്ഞു. സ്വന്തം ധനം എന്ന് പറയുന്നത് നാം കഴിച്ചു ദഹിച്ച ഭക്ഷണവും ഉടുത്ത്
ദ്രവിച്ച വസ്ത്രവും ധർമ്മം ചെയ്ത ധനവുമാണ്.(മറ്റുള്ളതൊക്കെ തന്റെ മരണത്തോടെ
അനന്തരാവകാശികൾക്കുള്ളതായി മാറും. ആ ധനം കെട്ടിപ്പൂട്ടി വെക്കാനും ഏത് വിധേനെയും
വെട്ടിപ്പിടിക്കാനുമാണല്ലോ മനുഷ്യൻ ശ്രമിക്കുന്നത് എന്ന് സാരം)
21. كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا
അങ്ങനെ വേണ്ടാ! ഭൂമി പൊടിപൊടിയാക്കപ്പെട്ടാൽ
22. وَجَاء رَبُّكَ وَالْمَلَكُ صَفًّا صَفًّا
തങ്ങളുടെ നാഥന്റെ കൽപനയും (അവന്റെ വമ്പിച്ച ശക്തിയുടെ ദൃഷ്ടാന്തങ്ങളും)
അണിയണിയായി മലക്കുകളും വരികയും ചെയ്താൽ
23. وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّى لَهُ الذِّكْرَى
അന്നു ജഹന്നം(നരകം)കൊണ്ടുവരപ്പെടുകയും ചെയ്താൽ അന്നത്തെ ദിവസം (താൻ ചെയ്ത
തെറ്റുകളെ) മനുഷ്യൻ ഓർക്കുന്നതാണ് ആ ഓർമ്മ അവന്ന് എങ്ങനെ പ്രയോജനപ്പെടാനാണ്?
24. يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي
അവൻ പറയും അയ്യോ!എന്റെ ഈ ജീവിതത്തിനു വേണ്ടി ഞാൻ മുൻ കൂട്ടി(വല്ലതും) ചെയ്തു
വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്
25. فَيَوْمَئِذٍ
لَّا يُعَذِّبُ عَذَابَهُ أَحَدٌ
അപ്പോൾ അന്നത്തെ ദിവസം അല്ലാഹുവിന്റെ ശിക്ഷ പോലെ ആരും ശിക്ഷിക്കുകയില്ല
26. وَلَا
يُوثِقُ وَثَاقَهُ أَحَدٌ
അവന്റെ പിടിച്ചു കെട്ടൽ(പോലെ) ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
ഭൂമി പൊടി
പൊടിയാക്കപ്പെടുക എന്നത് ഖിയാമത്ത് നാളിനെ സംബന്ധിച്ചും അല്ലാഹുവും മലക്കുകളും
വരുമെന്ന് പറഞ്ഞത് വിചാരണയെ സംബന്ധിച്ചുമാണ്. സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ
മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന
ആഘട്ടത്തിൽ (നബി(ﷺ)യുടെ
മഹത്തായ ശുപാർശക്ക് ശേഷമാണിത് സംഭവിക്കുക) അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ
കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാ സദസ്സിനെ വലയം ചെയ്യും . ജഹന്നം
എന്ന നരകം അവിടെ പ്രദർശിപ്പിക്കപ്പെടും ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന്ന് താൻ
ഭൂമിയിൽ വെച്ച് ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മവരും അങ്ങനെ വലിയ ദു:ഖത്തോടെ അയ്യോ!
കഴിഞ്ഞ ജീവിതത്തിൽ വെച്ച് ഈ ജീവിതത്തിനു വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു
വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ എന്ന് അവൻ വിലപിക്കും പക്ഷെ അപ്പോഴത്തെ
ഓർമ്മകൊണ്ടോ വിലാപം കൊണ്ടോ യാതൊരു ഫലവും അവനു ലഭിക്കില്ല ശിക്ഷയിൽ നിന്ന് അവന്നു
യാതൊരു ഒഴിവുമില്ല അല്ലാഹുവിന്റെ ശിക്ഷയെന്ന പിടുത്തത്തിൽ നിന്ന് അവൻ
രക്ഷപ്പെടില്ല ഭൂമിയിലുണ്ടായിരുന്ന ഒരുധിക്കാരിയുടെയും ശിക്ഷയുടെ
പോലെയായിരിക്കില്ല അല്ലാഹുവിന്റെ ശിക്ഷ അതി കഠിനമായിരിക്കും. ഭൂമിയിലെ
പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന്
ആഗ്രഹിച്ചത് കൊണ്ട് കാര്യമില്ല .അതിനാൽ നല്ല പ്രതിഫലം വാങ്ങാനായി ഈ ജീവിതം
ഉപയോഗപ്പെടുത്തുക. ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും
മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ് എന്ന നബി വചനം
ശ്രദ്ധേയമത്രെ!
27. يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
ഹേ സമാധാനമടഞ്ഞ ആത്മാവേ!
28. ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً
സ്വയം തൃപ്തിപ്പെട്ടു കൊണ്ടും അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രമായിക്കൊണ്ടും
നിന്റെ രക്ഷിതാവിലേക്ക് നീ മടങ്ങിക്കൊള്ളുക
29. فَادْخُلِي
فِي عِبَادِي
എന്നിട്ട് എന്റെ അടിമകളിൽ നീ പ്രവേശിക്കുക
30. وَادْخُلِي
جَنَّتِي
എന്റെ സ്വർഗ്ഗത്തിലും പ്രവേശിക്കുക
സൃഷ്ടിച്ചു
രക്ഷിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം
ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും
സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ
സ്മരിച്ചും കഴിഞ്ഞു കൂടുന്നവരത്രെ സമാധാനമടഞ്ഞ ആത്മാക്കൾ എന്നതിന്റെ വിവക്ഷ.
അത്തരക്കാരുടെ മരണ സമയത്തും ഖിയാമത്ത് നാളിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ
നിരന്തരം അവർക്ക് ലഭിച്ചുകൊണ്ടിരിക്കും ജീവിതത്തിൽ സമാധാനമുണ്ടായിരുന്ന അവർക്ക്
മരണ ശേഷമുള്ള ജീവിതത്തിലും സന്തോഷവും അഗീകാരവും ലഭിക്കും അല്ലാഹുവിന്റെ
ഇഷ്ടത്തിലേക്കും ഇഷ്ട ദാസന്മാരുടെ കൂട്ടത്തിലേക്കും സുഖ സമ്പന്നമായ
സ്വർഗ്ഗത്തിലേക്കും കടന്ന് വരാനുള്ള ക്ഷണം വിലമതിക്കാനാവാത്ത അംഗീകാരം തന്നെയല്ലേ
! അതിനു യോഗ്യത നേടാനായി പരിശ്രമിക്കുക അല്ലാഹു നമുക്കെല്ലാം ഈ മഹാ ഭാഗ്യം
നൽകുമാറാവട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. സുന്നി സോന്കാൽ ബ്ലോഗ്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين
No comments:
Post a Comment
Note: only a member of this blog may post a comment.