Home

Monday 16 November 2015

അബസ


അദ്ധ്യായം 80 (അബസ )سورة عبس
സൂക്തങ്ങൾ 42 ; മക്കയിൽ അവതരിച്ചു


കരുണാ നിധിയും പരമ കാരുണികനുമായ അല്ലാഹുവിന്റെ സർവ്വ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ അരംഭിക്കുന്നു
عَبَسَ وَتَوَلَّى 1
അവർ (നബി -സ്വ-) മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു
2. أَن جَاءهُ الْأَعْمَى
തന്റെയടുത്ത്‌ ആ അന്ധൻ വന്നതിനാൽ
3. وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى
അങ്ങേക്ക്‌ അറിവ്‌ നൽകുന്നതെന്താണ്‌ ? ആ (വന്നയാൾ) പരിശുദ്ധി പ്രാപിച്ചേക്കാം

4. أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى
അല്ലെങ്കിൽ അദ്ദേഹം ഉപദേശം സ്വീകരിക്കുകയും അങ്ങിനെ ആ ഉപദേശം അദ്ദേഹത്തിനു പ്രയോജനപ്പെടുകയും ചെയ്തേക്കാം

ഒരിക്കൽ മക്കയിലെ കുറേ പ്രധാനികളായ അവിശ്വാസികൾ നബി(സ്വ)യുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവരെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു കൊണ്ടും മുസ്‌ലിമാവേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടും നബി(സ്വ) അവരെ ഉത്ബോധിപ്പിക്കുന്നു. അവർ അത്‌ സ്വീകരിക്കുമെന്ന പ്രതീക്ഷ നബി(സ്വ)യുടെ മനസിൽ വരുന്നു. അപ്പോഴാണ്‌ അന്ധനായ അബ്ദുല്ലാഹി ബിൻ ഉമ്മി മക്തൂം(റ) ആ സദസ്സിലേക്ക്‌ കയറി വന്നു കൊണ്ട്‌, നബിയേ! അങ്ങേക്ക്‌ അല്ലാഹു പഠിപ്പിച്ചു തന്ന വിജ്ഞാനത്തിൽ നിന്ന് എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും! എന്ന് പറഞ്ഞത്‌. ഇത്‌ പോലുള്ള സാധുക്കൾക്കൊപ്പം ഇരിക്കേണ്ടി വരും മുസ്‌ലിംകളായാൽ എന്ന് ചിന്തിച്ച്‌ തലക്കനത്തിന്റെ ആൾ രൂപങ്ങളായ ഈ അവിശ്വാസി നേതാക്കൾ മാറിപ്പോകുമോ എന്ന വിഷമത്തിൽ നബി(സ്വ) ക്ക്‌ ആ സ്വഹാബിയുടെ അപ്പോഴുണ്ടായ ആഗമനത്തിൽ നീരസം തോന്നുകയും അദ്ദേഹത്തിനു മറുപടി കൊടുക്കാതെ അവരുമായി നടന്ന് കൊണ്ടിരിക്കുന്ന സംസാരം തുടരുകയും ചെയ്തപ്പോഴാണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയതെന്നാണ്‌ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നത്‌. ഇതൊരിക്കലും നബി(സ്വ) അന്ധനായ ഇബ്നു ഉമ്മി മക്തൂമിനെ അവഗണിച്ചത്‌ കൊണ്ടായിരുന്നില്ല മറിച്ച്‌ അദ്ദേഹം നേരത്തേ മുസ്‌ലിമായ മഹാനാണ്‌. ഞാൻ തൽക്കാലം അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസത്തിനു തകരാറുണ്ടാവില്ല അതേ സമയം ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഖുറൈശി നേതാക്കൾ സത്യത്തിലേക്ക്‌ കടന്ന് വന്നാൽ അത്‌ വലിയൊരു പുരുഷാരം ഇസ്‌ലാമിലേക്ക്‌-സത്യത്തിലേക്ക്‌-ഒഴുകിയെത്താൻ കാരണമാവും എന്ന് ആഗ്രഹിച്ചതിന്റെ പേരിലാണ്‌ നബി(സ്വ) ഈ സമീപനം സ്വീകരിച്ചത്‌. താനുമായി കൂടുതൽ അടുപ്പമുള്ളവരെ ചിലപ്പോൾ ഒഴുവാക്കി മറ്റുള്ളവർ സത്യത്തിലെത്താൻ അവരെ കൂടുതൽ പരിഗണിക്കുന്ന ശൈലി ചിലപ്പോഴൊക്കെ നബി(സ്വ) സ്വീകരിക്കാറുണ്ട്‌. പ്രവാചക ശിഷ്യന്മാരായ സ്വഹാബത്തിനു അത്‌ മനസിലാവുകയും ചെയ്യാറുണ്ട്‌. ആ സമീപനത്തിലൂടെ നബി(സ്വ) ഉദ്ദേശിക്കുന്നത്‌ നരകത്തിലെത്താൻ സാദ്ധ്യതയുള്ള ചിലരെയെങ്കിലും രക്ഷിച്ചെടുക്കുക എന്നതാണ്‌.

അവിടുന്ന് ഒരിക്കൽ പറഞ്ഞു اني لأصل الرجل وغيره أحب الي منه مخافة ان يكبه الله في النار علي وجهه ഞാൻ ഒരാളോട്‌ ബന്ധം പുലർത്തും യഥാർത്ഥത്തിൽ മറ്റു ചിലരായിരിക്കും എന്റെ ഏറ്റവും ഇഷ്ടന്മാർ.(എന്നിട്ടും ഇവരോട്‌ ഞാൻ കൂടുതൽ അടുപ്പം കാണിക്കുന്നത്‌) അവരെ അല്ലാഹു നരകത്തിലേക്ക്‌ തള്ളിയിടുന്നതിനെ തൊട്ട്‌ ഭയപ്പെട്ടത്‌ കൊണ്ടാണ്‌(ഖുർത്വുബി 19/150)

ഈ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂം(റ)നെ പിന്നീട്‌ നബി(സ്വ) കൂടുതൽ ആദരിക്കുകയും അദ്ദേഹത്തിനു കൂടുതൽ പരിഗണ നൽകി രണ്ട്‌ യുദ്ധ വേളയിൽ നബി(സ്വ) മദീനക്ക്‌ പുറത്ത്‌ പോയപ്പോൾ തന്നെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ مرحبا بمن عاتبني فيه ربي എന്നെ അല്ലാഹു ആക്ഷേപിച്ചത്‌ ഏതൊരു മഹാന്റെ വിഷയത്തിലാണോ അവർക്ക്‌ സ്വാഗതം എന്ന് പറയാറുമുണ്ട്‌(ബൈളാവി 2/568) ഈ സംഭവത്തിൽ അല്ലാഹു തങ്ങൾ മുഖം ചുളിച്ചു, തങ്ങൾ പിന്തിരിഞ്ഞു, എന്ന ശൈലി പ്രയോഗിക്കാതിരുന്നത്‌ നബി(സ്വ) യെ അല്ലാഹു ബഹുമാനിച്ചത്‌ കൊണ്ടാണ്‌( ഖുർത്വുബി 19/150) ഈ സംഭവം നബി(സ്വ)യുടെ സത്യ സന്ധതക്കുള്ള ഏറ്റവും വലിയ തെളിവാണ്‌. കാരണം തന്റെ ഒരു സമീപനം അങ്ങനെയായിരുന്നില്ല വേണ്ടത്‌ എന്ന് അല്ലാഹു അറിയിച്ച ഈ കാര്യം നബി(സ്വ) ജനങ്ങളെ അറിയിച്ചുവല്ലോ വല്ലതും മറച്ചു വെക്കുമായിരുന്നുവെങ്കിൽ ഈ കാര്യം മറച്ച്‌ വെക്കുമായിരുന്നു(അദ്ദുർ അൽ മൻഥൂർ 6/518) ഈ സംഭവത്തോടെ പ്രബോധന മേഘലയിൽ എല്ലാവരെയും ഒരു പോലെ സമീപിക്കുന്ന ശൈലി നബി(സ്വ) സ്വീകരിച്ചു(ആർക്കും കൂടുതൽ പ്രാധാന്യം കൽപിച്ചില്ല) (അദ്ദുർ അൽ മൻഥൂർ 6/518)

ഈ സൂക്തങ്ങളിൽ നബി(സ്വ)യുടെ പാപ സുരക്ഷിതത്വത്തിനെതിരായ തെളിവുണ്ടെന്ന് കണ്ടെത്താവതല്ല. കാരണം നബി(സ്വ) ക്ക്‌ പ്രബോധന വീഥിയിൽ യുക്തമെന്ന് തോന്നുന്ന സമീപനം സ്വീകരിക്കാൻ അല്ലാഹു അനുമതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ശത്രു പക്ഷത്ത്‌ നിലയുറപ്പിച്ചവർക്ക്‌ കൂടി സത്യത്തിന്റെ സന്ദേശം സ്വീകരിക്കാനാവശ്യമായ ഒരു സമീപനം സ്വീകരിക്കുകയായിരുന്നു അവിടുന്ന്. എന്നാൽ ഈ പ്രമാണിമാരെ പരിഗണിക്കുമ്പോൾ സാധുവായ ഇബ്നു ഉമ്മി മക്തൂം അതിനിടയിൽ (ബോധ പൂർവ്വമല്ലെങ്കിലും) അവഗണിക്കപ്പെട്ടുപോയല്ലോ ആ സമീപനം ഏറ്റവും നല്ലതിന്റെ മാറ്റമായി. അതാണ്‌ ഇവിടെ പറഞ്ഞത്‌ ഏറ്റവും നല്ലതിന്റെ മാറ്റം തെറ്റല്ല എന്ന് ഉറപ്പാണല്ലോ!(റാസി31/52) . നബി(സ്വ) ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ ഇടക്ക്‌ കയറി സംസാരിക്കുക, അവരുടെ സംസാരത്തിനു തടസ്സമുണ്ടാക്കുക, അവരുടെ സമ്മതം ഇല്ലാതെ അവിടെ പ്രവേശിക്കുക, തുടങ്ങിയ കാര്യങ്ങളൊന്നും നബി(സ്വ) പഠിപ്പിച്ച മര്യാദയിൽ പെട്ടതല്ല. ആസ്ഥിതിക്ക്‌ ഇവിടെ ഇബ്നു ഉമ്മി മക്തൂം(റ) ന്റെസമീപനം ആക്ഷേപാർഹം തന്നെയല്ലേ? അതിനു തങ്ങൾക്ക്‌ നീരസം തോന്നേണ്ടത്‌ തന്നെയല്ലേ? എന്നൊക്കെ ഇവിടെ ചോദിച്ചേക്കാം അതിന്റെ ഉത്തരം തുടർന്നുള്ള ആയത്തുകളിൽ നിന്ന് മനസിലാക്കാം. അതായത്‌ കണ്ണ്‌ കാണാത്ത ആ സ്വഹാബി, ഉപദേശം തേടിക്കൊണ്ടാണ്‌ വന്നത്‌ അദ്ദേഹം ശരിയായ വിശ്വാസിയായതിനാൽ ഉപദേശം ഫലപ്പെടുകയും ചെയ്യും. അപ്പോൾ അദ്ദേഹത്തെ പരിഗണിക്കുന്നതിൽ നന്മ മാത്രം! അതേ സമയം തങ്ങളുടെ മുന്നിലിരിക്കുന്ന ഈ അവിശ്വാസികൾക്ക്‌ ഉപദേശം തങ്ങൾ അങ്ങോട്ട്‌ വെച്ച്‌ കെട്ടുകയാണ്‌. അവർ അത്‌ സ്വീകരിക്കാതിരിക്കാനുള്ള പഴുതുകൾ തിരയുകയാണ്‌ അതിനാൽ അവർക്ക്‌ ഉപദേശം പ്രയോജനപ്പെടാതിരിക്കാനാണ്‌ സാദ്ധ്യത. എങ്കിൽ ഉറപ്പുള്ള ഈ ഫലം തന്നെയാണ്‌ പരിഗണിക്കേണ്ടത്‌ അതിനാൽ ഉദ്ദേശ ശുദ്ധിയോടെ വന്ന ഇബ്നു ഉമ്മി മക്തൂമിന്റെ സമീപനത്തിലുള്ള അനൗചിത്യം അദ്ദേഹത്തിന്റെ ശുദ്ധ ചിന്താ ഗതിക്കു മുന്നിൽ പ്രശ്നമാക്കാതിരുന്നതാണ്‌.
5. أَمَّا مَنِ اسْتَغْنَى
എന്നാൽ സ്വയം പര്യാപ്‌തത നടിച്ചവനാകട്ടെ

6. فَأَنتَ لَهُ تَصَدَّى
അവന്റെ നേരെ തങ്ങൾ ശ്രദ്ധ തിരിക്കുന്നു

وَمَا عَلَيْكَ أَلَّا يَزَّكَّى .7
അവൻ(സത്യ നിഷേധത്തിൽ നിന്ന്)ശുദ്ധിയാവാത്തതിൽ തങ്ങൾക്ക്‌ ഒരു കുറ്റവുമില്ല
8. وَأَمَّا مَن جَاءكَ يَسْعَى
എന്നാൽ (താൽപര്യപൂർവ്വം) തങ്ങളുടെ അടുത്ത്‌ ധൃതിപ്പെട്ട്‌ വന്നവരാകട്ടെ
وَهُوَ يَخْشَى .9
അദ്ദേഹം(അല്ലാഹുവിനെ)ഭയപ്പെടുകയും ചെയ്യുന്നു
فَأَنتَ عَنْهُ تَلَهَّى .10
തങ്ങൾ അദ്ദേഹത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു
ധനവും നേതൃത്വവും സ്വാധീനവുമുള്ള ഖുറൈശി നേതാക്കളുടെ അവസ്ഥയാണ്‌ അല്ലാഹു ഉണർത്തുന്നത്‌. ഞങ്ങൾ ഇപ്പോൾ നിലകൊള്ളുന്നത്‌ തന്നെയാണ്‌ ശരിയെന്നും ഞങ്ങൾക്ക്‌ ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും ധരിച്ചു വശായ ആ അവിശ്വാസികളെ നന്നാക്കാൻ സമയം കളയുന്നതിനു പകരം ഭക്തനും വിജ്ഞാന ദാഹിയും ആയ ഈ മഹാന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കലാണ്‌ ഫലപ്രദം എന്ന് അറിയിക്കുകയാണ്‌ അല്ലാഹു. അദ്ദേഹത്തെ അല്ലാഹു നല്ലത്‌ കേൾക്കാൻ താൽപര്യത്തോടെ വരുന്നവർ. അല്ലാഹുവിനെ ഭയപ്പെടുന്നവർ എന്നെല്ലാം പ്രശംസിച്ചിരിക്കുന്നു .അദ്ദേഹത്തെ പ്രത്യേകം ആദരിക്കാറുണ്ടായിരുന്ന നബി(സ്വ) മദീനാ പള്ളിയിലെ സുബ്‌ഹി വാങ്കു വിളിക്കാനും ചുമതലപ്പെടുത്തി അംഗീകരിക്കുകയുണ്ടായി
كَلَّا إِنَّهَا تَذْكِرَةٌ . 11
അങ്ങനെ വേണ്ടാ! നിശ്ചയം അവ(ഖുർആൻ വചനങ്ങൾ) ഒരു ഉപദേശമാകുന്നു.
فَمَن شَاء ذَكَرَهُ .12
ആകയാൽ ആർ(വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവരത്‌ ഓർമ്മിച്ചു കൊള്ളട്ടെ
فِي صُحُفٍ مُّكَرَّمَةٍ .13
ആദരണീയമായ ചില ഏടുകളിലാണ്‌ (അതുള്ളത്‌)
مَّرْفُوعَةٍ مُّطَهَّرَةٍ .14
(അതെ) ഉന്നതമാക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ)
بِأَيْدِي سَفَرَةٍ .15
ചില ദൗത്യ വാഹകന്മാരുടെ കൈക്ക്‌
كِرَامٍ بَرَرَةٍ .16
മാന്യന്മാരും പുണ്യവാന്മാരുമായ(ദൗത്യ വാഹകന്മാരുടെ കൈക്ക്‌)
ഇതു വരെ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്‌. സദുപദേശം തേടി വരുന്നവന്റെ നേരെ അശ്രദ്ധ കാണിക്കുകയും അതിനാവശ്യമില്ലെന്ന് നടിക്കുന്നവരുടെ നേരെ ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതില്ല. ഈ ഖുർആൻ ഉപദേശമാണ്‌ അത്‌ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നവർ സ്വീകരിക്കട്ടെ. ആരെയും അത്‌ അടിച്ചേൽപ്പിക്കേണ്ടതില്ല. എന്നാൽ ഖുർആൻ ഒരു സാധാരണ ഉപദേശമല്ല മറിച്ച്‌ മഹത്തായതും ഉന്നത പദവിയുള്ളതും പിശാചുക്കളുടെ സ്പർശത്തിൽ നിന്ന് സംശുദ്ധമായതും മാന്യന്മാരും അനുസരണമുള്ളവരും ആയ സന്ദേശവാഹകരായ മലക്കുകളുടെ കൈവശമുള്ള ഏടുകളിൽ സ്ഥിതി ചെയ്യുന്നതുമാണിത്‌ വളരെ സംശുദ്ധവും പരിപാവനവുമായ ഗ്രന്ഥം!
മലക്കുകൾക്കിവിടെ മൂന്ന് വിശേഷണം പറഞ്ഞിരിക്കുന്നു
(1). സഫറത്ത്‌.
സഫറത്ത്‌ എന്നാൽ എഴുത്തുകാരായ മലക്കുകൾ എന്നും അല്ലാഹുവിന്റെയും മനുഷ്യരുടെയും ഇടയിലെ മദ്ധ്യ വർത്തികളായ മലക്കുകൾ എന്നും അർത്ഥമുണ്ട്‌ അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശങ്ങൾ മനുഷ്യരിലേക്കെത്തിക്കുന്ന ദൗത്യവാഹകരായ മലക്കുകൾ!
(2) കിറാം.
അല്ലാഹുവിന്റെ അടുത്ത്‌ ആദരവുള്ളവർ എന്നും മനുഷ്യരോട്‌ ഇടപഴകുമ്പോൾ മാന്യത പുലർത്തുന്നവർ എന്നുമൊക്കെ ഇവിടെ ഉദ്ദേശ്യമാണ്‌
(3) ബററത്ത്‌.
അല്ലാഹുവിനെ യഥാവിധി അനുസരിക്കുന്നവർ എന്നത്രെ ഇവിടെ ഉദ്ദേശ്യം(റാസി 31/55)ഇത്ര മഹത്വമുള്ള ഖുർആൻ മനപാഠമാക്കുന്നവനും അതനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവനും പരലോകത്ത്‌ വലിയ മഹത്വമുണ്ട്‌.കഷ്ടപ്പെട്ട്‌ ഖുർആൻ പാരായണം ചെയ്യുന്നവർക്ക്‌ രണ്ട്‌ പ്രതിഫലമുണ്ടെന്ന് ഹദീസിൽ വന്നിരിക്കുന്നു. 
 

قُتِلَ الْإِنسَانُ مَا أَكْفَرَهُ 17

മനുഷ്യൻ നാശമടയട്ടെ(ശപിക്കപ്പെടട്ടെ) അവനെ ഇത്ര നന്ദി കെട്ടവൻ(സത്യ നിഷേധി) യാക്കിയതെന്താണ്‌?

18. مِنْ أَيِّ شَيْءٍ خَلَقَهُ

ഏതൊരു വസ്തുവിൽ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

19. مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ

ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു എന്നിട്ട്‌ അവനെ വേണ്ട വിധം വ്യവസ്ഥപ്പെടുത്തി

20. ثُمَّ السَّبِيلَ يَسَّرَهُ

പിന്നെ തന്റെ (ജീവിത) മാർഗങ്ങളെ അവന്നു സുഗമമാക്കിക്കൊടുത്തു

21. ثُمَّ أَمَاتَهُ فَأَقْبَرَهُ

പിന്നീട്‌ അവനെ മരണപ്പെടുത്തി എന്നിട്ടവനെ മറവു ചെയ്യിപ്പിച്ചു(ഖബ്‌റിലാക്കി)

ثُمَّ إِذَا شَاء أَنشَرَهُ .22

പിന്നീട്‌ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവനെ പുനർജ്ജീവിപ്പിക്കുന്നതാണ്‌.


മുൻ സൂക്തങ്ങളിൽ ദരിദ്രന്മാരായ വിശ്വാസികളോട്‌ പരിഹാസപൂർവ്വം അഹങ്കാരം നടിച്ചവരെ കൂടുതൽ പരിഗണിക്കാനായി സാധുക്കളെ മാറ്റിനിർത്തേണ്ടതില്ലെന്ന് ഉണർത്തിയിരുന്നവല്ലോ. ആ ധനികന്മാർക്ക്‌ സാധുക്കളുടെ മേൽ അഹങ്കരിക്കാൻ എന്തു യോഗ്യതയാണുള്ളത്‌? അവന്റേയും ആദ്യം മ്ലേഛമായി കരുതുന്ന ഇന്ദ്രിയവും അവസാനം ചീഞ്ഞളിയുന്ന ശവവും അതിനിടക്ക്‌ കാഷ്ടം പേറി നടക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ? അവൻ എത്ര അഹങ്കരിച്ചാലും സൃഷ്ടിപ്പിലെ ഈ അവസ്ഥയോ അവസാനത്തിൽ വരുന്ന ആ സാഹചര്യമോ ഇപ്പോഴുള്ള ഈ നിസ്സഹായതയോ അവനു ഇല്ലാതാക്കാനാവുമോ? ഇല്ല .എന്നാണ്‌ ഉത്തരമെങ്കിൽ അവൻ എങ്ങനെ സത്യ നിഷേധിയാവുന്നു? എന്ന മനസിലേക്ക്‌ തുളച്ച്‌ കയറുന്ന ചോദ്യമാണ്‌ അല്ലാഹു ചോദിക്കുന്നത്‌ എന്നിട്ട്‌ ആ നിഷേധത്തിന്റെ പേരിൽ അവനെതിരെയുള്ള ശക്തമായ പ്രാർത്ഥനയാണ്‌ അവൻ കൊല്ലപ്പെടട്ടെ! ശപിക്കപ്പെടട്ടെ! നാശമടയട്ടെ! എന്നൊക്കെ അർത്ഥം പറയാവുന്ന വാക്കിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്നത്‌.


ഇമാം ഖുർത്വുബി(റ) എഴുതുന്നു. അബൂലഹബിന്റെ മകൻ ഉത്ബത്ത്‌ എന്നവന്റെ വിഷയത്തിലാണീസൂക്തം അവതരിച്ചത്‌. അവൻ നിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും ഉച്ചിയിൽ നിലയുറപ്പിച്ചപ്പോൾ അല്ലാഹുവിന്റെ പ്രത്യേകമായ സിംഹം അവനെ കൊന്നുകളയട്ടെ എന്ന് നബി(സ്വ) പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ശാമിലേക്ക്‌ കച്ചവടത്തിനു പോകുന്ന സംഘത്തിൽ ഇവനും പുറപ്പെടുകയും, 'ഗാളിറ:' എന്ന സ്ഥലത്ത്‌ വിശ്രമിക്കാനിറങ്ങിയപ്പോൾ നബി(സ്വ)യുടെ പ്രാർത്ഥന ഇവന്ന് ഓർമ്മ വരികയും എന്നെ നന്നായി ശ്രദ്ധിക്കണമെന്നും ഞാൻ സുരക്ഷിതനായി നേരം പുലർന്നാൽ എന്നെ സംരക്ഷിക്കുന്നവർക്ക്‌ ആയിരം ദീനാർ ഞാൻ നൽകുമെന്നും അവൻ വാഗ്ദാനം ചെയ്തു. അങ്ങനെ യാത്രാ സംഘത്തിന്റെ മദ്ധ്യഭാഗത്ത്‌ ഇവനെ കിടത്തുകയും കൂടെയുള്ള സാധനങ്ങളെല്ലാം ചുറ്റും വെച്ച്‌ പ്രതിരോധം തീർക്കുകയും ചെയ്തിട്ടും കാട്ടിൽ നിന്ന് മണം പിടിച്ച്‌ വന്ന സിംഹം ഇവന്റെ മേലെ ചാടി വീഴുകയും അവനെ പിച്ചിച്ചീന്തുകയും ചെയ്തു. മകന്റെ അതി ദാരുണമായ മരണ വാർത്തയറിഞ്ഞ അബൂലഹബിന്റെ പ്രതികരണം
ماقال محمد شيئا قط الا كان മുഹമ്മദ്‌ പറഞ്ഞ ഒന്നും നടക്കാതെ പോകില്ല എന്നായിരുന്നു (ഖുർത്വുബി 19/153)


മറ്റൊരു നിലക്ക്‌ ചിന്തിച്ചാൽ മനുഷ്യൻ അല്ലാഹുവിനോട്‌ കാണിക്കുന്ന സത്യനിഷേധത്തിന്റെയും നന്ദികേടിന്റെയും ഗൗരവം അല്ലാഹു ഉണർത്തുകയാണ്‌ അവൻ എങ്ങനെ നിഷേധിയാവും! അവന്റെ തുടക്കം ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നല്ലേ? ഇത്‌ അവൻ സ്വയം പര്യാപ്തനല്ലെന്നും അവൻ അല്ലാഹുവിന്റെ ഔദാര്യത്തിൽ ജന്മം നൽകപ്പെട്ടവനാണെന്നും അവൻ ഓർക്കേണ്ടതല്ലേ! അതെ! കേവലം നിസ്സാരമായ ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നാണവന്റെ ജന്മം! അങ്ങനെ അവന്നു പൂർണ്ണമായ മനുഷ്യരൂപം നൽകി ആകൃതിയും പ്രകൃതിയും നിശ്ചയിച്ചു. ഭക്ഷണവും ആയുസ്സുമെല്ലാം വ്യവസ്ഥ ചെയ്തു. വിജയ പരാജയത്തിന്റെ വഴികൾ ഏതാണെന്ന് വിശദീകരിച്ചു കൊടുത്തു. ജീവിതാവസാനമെത്തിയപ്പോൾ മരണപ്പെടുത്തുകയും ഭൂമിയിൽ മറവു ചെയ്യപ്പെടാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ ഇവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു എന്നത്‌ ഒരാൾക്കും നിഷേധിക്കാനാവാത്ത അനുഭവമാണ്‌ എന്ന് സമ്മതിച്ചാൽ ഇതിന്റെയെല്ലാം കർത്താവായ അല്ലാഹു താൻ ഉദ്ദേശിക്കുമ്പോൾ ഇവർക്ക്‌ പുനർജ്ജന്മം നൽകുമെന്നതിനെ നിഷേധിക്കുന്നത്‌ എന്തു മാത്രം നിരർത്ഥകമാണ്‌ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്‌ അല്ലാഹു ഇവൻ എങ്ങനെ ഇത്ര വലിയ നിഷേധിയായി എന്ന് ചോദിക്കുന്നത്‌.


ഇമാം റാസി(റ) എഴുതുന്നു. 'ഏതൊരു പുതിയതിനും മൂന്ന് അവസ്ഥകളുണ്ട്‌. തുടക്കം, മദ്ധ്യം, അവസാനം. എന്നിവയാണ്‌ അത്‌. ഈ മൂന്ന് അവസ്ഥകളാണ്‌ 18- ം സൂക്തം മുതൽ 22 കൂടിയ സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. എന്തിൽ നിന്ന് പടച്ചു? എന്ന ചോദ്യം ആ സാദനം വളരെ നിസ്സാരം എന്ന് അറിയിക്കാൻ വേണ്ടിയത്രെ!. ഇന്ദ്രിയത്തിൽ നിന്നു പടച്ചു എന്ന മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കം വിവരിച്ചതിലൂടെ വളരെ നിസ്സാരമായ ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെട്ട ഒരാൾക്ക്‌ അഹങ്കരിക്കുക എന്ന അവസ്ഥ ചേരില്ല എന്നുണർത്തിയിരിക്കുകയാണ്‌ 19- ം സൂക്തത്തിൽ പറഞ്ഞ വ്യവസ്ഥപ്പെടുത്തി എന്നതിന്റെ താൽപര്യം അവൻ അഭിമുഖീകരിക്കുന്ന വിവിധ ഘട്ടങ്ങളാണ്‌ അതായത്‌ ഇന്ദ്രിയം പിന്നീട്‌ രക്തക്കട്ടയും അത്‌ പിന്നീട്‌ മാംസക്കട്ടയും അതിന്റെ വളർച്ചയുടെ പ്രധാന ഘട്ടത്തിൽ ആണോ പെണ്ണോ എന്ന് വേർത്തിരിക്കപ്പെട്ടതും വിജയിയോ പരാജയിയോ എന്ന തീരുമാനവുമെല്ലാം ആ വ്യവസ്ഥപ്പെടുത്തുക എന്നതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്‌. ഓരോ അവയവവും അതിന്റെ കൃത്യമായ ആകാരത്തിലും അളവിലും ആവുന്നതും വ്യവസ്ഥപ്പെടുത്തിയതിന്റെ ഭാഗമത്രെ! മദ്ധ്യ ഘട്ടം എന്നതാണ്‌ 20- ം സൂക്തം സൂചിപ്പിക്കുന്നത്‌ വഴി എളുപ്പമാക്കുക എന്നതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഉമ്മയുടെ വയറ്റിൽ നിന്നു തനിക്കു പുറത്തേക്കുള്ള വഴി എളുപ്പമാക്കി എന്നതാണ്‌ ഒരു വ്യാഖ്യാനം ഉമ്മയുടെ ഗർഭപാത്രത്തിൽ തല മുകളിലും കാൽ താഴെയുമായാണ്‌ കുട്ടിയുടെ കിടപ്പ്‌. എന്നാൽ പ്രസവ സമയം അത്‌ തിരിഞ്ഞു വരുന്നു!ആരാണ്‌ കുട്ടിക്ക്‌ തിരിയാനുള്ള ക്ലാസ്സ്‌ കൊടുത്തത്‌? അല്ലാഹു തന്നെ!അതെ! വളരെ ചെറിയൊരു ദ്വാരത്തിലൂടെ ഈ കുഞ്ഞ്‌ ഭൂമിയിലെത്തിയത്‌ വഴി അല്ലാഹു എളുപ്പമാക്കിയത്‌ കൊണ്ട്‌ തന്നെ!രണ്ടാമത്തെ വ്യാഖ്യാനം വഴി എളുപ്പമാക്കി എന്നാൽ മതപരവും ഭൗതികവുമായ വിഷയങ്ങളിൽ നന്മയുടെയും തിന്മയുടെയും വഴികൾ വിവേചിച്ച്‌ മനസിലാക്കാൻ ആവശ്യമായ വിശേഷ ബുദ്ധിയും ഗ്രന്ഥങ്ങളിലൂടെയും പ്രവാചക ഉത്ബോധനങ്ങളിലൂടെയുള്ള ദിശാബോധവും അല്ലാഹു നൽകി എന്നതാണ്‌ മൂന്നാം ഘട്ടമാണ്‌ 21- 22 സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. അഥവാ മരണവും അനുബന്ധ വിഷയങ്ങളും!


മൂന്നാം ഘട്ടം മൂന്ന് ഭാഗമായി വിശദീകരിക്കാം. മരിപ്പിക്കൽ, ഖബറടക്കൽ,പുനർജ്ജനിപ്പിക്കൽ എന്നിങ്ങനെ .ഇതാണ്‌ അവസാന രണ്ട്‌ ആയത്തിൽ വിശദീകരിച്ചത്‌(റാസി 31/56) ഈ മറവു ചെയ്യാനുള്ള നിർദ്ദേശം മരണപ്പെട്ടവനോടുള്ള ആദരവാണ്‌. ഇമാം ഖുർത്വുബി(റ) എഴുതുന്നു. 'അവനൊരു ഖബ്‌ർ കുഴിക്കുകയും പക്ഷികളും മറ്റ്‌ ജീവികളും അവനെ കൊത്തി വലിക്കാൻ സൗകര്യം ഒരുക്കി അവനെ ഭൂമുഖത്ത്‌ ഇടാതെ അവനെ മറവ്‌ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത്‌ അവന്റെ മയ്യിത്തിനോട്‌ കാണിക്കുന്ന ആദരവത്രെ!(ഖുർത്വുബി19/154)


23. كَلَّا لَمَّا يَقْضِ مَا أَمَرَهُ

അങ്ങനെ വേണ്ടാ..മനുഷ്യനോട്‌ അല്ലാഹു കൽപ്പിച്ചത്‌ അവൻ നിർവ്വഹിച്ചില്ല

24. فَلْيَنظُرِ الْإِنسَانُ إِلَى طَعَامِهِ

എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തിലേക്കൊന്ന്(ചിന്തിച്ചു) നോക്കട്ടെ

25. أَنَّا صَبَبْنَا الْمَاء صَبًّا

അതായത്‌ നാം (മഴ)വെള്ളം (ശക്തിയായ)ചൊരിച്ചു

26. ثُمَّ شَقَقْنَا الْأَرْضَ شَقًّا

പിന്നെ ഭൂമിയെ നാം(യുക്തമായ വിധം)പിളർത്തി

27. فَأَنبَتْنَا فِيهَا حَبًّا

അങ്ങനെ നാം അതിൽ ധാന്യം മുളപ്പിച്ചു

28. وَعِنَبًا وَقَضْبًا

മുന്തിരിയും (പച്ചയിൽ മുറിച്ചെടുക്കുന്ന)സസ്യങ്ങളും

29. وَزَيْتُونًا وَنَخْلًا

ഒലീവും ഈത്തപ്പനയും

30. وَحَدَائِقَ غُلْبًا

(വൃക്ഷങ്ങൾ)ഇട തൂർന്ന് നിൽക്കുന്ന തോട്ടങ്ങളും

31. وَفَاكِهَةً وَأَبًّا

പഴങ്ങളും മേച്ചിൽ പുല്ലും(കാലിത്തീറ്റ)

مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ .32

നിങ്ങൾക്കും നിങ്ങളുടെ കന്ന് കാലികൾക്കും ഉപയോഗത്തിനു വേണ്ടി


23- ം സൂക്തത്തിൽ കൽപ്പിച്ചത്‌ മനുഷ്യൻ ചെയ്തില്ലെന്ന് പറഞ്ഞത്‌ അവിശ്വാസിയായ മനുഷ്യനെ പറ്റിയാണ്‌. അവനോട്‌ കൽപ്പിക്കപ്പെട്ടിരുന്നത്‌ അഹങ്കാരം ഒഴിവാക്കാനും അല്ലാഹുവിന്റെ ഏകത്വത്തിന്റെ തെളിവുകൾ മനസ്സിലാക്കാനും അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്യത്ഭുതങ്ങൾ ചിന്തിക്കാനും അവന്റെ കഴിവുകൾ സമ്മതിക്കാനുമാണ്‌. പക്ഷെ അവൻ അതൊക്കെ വിസ്മരിച്ചാണ്‌ നടപ്പ് എന്നാണ്‌ അല്ലാഹു ഉണർത്തിയത്‌. ശേഷം അല്ലാഹു ചെയ്ത്‌ കൊടുത്ത അനുഗ്രഹങ്ങൾ ഉണർത്തുകയാണ്‌. മനുഷ്യൻ കഴിക്കുന്ന ഭക്ഷണം, മൃഗങ്ങൾക്ക്‌ ആവശ്യമായ ആഹാരം, അതിനു പ്രകൃതിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ എല്ലാം അല്ലാഹു ചെയ്തു വെച്ചിരിക്കുന്നു. മഴ വർഷിപ്പിക്കുന്നതും, അത്‌ ഭൂഗർഭ അറകളിൽ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തതുമൊക്കെ അലോചിച്ചാൽ തന്നെ അല്ലാഹുവിന്റെ അളവറ്റ ഈ അനുഗ്രഹങ്ങൾക്ക്‌ നന്ദി ചെയ്യാൻ താൻ കടപ്പെട്ടവനാണെന്ന് ചിന്തിക്കുന്നവനു മനസിലാകും. അതിനും പുറമേ എത്ര അനുഗ്രഹങ്ങൾ അവൻ തന്നു. എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ച്‌ നന്ദി കേട്‌ കാണിക്കുന്നവൻ ഉത്തരവാദിത്തം നിർവ്വഹിച്ചില്ലെന്ന് പറയുന്നത്‌ മനുഷ്യന്റെ കണ്ണ്‌ തുറപ്പിക്കേണ്ട പ്രയോഗം തന്നെ!പച്ചയിൽ മുറിച്ചെടുത്ത്‌ ഉപയോഗിക്കുന്ന എല്ലാ പച്ചക്കറി ചെടികൾക്കും പൊതുവിൽ പറയപ്പെടുന്ന പേരാണ്‌ قضب എന്ന പദം. എന്നാൽ മനുഷ്യൻ തിന്നാറില്ലാത്തതും കാലികൾ മേഞ്ഞു തിന്നുന്നതുമായ പുൽച്ചെടികളും മറ്റുമാണ്‌ أب എന്ന് പറഞ്ഞാൽ. തുടർന്ന് 32- ം സൂക്തത്തിൽ ഇതെല്ലാം നിങ്ങൾക്കും കാലികൾക്കും ഗുണത്തിനും സുഖത്തിനും വേണ്ടിയെന്നാണല്ലോ അല്ലാഹു പറഞ്ഞത്‌ ഇതിനു നന്ദി ചെയ്യേണ്ടവനാണു മനുഷ്യൻ എന്ന് കൂടി ഇത്‌ സൂചിപ്പിക്കുന്നു .അതിനെതിരിൽ ചരിക്കുന്നവർക്ക്‌ പാപത്തിന്റെ ശമ്പളം ലഭിക്കാൻ പോകുന്ന വിധി നിർണ്ണയ നാളിനെ കുറിച്ചാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌.
 

فَإِذَا جَاءتِ الصَّاخَّةُ 33
എന്നാൽ ആഭീകര ശബ്ദം വന്നാൽ


يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ 34
അതായത്‌ മനുഷ്യൻ തന്റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം

35. وَأُمِّهِ وَأَبِيهِ
തന്റെ മാതാവിനേയും പിതാവിനേയും വിട്ടും(ഓടിപ്പോകുന്ന ദിവസം)

36. وَصَاحِبَتِهِ وَبَنِيهِ
തന്റെ ഭാര്യയേയും മക്കളെയും വിട്ടും(ഓടുന്ന ദിവസം)

37. لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
അന്ന് അവരിൽ നിന്ന് ഓരോരുത്തർക്കും തന്നെ മതിയാക്കത്തക്ക കാര്യങ്ങളുണ്ട്‌(അത്‌ കൊണ്ടാണ്‌ അവൻ ഉറ്റവരെയൊന്നും ശ്രദ്ധിക്കാത്തതെന്ന് ചുരുക്കം)

അല്ലാഹു നൽകുന്ന ധാരാളം അനുഗ്രഹങ്ങൾ കഴിഞ്ഞ സൂക്തങ്ങളിൽ സൂചിപ്പിച്ചുവല്ലോ! ഈ ആനുകൂകൂല്യങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ എന്നിട്ടും അല്ലാഹുവിനു നന്ദി ചെയ്യുന്നതിനു പകരം നിഷേധവുമായി നടക്കാൻ ധാർഷ്ട്യം കാണിക്കുന്നു. എന്നാൽ അവരെ പരലോകത്ത്‌ ഒരുമിച്ചു കൂട്ടുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ്‌ ഭീകര ശബ്ദം വന്നാൽ എന്നതിന്റെ വിവക്ഷ! ഖബ്‌റിൽ നിന്നു മഹ്ശർ മൈതാനിയിലെത്തുന്ന മനുഷ്യരുടെ അസ്വസ്ഥമായ അവസ്ഥയാണ്‌ അല്ലാഹു വിശദീകരിക്കുന്നത്‌. അന്നത്തെ വിഷമത്തിൽ നിന്നു എനിക്കെങ്ങനെ രക്ഷപ്പെടാനാവും എന്ന് മാത്രമായിരിക്കും ഓരോരുത്തരുടെയും ചിന്ത! സ്വന്തം മാതാപിതാക്കളെയോ ഭാര്യ സന്താനങ്ങളെയോ നേരിൽ കണ്ടാൽ പോലും അവരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരാളും ഒരുക്കമല്ല. കാരണം ആദ്യം എന്റെ രക്ഷ! എന്നതാണ്‌ ഓരൊരുത്തരുടെയും ലക്ഷ്യം. അതിനായി നെട്ടോട്ടത്തിലാണ്‌ എല്ലാവരും!

ഇമാം ഖുർത്വുബി(റ) എഴുതുന്നു. ഭൗതികജീവിതത്തിന്റെ അവസ്ഥകൾ വിവരിച്ചതിനു ശേഷം പരലോക കാര്യങ്ങൾ അല്ലാഹു വിശകലനം ചെയ്യുന്നത്‌ ആ ദിനത്തെ വരവേൽക്കാനായി സുകൃതങ്ങൾ ചെയ്തു ഒരുങ്ങാൻ ബുദ്ധിയുള്ളവർക്ക്‌ പ്രചോദനമാവാൻ വേണ്ടിയാണ്‌. ആ ദിനത്തിലുണ്ടാവുന്ന ശബ്ദത്തിനു ചെകിടടപ്പിക്കുന്ന ശബ്ദം. കാത്‌ പൊട്ടിപ്പോകുമാറുള്ള ശബ്ദം എന്നൊക്കെയാണ്‌ അർത്ഥം! (ഖുർത്വുബി 19/157)

ആ ദിനത്തിൽ സ്വന്തക്കാരിൽ നിന്നെല്ലാവരും ഓടും എന്നതിന്റെ താത്പര്യം എന്താണ്‌ എന്നതിനെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു.. 'ഇവിടെ ഓടും എന്ന് പറഞ്ഞാൽ അതിന്റെ ബാഹ്യാർത്ഥം തന്നെയാവാം. അഥവാ സ്വന്തക്കാരെ കാണാതിരിക്കാനായി ഓടുക തന്നെ!കാരണം സ്വന്തക്കാരെ കണ്ട്‌ മുട്ടിയാൽ അവർക്ക്‌ ലഭിക്കേണ്ട ചില അവകാശങ്ങൾ അവർ ചോദിച്ചാലോ എന്ന ഭയം കാരണത്താൽ! അതായത്‌ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നോടുള്ള ചില കടമകൾ വീട്ടിയില്ലായിരുന്നുവെങ്കിൽ അത്‌ വെച്ച്‌ അവിടെ അവർ വിലപേശുമെന്ന് ഇവൻ ഭയപ്പെടുന്നു. അഥവാ സഹോദരൻ സഹോദരനെ കണ്ട്‌ മുട്ടിയാൽ അവൻ പറയും ഭൂമിയിൽ നിനക്ക്‌ സൗകര്യങ്ങളുണ്ടായിട്ടും സഹോദരനെന്ന നിലക്ക്‌ നീ എന്നെ സഹായിച്ചില്ല, രക്ഷിതാക്കൾ മക്കളെ കണ്ടാൽ പറയുന്നു മാതാപിതാക്കളോടുള്ള കടമകൾ നീ ഭൂമിയിൽ നിന്ന് വീട്ടിയിട്ടില്ല, ഭാര്യയെ കണ്ടാൽ അവൾ പറയും നിങ്ങൾ ഭൂമിയിൽ വെച്ചു എനിക്ക്‌ അനധികൃതമായ ആഹാരം തന്ന് എന്നെ ദുഷിപ്പിച്ചു, മക്കൾ കണ്ടാൽ പറയും പിതാവെന്ന നിലക്ക്‌ ഞങ്ങൾ പരലോകത്ത്‌ രക്ഷപ്പെടാനാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുകയോ ഞങ്ങൾക്ക്‌ ദിശാബോധം നൽകുകയോ ചെയ്യാതെ നിങ്ങൾ ഞങ്ങളെ വിഷമത്തിലാക്കി.. ഇത്‌ പോലുള്ള എല്ലാ കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാമെന്ന് ധരിച്ചാണ്‌ അവൻ ഓടുന്നത്‌',
ഇനി ഓടുക എന്നാൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കില്ല എന്നും അർത്ഥമാവാം ഭൂമിയിലാവുമ്പോൾ സ്വന്തക്കാർക്ക്‌ ആപത്ത്‌ വരുന്നിടത്തൊക്കെ പെട്ടെന്ന് ഓടിയെത്തുന്നവർ പോലും പരലോകത്ത്‌ സഹായിക്കാനെത്തില്ലെന്നു ചുരുക്കം! ഖുർആനിൽ ഓടുന്നവരുടെ ക്രമം ആദ്യം സഹോദരൻ, പിന്നെ മാതാപിതാക്കൾ, പിന്നെ ഭാര്യ മക്കൾ എന്നിങ്ങനെ പറഞ്ഞത്‌ അടുപ്പം കൂടുതലും കുറവും പരിഗണിച്ച്‌ കൊണ്ടാണ്‌ അഥവാ സഹോദരനേക്കാൾ അടുപ്പം രക്ഷിതാക്കളോടും അവരേക്കാൾ ശ്രദ്ധ ഭാര്യാ മക്കളുടെ കാര്യത്തിലുമെടുക്കാറാണല്ലോ സാധാരണയായി മനുഷ്യന്മാർ!(റാസി 31/59,60)

ആ ദിനത്തിന്റെ ഗൗരവാവസ്ഥ വിശദീകരിച്ച്‌ ഇബ്നു കസീർ(റ) എഴുതുന്നു. ''അന്നെദിനം ഭാര്യയെ കണ്ടാൽ ഭർത്താവ്‌ പറയും 'പ്രിയേ! ഭൂമിയിൽ ഞാൻ നിനക്ക്‌ വേണ്ടി ധാരാളം ഗുണങ്ങൾ ചെയ്ത്‌ തന്നത്‌ നിനക്ക്‌ ഓർമ്മയില്ലേ? ഇന്നെനിക്ക്‌ നിന്റെ ഒരു സഹായം വേണം നിന്റെ നന്മയിൽ നിന്ന് അൽപം തന്ന് നീ എന്നെ ഒന്ന് സഹായിക്കണം' ഇത്‌ കേട്ടാൽ ഭാര്യയുടെ പ്രതികരണം 'ഭൂമിയിൽ നിങ്ങൾ എന്റെ നല്ല ഭർത്താവായിരുന്നു. പക്ഷെ ഇവിടെ നിങ്ങൾ ഭയപ്പെടുന്ന അതേ ഭയം എനിക്കുമുണ്ട്‌ അതിനാൽ ഇന്ന് നിങ്ങളെ സഹായിക്കാൻ എനിക്കാവില്ല' എന്നായിരിക്കും. ഇതേ ക്രമത്തിൽ തന്നെയായിരിക്കും എല്ലാവരുടെയും പ്രതികരണം. ഏറ്റവും ശ്രേഷ്ടരായ പ്രവാചകന്മാർ പോലും അന്ന് എന്റെ രക്ഷ എന്നായിരിക്കും വിളിച്ചു പറയുക! (ഇബ്നു കസീർ 4/690)
അന്ന് വ്യത്യസ്തമായൊരു ശബ്ദം മുഹമ്മദ്‌ നബി(സ്വ)യിൽ നിന്ന് മാത്രമാണുണ്ടാവുക അവിടുന്ന് പറയുക എന്റെ സമുദായത്തെ രക്ഷിക്കേണമേ എന്നായിരിക്കും. ആ ഭീതിതമായ സമയത്ത്‌ പോലും നമ്മെ കൈവിടാത്ത നബി(സ്വ)യെ സ്വജീവനേക്കാൾ സ്നേഹിക്കാനും അവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നതിലും അവിടുത്തെ ചര്യ പിൻതുടരുന്നതിലും വീഴ്ച്ച വരുത്താതിരിക്കാനും നമുക്ക്‌ ബാദ്ധ്യതയുണ്ടെന്ന കാര്യം ഒരിക്കലും നാം വിസ്മരിക്കരുത്‌.
ആ ദിവസത്തിന്റെ അവസ്ഥ മനസിലാക്കാൻ അനസ്‌(റ) നബി(സ്വ) യിൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ്‌ ധാരാളം മതി. ആഇശ:(റ) നബി(സ്വ) യോട്‌ ചോദിച്ചു. ''അല്ലാഹുവിന്റെ നബിയേ! എങ്ങനെയാണ്‌ പുരുഷന്മാരെ അന്ത്യനാളിൽ ഒരുമിച്ച്‌ കൂട്ടുക? നബി(സ്വ) പറഞ്ഞു. ചെരുപ്പു ധരിക്കാത്തവരായും നഗ്നരായും കൊണ്ട്‌. വീണ്ടും ആ ഇശ:(റ) ചോദിച്ചു. സ്ത്രീകളെയോ? നബി(സ്വ) പറഞ്ഞു. അവരെയും അങ്ങനെ തന്നെ! അപ്പോൾ ആ ഇശ:ബീവി പറഞ്ഞു. അയ്യേ!അപ്പോൾ പരസ്പരം നഗ്നത കാണില്ലേ ? വല്ലാത്ത നാണക്കേട്‌ തന്നെ!! നബി(സ്വ) പറഞ്ഞു. ഇല്ല.. അന്നേ ദിനം ഒരാളും മറ്റൊരാളുടെയും നഗ്നത നോക്കില്ല. കാരണം ഓരോരുത്തർക്കും അവന്റെ രക്ഷയേ കുറിച്ച്‌ ചിന്തിക്കാൻ മാത്രമെ അന്ന് ശ്രദ്ധയുണ്ടാവൂ. അതാണ്‌ അല്ലാഹു പറഞ്ഞത്‌ ഓരോ ആളുകൾക്കും അന്ന് തന്നെ മതിയാകത്തക്ക കാര്യമുണ്ട്‌!

ചിന്തിക്കുക ! അവനവന്റെ രക്ഷക്ക്‌ അവിടെ വെച്ച്‌ മാത്രം ശദ്ധിച്ചത്‌ കൊണ്ടായില്ല ഇവിടെ വെച്ച്‌ തയാറാവണം ഒരുക്കങ്ങൾ നടത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ!

എന്നാൽ അന്ന് അല്ലാഹുവിനെ അനുസരിച്ച്‌ ഭൂമിയിൽ ജീവിച്ചിരുന്നവരും ധിക്കരിച്ചു നടന്നിരുന്നവരും ഒരു പോലെയായിരിക്കുമെന്ന് ധരിക്കരുത്‌. അവർ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടാവും അതാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

38. وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും

39. ضَاحِكَةٌ مُّسْتَبْشِرَةٌ
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും
40. وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
(വേറേ)ചില മുഖങ്ങളാവട്ടെ അന്ന് അവയുടെ മേൽ പൊടിപടലം ഉണ്ടായിരിക്കും
41. تَرْهَقُهَا قَتَرَةٌ
അവയെ കൂരിരുട്ട്‌ മൂടിയിരിക്കും

42. أُوْلَئِكَ هُمُ الْكَفَرَةُ الْفَجَرَةُ
അവരാണ്‌ ദുർമാർഗികളായ സത്യ നിഷേധികൾ!

അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ സന്തുഷ്ടരായ കാരണത്താൽ സജ്ജനങ്ങളുടെ മുഖം പ്രസന്നവും സന്തോഷം കളിയാടുന്നതുമായിരിക്കും. അതേ സമയം യാതൊരു പ്രതീക്ഷയുമില്ലാത്ത ദുർജ്ജനങ്ങളുടെ മുഖത്ത്‌ നിന്ന് തന്നെ അവരുടെ വിഷമം വായിച്ചെടുക്കാനാവും. അല്ലാഹു സത്യവിശ്വാസികളിൽ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. ആമീൻ.

ഇമാം റാസി(റ) എഴുതുന്നു. ''അന്ത്യ നാളിന്റെ ഭീതിതമായ അവസ്ഥ വിശദീകരിച്ചതിനു ശേഷം അല്ലാഹു മനുഷ്യരെ പ്രധാനമായും രണ്ട്‌ വിഭാഗമായി തരം തിരിക്കുന്നു. ഒന്ന് വിജയികൾ. രണ്ട്‌ പരാചയപ്പെട്ടവർ. വിജയികളുടെ വിശേഷണമായി അല്ലാഹു പറഞ്ഞു പ്രസന്ന മുഖമുള്ളവർ. അവരുടെ മുഖപ്രസന്നതക്ക്‌ പല കാരണങ്ങളും ഉണ്ട്‌. ഇബ്നു അബ്ബാസ്‌(റ) പറയുന്നു. രാത്രി നിസ്കാരം നിർവ്വഹിച്ചതിനാൽ എന്ന്. കാരണം രാത്രി കൂടുതൽ നിസ്ക്കരിച്ചവന്റെ മുഖം പകലിൽ സുന്ദരമായിരിക്കും എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വുളൂഇന്റെ അടയാളം കാരണത്താൽ പ്രസന്നമാകുമെന്ന് ളഹ്ഹാക്ക്‌(റ) പറയുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പൊടി പുരണ്ടകാരണത്താൽ എന്നും അഭിപ്രായമുണ്ട്‌. ഭൗതിക ബന്ധങ്ങളിൽനിന്നെല്ലാം രക്ഷപ്പെട്ട്‌ വിചാരണ കഴിഞ്ഞ ആശ്വാസത്തിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന പൊരുത്തത്തിന്റെ ഊഷ്മളതയാൽ മുഖത്തിന്റെ തെളിച്ചം കൂടുമെന്നാണ്‌ എന്റെ അഭിപ്രായം(റാസി 31/60)
രണ്ടാം വിഭാഗത്തിനു അല്ലാഹു മുഖത്തിനു കറുപ്പും പൊടി പടലവും കൊണ്ട്‌ മൂടിയത്‌ തെമ്മാടിത്തരവും അവിശ്വാസവും അവർ കൊണ്ട്‌ നടന്നതിനാലാണ്‌(റാസി 31/60)
ദോഷത്തിന്റെ ആധിഖ്യത്താൽ വിയർപ്പിൽ മുങ്ങിയ അവിശ്വാസിയുടെ മുഖത്ത്‌ പൊടി പടലങ്ങൾ ശരിക്കും സ്ഥാനം പിടിക്കും (അദ്ദുർ അൽമൻഥൂർ 6/523)

പ്രിയപ്പെട്ട വായനക്കാരേ! വർണ്ണിക്കാൻ സാദ്ധ്യമല്ലാത്ത അത്രയും വിഷമകരമായ അന്ത്യ ദിനം നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും ചെയ്യാൻ നാം സദാ ശ്രദ്ധയുള്ളവരാവണം .അല്ലാഹു നമുക്കും ഗുണകാംക്ഷികൾക്കും അതിനു അനുഗ്രഹിക്കട്ടെ ആമീൻ
അബസ സൂറത്ത്‌ പാരായണം ചെയ്യുന്നവൻ പരലോകത്ത്‌ പ്രസന്നമായ മുഖവുമായിട്ടായിരിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌(ബൈളാവി 2/571)

 
 

No comments:

Post a Comment

Note: only a member of this blog may post a comment.