Home

Monday, 2 November 2015

സൂറത്തുൽ മുസ്സമ്മിൽ



سورة المزمل - മക്കയിൽ അവതരിച്ചു
സൂക്തങ്ങൾ 20


بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


يَا أَيُّهَا الْمُزَّمِّلُ (1

ഹേ വസ്ത്രം കൊണ്ട് മൂടിയവരേ(നബിയേ!)



قُمِ اللَّيْلَ إِلَّا قَلِيلًا (2

രാത്രി അല്പ സമയമൊഴിച്ച് (ബാക്കി) എഴുന്നേറ്റ്(നിസ്ക്കരിച്ച്) കൊള്ളുക
ഖുറൈശികൾ തന്നെക്കുറിച്ച് കവിയാണെന്നും പ്രശ്നക്കാരനാണെന്നും ഭ്രാന്തനാണെന്നുമൊക്കെ പറഞ്ഞപ്പോൾ നബി(സ) വ്യസനത്തോടെ വീട്ടിൽ പുതപ്പിട്ട് മൂടിക്കിടന്നപ്പോൾ അങ്ങ് മൂടിപ്പുതച്ച് കിടക്കുകയല്ല പ്രവർത്തന രംഗത്ത് സജീവമാകുക എന്ന് നിർദ്ദേശിക്കുകയാണ് ഇതിലൂടെ അള്ളാഹു. ഹിറാ ഗുഹയിൽ വെച്ച് ജിബ് രീൽ(അ) തന്നെ കൂട്ടിപ്പിടിച്ച് ഓതുവാൻ നിർദ്ദേശിക്കുകയും തനിക്ക് ഓത്ത് ശീലമില്ലെന്ന് നബി(സ)പ്രതികരിക്കുകയും സൂറത്തുൽ അലഖിന്റെ ആദ്യ അഞ്ച് സൂക്തങ്ങൾ ഓതിക്കൊടുത്ത് ഓതാൻ നിർദ്ദേശം നൽകുകയും ചെയ്തപ്പോഴുണ്ടായ ഭയം കാരണം എന്നെ പുതപ്പിട്ടു മൂടുക എന്ന് വീട്ടിൽ വന്ന് പറയുകയും ഖദീജ(റ) പുതപ്പിട്ട് മൂടുകയും ചെയ്തു.അങ്ങനെ പുതപ്പ് മൂടി ക്കിടന്നപ്പോഴാണിത് ഇറങ്ങിയതെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ മുസ്സമ്മിൽ എന്നാൽ പ്രവാചക ബാധ്യത ഏറ്റെടുത്തവരേ എന്നും ഖുർആനിന്റെ ചുമതല ഏറ്റെടുത്തവരേ എന്നും വ്യാഖ്യാനമുണ്ട്(ഖുർത്വുബി)

പുതപ്പിട്ട് മൂടിയവരേ എന്ന പ്രയോഗത്തിൽ രണ്ട് പ്രത്യേകതയുണ്ട്.(ഒന്ന്) ഈ പ്രവർത്തനത്തെ ആക്ഷേപിക്കാതെയുള്ള സൌമ്യമായ നിർദ്ദേശം നടത്തുമ്പോഴാണ് നിലവിലുള്ള പ്രവർത്തനത്തിലേക്ക് ചേർത്തു കൊണ്ട് ഇത്തരം സംബോധന അറബികൾ നടത്താറുള്ളത് അതായത് പുതപ്പിട്ട് മൂടിക്കിടന്നതിനെ അള്ളാഹു ആക്ഷേപിച്ചിട്ടില്ലെന്നറിയിക്കാനാണ് ഈ പ്രയോഗം(രണ്ട്)ഈ സ്വഭാവം സ്വീകരിച്ച എല്ലാവർക്കും (പുതപ്പിട്ട് മൂടിക്കിടന്നുറങ്ങുന്നവരെല്ലാം രാത്രി എഴുന്നേറ്റ് നിസ്ക്കരിക്കണം )ഈ കല്പന ബാധകമാണെന്ന് വരുത്തലാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം (ഖുർത്വുബി)

പ്രവാചകത്വത്തിന്റെ ആദ്യ ഘട്ടത്തിലിറങ്ങിയ അദ്ധ്യായങ്ങളിൽ പെട്ടതാണിത്.അഞ്ച് നേരത്തെ നിസ്ക്കാരം അപ്പോൾ നിയമമാക്കപ്പെട്ടിരുന്നില്ല
രാത്രി നിസ്ക്കാരം നബി(സ)ക്കും മറ്റുള്ളവർക്കും നിർബന്ധമായിരുന്നോ അതോ നബി(സ) ക്ക് മാത്രമായിരുന്നോ എന്നത് സംബന്ധമായി വിവിധ അഭിപ്രായമുണ്ട്.ഏതായാലും നബി(സ)ക്ക് തഹജ്ജുദ് നിസ്ക്കാരം നിർബന്ധമാണ് എന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്

രാത്രിയിൽ അല്പ സമയമെങ്കിലും നിസ്ക്കരിക്കുന്നത് വലിയ മഹത്വമുള്ളതാണ്.നബി(സ) പറഞ്ഞു ഓ ജനങ്ങളേ! നിങ്ങൾ ഭക്ഷണം നൽകുക, സലാം പറയൽ വ്യാപിപ്പിക്കുക,ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രി നിസ്ക്കരിക്കുക എന്നാൽ മലക്കുകളുടെ സലാമോടെ സ്വർഗത്തിൽ നിങ്ങൾ പ്രവേശിക്കും

ഹൃ‌ദയ ശുദ്ധീകരണത്തിനുള്ള ആത്മീയമായ കാരണങ്ങൾ വിശദീകരിക്കുന്നിടത്ത് സൈനുദ്ദീൻ മഖ്ദൂം(റ) പറയുന്നത് കാണാം ഹൃ‌ദയ ശുദ്ധിക്കുള്ള മരുന്നുകൾ അഞ്ചെണ്ണമാണ് അർത്ഥം ചിന്തിച്ച് ഖുർആൻ പാരായണം ചെയ്യുക, വയറ് കാലിയാക്കുക, രാത്രി നിസ്ക്കരിക്കുക, അത്താഴ സമയത്ത് അള്ളാഹുവിലേക്ക് താഴ്മയോടെ പ്രാർത്ഥിക്കുക ശ്രേഷ്ഠന്മാരായ സജ്ജനങ്ങളോടൊപ്പം ഇരിക്കുക എന്നിവയാണത്


نِصْفَهُ أَوِ انقُصْ مِنْهُ قَلِيلًا (3


അതായത് അതിന്റെ(രാത്രിയുടെ) പകുതി സമയം.അല്ലെങ്കിൽ അതിൽ നിന്ന് അല്പം കുറച്ചു കൊള്ളുക


അത്യാവശ്യം ഉറങ്ങിയ ശേഷം രാത്രിയുടെ പകുതിയോ അതിനടുത്ത സമയമെങ്കിലും നിസ്ക്കരിക്കണം എന്നാണ് കല്പന



أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا (4


അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിക്കുക ഖുർആൻ സാവകാശം പാരായണം നടത്തുകയും ചെയ്യുക
രാത്രി പകുതിയേക്കാൾ നിസ്ക്കാരം കൂടിയാലും കുഴപ്പമില്ലെന്ന് സാരം

ഖുർആൻ പാരായണം നിസ്ക്കാരത്തിലെ ഒരു പ്രധാന ഭാഗമാണെന്നതിനു പുറമെ ഖുർആൻ പാരായണത്തിനുള്ള നല്ല അവസരവുമാണ് നിസ്ക്കാരം ,പാരായണം സാവകാശമാവുന്നതാണഭികാമ്യം എന്നാണ് അള്ളാഹു പറയുന്നത്. തർത്തീൽ എന്നാൽ അക്ഷരങ്ങൾ വ്യക്തമാക്കിയും വാക്കുകൾ സാവകാശം നന്നാക്കിയും വായിക്കുക എന്നാണ്. ഓതുന്നവനും കേൾക്കുന്നവനും ആശയം ചിന്തിക്കാനും മനസിൽ പതിയാനും കൂടുതൽ സഹായകവും ഈ ശൈലിയാണ് (വേഗം ഓതുന്ന ശൈലി തെറ്റാണെന്ന് പറഞ്ഞതിനർത്ഥമില്ല)

അബ്ദുള്ളാഹിബ്നു അംറ്(റ)വിൽ നിന്ന് അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു നബി(സ) പറഞ്ഞു ഖുർആൻ പാരായണം ചെയ്യുന്നവനെ അന്ത്യ നാളിൽ കൊണ്ട്‌വരപ്പെടും. അങ്ങനെ സ്വർഗത്തിന്റെ ആദ്യ പദവിയിൽ അദ്ദേഹത്തെ നിർത്തപ്പെടുകയും ഓതുക കേറുക ഭൂമിയിൽ വെച്ച് സാവകാശം ഓതിയിരുന്നത് പോലെ സാവകാശം ഓതുക കാരണം നിങ്ങളുടെ സ്ഥാനം നിങ്ങൾ ഓതുന്ന അവസാന സൂക്തത്തിന്റെ അടുത്താണ്(അത്രയും സ്ഥാനമുണ്ട് എന്ന് സാരം)

ഖുർആൻ വായനയുടെ മര്യാദകളും മറ്റും വിവരിക്കുന്ന ഒരു വിഞ്ജാന ശാഖ തന്നെയുണ്ട് തജ്‌വീദ് എന്ന പേരിൽ നബി(സ)യിൽ നിന്ന് ശിഷ്യന്മാരും അവരിൽ നിന്ന് അടുത്തവരും ഇങ്ങനെ മുഖാമുഖമായി കേട്ട് പഠിച്ച സമ്പ്രദായമാണിത് പ്രതിനിധാനം ചെയ്യുന്നത് വിശ്വസ്ഥരും പ്രഗത്ഭരുമായ ഗുരുമുഖത്ത് നിന്ന് കേട്ട് തന്നെ ഖുർആൻ പാരായണം ശീലിക്കേണ്ടതാണ്


إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا (5

നിശ്ചയമായും ഭാരമുള്ള വചനം തങ്ങൾക്ക് നാം അവതരിപ്പിച്ച് തരാൻ പോകുന്നു
രാത്രി നിസ്ക്കാരത്തിനുള്ള കല്പനയാണിവിടുത്തെ ഭാരമുള്ള വാക്കുകൊണ്ട് ഉദ്ദേശ്യം അതായത് രാത്രി ഉറങ്ങാനുള്ള സമയമാണ് അതിന്റെ ഭൂരിഭാഗം സമയവും നിസ്ക്കരിക്കണമെങ്കിൽ ശരീരത്തിന്റെ താല്പര്യം അവഗണിക്കുകയും പിശാചിനോട് പോരാടുകയും ചെയ്താൽ മാത്രമേ സാദ്ധ്യമാവൂ അതാണിവിടെ പറഞ്ഞ ഭാരം..

ഭാരമുള്ള വചനം എന്ന് പറഞ്ഞത് നബി(സ)ക്ക് പിന്നീട് അവതരിപ്പിക്കാൻ പോകുന്ന ഖുർ‌ആൻ വാക്യങ്ങൾ നിയമ നിർദ്ദേശങ്ങൾ എന്നിവയാണ് എന്നും വ്യാഖ്യാനങ്ങളുണ്ട്

ഖുർ‌ആന്റെ സന്ദേശങ്ങൾ നടപ്പിൽ വരുത്തലും പ്രബോധനം ചെയ്യലും ഭാരിച്ച ജോലിയാണല്ലൊ അത് പോലെ വഹ്‌യ് സ്വീകരിക്കലും വളരെ ഭാരമുള്ള വിഷയം തന്നെയാണ് മദീനയിലെ മരം കോച്ചുന്ന തണുപ്പുള്ള സമയത്ത് പോലും വഹ്‌യ് വരുമ്പോൾ നബി(സ) വിയർക്കാറുണ്ടായിരുന്നുവെന്നും ഒട്ടകപ്പുറത്തുള്ളപ്പോൾ വഹ്‌യ് വന്നാൽ വഹ്യ്ന്റെ ഭാരത്താൽ ഒട്ടകം മുട്ട് കുത്തുമായിരുന്നുവെന്നും വഹ് യ് അവസാനിച്ചാലല്ലാതെ ഒട്ടകത്തിനു അനങ്ങാൻ സാദ്ധ്യമല്ലെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്
ഇവിടെ പറഞ്ഞ ഭാരമുള്ള വചനം ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വാക്കാണെന്നും നന്മയുടെ തുലാസിൽ ഭാരം തൂങ്ങുമെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി


إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْءًا وَأَقْوَمُ قِيلًا(6


രാത്രി (നിസ്ക്കാരത്തിനു) ഉണർന്നെഴുന്നേൽക്കുക എന്നത് അത് (കാതും ഹൃ‌ദയവും തമ്മിൽ)കൂടുതൽ യോചിപ്പുണ്ടാക്കുന്നതും (ഖുർആൻ)പാരായണം കൂടുതൽ സ്പഷ്ടമാകുന്നതും തന്നെയാണ്
ഭാരമേറിയ ഈ ചുമതല നിർവഹിക്കാനുള്ള ആത്മ ശക്തിയും ദൈവിക സഹായവും ലഭിക്കാനുള്ള മാർഗമാണ് രാത്രി ഉറക്കം കുറച്ചുള്ള നിസ്ക്കാരം .കാരണം പകലുള്ള നിസ്ക്കാരത്തേക്കാൾ പ്രയാസകരമായ രാത്രി നിസ്ക്കാരത്തിലൂടെ ആത്മ നിയന്ത്രണത്തിനുള്ള പരിശീലനം ലഭിക്കും. മന:സാന്നിദ്ധ്യം വർദ്ധിപ്പിക്കും. ചെവിക്കും ഹൃ‌ദയത്തിനുമിടയിൽ കൂടുതൽ സംയോജനം ഉണ്ടാക്കും സ്വസ്ഥവും നിശ്ശബ്ദവുമായ അവസരമാണല്ലൊ രാത്രി സമയം! മറ്റ് ചിന്തകളിൽ നിന്ന് മാറി നിസ്ക്കാരം ദിക് റുകൾ. തസ്ബീഹ് എന്നിവക്കൊക്കെ ഏറ്റവും പറ്റിയ സമയമാണത്.



إِنَّ لَكَ فِي اَلنَّهَارِ سَبْحًا طَوِيلًا (7


നിശ്ചയമായും തങ്ങൾക്ക് പകലിൽ ദീർഘമായ ജോലിത്തിരക്കുണ്ട്
പകലിൽ പ്രബോധനവും ജനസമ്പർക്കവുമൊക്കെയായി നല്ല തിരക്കുണ്ടാവും ആ സമയം ദീർഘമായ നിസ്ക്കാരത്തിനും ചിന്തക്കും തടസ്സമുണ്ട്. അതാണ് മറ്റ് ചിന്തകളിൽ നിന്ന് മാറാൻ സാധിക്കുന്ന രാത്രി സമയം.



وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا (8


തങ്ങളുടെ നാഥന്റെ നാമം സ്മരിക്കുക (ഏകാഗ്ര ചിത്തനായി ആരാധനയിൽ)അവങ്കലേക്ക് മാത്രമായി മടങ്ങുകയും ചെയ്യുക

അള്ളാഹുവല്ലാതെ ആരാധ്യനില്ല അത് കൊണ്ട് അവനിൽ ശ്രദ്ധ കേന്ദീകരിക്കുക അവന്റെ തൃ‌പ്തിക്ക് വേണ്ടി ആരാധന ചെയ്യുകയും അവന്റെ നാമങ്ങൾ വെച്ച് പ്രാർത്ഥിക്കുകയും ചെയ്യുക .അവങ്കലേക്ക് മാത്രമായി മടങ്ങുക എന്നാൽ ജനങ്ങളുമായി ബന്ധമില്ലാതിരിക്കുക എന്നല്ല ഉദ്ദേശ്യം എന്ന് മുൻ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാമല്ലോ!




رَبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا(9


അവൻ ഉദയസ്ഥാനത്തിന്റെയും അസ്തമന സ്ഥാനത്തിന്റെയും നാഥനാകുന്നുഅവൻ മാത്രമാകുന്നു ആരാധ്യൻ, അത് കൊണ്ട് തങ്ങൾ എല്ലാകാര്യങ്ങളും അവനെ ഭരമേൽ‌പ്പിക്കപ്പെട്ടതാക്കിക്കൊള്ളുക
എല്ലാ നിയന്ത്രണവും അള്ളാഹുവിന്റേതായ സ്ഥിഥിക്ക് എല്ലാം അവനിൽ ഭരമേൽ‌പ്പിക്കുക




وَاصْبِرْ عَلَى مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا(10

സത്യ നിഷേധികൾ പറയുന്നതിനെ പറ്റി തങ്ങൾ ക്ഷമിക്കുകയും ഭംഗിയായ നിലയിൽ അവരെ വെടിഞ്ഞ് നിൽക്കുകയും ചെയ്യുക

മനസ്സ് കൊണ്ടും ആശയം കൊണ്ടും ശത്രുക്കളുമായി അകന്ന് നിൽക്കുകയും അവരുടെ ദുരാരോപണങ്ങൾക്കും ശല്യപ്പെടുത്തലിനും നേരെ കണ്ണടക്കുകയും നയപരമായി പെരുമാറുകയും പ്രബോധന പ്രവർത്തനങ്ങൾ സജീവമാക്കുകയും വേണം


وَذَرْنِي وَالْمُكَذِّبِينَ أُولِي النَّعْمَةِ وَمَهِّلْهُمْ قَلِيلًا (11

എന്നെയും അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്ന (ധനികരായ) സത്യ നിഷേധികളെയും തങ്ങൾ വിട്ടേക്കുക അവർക്ക് അല്പം ഇടനൽകുകയും ചെയ്യുക

അക്രമികൾക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ അള്ളാഹു ഏടുക്കുമെന്നും അതിനു അല്പ കാലത്തെ താമസമുണ്ടെന്നും അത് വരെ ക്ഷമിക്കണമെന്നും നബി(സ)യെ സമാധാനിപ്പിക്കുകയാണിവിടെ വല്ലാതെ വൈകാതെ ബദ്ർ യുദ്ധം നടക്കുകയും ധിക്കാരികളായ മക്കയിലെ ധാരാളം നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു




إِنَّ لَدَيْنَا أَنكَالًا وَجَحِيمًا (12

നിശ്ചയമായും നമ്മുടെ അടുക്കൽ കനത്ത ചങ്ങലകളും ജ്വലിക്കുന്ന അഗ്നിയുമുണ്ട്

ഇവിടെ പറഞ്ഞ ചങ്ങലകൾ നരകക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ളതാണ് ഭാരമുള്ള ചങ്ങലകളിൽ അവരെ ബന്ധിച്ചത് ചങ്ങലക്കിട്ടില്ലെങ്കിൽ അവർ ഓടി രക്ഷപ്പെടുമെന്ന ഭയം കൊണ്ടല്ല മറിച്ച് അവർ ഒന്നു ഉയരാൻ ശ്രമിച്ചാൽ അവരെ പിടിച്ചിരുത്താൻ പാകത്തിൽ ഭാരം നൽകാനാണ്(ഖുർത്വുബി) അൻകാൽ എന്നതിനു വിവിധ ശിക്ഷകൾ എന്നും വ്യാഖ്യാനമുണ്ട്


وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمً ا(13

(കീഴ്പ്പോട്ടിറങ്ങാതെ) തൊണ്ടയിൽ അടഞ്ഞു നിൽക്കുന്ന ഭക്ഷണവും വേദനാജനകമായ ശിക്ഷയും അവർക്കുണ്ട്


സഖ്ഖൂം, ളരീഅ് തുടങ്ങിയ ഭക്ഷണമാണത് അത് തൊണ്ടയിൽ കുരുങ്ങും അകത്തേക്കിറങ്ങുകയോ പുറത്തേക്ക് വരികയോ ചെയ്യില്ല നരകക്കാരുടെ ഭക്ഷണത്തെക്കുറിച്ച് സൂറ:ദുഖാനിൽ അള്ളാഹു പറയുന്നു.




إِنَّ شَجَرَةَ الزَّقُّومِ

തീർച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു



طَعَامُ الْأَثِيمِ

( നരകത്തിൽ ) പാപിയുടെ ആഹാരം.


كَالْمُهْلِ يَغْلِي فِي الْبُطُونِ


ഉരുകിയ ലോഹം പോലിരിക്കും ( അതിന്റെ കനി. ) അത്‌ വയറുകളിൽ തിളയ്ക്കും.


كَغَلْيِ الْحَمِيمِ


ചുടുവെള്ളം തിളയ്ക്കുന്നത്‌ പോലെ



സൂറത്തുൽ ഗാശിയയിൽ അള്ളാഹു പറയുന്നു


لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

ളരീഇൽ നിന്നല്ലാതെ അവർക്ക്‌ യാതൊരു ആഹാരവുമില്ല.


لَا يُسْمِنُ وَلَا يُغْنِي مِن جُوعٍ


അത്‌ പോഷണം നൽകുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.


يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا (14


ഭൂമിയും പർവതങ്ങളും കിടുകിടാ വിറക്കുകയും പർവതങ്ങൾ ഒഴുകുന്ന മണൽ കുന്ന് (പോലെ) ആയിത്തീരുകയും ചെയ്യുന്ന ദിവസം(അന്നായിരിക്കും അത്)
അന്ത്യ നാളിന്റെ ഭയാനകതയാണിവിടെ സൂചിപ്പിക്കുന്നത് ഭൂമിയും പർവതങ്ങളുമൊക്കെ –അവയിലുള്ള ധാരാളം ഭാരങ്ങളോടൊപ്പം- വിറകൊള്ളുകയും തകർന്നടിഞ്ഞ് മണൽ കുന്നു പോലെ ആയിത്തീരുമെന്നതാണിവിടെ സൂചിപ്പിക്കുന്നത് അത് സംഭവിക്കുന്ന ദിനം നിഷേധികൾക്ക് ശക്തമായ ശിക്ഷയുണ്ടാകും



إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولًا(15


നിശ്ചയമായും ഫറോവയുടെ അടുക്കലേക്ക് ഒരു ദൂതനെ നാം അയച്ചത് പോലെ തന്നെ (ജനങ്ങളേ)നിങ്ങളുടെ മേൽ സാക്ഷിയായി ഒരു ദൂതനെ നിങ്ങളിലേക്കും നാം അയച്ചിരിക്കുന്നു
നിങ്ങളിലേക്ക് ദൂതനെ അയച്ചു എന്നത് നബി(സ)യെ ഉദ്ദേശിച്ചാണ്.ഫറോവയിലേക്ക് അയക്കപ്പെട്ട ദൂതൻ മൂസാ(അ) ആയിരുന്നു


فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا(16

എന്നിട്ട് ഫറോവ ആ റസൂലിനെ ധിക്കരിച്ചു തന്നിമിത്തം അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു(ശിക്ഷിച്ചു)

മൂസാ(അ)നെ നിഷേധിച്ച ശത്രുക്കൾക്ക് അള്ളാഹു ശക്തമായ ശിക്ഷ നൽകി എന്നാണിവിടെ പിടുത്തം പിടിച്ചു എന്ന് പറഞ്ഞത് ഇത് മക്കക്കാർക്കുള്ള ശക്തമായ താക്കീതാണ് അഥവാ നിങ്ങളേക്കാൾ എന്ത് കൊണ്ടും ശക്തന്മാരായിരുന്ന ഫറോവയേയും അനുയായികളെയും മൂസാ(അ)നെ ധിക്കരിച്ചപ്പോൾ അള്ളാഹു ശിക്ഷിച്ചുവെങ്കിൽ നിങ്ങളെ ശിക്ഷിക്കുന്നത് അള്ളാഹുവിനു ഒരു പ്രശ്നമേ അല്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്



فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا(17

എന്നാൽ നിങ്ങൾ കുട്ടികളെ നരച്ചവരാക്കുന്ന ഒരു ഭയങ്കര ദിവസത്തെ നിങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുക?
ആ ദിനത്തിന്റെ ഭയാനകത സൂചിപ്പിക്കുകയാണ് കുട്ടികളെ നരച്ചവരാക്കുന്നു എന്നത് .ഏതായാലും നിഷേധികളായാൽ ആ ശിക്ഷയെ നിങ്ങൾ എങ്ങനെ സൂക്ഷിക്കും(അത് സാധിക്കില്ലെന്ന് സാരം)



السَّمَاء مُنفَطِرٌ بِهِ كَانَ وَعْدُهُ مَفْعُولًا(18

അന്ന് ആകാശം പൊട്ടിപ്പിളരുന്നതാകും അള്ളാഹുവിന്റെ വാഗ്ദാനം പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു
ആ ദിനത്തിന്റെ മറ്റൊരു ഭയാനകതയാണിത്




إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا (19


നിശ്ചയമായും ഇത് ഒരു (മഹത്തായ)ഉപദേശമാണ് ആകയാൽ ആരെങ്കിലും (വേണമെന്ന്) ഉദ്ദേശിക്കുന്നുവെങ്കിൽ തന്റെ നാഥനിലേക്ക് ഒരു മാർഗം അവൻ ഏർപ്പെടുത്തിക്കൊള്ളട്ടെ

ഭൌതിക ജീവിതത്തിൽ നിങ്ങൾ രക്ഷപ്പെട്ടാലും ഈ ലോകം നശിച്ച് പരലോകത്ത് എത്തിയാൽ നിങ്ങൾക്ക് രക്ഷയില്ലെന്നും അവിടെ രക്ഷപ്പെടാനുള്ള മാർഗം –സത്യവിശ്വാസവും സൽക്കർമ്മങ്ങളും-മാത്രമാണെന്നും അതിനുള്ള വഴി സ്വീകരിച്ച് രക്ഷാമാർഗം കണ്ടെത്തണമെന്നുമാണിവിടെ ഉണർത്തുന്നത്

20 ) إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَى مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَاقْرَؤُوا مَا تَيَسَّرَ مِنَ الْقُرْآنِ عَلِمَ أَن سَيَكُونُ مِنكُم مَّرْضَى وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَاقْرَؤُوا مَا تَيَسَّرَ مِنْهُ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ


തീർച്ചയായും തങ്ങളും തങ്ങളോടൊപ്പമുള്ള ഒരു വിഭാഗവും രാവിന്റെ ഏതാണ്ട് മൂന്നിൽ രണ്ട് ഭാഗവും (ചിലപ്പോൾ) രാവിന്റെ പകുതിയും (ചിലപ്പോൾ) രാവിന്റെ മൂന്നിലൊന്ന് സമയവും നിസ്ക്കരിക്കുന്നുവെന്ന് തങ്ങളുടെ നാഥൻ അറിയുന്നുണ്ട് രാവിനെയും പകലിനെയും കണക്കാക്കിക്കൊണ്ടിരിക്കുന്നത് അള്ളാഹുവാകുന്നു. നിങ്ങൾക്കത് ശരിക്ക് ക്ലിപ്തപ്പെടുത്താവുന്നതല്ലെന്ന് അവന്നറിയാം ആകയാൽ അവൻ നിങ്ങൾക്ക് ഇളവ് നൽകിയിരിക്കുന്നു ഇനി നിങ്ങൾ ഖുർ‌ആനിൽ നിന്ന് സൌകര്യപ്പെട്ടത് ഓതി നിസ്ക്കരിച്ച് കൊള്ളുക. അവന്ന് അറിയാം നിങ്ങളിൽ രോഗികളുണ്ടായേക്കുന്നതാണെന്നും വേറെ ചിലർ അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്നും തേടിക്കൊണ്ട് ഭൂമിയിൽ സഞ്ചരിക്കുമെന്നും മറ്റു ചിലർ അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിനു പോകുമെന്നും അത് കൊണ്ട് നിങ്ങൾ ഖുർആനിൽ നിന്നും സൌകര്യപ്പെട്ടത് പാരായണം ചെയ്ത് നിസ്ക്കരിച്ച് കൊള്ളുകയും നിങ്ങൾ നിസ്ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത്(നിർബന്ധ ദാനം)കൊടുക്കുകയും അള്ളാഹുവിനു നല്ല നിലക്കുള്ള കടം കൊടുക്കുകയും ചെയ്യുക നിങ്ങൾ സ്വന്തത്തിനു വേണ്ടി തന്നെ വല്ല നന്മയും മുൻ കൂട്ടി ചെയ്ത് വെക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അതിനെ അള്ളാഹുവിങ്കൽ നിങ്ങൾ കണ്ടെത്തിക്കുന്നതാണ് നിങ്ങൾ അള്ളാഹുവിനോട് പാപ മോചനം തേടുക അള്ളാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു

ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച രാവിന്റെ പകുതിയോ അതിൽ അല്പം കുറച്ചോ കൂട്ടിയോ നിസ്ക്കരിക്കാൻ കൽ‌പ്പിക്കുകയും അവർ അങ്ങനെ നിർവഹിക്കുകയും ചെയ്തിരുന്നു സമയം ക്ര്‌ത്യമായി അറിയാനുള്ള സംവിധാനം ഇല്ലാതിരുന്ന അക്കാലത്ത് സൂക്ഷ്മതക്ക് വേണ്ടി ചിലർ നേരം പുലരുവോളം നിസ്ക്കരിക്കുകയു ചിലർക്ക് കാലിൽ നീരു വന്നു വീർക്കുകയും ചെയ്തിരുന്നു ചിലർ രോഗ ബാധിതരാവുകയോ ഉപജീവനാർത്ഥം യാത്ര ചെയ്യുകയോ അള്ളാഹുവിന്റെ മാർഗത്തിലുള്ള യുദ്ധത്തിലിടപെടുകയോ ചെയ്യുമ്പോൾ ഈ കല്പന നടപ്പാ‍ക്കാൻ പ്രയാസം നേരിടുന്നത് കൊണ്ട് അള്ളാഹു ആ കല്പന ഇളവു ചെയ്തുവെന്നാണ് ഈ സൂക്തത്തിൽ അറിയിക്കുന്നത്.

യുദ്ധം അനുവദിക്കപ്പെട്ടത് മദീനയിൽ വെച്ചായിരിക്കെ മക്കയിൽ അവതരിച്ച അദ്ധ്യായത്തിൽ ഇത് വന്നത് വരാനിരിക്കുന്ന കാരണം കൂടി അള്ളാഹു പരിഗണിച്ചു എന്നാണിത് അറിയിക്കുന്നത് സകാത്ത് നിർബന്ധമായതും മദീനയിൽ വെച്ചാണ് അതും ഇവിടെ വന്നതിനെക്കുറിച്ച് പല വ്യഖ്യാനമുണ്ട് ചില ധർമ്മങ്ങൾ അന്നും നിർബന്ധമുണ്ടായിരുന്നുവെന്നും മക്കയിൽ വെച്ച് നിർബന്ധമാക്കിയിരുന്നു സക്കാത്ത് .പക്ഷെ വിശദവിവരം മദീനയിൽ വെച്ചാണുണ്ടായതെന്നും വ്യാഖ്യാനമുണ്ട്.

നാം ചെയ്യുന്ന സൽക്കർമ്മങ്ങൾക്കെല്ലാം പ്രതിഫലം ലഭിക്കുമെന്നും അതിനാൽ ഒരു സൽക്കർമ്മത്തെയും നിഷേധിക്കരുതെന്നും നിസ്സാരമാക്കരുതെന്നും ഇവിടെ സൂചനയുണ്ട് പാപമോചനം തേടുന്നത് വലിയ സൽക്കർമ്മമാണെന്നും അത് നടത്തിക്കൊണ്ടേയിരിക്കണമെന്നും സൂചിപ്പിക്കുന്നു ഒരു തെറ്റും ചെയ്യാത്ത പ്രവാചകർ(സ) പോലും ധാരാളം തവണ ഓരോദിവസവും പൊറുക്കലിനെ തേടാറുണ്ടായിരുന്നുവെന്ന് ഹദീസിൽ വന്നത് ഓർക്കുക അള്ളാഹു അവന്റെ സജ്ജനങ്ങളിൽ നമ്മെ പെടുത്തിത്തരട്ടെ ആമീൻ

No comments:

Post a Comment

Note: only a member of this blog may post a comment.