Home

Friday, 20 November 2015

സൂറ:അത്തക്‌വീർ



( മക്കയിൽ അവതരിച്ചു.. ആകെ സൂക്തങ്ങൾ 29 )


ഇമാം തുർമുദി(റ) റിപ്പൊർട്ട്‌ ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം നബി(സ്വ) പറഞ്ഞതായി ഇബ്നു ഉമർ(റ) പറയുന്നു. ഖിയാമത്ത്‌ നാളിനെ നോക്കി കാണുന്നത്‌ ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്‌വീർ), സൂറ: 82(ഇൻഫിത്വാർ), സൂറ: 84(ഇൻശിഖാഖ്‌) എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)

അദ്ധ്യായം 81 സൂറ:അത്തക്‌വീർ ( 1 മുതൽ 14 വരെ സൂക്തങ്ങളുടെ വിശദീകരണം ) part-1

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു.

1. إِذَا الشَّمْسُ كُوِّرَتْ
സൂര്യൻ ചുരുട്ടപ്പെടുമ്പോൾ.

അന്ത്യ നാളിനോടനുബന്ധിച്ചുണ്ടാകുന്ന കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്‌ സൂര്യന്റെ ചില ഭാഗങ്ങൾ മറ്റ്‌ ചില ഭാഗങ്ങളിലേക്ക്‌ കൂട്ടപ്പെടുകയും സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും എന്നാണ്‌ ഇവിടെ പറഞ്ഞതിന്റെ താൽപര്യം.

2
. وَإِذَا النُّجُومُ انكَدَرَتْ
നക്ഷത്രങ്ങൾ ഉതിർന്ന് വീഴുകയും ചെയ്യുമ്പോൾ.
ഇമാം റാസി(റ)എഴുതുന്നു. ആകാശം അന്ന് മഴത്തുള്ളി കണക്കെ നക്ഷത്രങ്ങളെ ഭൂമിയിലേക്ക്‌ വർഷിക്കും അവസാനം ആകാശത്ത്‌ ഒരു നക്ഷത്രവുമില്ലാത്ത അവസ്ഥ വരും(റാസി 31/61). നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌(റ) ഉദ്ധരിക്കുന്നു ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും അന്ന് ഭൂമിയിലേക്ക്‌ വീഴുകയും ജനം അത്‌ കണ്ട്‌ ഭയപ്പെടുകയും ചെയ്യും(ഖുർത്വുബി 19/160)
3. وَإِذَا الْجِبَالُ سُيِّرَتْ
പർവ്വതങ്ങൾ (അതിന്റെ സ്ഥാനം വിട്ട്‌) നടത്തപ്പെടുകയും ചെയ്യുമ്പോൾ.
പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങൾ വിട്ട്‌ നീക്കപ്പെടുകയും പൊടി പൊടിയാക്കി പാറ്റപ്പെടുകയും ചെയ്യും (കൂടുതൽ വിശദീകരണം സൂറ 78: സൂക്തം 20 ന്റെ വിശദീകരണം നോക്കുക)
وَإِذَا الْعِشَارُ عُطِّلَتْ . 4
പൂർണ്ണ ഗർഭിണികളായ ഒട്ടകങ്ങൾ(ഉപേക്ഷിച്ച്‌)വിടപ്പെടുകയും ചെയ്യുമ്പോൾ.
ഖുർആൻ അവതരിക്കുന്ന കാലത്തെ അറബികളെ സംബന്ധിച്ചിടത്തോളം അവർക്ക്‌ ഏറ്റവും വിലപ്പെട്ട സമ്പത്താണ്‌ പ്രസവിക്കാറായ ഒട്ടകം ആ സമയത്ത്‌ അവക്ക്‌ പ്രത്യേക പരിചരണവും ശ്രദ്ധയും അവരിൽ നിന്ന് ലഭിക്കും എന്നാൽ അന്ത്യ നാളിന്റെ ഇടിപ്പടക്കങ്ങൾ കൺ മുന്നിൽ കാണുമ്പോൾ ഈ ഒട്ടകങ്ങളെ പോലും അവർ അവഗണിക്കും (അതിനു മാത്രം ഗൗരവമാണ്‌ അന്നത്തെ അവസ്ഥ!)അന്ന് അവർ ഒട്ടകത്തെ അവഗണിക്കും എന്നതിനർത്ഥം ജനം അവരുടെ ഏറ്റവും പ്രിയപ്പെട്ട സമ്പത്ത്‌ സംരക്ഷിക്കുന്നതിൽ പോലും അ ശ്രദ്ധരാകും വിധം ഭീകരാന്തരീക്ഷം അന്നേദിവസം സംജാതമാവുമെന്നാണ്‌.
ഇമാം റാസി(റ) എഴുതുന്നു. ‘ഈ പറഞ്ഞതിന്റെ താൽപര്യം സമ്പത്തും അധികാരങ്ങളുമൊക്കെ വലിച്ചെറിഞ്ഞു ജനങ്ങൾ അന്ന് സ്വന്തം ശരീരത്തെ കുറിച്ച്‌ (അതിനെ എങ്ങനെ രക്ഷിക്കാമെന്ന്)ചിന്തിച്ച്‌ കൊണ്ടിരിക്കുമെന്നാണ്‌(റാസി 31/62)’
5. وَإِذَا الْوُحُوشُ حُشِرَتْ
കാട്ടു ജന്തുക്കൾ ഒരുമിച്ച്‌ കൂട്ടപ്പെടുകയും ചെയ്യുമ്പോൾ.
പരസ്പരം അക്രമിക്കുകയും പിടിച്ചു തിന്നുകയും ചെയ്തിരുന്ന കാട്ടു ജീവികൾ ഒരേ സ്ഥലത്ത്‌ ഒരു മിച്ചു കൂടും എന്നാൽ ഒന്നും മറ്റൊന്നിനെ അക്രമിക്കില്ല കാരണം ആ ദിനത്തിന്റെ ഭീതി തന്നെ! എന്തിനാണീ വന്യ ജീവികളെയും മറ്റും ഒരു മിച്ച്‌ കൂട്ടുന്നത്‌ ?
ഇമാം റാസി(റ) എഴുതുന്നു. ‘അല്ലാഹു എല്ലാ ജീവികളെയും അന്ന് ഒരുമിച്ചു കൂട്ടുകയും എന്നിട്ട്‌ ഭൂമിയിൽ വെച്ച്‌ അക്രമം കാണിച്ചവരിൽ നിന്ന് പ്രതിക്രിയ ചെയ്യാൻ മർദ്ദിതരായ ജീവികൾക്ക്‌ അവസരം കൊടുക്കുകയും ശേഷം മണ്ണാവാൻ അവയോട്‌ നിർദ്ദേശിക്കുകയും ചെയ്യും അല്ലാഹുവിന്റെ നീതി വെളിവാക്കാനാണ്‌ അവകളെ അല്ലാഹു ഹാജറാക്കുന്നത്‌ ബുദ്ധിയില്ലാത്ത അവക്കിടയിൽ തന്നെ അല്ലാഹു അവിടെ നീതി നടപ്പാക്കുമെങ്കിൽ വിശേഷ ബുദ്ധിയും നിയമങ്ങളും നിർദ്ദേശങ്ങളും ബാധകമായിരുന്ന മനുഷ്യ-ഭൂത വർഗങ്ങളെ അല്ലാഹു എന്തായാലും അവിടെ ഒരുമിച്ചു കൂട്ടുമെന്ന് മനസിലാക്കാൻ പ്രയാസമില്ലല്ലോ!’(റാസി 31/62)
6. وَإِذَا الْبِحَارُ سُجِّرَتْ
സമുദ്രങ്ങൾ തിളച്ചു മറിക്കപ്പെടുകയും ചെയ്യുമ്പോൾ.
ഭൂമിയുടെ സ്വഭാവം അന്ത്യ നാളിനോടനുബന്ധിച്ച്‌ പാടെ മാറി പോകുന്നതിന്റെ ഭാഗമായി സമുദ്രം തിളച്ച്‌ മറിയുംഅന്നേ ദിനം ഭൂമിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായി സമുദ്രങ്ങൾ തിളച്ച്‌ മറിയുകയും കര കവിഞ്ഞൊഴുകുകയും ചെയ്യും സമുദ്ര ജലം വറ്റി തൽസ്ഥാനത്ത്‌ തീ പിടിച്ച്‌ പോകുന്നു എന്നും അഭിപ്രായമുണ്ട്‌. ഇമാം ത്വബരി(റ) എഴുതുന്നു. ‘വ്യാഖ്യാതാക്കൾ ഇവിടെ ഭിന്നാഭിപായക്കാരാണ്‌ ചിലർ പറയുന്നത്‌ വെള്ളം വറ്റി തീ കത്തുകയും കരിയുകയും ചെയ്യുമെന്നാണ്‌ മറ്റു ചിലർ പറയുന്നത്‌ കവിഞ്ഞൊഴുകുമെന്നാണ്‌.’ ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുമെന്നതാണ്‌. കാരണം മറ്റൊരു സ്ഥലത്ത്‌ (82/1)സമുദ്രം പൊട്ടിപ്പിളരുമ്പോൾ എന്ന് പറഞ്ഞതിൽ നിന്ന് ഇതാണ്‌ കൂടുതൽ വ്യക്തമാവുന്നത്‌(ത്വബരി 15/72) ഈ പറഞ്ഞ ആറു കാര്യങ്ങൾ ഖിയാമത്തിന്റെ ഭാഗമായി ലോകം നശിക്കുന്നതിനു മുമ്പേ സംഭവിക്കാം.
ഇമാം റാസി(റ) എഴുതുന്നു. ‘ഈ പറഞ്ഞ ആറു അടയാളങ്ങൾ ലോകം നശിക്കാൻ ആരംഭിക്കുന്ന ആദ്യ സമയത്തോ അന്ത്യനാളിനു ശേഷമോ ആവാം. എന്നാൽ ഇനി പറയുന്നവ എന്തായാലും ഖിയാമത്ത്‌ നാൾ സംഭവിച്ചതിനു ശേഷമേ സംഭവിക്കുകയുള്ളൂ’(റാസി 31/63).

ഇമാം ഖുർത്വുബി (റ) എഴുതുന്നു. ‘ഇബയ്യുബ്നു കഅ്ബ്‌(റ) പറഞ്ഞിരിക്കുന്നു. ‘ആറു അടയാളങ്ങൾ ഖിയമത്ത്‌നാൾ സംഭവിക്കുന്നതിനു മുമ്പാണ്‌ നടക്കുക. അതായത്‌ ജനങ്ങൾ അവരുടെ തൊഴിലുകളിലും അങ്ങാടികളിലും ആയിരിക്കെ സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും നക്ഷത്രങ്ങൾ വെളിപ്പെടുകയും ചെയ്യും അസമയത്തുള്ള നക്ഷത്രങ്ങളുടെ രംഗപ്രവേശനവും സൂര്യന്റെ മങ്ങലും കണ്ട്‌ അവർ പരിഭ്രമിച്ച്‌ നിൽക്കുമ്പോൾ ഈ നക്ഷത്രങ്ങൾ ഉതിർന്നു വീഴും. അപ്പോൾ തന്നെ പർവ്വതങ്ങൾ ഭൂമുഖത്ത്‌ വീഴുകയും അത്‌ തകർന്ന് ധൂളികളായി പാറുകയും ചെയ്യും അപ്പോൾ മനുഷ്യർ ഭയത്തോടെ ഒത്തു കൂടും. ജിന്നുകളും ഒത്ത്‌ കൂടും കന്ന് കാലികളും വന്യ ജീവികളും ഇഴ ജന്തുക്കളും പക്ഷികളും ഭയത്തോടെ ഒത്ത് കൂടും. അതാണ്‌ കാട്ട്‌ ജീവികളെ ഒരുമിച്ച്‌ കൂട്ടപ്പെട്ടാൽ(സൂക്തം :5) എന്ന് പറഞ്ഞത്‌. അപ്പോൾ ജിന്നുകൾ പറയും ഞങ്ങൾ നിങ്ങൾക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്നതിനെ കുറിച്ച്‌ വല്ല വാർത്തയും കൊണ്ട്‌ വരാം എന്ന്. അങ്ങനെ അവർ സമുദ്രത്തിന്റെ അടുത്ത്‌ എത്തുമ്പോൾ അത്‌ നിറഞ്ഞ്‌ കവിയുന്നതും കത്തിയമരുന്നതും കാണും അപ്പോൾ തന്നെ ഒരു കാറ്റ്‌ അടിക്കുകയും എല്ലാവരും മരിക്കുകയും ചെയ്യും(ഖുർത്വുബി 19/163)

7. وَإِذَا النُّفُوسُ زُوِّجَتْ
ആളുകൾ കൂട്ടി ഇണക്കപ്പെടുകയും ചെയ്യുമ്പോൾ
അന്ത്യനാളിൽ നല്ലവരെ നല്ലവരോടൊപ്പവും ചീത്ത ആളുകളെ അവരെ പോലുള്ളവരോടൊപ്പവും കൂട്ടിച്ചേർക്കപ്പെടുന്നതാണ്‌. ആത്മാക്കളെ അതിന്റെ ജഢവുമായി കൂട്ടിച്ചേർക്കപ്പെടും എന്നും ഇവിടെ വ്യാഖ്യാനമുണ്ട്‌ ഇമാം ത്വബരി(റ)എഴുതുന്നു. ഉമർബിൻ അൽഖത്വാബ്‌(റ) വിനോട്‌ ഈ സൂകതത്തെ കുറിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞത്‌ സുകൃതം ചെയ്ത ആളെ അതേ പോലെ സുകൃതം ചെയ്തവനോടൊപ്പം സ്വർഗത്തിലും ചീത്ത മനുഷ്യനെ അതേ പോലെ ചീത്ത പ്രവർത്തിച്ചവനൊപ്പം നരകത്തിലും ഒരുമിച്ച്‌ കൂട്ടപ്പെടുമെന്നാണ്‌ (ത്വബരി 15/77). ഇബ്നു അബ്ബാസ്‌(റ) പറഞ്ഞതായി ഇമാം റാസി(റ) ഉദ്ധരിക്കുന്നു. ‘വിശ്വാസികളെ സ്വർഗസ്ത്രീകളോടൊപ്പവും അവിശ്വാസികളെ പിശാചുക്കളോടൊപ്പവും ഒരുമിച്ച്‌ കൂട്ടപ്പെടും(റാസി 31/63) അന്ന് ജനങ്ങൾ മൂന്ന് തരക്കാരായിരിക്കും സൗഭാഗ്യത്തിന്റെ വലതുപക്ഷക്കാരും ദൗർഭാഗ്യത്തിന്റെ ഇടത്‌പക്ഷക്കാരും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ നന്മയിൽ മുൻകടന്നവരും ഓരോ വിഭാഗത്തെയും അതേ സ്വഭാവക്കാരോടൊപ്പം ഒരുമിച്ച്‌ കൂട്ടപ്പെടും എന്ന് സാരം(ഖുർത്വുബി19/163)
അപ്പോൾ ആ ദിനത്തിൽ ആരുടെ കൂടെ നിൽക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌ അവരുടെ സ്വഭാവവും ജീവിത രീതിയുമാണ്‌ നാം പിൻ തുടരേണ്ടത്‌. അവരെയാണ്‌ നാം സ്നേഹിക്കേണ്ടതും! മനുഷ്യൻ അവൻ സ്നേഹിക്കുന്നവരോടൊപ്പമാണെന്ന നബി വചനം ഇത്തരുണത്തിൽ ശ്രദ്ധേയമത്രെ!

8. وَإِذَا الْمَوْؤُودَةُ سُئِلَتْ
(ജീവനോടെ)കുഴിച്ചു മൂടപ്പെട്ട (പെൺകുട്ടി)ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ.

9. بِأَيِّ ذَنبٍ قُتِلَتْ
എന്തു കുറ്റത്തിനാണ്‌ അത്‌ കൊല്ലപ്പെട്ടതെന്ന്.
പെൺകുഞ്ഞ്‌ ജനിക്കുന്നത്‌ അപമാനമായി കാണുകയും തന്റെ രക്തത്തിൽ പിറന്ന കുഞ്ഞ്‌ പെണ്ണാണെന്നറിഞ്ഞാൽ നിർദ്ദാക്ഷിണ്യം അതിനെ കുഴിച്ച്‌ മൂടുകയും ചെയ്തിരുന്ന സമൂഹത്തിനു മുമ്പിൽ ആ കുഞ്ഞുങ്ങൾ എന്ത്‌ കുറ്റം ചെയ്തിട്ടാണ്‌ കുഴിച്ചു മൂടപ്പെട്ടതെന്ന് ചോദിക്കപ്പെടും പരലോകത്ത്‌ എന്നാണ്‌ അല്ലാഹു പറയുന്നത്‌. ആ കുഞ്ഞുങ്ങളോട്‌ ചോദിക്കപ്പെടുന്നത്‌ കുഴിച്ച്‌ മൂടിയവർക്ക്‌ ഒരു ശിക്ഷ എന്ന നിലക്കാണ്‌. ഇമാം ഇബ്നുകസീർ (റ) എഴുതുന്നു. ‘എന്തിനാണ്‌ നീ കൊല്ലപ്പെട്ടതെന്ന് കുഞ്ഞിനോട്‌ ചോദിക്കുന്നത്‌ കൊന്നവനെ ഭയപ്പെടുത്താനാണ്‌ കാരണം മർദ്ധിതനോട്‌ തന്നെ ചോദിക്കപ്പെടുമെങ്കിൽ മർദ്ദിച്ചവന്റെ അവസ്ഥ എന്തായിരിക്കും? (ഇബ്നു കസീർ4/695) ഈ ആയത്തിറങ്ങിയപ്പോൾ മുമ്പ്‌ ഈ ക്രൂരകൃത്യം ചെയ്തിരുന്ന പലരും ഖേദപ്രകടനവുമായി നബി(സ്വ)യെ സമീപിക്കുകയും മാപ്പപേക്ഷിക്കുകയും പ്രായശ്ചിത്തമെന്നോണം പലരും ഒട്ടകത്തെ അറുത്ത്‌ ദാനം ചെയ്യുകയും ചെയ്തിരുന്നതായി ധാരാളം റിപ്പൊർട്ടുകൾ നമുക്ക്‌ കാണാവുന്നതാണ്‌.
10. وَإِذَا الصُّحُفُ نُشِرَتْ
ഏടുകൾ തുറക്കപ്പെടുകയും ചെയ്യുമ്പോൾ
ഓരോരുത്തരുടെയും എല്ലാ കർമ്മങ്ങളും രേഖപ്പെടുത്തിയ ഏടുകൾ ഹാജറാക്കപ്പെടുകയും ഓരോരുത്തർക്കും അത്‌ വായിച്ച്‌ നോക്കാൻ സൗകര്യപ്പെടുമാർ അത്‌ നിവർത്തി കൈകളിൽ നൽകപ്പെടുകയും ചെയ്യും. പരലോകത്തെ ഏറ്റവും വലിയ‍ വിഷയം തന്നെയാണിത്‌. ജീവിതത്തിൽ നാം ചെയ്യുന്നതെല്ലാം രേഖപ്പെടുത്താൻ അല്ലാഹു നേരത്തേ തന്നെ സംവിധാനമുണ്ടാക്കുകയും ആ ഗ്രന്ഥം ഓരോരുത്തർക്കും നൽകി അത്‌ വായിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്യും. നാം ചെയ്തതെല്ലാം അതിൽ രേഖപ്പെട്ട്‌ കിടക്കുന്നുണ്ടാവും. അതിരഹസ്യമായി നാം ചെയ്ത കാര്യങ്ങളടക്കം എല്ലാം സവിസ്തരം അതിൽ വായിക്കുമ്പോൾ പലരുടെയും കണ്ണ്‌ തള്ളിപ്പോവും. ചെറുതെന്ന് ഞാൻ കരുതിയിരുന്നവ പോലും വായിക്കേണ്ടി വരുമ്പോൾ ഇതെന്തൊരു അത്ഭുത ഗ്രന്ഥം! ചെറുതും വലുതും ഒന്നും വിട്ട്‌ കളഞ്ഞിട്ടില്ലല്ലോ എന്ന് മനുഷ്യൻ വിലപിക്കും. അന്ന് നമ്മെ ദുഃഖിപ്പിക്കാനിടയുള്ള തിന്മകളൊക്കെ ഒഴിവാക്കി ഗ്രന്ഥം വായിക്കുമ്പോൾ സന്തോഷിക്കാനാവശ്യമായ നല്ല പ്രവർത്തനങ്ങൾ കൊണ്ട്‌ വിജയിക്കാൻ ശ്രമിക്കുക .അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
11. وَإِذَا السَّمَاء كُشِطَتْ
ആകാശം മറ മാറ്റപ്പെടുകയും ചെയ്യുമ്പോൾ

മൃഗങ്ങളുടെ തൊലിയുരിക്കുന്നത്‌ പോലെ ആകാശത്തിന്റെ മറകളെല്ലാം, തട്ടിമാറ്റി ആകാശം വെളിവാക്കപ്പെടും.ആകാശം ചുരുട്ടുകയും സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയും ചെയ്യുമെന്നും അർത്ഥമുണ്ട്‌.
12. وَإِذَا الْجَحِيمُ سُعِّرَتْ
നരകം ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോൾ.
എത്രയോ കാലമായി കത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നരകം അല്ലാഹുവിന്റെ കോപത്താലും മനുഷ്യരുടെ ദോഷത്താലും അതി ശക്തിയായി കത്തിക്കപ്പെടും അന്ന്.
13. وَإِذَا الْجَنَّةُ أُزْلِفَتْ
സ്വർഗം അടുപ്പിച്ചു കൊണ്ട്‌ വരപ്പെടുകയും ചെയ്യുമ്പോൾ.

സ്വർഗ്ഗം സജ്ജനങ്ങളിലേക്ക്‌ അടുപ്പിക്കപ്പെടുമെന്നാൽ സ്വർഗത്തിനു സ്ഥാന ചലനം സംഭവിക്കുമെന്നല്ല മറിച്ച്‌ ഭക്തരെ അത്‌ പ്രാപിക്കാൻ പാകത്തിൽ അല്ലാഹു അങ്ങോട്ട്‌ എത്തിക്കുമെന്നാണ്‌ ഹസൻ(റ) അഭിപ്രായപ്പെട്ടത്‌. ഏതായാലും വിശ്വാസികൾക്ക്‌ വേണ്ടി ചമഞ്ഞൊരുങ്ങി നിൽക്കുന്ന സ്വർഗവും ധിക്കാരികൾക്ക്‌ വേണ്ടി അലറി വിളിക്കുന്ന നരകവും അന്നേദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്‌.
ഖുർആൻ പറയുന്നു. ( وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ . وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ (الشعراء 90-91
സ്വർഗം ഭക്തന്മാരിലേക്ക്‌ അടുപ്പിക്കപ്പെടും ജ്വലിക്കുന്ന നരകം ദുർമാർഗികളിലേക്ക്‌ വെളിവാക്കപ്പെടുകയും ചെയ്യും (സൂറ:ശുഅറാഅ്90-91)
14. عَلِمَتْ نَفْسٌ مَّا أَحْضَرَتْ
(അപ്പോൾ) ഓരോ ആളും താൻ തയ്യാറാക്കി കൊണ്ട്‌ വന്നത്‌ എന്താണെന്ന് അറിയുന്നതാണ്‌.
മുമ്പ്‌ വിശദീകരിച്ച അതീവ ഗൗരവ രംഗങ്ങൾ കണ്ണിൽ കാണുകയും ചെയ്ത്‌ വെച്ച പ്രവർത്തനങ്ങളെല്ലാം തന്റെ ഏടിലും മനസിലും തെളിഞ്ഞു വരികയും ചെയ്യുമ്പോൾ താൻ ഭൗതിക ജീവിതത്തിൽ എന്തെല്ലാം ചെയ്തുവേന്നും അത്‌ തനിക്കിവിടെ ഗുണപരമായി മാറുമോ അതോ തന്നെ പിടിച്ചുലക്കുമോ എന്നെല്ലാം അനുഭവത്തിൽ ബോദ്ധ്യപ്പെടും .പക്ഷെ അവിടെ വെച്ച്‌ തന്റെ പ്രവർത്തനങ്ങൾ പരാജയമായിരുന്നുവെന്ന് മനസിലാക്കിയാൽ ഒരു പ്രായശ്ചിത്തത്തിനോ പരിഹാരക്രിയക്കോ സംവിധാനമുണ്ടാവില്ല. കാരണം അത്‌ പ്രതിഫലദിനമാണ്‌ പ്രവർത്തന ദിനമല്ല. അതിനാൽ ബുദ്ധിയുള്ളവൻ അന്നത്തെ രക്ഷക്ക്‌ വേണ്ട മുൻകരുതൽ ഇന്ന് എടുക്കണം അല്ലെങ്കിൽ തീരാ‍ദു:ഖത്തിലും മാറാവേദനയിലും എത്തിപ്പെടും. നബി(സ്വ) പറയുന്നു. ‘പരലോകത്ത്‌ ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ ഓരോരുത്തരോടും അല്ലാഹു സംസാരിക്കും അപ്പോൾ മനുഷ്യൻ തന്റെ വലത്‌ ഭാഗത്തേക്ക്‌ നോക്കിയാൽ താൻ നേരത്തേ ചെയ്ത്‌ വെച്ച കാര്യങ്ങൾ മാത്രമേ അവൻ കാണുകയുള്ളൂ. ഇടത്തോട്ട്‌ നോക്കിയാലും തഥൈവ!അപ്പോൾ അവന്റെ മുന്നിൽ അലറിവിളിക്കുന്ന നരകം അവൻ കാണുന്നുണ്ടാവും. അതിനാൽ ഒരു കാരക്കക്കഷ്ണം കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കാൻ സാധിക്കുന്നവർ അത്‌ ചെയ്യട്ടെ(അഥവാ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു കച്ചിത്തുരുമ്പും അവഗണിക്കരുത്‌) 
 

15. فَلَا أُقْسِمُ بِالْخُنَّسِ
എന്നാൽ പിൻവാങ്ങി പോകുന്നവ കൊണ്ട്‌ ഞാൻ സത്യം ചെയ്ത്‌ പറയുന്നു

16. الْجَوَارِ الْكُنَّسِ
(അതായത്‌)സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയും ചെയ്യുന്നവ കൊണ്ട്‌.

നക്ഷത്രങ്ങളെ കൊണ്ട്‌ അല്ലാഹു സത്യം ചെയ്തിരിക്കുകയാണ്‌ നക്ഷത്രങ്ങൾ രാത്രി പ്രത്യക്ഷപ്പെടുകയും പകൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു ചില നക്ഷത്രങ്ങൾ അവയുടെ സഞ്ചാര പഥത്തിലൂടെ മുന്നോട്ട്‌ വന്ന് പ്രത്യക്ഷപ്പെടുകയും വീണ്ടും പിന്നോട്ട്‌ മടങ്ങി അപ്രത്യക്ഷമാവുകയും ചെയ്യുന്നു നക്ഷത്രങ്ങളുടെ ഇങ്ങനെയുള്ള സ്വഭാവ വിശേഷണങ്ങളാണ്‌ ഇവിടെ വിശദീകരിച്ചിരിക്കുന്നത്‌

17. وَاللَّيْلِ إِذَا عَسْعَسَ
രാവ്‌ കൊണ്ടും (ഞാൻ സത്യം ചെയ്യുന്നു) അത്‌ (ഇരുട്ടുമായി) മുന്നോട്ട്‌ ഗമിക്കുമ്പോൾ.

ഇവിടെ പിന്നോട്ട്‌ ഗമിക്കുമ്പോൾ എന്നും വ്യഖ്യാനമുണ്ട്‌.രണ്ടായാലും രാവിന്റെ ഇരുട്ടുമായുള്ള വരവാണ്‌ ഉദ്ദേശ്യം.രാവിന്റെ ആദ്യം ഇരുട്ടുമായി മുന്നോട്ട്‌ വരുന്നുവെന്നും രാവിന്റെ അവസാനം ഇരുട്ടുമായി പിന്നോട്ട്‌ പോകുന്നുവെന്നും ചിലർ അർത്ഥം പറഞ്ഞിട്ടുണ്ട്‌(ഖുർത്വുബി 19/167)

18. وَالصُّبْحِ إِذَا تَنَفَّسَ
പ്രഭാതം കൊണ്ടും(ഞാൻ സത്യം ചെയ്യുന്നു)

അത്‌ വെളിച്ചം വീശി വികസിച്ച്‌ വരുമ്പോൾ പകൽ വെളിച്ചവുമായി വരുന്ന അവസ്ഥയാണിതിൽ സൂചിപ്പിച്ചിരിക്കുന്നത്‌ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളും നമുക്ക്‌ കാണാൻ സാധിക്കുന്നതും നാം ഫലം അനുഭവിക്കുന്നതുമായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്‌. ഇവയുടെ ഈ സേവനം മുഖേന നമുക്ക്‌ ജീവിതത്തിൽ വല്ലാത്ത ആശ്വാസവും അനുഗ്രഹവുമാണ്‌ അല്ലാഹു നൽകിയിരിക്കുന്നത്‌ എന്ന് ചിന്തിക്കാൻ നാം എത്ര സമയം ചിലവിടാറുണ്ട്‌? പകലോ രാത്രിയോ ഇല്ലാതായാലുള്ള അസ്വസ്ഥതയും അസൗകര്യങ്ങളും ചിന്തിച്ചാൽ നാം അല്ലാഹുവിനു നന്ദി ചെയ്യാത്ത വല്ല സമയവും ഉണ്ടാവുമോ? പ്രപഞ്ചത്തിലെ ഈ വസ്തുക്കളെ കൊണ്ട്‌ സത്യം ചെയ്ത്‌ വിശുദ്ധ ഖുർ ആനിന്റെ ആധികാരികതയും സത്യസന്ധതയും സ്ഥിരീകരിക്കുകയാണ്‌ അല്ലാഹു.

19. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
നിശ്ചയം ഇത്‌(ഖുർആൻ) മാന്യനായ ഒരു ദൂതൻ(എത്തിച്ചു തന്ന) വാക്കാകുന്നു

20. ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
അതെ !ശക്തനും അർശിന്റെ(സിംഹാസനത്തിന്റെ) ഉടമസ്ഥന്റെ അടുത്ത്‌ സ്ഥാനമുള്ളവരുമായ(ദൂതൻ)

21. مُطَاعٍ ثَمَّ أَمِينٍ
(ആകാശ ലോകങ്ങളിൽ) അനുസരിക്കപ്പെടുന്നവരും വിശ്വസ്തരുമായ (ദൂതൻ എത്തിച്ചു തന്ന വാക്കാകുന്നു ഇത്‌)

ഖുർആൻ അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ(അ) മുഖേനയാണല്ലോ നബി(സ്വ)ക്ക്‌ എത്തിക്കപ്പെട്ടത്‌. എത്തിച്ച്‌ കൊടുക്കുന്നയാളിന്റെ സ്ഥാനവും മഹത്വവും അറിയുമ്പോഴാണല്ലോ എത്തിക്കപ്പെട്ടതിന്റെ പ്രാധാന്യം വ്യക്തമാവുക! ജിബ്‌രീൽ മാലാഖ എന്ന ദൂതനു അല്ലാഹു പറഞ്ഞ വിശേഷണങ്ങൾ മാന്യൻ,ശക്തൻ,അല്ലാഹുവിങ്കൽ സ്ഥാനമുള്ളയാൾ,ആകാശ ലോകങ്ങളിൽ അനുസരിക്കപ്പെടുന്നയാൾ വിശ്വസ്ഥൻ എന്നിവയാണ്‌. അല്ലാഹുവിൽ നിന്ന് നബി(സ്വ)ക്ക്‌ ഖുർആൻ എത്തിച്ചു കൊടുത്ത ദൂതന്റെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെടുന്നത്‌ അദ്ദേഹത്തിലൂടെ എത്തിക്കപ്പെട്ട വിഷയമായ ഖുർആനിന്റെ വിശ്വാസ്യത വിളിച്ചോതുന്നുണ്ട്‌. അല്ലാഹു മഹത്വം നൽകിയ ജിബ്‌രീൽ(അ)ന്റെ ശക്തി പലതിലും പ്രകടമാണ്‌ ജിബ്‌രീലിന്റെ ശക്തിക്കുദാഹരണമാണ്‌ ലൂഥ്‌(അ)ന്റെ ജനതയുടെ ഗ്രാമം തന്റെ ചിറകിന്റെ മുൻഭാഗം കൊണ്ട്‌ താൻ പിഴുതെടുത്തു എന്നത്‌(റാസി/ഖുർ ത്വുബി) സിംഹാസനത്തിന്റെ ഉടമസ്ഥന്റെ അടുത്ത്‌ സ്ഥാനമുള്ളവൻ എന്ന് പറഞ്ഞതിനെ വിശദീകരിച്ച്‌ കൊണ്ട്‌ ഇമാം റാസി(റ)എഴുതുന്നു. ഈ അടുത്ത്‌ എന്നത്‌ സ്ഥലവുമായോ ഭാഗവുമായോ ബന്ധപ്പെട്ട അടുപ്പമല്ല മറിച്ച്‌ മഹത്വം ആദരവ്‌ എന്ന അടുപ്പമാണ്‌ ഉദ്ദേശ്യം(റാസി 31/67) അവിടെ അനുസരിക്കപ്പെടുന്നവർ എന്നാൽ ജിബ്‌രീൽ(അ) ന്റെ എല്ലാകൽപനകളും മലക്കുകൾ അവരുടെ ലോകത്ത്‌ അനുസരിക്കുന്നുവെന്നാണ്‌. ഇമാം ഖുർത്വുബി(റ)എഴുതുന്നു. മലക്കുകൾ ജിബ്‌രീൽ(അ)നെ അനുസരിക്കുന്നതിന്റെ ഉദാഹരണമാണ്‌ ഇസ്‌റാഇന്റെ(നിശാ പ്രയാണം) രാത്രിയിൽ നബി(സ്വ) യുമായി എത്തിയ ജിബ്‌രീൽ(അ) സ്വർഗത്തിന്റെ ഉത്തരവാദിത്തമുള്ള രിള്‌വാൻ(അ) നോട്‌ സ്വർഗം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വർഗവും നരകത്തിന്റെ ചുമതലയുള്ള മാലിക്‌(അ)നോട്‌ നരകം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നരകവും തുറക്കുകയും നബി(സ്വ) അതിലുള്ള കാര്യങ്ങൾ കാണുകയും ചെയ്തത്‌(ഖുർത്വുബി 19/168). താൻ അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്ക്‌ എത്തിച്ച്‌ കൊടുക്കുന്ന സന്ദേശങ്ങളിൽ താൻ വിശ്വസ്ഥനാണെന്നത്രെ. തുടർന്ന് അല്ലാഹു പറഞ്ഞത്‌ ഏതായാലും ഈ മഹത്വങ്ങളെല്ലാമുള്ള ജിബ്‌രീൽ(അ) ഈ ഖുർആൻ എത്തിച്ച്‌ കൊടുക്കുന്ന പ്രവാചകനും വലിയ മഹത്വവും പ്രത്യേകതയുമുള്ളവരാണെന്നാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌.

22. وَمَا صَاحِبُكُم بِمَجْنُونٍ
നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തനല്ലതാനും.

നബി(സ്വ) ഖുർആൻ ഓതിക്കൊണ്ട്‌ പ്രബോധനം നടത്തുമ്പോൾ ഖുർആൻ നിരാകരിക്കാനും നബി(സ്വ)യെ തിരസ്ക്കരിക്കാനുമായി ശത്രുക്കൾ പറഞ്ഞിരുന്ന ഒരു ദുരാരോപണമാണ്‌ നബി(സ്വ) ഭ്രാന്തനാണെന്ന്. ആ വാദഗതിയുടെ പൊള്ളത്തരം തുറന്ന് കാട്ടാനും നബി(സ്വ) യുടെ ആധികാരികത സ്ഥിരീകരിക്കാനുമുതകുന്ന വാചകമാണിത്‌. അതായത്‌ നബി(സ്വ) നിങ്ങൾക്കിടയിൽ ജീവിച്ചവരാണ്‌ അവിടുത്തേക്ക്‌ ഭ്രാന്തോ ബുദ്ധി ഭ്രമമോ ഒന്നുമില്ലെന്നും മറിച്ച്‌ നല്ല കൂർമ്മ ബുദ്ധിയും വിശ്വസ്തയും ഉള്ളവരാണ്‌ തങ്ങളെന്നും അവിടുന്ന് പറയുന്ന കാര്യങ്ങളെ നിങ്ങൾ അവിശ്വസിക്കുന്നത്‌ കഷ്ടമാണെന്നും അല്ലാഹു സ്ഥപിക്കുന്നു

23. وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
തീർച്ചയായും അദ്ദേഹത്തെ (ആ ദൂതനെ )പ്രത്യക്ഷമായ (നഭോ) മണ്ഡലത്തിൽ വെച്ച്‌ നബി(സ്വ)കണ്ടിട്ടുണ്ട്‌.

ജിബ്‌രീൽ(അ) മുഖേനയാണല്ലോ ഖുർആൻ ഇറങ്ങുന്നത്‌ .ജിബ്‌രീലും നബി(സ്വ) യും പരസ്പരം നന്നായി പരിചയമുണ്ടെന്നും ജിബ്‌രീൽ (അ) നെ ഉപരി മണ്ഡലത്തിൽ വെച്ച്‌ തന്റെ ശരിയായ രൂപത്തിൽ തന്നെ നബി(സ്വ) കണ്ടിട്ടുണ്ടെന്നും സ്ഥിരപ്പെടുത്തുകയാണിവിടെ. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാൻ ഈ വാചകം ധാരാളം മതിയാവും ഈ പറഞ്ഞ കാഴ്ച്ച ജിബ്‌രീലിന്റെ സാക്ഷാൽ രൂപത്തിലുള്ള കാഴ്ചയാണ്‌. സാക്ഷാൽ രൂപത്തിൽ രണ്ട്‌ തവണ നബി(സ്വ) ജിബ്‌ രീൽ (അ) നെ കണ്ടിട്ടുണ്ട്‌.


24. وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അദ്ദേഹമാകട്ടെ അദൃശ്യ കാര്യങ്ങളെ പറ്റി സംശയിക്കപ്പെടുന്ന ആളുമല്ല.

ഖുർആൻ നബി(സ്വ) ഓതിക്കൊടുക്കുമ്പോൾ അതിൽ ധാരാളം കാര്യങ്ങൾ വരുന്നു പൂർവ്വ്വീകരുടെ ചരിത്രങ്ങൾ, വരാനിരിക്കുന്ന കാര്യങ്ങൾ ഇതൊക്കെ നബി(സ്വ) പറയുമ്പോൾ താൻ ഇതൊക്കെ കെട്ടിയുണ്ടാക്കി പറയുന്നതാണെന്ന് ഊഹിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും തങ്ങളുടെ സത്യ സന്ധത അതിനു മാത്രം പ്രസിദ്ധമാണെന്നും ഉണർത്തിയിരിക്കുകയാണ്‌ അല്ലാഹു. അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന അദൃശ്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച്‌ വെച്ച്‌ പിശുക്ക്‌ കാണിക്കുന്നവരല്ല നബി(സ്വ) എന്നും ഈ വാക്യത്തിനു ചിലർ വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്‌.

25. وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ
അത്‌(ഖുർആൻ)ശപിക്കപ്പെട്ട പിശാചിന്റെ വാക്കുമല്ല.

ഇമാം റാസി(റ)എഴുതുന്നു. മക്കക്കാർ പറയാറുണ്ടായിരുന്നു. ഏതോ ഒരു പിശാച്‌ ഈ വാചചകങ്ങളുമായി വന്ന് നബി(സ്വ) യുടെ നാവിലൂടെ ഇട്ട്‌ കൊടുക്കുന്ന വാചകമാണ്‌ ഖുർആൻ എന്ന് .അതിനെ അല്ലാഹു നിഷേധിക്കുകയാണ്‌ ഈ ഖുർആൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ആട്ടപ്പെട്ട പിശാചിന്റെ വാക്കുകളല്ല തന്നെ എന്ന പ്രഖ്യാപനത്തിലൂടെ!

26. فَأَيْنَ تَذْهَبُونَ
എന്നിരിക്കെ നിങ്ങൾ എങ്ങോട്ടാണ്‌ പോകുന്നത്‌?

അതായത്‌ വിശ്വസ്തനായ ജിബ്‌രീൽ മാലാഖ മുഖേന അല്ലാഹുവിന്റെ ദൂതനായ നബി(സ്വ) ക്ക്‌ അല്ലാഹു നൽകിയതാണ്‌ ഖുർആൻ എന്ന് വരുമ്പോൾ അത്‌ അവതരിപ്പിക്കുന്നതിൽ പിശാചിനു യാതൊരു പങ്കുമില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക്‌ ഈ ഖുർആൻ അവഗണിച്ച്‌ നിങ്ങൾ എങ്ങോട്ടാണ്‌ പോകുന്നത്‌ എന്ന് അല്ലാഹു ചോദിക്കുന്നു. അഥവാ ഈ നിഷേധാത്മക നിലപാട്‌ ഒട്ടും ശരിയല്ലെന്ന് സാരം!


27. إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
അത്‌(ഖുർആൻ)ലോകർക്കുള്ള ഒരു ഉത്ബോധനം മാത്രമാണ്‌.

ഖുർആൻ പൈശാചിക വചനങ്ങളാണെന്നും മറ്റും ജൽപ്പിച്ചവർക്കുള്ള മറുപടിയായി അത്‌ പൈശാചികമല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ഇപ്പോൾ അല്ലാഹു എന്താണത്‌ ,എന്തിനാണത്‌ എന്ന് കൂടി വ്യക്തമാക്കുകയാണ്‌ ഇത്‌(ഖുർആൻ ) ഒരു ഉൽബോധനം മാത്രമാണ്‌. ഇത്‌ ഫലപ്പെടുന്നത്‌ ആർക്കാണെന്നാണ്‌ അല്ലാഹു വിശദീകരിക്കുകയാണ്‌


28. لِمَن شَاء مِنكُمْ أَن يَسْتَقِيمَ
അതായത്‌ നിങ്ങളിൽ നിന്ന് ചൊവ്വായി നിലകൊള്ളുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ നേർമാർഗത്തിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്കാണീ ഖുർആൻ ഫലപ്പെടുക.


29. وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ
ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല താനും.

നന്നാവാൻ ഉദ്ദേശിക്കുന്നവർക്കാണ്‌ ഖുർആൻ ഉൽബോധനമാവുക എന്ന ആയത്ത്‌ ഇറങ്ങിയപ്പോൾ അബൂജഹൽ പറഞ്ഞു. കാര്യം നമ്മുടെ അടുത്താണ്‌ നമുക്കിഷ്ടമുണ്ടെങ്കിൽ നന്നാവാം. അല്ലെങ്കിൽ മോശമാവാം. അഥവാ അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു. അപ്പോഴാണ്‌ തുടർന്നുള്ള ആയത്ത്‌ അവതരിച്ചത്‌. അതായത്‌ നിങ്ങൾ എന്ത്‌ ഉദ്ദേശിക്കുന്നുവെങ്കിലും അത്‌ അല്ലാഹു കണക്കാകുകയും തീരുമാനിക്കുകയും ചെയ്താലല്ലാതെ നിങ്ങൾക്ക്‌ ഉദ്ദേശിക്കാൻ തന്നെ കഴിയില്ല എന്ന്(ഖുർത്വുബി 19/170)

നബി(സ്വ) പറഞ്ഞതായി ഇമാം ബൈളാവി(റ) ഉദ്ധരിക്കുന്നു. ആരെങ്കിലും സൂറ:തക്‌വീർ പാരായണം ചെയ്താൽ ഗ്രന്ഥം നിവർത്തപ്പെടുന്ന സമയത്ത്‌ വഷളാവുന്നതിനെ തൊട്ട്‌ അല്ലാഹു അവനെ സംരക്ഷിക്കും.(ബൈളാവി 2/574)
 
 

No comments:

Post a Comment

Note: only a member of this blog may post a comment.