ഈ അധ്യായത്തിന്റെ പേര് ഥാഹാ എന്നാണ്. തിരുനബി(സ്വ)യുടെ പല പേരുകളിലൊന്നാണിത്. ആ വത്സല നാമത്തില്‍ നബിയെ വിളിച്ചുകൊണ്ട് ചില സുപ്രധാന കാര്യങ്ങള്‍ പറയുകയാണ്. മക്കയിലവതരിച്ച ഈ സൂറയില്‍ തൗഹീദ്, പ്രവാചകത്വം പുനര്‍ജന്മം, ഉയിര്‍ത്തെഴുന്നേറ്റ് മഹ്ശറയിലേക്കുള്ള യാത്ര തുടങ്ങിയ ദീനിന്റെ മൗലിക വിശ്വാസകാര്യങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ''നബിയേ, ഈ ഖുര്‍ആനവതരിപ്പിച്ചു തന്നിരിക്കുന്നത് താങ്കള്‍ പ്രയാസങ്ങളും ക്ലേശങ്ങളും അനുഭവിക്കാനല്ല'' എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന സൂറ വ്രണിതമായ പ്രവാചക ഹൃദയത്തിന് തികഞ്ഞൊരു സാന്ത്വനം തന്നെയായിരിക്കുന്നു. കഠിന ഹൃദയരായ മക്കാമുശ്‌രിക്കുകള്‍ അവസരം കിട്ടുമ്പോഴൊക്കെ നബിയെയും സ്വഹാബികളെയും ഖുര്‍ആനെയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നല്ലോ. ഈ പശ്ചാത്തലത്തിലാണ് ഈ സ്വാന്തനത്തിന്റെ പ്രസക്തി തെളിഞ്ഞുവരുന്നത്. ഖുര്‍ആന്‍ താങ്കള്‍ വിഷമിക്കാന്‍വേണ്ടിയല്ല അവതരിപ്പിക്കുന്നതെന്നും പ്രബോധനം ചെയ്യുക എന്ന കൃത്യം മാത്രമേ താങ്കള്‍ നിര്‍വഹിക്കേണ്ടതുള്ളുവെന്നും ഉണര്‍ത്തുകയാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിങ്കള്‍നിന്നാണിതിന്റെ അവതരണം എന്ന പ്രയോഗം പ്രതകൂല സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുവാന്‍ കൂടുതല്‍ മനക്കരുത്ത് നല്‍കും. സിംഹാസനത്തില്‍ ആസനസ്ഥനായ രാജാധിരാജന്‍ കരുണാനിധിയാണെന്നും സര്‍വ രഹസ്യങ്ങലും അതിനിഗുഢ കാര്യങ്ങളും അറിയുമെന്നും നിഷേധികളുടെയും പരിഹാസകരുടെയും അക്രമികളുടെയും ദുഷ്‌ചെയ്തികള്‍ അവന്‍ കണ്ടറിയുന്നുണ്ടെന്നും അവര്‍ക്കവന്‍ തക്ക പ്രതിഫലം നല്‍കുമെന്നുമൊക്കെ ഇവിടെ സൂചിപ്പിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവധാനപൂര്‍വം ഗ്രഹിച്ച് ക്ഷമയോടെ മുന്നോട്ടു നീങ്ങണമെന്നാണ് താല്‍പര്യം. ജനങ്ങള്‍ വിശ്വാസം കൈക്കൊള്ളുന്നുണ്ടോ ഇല്ലേ എന്നതു പ്രശ്‌നമേ അല്ല. ജനങ്ങളെ ഏതെങ്കിലും വിധത്തില്‍ സത്യത്തില്‍ കൊണ്ടെത്തിക്കണമെന്ന കല്‍പനയുള്ള ആളല്ല ദൈവദൂതന്‍. അമ്പിയാക്കളുടെയും മുര്‍സലുകളെയും സംബന്ധിച്ച് മാനസിക വിഷമങ്ങളും ശാരീരിക മര്‍ദ്ദനങ്ങളുമൊന്നും അന്യമല്ല. പട്ടുമെത്തയില്‍ കിടന്നു പൊന്‍ കിരീടം ചൂടി ആനന്ദാഹ്ലാദമോദങ്ങളില്‍ കഴിയാന്‍ വരുന്നവരാണോ പ്രവാചകന്മാര്‍? ഒരിക്കലുമല്ല. ഈ വസ്തുത നബി(സ്വ)യെ ഉണര്‍ത്താനായി ചരിത്രംകണ്ട ഒരുഗ്രമൂര്‍ത്തിയുടെ-ഈജിപ്തിലെ ഫറോവയുടെ-ചരിത്രം ഏറെക്കുറെ വിശദമായി ഇതില്‍ പറയുന്നുണ്ട്. ആ ധിക്കാരിയൊരുക്കിയ അഗ്നിപരീക്ഷണങ്ങള്‍ കലീമുല്ലാഹി മൂസാ(അ) തരണംചെയ്ത രംഗങ്ങള്‍ വിവരിച്ച് നബിയെ സമാധാനപ്പിക്കുകതന്നെയാണു ലക്ഷ്യം. മൂസാനബിക്ക് ഥൂര്‍ പര്‍വതത്തില്‍വെച്ച് ദൗത്യം ലഭിച്ചത്, സ്വജനത പശുക്കുട്ടിയെ ആരാധിച്ചത്, ഫിര്‍ഔനുമായുള്ള സംവാദം, ആഭിചാരകന്മാരുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങി വിവിധഘട്ടങ്ങള്‍ അതില്‍ വരുന്നുണ്ട്. സൂറയുടെ വലിയൊരുഭാഗം തന്നെ ഇതാണു വിഷയം. ആദിപിതാവായ ആദംനബിയെ സ്വര്‍ഗത്തിലാക്കിയതും പിന്നീട് അവിടെനിന്നു പുറത്തുപോയതും പിശാചിന്റെ കെണിവലകളും സംബന്ധിച്ചൊക്കെ ചുരുങ്ങിയ വിവരങ്ങള്‍ വരുന്നുണ്ട്. അന്ത്യനാളിലെ ചില രംഗങ്ങളും സൂറയുടെ അവസാനഭാഗങ്ങളില്‍ കാണാം. ഏതൊരു മനുഷ്യനും ഭൗതികാഡംബരങ്ങളുടെ മുമ്പില്‍ പകച്ചുനിന്നു പോകും; തല്‍സമയം അവന്‍ എല്ലാം മറക്കുകയായി-സ്രഷ്ടാവിനെ, സൃഷ്ടികളെ, പ്രവാചകരെ, മതസങ്കേതങ്ങളെ-എല്ലാമെല്ലാം. ഈ ആപല്‍ഗര്‍ത്തത്തില്‍ നിപതിക്കാതെ പോകുന്നവര്‍ ലക്ഷത്തില്‍ ഒരംശംപോലുമുണ്ടാകില്ല. അതീവ ഗുരുതരമായ ഇക്കാര്യം സൂറയുടെ അവസാനം പറഞ്ഞിട്ടുണ്ട്- ഭൗതികഡംബരങ്ങളെയും ഐഹിക സുഖങ്ങളെയും കാമിക്കയും മോഹിക്കയുംചെയ്ത് അതിന്റെ കെണിവലയില്‍ വീഴരുതെന്ന്. മഹ്ശറിന്റെ ബീഭത്സമായ സ്മരണകളും അധ്യായം തട്ടിയുണര്‍ത്തുന്നതായികാണാം. ഭൂമിയില്‍ ജനിച്ചു മരിച്ചുപോയ, ഇനിയും ജനിച്ചുമരിക്കാനിരിക്കുന്ന മുഴുവന്‍ സൃഷ്ടികളും ഹാജറാക്കപ്പെട്ട് നീതിപൂര്‍വമായ വിധിനടപ്പാക്കപ്പെടുന്ന അവിസ്മരണീയവും കോരിത്തരിപ്പിക്കുന്നതുമായ ദിവസം! അവരിലോരോരുത്തരും പ്രപഞ്ചനാഥന്റെ മുമ്പില്‍ ഒറ്റക്ക് വരുന്ന ദിനം! നമ്രഃശിരസ്‌കരായി അടിമകളായി ഭവ്യതയോടെ വന്നെത്തുന്ന നാള്‍! അന്ന് നിര്‍ണായകമായ വിധിയുണ്ടായിക്കഴിഞ്ഞാല്‍ ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരുവിഭാഗം നരകത്തിലേക്കും പോകും-സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കുമുള്ള അര്‍ഹമായ പ്രതിഫലം.
No comments:
Post a Comment
Note: only a member of this blog may post a comment.