بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1. أَلَمْ نَشْرَحْ لَكَ
صَدْرَكَ
(നബിയേ!)തങ്ങളുടെ ഹൃദയം തങ്ങൾക്ക് നാം വിശാലമാക്കിത്തന്നില്ലേ?
കഴിഞ്ഞ . അദ്ധ്യായത്തിൽ പരാമർശിച്ചതുപോലെ അല്ലാഹു നബി ﷺ ക്ക് ചെയ്ത് കൊടുത്ത ചില മഹത്തായ അനുഗ്രഹങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് അവിടുത്തേക്ക് മനസ്സമാധാനവും ശുഭപ്രതീക്ഷയും ഉണ്ടാക്കുന്നവയാണ് ഈ വചനങ്ങളും. അല്ലാഹു മനുഷ്യനു നൽകുന്ന അതിമഹത്തായ ഒരു അനുഗ്രഹമത്രെ ഹൃദയ വിശാലത. ധൈര്യം, ക്ഷമ, സഹനം, വിനയം, ദയ, ദൃഢ മനസ്കത, സത്യാന്വേഷണം മുതലായ ഉൽകൃഷ്ട ഗുണങ്ങൾ അതിനെ ആശ്രയിച്ചിരിക്കുന്നു. വിജ്ഞാനം, ദൃഢ വിശ്വാസം, അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധം ആദിയായവ അതിനെ പരിപോഷിപ്പിക്കുന്നു.
സീനാ താഴ്‌വരയിൽ വെച്ച് മൂസാ(عليه السلام)നെ അല്ലാഹു പ്രവാചകനായി പ്രഖ്യാപിച്ച് നിർദ്ദേശങ്ങൾ നൽകിയപ്പോൾ അദ്ദേഹം ചെയ്ത പ്രാർത്ഥന رب اشرح لي صدري (നാഥാ! എന്റെ ഹൃദയത്തെ നീ വിശാലമാക്കിത്തരേണമേ) എന്നായിരുന്നു. ഹൃദയ വിശാലതയുടെ പ്രാധാന്യം നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം
എന്നാൽ നബി ﷺക്ക് ഹൃദയം വിശാലമാക്കിത്തന്നു എന്ന മഹത്വമാണ്. ഇവിടെ പറയുന്നത് അത്
വർണ്ണിക്കാനാവാത്ത ഒരു അംഗീകാരം തന്നെ! നബി(ﷺ)ക്ക് അല്ലാഹു നൽകിയ ഹൃദയ വിശാലത ഏറ്റവും
ഉയർന്ന അളവിലായിരുന്നു. അത്രയും വിശാലത മറ്റൊരാളിലും കാണാൻ സാദ്ധ്യമല്ല. അവിടുത്തെ
ഓരോ ചരിത്രവും അത് വിളിച്ചോതുന്നവയാണ്.
നബി(ﷺ)യോടും അനുയായികളോടും ശത്രുക്കൾ കാണിച്ച ക്രൂരത എന്ത് മാത്രം ഹൃദയ ഭേധകമായിരുന്നു എന്നിട്ടും അവരെ കുരുക്കാനുള്ള സുവർണ്ണാവസരം(മക്കാവിജയ ദിവസം) ലഭിച്ചപ്പോൾ പതിനായിരം പടയാളികൾ എന്ത് ആജ്ഞയും നടപ്പാക്കാൻ കാത്ത് നിൽക്കുമ്പോഴും ഉടലിൽ നിന്ന് തല വേർപ്പെടുത്താനുള്ള ഉത്തരവായിരിക്കും നബി(ﷺ)യിൽ നിന്നുണ്ടാവുക എന്ന നിലക്ക് പേടിച്ച് വിറച്ച് നിൽക്കുന്ന മക്കക്കാരോട് ,നിങ്ങൾ പൊയ്ക്കൊള്ളുക ഇന്നു പ്രതികാരമില്ല, എന്നായിരുന്നു നബി(ﷺ)യുടെ പ്രതികരണം എന്നത് ചരിത്രത്തിൽ തുല്യതയില്ലാത്ത വിട്ട് വീഴ്ചയാണ് ഇത്. ഉയർന്ന അളവിൽ വിശാലതയുള്ള ഹൃദയത്തിന്റെ ഉടമക്കല്ലാതെ സാധിക്കില്ല എന്നത് അവിതർക്കിതമാണ്. നബി(ﷺ)യുടെ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ ധാരാളമാണ്. സത്യ മതത്തിന്റെ പ്രചരണത്തിനു വേണ്ടി സഹകരണത്തിന്റെ അപേക്ഷയുമായി ത്വാഇഫിൽ എത്തിയ നബി(ﷺ) യെ അങ്ങാടിപ്പിള്ളേരെക്കൊണ്ട് കല്ലെറിയിച്ചു അവർ. അവരെ ശിക്ഷിക്കാനായി തങ്ങളുടെ അനുവാദം ചോദിച്ച് ജിബ്‌രീൽ(عليه السلام) വന്നപ്പോൾ നാഥാ! അവർക്ക് പൊറുക്കേണമേ അവർ അറിവില്ലാത്തവരാണ് എന്നായിരുന്നു നബി(ﷺ)യുടെ പ്രതികരണം. ഇതൊക്കെ അവിടുത്തെ ഹൃദയ വിശാലതയുടെ തെളിവുകളത്രെ
2. وَوَضَعْنَا عَنكَ
وِزْرَكَ
തങ്ങളുടെ ഭാരം തങ്ങളിൽ നിന്ന് നാം ഇറക്കി വെക്കുകയും
ചെയ്തിരിക്കുന്നു
3. الَّذِي
أَنقَضَ ظَهْرَكَ
തങ്ങളുടെ മുതുകിനെ ഞെരുക്കിക്കളഞ്ഞിരുന്നതായ (ആ ഭാരം)
നബി(ﷺ) എഴുത്തും വായനയും പഠിക്കാത്ത ആളാണ്. പ്രബോധനരംഗത്ത് ആദ്യമായി കാലു കുത്തുകയാണ് അതൊരു ഭാരമേറിയ ചുമട് തന്നെയാണ് ആ ഭാരം വഹിക്കുന്നതിൽ വല്ല വീഴ്ച്ചയും വന്നേക്കുമോ എന്ന ഭയം തങ്ങൾക്കുണ്ടായിരുന്നു ശിർക്കിന്റെ ശക്തമായ കോട്ടയിലാണ് പ്രബോധനം നടത്താനുള്ളത് അന്ധവിശ്വാസങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരു സമൂഹത്തെ അതിൽ നിന്ന് മോചിപ്പിച്ചെടുക്കണം അതിനാവശ്യമായ തെളിവുകൾ നിരത്തണം ഇതൊക്കെയാണിവിടെ പറയുന്ന ഭാരം എന്നാൽ നബി(ﷺ)ക്ക് അല്ലാഹു പ്രബോധന ദൗത്യം ഭംഗിയായി പൂർത്തിയാക്കാൻ അവസരമൊരുക്കി എല്ലാ ഇരുട്ടും കീഴടക്കി അവിടെയൊക്കെ വെളിച്ചം പ്രതിഷ്ഠിച്ചു ഇത് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമത്രെ!
ദോഷങ്ങളാകുന്ന ഭാരം തങ്ങളിൽ വരാതെ അല്ലാഹു സംരക്ഷിച്ചു എന്നും ഉമ്മത്തിന്റെ ദോഷങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നു നബി(ﷺ) വിഷമിച്ചപ്പോൾ ശുപാർശക്കുള്ള അനുവാദം മുഖേന അതു ലഘൂകരിച്ചു എന്നും മറ്റും ഇവിടെ വ്യാഖ്യാനമുണ്ട്. ഇമാം റാസി(رحمة الله عليه) എഴുതുന്നു. പ്രവാചകത്വ ലബ്ദിക്കു മുമ്പുള്ള തങ്ങളുടെ ഒരു പരിഭ്രമമാണിവിടെ ഉദ്ദേശ്യം. അതായത് തങ്ങൾ ഏറ്റവും ഉയർന്ന ബുദ്ധിശക്തിയുള്ളവരായതിനാൽ അല്ലാഹു തനിക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ ഈ അനുഗ്രഹങ്ങൾക്ക് എങ്ങനെ നന്ദി ചെയ്യും എന്ന് തങ്ങൾ ചിന്തിച്ചു കാരണം ഒരു ബുദ്ധിമാനെ സംബന്ധിച്ചിടത്തോളം തനിക്ക് അനുഗ്രഹം തന്ന ആൾക്ക് പ്രത്യുപകാരമായി വല്ലതും ചെയ്തില്ലെങ്കിൽ അതൊരു വലിയ വിഷമമായി അവശേഷിക്കും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്തിനു നന്ദി ചെയ്യാൻ പ്രത്യേക നിർദ്ദേശങ്ങളൊന്നും തങ്ങൾക്കില്ല താനും പ്രവാചകത്വ ലബ്ദിയിലൂടെ ആ കുറവുകൾ അല്ലാഹു പരിഹരിച്ചു കൊടുക്കുകയും ഇബാദത്തുകളിലൂടെ ഉയർന്ന അളവിൽ അല്ലാഹുവിനു നന്ദി ചെയ്യാൻ നബി(ﷺ)ക്ക് അല്ലാഹു അവസരം നൽകുകയും ചെയ്തതാണിവിടെ ഉദ്ദേശ്യം(റാസി 32/6)
4. وَرَفَعْنَا لَكَ ذِكْرَكَ
തങ്ങളുടെ കീർത്തിയെ തങ്ങൾക്ക് നാം ഉയർത്തിതരികയും ചെയ്തു.
നബി(ﷺ)യുടെ പ്രശസ്തി അല്ലാഹു വളരെ ഉയർത്തിയിട്ടുണ്ട് എന്നെ പറയപ്പെടുന്നിടത്തൊക്കെ തങ്ങളും പറയപ്പെടും എന്നാണ് അല്ലാഹു പറഞ്ഞത് ഇസ്‌ലാമിൽ പ്രവേശിക്കാനുള്ള സത്യ വാക്യത്തിൽ പോലും തങ്ങളുടെ നാമം പറയാതിരുന്നാൽ അത് സാധുവല്ല നിസ്ക്കാരം, ബാങ്ക്, ഇഖാമത്ത്, ഖുത്വുബ:, തുടങ്ങി അല്ലാഹുവോട് നാം നടത്തുന്ന പ്രാർത്ഥനയുടെ മര്യാദയിൽ പോലും തുടക്കത്തിലും ഒടുക്കത്തിലും തങ്ങളെ പറയണമെന്ന് നിഷ്ക്കർശയുണ്ട്. ഭൂമിയിൽ മാത്രമല്ല ഉപരി ലോകത്ത് മലക്കുകൾക്കിടയിലും നബി(ﷺ)യുടെ കീർത്തി പ്രസിദ്ധമാണ്.
മുസ്‌ലിംകളലാത്തവർ പോലും നബി(ﷺ)യെ നന്നായി എല്ലാ കാലത്തും
മനസിലാക്കുന്നുണ്ട്. പ്രവാചകത്വം മുതലല്ല ലോകോൽപത്തിമുതൽ തന്നെ നബി(ﷺ)യുടെ പ്രശസ്തി
ആരംഭിച്ചിട്ടുണ്ട്. ആദ്യപിതാവായ ആദം(عليه السلام) സ്വർഗത്തിലെ ഇലകളിലും കെട്ടിടങ്ങളിലും സ്വർഗ സ്ത്രീകളൂടെ
നെഞ്ചത്തും എല്ലാം നബി(ﷺ)യുടെ നാമം എഴുതപ്പെട്ടത് കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പൂർവ്വ വേദങ്ങളിലെല്ലാം നബി(ﷺ)യെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. സ്വന്തം
മക്കളെ അറിയുന്നത്പോലെ നബി(ﷺ)യെ വേദക്കാർക്ക് അറിയാം (അൽബഖറ:146) എന്ന് ഖുർആൻ പറയുന്നുണ്ട്. ഇനി പരലോകത്തും
നബി(ﷺ)യിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിയുന്ന ഘട്ടം വരാനുണ്ട്.
അതായത് ഒരുകാലത്തും നബി(ﷺ) ലോകത്ത് വിസ്മരിക്കപ്പെടാത്ത വിധം
അവിടുത്തെ പ്രശസ്തി അല്ലാഹു സംരക്ഷിച്ചു മറ്റാർക്കും ഇങ്ങനെയൊരു മഹത്വം
അവകാശപ്പെടാനില്ല എന്നത് അവിതർക്കിതമത്രെ!
5. فَإِنَّ
مَعَ الْعُسْرِ يُسْرًا
അപ്പോൾ
നിശ്ചയമായും ഞെരുക്കത്തോട് കൂടി(ഞെരുക്കത്തെ തുടർന്ന്) ഒരു എളുപ്പമുണ്ടായിരിക്കും
6. إِنَّ
مَعَ الْعُسْرِ يُسْرًا
നിശ്ചയം ഞെരുക്കത്തോട് കൂടി ഒരു എളുപ്പമുണ്ടായിരിക്കും
നബി(ﷺ)ക്ക് അല്ലാഹു നൽകിയ ഉന്നതമായ അനുഗ്രഹങ്ങൾ ഉണർത്തിയതിനെ തുടർന്ന്
സത്യവിശ്വാസിക്ക് സമാധാനം നൽകുന്ന ഒരു തത്വം അല്ലാഹു ഉണർത്തുകയാണിവിടെ.
ജീവിതത്തിൽ ബാധിക്കുന്ന ഏത് ഞെരുക്കവും സമാധാനത്തോടെ സ്വാഗതം ചെയ്യാൻ വിശ്വാസിയെ
പാകപ്പെടുത്തുന്നതാണ് ഈ രണ്ട് സൂക്തങ്ങൾ. ജീവിതത്തിലെ തിരിച്ചടികൾ താങ്ങാനാവാതെ
ആത്മഹത്യയിൽ അഭയം തേടുന്നവർ ഈ തത്വം ഒന്നു ചിന്തിച്ചെങ്കിൽ എന്ന് ആശിച്ചു
പോവുകയാണ്. മക്കയിലെ ഇസ്‌ലാമിക പ്രബോധനം ഏറ്റവും പരീക്ഷണം നേരിട്ടിരുന്ന
ഘട്ടത്തിലാണ് ഈ സൂക്തങ്ങൾ അവതരിക്കുന്നത്. ആ പ്രയാസങ്ങളെല്ലാം നീങ്ങി എന്ന് മാത്രമല്ല
ഇസ്‌ലാം ഏറ്റവും വേരോട്ടം ലോകത്ത് നേടിയതാണ് പിന്നീട് കാണാനായത്. അതിനാൽ
ഭൂമിയിൽ നമുക്ക് നേരിടേണ്ടി വരുന്ന ഒരു പ്രയാസവും ശാശ്വതമാണെന്ന് ധരിക്കരുത്
മറിച്ച് എല്ലാ പ്രയാസങ്ങൾക്കും ശേഷം സന്തോഷം വന്നെത്തും എന്നാണിത്
അറിയിക്കുന്നത് ഞെരുക്കത്തെ തുടർന്ന് എളുപ്പമുണ്ടാകും എന്ന് ഒരു തവണ പറഞ്ഞ്
നിർത്താതെ രണ്ട് പ്രാവശ്യം പറഞ്ഞതും ഓരോ വാചകത്തിലും “ان” എന്ന ആണയിടാനുള്ള അവ്യയം ചേർത്ത്
ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു കൂടാതെ വാചക ഘടനയിൽ മറ്റൊരു രഹസ്യം കൂടി
അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നു അതായത് ഞെരുക്കത്തെപ്പറ്റി പറഞ്ഞപ്പോൾ الْعُسْر എന്ന് ,അൽ,
ചേർത്ത് പറഞ്ഞു എളുപ്പത്തെ പറ്റി പറഞ്ഞപ്പോൾ يُسْرًا എന്ന് ‘അൽ’ ചേർക്കാതെയാണ്. പറഞ്ഞത്
അറബി ഭാഷാ നിയമമനുസരിച്ച് അൽ എന്ന അവ്യയം ചേർക്കപ്പെട്ട പദം മഅ്രിഫ:(പ്രത്യേക
നാമം) ആയിരിക്കും അൽ ചേർക്കപ്പെടാത്തപദം നകിറ:(സാമാന്യ നാമം) ആയിരിക്കും
ഇതനുസരിച്ച് ഒന്നാമത്തെ വാചകത്തിൽ പറഞ്ഞ അതേ ഞെരുക്കം തന്നെയായിരിക്കും
രണ്ടാമത്തെ വാചകത്തിലുള്ള ഞെരുക്കം എന്നതും. അതേസമയം സാമാന്യ പദമായി പറഞ്ഞ എളുപ്പം
എന്നത് വ്യത്യസ്ഥമായിരിക്കും അപ്പോൾ ഈ രണ്ട് വാചകങ്ങളുടെയും സാരം ഇങ്ങനെയായിരിക്കും
ഒരു പ്രത്യേക ഞെരുക്കം സംഭവിക്കുന്ന പക്ഷം അതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള
സൗകര്യം (ഒന്നല്ലെങ്കിൽ മറ്റൊന്ന്)തീർച്ചയായും ഉണ്ടായിരിക്കും ഈ രണ്ട് വചനങ്ങൾ
ഓതിക്കൊണ്ട് നബി(ﷺ) ഇങ്ങനെ പറഞ്ഞതായി ഹദീസിൽ ഉണ്ട് ഒരു ഞെരുക്കം രണ്ട് എളുപ്പത്തെ
അതിജയിക്കുകയില്ല തന്നെ ചുരുക്കത്തിൽ ഒരു പ്രയാസവും അന്തിമമല്ലെന്നും വിഷമത്തിനു
ശേഷം അല്ലാഹു സന്തോഷം തരുമെന്ന് പ്രതീക്ഷിക്കുകയും ക്ഷമയോടെ വിഷമത്തെ നേരിടുകയും
അല്ലാഹുവിന്റെ അനുഗ്രഹം കാംക്ഷിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ കടമ.
7. فَإِذَا
فَرَغْتَ فَانصَبْ
അതുകൊണ്ട് തങ്ങൾ ഒഴിവായാൽ അദ്ധ്വാനിക്കുക
ഞെരുക്കങ്ങളെ തുടർന്ന് എളുപ്പമുണ്ടാവും എന്ന് ഉണർത്തിയ ശേഷം വളരെ പ്രധാനപ്പെട്ട ഒരു നിർദ്ദേശമാണ്. അല്ലാഹു നൽകുന്നത് ഒഴിവായാൽ അദ്ധ്വാനിക്കുക എന്ന്! എന്തിൽ നിന്ന് ഒഴിവായാൽ എന്നോ എന്തിൽ അദ്ധ്വാനിക്കുക എന്നോ പ്രത്യേകം പറയാത്ത സ്ഥിതിക്ക് വ്യാപകാർത്ഥം ഇവിടെ വരും . ഭൗതിക കാര്യങ്ങളിൽ നിന്ന് ഒഴിവായാൽ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തിൽ നിന്ന് ഒഴിവായാൽ പിശാചിനോടും ദേഹേച്ഛയോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒഴിവായാൽ അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തിലും, വ്യക്തിപരമായ വിഷയങ്ങളിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ സമൂഹത്തിന്റെ വിഷയത്തിലും, നിർബന്ധകാര്യങ്ങൾ ചെയ്തു തീർന്നാൽ സുന്നത്തായ കാര്യങ്ങളിലും, പകലിലെ ജോലിത്തിരക്കുകളിൽ നിന്ന് ഒഴിവായാൽ രാത്രിയുള്ള സുന്നത്ത് നിസ്ക്കാരത്തിലും, നിസ്ക്കാരത്തിൽ നിന്ന് വിരമിച്ചാൽ പ്രാർത്ഥനയിലും. ഇങ്ങനെ ഏതൊരു നല്ല വിഷയത്തിൽ നിന്ന് വിരമിച്ചാലും മറ്റൊരു നല്ല വിഷയത്തിൽ ജോലിയാവുക എന്ന ഒരു വലിയ സന്ദേശമാണ് ഈ സൂക്തങ്ങൾ നൽകുന്നത്. ഈ നിർദ്ദേശം പ്രത്യക്ഷത്തിൽ നബി(ﷺ)യോടാണെങ്കിലും എല്ലാവർക്കും ഭാധകമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക വിശ്വാസിയുടെ ജീവിതത്തിൽ ലഭിക്കുന്ന ഒഴിവു സമയം ഒരിക്കലും നിഷ്ഫലമാക്കിക്കളയരുതെന്നുള്ള സന്ദേശം ഇത് നൽകുന്നു. എല്ലാം കൂടി ഒരേ സമയത്ത് ശ്രദ്ധിക്കാൻ കഴിയില്ലെന്നും ഇത് സൂചിപ്പിക്കുന്നു.
ചെയ്യുന്ന പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിൽ അതേസമയം ശ്രദ്ധ
തിരിക്കുന്ന മറ്റു കാര്യങ്ങൾ ഉണ്ടാവാതെ നോക്കണം എന്നും ഇതിൽ നിന്ന് മനസിലാക്കാം
മറ്റു ശ്രദ്ധകളിൽനിന്നൊക്കെ മുക്തരായതിനുശേഷമാണ്. നിസ്ക്കാരത്തിൽ
പ്രവേശിക്കേണ്ടതെന്നും ഭക്ഷണം മുന്നിൽ വെച്ച് (അപ്പോൾ ഭക്ഷണത്തിലേക്ക്
കൊതിയുണ്ടെങ്കിൽ)നിസ്ക്കരിക്കരുതെന്നും വിസർജ്ജനത്തിനു മുട്ടിയാൽ അത് കഴിഞ്ഞേ
നിസ്ക്കരിക്കാവൂ എന്നുമൊക്കെയുള്ള കൽപനയുടെ പൊരുൾ ഇത് തന്നെയാണ്.
8. وَإِلَى
رَبِّكَ فَارْغَبْ
തങ്ങളുടെ നാഥനിലേക്ക് തന്നെ ആഗ്രഹം പ്രകടിപ്പിക്കുകയും
ചെയ്യുക.
ഏതൊരു കാര്യവും നിർവ്വഹിക്കുവാൻ അല്ലാഹുവിന്റെ സഹായം അനിവാര്യമാണ്. കാരണം ഏത്
അനുഗ്രഹവും അവനിൽ നിന്നു മാത്രമാണ് അതിന്റെ നന്മയിലായുള്ള പര്യവസാനത്തിനും അവന്റെ
അനുഗ്രഹം വേണം അത് കൊണ്ട് തന്നെ ഏതൊരു കാര്യത്തിനൊരുങ്ങുമ്പോഴും അല്ലാഹുവിന്റെ
അനുഗ്രഹം ആഗ്രഹിക്കണം കാരണം സഹായം മുഴുവനും അല്ലാഹുവിൽ നിന്നാണ്. അതിൽ ഭൗതികം
അഭൗതികം സാധാരണം അസാധാരണം എന്നൊന്നും വ്യത്യാസമില്ല. ചെരുപ്പിന്റെ വാർ അറ്റാൽ
പോലും അല്ലാഹുവോട് സഹായം തേടണമെന്ന നബിവചനം ഈ ആശയത്തെ
അരക്കിട്ടുറപ്പിക്കുന്നതാണ്. പിന്നെ നാം മറ്റുള്ളവരോട് സഹായം ചോദിക്കുന്നത്
അല്ലാഹു അനുവദിച്ച കാരണം എന്ന നിലക്കാണ്. അതിലും ഭൗതികവും അഭൗതികവും വ്യത്യാസമില്ല
കൂടുതൽ വിശദീകരണത്തിനു ഫാതിഹയിലെ നിന്നോട് മാത്രം സഹായം തേടുന്നു എന്നതിന്റെ
വിശദീകരണം നോക്കുക പ്രാർത്ഥിച്ചിരുന്നാൽ മാത്രം പോരാ എന്നും പണിയെടുക്കുക കൂടി
ചെയ്യണമെന്നും ഈ സൂക്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പ്രവർത്തിച്ചാലും ഫലം തരേണ്ടവൻ
അല്ലാഹുവാണെന്ന് വിശ്വസിക്കേണ്ടതും അതിനാൽ തന്നെ പ്രവർത്തനത്തോടൊപ്പം പ്രാർത്ഥനയും
ആവശ്യമാണ്. എന്നും ഈ സൂക്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
ഈ ആശയങ്ങളെല്ലാം സാംശീകരിക്കുന്ന പ്രാർത്ഥനകൾ നബി(ﷺ) നടത്താറുണ്ട്. എപ്പോഴും പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥനയാണ്. ഇമാം മുസ്‌ലിം(رحمة الله عليه) റിപ്പോർട്ട് ചെയ്ത നബി(ﷺ) യുടെ പ്രാർത്ഥന
اللهم اصلح لي ديني الذي هو عصمة امري واصلح لي دنياي التي فيها معاشي واصلح لي اخرتي التي فيها معادي واجعل الحياة زيادة لي في كل خير واجعل الممات راحة لي من كل شر
അർത്ഥം :
അല്ലാഹുവേ! എന്റെ കാര്യത്തിന്റെ രക്ഷയാകുന്ന എന്റെ മത നിഷ്ഠ നീ എനിക്ക് നന്നാക്കി ത്തരേണമേ.എന്റെ ജീവിതമാർഗം ഉൾക്കൊള്ളുന്ന എന്റെ ഐഹികജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ എന്റെ മടക്കസ്ഥലം ഉൾക്കൊള്ളുന്ന എന്റെ പാരത്രിക ജീവിതവും എനിക്ക് നീ നന്നാക്കിത്തരേണമേ ഈ ജീവിതം എല്ലാ നന്മയിലും എനിക്ക് വർദ്ധനവാക്കിത്തീർക്കുകയും മരണത്തെ എല്ലാ തിന്മയിൽ നിന്നുള്ള ആശ്വാസമാക്കിത്തീർക്കുകയും ചെയ്യേണമേ!
അല്ലാഹുവേ! എന്റെ കാര്യത്തിന്റെ രക്ഷയാകുന്ന എന്റെ മത നിഷ്ഠ നീ എനിക്ക് നന്നാക്കി ത്തരേണമേ.എന്റെ ജീവിതമാർഗം ഉൾക്കൊള്ളുന്ന എന്റെ ഐഹികജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ എന്റെ മടക്കസ്ഥലം ഉൾക്കൊള്ളുന്ന എന്റെ പാരത്രിക ജീവിതവും എനിക്ക് നീ നന്നാക്കിത്തരേണമേ ഈ ജീവിതം എല്ലാ നന്മയിലും എനിക്ക് വർദ്ധനവാക്കിത്തീർക്കുകയും മരണത്തെ എല്ലാ തിന്മയിൽ നിന്നുള്ള ആശ്വാസമാക്കിത്തീർക്കുകയും ചെയ്യേണമേ!
ചുരുക്കത്തിൽ ഒരു വിശ്വാസിയുടെ ജീവിതത്തിലെ ലക്ഷ്യാധിഷ്ടിതമായ ഒരു ശൈലി രൂപപ്പെടുത്തുന്ന അദ്ധ്യായമാണിത്.പരീക്ഷണങ്ങൾ വരാനിരിക്കുന്ന നന്മയുടെ മുന്നോടിയാണെന്ന് മനസിലാക്കി ക്ഷമിക്കാനും കിട്ടുന്ന ഒഴിവു സമയങ്ങളെല്ലാം നന്മക്കായി മാറ്റി വെക്കാനും അത് വിജയകരമാക്കാനായി അല്ലാഹുവിന്റെ അനുഗ്രഹം തേടാനും വിശ്വാസി സദാ സന്നദ്ധനായിരിക്കണം .അല്ലാഹു അവന്റെ ഇഷ്ട ദാസന്മാരിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ
No comments:
Post a Comment
Note: only a member of this blog may post a comment.