നഫല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് അന്‍ഫാല്‍. ധര്‍മസമരത്തില്‍ ശത്രുപക്ഷത്തു നിന്ന് വന്നുചേരുന്ന സമ്പത്തിന് പൊതുവെ അന്‍ഫാല്‍ എന്നു പറയുന്നു. യോദ്ധാവിന് ഗനീമത്തില്‍ നിന്നുള്ള നിശ്ചിത വിഹിതത്തെക്കാള്‍ കൂടുതലായി നല്‍കപ്പെടുന്നതാണ് നഫല്‍ എന്നാണ് ഫൈറൂസാബാദി എഴുതിയിട്ടുള്ളത്. (ബസ്വാഇര്‍ 5:108). ബദ്‌റ് യുദ്ധം കഴിഞ്ഞപ്പോള്‍ സമരാര്‍ജിത സമ്പത്ത് സംബന്ധിച്ച് സ്വഹാബികള്‍ നബി (സ്വ) യോട് അന്വേഷിച്ച വിവരം പരാമര്‍ശിച്ചു കൊണ്ടാണ് ഈ അധ്യായമാരംഭിക്കുന്നത് തന്നെ. ആ ഒന്നാം സൂക്തത്തില്‍ രണ്ടു തവണ അന്‍ഫാല്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. 41,69 എന്നീ സൂക്തങ്ങളിലും സമരാര്‍ജിത സമ്പത്ത് സംബന്ധിച്ച പരാമര്‍ശം കാണാം. അതുകൊണ്ടാണ് ഈ അധ്യായത്തിന് അല്‍ അന്‍ഫാല്‍ എന്ന പേര്‍ സിദ്ധിച്ചത്. മദനീ വിഭാഗത്തില്‍ പെട്ടതാണ് ഈ സൂറ. നിയമനിര്‍മാണപരമായ പല സൂക്തങ്ങളും സ്വാഭാവികമായും ഇതില്‍ കാണാം. വിശിഷ്യാ യുദ്ധവും ധര്‍മസമരവും സംബന്ധിച്ച പല പ്രതിപാദനങ്ങളും ഇതിലുള്‍ക്കൊള്ളുന്നു. അടിയന്തരാവസ്ഥ, സമാധാനാവസ്ഥ, യുദ്ധക്കളങ്ങളില്‍ പോലും സത്യവിശ്വാസികള്‍ പാലിക്കേണ്ട മര്യാദകള്‍, തടവുകാരുടെയും സമരാര്‍ജിത സമ്പത്തുക്കളുടെയും വിധികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരണങ്ങളുമുണ്ട്. എഴുപത്തിയഞ്ച് ആയത്തുകളാണ് ഈ സൂറയില്‍. ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയഞ്ചു പദങ്ങളും അയ്യായിരത്തി ഇരുനൂറ്റി എണ്‍പത് അക്ഷരങ്ങളുമാണ്. നൂന്‍, ദാല്‍, മീം, ഖാഫ്, ഥാഅ്, റാഅ്, ബാഅ് എന്നീ ഏഴിലൊരക്ഷരത്തിലാണ് ഇതിലെ ആയത്തുകളവസാനിക്കുന്നത്. ഇതില്‍ ''ഖാഫിലും ദാലി''ലുമവസാനിക്കുന്ന ഒറ്റ സൂക്തം വീതമേ ഉള്ളൂ-50, 51 എന്നിവയാണത്. ''ബാഇ''ല്‍ അവസാനിക്കുന്ന നാല് സൂക്തങ്ങളുണ്ട്-13,25,48,52 എന്നിവ. അവസാനപദം ഈ നാലിലും ''ഇഖാബ്'' എന്നതത്രെ. (ബസ്വാഇര്‍ 1:222) ബദ്ര്‍ യുദ്ധം കഴിഞ്ഞ ശേഷമാണ് ഇതവതരിച്ചത്. തന്മൂലം അതിലെ ഉദ്വേഗജനകമായ പല രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നതായി കാണാം. ബദ്‌റിലെ സംഭവങ്ങളുടെ വിവരണങ്ങളുള്ളതിനാല്‍ സൂറത്തുബദ്‌റ് എന്ന പേരിലും ചില മഹാന്മാര്‍ ഇതിനെ വിളിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെന്നല്ല, അറിയപ്പെട്ടിടത്തോളമുള്ള മാനവചരിത്രത്തിലെത്തന്നെ രോമാഞ്ചജനകവും നിസ്തുലവുമായ ഒരധ്യായമാണ് ബദ്‌റ് യുദ്ധം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനില്‍-ക്രിസ്ത്വബ്ദം 624 ജനുവരിയില്‍ ആണ് അതുണ്ടായത്. അന്നത്തെ മുസ്‌ലിംകള്‍ മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും നിസ്സഹായതയുടെയും മധ്യേ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നു. മക്കയിലെ അത്യുന്നത കുടുംബത്തില്‍ പിറന്നുവീഴുകയും എല്ലാവരുടെയും സ്‌നേഹവാല്‍സല്യങ്ങളും ബഹുമാനാദരങ്ങളും ആര്‍ജിക്കുകയും നാല്‍പതു വയസ്സുവരെ നാട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയും ചെയ്ത നബി(സ്വ) യെ സ്വന്തം നാട്ടുകാരും ഉറ്റവരും ബന്ധുക്കളും തന്നെ തള്ളിപ്പറയുകയും മര്‍ദിക്കുകയും ചെയ്തു. ആ പുണ്യപുരുഷന്‍ കൊണ്ടുവന്ന മതം സ്വീകരിച്ചതിന്റെ പേരില്‍ സാധാരണക്കാരും പാവങ്ങളുമെന്നല്ല ഉന്നതന്മാര്‍ വരെ പീഡിപ്പിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ദുര്‍ബല വിഭാഗങ്ങളുമൊക്കെ ക്രൂരവും പൈശാചികവുമായ മര്‍ദനങ്ങള്‍ക്കു വിധേയരായി. കാലം ചെല്ലുംതോറും ധിക്കാരികളായ സത്യനിഷേധികളുടെ ഈ ക്രൂരവിനോദം കൂടിക്കൂടിവരികയാണ് ചെയ്തത്. ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ നിവാസികളുള്ള ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്റെയടുത്തുനിന്ന് ഒരു രക്ഷാധികാരിയെയും സഹായിയെയും നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരേണമേ (ഖുര്‍ആന്‍ 4:75) എന്ന് അവര്‍ മനമുരുകി പ്രാര്‍ഥിച്ചു. ഒടുവില്‍ ചിലരെയൊക്കെ തിരുനബി (സ്വ) അബ്‌സീനിയയിലേക്കയച്ചു. പിന്നെ അല്‍പാല്‍പമായി മുസ്‌ലിംകള്‍ സര്‍വം കൈവെടിഞ്ഞ് മക്ക വിട്ട് മദീനയിലഭയം തേടി. അവസാനം തിരുനബി (സ്വ) യെയും മദീനാനഗരി സഹര്‍ഷം കൈയേറ്റു. യസ്‌രിബ് എന്ന ആ നാട്ടിന്റെ പേരു തന്നെ മാറി മദീനത്തുര്‍ റസൂല്‍-പ്രവാചകന്റെ പട്ടണം-എന്നായി, അത് ചുരുങ്ങി കേവലം മദീനയായി. എന്നാല്‍ നാടുവീടും സമ്പാദ്യങ്ങളുമൊക്കെ അപ്പടി കൈവിട്ടുപോന്നിട്ടും മുസ്‌ലിംകളെ നശിപ്പിക്കാനുള്ള ദൃഢപ്രതിജ്ഞയില്‍ തന്നെ ശത്രുക്കള്‍ മുന്നേറി. ഇതു പക്ഷേ അംഗീകരിച്ചുകൊടുക്കാനാകുമോ? അക്കാലമത്രയും ക്ഷമിക്കാനും ക്ഷമയില്‍ മറ്റുള്ളവരെ അതിജയിക്കാനും കല്‍പിച്ചുകൊണ്ടിരുന്ന അല്ലാഹു ശത്രുവിനെ ഉപരോധിക്കാന്‍ മുസ്‌ലിംകള്‍ക്ക് സമ്മതം നല്‍കി. അങ്ങനെയാണ് ബദ്‌റ് എന്ന സ്ഥലത്തുവെച്ച് സത്യവും അസത്യവും ഏറ്റമാദ്യമായി ഏറ്റുമുട്ടുന്നത്. ആളും അര്‍ഥവും സന്നാഹങ്ങളുമൊന്നും മുസ്‌ലിംകള്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ ജയഭേരി മുഴക്കി. വിശദവിവരങ്ങള്‍ വഴിയെ വരുന്നുണ്ട്. അങ്ങനെ, എത്ര കാലം പൈശാചിക താണ്ഡവം നടത്തിയാലും അസത്യം ഒരിക്കല്‍ തകര്‍ന്നു തരിപ്പണമാകും എന്ന പാഠം ലോകത്തിനുമുമ്പില്‍ ബദ്‌റ് കുറിച്ചിട്ടു. സത്യവിശ്വാസം എന്ന അമൂല്യസിദ്ധിയാണ് മുസ്‌ലിംകള്‍ക്ക് അവിശ്വസനീയവും അപ്രതീക്ഷിതവുമായ ഈ വിജയം നേടിക്കൊടുത്തത്. ''വിശ്വാസ''(ഈമാന്‍)ത്തിന് ഈ ലോകത്ത് ആര്‍ജിച്ചുകൂടാത്തതായി യാതൊന്നുമില്ല എന്ന് അത് പഠിപ്പിക്കുന്നു. ഈ വിശ്വാസം യാതൊരു സാഹചര്യത്തിലും കൈമോശം വരാന്‍ ഇടയാകരുത്. ബദ്‌റില്‍ സ്വഹാബികള്‍ വിജയം വരിച്ചപോലെ ഈമാന്‍ കൊണ്ട് ഏത് വന്‍വിജയവും നിങ്ങള്‍ക്ക് നേടാമെന്ന് ഖുര്‍ആന്‍ സത്യവിശ്വാസികളോട് ഉദ്‌ഘോഷിക്കുന്നു. വിശ്വാസത്തിന്റെ ഈ മഹിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹേ, സത്യവിശ്വാസികളേ എന്ന് ആറു തവണ ഇതില്‍ അല്ലാഹു തന്റെ അടിമകളെ അഭിസംബോധന ചെയ്യുകയും സുപ്രധാനവും ഗൗരവതരവുമായ ചില കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ സൂക്തങ്ങള്‍ ഇവയാണ്: ഇവയുടെ അര്‍ഥവും വ്യാഖ്യാനവുമൊക്കെ അതത് സ്ഥലങ്ങളില്‍ നിന്ന് മനസ്സിലാക്കമല്ലോ. ചുരുക്കത്തില്‍, സത്യവിശ്വാസിയുടെ വിജയത്തിന്റെയും നേട്ടത്തിന്റെയും സൗഭാഗ്യത്തിന്റെയും ക്ഷേമത്തിന്റെയും മറ്റെല്ലാ വിധ അഭ്യുന്നതിയുടെയും നിദാനം അമൂല്യമായ ''ഈമാന്‍'' മാത്രമാണ്. അത് ബോധപൂര്‍വമോ അല്ലാതെയോ വിസ്മരിച്ച് മറ്റിടങ്ങളില്‍ അവ അന്വേഷിക്കുന്നവര്‍, ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ തപ്പുന്നവര്‍ മാത്രമായിരിക്കും. ലണ്ടനിലോ ന്യൂയോര്‍ക്കിലോ മോസ്‌കോവിലോ അന്തസ്സു പരതുന്ന ''സത്യവിശ്വാസികളെ'' മറ്റാരോടുപമിക്കാന്‍ കഴിയും?
No comments:
Post a Comment
Note: only a member of this blog may post a comment.