Home

Thursday, 14 January 2016

മര്‍യം

ആരംഭം തന്നെ സകരിയ്യാനബി(അ)ന്റെയും യഹ്‌യാനബി(അ)ന്റെയും ചരിത്രം പറഞ്ഞുകൊണ്ടാണ്. ശേഷം മര്‍യംബീവിയുടെ കഥയും ഈസാനബി(അ)ന്റെ ജന്മവൃത്താന്തങ്ങളും വരുന്നു. പിന്നീട് ഇബ്‌റാഹീംനബി(അ)യും പിതാവുമായുണ്ടായ വാഗ്വാദവും സംസാരവും കാണാം. ശേഷം പല പ്രവാചകരിലേക്കും വിരല്‍ചൂണ്ടുകയാണ്- ഇസ്ഹാഖ്, യഅ്ഖൂബ്, മൂസാ, ഹാറൂന്‍, ഇസ്മാഈല്‍, ഇദ്‌രീസ്, ആദം, നൂഹ്(അ). തൊണ്ണൂറ്റിഎട്ട് സൂക്തങ്ങളുള്ള അധ്യായത്തിന്റെ ഏകദേശം മൂന്നില്‍രണ്ടുഭാഗവും ചരിത്രപരാമര്‍ശം തന്നെ. സര്‍വ്വശക്തനായ അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും സ്ഥാപിക്കലും, അവന് ഉണ്ടെന്ന് ജല്‍പിക്കപ്പെടുന്ന സന്താനങ്ങളുടെ നിഷേധവും മരണാനന്തര ജീവിതത്തിന്റെ സ്ഥിരീകരണവുമൊക്കെയാണിതിന്റെ ഉദ്ദേശ്യം. സമൂഹത്തിലെ സന്മാര്‍ഗികളുടെയും ദുര്‍മാര്‍ഗികളുടെയും സഞ്ചാരപഥവും ഇതിലൂടെ വരഞ്ഞുകാട്ടുന്നു. പുനരുത്ഥാന നിഷേധികളുമായുള്ള തര്‍ക്കവിതര്‍ക്കങ്ങളും അന്ത്യനാളിലെ ചില രംഗങ്ങളും അവസാനഭാഗത്ത് കാണാം. ഈസാനബി(അ)ന്റെ മാതാവിന്റെ പേരാണ് മര്‍യം. ഒരു സ്ത്രീയുടെ സംജ്ഞാനാമം പരിശുദ്ധഖുര്‍ആനില്‍ സ്പഷ്ടമായി പ്രസ്താവിച്ചത് മര്‍യമിന്റേത് മാത്രമാണ്. ഖുര്‍ആനില്‍ മുപ്പത് സ്ഥലത്ത് ആ പേര് പറഞ്ഞിട്ടുണ്ട്. ആ മഹതിയുടെ നാമം കൊണ്ടാണ് ഈ സൂക്തത്തിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകം കണ്ണുതുറന്ന് നോക്കേണ്ട ഒരു കാര്യമാണിത്. ഖുര്‍ആന്റെ വീക്ഷണത്തില്‍ പ്രവാചകന്മാരെല്ലാം ഒരു ചങ്ങലയിലെ കണ്ണികളാണ്. അവരെ എല്ലാവരെയും മുസ്‌ലിംകള്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ആ പുണ്യപുരുഷന്മാര്‍ പ്രബോധനം ചെയ്ത മതം നൂറുശതമാനവും സത്യമാണെന്നാണവരുടെ വിശ്വാസം. ഈസാനബി(അ)നോടോ അദ്ദേഹം പ്രബോധനം ചെയ്ത മതത്തോടോ ഖുര്‍ആനിന് വല്ല എതിര്‍പ്പുമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മാതാവിന്റെ നാമം ഈ അധ്യായത്തിന് നല്‍കുമോ? യേശു ഒരു വ്യഭിചാര പുത്രനാണെന്നാണ് യഹൂദികളുടെ ആരോപണം. എന്നാല്‍ ഈ അധ്യായത്തില്‍ ഖുര്‍ആന്‍ പറയുന്നത് ഈസാനബി(അ) ലോകത്തിന് ഒരു അദ്ഭുതസംഭവമായി ജനിച്ചു എന്നാണ്. അദ്ദേഹത്തിന്റെ മാതാവിന്റെ പവിത്രത പരിശുദ്ധ ഖുര്‍ആന്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നു. അവരെ സംബന്ധിച്ച യഥാര്‍ഥ സംഭവം വിവരിച്ചുകൊണ്ട് ലോകത്തിന്റെ തെറ്റിദ്ധാരണ ദൂരീകരിക്കുകയാണ് ഈ ദിവ്യഗ്രന്ഥം. മറ്റൊരധ്യായത്തില്‍ ലോകത്തങ്ങോളമിങ്ങോളമുള്ള മുഴുവന്‍ സത്യവിശ്വാസികള്‍ക്കും-അവരില്‍ മഹാന്മാരായ ഔലിയാഅ്, സാഹിദുകള്‍, ആരിഫുകള്‍ മുതലായവരൊക്കെ ഉള്‍പെടുന്നു എന്നോര്‍ക്കുക-മാതൃകാവര്യയാണ് മര്‍യംബീവി എന്നാണ് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത് (സൂറത്തുത്തഹ്‌രീം 12). ഈസാനബി(അ)നോടും അദ്ദേഹത്തിന്റെ അനുയായികളോടും ശത്രുതകാണിക്കാനാണീ സത്യവേദം വന്നതെങ്കില്‍ ഇതിനെല്ലാം മുതിരുമോ? എന്നാല്‍ ഈസാനബി(അ)നെ സംബന്ധിച്ചു ക്രിസ്ത്യാനികളുടെ അതിരുകവിഞ്ഞ വിശ്വാസം-അദ്ദേഹം ദൈവമാണെന്നും ദൈവപുത്രനാണെന്നും മറ്റുമുള്ളത്-ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ആ വാദത്തിന്റെ അര്‍ഥശൂന്യത അത് തുറന്നു കാട്ടുന്നുണ്ട്. ബഹുമാനിച്ച് അങ്ങേയറ്റത്തേക്ക് പൊക്കിക്കൊണ്ടുപോകുവാനോ അപമാനിച്ച് ഇങ്ങേഗര്‍ത്തത്തിലേക്ക് താഴ്ത്തിവെക്കുവാനോ ഖുര്‍ആന്‍ അനുവദിക്കുന്നില്ല. പ്രമുഖ പ്രവാചകരില്‍ ഒരാളാണ് അദ്ദേഹം. ആ നിലക്ക് തനിക്കുള്ള സ്ഥാനം വകവെച്ചുകൊടുക്കുന്നു. വാസ്തവത്തില്‍ മുഹമ്മദ് നബി (സ്വ) യും വിശുദ്ധഖുര്‍ആനും വന്നിരുന്നില്ലെങ്കില്‍ യേശുവിനെ സംബന്ധിച്ചും അദ്ദേഹത്തിന്റെ മാതാവിനെ സംബന്ധിച്ചും ലോകത്ത് ജൂദന്മാര്‍ പ്രചരിപ്പിച്ചിരുന്ന തെറ്റിദ്ധാരണയും അപവാദവും ഒരിക്കലും നീങ്ങിപ്പോകുമായിരുന്നില്ല. അവരില്‍ നിന്ന് ആ അപവാദ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞു അവരെ ശുദ്ധിയാക്കി എടുക്കുക എന്ന മഹത്തായ കാര്യം നിര്‍വഹിച്ചതിന് ക്രിസ്ത്യാനികള്‍ എന്നും ഖുര്‍ആനോടും മുസ്‌ലിംകളോടും കൃതജ്ഞരായിരിക്കേണ്ടതാണ്. എന്നിരിക്കെ ഇവര്‍ ഇന്ന് മുസ്‌ലിംകളോട് ശത്രുതയില്‍ വര്‍ത്തിക്കുന്നത് കടുത്ത കൃതഘ്‌നതയല്ലേ?

No comments:

Post a Comment

Note: only a member of this blog may post a comment.