Home

Wednesday, 6 January 2016

സൂറത്തു സൽ സല


അദ്ധ്യായം 99  സൂറത്തുൽ  സൽസല  | മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ   8
ഈ സൂറ:ക്ക് വലിയ മഹത്വമുണ്ട്.അനസുബിൻ മാലിക് رضي الله عنـه വിൽ നിന്ന് ഇമാം തുർമുദി رحمة الله عليه ഉദ്ധരിക്കുന്ന ഹദീസിൽ നബി പറഞ്ഞു ആരെങ്കിലും സൂറ: സൽസല: ഓതിയാൽ അതു ഖുർആനിന്റെ പകുതിയോട് കിടപിടിക്കും ആരെങ്കിലും സൂറത്തുൽ കാഫിറൂന ഓതിയാൽ അത് ഖുർആനിന്റെ നാലിലൊന്നിനോട് കിടപിടിക്കും സൂറ:ഇഖ്‌ലാസ് ഓതിയാൽ അത് ഖുർആനിന്റെ മൂന്നിലൊന്നിനോട് കിടപിടിക്കും .(തുർമുദി ഹദീസ് നമ്പർ 2893)
കഴിഞ്ഞ അദ്ധ്യായത്തിന്റെ അവസാനത്തിൽ സത്യവിശ്വാസവും സൽപ്രവർത്തനങ്ങളും ചെയ്തിരുന്നവർക്ക് പ്രതിഫലം ഉണ്ടാകും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്..സ്വാഭാവികമായും സത്യവിശ്വാസികൾക്ക് ജിഞ്ജാസയുണ്ടാകുമല്ലോ എപ്പോഴാണത് സംഭവിക്കുക എന്ന്..അതിന്റെ ഉത്തരം ഈ അദ്ധ്യായത്തിലുണ്ട്.അതാണ് കഴിഞ്ഞ അദ്ധായവും ഈ അദ്ധ്യായവും തമ്മിലുള്ള ബന്ധം(റാസി 32/54)
ഈ സൂറ:എന്നും ഓതൽ സുന്നത്തുണ്ട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1. إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ഭൂമി(അതി ഭയങ്കരമായി)വിറപ്പിക്കപ്പെട്ടാൽ.
ഖിയാമത്ത് നാളിലെ സംഭവങ്ങൾ വിവരിക്കുകയാണ് സൂർ എന്ന കാഹളത്തിലെ ഒന്നാമത്തെ ഊത്ത് നടക്കുമ്പോൾ ഉണ്ടാവുന്ന സംഭവമാണ് ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെടുക എന്നത് അങ്ങനെ ഈ ലോകത്തിന്റെ സർവനാശം ഉണ്ടാവും
2. وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങളെ പുറം തള്ളുകയും ചെയ്താൽ
മറമാടപ്പെട്ടിരുന്ന മനുഷ്യരുൾപ്പെടെ ഭൂമി അതിനകത്തുള്ള നിധികളെയെല്ലാം പുറത്ത് കൊണ്ട് വരും സൂറിലെ രണ്ടാമത്തെ ഊത്ത് കഴിഞ്ഞാലാണ് ഇത് സംഭവിക്കുക
3. وَقَالَ الْإِنسَانُ مَا لَهَا
അതിനു എന്താണ് (പറ്റിയത്)എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ
അന്നത്തെ ഭീകരാവസ്ഥ കണ്ട് പരിഭ്രമിച്ച് മനുഷ്യൻ ഇതിനെന്തു (ഭൂമിയ്ക്ക്)സംഭവിച്ചു എന്ന് ചോദിക്കും
4. يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
ആ ദിവസം ഭൂമി അതിന്റെ വർത്തമാനങ്ങൾ പറയുന്നതാണ്
അല്ലാഹു കല്പ്പിച്ചതനുസരിച്ച് അന്ന് ഭൂമി സ്വന്തം വർത്തമാനങ്ങൾ പറയുന്നതാണ്. ഭൂമിയുടെ വർത്തമാനം എന്താണെന്ന് അറിയാമോ?എന്ന് നബിശിഷ്യന്മാരോട് ചോദിച്ചു അവർ പറഞ്ഞു.അല്ലാഹുവിനും റസൂലിനും അറിയാം എന്ന്. അതിന്റെ വർത്തമാനങ്ങൾ എന്നാൽ എല്ലാവരും (ആൺ/പെൺ)അതിന്റെ മുകളിൽ വെച്ച് പ്രവർത്തിച്ചതിനെ പറ്റി (ഇന്ന ദിവസം അവൻ ഇന്ന കാര്യം ചെയ്തു എന്ന വിധത്തിൽ )ഭൂമി സാക്ഷിപറയലാണ് ഇതാണതിന്റെ വർത്തമാനങ്ങൾ (അഹ്‌മദ്,തുർമുദി, നസാഈ  رحمة الله عليهم)
ഭൂമി എങ്ങനെ സംസാരിക്കും എന്ന് സംശയിക്കേണ്ടതില്ല.കാരണം അല്ലാഹു അതിനു കഴിവുള്ളവൻ തന്നെ എന്ന് പലയിടത്തും ഖുർആൻ ഉണർത്തിയിട്ടുണ്ട്.ഭൂമി അതിന്റെ മുകളിൽ വെച്ച് നന്മ ചെയ്തവർക്ക് നന്ദി രേഖപ്പെടുത്തുകയും തിന്മ ചെയ്തവരെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതാണ്.
അലി  رضي الله عنـه പൊതുമുതൽ ശേഖരിച്ച് അതു വിതരണം ചെയ്ത് കഴിഞ്ഞാൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കരിച്ച് പറയും ഭൂമിയേ സത്യസമേതം നിന്നെ ഞാൻ നിറച്ചു സത്യ സമേതം തന്നെ ഞാൻ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന് നീ സാക്ഷിയാവണം (റാസി 32/56) നോക്കുക ഭൂമുഖത്ത് വെച്ച് യാതൊരു ശ്രദ്ധയുമില്ലാതെ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് സ്വകാര്യമായി സഞ്ചരിക്കുമ്പോൾ ഓർക്കണം ഭൂമി ഇതു പുറത്തിട്ട് നമ്മെ വഷളാക്കുന്ന ദിനം വരും എന്ന്..അല്ലാഹു സ്വകാര്യ ജീവിതം നന്നാക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
5. بِأَنَّ رَبَّكَ أَوْحَى لَهَا
തങ്ങളുടെ നാഥൻ അതിനു ബോധനം നല്കിയ കാരണത്താൽ
അല്ലാഹു ഭൂമിക്ക് സംസാരിക്കാൻ നിർദ്ദേശം നല്കും അപ്പോൾ വസ്തു നിഷ്ഠമായി ഭൂമി സംസാരിക്കും
6. يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
അന്നേ ദിവസം തങ്ങളുടെ പ്രവർത്തന ഫലങ്ങൾ തങ്ങൾക്ക് കാട്ടിക്കൊടുക്കുവാനായി മനുഷ്യർ ഭിന്ന സംഘങ്ങളായി രംഗത്ത് വരുന്നതാണ്
ഇമാം റാസി رحمة الله عليه പറയുന്നു. അന്ന് ചിലർ ഭംഗിയുള്ള വസ്ത്രതിലായി പ്രസന്ന മുഖത്തോടെ വാഹനപ്പുറത്ത് മഹ്ശറിലേക്ക് വരും അദ്ദേഹത്തിന്റെ മുന്നിൽ ഒരാൾ ഇത് അല്ലാഹുവിന്റെ ഇഷ്ടദാസൻ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും മറ്റ് ചിലർ കറുത്ത മുഖവുമായി ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ മഹ്ശറിലേക്ക് വരും.മുന്നിൽ ഒരാൾ ഇവൻ അല്ലാഹുവിന്റെ ശത്രുവാണെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും..ഇതാണ് വ്യത്യസത സംഘങ്ങളായി വരും എന്നതിന്റെ താല്പര്യം(റാസി 32/56)

7.
 فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
അപ്പോൾ ആർ അണുത്തൂക്കം നന്മ പ്രവർത്തിച്ചിരുന്നുവോ അവൻ അത് കാണും

8. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ

ആർ ഒരു അണുത്തൂക്കം തിന്മ പ്രവർത്തിച്ചിരുന്നുവോ അത് അവൻ കാണും
പ്രസന്നമായ മുഖത്തോടെയും കറുത്ത മുഖത്തോടെയും വാഹനപ്പുറത്തും മുഖം കുത്തി നടന്നും, ഇങ്ങനെ പലതരത്തിലായി ജനങ്ങൾ മഹ്ശറിലേക്ക് (വിചാരണക്കായി ഒരുമിച്ച് കൂടുന്ന സ്ഥലം) വരുന്ന രംഗമാണിവിടെ സൂചിപ്പിക്കുന്നത് ജീവിതത്തിൽ ചെയ്തപ്രവർത്തനങ്ങളുടെ പ്രതിഫലം കാണിച്ച് കൊടുക്കാനാണ് ഈ കൂട്ടൽ.അന്ന് താൻ ചെയ്ത എത്ര ചെറുതോ വലുതോ ആയ കാര്യങ്ങൾ മുഴുവനും കാണിച്ച് കൊടുക്കും.ഒരു അണുവോളം ആണതെങ്കിൽ പോലും അത് കാണിക്കപ്പെടും അന്നേദിനം ഓരോരുത്തരും അവനവനെ സ്വയം ആക്ഷേപിക്കും..നന്മ ചെയ്തവൻ എന്തു കൊണ്ട് താൻ നന്മ വർദ്ധിപ്പിച്ചില്ലെന്നും തിന്മ ചെയ്തവൻ എന്തു കൊണ്ട് താൻ തെറ്റുകളിൽ നിന്ന് മാറി നിന്നില്ല എന്നും പറഞ്ഞായിരിക്കും ആക്ഷേപം എന്ന് നബിപറഞ്ഞിട്ടുണ്ട്...നന്മയുടെ പ്രതിഫലമോ തിന്മയുടെ ശിക്ഷയോ കാണുമ്പോഴാണിത് സംഭവിക്കുക.(ഖുർത്വുബി20.107)
ഇമാം റാസി رحمة الله عليه എഴുതുന്നു.മുഖാതിൽ رضي الله عنـه പറയുന്നു.ഈ ആയത് രണ്ട് വ്യക്തികളുടെ വിഷയത്തിൽ ഇറങ്ങിയതാണ്. ഒരാൾ ആരെങ്കിലും വല്ലതും ചോദിച്ചാൽ ഒരു കാരക്കയോ മറ്റോ കൊടുക്കുന്നത് അയാൾ നിസ്സാരമായി കണ്ട് (ഇത് കൊടുത്തിട്ടെന്ത് കാര്യം എന്ന രൂപത്തിൽ) അദ്ദേഹം സംസാരിച്ചു.മറ്റൊരാൾ ചെറിയ തെറ്റുകൾ കൊണ്ടൊന്നും നാം ശിക്ഷിക്കപ്പെടില്ല (ചെറിയ തെറ്റുകൾ പ്രശ്നമാക്കേണ്ടതില്ല) എന്ന് അദ്ദേഹം പറഞ്ഞു.അപ്പോൾ ഇറങ്ങിയ ഈ ആയത്തിൽ നന്മ എത്ര ചെറുതാണെങ്കിലും ചെയ്യണമെന്നും തിന്മ എത്ര ചെറുതാണെന്ന് തോന്നിയാലും അത് ഒഴിവാക്കണമെന്നും അല്ലാഹു ഉണർത്തി.കാരണം നന്മ ചെറുതാണെങ്കിലും പല തവണ ആവർത്തിക്കുമ്പോൾ നന്മകൾ കുന്നുകൂടും..ചെറിയ തിന്മയാണെങ്കിലും പല തവണ ചെയ്യുമ്പോൾ അത് കുറെ ഉണ്ടാവും ..അതിനാൽ ചെറിയതാണെങ്കിലും നന്മ ഉപേക്ഷിക്കരുത്.തിന്മ ചെറുതാണെന്ന് തോന്നിയാലും ചെയ്യരുത്.കാരണം അതും വിചാരണ ചെയ്യപ്പെടുകയും നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നല്കപ്പെടുകയും ചെയ്യുന്നതാണ് എന്നും അള്ളാഹു ഉണർത്തിയതാണ് (റാസി 32/89)
നന്മയിൽ നിന്ന് ഒന്നിനെയും നിസ്സാരമാക്കരുതെന്ന് നബിപറഞ്ഞ ഹദീസ് ഇവിടെ നാം ഓർക്കുക.ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്.അവിശ്വാസിയുടെ പ്രവർത്തനങ്ങൾക്കൊന്നും പ്രതിഫലം ലഭിക്കില്ലെന്നും സത്യ വിശ്വാസിയുടെ ചെറുദോഷങ്ങൾപൊറുക്കപ്പെടുമെന്നുമല്ലേ ഉള്ളത്?അപ്പോൾ ആരും അണുവിന്റെ അത്ര നന്മ ചെയ്താൽ അത് കാണും എന്ന് എങ്ങനെ പറയും? അതിനു വിവിധ ഉത്തരങ്ങൾ ഇമാമുകൾ പറഞ്ഞു
(1) അവിശ്വാസി ചെയ്യുന്ന നന്മയുടെ പ്രതിഫലം അവൻ കാണുന്നത് ഇവിടെ തന്നെയാണ്.പരലോകത്ത് അവൻ ഒരു നന്മയും അനുഭവിക്കില്ല അതെ സമയം വിശ്വാസി ചെയ്ത തിന്മയുടെ ശിക്ഷ ചിലപ്പോൾ ഇവിടെ കാണും .നബിഅബൂബക്കർ رضي الله عنـه നോട് പറഞ്ഞു.അബൂബക്കറേ!ഭൂമിയിൽ നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ അണുവിന്റെ അത്രയെങ്കിലും തിന്മയുണ്ടെങ്കിൽ അതിന്റെ പ്രതിഫലം ആയിട്ടാണത്.അണുവിന്റെ അത്രയെങ്കിലും നന്മയുണ്ടെങ്കിൽ അത് അല്ലാഹു സൂക്ഷിച്ച് വെക്കുകയും അന്ത്യനാളിൽ അതിന്റെ പ്രതിഫലം നല്കുകയും ചെയ്യും
(2)എല്ലാവർക്കും അവരുടെ നന്മയും തിന്മയും പരലോകത്ത് അല്ലാഹു കാണിച്ച് കൊടുക്കും ,എന്നിട്ട് അവിശ്വാസിയുടെ നന്മ സ്വീകരിക്കാതെ തള്ളപ്പെടുകയും തിന്മയുടെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യും .സത്യ വിശ്വാസിയുടെ തിന്മ അല്ലാഹു പൊറുക്കുകയും നന്മക്ക് പ്രതിഫലം നല്കുകയും ചെയ്യും
(3)അവിശ്വാസിയുടെ നന്മയുടെ തോതനുസരിച്ച് ശിക്ഷയുടെ ഗൗരവത്തിൽ കുറവുണ്ടാകും
(4)നന്മ ചെയ്താൽ കാണും എന്നത് വിശ്വാസികൾക്ക് പ്രതിഫലം ലഭിക്കും എന്നും തിന്മ ചെയ്താൽ കാണും എന്നത് അവിശ്വാസിയുടെ തിന്മ അവൻ കാണും എന്നാണ്.(റാസി 32/58)
അപ്പോൾ വിഷമിച്ചിട്ടോ കൈകടിച്ചിട്ടോ കാര്യമുണ്ടാവില്ല.പ്രവർത്തിക്കാൻ അവസരമുള്ള ഭൂമിയാകുന്ന കർമ്മ ഭൂമിയിൽ ശ്രദ്ധയുള്ളവരാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീൻ)

No comments:

Post a Comment

Note: only a member of this blog may post a comment.