സൂറ: അന്നാസിആത്ത് 79- سورة النازعات
( മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 46)
പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
وَالنَّازِعَاتِ غَرْقًا .1
മുഴുകിപ്രവേശിച്ച് (നിർദ്ദയം) ഊരി എടുക്കുന്നവ തന്നെയാണ് സത്യം.
സത്യനിഷേധിയായ
മനുഷ്യന്റെ ആത്മാവിനെ മരണ സമയത്ത് പിടിച്ചെടുക്കുന്ന മലക്കുകളാണിവിടെ
ഉദ്ദേശ്യം. അവർ ആകൃത്യം നിർവ്വഹിക്കുന്ന സ്വഭാവവും ഇതിൽ
സൂചിപ്പിച്ചിരിക്കുന്നു അഥവാ മനുഷ്യ ശരീരത്തിൽ ഒരു ജലാശയത്തിൽ
മുങ്ങിത്തപ്പുന്നത് പോലെ എല്ലാഭാഗത്തും പ്രവേശിച്ച് തികച്ചും നിർദ്ദയമായി
ആത്മാവിനെ പിടികൂടും അതിനാൽ മരിക്കുന്നവൻ അസഹനീയമായ വേദന
അനുഭവിക്കേണ്ടിവരും എന്നാണിവിടെ പറയുന്നത്.
ഇമാം
ഖുർത്വുബി(റ) എഴുതുന്നു അവിശ്വാസികളുടെ ആത്മാക്കളെ ഓരോ രോമകൂപങ്ങളിൽ
നിന്നും മലക്കുകൾ പിടിച്ചെടുക്കുന്നത് കമ്പിളി വസ്ത്രത്തിൽ കുടുങ്ങിയ ശൂലം
വലിച്ചെടുക്കുന്നത് പോലെ അതി ശക്തമായ നിലയിലായിരിക്കും (ഖുർത്വുബി
19/135) അവിശ്വാസികളുടെ മരണ വേളയെ കുറിച്ച് ഖുർആൻ ധാരാളം സ്ഥലങ്ങളിൽ
സൂചിപ്പിച്ചിട്ടുണ്ട്. ഉദാഹരണമായി സൂറ: അൻആമിൽ അല്ലാഹു പറയുന്നു
ولوترى
اذالظالمون في غمرات الموت والملئكة باسطوا أيديهم اخرجوا أنفسكم اليوم
تجزون عذاب الهون بماكنتم تقولون علي الله غير الحق وكنتم عن ايته تستكبرون
(الأنعام 93
ആ
അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം തങ്ങൾ കണ്ടിരുന്നെങ്കിൽ!
നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവീൻ എന്ന് പറഞ്ഞ് കൊണ്ട്
മലക്കുകൾ അവർക്ക് നേരെ തങ്ങളുടെ കൈകൾ നീട്ടിക്കൊണ്ടിരിക്കുകയാണ് നിങ്ങൾ
അല്ലാഹുവിന്റെ പേരിൽ സത്യമല്ലാത്തത് പറഞ്ഞ് കൊണ്ടിരുന്നതിന്റെയും അവന്റെ
ദൃഷ്ടാന്തങ്ങളെ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന്
നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ് (എന്ന് മലക്കുകൾ പറയും) (അൻആം.
93)
അൻഫാലിലെ പരാമർശം നോക്കൂ അല്ലാഹു പറയുന്നു
ولو
ترى اذ يتوفى الذين كفروا الملائكة يضربون وجوههم وادبارهم وذوقوا عذاب
الحريق ذلك بما قدمت ايديكم وان الله ليس بظلام للعبيد (الأنفال 50 .51)
സത്യ
നിഷേധികളുടെ മുഖങ്ങളിലും പിൻ വശങ്ങളിലും അടിച്ചുകൊണ്ട് മലക്കുകൾ അവരെ
മരിപ്പിക്കുന്ന സന്ദർഭം തങ്ങൾ കണ്ടിരുന്നുവെങ്കിൽ(അതൊരുഭയങ്കര കാഴ്ച
തന്നെയാവുമായിരുന്നു) മലക്കുകൾ അവരോട് പറയും ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ
നിങ്ങൾ ആസ്വദിച്ച് കൊള്ളുക. നിങ്ങളുടെ കൈകൾ മുൻ കൂട്ടി ചെയ്ത് വെച്ചത്
കാരണമാണീ ശിക്ഷ. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കില്ല
എന്നതിനാലുമാണ്(അൻഫാൽ 50/51)
അവിശ്വാസികളുടെ
ആത്മാക്കളോട് നിന്നെ പറ്റി ദേഷ്യമുള്ള നാഥന്റെ അടുത്തേക്ക് പുറപ്പെട്ട്
വരൂ എന്ന് മലക്കുകൾ പറയുമ്പോൾ പുറത്ത് വരാൻ വിസമ്മതിക്കുകയും മലക്കുകൾ
ശക്തിയായി ആത്മാവിനെ പിടിച്ചിറക്കി കൊണ്ട് വരുമ്പോൾ അവർക്കനുഭവപ്പെടുന്ന
വേദന അവർണ്ണനീയമായിരിക്കുമെന്ന് ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതെല്ലാം
പരിഗണിച്ചാണ് മുഴുകി പ്രവേശിച്ച് ആത്മാക്കളെ ഊരിയെടുക്കുന്നവർ
എന്ന് മരണംകൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കുകളെ വിശേഷിപ്പിക്കുന്നത്.
മലക്കുകളല്ല ഇവിടെ ഉദ്ദേശ്യം നക്ഷത്രങ്ങളെയാണുദ്ദേശിച്ചതെന്നും
യുദ്ധക്കുതിരകളെയാണുദ്ദേശിച്ചതെന്നും ആത്മാക്കളെയാണുദ്ദേശമെന്നും മറ്റും
അഭിപ്രായങ്ങളുണ്ട് പക്ഷെ
والصحيح الأول وعليه الأكثرون (ابن كثير 4-678
ആദ്യത്തെ വിശദീകരണമാണ് പ്രബലമായത് ഭൂരിപക്ഷം വ്യാഖ്യാതാക്കളും ഈ അഭിപ്രായക്കാരാണ്(ഇബ്നുകസീർ4-678)
وَالنَّاشِطَاتِ نَشْطًا . 2
വേഗതയിൽ(സൗമ്യമായി)അഴിച്ച് വിടുന്നവ തന്നെയാണ് സത്യം.
സത്യനിഷേധികളുടേതിനു
വിപരീതമായി സദ്‌വൃത്തരുടെ ആത്മാവിനെ മലക്കുകൾ പിടിക്കുന്ന രൂപമാണിവിടെ
വിശദീകരിക്കുന്നത് മൽപിടുത്തം ആവശ്യമില്ലാത്തവിധം ആ ആത്മാക്കൾ പുറത്ത്
വരാൻ സന്നദ്ധരായിരിക്കും കാരണം മലക്കുകൾ അവരോട് പറയുന്നത് നിന്നെ പറ്റി
നല്ല പൊരുത്തമുള്ള നാഥനിലേക്ക് പുറത്ത് വരൂ എന്നാണ് അപ്പോൾ റബ്ബിന്റെ
പൊരുത്തത്തിലേക്ക് വരാൻ വെമ്പുന്ന ആത്മാവിനെ പുറത്ത്കൊണ്ട് വരാൻ
മലക്കുകൾക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.
ഇമാം
ഖുർത്വുബി എഴുതുന്നു കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ച് കൊണ്ട്പോകുന്ന
ലാഘവത്തോടെ മലക്കുകൾ സത്യവിശ്വാസികളുടെ ആത്മാക്കളെ പിടിക്കും (ഖുർ
ത്വുബി19-135) സത്യവിശ്വാസികളുടെ മരണ സമയം മലക്കുകൾ അവർക്ക് സമാധാനം
നേരുകയും വരാനിരിക്കുന്ന സന്തോഷങ്ങളെക്കുറിച്ച് സുവിശേഷമറിയിക്കുകയും
ചെയ്യുമെന്ന് ഖുർ ആൻ പല സ്ഥലത്തും പറയുന്നുണ്ട്
الذين تتوفاهم الملائكة طيبين يقولون سلام عليكم ادخلوا الجنة بماكنتم تعملون (النحل 32
നല്ലവരായിരിക്കെ
മലക്കുകൾ ഏതൊരു വിഭാഗത്തെ മരിപ്പിക്കുന്നുവോ അവരോട് മലക്കുകൾ പറയും
നിങ്ങൾക്ക് സമാധാനം നിങ്ങൾ പ്രവർത്തിച്ച്കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ
സ്വർഗ്ഗത്തിൽ പ്രവേശിച്ച്കൊള്ളുക(അന്നഹ് ൽ32)
3. وَالسَّابِحَاتِ سَبْحًا
ശക്തമായ ഒഴുക്ക് ഒഴുകി വരുന്നവ തന്നെയാണ് സത്യം.
ആകാശത്ത്നിന്ന്
മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയാണിവിടെ
പരാമർശിച്ചിരിക്കുന്നത്‌അല്ലാഹുവിന്റെ ഓരോകൽപനകൾക്കും കാതോർക്കുകയും അത്
നടപ്പാക്കാൻ അവർ കാണിക്കുന്ന ശുഷ്ക്കാന്തി വിശദീകരിക്കുകയുമാണിവിടെ
ഒഴുകുന്നവർ എന്നാൽ വിശ്വാസികളുടെ ആത്മാക്കളാണെന്നും വിശദീകരണമുണ്ട്. ഇമാം
സുയൂഥി (റ) എഴുതുന്നു. സത്യ വിശ്വാസികളുടെ ആത്മാക്കളെ മലക്കുകൾ സമാധാന
ചിത്തരായ ആത്മാവേ !നിങ്ങളെകുറിച്ച് തൃപ്തിയുള്ള -ദേഷ്യം അശേഷമില്ലാത്ത
യജമാനനിലേക്കും അവൻ ഒരുക്കിയ സുഖ സൗകര്യങ്ങളിലേക്കും നിങ്ങൾ പുറപ്പെട്ട്
വരിക എന്ന് പറഞ്ഞ് വിളിക്കുന്നത് കാണുമ്പോൾ വെള്ളത്തിൽ ഊളിയിടുന്നവൻ
നീന്തുമ്പോലെ ശരീരമാകുന്ന പെട്ടിക്കകത്ത് നിന്ന് സ്വർഗ്ഗത്തിലെത്താനുള്ള
താൽപര്യത്തോടെ ആത്മാക്കൾ പുറത്ത് വരുന്നതിനെയാവാം ഇവിടെ വിശേഷിപ്പിച്ചത്
(അദ്ദുർ അൽ മൻ ഥൂർ6-509)
4. فَالسَّابِقَاتِ سَبْقًا
എന്നിട്ട് മുന്നോട്ട് കുതിച്ച് പോകുന്നവയെ തന്നെയാണ് സത്യം.
ഏൽപിക്കപ്പെട്ട
ദൗത്യം നിർവ്വഹിച്ച് അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നതിന്റെ
ചിത്രമാണിത് അഥവാ വിശ്വാസിയുടെയും അവിശ്വാസിയുടെയും ആത്മാക്കളെ
പിടിക്കാനുള്ള നിർദ്ദേശപ്രകാരം ഭൂമിയിലേക്കൊഴികിയെത്തിയ മലക്കുകൾ ആ ദൗത്യം
നിർവ്വഹിക്കുന്നതാണ് ആദ്യത്തെ രണ്ട് സൂക്തങ്ങളിൽ പറഞ്ഞത് അതിനുള്ള
വരവിന്റെ വേഗതയാണ് മൂന്നാം സൂക്തം. പിടിച്ച ആത്മാക്കളെ അത്
സൂക്ഷിക്കാനുള്ള സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയാണ് നാലാം
സൂക്തം.
فَالْمُدَبِّرَاتِ أَمْرًا . 5
എന്നിട്ട് കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ് സത്യം
പ്രാപഞ്ചിക
കാര്യങ്ങളെല്ലാം അല്ലാഹു ചിട്ടപ്പെടുത്തുകയും നിർദ്ദേശിക്കുകയും
ചെയ്യുന്നതനുസരിച്ച് കൈകാര്യം ചെയ്യുന്നവരാണ് മലക്കുകൾ. പ്രധാന ചുമതലകൾ
ജിബ്‌രീൽ (അ), മീഖാഈൽ(അ) , ഇസ്‌റാഫീൽ(അ), അസ്‌റാഈൽ(അ), എന്നിവരിലാണ്
അർപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇമാം ഖുർത്വുബി(റ) എഴുതുന്നു
تدبير أمر الدنيا الى أربعة جبريل وميكائيل وملك الموت واسمه عزرائيل واسرافيل (19.138 قرطبي
ദുനിയാവിന്റെ
നിയന്ത്രണം നാലു മലക്കുകളിലേക്കാണ് ജിബ്‌രീൽ, മീകാഈൽ ,മലക്കുൽ മൗത്ത് (ആ
മലക്കിന്റെ പേര് അസ്‌റാഈൽ എന്നാണ്) ഇസ്‌റാഫീൽ
എന്നിവരാണവർ(ഖുർത്വുബി19-138)
പല വിഷയങ്ങൾക്കും മലക്കുകൾക്ക് അല്ലാഹു ചുമതല നൽകുന്നു ഇമാം സുയൂഥി(റ) എഴുതുന്നു
ملائكة
يكونون مع ملك الموت يحضرون الموتى عند قبض ارواحهم فمنهم من يعرج بالروح
ومنهم من يؤمن علي الدعاء ومنهم من يستغفر للميت حتي يصلي عليه ويدلي في
حفرته (الدر المنثور 6-510
ചില
മലക്കുകൾ മരണം കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കിന്റെ കൂടെ
മരണപ്പെടുന്നവരുടെ അടുത്ത് ഹാജറുണ്ടാവും ചിലർ ആ അത്മാവുമായി ആകാശത്തേക്ക്
കയറിപ്പോകും ചിലർ അവിടെ നടക്കുന്ന പ്രാർത്ഥനകൾക്ക് ആമീൻ പറയും ചിലർ
മയ്യിത്തിനു വേണ്ടി പൊറുക്കലിനെ തേടും അദ്ദേഹത്തിനുമേൽ നിസ്ക്കാരം
നിർവ്വഹിച്ച് ഖബറിലിറക്കുന്നത് വരെ(അദ്ദുർ അൽമൻഥൂർ6-510)
അത്
കൊണ്ടാണ് മരണം ആസന്നമായവരുടെ അടുത്തും മരിച്ചിടത്തുമൊക്കെ നാം ഖുർആൻ
പാരായണവും പ്രാർത്ഥനയുമൊക്കെ സജീവമാക്കുന്നത്.ഇത്തരം നന്മകളൊക്കെ
മയ്യിത്തിനു വലിയ നേട്ടമാവും മലക്കുകളെ അവിടെ നടക്കുന്ന പ്രാർത്ഥനക്ക്
ആമീൻ പറയാൻ അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട് മരിച്ച വിശ്വാസികളുടെ അടുത്ത്
പ്രാർത്ഥന നടക്കാതെ പോയാൽ ഈ സം വിധാനങ്ങളെല്ലാം വൃഥവിലാവില്ലേ നാം
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണംനബി(സ്വ) പറഞ്ഞിട്ടുണ്ട്
اذاحضرتم المريض او الميت فقولوا خيرا فان الملائكة يؤمنون علي ما تقولون (مسلم
നിങ്ങൾ രോഗിയുടെയോ മരണപ്പെട്ടവരുടേയോ അടുത്ത് സന്നിഹിതരായാൽ നല്ലത് പറയണം കാരണം നിങ്ങൾ പറയുന്നതിനു മലക്കുകൾ ആമീൻ പറയും (മുസ്‌ലിം)
ഇതു
കൊണ്ട് തന്നെ മയ്യിത്തിന്റടുത്ത് ഖുർആൻ പാരായണം ചെയ്യാനും
പ്രാർത്ഥിക്കാനുമെല്ലാം വിശ്വാസികൾ സമയം കണ്ടെത്തുക തന്നെ വേണം അല്ലാഹു
അനുഗ്രഹിക്കട്ടെ ആമീൻ.
ഈ അഞ്ച്
വജനങ്ങളിലും മലക്കുകളെയാണ് ഉദ്ദേശ്യം എന്ന നിലക്കുള്ള
വിശദീകരണങ്ങൾക്കുപുറമേ നക്ഷത്രങ്ങളെ കുറിച്ചാണെന്നും യുദ്ധക്കുതിരകളെ
കുറിച്ചാണെന്നും മറ്റും അഭിപ്രായമുണ്ട് പ്രബലാഭിപ്രായമാണ് നാം ആദ്യം
വിശദീകരിച്ചത്.
ഇമാം റാസി(റ) എഴുതുന്നു ഇവിടെ പറഞ്ഞ അഞ്ച് വാക്യങ്ങളുടെയും ഉദ്ദേശ്യം ആത്മാക്കളാവാം അപ്പോൾ ഓരോ വാക്കിന്റെയും അർത്ഥം ഇങ്ങനെയാവും ഒന്നാം വാക്യം മരണ വേദന അനുഭവിക്കുന്ന ആത്മാവ് എന്നും രണ്ടാം വാക്യം
ശരീരത്തിൽ നിന്ന് പുറത്ത് കടക്കുന്ന ആത്മാവ് എന്നും അർത്ഥം അങ്ങനെ
ശരീരത്തിന്റെ തടസ്സങ്ങളിൽ നിന്ന് മോചനം നേടി ഉന്നതമായ സ്ഥാനം കൊതിക്കുന്ന
ആത്മാവിനു പരിശുദ്ധ സ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാവും ഈ ഉന്നതമായ
അവസ്ഥയിലുള്ള യാത്ര അൽപം ധൃതിയിലാവുമല്ലോ അതാണ് മൂന്നാം വാക്യം
സൂചിപ്പിക്കുന്നത് നീന്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്നു എന്ന്!
ഉന്നതമായ അവസ്ഥ കരസ്ഥമാക്കി എന്നറിയുമ്പോൾ അങ്ങോട്ടുള്ള യാത്രക്കുണ്ടാവുന്ന
വേഗതയാണ് മുന്നോട്ട് കുതിക്കുന്നു എന്ന് പറഞ്ഞത് ഇങ്ങനെ പ്രത്യേകതകൾ
വാരിക്കൂട്ടിയ ആത്മാവ് വിവിധ ശക്തികൾ സംഭരിക്കുകയും അതിന്റെ ശ്രേഷ്ടതകാരണം
ആ ആത്മാവിനു ഈ ലോകത്തിന്റെ സ്ഥിതി ഗതികളിൽ പല ഫലങ്ങൾ വെളിപ്പെടുത്താൻ
സാധിക്കുന്നു ഈ അവസ്ഥയാണ് ,കാര്യങ്ങൾ നിയന്ത്രിക്കുന്ന, എന്ന്
വിശേഷിപ്പിക്കുന്നത് (റാസി31-29)
തുടർന്ന് അതിന്റെ തെളിവ് പറയുന്നു മഹാൻപറയുന്നു
أليس ان الانسان قد يرى أستاذه فى المنام ويسأله عن مشكلة فيرشده اليها ؟أليس أن الابن قد يرى أباه فى المنام فيهديه الى كنز مدفون (رازي 31-30
ചിലപ്പോൾ
മനുഷ്യൻ തന്റെ ഗുരുവിനെ സ്വപ്നത്തിൽ കാണുകയും ചില സംശയങ്ങളെ കുറിച്ച്
ചോദിക്കുകയും ഗുരുനാഥൻ ആ സംശയം തീർത്തുകൊടുക്കുകയും ചെയ്യാറില്ലേ?മകൻ
പിതാവിനെ സ്വപ്നം കാണുകയും സൂക്ഷിച്ച് വെക്കപ്പെട്ട നിധി ഇന്ന
സ്ഥലത്തുണ്ടെന്ന് പിതാവ് മാർഗ്ഗം കാണിച്ച് കൊടുക്കുകയും ചെയ്യാറില്ലേ?
(റാസി.31-30)
മരണപ്പെട്ടവർ
ജീവിച്ചിരിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും എന്നിട്ട് ഈ
ലോകത്തുള്ളവർക്ക് പലതും അറിയിയിച്ച് കൊടുത്തതുമൊക്കെ ധാരാളമായി ഇബ്നുൽ
ഖയ്യിം തന്റെ കിതാബുറൂഹിൽ എടുത്ത് പറഞ്ഞത് സ്മര്യമാണ്‌ഇങ്ങനെ സത്യം
ചെയ്ത് പറഞ്ഞത് എന്തിനു വേണ്ടിയാണെന്ന് ഇവിടെ വിശദീകരിച്ചിട്ടില്ല
നിശ്ചയം നിങ്ങൾ പുനർജ്ജനിപ്പിക്കപ്പെടും എന്നോ സൂർ എന്ന
കാഹളത്തിൽ ഊതപ്പെടുമെന്നോ അന്ത്യ നാൾ ഉണ്ടാവുകതന്നെ ചെയ്യുമെന്നോ ആവാം
അതിന്റെ സാരം ഇതിലേക്കെല്ലാം തുടർന്നുള്ള സൂക്തങ്ങൾ സൂചന
നൽകുന്നുണ്ടെന്നാണ് ഇമാം റാസി(റ) പറയുന്നത് സത്യം ചെയ്യപ്പെട്ട കാര്യം
പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായമുണ്ട്(റാസി 31-32)
يَوْمَ تَرْجُفُ الرَّاجِفَةُ .6
കിടിലം കൊള്ളിക്കുന്നത് കിടിലം കൊള്ളിക്കുന്ന ദിവസം(അതുണ്ടാവും)
അന്ത്യനാളുമായി
ബന്ധപ്പെട്ട കാര്യങ്ങളാണിവിടെ പരാമർശ വിഷയം.അന്ത്യകാലത്തുണ്ടാവുന്നതും
ലോകത്തെ കിടിലം കൊള്ളിക്കുന്നതുമായ സൂർ എന്ന കാഹളത്തിലെ ഒന്നാമത്തെ
ഊത്താണിവിടെ ഉദ്ദേശ്യം ആ ഊത്തോടുകൂടി എല്ലാം നശിക്കുന്നു അത് സംബന്ധമായി
അല്ലാഹു പറയുന്നു
ونفخ فى الصور فصعق من فى السموات ومن فى الأرض الامن شاءالله ثم نفخ فيه أخري فاذاهم قيام ينظرون (الزمر 68
കാഹളത്തിൽ
ഊതപ്പെടും അപ്പോൾ ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ചലനമറ്റവരായിത്തീരും
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ പിന്നീട് അതിൽ മറ്റൊരിക്കൽ ഊതപ്പെടും അപ്പോൾ
അതാ അവർ എഴുന്നേറ്റ് നോക്കുന്നു(സുമർ 68) ഇവിടെ കിടിലം കൊള്ളിക്കുന്നത്
എന്നതിനു ഭൂമിയും പർവ്വതങ്ങളും പോലെ ഉറച്ച് നിൽക്കുന്നവ അന്നേദിവസം
വിറക്കുമെന്നും വിശദീകരണമുണ്ട്(ബൈളാവി 2-565)
7. تَتْبَعُهَا الرَّادِفَةُ
അതിനെ പിന്തുടർന്നുവരുന്നത് തുടർന്നുവരുന്നതാണ്.
സൂർ എന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ് ഇവിടെ ഉദ്ദേശ്യം .അപ്പോൾ എല്ലാവരും പുനർജ്ജനിക്കും സൂറ:സുമറിലെ നേരത്തേ നാം പറഞ്ഞ പിന്നീട് അതിൽ മറ്റൊരിക്കൽ ഊതപ്പെടും എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ് ഈ രണ്ട് ഊത്തുകൾക്കിടയിൽ നാൽപത് വർഷത്തെ ദൈർഘ്യമുണ്ടാവുമെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.(ഖുർ ത്വുബി 19-138)
സൂർ എന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ് ഇവിടെ ഉദ്ദേശ്യം .അപ്പോൾ എല്ലാവരും പുനർജ്ജനിക്കും സൂറ:സുമറിലെ നേരത്തേ നാം പറഞ്ഞ പിന്നീട് അതിൽ മറ്റൊരിക്കൽ ഊതപ്പെടും എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ് ഈ രണ്ട് ഊത്തുകൾക്കിടയിൽ നാൽപത് വർഷത്തെ ദൈർഘ്യമുണ്ടാവുമെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.(ഖുർ ത്വുബി 19-138)
8. قُلُوبٌ يَوْمَئِذٍ وَاجِفَةٌ
അന്നത്തെ ദിവസം ചില ഹൃദയങ്ങൾ പേടിച്ച് വിറക്കുന്നതാണ്.
അന്നേദിനം
കാണുന്ന ചില ഭീതിതമായ സാഹചര്യങ്ങൾ അവിശ്വാസികളുടെ ഹൃദയങ്ങൾക്ക് ഭയങ്കര
ഭയം സമ്മാനിക്കും കാരണം ഇങ്ങനെയൊരു പുനർജ്ജന്മത്തെ പല്ലും നഖവുമുപയോഗിച്ച്
ജീവിതകാലം മുഴുവനും എതിർത്തിരുന്നവരാണവർ ഇപ്പോൾ അത് കൺ മുന്നിൽ
അനുഭവപ്പെടുമ്പോൾ ഭയപ്പെടാതിരിക്കുന്നതെങ്ങിനെ?
9. أَبْصَارُهَا خَاشِعَةٌ
അവയുടെ(ആളുകളുടെ)കണ്ണുകൾ താഴ്മ ചെയ്യുന്നതാണ്‌ഭയമുള്ളവരുടെ അവസ്ഥ അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം എന്ന് സാരം
10. يَقُولُونَ أَئِنَّا لَمَرْدُودُونَ فِي الْحَافِرَةِ
അവർ ചോദിക്കുന്നു നാം ഖബറുകളിൽ ആയിരിക്കെ മുൻ സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവർ തന്നെയാവുമോ?
പുനർജ്ജന്മത്തെ നിഷേധിച്ചിരുന്ന ബഹുദൈവാരാധകർ നബി(സ്വ)യോട് ചോദിച്ചിരുന്നതാണിത്.ഞങ്ങൾ മരിച്ച് ഖബറിൽ വെച്ച് ധ്രവിച്ച് പോയതിനു ശേഷം വീണ്ടും ജനിപ്പിക്കുകയോ ?ഒരിക്കലും അത് സാദ്ധ്യമല്ല എന്ന അർത്ഥത്തിലായിരുന്നു അവരുടെ ചോദ്യം
പുനർജ്ജന്മത്തെ നിഷേധിച്ചിരുന്ന ബഹുദൈവാരാധകർ നബി(സ്വ)യോട് ചോദിച്ചിരുന്നതാണിത്.ഞങ്ങൾ മരിച്ച് ഖബറിൽ വെച്ച് ധ്രവിച്ച് പോയതിനു ശേഷം വീണ്ടും ജനിപ്പിക്കുകയോ ?ഒരിക്കലും അത് സാദ്ധ്യമല്ല എന്ന അർത്ഥത്തിലായിരുന്നു അവരുടെ ചോദ്യം
أَئِذَا كُنَّا عِظَامًا نَّخِرَةً . 11
നാം ജീർണ്ണിച്ച എല്ലുകളായി തീർന്നാലും ?
ജീർണ്ണിച്ച എല്ലുകളെ വീണ്ടും ജനിപ്പിക്കുക സാധ്യമല്ല എന്ന അർത്ഥത്തിലാണിവർ സംസാരിക്കുന്നത്
ജീർണ്ണിച്ച എല്ലുകളെ വീണ്ടും ജനിപ്പിക്കുക സാധ്യമല്ല എന്ന അർത്ഥത്തിലാണിവർ സംസാരിക്കുന്നത്
12. قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
അവർ പറയുന്നു അങ്ങനെയാണെങ്കിൽ നഷ്ടകരമായ ഒരു തിരിച്ചുവരൽ തന്നെയായിരിക്കും
അവർ പരിഹാസപൂർവ്വം പറഞ്ഞിരുന്ന വാക്കാണിത് പക്ഷെസംഗതി സത്യമാണ് അത് അവർക്ക് വൻ നഷ്ടം തന്നെയാണ് സമ്മാനിക്കുകകാരണം ആ ദിവസത്തെ വരവേൽക്കാൻ ഒരു ഒരുക്കവും അവർ നടത്തിയിട്ടില്ലല്ലോ!ഈ ദിനം മറന്ന് ജീവിക്കുന്ന മുസ് ലിംകളും ചിന്തിക്കണം അന്നേദിവസത്തെ സ്വീകരിക്കാൻ താൻ എത്രത്തോളം ഒരുങ്ങിയിട്ടുണ്ടെന്ന്
അവർ പരിഹാസപൂർവ്വം പറഞ്ഞിരുന്ന വാക്കാണിത് പക്ഷെസംഗതി സത്യമാണ് അത് അവർക്ക് വൻ നഷ്ടം തന്നെയാണ് സമ്മാനിക്കുകകാരണം ആ ദിവസത്തെ വരവേൽക്കാൻ ഒരു ഒരുക്കവും അവർ നടത്തിയിട്ടില്ലല്ലോ!ഈ ദിനം മറന്ന് ജീവിക്കുന്ന മുസ് ലിംകളും ചിന്തിക്കണം അന്നേദിവസത്തെ സ്വീകരിക്കാൻ താൻ എത്രത്തോളം ഒരുങ്ങിയിട്ടുണ്ടെന്ന്
13 . فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
എന്നാൽ അത് ഒരേയൊരു ഭയങ്കര ശബ്ദം മാത്രമായിരിക്കും
അല്ലാഹുവിനു
അവരെ പുനർജ്ജനിപ്പിക്കാൻ ഒരു പ്രയാസവുമില്ലെന്നും ഇസ് റാഫീൽ(അ) ന്റെ
രണ്ടാമത്തെ ഊത്തോട് കൂടെ അത് സാധ്യമാകുമെന്നും അറിയിക്കുകയാണിവിടെ അത്
അല്ലാഹുവിനു വളരെ എളുപ്പമത്രെ ആ ഊത്തിനെ പറ്റിയാണ് ഭയങ്കര ശബ്ദം എന്ന്
പറഞ്ഞിരിക്കുന്നത്
فَإِذَا هُم بِالسَّاهِرَةِ . 14.
അപ്പോൾ അവരതാ ഭൂമിക്ക് മുകളിലായിരിക്കുന്നു.
ഖബറിന്റെ ഉള്ളിലായിരുന്ന അവർ പുറത്തേക്ക് വരുന്നതിനെ കുറിച്ചാണ് ഭൂമിക്ക് മുകളിലായിരിക്കുന്നു എന്ന് പറഞ്ഞത് പരലോക ഭൂമിയാണിത് കൊണ്ട് വിവക്ഷ എന്ന അഭിപ്രായത്തെയാണ് ഇമാം റാസി(റ) നെ പോലുള്ളവർ പ്രബലമാക്കിയിട്ടുള്ളത് അവിടെ നിൽക്കുമ്പോഴുണ്ടാവുന്ന ഭയം കാരണത്താൽ ഉറക്കം നഷ്ടപ്പെടുന്നതിനാലാണ് ഈ ساهرة ഉറക്കമില്ലായ്മ പ്രയോഗം വന്നത് എന്ന് ഇമാം റാസി(റ) വിശദീകരിച്ചിട്ടുണ്ട്.
هَلْ أتَاكَ حَدِيثُ مُوسَى .15
(നബിയേ) മൂസാ നബിയുടെ വർത്തമാനം താങ്കൾക്ക് വന്നുവോ?
സീനാ
പർവ്വതത്തിലെ –ഥുവാ- താഴ്‌വരയിൽ വെച്ച് അല്ലാഹു മൂസാനബിയോട് സംസാരിച്ച
കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഖുർആൻ മുമ്പ് പലയിടത്തും ഇത്
വിശദീകരിച്ചിട്ടുണ്ട് പ്രബോധന വീഥിയിൽ പ്രയാസങ്ങളുടെ വേലിയേറ്റം
അനുഭവപ്പെട്ടിരുന്ന നബി(സ്വ) യെ ആശ്വസിപ്പിക്കുകയാണ് അല്ലാഹു. അഥവാ സത്യ
സന്ദേശവുമായി തന്നെ നന്നായി സ്നേഹിച്ചിരുന്ന നാട്ടുകാരുടെ
ഇയടയിലേക്കിറങ്ങിയ നബി(സ്വ) യെ നാട്ടുകാർ അംഗീകരിക്കുന്നതിനു പകരം
കഷ്ടപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിയപ്പോൾ ഈ നിസ്സഹകരണം തങ്ങൾക്ക്
മാത്രമല്ലെന്നും മുൻ കാല നബിമാർക്കും ഇതേപോലുള്ള ദുരനുഭവങ്ങൾ
ധാരാളമുണ്ടായിട്ടുണ്ടെന്നും അറിയിച്ചു കൊണ്ട്
നബി(സ്വ)ആശ്വസിപ്പിക്കുകയാണ് അല്ലാഹു. (ഖുർത്വുബി).
നബി(സ്വ)
തങ്ങളുടെ കാലഘട്ടത്തിലെ ശത്രുക്കളേക്കാൾ പ്രബലനായിരുന്ന ഫറോവയുടെ
സ്വാധീനവും കഴിവുകളും ഉപയോഗിച്ച് മൂസാ(അ) നെതിരെ എന്തൊക്കെ ക്രൂരത അവൻ
കാട്ടിയിട്ടുണ്ട് എന്നത് ചിന്തിച്ച് ആശ്വാസം കണ്ടെത്താനാണ് ഈ പരാമർശം
മൂസാ (അ) നെ ദ്രോഹിച്ച ഫറോവയെ അല്ലാഹു പാഠം പഠിപ്പിച്ച പോലെ തങ്ങളെ
കഷ്ടപ്പെടുത്തിയ ശത്രുക്കൾക്കും അർഹമായ ശിക്ഷ ലഭിക്കും എന്ന് ഈ സൂക്തങ്ങൾ
സൂചിപ്പിക്കുന്നു(റാസി 31-36)
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى .16
അതായത് 'ഥുവാ' എന്ന പരിശുദ്ധ താഴ്‌വരയിൽ വെച്ച് തന്റെ റബ്ബ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം(ഉള്ള വർത്തമാനം)
ഥൂർ പർവ്വതം എന്നത് ധാരാളം ചരിത്രങ്ങൾ പറയാനുള്ള സീനാ മലയാണ് അതിന്റെ താഴ്‌വരയാണ് 'ഥുവാ' എന്നത്
കൊണ്ട് ഉദ്ദേശിക്കുന്നത്. ഥുവായിൽ വെച്ച് മൂസാ(അ)നോട് അല്ലാഹു നടത്തിയ
സംഭാഷണവും അവിടെ നടന്ന മറ്റ് കാര്യങ്ങളും ത്വാഹാ സൂറത്തിന്റെ 9മുതൽ 36
കൂടിയ സൂക്തങ്ങളിൽ അല്ലാഹു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അത്
നമുക്കിങ്ങനെ വായിക്കാം മൂസാ(അ)ന്റെ വർത്തമാനം തങ്ങൾക്ക് വന്നുവോ?
അതായത്
അദ്ദേഹം ഒരു തീകണ്ട സന്ദർഭം! അപ്പോൾ തന്റെ കുടുംബത്തോട് മൂസാ(അ) പറഞ്ഞു
നിങ്ങൾ ഇവിടെ നിൽക്കുക ഞാനൊരു തീ കണ്ടിരിക്കുന്നു ഞാൻ നിങ്ങൾക്ക് അതിൽ
നിന്ന് തീക്കൊള്ളി(കത്തിച്ചെടുത്ത്)കൊണ്ട് വരാം അല്ലെങ്കിൽ ആ തീയുടെ
അടുത്ത് വെച്ച് ഒരു വഴികാട്ടിയെ കണ്ടേക്കാം. അങ്ങനെ മൂസാ(അ) അതിനടുത്ത്
ചെന്നപ്പോൾ ഇപ്രകാരം വിളിച്ച് പറയപ്പെട്ടു ( 'ഹേ മൂസാ!ഞാൻ നിന്റെ രക്ഷിതാവാണ് ആകയാൽ താങ്കൾ താങ്കളുടെ രണ്ട് ചെരിപ്പുകൾ അഴിച്ച് വെക്കുക നിശ്ചയം താങ്കൾ ത്വുവാ
എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. എന്റെ ദൗത്യത്തിനും സമ്പാഷണത്തിനും
താങ്കളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു അതിനാൽ ബോധനം നൽകപ്പെടുന്നതിനെ
ശ്രദ്ധിച്ച് കേൾക്കുക നിശ്ചയം ഞാൻ തന്നെയാണ് അല്ലാഹു ഞാൻ മാത്രമാണ്
ആരധ്യൻ! അത്കൊണ്ട് താങ്കൾ എന്നെ മാത്രം ആരാധിക്കുക എന്നെ
സ്മരിക്കുന്നതിന്നായി നിസ്ക്കാരം നിലനിർത്തുകയും ചെയ്യുകനിശ്ചയം അന്ത്യ നാൾ
വരുന്നതാണ് ഓരോ ആളുകൾക്കും താൻ പരിശ്രമിക്കുന്നതിനു പ്രതിഫലം
നൽകപ്പെടുന്നതിന്നായി ഞാൻ അത് ഗോപ്യമായി വെക്കുന്നതാണ്. അതിനാൽ അതിൽ
വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്യുന്നവർ അതിൽ
നിന്ന് താങ്കളെ തടയാതിരിക്കട്ടെ (തടഞ്ഞാൽ)താങ്കൾ നാശമടയും. താങ്കളുടെ വലതു
കയ്യിൽ എന്താണ് മൂസാ?(അല്ലാഹു ചോദിച്ചു)അദ്ദേഹം പറഞ്ഞു അത് എന്റെ
വടിയാകുന്നു അതിനുമേൽ ഞാൻ (ആശ്വാസത്തിനായി)ഊന്നുകയും ആടുകൾക്ക് (ഇല)തച്ച്
കൊഴിച്ച് കൊടുക്കുകയും ചെയ്യും അതിൽ വേറെയും ഉപയോഗങ്ങളുണ്ട്. അല്ലാഹു
പറഞ്ഞു അത് (വടി) ഇടുക മൂസാ! അങ്ങനെ അദ്ദേഹം അത് ഇട്ടു .അപ്പോൾ അത്
ഓടുന്ന ഒരു പാമ്പായിരിക്കുന്നു! അല്ലാഹു പറഞ്ഞു അതിനെ പിടിക്കുക
പേടിക്കണ്ട. നാം അതിനെ ആദ്യ സ്ഥിതിയിൽ തന്നെ ആക്കിതീർക്കും. താങ്കളുടെ കൈ
പാർശ്വത്തിലേക്ക് ചേർത്ത് വെക്കുക എന്നാലതു യാതൊരു ദൂഷ്യവും
കൂടാതെ-വേളുത്തതായി പുറത്ത് വരും മറ്റൊരു ദൃഷ്ടാന്തമെന്ന നിലക്ക് നമ്മുടെ
വലിയ ദൃഷ്ടാന്തങ്ങളിൽ നിന്ന് ചിലത് താങ്കൾക്ക് കാണിച്ചു തരാൻ
വേണ്ടിയത്രെ. ഇത് നീ ഫിർഔനിന്റെ അടുത്തേക്ക് പോവുക നിശ്ചയം അവൻ
അതിക്രമിയായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു അല്ലാഹുവേ എന്റെ ഹൃദയം എനിക്ക്
നീ വിശാലമാക്കിത്തരേണമേ!. എന്റെ കാര്യം എനിക്ക് എളുപ്പമാക്കിത്തരികയും
ചെയ്യേണമേ! എന്റെ നാവിൽ നിന്നു നീ കെട്ടഴിച്ച് തരികയും ചെയ്യേണമേ! എന്നാൽ
അവർ എന്റെ വാക്ക് ഗ്രഹിച്ച് കൊള്ളും എന്റെ കുടുംബത്തിൽ നിന്ന് എനിക്കൊരു
സഹായിയെ നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ!അതായത് എന്റെ സഹോദരൻ ഹാറൂനിനെ!
ഹാറൂൻ(അ)യെക്കൊണ്ട് എന്റെ എന്റെ ശക്തി നീ ഉറപ്പിച്ച് തരേണമേ! എന്റെ
കൃത്യനിർവ്വഹണകാര്യത്തിൽ അവനെയും നീ പങ്ക് ചേർത്ത് തരേണമേ!ഞങ്ങൾ നിനക്ക്
ധാരാളമായി (നിന്റെ) പരിശുദ്ധിയെ പ്രകീർത്തനം ചെയ്യാനും ഞങ്ങൾ നിന്നെ
അധികമായി സ്മരിക്കാനും വേണ്ടി. നിശ്ചയം നീ ഞങ്ങളെ പറ്റി
കണ്ടറിയുന്നവനാകുന്നു!അല്ലാഹു പറഞ്ഞു. താങ്കൾ ചോദിച്ചത്
നൽകപ്പെട്ടിരിക്കുന്നു മൂസാ! )
ഇത്രയുമാണാ സംഭവം അതിലെ ഏതാനും കാര്യങ്ങളാണ് ഇവിടെ അല്ലാഹു സൂചിപ്പിക്കുന്നത്
اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى 17
താങ്കൾ ഫറോവയുടെ അടുക്കലേക്ക് പോവുക നിശ്ചയമായും അവൻ (ധിക്കാരത്തിൽ) അതിരു കവിഞ്ഞിരിക്കുന്നു.
പരിധി ലംഘിക്കുക എന്നാണ് ത്വുഗ്‌യാൻ
എന്ന് പറഞ്ഞാൽ. എന്തിലാണവൻ പരിധി ലംഘിച്ചത് എന്ന് ഇവിടെ
വ്യക്തമാക്കപ്പെട്ടില്ല അത് കൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ ഇവിടെ രണ്ട്
അഭിപ്രായക്കാരാണ് (1) അല്ലാഹുവിന്റെ മേൽ അഹങ്കരിക്കുകയും അവനെ
നിഷേധിക്കുകയും ചെയ്തു എന്നാണ് ഒരു പക്ഷം (2) ബനൂ ഇസ്രയേലിനോട് അതിക്രമം
കാണിച്ച് എന്ന് മറ്റൊരു പക്ഷം. രണ്ടും ഉദ്ദേശ്യമാണെന്നാണ് എന്റെ പക്ഷം!
അഥവാ അല്ലാഹുവിനെ നിഷേധിക്കുക വഴി അല്ലാഹുവോടും സൃഷ്ടികളെ അടിമകളാക്കി
തന്നെ ആരാധിപ്പിച്ച വകയിൽ സൃഷ്ടികളോടും അവൻ അഹങ്കാരം കാണിച്ചു (റാസി31-37)
18 فَقُلْ هَل لَّكَ إِلَى أَن تَزَكَّى
എന്നിട്ട്(ഇങ്ങനെ ചോദിക്കുക)പരിശുദ്ധി പ്രാപിക്കുന്നതിനു നിനക്ക് ഒരുക്കമുണ്ടോ?
وَأَهْدِيَكَ إِلَى رَبِّكَ فَتَخْشَى 19
രക്ഷിതാവിങ്കലേക്ക് ഞാൻ നിന്നെ വഴി കാണിക്കുകയും അങ്ങനെ നീ അവനെ വഴിപ്പെടുകയും ചെയ്യുവാൻ നീ ഒരുക്കമുണ്ടോ?
നിന്റെ
ഇപ്പോഴുള്ള അഹങ്കാരം മാറ്റിവെച്ച് നന്നാവാനുള്ള ഒരു വഴിയുമായാണ് ഞാൻ
വന്നതെന്നും നന്നാവാൻ ഒരുക്കമാണോ എന്നും ആണ് ചോദ്യം. നന്നാവാൻ നീ
തീരുമാനിക്കുന്നുവെങ്കിൽ അല്ലാഹുവേക്കുറിച്ച് നിനക്ക് ഭക്തിയുണ്ടാവാൻ
ആവശ്യമായതൊക്കെ ഞാൻ കാണിച്ച് തരാം എന്നാണ് മൂസാ(അ)പറയുന്നത്
فَأَرَاهُ الْآيَةَ الْكُبْرَى 20
അങ്ങനെ അദ്ദേഹം(മൂസാനബി) അവന്നു വമ്പിച്ച (ആ) ദൃഷ്ടാന്തം കാണിച്ച് കൊടുത്തു
അല്ലാഹുവിനെഅനുസരിക്കുന്നതിനും മുമ്പ് ആവശ്യമാണ് അവനെക്കുറിച്ചുള്ള അറിവ് എന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. അത് കൊണ്ടാണ് വഴികാണിക്കാം എന്നതിനു ശേഷം മാത്രം അല്ലാഹുവിനെ ഭയപ്പെടുന്ന വിഷയം പറഞ്ഞത് അത് പോലെ ഭയം ഉണ്ടാവാൻ അറിവ് കൂടാതെ കഴിയില്ലെന്നും വ്യക്തമായി അത് കൊണ്ടാണ് അല്ലാഹു തന്നെ പറഞ്ഞത് നിശ്ചയം അല്ലാഹുവിനെ കുറിച്ച് അറിയുന്നവർ മാത്രമാണ് അവനെ ഭയപ്പെടുന്നവർ (സൂറ:ഫാതിർ 28)
അല്ലാഹുവിനെഅനുസരിക്കുന്നതിനും മുമ്പ് ആവശ്യമാണ് അവനെക്കുറിച്ചുള്ള അറിവ് എന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. അത് കൊണ്ടാണ് വഴികാണിക്കാം എന്നതിനു ശേഷം മാത്രം അല്ലാഹുവിനെ ഭയപ്പെടുന്ന വിഷയം പറഞ്ഞത് അത് പോലെ ഭയം ഉണ്ടാവാൻ അറിവ് കൂടാതെ കഴിയില്ലെന്നും വ്യക്തമായി അത് കൊണ്ടാണ് അല്ലാഹു തന്നെ പറഞ്ഞത് നിശ്ചയം അല്ലാഹുവിനെ കുറിച്ച് അറിയുന്നവർ മാത്രമാണ് അവനെ ഭയപ്പെടുന്നവർ (സൂറ:ഫാതിർ 28)
ഭയമാണ് എല്ലാ നന്മയുടെയും
നാരായ വേര് എന്നും അല്ലാഹുവിനെ ഭയപ്പെടുന്നവരിൽ നിന്ന് നന്മകൾ മാത്രമേ
ഉണ്ടാവുകയുള്ളൂ എന്ന് ഇതിൽ നിന്ന് വ്യക്തം !(റാസി31-38/39)
മൂസാ(അ)
കാണിച്ച് കൊടുത്ത വലിയ രണ്ട് ദൃഷ്ടാന്തങ്ങൾ വടി നിലത്തിട്ട്
പാമ്പാക്കലും കൈ പാർശ്വത്തിലേക്ക് വെച്ച് പുറത്തേക്കെടുത്താൽ
പ്രകാശിക്കുന്നതുമായിരുന്നു.
21 فَكَذَّبَ وَعَصَى
അപ്പോൾ അവൻ നിഷേധിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തു
ثُمَّ أَدْبَرَ يَسْعَى 22
പിന്നീട് അവൻ (മൂസാ നബിക്കെതിരിൽ)പരിശ്രമിക്കുന്നവനായിക്കൊണ്ട് പിന്തിരിഞ്ഞു പോയി
فَحَشَرَ فَنَادَى 23
അങ്ങനെ അവൻ (തന്റെ ജനങ്ങളെ) ഒരുമിച്ച്കൂട്ടി എന്നിട്ടവൻ വിളിച്ചു(പ്രഖ്യാപിച്ചു)
فَقَالَ أَنَا رَبُّكُمُ الْأَعْلَى 24
എന്നിട്ടവൻ പറഞ്ഞു ഞാനാണ് നിങ്ങളുടെ സമുന്നതനായ രക്ഷിതാവ്!
മൂസാ
(അ) കാണിച്ച തെളിവുകൾ അംഗീകരിക്കുന്നതിനു പകരം അവൻ ഇത് ജാല വിദ്യയാണെന്ന്
പറഞ്ഞു തള്ളിക്കളയുകയും നിങ്ങൾക്ക് ഞാനല്ലാതൊരു രക്ഷിതാവില്ലെന്ന്
പറഞ്ഞ് അഹങ്കരിക്കുകയും ഇതിനു വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുകയും
ചെയ്തു അവൻ!
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَى 25
അപ്പോൾ അല്ലാഹു അവനെ പരലോകത്തിന്റെയും ഇഹലോകത്തിന്റെയും ശിക്ഷാനടപടിയായി അല്ലാഹു അവനെ ശിക്ഷിച്ചു.
ചെങ്കടലിൽ ഫറോവയെ മുക്കിക്കൊന്നത് ഇഹലോകത്ത് അവന്ന് ലഭിച്ച ശിക്ഷയാണെങ്കിൽ പരലോകത്ത് കത്തി എരിയുന്ന നരകം അവനെ കാത്തിരിക്കുന്നു!
إِنَّ فِي ذَلِكَ لَعِبْرَةً لِّمَن يَخْشَى 26
നിശ്ചയം ഭയപ്പെടുന്നവർക്ക് അതിൽ ഒരു വലിയ പാഠമുണ്ട്.
മനുഷ്യൻ
എത്ര തന്നെ സ്വാധീനമുള്ളവനായാലും അല്ലാഹുവിനെ വെല്ലുവിളിക്കുന്നതും
നിരാകരിക്കുന്നതും തെറ്റ് തന്നെ!ഫറോവയുടെ ദാരുണ മരണം
ചിന്താശേഷിയുള്ളവരുടെയെക്കെ മനസ്സിൽ അല്ലാഹുവോടുള്ള ഭയത്തിന്റെ ശക്തമായ
പ്രതിഫലനം ഉണ്ടാക്കും എന്ന് സാരം!
27. أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاء بَنَاهَا
സൃഷ്ടിക്കപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് നിങ്ങളാണോ? അതോ ആകാശമോ? അതിനെ അവൻ നിർമ്മിച്ചിരിക്കുന്നു.
28.رَفَعَ سَمْكَهَا فَسَوَّاهَا
അതിന്റെ വിതാനം അവൻ ഉയർത്തുകയും അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു
29. وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു
30. وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا
അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു
31.أَخْرَجَ مِنْهَا مَاءهَا وَمَرْعَاهَا
അതിൽ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്ത് കൊണ്ട് വരികയും ചെയ്തിരിക്കുന്നു
32.وَالْجِبَالَ أَرْسَاهَا
പർവ്വതങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു
33.مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങൾക്കും നിങ്ങളുടെ കന്ന് കാലികൾക്കും ഉപയോഗത്തിനായിട്ട്
മഹാനായ
മൂസാ(അ)നെതിരെ അഹങ്കാരത്തിന്റെ നിലപാടുമായി രംഗത്ത് വന്ന ഫറോവയെ അല്ലാഹു
നശിപ്പിച്ചതിൽ നിന്നു പാഠമുൾക്കൊള്ളാനുള്ള നിർദ്ദേശത്തിനു ശേഷം
പുനർജ്ജന്മത്തെ നിഷേധിച്ചിരുന്ന മക്കാമുശ്‌രിക്കുകളുൾപ്പെടെയുള്ളവരുടെ
നിലപാടിനെതിരിൽ തെളിവു നിരത്തുകയാണ് അല്ലാഹു! അതായത് മക്കാ മുശ്‌രിക്കുകൾ
ചോദിച്ചിരുന്നത് ദ്രവിച്ച എല്ലുകൾക്ക് വീണ്ടും ജീവൻ കൊടുക്കാൻ
അല്ലാഹുവിനു എങ്ങനെ സാധിക്കും എന്നായിരുന്നുവല്ലോ അല്ലാഹുവിന്റെ മറുപടി
വളരെ വ്യക്തമാണ് ഇമാം റാസി(റ) എഴുതുന്നു..,,അവരുടെ അനുഭവത്തിലുള്ള ഒരു
കാര്യം അല്ലാഹു അവരെ ഉണർത്തുന്നു. അഥവാ മനുഷ്യൻ അവൻ ആകാശവുമായി തുലനം
ചെയ്താൽ വളരെ ചെറിയൊരു സൃഷ്ടിയാണ് ഇത്രയും വലിയ ആകാശം സൃഷ്ടിക്കാൻ
സാധിക്കുന്ന അല്ലാഹുവിനു ബലഹീനനും വളരെ ചെറിയവനുമായ മനുഷ്യനെ ഒന്നു കൂടി
മടക്കി സൃഷ്ടിക്കാൻ വല്ല പ്രയാസവുമുണ്ടോ? ഒരിക്കലുമില്ല ആസ്ഥിതിക്ക്
എങ്ങനെയാണിവർ പുനർജ്ജന്മത്തെ നിഷേധിക്കുന്നത് എന്നാണ് അല്ലാഹു
ചോദിക്കുന്നത് ഇതേ ആശയം സൂചിപ്പിക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം ഉദാ: സൂറ:യാസീൻ 81, സൂറ:ഗാഫിർ.57. (റാസി 31/41)
അതിനു ശേഷം പറഞ്ഞ ഓരോ കാര്യവും പ്രകൃതിയിൽ അവർക്കു കൂടി കാണാൻ
കഴിയുന്നവയാണ് ഇതെല്ലാം നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും
ഉപകാരത്തിനായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു എന്നിട്ടും ഇതെല്ലാം ചെയ്തു
തരുന്ന അല്ലാഹുവിനു നിങ്ങൾക്കു മറ്റൊരു ജീവിതം പുനർജ്ജന്മത്തിലൂടെ നൽകുവാൻ
സാധിക്കില്ലെന്നും പുനർജ്ജന്മം യാഥാർത്ഥ്യമാക്കുവാനായി മറ്റൊരു ലോകം
സംവിധാനിക്കാനും അല്ലാഹുവിനു കഴിയില്ലെന്നു വാദിക്കുന്നത് എന്തു മാത്രം
ധിക്കാരമല്ല എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണിവിടെ!
34 . فَإِذَا جَاءتِ الطَّامَّةُ الْكُبْرَى
എന്നാൽ ഏറ്റവും വലിയ ആ വിപത്തു വന്നാൽ
35. يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَى
അതായത് താൻ പ്രവർത്തിച്ചു വെച്ചതിനെ കുറിച്ച് മനുഷ്യൻ ഓർക്കുന്ന ദിനം
36.وَبُرِّزَتِ الْجَحِيمُ لِمَن يَرَى
നോക്കി കാണുന്നവർക്ക് (കാണുവാൻ)വേണ്ടി കത്തിജ്ജ്വലിക്കുന്ന നരകം വെളിവാക്കപ്പെടുകയും ചെയ്യുന്ന ദിവസം!
നേരിടാൻ
സാദ്ധ്യമല്ലാത്ത ഏത് വിഷമങ്ങൾക്കും വിപത്തുകൾക്കും ത്വാമ്മ:എന്ന് അറബികൾ
പറയും ഇവിടെ പറയുന്നത് വലിയ വിപത്തിനെ കുറിച്ചു തന്നെയാണ് എന്നാൽ അതു
കൊണ്ട് ഉദ്ദേശ്യം എന്താണെന്ന വിഷയത്തിൽ വ്യാഖ്യാതാക്കൾക്ക് വിവിധ
അഭിപ്രായങ്ങളുണ്ട് അന്ത്യ നാളാണെന്നും ഇസ്‌റാഫീൽ (അ)ന്റെ രണ്ടാമത്തെ
ഊത്താണെന്നും ഓരോരുത്തരും അവരവരുടെ ജീവിതം ഒപ്പിയെടുത്ത ഗ്രന്ഥം
വായിക്കുന്ന ദിനമാണെന്നും ചിലരെ സ്വർഗ്ഗത്തിലേക്കും മറ്റു ചിലരെ
നരകത്തിലേക്കും കൊണ്ട് പോകുന്ന ദിനമാണെന്നും അഭിപ്രായമുണ്ട് തുടർന്ന്
ആദിനത്തിന്റെ ഒരു പ്രത്യേകത അല്ലാഹു അറിയിക്കുകയാണ് എല്ലാം മറന്ന് പോകുന്ന
വിപത്തിന്റെ ആ ദിനത്തിൽ പക്ഷെ ആരും മറക്കാതെ ഓർക്കുന്ന ഒന്നുണ്ട്. താൻ
ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ! ഇമാം റാസി(റ) പറയുന്നു. ക്രോഡീകൃതമായ ഗ്രന്ഥം
കാണുമ്പോഴാണ് താൻ ചെയ്ത കാര്യങ്ങൾ അവൻ ഓർക്കുക(അതൊക്കെ അവൻ സൗകര്യ പൂർവ്വം
മറന്നു പോയതായിരുന്നു...(റാസി 31/47) ആ ദിനത്തിലെ മറ്റൊരു അവസ്ഥയാണ് നരകം
വെളിവാക്കപ്പെടുക എന്നത് എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിലാണ്
നരകം വെളിവാക്കപ്പെടുന്നതെങ്കിലും അതിൽ വിഭ്രാന്തിയുണ്ടാവുന്നത്
അവിശ്വാസികൾക്കായിരിക്കും. വിശ്വാസികൾക്ക് അല്ലാഹു സമാധാനം നൽകുമെന്ന്
സാരം!
37. فَأَمَّا مَن طَغَى
അപ്പോൾ ഏതൊരാൾ (ധിക്കാരത്തിൽ) അതിരു വിട്ടുവോ
38. وَآثَرَ الْحَيَاةَ الدُّنْيَا
ഭൗതിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്തുവോ
39. فَإِنَّ الْجَحِيمَ هِيَ الْمَأْوَى
നരകം തന്നെയാണ് അവന്റെ സങ്കേതം തീർച്ച!
40. وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى
അപ്പോൾ ഏതൊരാൾ തന്റെ റബ്ബിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയിൽ നിന്ന് തടയുകയും ചെയ്തുവോ
41. فَإِنَّ الْجَنَّةَ هِيَ الْمَأْوَى
നിശ്ചയം സ്വർഗം തന്നെയാണ് അവന്റെ സങ്കേതം
ഈ ദിനത്തിന്റെ അവസ്ഥ വിശദീകരിച്ച അല്ലാഹു ആ ദിനത്തിൽ ഒത്തു കൂടിയവരെ രണ്ടായി ഭാഗിക്കുന്നു വിജയികളും പരാജയപ്പെട്ടവരും എന്നിങ്ങനെ! പരാചയപ്പെട്ടവർക്ക് രണ്ട് ലക്ഷണങ്ങളാണ് ഇവിടെ അല്ലാഹു പറയുന്നത് ഒന്ന് അതിരു കവിയൽ രണ്ട് ഐഹിക പ്രേമം.
ഇമാം റാസി(റ) എഴുതുന്നു. ഏതൊരു മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ചിന്താപരമായ
കുഴപ്പവും പ്രവർത്തനപരമായ കുഴപ്പങ്ങളും കടന്നു വരുന്നുവോ അവിടെയാണീ
ദുരവസ്ഥയുണ്ടാകുന്നത് .അതായത് അല്ലാഹുവിന്റെ അജയ്യതയും തന്റെ
നിസ്സാരതയേയും കുറിച്ച് ബോധമുള്ള മനുഷ്യനാണെങ്കിൽ ഒരിക്കലും അവൻ
അല്ലാഹുവിന്റെ കൽപനകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകില്ല അപ്പോൾ
യാഥാർത്ഥ്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും ധിക്കരിക്കുന്നതിൽ അതിരു
കവിയുന്നവൻ ചിന്താപരമായ മരവിപ്പ് ബാധിച്ചവൻ തന്നെ. മറ്റൊന്ന് ഐഹിക
ജീവിതത്തിനു അതർഹിക്കുന്നതിൽ കവിഞ്ഞ് പ്രാധാന്യം നൽകുന്നവർ ക്ഷണികമായ
ദുനിയാവിന്റെ സന്തോഷത്തിനായി അനന്തമായ പരലോകം കളഞ്ഞ് കുളിക്കുന്നവർ കർമ്മ
പരമായ അപദ്ധം ബാധിച്ചവരാണ് നബി(സ) പറയുന്നു ദുനിയാവിനെ സ്നേഹിക്കലാണ്
എല്ലാ തെറ്റിന്റെയും അടിസ്ഥാനം. അപ്പോൾ ഈ രണ്ട് വിശേഷണങ്ങളുള്ളവൻ
കുഴപ്പങ്ങളുടെ മൂർദ്ധന്യത്തിലേക്ക് കുതിക്കുകയും ശാശ്വത നരകം ഏറ്റ്
വാങ്ങേണ്ടി വരികയും ചെയ്യും ...(റാസി 31/48)
രണ്ടാമത്തെ വിഭാഗം വിജയികളാണ് അവരുടെ സ്വഭാവം അല്ലാഹു പറയുന്നത് നാഥന്റെ സ്ഥാനത്തെ ഭയപ്പെടുന്നവരും ഇച്ഛയിൽ നിന്ന് മനസ്സിനെ തടയുകയും ചെയ്തവർ
എന്നാണ് നാഥന്റെ സ്ഥാനം എന്താണെന്നതിൽ വ്യാഖ്യാതാക്കൾ പറയുന്നത്
വിചാരണക്ക് വേണ്ടി അല്ലാഹുവിന്റെ കോടതിയിൽ നിൽക്കലാണെന്നാണ് ദോഷങ്ങളിൽ
ചെന്ന് പെടാൻ അവസരമുണ്ടാവുമ്പോൾ അല്ലാഹുവിനെ ഭയപ്പെട്ട് അതിൽ നിന്നു
(ഭൂമിയിൽ വെച്ച് ഒഴിഞ്ഞു നിന്നിരുന്ന അവസ്ഥയാണുദ്ദേശ്യം എന്നും മറ്റും)
അഭിപ്രായമുണ്ട്. ദേഹേച്ഛക്ക് വഴിപ്പെടുന്നവരെ അത് തിന്മയിലേക്ക്
നയിച്ചു കൊണ്ടേയിരിക്കും എന്നാൽ അല്ലാഹുവിന്റെ മഹത്വം ഓർക്കുകയും വിചാരണയെ
ഭയപ്പെടുകയും ചെയ്താൽ അത് മനുഷ്യനെ കൂടുതൽ നന്നാക്കും. മഹാനായ
അബ്ദുള്ളാഹിബിൻ മസ്‌ഊദ്(റ) പറയാറുണ്ട്. നിങ്ങൾ ജീവിക്കുന്ന ഈ കാലം
സത്യത്തിലേക്ക് ഇച്ഛയെ വലിച്ചു കൊണ്ട് വരുന്ന കാലമാണ് എന്നാൽ ഒരു കാലം
വരാനിരിക്കുന്നു അന്ന് ഇച്ഛ സത്യത്തെ തന്റെ ചൊൽപടിക്ക് നിർത്തും ആ
ആകാലത്തെ തൊട്ട് അല്ലാഹുവിൽ ശരണം(ഖുർത്വുബി.19/146) ദേഹേച്ഛയിൽ നിന്ന്
ശരീരത്തേയും മനസിനെയും തടയുന്നവർക്കല്ലാതെ സ്വകാര്യതയിൽ ദോഷബാധയെ
സൂക്ഷിച്ച് പിന്മാറാൻ സാദ്ധ്യമല്ല! മഹാനായ അബൂബക്കർ(റ) സാധാരണ തന്റെ
വേലക്കാരൻ ഭക്ഷണം കൊണ്ട് വരുമ്പോൾ എവിടെ നിന്നാണ് ഇത് എന്ന്
ചോദിക്കാറുണ്ട്. ഒരു ദിവസം ചോദിച്ചില്ല .വേലക്കാരൻ ചോദിച്ചു. ഇന്നത്തെ
ഭക്ഷണം എവിടെ നിന്നാണെന്ന് എന്താണ് അങ്ങ് ചോദിക്കാതിരുന്നത്?
സിദ്ദീഖ്(റ) ചോദിച്ചു എവിടെ നിന്നാണിത്? വേലക്കാരൻ പറഞ്ഞു ഞാൻ അജ്ഞാത
കാലത്ത് ജോത്സ്യപ്പണിയെടുത്തിരുന്നു (എനിക്കതൊന്നും അറിയുകയില്ലായിരുന്നു)
അതിൽ നിന്ന് ലഭിച്ച പൈസകൊണ്ടാണ് ഈ ഭക്ഷണം വാങ്ങിയത്. ഇതു കേട്ടയുടൻ
അല്ലാഹുവിനെ ഭയപ്പെട്ട സിദ്ദീഖ്(റ) വായയിൽ കൈയിട്ട് ചർദ്ധിച്ച് ആ
ഭക്ഷണത്തിന്റെ അവശിഷ്ടം മുഴുവനും പുറത്ത് കളഞ്ഞു എന്നിട്ടും മഹാനവർകൾ
ഇനിയും വല്ലതും ഞരമ്പിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അല്ലാഹുവേ അത് നീ തടഞ്ഞു
വെച്ചതാണ് എന്ന് പറഞ്ഞു വിഷമിച്ചു. ഇതു പോലെ ധാരാളം കുറ്റങ്ങളുമായി
ബന്ധപ്പെട്ട് പല മഹാന്മാരും കരഞ്ഞിട്ടുണ്ട് അതെല്ലാം ഈ ആയത്തിന്റെ
ഉദ്ദേശ്യത്തിൽ വരുന്നതാണ് കൽബി പറഞ്ഞതായി ഖുർത്വുബി
പറയുന്നു.സ്വകാര്യത്തിൽ ഒരു തെറ്റ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും
ലഭിച്ചിട്ടും അല്ലാഹുവിനെ ഭയപ്പെട്ട് ആ തെറ്റ് ഒഴിവാക്കുന്നവരെ പറ്റിയാണീ
സൂക്തം(ഖുർത്വുബി 19/147)അല്ലാഹു സൂക്ഷ്മതയുള്ള ജീവിതത്തിനു നമുക്ക്
തൗഫീഖ് നൽകട്ടെ ആമീൻ
42. يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
നബിയേ! അന്ത്യ ഘട്ടത്തെ കുറിച്ച് -അതെപ്പോഴാണ് സംഭവിക്കുക എന്നവർ തങ്ങളോട് ചോദിക്കുന്നു
43. فِيمَ أَنتَ مِن ذِكْرَاهَا
അത് പറഞ്ഞ് കൊടുക്കുന്നതിനെ സംബന്ധിച്ച് എന്ത് നിലയിലാണ് തങ്ങൾ ഉള്ളത്
അഥവാ
അത് പരിഹാസപൂർവ്വം അവർ ചോദിക്കുന്നതാണെന്നും അതിന്റെ സമയം പറഞ്ഞ്
കൊടുത്താലും അവർക്ക് വഴികേടല്ലാതെ അത് വർദ്ധിപ്പിക്കില്ല ബൈളാവി2/567)
44. إِلَى رَبِّكَ مُنتَهَاهَا
അതിന്റെ കലാശം താങ്കളുടെ രക്ഷിതാവിങ്കലേക്കാകുന്നു(അത് അവന്ന് മാത്രമേ അറിഞ്ഞു കൂടൂ)
45. إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا
നിശ്ചയമായും അതിനെ ഭയപ്പേടുന്നവനെ തക്കീത് ചെയ്യുന്ന ആൾ മാത്രമാണ് തങ്ങൾ
46. كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
അതിനെ അവർ കാണുന്ന ദിവസം ഒരു സായാഹ്ന സമയമോ അതിന്റെ പൂർവ്വാഹ്ന സമയമോ അല്ലാതെ അവർ (ഇഹത്തിൽ)താമസിച്ചിട്ടില്ലെന്ന് അവർക്ക് തോന്നും (അത്രയും ഭയങ്കരമായിരിക്കും അത്)
അന്ത്യ
നാളിനെ കുറിച്ച് ഖുർആൻ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട് എന്നാൽ
അതിന്റെ തിയതിയാണ് നിഷേധികൾ നബി(സ്വ)യോട് ചോദിക്കുന്നത് അതിനു മറുപടി
തിയതി പറയാൻ എനിക്കറിയില്ലെന്നും അല്ലാഹു നിശ്ചയിച്ച സമയത്ത് അവൻ അത്
സംഭവിപ്പിക്കുമെന്നും അന്നേ ദിവസത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്
നിങ്ങളുടെ ബാദ്ധ്യത എന്ന് മുന്നറിയിപ്പ് നൽകലാണ് അല്ലാഹു എന്നെ ഏൽപ്പിച്ച
ഉത്തരവാദിത്ത്വമെന്നും അവരോട് നബി(സ) പറയാൻ
കൽപ്പിക്കപ്പെട്ടിരിക്കുകയാണ്. ആ ദിനത്തിന്റെ ഭയാനകത കാണുമ്പോൾ ഭൂമിയിൽ
ജീവിച്ചത് ഒരു രാത്രിയോ /പകലോ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്ന്
തോന്നിപ്പോകുമാർ അവർ പേടിച്ച് പോകും എന്നാണിവിടെ ഉണർത്തുന്നത്
അവസാനമില്ലാത്തൊരു ജീവിതത്തിന്റെ ആരംഭവുമായിരിക്കും അന്ത്യനാൾ .
അല്ലാഹു ആദിനത്തിൽ രക്ഷപ്പെടുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ.. ആമീൻ
No comments:
Post a Comment
Note: only a member of this blog may post a comment.