Home

Thursday, 31 December 2015

സൂറത്തുൽ അലഖ്‌


അദ്ദ്യായം 96 സൂറത്തുൽ  അലഖ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   19
നബി ക്ക്‌ ഖുർആനിൽ നിന്ന് ആദ്യമായി ഇറങ്ങിയ സൂക്തങ്ങളാണ് ഈ സൂറയിലെ ആദ്യ അഞ്ച്‌ സൂക്തങ്ങൾ. അതിനു മുമ്പ്‌ ആറുമാസം യാഥാർത്ഥ്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു നബിക്ക്‌ വഹ്‌യ്‌ ആയി വന്നിരുന്നത്‌. നുബുവത്തിന്റെ നാൽപ്പത്താറിൽ ഒരു അംശമാണ് സ്വപ്നം എന്ന് നബിപറഞ്ഞിട്ടുണ്ട്‌. നബിക്ക്‌ ഏകാഗ്രത ഇഷ്ടമായി തോന്നുകയും മക്കക്കടുത്തുള്ള ജബലുന്നൂർ എന്ന മലയിലെ ഹിറാ ഗുഹയിൽ നബിതുടരെ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ആരാധിക്കുകയും ഇടക്കിടെ ഖദീജബീവി   رضي الله عنهاബിക്ക്‌ ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിനം ജിബ്‌രീൽ عليه السلام എന്ന മലക്ക്‌ ഗുഹയിൽ വരികയും നബിയോട്‌ വായിക്കാൻ ആവശ്യപ്പെടുകയും, ഞാൻ വായിക്കുന്നവനല്ലെന്ന് നബിഉത്തരം പറയുകയും അപ്പോൾ ജിബ്‌രീൽ عليه السلام നബിക്ക്‌ വേദനിക്കുമാർ നബിയെ കൂട്ടിപ്പിടിച്ച്‌ വിടുകയും വിണ്ടും ഓതാൻ ആവശ്യപ്പെടുകയും നബിഇതേ മറുപടി ആവർത്തിക്കുകയും മൂന്നാമതും ഇങ്ങനെ പറയുകയും കൂട്ടിപ്പിടിക്കുകയും ചെയ്ത ശേഷം ജിബ്‌രീൽ عليه السلام ഒന്നു മുതൽ അഞ്ച്‌ വരെയുള്ള സൂക്തങ്ങൾ ഓതിക്കൊടുക്കുകയും ചെയ്തു. അനന്തരം നബിവിറച്ച്കൊണ്ട്‌ വീട്ടിലെത്തുകയും എനിക്ക്‌ പുതച്ച്‌ തരുവീൻ എന്ന് പറയുകയും ചെയ്തു.ഖദീജബീവി നബിയെ പുതപ്പിക്കുകയും ചെയ്തു. നബിക്ക്‌ പരിഭ്രമം കുറഞ്ഞപ്പോൾ ഹിറാഗുഹയിൽ നടന്ന കാര്യങ്ങൾ ഖദീജബീ‍വി   رضي الله عنها യോട്‌ പറയുകയും എനിക്കു ഭയമുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ തങ്ങൾ വിഷമിക്കേണ്ടതില്ലെന്നും അല്ലാഹു തങ്ങളെ വഷളാക്കുകയില്ലെന്നും കുടുംബ ബന്ധം ചേർക്കുക, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുക, ഇല്ലാത്തവന്നു സഹായം നൽകുക, അതിഥികളെ സൽക്കരിക്കുക തുടങ്ങി അല്ലാഹു ഇഷ്ടപ്പെടുന്നതും മനുഷ്യർക്ക്‌ ഉപകാരപ്രദവുമായ ഒരു പാട്‌ ഗുണങ്ങൾ തങ്ങൾക്കുള്ളതിനാൽ അല്ലാഹു തങ്ങൾക്ക്‌ സഹായം നൽകുമെന്നും പറഞ്ഞ്‌ ഖദീജബീവി   رضي الله عنها നബിയെ ആശ്വസിപ്പിച്ചു. ശേഷം നബി യേയും കൊണ്ട്‌ ഖദീജബീവി   رضي الله عنها തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്നു നൗഫലിനെ സമീപിച്ചു (അദ്ദേഹം നേരത്തേ കൃസ്തുമതം സ്വീകരിക്കുകയും ഇഞ്ചീൽ നന്നായി പഠിക്കുകയും ചെയ്തിരുന്ന ആളായിയിരുന്നു)അദ്ദേഹം നബിയുടെ കഥകേട്ടപ്പോൾ അത്‌ മൂസാ عليه السلام ന്റെ അടുത്ത്‌ വരാറുണ്ടായിരുന്ന മാലാഖ തന്നെയാണ്. തങ്ങളുടെ ജനത തങ്ങളെ പുറത്താക്കുന്ന സമയത്ത്‌ ഞാനുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഞാൻ സഹായിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. അപ്പോൾ നബിചോദിച്ചു അവർ എന്നെ പുറത്താക്കുമോ? വറഖത്ത്‌ പറഞ്ഞു തങ്ങൾ കൊണ്ട്‌ വന്നത്‌ പോലുള്ള ആശയവുമായി വരുന്ന ആരും ഉപദ്രവിക്കപ്പെടാതിരുന്നിട്ടില്ല. അധികം വൈകാത അദ്ദേഹം മരണപ്പെട്ടു. അങ്ങനെ ലോകത്ത്‌ പ്രകാശം പരത്താൻ ഖുർആനിന്റെ ആരംഭം കുറിച്ച അദ്യ അഞ്ച്‌ സൂക്തങ്ങളാണ് തുടർന്ന് പറയൂന്നത്‌
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ


സൃഷ്ടിച്ചവനായ തങ്ങളുടെ രക്ഷിതാവിന്റെ നാമത്തിൽ ഓതുക.

വിശുദ്ധ വേദഗ്രന്ഥം അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ടാണ് പാരായണം ആരംഭിക്കേണ്ടത്‌ അഥവാ ഖുർആൻ പാരായണത്തിന്റെ ആരംഭത്തിൽ ബിസ്മി ചൊല്ലണമെന്നാണിതിന്റെ താൽപര്യം. ബിസ്മിയുടെ പ്രാധാന്യം നാം സൂറത്തുൽ ഫാത്തിഹയുടെ ആരംഭത്തിൽ വിശദീകരിച്ചത്‌ ഓർക്കുമല്ലോ.

2. خَلَقَ الْإِنسَانَ مِنْ عَلَقٍ
അവൻ മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
എല്ലാസൃഷ്ടികളെയും അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന് ആദ്യം പറഞ്ഞ ശേഷം മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചു എന്ന് പ്രത്യേകം പറഞ്ഞിരിക്കുകയാണ്. ഇത്‌ മനുഷ്യന്റെ മഹത്വം വിളിച്ചറിയിക്കുന്ന പരാമർശമത്രെ! രക്തക്കട്ടയിൽനിന്ന് (അതിനു മുമ്പ്‌ ഇന്ദ്രിയത്തുള്ളിയായിരുന്നു അത്‌) സൃഷ്ടിക്കപ്പെട്ടു എന്നത്‌ വളരെ മ്ലേഛമായി കാണുന്ന ഒരു വസ്തുവിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനായിട്ടു കൂടി അവനു ഉന്നതമായ സ്ഥനങ്ങൾ അല്ലാഹു നൽകുകയും എല്ലാം നിയന്ത്രിക്കാനുള്ള കഴിവു നൽകുകയും ചെയ്തത്‌ അല്ലാഹു അവനു നൽകിയ മഹത്തായ അനുഗ്രഹമാണെന്ന് അവനെ ഓർമ്മപ്പെടുത്തുകയാണിവിടെ(ഖുർത്വുബി 20/85)

3. اقْرَأْ وَرَبُّكَ الْأَكْرَمُ
ഓതുക തങ്ങളുടെ നാഥൻ അത്യുദാരനാകുന്നു

ഓതുക എന്ന ആവർത്തനം ഓത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. അല്ലാഹു അത്യുദാരനാണെന്ന് പറഞ്ഞതിന്റെ താൽപര്യം ഒന്നുമല്ലാതിരുന്ന മനുഷ്യനു ജന്മം നൽകുകയും അവനു ആവശ്യമായ എല്ലാം നൽകി വളർത്തിക്കൊണ്ടുവരികയും ചെയ്തത്‌ അല്ലാഹുവാണെന്നറിഞ്ഞിട്ടും മനുഷ്യൻ അല്ലാഹുവോട്‌ ധിക്കാരം കാണിക്കുകയും അവന്റെ വിധിവിലക്കുകൾ ലംഘിക്കുകയും ചെയ്യുന്നു.എന്നിട്ടും അല്ലാഹു അവന്റെ നന്ദികേടിനു ഉടൻ ശിക്ഷ നൽകാതെ സഹനം പ്രകടിപ്പിക്കുന്നു ഏറ്റവും മാന്യമായ പെരുമാറ്റം മാത്രം അവൻ നടത്തുകയും ചെയ്യുന്നു എന്നൊക്കെയാണിതിന്റെ ആശയം. എഴുതാൻ പഠിപ്പിച്ചതും വേദഗ്രന്ഥം നൽകിയതുമൊക്കെ അവന്റെ ഔദാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളത്രെ!

4. الَّذِي عَلَّمَ بِالْقَلَمِ
അവൻ പേന കൊണ്ട്‌(എഴുത്ത്‌)പഠിപ്പിച്ചവനാണ്

അല്ലാഹു പേനകൊണ്ട്‌ എഴുതാൻ പഠിപ്പിച്ചവനാണെന്ന് പറഞ്ഞത്‌ വലിയ ഒരു അനുഗ്രഹത്തിലേക്ക്‌ സൂചനയാണ്. സഈദ്‌ رضي الله عنه ഖതാദ: رضي الله عنه ൽനിന്ന് നിവേദനം ചെയ്യുന്നു പേന അല്ലാഹുവിൽ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹമാണ്. അതില്ലായിരുന്നുവെങ്കിൽ ഒരു മതവും നിലനിൽക്കുകയില്ല ഒരു ജീവിതവും നന്നായിത്തീരുകയുമില്ല (ഖുർത്വുബി 20/85) പേനയുടെ പ്രാധാന്യം ഇതിൽ നിന്ന് വ്യക്തമാണ്. വിജ്ഞാന വികാസത്തിനും അജ്ഞതയകറ്റാനും പേനയുടെ സംഭാവന മഹത്തരം തന്നെ എഴുതിവെക്കുന്നത്‌ എന്നും നില നിൽക്കും മന:പാഠമാക്കിയത്‌ മറന്നേക്കാം എന്ന ആപ്തവാക്യം എത്ര അർത്ഥവത്താണ്.
അദ്യമായി അല്ലാഹു സൃഷ്ടിച്ചത്‌ പേനയാണെന്നും അതിനോട്‌ എഴുതാൻ അല്ലാഹു നിർദ്ദേശിക്കുകയും വരാനിരിക്കുന്ന മുഴുവൻ കാര്യവും അത്‌ എഴുതിയെന്നും നബിപറഞ്ഞിട്ടുണ്ട്‌.

മലക്കുകൾ ഒരു ഗർഭസ്ഥ ശിശുവിനു നാലുമാസമാവുമ്പോൾ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ആ കുഞ്ഞിന്റെ ആയുസ്സും ആണോ പെണ്ണോ  എന്നതും ഭക്ഷണവും വിജയിയോ പരാജയിയോ എന്നും എഴുതുമെന്നും ഹദീസിൽ കാണാം.

നാം ചെയ്യുന്ന ഓരോകാര്യവും ബഹുമാനികളായ മാലാഖമാർ എഴുതിക്കൊണ്ടിരുക്കുന്നതായി ഖുർആൻ വിശദീകരിക്കുന്നു.മനുഷ്യനും പേനകൊണ്ട്‌ എഴുതുന്നു.ചുരുക്കത്തിൽ ഖലം എന്നതിൽ മൂന്നെണ്ണം കാണാം (1)അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്‌(2)​മലക്കുകളുടെ പേന(3) മനുഷ്യരുടെ പേന(ഖുർത്വുബി 20/86-87)

ചുരുക്കത്തിൽ എഴുത്തും വായനയും ഏറ്റവും വലിയ പരിഗണനയോടെ കാണുന്ന മതമാണ് ഇസ്‌ലാം

എന്നാൽ ഈ സൂക്തങ്ങൾ ഓതുന്നവരും വായനക്കും എഴുത്തിനും ഇസ്‌ലാം നൽകിയ മുന്തിയ പരിഗണന പറയുന്നവരും ആ വായനക്കും എഴുത്തിനുമൊക്കെ നാഥന്റെ നാമവുമായി ബന്ധപ്പെടുത്തിയാണ് ഖുർആൻ പറഞ്ഞതെന്ന് സൗകര്യപൂർവ്വം മറക്കുകയും ഖുർആനിനെയും മത തത്വങ്ങളെയും കാറ്റിൽ പറത്തി ഭൗതിക വിജ്ഞാനത്തിൽ മാത്രം ശ്രദ്ധിക്കുന്നത്‌ എന്ത്‌ മാത്രം അക്രമമാണ്. ഏത്‌ വിജ്ഞാനം സമ്പാദിക്കുമ്പോഴും അതിനു കഴിവു തന്ന നാഥനെ ഓർക്കുന്നതിനു സഹായകമായ ധാർമ്മിക വിദ്യയുടെ അനിവാര്യത ഓർക്കണം .അതാണ് തങ്ങളുടെ നാഥന്റെ നാമത്തിൽ വായിക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യം.(വായിച്ചാൽ പോരാ നാഥനെ ഓർക്കുന്ന വായനയാവണം എന്ന് ചുരുക്കം) അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
5. عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
അവൻ മനുഷ്യനു തനിക്കറിയാത്തത്‌ പഠിപ്പിച്ചിരിക്കുന്നു.
ഒന്നും അറിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന മനുഷ്യന് ആവശ്യമുള്ളതെല്ലാം പഠിപ്പിച്ചത്‌ അല്ലാഹുവാണെന്ന് നമുക്കറിയാം അതിനാൽ അറിവു ലഭിക്കുന്നതിനനുസരിച്ച്‌ മനുഷ്യൻ കൂടുതൽ വിനയാന്വിതനാവുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി രേഖപ്പെടുത്തുകയും വേണം അല്ലാതെ അഹങ്കരിക്കുന്നത്‌ നന്ദികേടാണെന്ന് പറയേണ്ടതില്ലല്ലോ.

6. كَلَّا إِنَّ الْإِنسَانَ لَيَطْغَى
വേണ്ട!നിശ്ചയം മനുഷ്യൻ അതിരു വിട്ട്‌ പോകുന്നു
7. أَن رَّآهُ اسْتَغْنَى
താൻ സ്വയം പര്യാപ്തനാണെന്ന് (തന്നെക്കുറിച്ച്‌)ധരിച്ചതിനാൽ
8. إِنَّ إِلَى رَبِّكَ الرُّجْعَى
(മനുഷ്യാ!) നിന്റെ നാഥനിലേക്ക്‌ തന്നെയാണ് നിന്റെ മടക്കം.
മനുഷ്യനു ഭൗതികലോകത്ത്‌ അൽപം സൗകര്യങ്ങളുണ്ടാവുമ്പോഴേക്ക്‌ അത്‌ നൽകിയ നാഥനെ വെല്ലുവിളിക്കാനും എനിക്കു ഞാൻ തന്നെ മതിയെന്ന് അഹങ്കരിക്കാനും അവൻ ശ്രമിക്കുന്നു തൽഫലമായി അവൻ നേരും നെറിയും ശ്രദ്ധിക്കാത്തവനും താന്തോന്നിയായി ജീവിക്കുനവനുമാകുന്നു. വാസ്തവത്തിൽ അവന്റെ അഹങ്കാരങ്ങളെല്ലാം ഒറ്റനിമിഷം കൊണ്ട്‌ തകർന്നടിയുന്നത് നമുക്ക്‌ കാണാം വിശേഷബുദ്ധി നൽകി അല്ലാഹു ആദരിച്ച മനുഷ്യൻ ആ ബുദ്ധി ശരിയായി ഉപയോഗപ്പെടുത്താത്തത്താണ്. ഇത്രയും അപകടത്തിൽ എത്തിപ്പെടാൻ കാരണം ഇവിടെ പറഞ്ഞത്‌ എല്ലാ മനുഷ്യർക്കും ബാധകമാണെങ്കിലും അബൂജഹ്‌ലിന്റെ വിഷയത്തിലാണിത്‌മുതൽ അവസാനം വരെയുള്ള സൂക്തങ്ങൾ ഇറങ്ങിയത്‌. മക്കയിലുള്ള തന്റെ സ്വാധീനത്തിലും ധനമികവിലും അവൻ അഹങ്കരിക്കുകയും നബിതങ്ങളെ അവൻ വെല്ലുവിളിക്കുകയും ചെയ്തത്‌ കൊണ്ടാണീ പരാമർശം എന്നാൽ എത്ര അഹങ്കരിച്ചാലും അല്ലാഹുവിന്റെ അന്തിമകോടതിയിലേക്കാണവന്റെ മടക്കമെന്നും പ്രവർത്തിച്ചതിനൊക്കെ കണക്കനുസരിച്ച്‌ അവിടെ കൂലി ലഭിക്കുമെന്നും ഉണർത്തുകയാണിവിടെ.

9. أَرَأَيْتَ الَّذِي يَنْهَى
തടയുന്നവനെ താങ്കൾ  കണ്ടുവോ?
10. عَبْدًا إِذَا صَلَّى
ഒരു അടിമയെ(തടയുന്നവനെ)ആ അടിമ നിസ്ക്കരിക്കുമ്പോൾ.
11. أَرَأَيْتَ إِن كَانَ عَلَى الْهُدَى
താങ്കൾ കണ്ടുവോ?ആ അടിമ സന്മാർഗത്തിലാണെങ്കിൽ
12. أَوْ أَمَرَ بِالتَّقْوَى
അല്ലെങ്കിൽ ആ അടിമ സൂക്ഷ്മത(ഭക്തി)കൊണ്ട്‌ കൽപ്പിക്കുകയാണെങ്കിൽ
13. أَرَأَيْتَ إِن كَذَّبَ وَتَوَلَّى
താങ്കൾ കണ്ടുവോ അവൻ(വിരോധിക്കുന്നവൻ)വ്യാജമാക്കുകയും തിരിഞ്ഞു കളയുകയുമാണെങ്കിൽ(എന്തായിരിക്കും അവസ്ഥ)
ഒരു അടിമ നിസ്ക്കരിക്കുമ്പോൾ അവരെ തടഞ്ഞവനെ കണ്ടില്ലേ?എന്താണവന്റെ അവസ്ഥ?ആ നിസ്ക്കരിക്കുന്ന അടിമ സന്മാർഗത്തിലും അല്ലാഹുവിനെ സൂക്ഷിച്ച്‌ ഭയഭക്തിയോടെ ജീവിക്കാൻ ജനങ്ങളെ ഉപദേശിക്കുന്നവരുമാണെങ്കിലും (സത്യം അങ്ങനെ തന്നെയാണ്)അവരെ തടയാനും ഉപദ്രവിക്കാനും ശ്രമിക്കുന്നവൻ എന്തു മാത്രം അക്രമിയാണ് എന്ന് മാത്രമല്ല അവൻ സത്യത്തെ കളവാക്കുന്നവനും സത്യത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കുന്നവനും ആണെങ്കിലോ(അവൻ അങ്ങനെ തന്നെയാണ്) അവന്റെ അവസ്ഥ എന്തുമാത്രം ശോചനീയമാണ് .ഇവിടെ പറഞ്ഞ അടിമ നബിതങ്ങളും തടയുന്നവൻ അബൂജഹ്‌ലുമാണ് എന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. എന്നാൽ ആ സ്വഭാവം നിലനിർത്തുന്ന എല്ലാവർക്കും ഇത്‌ ബാധകമാണെന്ന് പ്രത്യേകം ഓർക്കുക. നബിനിസ്ക്കരിക്കുമ്പോൾ തങ്ങളുടെ പിരടിക്ക്‌ ചവിട്ടാനായി അബൂജഹ്‌ൽ വന്നതും പോയ അതേ വേഗതയിൽ അവൻ തിരിച്ചു പോരുകയും എന്തു പറ്റി എന്ന് ചോദിച്ച അനുയായികളോട്‌ എനിക്കും നബിക്കുമിടയിൽ ഒരു തീയിന്റെ കിടങ്ങും മറ്റ്‌ പല ഭയാനക വസ്തുക്കളും കണ്ടുവെന്നും അതാണ് ഞാൻ തിരിച്ചുവന്നതെന്നും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ധാരാളം കാണാം ചരിത്രത്തിൽ.
14. أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى
നിശ്ചയം അല്ലാഹു കാണുന്നുണ്ടെന്ന് അവൻ അറിഞ്ഞിട്ടില്ലേ?
ഏറ്റവും വലിയ താക്കീതിന്റെ ശൈലിയാണ് ഇത്‌. അല്ലാഹു എല്ലാം കാണുന്നുണ്ടെന്നും അവൻ ഇതിനൊക്കെ തനിക്ക്‌ പ്രതിഫലം നൽകുമെന്നും ഇവൻ മനസിലാക്കുന്നില്ലേ? ഏതൊരു കാര്യം ചെയ്യുന്നവനും അല്ലാഹു അത്‌ കാണുന്നുണ്ടെന്ന് ഓർക്കുകയും അവനു ഇഷ്ടമില്ലാത്തതിലേക്ക്‌ മുന്നിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം എന്നൊക്കെ ഇതിൽ നിന്ന് മനസിലാക്കാം
15. كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
വേണ്ടാ..അവൻ വിരമിക്കുന്നില്ലെങ്കിൽ ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും
16. نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
(അതെ) കള്ളവാദിയും കുറ്റക്കാരിയുമായ കുടുമ
17. فَلْيَدْعُ نَادِيَه
എന്നിട്ട്‌ അവൻ അവന്റെ സഭക്കാരെ വിളിച്ചു കൊള്ളട്ടെ
18. سَنَدْعُ الزَّبَانِيَةَ
നാം സബാനിയത്തിനെ (നരകത്തിലെ ഊക്കന്മാരായ മലക്കുകളെ)വിളിച്ചു കൊള്ളാം
19. كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ
വേണ്ടാ..(നബിയേ)തങ്ങൾ അവനെ അനുസരിക്കരുത്‌ തങ്ങൾ സുജൂദ്‌ ചെയ്യുകയും (അല്ലാഹുവിലേക്ക്‌)അടുക്കുകയും ചെയ്യുക.

അബൂജഹ്‌ലിനും സമാന സ്വഭാവക്കാർക്കുമുള്ള ശക്തമായ താക്കീതാണിത്‌. ഈ ദുഷ്പ്രവർത്തനം നിർത്തുന്നില്ലെങ്കിൽ അവന്റെ പിഴച്ച കള്ളത്തലയിലെ കുടുമ പിടിച്ച്‌ നാം അവനെ നരകത്തിലേക്ക്‌ വലിക്കും അതിൽ നിന്ന് രക്ഷപ്പെടാൻ അവന്റെ ആളുകളെ അവൻ വിളിച്ച്സഹായം ചോദിക്കട്ടെ .ആരാണ് അവനെ രക്ഷിക്കാൻ വരുന്നത്‌? ആരും വരില്ല!!
സബാനിയാക്കളായ (നരകത്തിന്റെ കാവൽക്കാരായ ശക്തന്മാരായ മലക്കുകളെ) നാം വിളിക്കും എന്നാൽ ഈ ധിക്കാരികളെ നരകത്തിലേക്ക്‌ വലിച്ചിഴക്കാൻ അല്ലാഹു അവരോട്‌ നിർദ്ദേശിക്കുമെന്നാണ്.അതിനെ തടയാനോ അതിൽ നിന്ന് രക്ഷപ്പെടാനോ അവർക്ക്‌ കഴിയില്ല എന്നൊക്കെയാണിവിടെ ഉണർത്തുന്നത്‌. ഇത്തരം ദുശ്ശക്തികളുടെ ഭീഷണിയെ തങ്ങൾ അനുസരിക്കരുതെന്നും പകരം അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാവണമെന്നും നബിയെ ഉണർത്തിയിരിക്കുകയാണ്. (ഈ സൂറയുടെ അവസാനത്തിൽ ഓത്തിന്റെ സുജൂദ്‌ സുന്നത്താണ്)

അല്ലാഹു നല്ലത്‌ മനസിലാക്കാനും ഉൾക്കൊണ്ട്‌ ജീവിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

No comments:

Post a Comment

Note: only a member of this blog may post a comment.