ഹിസ്ബ് എന്ന അറബിപദത്തിന് കക്ഷി, വിഭാഗം, സംഘം എന്നൊക്കെയാണര്‍ത്ഥം. അതിന്റെ ബഹുവചനമാണ് അഹ്‌സാബ്. നബി (സ്വ) യെയും മുസ്‌ലിംകളെയും സംയുക്തമായ ഒരു യുദ്ധത്തിലൂടെ നേരിട്ട് തകര്‍ത്ത് തരിപ്പണമാക്കാന്‍ ഖുറൈശും മറ്റുചില അറബി ഗോത്രങ്ങളും ഖൈബറിലും മദീനയിലും മറ്റും നിന്നുള്ള ജൂതന്മാരുമടങ്ങിയ കക്ഷികള്‍ സഖ്യമുണ്ടാക്കി യുദ്ധത്തിന് പുറപ്പെട്ടു. അതാണ് ഖന്‍ദഖ് യുദ്ധം. അതുസംബന്ധിച്ച് ഇതില്‍ പരാമര്‍ശമുള്ളതുകൊണ്ടാണ് സഖ്യകക്ഷികള്‍ എന്നര്‍ത്ഥമുള്ള ''അല്‍അഹ്‌സാബ്'' എന്ന് ഈ അധ്യായത്തിന് പേരുലഭിച്ചത്. ആ പദം പലപ്രാവശ്യം ഇതില്‍ ആവര്‍ത്തിതമായിരിക്കുന്നു. ഒറ്റക്കെട്ടായ മുന്നേറ്റം നടത്തി ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍ ശത്രുക്കള്‍ മെനഞ്ഞ ഈ തന്ത്രം ഫലിക്കാതെ പോവുകയാണുണ്ടായത്. എല്ലാം ഇട്ടേച്ച് അവര്‍ പിന്തിരിഞ്ഞോടുകയായിരുന്നുവെന്ന വിസ്തൃതവിവരം വഴിയെ വരുന്നുണ്ട്. മദീനയില്‍ അവതരിച്ചതാണ് സൂറത്തുല്‍ അഹ്‌സാബ്. സൂക്തങ്ങള്‍ എഴുപത്തിമൂന്ന്. മദനീവിഭാഗം സൂറകള്‍ നിയമനിര്‍മാണ പ്രധാനങ്ങളായിരിക്കുമെന്ന് പലപ്പോഴും നാം മനസ്സിലാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട പല നിയമങ്ങളും ഈ അധ്യായത്തില്‍ അനാവൃതമായിട്ടുണ്ടെന്ന് കാണാം: വിവാഹ സല്‍ക്കാരം, സ്ത്രീകളുടെ വസ്ത്രധാരണ മര്യാദകള്‍, നഗ്നതാ പ്രദര്‍ശന നിരോധം, തിരുനബി (സ്വ)യുമായുള്ള സമീപനച്ചിട്ടകള്‍, അവിടത്തെ ആദരിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങി പലതും വിവരിച്ചിട്ടുണ്ട്. അറബികള്‍ക്കിടയിലുണ്ടായിരുന്ന ളിഹാറ്, തബന്നി മുതലായ ചില ദുരാചാരങ്ങളെ നിരോധിക്കുകയും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂറയുടെ തുടക്കം തന്നെ രണ്ടു സുപ്രധാന കാര്യങ്ങളുണര്‍ത്തിക്കൊണ്ടാണ്-അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം, സത്യനിഷേധികളെയും കപടന്മാരെയും അനുസരിച്ചുപോകരുത്. തിരുനബി (സ്വ)യെ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ രണ്ടും കല്‍പിച്ചത് എന്നതിന് വര്‍ധിത പ്രസക്തിയാണുള്ളത്. നബി (സ്വ)യില്‍ നിന്ന് സൂക്ഷ്മതക്ക് വിപരീതമായി വല്ലതും സംഭവിക്കുകയോ നിഷേധികളോട് ചായ്‌വ് ഉണ്ടാവുകയോ ചെയ്തിരുന്നോ? ഇല്ല, ഒരിക്കലുമില്ല. പ്രത്യുത നബി (സ്വ)യുടെ ഉമ്മത്ത് വിഷയത്തിന്റെ ഗൗരവാവസ്ഥ ഗ്രഹിക്കാനാണ് ഈ രീതിയില്‍ വിഷയമവതരിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ അനുധാവനം ചെയ്യാനും വിഷയങ്ങള്‍ മുഴുവന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാനും തുടര്‍ന്നു കല്‍പനയുണ്ട്. ഓരോ സത്യവിശ്വാസിക്കും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണല്ലോ അവ. അങ്ങനെ ചെയ്യുമ്പോഴാണ് മനുഷ്യന്റെ ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയുമൊക്കെ സമാധാന പൂര്‍ണവും ധന്യവുമാകുന്നതെന്ന് നമുക്കിന്ന് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. ചില പ്രതിഭാധനരെ നമുക്ക് എക്കാലവും കാണാം. അറേബ്യയിലുണ്ടായിരുന്ന അത്തരം ചിലരെപറ്റി അവര്‍ക്ക് രണ്ടുഹൃദയമുണ്ട് എന്നായിരുന്നു ''ജാഹിലി''കളുടെ വിശ്വാസം. ആ മൂഢധാരണ ഖുര്‍ആന്‍ ഇവിടെ തിരുത്തുന്നുണ്ട്-ഒറ്റ ഹൃദയമേ ഏതുമനുഷ്യനും അല്ലാഹു സൃഷ്ടിച്ചുകൊടുത്തിട്ടുള്ളു. ഒരു ഹൃദയം കൊണ്ട് ഒരു വഴിക്കേ ചിന്തിക്കാനാവൂ. പൗരാണികരുടെ തെറ്റുധാരണ നീക്കുന്നതോടൊപ്പം മറ്റൊരു ഉദ്ദേശം കൂടി ഇവിടെയുണ്ട്-ഒറ്റ ഹൃദയമുള്ള മനുഷ്യന്‍ ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങേണ്ടത്-അല്ലാഹുവിങ്കലേക്ക്. ഒരു വഴിയിലാണവന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്-സത്യത്തിന്റെ വഴിയില്‍. ഒരു ഹൃദയം ഒന്നിലധികം ദൈവങ്ങളില്‍ കേന്ദ്രീകരിക്കാനാവില്ല; പല ചിന്താധാരകളിലും വ്യവസ്ഥിതികളിലും ദര്‍ശനങ്ങളിലും ഒരേസമയം ബന്ധിപ്പിക്കുവാന്‍ പറ്റില്ല. ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായം ജാഹിലിയ്യ കാലത്തുണ്ടായിരുന്നു. ഇന്നും പല നാടുകളിലും സമൂഹങ്ങളിലും ഇതു നിലവിലുണ്ട്. അങ്ങനെ ''സ്വീകരിക്കുക'' എന്ന കേവലപ്രക്രിയയല്ല ഇവിടത്തെ പ്രശ്‌നം. ദത്തുപുത്രന്മാരെ സ്വന്തം മക്കളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. വളര്‍ത്തുപിതാവ് മരിച്ചാല്‍ ദത്തുപുത്രന് സ്വത്തില്‍ അവകാശം നിശ്ചയിച്ചിരുന്നു അവര്‍. പോറ്റുമകന്‍ സ്വഭാര്യയെ വിവാഹമോചനം ചെയ്താല്‍ പിന്നെ അവളെ വളര്‍ത്തച്ഛന് വിവാഹം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അവരുടെ മതം. ഇങ്ങനെ പലതും. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു രക്തബന്ധവുമില്ലല്ലോ. അതുകൊണ്ട് ആ ജാഹിലീ വിശ്വാസം ഖുര്‍ആന്‍ പൊളിച്ചെഴുതി. കുടുംബബന്ധവും രക്തബന്ധവുമാണ് ഇവ്വിഷയകമായി പരിഗണനീയമെന്ന് അല്ലാഹു ഈ അധ്യായത്തിലൂടെ വിശദമായി പഠിപ്പിക്കുന്നുണ്ട്. ''ളിഹാര്‍'' എന്ന ഒരു സാമൂഹിക ജീര്‍ണതയും ആ പുരാതന സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു. ''എന്നെ സംബന്ധിച്ചിടത്തോളം നീ എന്റെ മാതാവിന്റെ മുതുകിന് തുല്യയാണ്'' എന്ന് ദേഷ്യം വരുമ്പോഴും മറ്റും അവര്‍ ഭാര്യയോടുപറയും. ഇങ്ങനെയൊരു വാക്ക് വായില്‍ നിന്നുവീണുപോയാല്‍ പിന്നെ ഭാര്യ തീര്‍ത്തും അന്യയായി എന്നും അവര്‍ വിധിയെഴുതി. ഇതും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തുകയുണ്ടായി. വിശദവിവരം അവിടെവെച്ചു ഗ്രഹിക്കാം. അഹ്‌സാബ് യുദ്ധവും ബനൂഖുറൈള യുദ്ധവും ഇസ്‌ലാമിക ചരിത്രത്തില്‍ വിശിഷ്യ യുദ്ധസംഭവങ്ങളില്‍ തന്ത്രപ്രധാനമായിരുന്നു. അവയുടെ വിവിധ വശങ്ങളും അതില്‍നിന്നുള്ള വ്യത്യസ്ത പാഠങ്ങളും ഒട്ടേറെ സൂക്തങ്ങളിലായി കാണാം. രണ്ടുമുഖങ്ങളുമായി നടക്കുന്ന കപടന്മാര്‍ ഏതുസമൂഹത്തിലുമെന്ന പോലെ ആ യുദ്ധരംഗങ്ങളിലുമുണ്ടായിരുന്നു എന്ന വസ്തുത ഇവിടെ അടിവരയിട്ടു സ്പഷ്ടമാക്കുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യത്തിന് അതിലെ അംഗങ്ങള്‍ പരിസരബോധവും വിവേകവും വിവരവും തന്റേടവുമൊക്കെ ഉള്ളവരാകേണ്ടതുണ്ട്. നമ്മുടെ അധുനാതന സമൂഹത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. ഗുരുതരമായ ഈ വസ്തുത ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സുതരാം ഗ്രഹിക്കപ്പെടേണ്ടതത്രേ. ഭൗതിക പുരോഗതിയും ആഢംബരവുമൊക്കെ ഏതുമനുഷ്യന്റെയും കണ്ണഞ്ചിപ്പിക്കും. നമ്മുടെ ചുറ്റുമുള്ള സുഹൃത്തുക്കളും സ്‌നേഹിതരും തന്നെ അതിന് മതിയായ തെളിവാണ്. എന്നാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മാര്‍ഗവും അവരുടെ സംതൃപ്തിയും ആഗ്രഹിക്കുന്നവരാരും തന്നെ ഒരിക്കലും ഭൗതികയുടെ ശബളിമയില്‍ കുടുങ്ങിപ്പോകരുതെന്നാണ് ഈ സൂറയുടെ മറ്റൊരു പ്രമേയം. തിരുനബി (സ്വ)യുടെ സഹധര്‍മിണിമാരായ ഉമ്മഹാത്തുല്‍മുഅ്മിനീന്‍ ഒരിക്കല്‍ അവിടത്തെ സമീപിച്ച് ചില ഭൗതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തത്സമയം അവതീര്‍ണമായ ചില സൂക്തങ്ങള്‍ ഭൗതികഭ്രമം വിശ്വാസികളുടെ മാര്‍ഗമല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ട്. ഏതു സാഹചര്യങ്ങളിലും സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായിരിക്കേണ്ടതാണ്. ഒരു വിട്ടുവീഴ്ചയും ഇതിലില്ല. ഇത്തരം ഒരു അവസ്ഥയിലേക്ക് ഉയരാന്‍ അവര്‍ക്കുകഴിയണം. -ഇതാണ് സൂറയുടെ മറ്റൊരു സന്ദേശം. സൈദ്-സൈനബ് ദമ്പതിമാരുടെ വിവരവും അവിടെ വരുന്നുണ്ട്. ഇന്ന് മുസ്‌ലിംകളുടെ സുപ്രധാനമായ ദൗര്‍ബല്യം അതുതന്നെയാണ്. മുഅ്മിനുകളും മുസ്‌ലിംകളുമൊക്കെയാണെന്ന് പറയാന്‍ നാം മുന്നില്‍ തന്നെയുണ്ട്. പക്ഷെ, ദേഹേച്ഛക്കും പശ്ചാത്തല-സാഹചര്യങ്ങള്‍ക്കുമൊക്കെയൊത്ത് വാഷിങ്ടണിലേക്കും ലണ്ടനിലേക്കും ഫ്രാന്‍സിലേക്കുമൊക്കെ നോക്കിയാണ് നാം ജീവിതം ക്രമപ്പെടുത്തുന്നത്. അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് പ്രശ്‌നമേയല്ല. ഇത് ഒരിക്കലും ആയിക്കൂടാ എന്നാണ് സര്‍വശക്തന്റെ അനുശാസനം. കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സൂറയില്‍ വരുന്നുണ്ട്. പരലോകത്ത് ഉണ്ടാകുന്ന ചില രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു. മാനവസമൂഹത്തിന് അല്ലാഹുവുമായുള്ള ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് അധ്യായമവസാനിക്കുന്നത്.
No comments:
Post a Comment
Note: only a member of this blog may post a comment.