بسم الله الرحمن الرحيم
പരമ കാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. وَيْلٌ لِّلْمُطَفِّفِينَ
(അളവിലും തൂക്കത്തിലും) കുറവു വരുത്തുന്നവർക്ക് മഹാനാശം!
2. الَّذِينَ إِذَا اكْتَالُواْ عَلَى النَّاسِ يَسْتَوْفُونَ
അതായത് അവർ ജനങ്ങളോട് അളന്ന് വാങ്ങുന്നതായാൽ അവർ (അളവ്) പൂർത്തിയാക്കിയെടുക്കും
3. وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
അവർ (ജനങ്ങൾക്ക്)അങ്ങോട്ട് അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാൽ അവർ ജനങ്ങൾക്ക് നഷ്ടം വരുത്തും
4. أَلَا يَظُنُّ أُولَئِكَ أَنَّهُم مَّبْعُوثُونَ
തങ്ങൾ മരണാനന്തരം എഴുന്നേൽപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ?
5. لِيَوْمٍ عَظِيمٍ
വമ്പിച്ച ഒരു ദിവസത്തിങ്കലേക്ക് (എഴുന്നേൽപ്പിക്കപ്പെടുമെന്ന്)
6. يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ
അതായത് ലോകരക്ഷിതാവിങ്കലേക്ക് ജങ്ങളെല്ലാം എഴുന്നേറ്റ് വരുന്ന ദിവസം!ലോകത്ത് മനസാക്ഷിയുള്ള എല്ലാവരും സമ്മതിക്കുന്ന കാര്യമാണ് ഉപഭോക്താവിനെ വഞ്ചിക്കുന്നത് വളരെ മോശമാണെന്ന കാര്യം.അളത്തത്തിലും തൂക്കത്തിലും കുറവു വരുത്തുന്നത് വ്യക്തമായ കബളിപ്പിക്കലാണ്.മുമ്പും പല സമൂഹങ്ങളിലും ഈ ദുരാചാരം നില നിന്നപ്പോൾ അവരെ ഉത് ബോധിപ്പിക്കാൻ അക്കാലത്തെ പ്രവാചകർ നൽകിയ ഉപദേശങ്ങൾ ഖുർആൻ വിശദീകരിക്കുന്നുണ്ട്
മഹാനായ ശുഐബ് നബി(അ) തന്റെ ജനതയോട് നടത്തിയ ഉപദേശം 26-മത് അദ്ധ്യായം സൂറ:ശുഅറാഅ് 181-184 ൽ അല്ലാഹു പറയുന്നു
أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ 'നിങ്ങൾ അളവ് പൂർത്തിയാക്കിക്കൊടുക്കുക നിങ്ങൾ(ജനങ്ങൾക്ക്)നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാവരുത്. وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ കൃത്രിമമല്ലാത്ത തുലാസ് കൊണ്ട് നിങ്ങൾ തൂക്കുക . وَلَا تَبْخَسُوا النَّاسَ أَشْيَاءهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്.നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്. وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ. നിങ്ങളെയും നിങ്ങളുടെ പൂർവ്വ തലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക(ശുഅറാഅ്.181-184)
സൂറ: റഹ്‌മാൻ (അദ്ധ്യായം 55) 7 -9 ലും സൂറ:അൻആം(അദ്ധ്യായം 6) 152 ലും സൂറ:ഇസ്‌റാഅ്(അദ്ധ്യായം 17) 35 ലും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട് ഇങ്ങോട്ട് എടുക്കുമ്പോൾ പൂർത്തിയാക്കുകയും ചിലപ്പോൾ കൂടുതലാക്കുകയും ചെയ്യുന്ന ചില കച്ചവടക്കാർ അങ്ങോട്ട് കൊടുക്കുമ്പോൾ സമർത്ഥമായി ജനങ്ങളെ പറ്റിക്കുന്നതിനായി പ്രത്യേക തൂക്കക്കട്ടിയും പാത്രങ്ങളും വരെ സംവിധാനിക്കുകയും അത് തങ്ങളുടെ സാമർത്ഥ്യമായി കരുതുകയും ചെയ്യുന്നു.എന്നാൽ ഇത് എത്രമാത്രം ഗുരുതരമായ കുറ്റമായാണ് അല്ലാഹു കാണുന്നത് എന്ന് ഈ വാക്യങ്ങൾ നമുക്ക് മനസിലാക്കിത്തരുന്നു. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്ക് പരലോകത്ത് മാത്രമല്ല ഈ ലോകത്ത് തന്നെ അല്ലാഹു ശിക്ഷ നൽകുമെന്ന് ഇസ്‌ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇമാം ഖുർത്വുബി(റ)എഴുതുന്നു. നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) പറയുന്നു ‘അഞ്ചു കാര്യങ്ങൾക്ക് പകരം അഞ്ചു കാര്യം (അല്ലാഹു നിങ്ങൾക്ക് തരും) (1) ഏതൊരു ജനത വാഗ്ദത്ത ലംഘനം നടത്തുന്നുവോ അവരുടെ മേൽ അവരുടെ ശത്രുവിനു അല്ലാഹു അധികാരം നൽകാതിരിക്കില്ല (2)അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമപ്രകാരം അവർ വിധി നടത്തുന്നതായാൽ അവരിൽ ദാരിദ്ര്യം വ്യാപിക്കാതിരിക്കില്ല (3) അവരിൽ നീചവൃത്തികൾ(വ്യഭിചാരം പോലുള്ളവ) വ്യാപകമായാൽ അവരിൽ പ്ലേഗ് പോലുള്ളവ(അവ മൂലമുള്ള മരണം)വ്യാപിക്കാതിരിക്കില്ല (4)അവർ അളവ് കുറക്കുന്നതായാൽ അവർക്ക് ഉൽപ്പാദനം(വിളവ്) തടയപ്പെടുകയും ക്ഷാമം പിടിപെടുകയും ചെയ്യാതിരിക്കില്ല (5) അവർ സക്കാത്ത് (നിർബന്ധ ദാനം) കൊടുക്കാതായാൽ അവർക്ക് മഴ തടയപ്പെടാതിരിക്കില്ല(ഖുർത്വുബി 19/178)
മഹാനായ നാഫിഅ്(റ) പറയുന്നു. ‘ഇബ്നു ഉമർ(റ) കച്ചവടക്കാരുടെ അടുത്ത് ചെന്ന് പറയാറുണ്ട്. സഹോദരാ, അല്ലാഹുവിനെ സൂക്ഷിക്കുകയും അളത്തം പൂർത്തിയാക്കുകയും ശരിയായ തുലാസുകൊണ്ട് തൂക്കുകയും ചെയ്യുക. കാരണം അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുന്നവർ ഖിയാമത്ത് നാളിൽ നിർത്തപ്പെടുന്നത് ചെവിയുടെ പകുതിയോളം വിയർപ്പിൽ മുങ്ങുന്ന വിധത്തിലായിരിക്കും എന്ന്! (ഖുർത്വുബി 19/178) ഭൂമിയിലെ ചെറിയ ലാഭത്തിനായി നിത്യ ദുരിതത്തിൽ ചെന്ന് ചാടാൻ ബുദ്ധിയുള്ളവർ തയാറാവുമോ എന്നാണ് ചിന്തിക്കേണ്ടത് ഇബ്നു അബ്ബാസ്(റ) പറയുന്നു. നബി(സ്വ) മദീനയിലെത്തുമ്പോൾ അവിടുത്തുകാർ അളവിലും തൂക്കത്തിലുമൊക്കെ കൃത്രിമം കാണിച്ചിരുന്നവരായിരുന്നു എന്നാൽ അങ്ങനെയുള്ളവർക്ക് നാശമുണ്ടെന്ന മുന്നറിയിപ്പ് കേട്ടപ്പോൾ അവർ ആ തിന്മ പാടെ ഉപേക്ഷിച്ചു. ഇമാം ഫർറാഅ്(റ)പറയുന്നു പിന്നീട് ഇന്നോളം മദീനക്കാർ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുന്നവരാണ്(ഖുർത്വുബി 19/176 , റാസി31/82)
ഉപദേശങ്ങൾ പ്രവാചക ശിഷ്യന്മാരുടെ മനസിലുണ്ടാക്കിയ സ്വാധീനത്തിനുള്ള നല്ലൊരു ഉദാഹരണമത്രെ ഇത്. ‘വൈൽ’ എന്നാൽ ഭയങ്കര ശിക്ഷ എന്നും നരകാവകാശികളുടെ ശരീരത്തിൽ നിന്ന് ചീഞ്ചലമൊലിക്കുന്ന നരകത്തിലെ ഒരു ചെരുവ് എന്നും അഭിപ്രായമുണ്ട്.
അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്കുള്ള താക്കീതായി അല്ലാഹു തുടർന്ന് പറയുന്നത് അല്ലാഹുവിലേക്ക് ജനങ്ങളെല്ലാം എഴുന്നേറ്റ് വരുന്ന ആ മഹാദിനത്തിലേക്ക് ഇവരും എഴുന്നേൽപ്പിക്കപെടുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ എന്നാണ് അഥവാ ആ ഭയങ്കര ദിനത്തിൽ അവർ ഈ ചെറിയ കാര്യത്തിനു പോലും വിചാരണ നേരിടേണ്ടി വരുമെന്നത് അവർ ഓർക്കുന്നില്ലേ എന്നാണ് അല്ലാഹു ചോദിക്കുന്നത്. ആ ഭയങ്കര ദിനത്തെ കുറിച്ച് ഓർത്താൽ കരയാത്തവരുണ്ടാവുമോ? ഇമാം ഖുർത്വുബി എഴുതുന്നു. മഹാനായ ഇബ്നു ഉമർ(റ) ഈ സൂറത്ത് പാരായണം ചെയ്യാൻ തുടങ്ങുകയും ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് ജനങ്ങൾ എഴുന്നേറ്റ് വരുന്ന ദിവസം എന്നത് വരെ പാരായണം എത്തുകയും ചെയ്തപ്പോൾ അദ്ദേഹം വീഴുകയും തുടർന്ന് പാരായണം ചെയ്യാൻ സാധിക്കാതാവുകയും ചെയ്തു. പിന്നീട് മഹാൻ പറഞ്ഞു. നബി(സ്വ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്പതിനായിരം കൊല്ലത്തിന്റെ ധൈർഘ്യമുള്ള ആദിനത്തിൽ ജനങ്ങളെല്ലാം അല്ലാഹുവിലേക്ക് എഴുന്നേറ്റ് നിൽക്കും അപ്പോൽ അവരിൽ ഞെരിയാണിവരെ വിയർപ്പുള്ളവരും മുട്ട് വരെ വിയർപ്പെത്തിയവരും അരവരെയും നെഞ്ച് വരെയും വിയർപ്പിൽ കുളിച്ചവരും ചെവിവരെ വിയർപ്പ് മൂടിയവരും തവള വെള്ളത്തിൽ മുങ്ങുന്നത് പോലെ വിയർപ്പിൽ മുങ്ങിത്താഴുന്നവരും ഉണ്ടാവും എന്ന്!(ഖുർത്വുബി 19/179)
ഇമാം റാസി(റ) എഴുതുന്നു. ഈ ആയത്തുകളിൽ ശക്തമായ ഒരുപാട് താക്കീതുകൾ അല്ലാഹു ഉൾക്കൊള്ളിച്ചിട്ടുണ്ട്. അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്ക് നാശം എന്നത് തന്നെ താക്കീതാണ് കാരണം പരീക്ഷണം വരുന്നു എന്നറിയിക്കാനാണ് ‘വൈൽ’ എന്ന പദം പ്രയോഗിക്കുക. രണ്ടാമതായി അവർ വിചാരിക്കുന്നില്ലേ എന്നത് നിഷേധാത്മകമായ ചോദ്യമാണ് അഥവാ അത് ഉൾക്കൊള്ളണം എന്ന ശാസനയാണതിൽ അടങ്ങിയിട്ടുള്ളത്. മൂന്നാമതായി ഒരു മഹാദിനത്തിൽ എന്ന് പറഞ്ഞത് ശരിക്കും ഭയപ്പെടേണ്ട ദിനമാണത് എന്ന് ഓർമ്മിപ്പിക്കുന്നു. നാലാമതായി ലോകം നിയന്ത്രിക്കുന്ന അല്ലാഹുവിലേക്കാണ് അവർ വരുന്നത് എന്ന വാക്ക് എല്ലാ അധികാരാവകാശങ്ങളുടെയും നാഥന്റെ അടുത്ത് ഒരു അധികാരവുമില്ലാത്തവൻ വരുമ്പോഴുള്ള ദൈന്യതയും ഭയവും അറിയിക്കുന്നു.
ഇവിടെ ഒരു ചോദ്യമുണ്ട്. ഇത്രയും അധികാരമുള്ള അല്ലാഹു എന്തിനാണീ ചെറിയ വിഷയത്തിനൊക്കെ വിചാരണ നടത്താൻ ഒരുമിച്ച് കൂട്ടുന്നത് എന്ന്. അതിനു നിവാരണം ഇങ്ങനെ കാണാം .ചെറിയ കാര്യങ്ങളിൽ പോലും മർദ്ദിതനു നീതി കിട്ടിയെന്ന് ബോദ്ധ്യപ്പെടാൻ ഇത് ആവശ്യമാണ്.അപ്പോൾ ഒരു അനീതിയും അവിടെ ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്ന് മനസിലാക്കുകയും ചെയ്യാം.(റാസി..31/84) ചുരുക്കത്തിൽ ഈ ദിനത്തിലൊത്ത് കൂടണം എന്ന് ചിന്തിക്കുന്നതായാൽ തന്നെ മനുഷ്യനു നന്നാവാൻ അത് പ്രചോദനമാവും .
7. كَلَّا إِنَّ كِتَابَ الفُجَّارِ لَفِي سِجِّينٍ
വേണ്ട! നിശ്ചയം ദുർമ്മാർഗികളുടെ രേഖ :സിജ്ജീനിൽ തന്നെയാകുന്നു.
8. وَمَا أَدْرَاكَ مَا سِجِّينٌ
സിജ്ജീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക് അറിവ് നൽകിയതെന്താണ്?
9. كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് (അത്)
അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുക എന്ന വലിയൊരു കുറ്റത്തിന്റെ വിശദീകരണത്തിനു ശേഷം അതിന്റെ തുടർച്ചയായി വരുന്ന വിഷയങ്ങൾ വിശദീകരിക്കുയാണ് ഇവിടെ كَلَّا എന്ന പ്രയോഗം പുനർജ്ജന്മ-വിചാരണ ഓർക്കാതെ അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുന്ന പ്രവർത്തനം അവസാനിപ്പിച്ച് യാഥാർത്ഥ്യ ബോധത്തിലേക്ക് കടന്ന് വരണമെന്ന നിർദ്ദേശത്തിന്റെ ഭാഗമാണ്. സിജ്ജീൻ എന്നാൽ പിശാചുക്കൾ ഉൾപ്പെടെ ദുഷ്ക്കർമ്മികളുടെ പ്രവർത്തനങ്ങൾ എല്ലാം രേഖപ്പെടുത്തിയ ഒരു കേന്ദ്രമാണെന്നും നരകം തന്നെയാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട് അതിന്റെ ഭയങ്കരതയും ഗൗരവവും ചൂണ്ടിക്കാട്ടുന്നതാണ് 8-മത് സൂക്തം. 9-മത് വാക്യം സിജ്ജീൻ എന്നതിന്റെ ഒരു നിർവ്വജനമല്ല മറിച്ച് അതിന്റെ ഒരു വിവരണമാണ് എല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ് അതെന്ന് ചുരുക്കം.
ഇമാം ത്വബരി(റ) എഴുതുന്നു. ബറാഅ്(റ) നബി(സ്വ) യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ദുർമാർഗിയുടെ ആത്മാവിനെ കുറിച്ച് വിശദീകരിച്ച് കൊണ്ട് നബി(സ്വ) പറഞ്ഞു ശരീരത്തിൽ നിന്ന് പിടിച്ചെടുത്ത ആത്മാവുമായി മലക്കുകൾ ആകാശത്തേക്ക് കയറും അപ്പോൾ മലക്കുകൾ പറയും ഏതാണീ വൃത്തികെട്ട ആത്മാവ്? അങ്ങനെ ആകാശ കവാടം തുറക്കാൻ ആവശ്യപ്പെടും അപ്പോൾ ആ ആത്മാവിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയില്ല. പിന്നീട് നബി(സ്വ) സൂറ: അ അ്റാഫി ലെ 40-മത് വചനം പാരായണം ചെയ്തു.
إِنَّ
الَّذِينَ كَذَّبُواْ بِآيَاتِنَا وَاسْتَكْبَرُواْ عَنْهَا لاَ تُفَتَّحُ
لَهُمْأَبْوَابُ السَّمَاء وَلاَ يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ
الْجَمَلُ فِي سَمِّ الْخِيَاطِ وَكَذَلِكَ نَجْزِي الْمُجْرِمِينَ
അവർക്ക്(ദുരാത്മാക്കൾക്ക്)വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ ഇല്ല.സൂചിക്കുഴലിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ..(അഅ്റാഫ് 40)അപ്പോൾ അല്ലാഹു പറയും അവന്റെ ഗ്രന്ഥം താഴേ ഭൂമിയിലുള്ള സിജ്ജീനിൽ രേഖപ്പെടുത്തൂ എന്ന്.(ത്വബരി 30/106) ഇവിടെ സിജ്ജീൻ താഴേഭൂമിയിലാണെന്ന് സ്ഥിരീകരിക്കുന്നു.
10. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവർക്ക് അന്നത്തെ ദിവസം മഹാനാശം!
11. الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
അതായത് പ്രതിഫല ദാന ദിനത്തെ നിഷേധിക്കുന്നവർക്ക്
12. وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
മഹാപാപിയായ അതിക്രമികളല്ലാതെ അതിനെ നിഷേധിക്കുകയില്ല താനും!
13. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
നമ്മുടെ ആയത്തുകൾ(ലക്ഷ്യം)അവനു ഓതിക്കേൾപ്പിക്കപ്പെട്ടാൽ ഇത് പൂർവ്വീകരുടെ പഴങ്കഥ(ഐതിഹ്യം) കളാണെന്ന് അവൻ പറയും.
പ്രതിഫല ദിനത്തെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം വലിയ ശിക്ഷ ലഭിക്കും അവരുടെ മൂന്ന് ലക്ഷണങ്ങളാണ് അല്ലാഹു പറയുന്നത് 1)അതിക്രമി :-അതായത് ശരിയായ വഴിയിൽ നിന്ന് തെറ്റിയവർ. 2) കുറ്റവാളി :- അതായത് തെറ്റുകളിൽ മുഴുകിയവർ. 3)ലക്ഷ്യങ്ങൾ ഓതിക്കേൾപ്പിച്ചാൽ അത് ഐതിഹ്യമാണെന്നോ കെട്ട്കഥയാണെന്നോ ഒക്കെ പറഞ്ഞ് സത്യത്തെ നിരാകരിക്കുന്നവർ.
ഇമാം റാസി(റ)എഴുതുന്നു മനുഷ്യനു രണ്ട് തരം കഴിവുകളുണ്ട് ഒന്ന് ചിന്താപരം. അല്ലാഹുവിനെ ശരിയായി അറിയുന്നതിലൂടെയാണ് അതിന്റെ പൂർണ്ണത കൈവരിക രണ്ട് കർമ്മ പരം.
നന്മ ഏതാണെന്ന് കൃത്യമായി അറിയലും തദനുസാരം പ്രവൃത്തിക്കലിലൂടെയുമാണതിന്റെ
പൂർണ്ണത എന്നാൽ അല്ലാഹുവിനെ പറ്റി അസത്യം പറയുന്നതിലൂടെ അല്ലാഹുവിനെ
അറിയുക എന്ന ചിന്താപരമായ കഴിവുകൾ അവൻ നശിപ്പിക്കുന്നു.അല്ലാഹുവിനു
പുനർജ്ജനിപ്പിക്കാൻ കഴിയില്ലെന്ന വാദം ആ ഗണത്തിലാണ് വരിക. ആ തോന്നലിൽ
നിന്നാണ് ദേഷ്യവും വികാരവും അവനിൽ നുരഞ്ഞ് പൊങ്ങുന്നതും കുറ്റവാളിയാവാൻ
അവൻ ധൈര്യം കാണിക്കുന്നതും .ഇതാണ് കർമ്മ പരമായ ശക്തിയുടെ അപചയം(റാസി
31/86-87)
അല്ലാഹു നിശ്ചയിച്ച നിയമങ്ങളെ കുറിച്ച് ഉൽബോധനം നൽകപ്പെട്ടാൽ എല്ലാ കാലത്തുമുള്ള താന്തോന്നികളുടെ പ്രതികരണമാണിവിടെ ഖുർആൻ പറയുന്നത്. ലക്ഷ്യങ്ങൾ -മത മൂല്യങ്ങൾ കേൾക്കുമ്പോൾ അത് പിന്തിരിപ്പനാണ് പഴഞ്ചനാണ് എന്നൊക്കെയുള്ള പ്രതികരണം മുഖേന തൃപ്തിയടയുക എന്നത് തങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തെറ്റുകൾക്ക് മറയിടാനാണ് അത്തരക്കാർ ഉപയോഗിക്കുന്നത് എന്നാൽ ഇത്തരക്കാരുടെ ഈ നിഷേധാത്മക നിലപാടിനുള്ള കാരണമാണ് അടുത്ത സൂക്തത്തിൽ അല്ലാഹു സൂചിപ്പിക്കുന്നത്
14. كَلَّا بَلْ رَانَ عَلَى قُلُوبِهِم مَّا كَانُوا يَكْسِبُونَ
അങ്ങനെയല്ല!പക്ഷെ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളിൽ കറപിടിപ്പിച്ചിരിക്കുന്നു.
അഥവാ ഖുർആനോ ഇസ്‌ലാമിക പ്രമാണങ്ങളോ കെട്ട് കഥയോ അസത്യമോ ആയതല്ല അവർ വിശ്വസിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം മറിച്ച് അവരുടെ കുറ്റങ്ങളുടെ ആധിക്യത്താൽ ഹൃദയം കറ പിടിക്കുകയും അതിലേക്ക് നന്മയൊന്നും പ്രവേശിക്കാതാവുകയും ചെയ്ത താണ് ഇമാം ഖുർത്വുബി(റ) എഴുതുന്നു. അബൂഹുറൈറ:(റ) ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിലിങ്ങനെ കാണാം. 'നബി(സ്വ) പറഞ്ഞു; ഒരാൾ ഒരു പാപം ചെയ്താൽ അത് അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളിയായിത്തീരും ആ പുള്ളി എടുത്ത് മാറ്റാനായി അവൻ പശ്ചാത്താപിച്ചാൽ അവന്റെ ഹൃദയം തെളിഞ്ഞു വരും അതെ സമയം പാപം വർദ്ധിച്ചാൽ ഹൃദയം കൂടുതൽ കറുത്ത് പോകും അതാണ് അല്ലാഹു അവരുടെ പ്രവർത്തനം കാരണത്താൽ അവരുടെ ഹൃദയത്തിൽ കറപിടിപ്പിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞത്. (ഖുർത്വുബി 19/183)
അപ്പോൾ പാപങ്ങൾ വർദ്ധിക്കും തോറും കറ കൂടുന്നതിനാൽ നന്മകൾ പ്രവേശിക്കാത്ത ചെളിക്കുണ്ടായി ഹൃദയം മാറും. അത് കഴുകി വൃത്തിയാക്കാനായി തൗബ എന്ന പാശ്ചാത്താപത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഉപയോഗപ്പെടുത്തണം. അത് ചെയ്യാത്തവരത്രെ സത്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന ഹതഭാഗ്യരൊക്കെ!
15. كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
വേണ്ട! നിശ്ചയം അന്നത്തെ ദിവസം അവർ തങ്ങളുടെ നാഥനിൽ നിന്നും മറയിടപ്പെടുന്നവർ തന്നെയായിരിക്കും
16. ثُمَّ إِنَّهُمْ لَصَالُوا الْجَحِيمِ
അനന്തരം നിശ്ചയം അവർ ജ്വലിക്കുന്ന അഗ്നിയിൽ പ്രവേശിക്കുന്നവർ തന്നെയാണ്.
സത്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയും, കുറ്റത്തിൽ മുങ്ങുകയും ചെയ്തവർക്ക് അല്ലാഹുവിനെ കാണാനാവില്ലെന്നാണ് അല്ലാഹു പറയുന്നത് അവരുടെ വാസ സ്ഥലം കത്തിജ്വലിക്കുന്ന നരകമാണെന്ന മുന്നറിയിപ്പും അല്ലാഹു നൽകുന്നു അതിനാൽ ഏറ്റവും ആനന്ദദായകമായ ദൈവിക ദർശനത്തിനു വേണ്ടി ജീവിതത്തെ തിന്മകളിൽ നിന്ന് മുക്തമാക്കാൻ ശ്രദ്ധിക്കേണ്ടവരാണ് നാം. കാരണം കുറ്റവാളിയായതിനാൽ കറ പുരണ്ട മനസിനുടമയായത് കൊണ്ടാണ് അവൻ അല്ലാഹിവിനെ തൊട്ട് മറയിടപ്പെട്ടതെന്ന് വ്യക്തമാവുന്നതോടെ തെളിഞ്ഞ മനസിന്റെ ഉടമക്ക്, വിശുദ്ധ ജീവിതം നയിച്ചവർക്ക്, ദൈവീക ദർശനം യാഥാർത്ഥ്യമാകുമെന്ന് കൂടി ഉറപ്പാകുന്നു. ഇതിനായി ശ്രമിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
17. ثُمَّ يُقَالُ هَذَا الَّذِي كُنتُم بِهِ تُكَذِّبُونَ
പിന്നെ അവരോട് പറയപ്പെടും ഇതത്രെ നിങ്ങൾ നിഷേധിച്ച് കൊണ്ടിരുന്നത് എന്ന്!
ഒരു വല്ലാത്ത പ്രതികരണമാണിത്. ജീവിതം സുഖിക്കാനുള്ളതാണെന്നും ഈ ജീവിതത്തിനു ശേഷം ശൂന്യതയാണെന്നും ജൽപ്പിക്കുന്നവർക്ക് കനത്ത മറുപടിയാണീ സൂക്തം. ഇപ്പോൾ എന്തായി നീ നിഷേധിച്ച ആ നരകം അനുഭവിക്കാനായില്ലേ എന്ന ഓർമ്മപ്പെടുത്തൽ ഏതൊരു നിഷേധിയുടെയും കരൾ പിളർക്കുന്ന അനുഭവം തന്നെ! അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ ആമീൻ
18. كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
വേണ്ട! നിശ്ചയം പുണ്യവാന്മാരുടെ ഗ്രന്ഥം ഇല്ലിയ്യീനിൽ തന്നെയായിരിക്കും
19. وَمَا أَدْرَاكَ مَا عِلِّيُّونَ
ഇല്ലിയ്യീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക് വിവരം നൽകിയതെന്താണ്?
20. كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമത്രെ അത്
21. يَشْهَدُهُ الْمُقَرَّبُونَ
അതിന്റെ അടുക്കൽ (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവർ സന്നിഹിതരാവുന്നതാണ്)
ദുർമ്മാർഗികളുടെ അവസ്ഥ വിശദീകരിച്ച്ചതിനു ശേഷം പുണ്യവാന്മാരുടെ അവസ്ഥ വിശദീകരിക്കുകയാണ്. ഇല്ലിയ്യീൻ എന്നാൽ വളരെ ഉന്നതവും ശ്രേഷ്ടവുമായ ഒരു പ്രത്യേക സ്ഥാനമാണെന്നും സ്വർഗമാണെന്നും മറ്റും അഭിപ്രായമുണ്ട്. അവിടെ മലക്കുകൾ സന്നിഹിതരാവുമെന്നത് സജ്ജനങ്ങളുടെ ഗ്രന്ഥങ്ങൾക്ക് അല്ലാഹു നൽകുന്ന ആദരണീയമായ സ്ഥാനമാണ് നമുക്ക് മനസിലാക്കിത്തരുന്നത്.
ഇമാം ഖുർത്വുബി (റ) എഴുതുന്നു. ‘പുണ്യാത്മാക്കളുടെ സൽപ്രവർത്തനങ്ങൾക്ക് എല്ലാ ആകാശത്തുമുള്ള മലക്കുകൾ സാക്ഷികളാവുന്നു, അതായത് ഒരു സത്യ വിശ്വാസി ഒരു സൽക്കർമ്മം ചെയ്താൽ ആരേഖയുമായി മലക്കുകൾ ആകാശത്തേക്ക് കയറിപ്പോകും സൂര്യൻ ഭൂമിയിൽ പ്രകാശം പരത്തുന്നത് പോലെ ആ രേഖ ആകാശത്തൊക്കെ പ്രകാശം പരത്തും.അങ്ങനെ അത് ഇസ്രാഫീൽ(അ) ന്റെ അടുത്തെത്തിക്കുകയും അദ്ദേഹം അതിനെ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ഇതാണ് മലക്കുകൾ സന്നിഹിതരാവും എന്നതിന്റെ താൽപര്യം!(ഖുർത്വുബി 19/186)
22. إِنَّ الْأَبْرَارَ لَفِي نَعِيمٍ
നിശ്ചയമായും പുണ്യവാന്മാർ സുഖാനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
നിർബന്ധങ്ങൾ നിറവേറ്റിയും അരുതായ്മകൾ കയ്യൊഴിച്ചും അല്ലാഹുവെ സൂക്ഷിക്കുന്നവരാണ് പുണ്യവാന്മാർ
23. عَلَى الْأَرَائِكِ يَنظُرُونَ
അലംകൃത കട്ടിലുകളിലായി അവർ നോക്കിക്കൊണ്ടിരിക്കും.
അവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളും ആദരവുകളും അവർ നോക്കിക്കൊണ്ടിരിക്കും എന്നും നരകാവകാശികൾക്ക് അല്ലാഹു നൽകിയ ശിക്ഷ നോക്കുമെന്നും അഭിപ്രായമുണ്ട്(അപ്പോഴാണല്ലോ അവർക്ക് ലഭിച്ച അംഗീകാരത്തിന്റെ വില മനസിലാവുക)
24. تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
അവരുടെ മുഖങ്ങളിൽ സുഖാനുഗ്രഹങ്ങളുടെ തേജസ്സ് തങ്ങൾക്ക് (കണ്ട്)അറിയാവുന്നതാണ്.
നിറഞ്ഞ മനസ്സും അർഹമായ അംഗീകാരവും എല്ലാം കൈക്കുമ്പിളിൽ ലഭ്യം എന്ന സാഹചര്യവും പൂർവ്വോപരി അല്ലാഹുവിന്റെ തൃപ്തിയുമാണ് ഇത്രയും തേജസ്സ് മുഖത്ത് പ്രതിഫലിക്കാൻ കാരണം.
25. يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
സീൽ വെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിപ്പിക്കപ്പെടും.
26. خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
അതിന്റെ സീൽ കസ്തൂരിയായിരിക്കും.കിടമത്സരം നടത്തുന്നവർ അതിൽ കിടമത്സരം നടത്തട്ടെ
27. وَمِزَاجُهُ مِن تَسْنِيمٍ
അതിന്റെ ചേരുവ തസ്‌നീമിൽ നിന്നാണ്
28. عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
അതായത് (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവർ കുടിച്ച്(ആസ്വദിക്കുന്ന)ഉറവുജലം.
അല്ലാഹു മനുഷ്യരെ സൂറ: വാഖിഅ:യിൽ മൂന്നായി തരം തിരിച്ചിട്ടുണ്ട് ഒന്ന് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മുഖർറബീങ്ങൾ രണ്ട് സൗഭാഗ്യത്തിന്റെ വലതു പക്ഷം മൂന്ന് ദൗർഭാഗ്യത്തിന്റെ ഇടത് പക്ഷം ഇതിൽ ആദ്യ രണ്ട് കക്ഷികൾ സ്വർഗത്തിലും മൂന്നാം കക്ഷി നരകത്തിലുമാണ്.എന്നാൽ സ്വർഗത്തിലെ രണ്ട് കക്ഷികൾക്കും ഒരേ സ്ഥാനമല്ല.ഒന്നാം കക്ഷി ഏറ്റവും ശ്രേഷ്ടരാണ് തസ്‌നീം എന്ന പാനീയം മറ്റൊന്നും കൽർത്താതെ കുടിക്കാൻ അവർക്ക് ലഭിക്കുംഎന്നാൽ രണ്ടാം വിഭാഗത്തിനു തസ്നീം ചേർത്ത മദ്യം നൽകപ്പെടും എന്നാണിവിടെ വിശദീകരിക്കുന്നത്. സജ്ജനങ്ങളുടെ ഏടുകളെക്കുറിച്ച് പ്രസ്താവിച്ച ശേഷം അവർക്ക് ലഭിക്കാൻ പോകുന്ന ഉന്നതമായ സുഖ സൗകര്യങ്ങൾ വിശകലനം ചെയ്യുകയാണിവിടെ!
അലംകൃതമായ കട്ടിലുകളിലിരുന്ന് അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ നോക്കിക്കാണുക, കസ്തൂരി കൊണ്ട് സീൽ വെക്കപ്പെട്ട, തസ്നീം(അല്ലാഹുവിന്റെ ഇഷ്ടം നേടിയവർക്ക് കുടിച്ചാസ്വദിക്കാനായി സ്വർഗത്തിൽ സംവിധാനിച്ച ഒരു ശ്രേഷ്ടമായ നീരുറവ) എന്ന സ്വർഗത്തിലെ ഉന്നതമായ പാനീയം കലർത്തിയ സീൽപൊട്ടിക്കാത്ത പാത്രങ്ങളിലായി നൽകപ്പെടുന്ന മദ്യം നുകരുക, തുടങ്ങിയ അത്യുന്നത സുഖസൗകര്യങ്ങളോട്കൂടിയ ശാശ്വത സ്വർഗീയ ജീവിതം നയിക്കാനാണ് മനുഷ്യൻ കിടമത്സരം നടത്തേണ്ടത്.അതാഗ്രഹിക്കുന്നവർ ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി മുന്നോട്ട് വരട്ടെ എന്നിങ്ങനെ ആവേശകരമായ ഉത്ബോധനമാണ് ഈ വചനങ്ങളിൽ തെളിഞ്ഞു കാണുന്നത്
29. إِنَّ الَّذِينَ أَجْرَمُوا كَانُواْ مِنَ الَّذِينَ آمَنُوا يَضْحَكُونَ
നിശ്ചയം കുറ്റം ചെയ്തവർ സത്യവിശ്വാസികളെക്കുറിച്ച് (പരിഹസിച്ച്)ചിരിച്ച് കൊണ്ടിരിക്കുന്നവരായിരുന്നു
30. وَإِذَا مَرُّواْ بِهِمْ يَتَغَامَزُونَ
തങ്ങളുടെ അടുത്ത് കൂടി സത്യ വിശ്വാസികൾ നടന്ന് പോകുമ്പോൾ അവർ പരസ്പരം കണ്ണ്‌കൊണ്ട് (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.
31. وَإِذَا انقَلَبُواْ إِلَى أَهْلِهِمُ انقَلَبُواْ فَكِهِينَ
തങ്ങളുടെ ബന്ധുക്കളിലേക്ക് തിരിച്ച് ചെല്ലുമ്പോൾ രസിച്ച്(സംതൃപ്തരായി)കൊണ്ടായിരുന്നു അവർ മടങ്ങി ചെന്നിരുന്നത്.
32. وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاء لَضَالُّونَ
ഇവർ പിഴച്ചവർ തന്നെയാണെന്ന് സത്യ വിശ്വാസികളെ കാണുമ്പോൾ അവർ പറയുകയും ചെയ്തിരുന്നു.
33. وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
സത്യവിശ്വാസികളുടെ മേൽനോട്ടം വഹിക്കുന്നവരായി അവർ നിയോഗിക്കപ്പെട്ടിട്ടില്ല താനും.
ഖുർആൻ അവതരിച്ചു കൊണ്ടിരുന്ന കാലത്തെ മുശ്‌രിക്കുകൾ മുസ്‌ലിംകൾക്കെതിരിൽ അനുവർത്തിച്ച് വന്നിരുന്നതും ഇസ്‌ലാമിന്റെ എതിരാളികളിൽ പലപ്പോഴും കാണപ്പെടുന്നതുമായ ചില കാര്യങ്ങളാണ് അല്ലാഹു ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. മുസ്‌ലിംകളെക്കുറിച്ച് പുച്ഛിച്ച് ചിരിക്കുക,കണ്ണ് കൊണ്ടും മറ്റും ഗോഷ്ടികൾ കാട്ടി പരിഹസിക്കുക,സ്വന്തം ആളുകളുടെ അടുത്തെത്തുമ്പോൾ അതിന്റെ പേരിൽ ദുരഭിമാനം കൊള്ളുക, എന്നോ ലഭിക്കുമെന്ന് പറയുന്ന പരലോക സുഖത്തിനായി ഇവിടെയുള്ള താൽകാലിക സന്തോഷങ്ങൾ പലതും ഉപേക്ഷിക്കുന്നവർ വഴി പിഴച്ചവരെന്നും കൊള്ളരുതാത്തവരെന്നും അവരെപറ്റി വിധി കൽപ്പിച്ച് സ്വയം തൃപ്തരാവുക തുടങ്ങിയവ അവരുടെ സ്വഭാവമായിരുന്നു.
അവിശ്വാസികളിൽ മാത്രമല്ല പുരോഗമന വാദികളെന്ന് സ്വയം ധരിച്ച് വശായ ചില മുസ്‌ലിം നാമധാരികളിലും ഇസ്‌ലാമികമായ പല ആശയങ്ങളെയും അവരുടെ യുക്തിചിന്ത വെച്ച് തള്ളിക്കളയാനുള്ള -അവകളെ പരിഹസിക്കാനുള്ള വ്യഗ്രത-കണ്ടുവരുന്നുണ്ട്.എന്നാൽ ഒരു ശരിയായ വിശ്വാസി അതൊന്നും മുഖവിലക്കെടുക്കാതെ അല്ലാഹുവിന്റെ മതം മുറുകെപിടിച്ച് മുന്നോട്ട് പോയാൽ ഈ ആളുകൾ വളരെ പരിഹാസത്തോടെ ലോകം തിരിയാത്തവർ എന്നൊക്കെ പരിഹസിക്കുന്നത് കാണുമ്പോൾ ഈ വിശ്വാസികളുടെ കാര്യങ്ങൾ പരിശോധിക്കാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മേലന്വേഷണം നടത്താൻ അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ടവാണോ ഇവരെന്ന് തോന്നിപ്പോകും !അതില്ലെന്നു തീർച്ച തന്നെ ആസ്ഥിതിക്ക് എന്തിനാണിവർ വിശ്വാസികളെ പരിഹസിക്കാൻ ഒരുങ്ങുന്നത് എന്നാണ് അല്ലഹു ചോദിക്കുന്നത്.ഈ ഭൗതിക ജീവിതത്തിൽ അത്തരം പരിഹാസങ്ങൾ സഹിച്ചും അല്ലാഹുവിനു വേണ്ടി ക്ഷമിച്ചും ജീവിക്കുന്നവർക്ക് പരലോകത്ത് അനുഭവം മറിച്ചായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാണിക്കുന്നു
34. فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ
എന്നാൽ അന്ന് (അന്ത്യനാളിൽ) സത്യവിശ്വാസികൾ സത്യനിഷേധികളെക്കുറിച്ച് ചിരിക്കുന്നതാണ്
35. عَلَى الْأَرَائِكِ يَنظُرُونَ
അലംകൃത കട്ടിലുകളിലായി അവർ (സത്യനിഷേധികളെ) നോക്കിക്കാണും
ഭൂമിയിൽ
മുസ്‌ലിംകളായതിന്റെ പേരിൽ വിശ്വാസികൾക്കുണ്ടായിരുന്ന പ്രയാസങ്ങൾ
ചൂണ്ടിക്കാട്ടി അവരെ കളിയാക്കി ചിരിക്കുന്നവരായിരുന്നല്ലോ
അവിശ്വാസികൾ!എന്നാൽ സത്യ വിശ്വാസം കൈക്കൊള്ളാത്തതിന്റെ പേരിൽ അവർ ഇന്ന്
അനുഭവിക്കുന്ന ശിക്ഷകൾ കാണുമ്പോൾ തങ്ങളെ ഭൂമിയിൽ വെച്ച് കളിയാക്കി
ചിരിച്ചവർക്കുള്ള മറുപടിയെന്നോണവും അല്ലാഹു തങ്ങൾക്ക് അവിടെ നൽകിയ
അനുഗ്രഹങ്ങളിൽ ആഹ്ലാദിച്ചും വിശ്വാസികൾക്ക് ചിരിക്കാൻ സാധിക്കും അവിടെ
36. هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ
സത്യനിഷേധികൾക്ക് അവർ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നൽകപ്പെട്ടുവോ?
അതെ! അവർക്കു ലഭിക്കുന്ന പ്രതിഫലങ്ങൾ മേൽ വിവരിച്ച പ്രകാരമായിരിക്കെ ആപ്രതിഫലം ലഭിക്കുന്നതോട് കൂടി യഥാർത്ഥത്തിൽ അവർ അർഹിക്കുന്നതും അവർക്ക് അനുയോജ്യവുമായ പ്രതിഫലം അവർക്ക് കിട്ടിക്കഴിഞ്ഞുവെന്നതിൽ ഒട്ടും സംശയമില്ല. ശിക്ഷ ലഭിക്കുമ്പോൾ അവർക്ക് തന്നെ ഇത് തോന്നുകയും ഇത് തിരുത്താനുള്ള അവസരത്തിനായി കെഞ്ചുകയും ചെയ്യും എന്ന് ഖുർആൻ പല സ്ഥലത്തും വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു നമ്മെയെല്ലാം പരലോക രക്ഷക്കായി പ്രവർത്തിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ ..
No comments:
Post a Comment
Note: only a member of this blog may post a comment.