അല്‍ഹിജ്ര്‍ എന്നാണ് ഈ സൂറയുടെ പേര്. ഇന്നത്തെ സുഊദിഅറേബ്യയില്‍ മദീനയില്‍ നിന്ന് തബൂക്കിലേക്കുള്ള റോഡില്‍ 515 കിലോമീറ്റര്‍ ചെന്നാല്‍ തൈമാ എന്നൊരു പട്ടണമുണ്ട്. അതിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന മലമടക്കുകള്‍ നിറഞ്ഞ ഒരു ഭൂപ്രദേശമാണ് അല്‍ഹിജ്ര്‍. സ്വാലിഹ് നബി(അ)യുടെ ജനതയായ സമൂദ്‌ഗോത്രം അധിവസിച്ചിരുന്നത് ഈ പ്രദേശങ്ങളിലായിരുന്നു. മലകളില്‍ പാറകള്‍ തുരന്നായിരുന്നു അവര്‍ വീടുണ്ടാക്കിയിരുന്നത്. ''ഭൂമിയിലെ സമതലങ്ങളില്‍ നിങ്ങള്‍ കെട്ടിടങ്ങളുണ്ടാക്കുകയും മലകള്‍ തുരന്ന് വീട് നിര്‍മിക്കുകയും ചെയ്യുന്നു'' എന്ന് ഖുര്‍ആന്‍ (അല്‍അഅ്‌റാഫ് 74) പറയുന്നത് അവരെക്കുറിച്ചാണ്. അശ്ശുഅറാഅ് 149, അല്‍ഹിജ്ര്‍ 82 എന്നീ സൂക്തങ്ങളിലും ഇക്കാര്യം പറയുന്നുണ്ട്. വിദൂരതയില്‍ നിന്ന് കാണുമ്പോള്‍ ചേര്‍ന്നുനില്‍ക്കുന്ന പര്‍വതശൃംഖലയാണെന്ന് തോന്നുമെങ്കിലും ഒറ്റക്കൊറ്റക്ക് നില്‍ക്കുന്ന വലിയ പര്‍വതങ്ങളാണവിടെയുള്ളതെന്നും കയറിപ്പറ്റാന്‍ വളരെ പ്രയാസകരമാണവയെന്നും സമൂദ് ഗോത്രത്തിന്റെ പ്രസിദ്ധമായ കിണര്‍ അവിടെയാണെന്നുമൊക്കെ യാഖൂത്തുല്‍ ഹമവി ഉദ്ധരിച്ചതായി കാണാം (മുഅ്ജമുല്‍ബുല്‍ദാന്‍ 2:221-ബൈറൂത്ത് 1984). ഈ ഹിജ്‌റുകാരെക്കുറിച്ച് 80-84 സൂക്തങ്ങളില്‍ പറയുന്നുണ്ട് (കൂടുതല്‍ വിവരം അവിടെ നോക്കുക). അതില്‍ നിന്നാണ് സൂറക്ക് പേര് വന്നത്. മക്കയില്‍ അവതരിച്ചതാണ് ഈ അധ്യായമെന്നത് ഏകകണ്ഠമത്രേ. തൊണ്ണൂറ്റിഒമ്പത് ആയത്തുകളാണെന്നതിലും രണ്ടുപക്ഷമില്ല. അഞ്ഞൂറ്റിഅമ്പത്തിനാല് വാക്കുകളും രണ്ടായിരത്തിഎഴുനൂറ്ററുപത് അക്ഷരങ്ങളുമാണ്. മീം, ലാം, നൂന്‍ എന്നിവയിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ അന്ത്യം. ലാമില്‍ അവസാനിക്കുന്ന രണ്ടു ആയത്തുകളേയുള്ളു-74, 85. ഹിജ്ര്‍ നിവാസികളുടെ കഥാകഥനമുള്ളത്‌കൊണ്ടാണ് സൂറക്ക് അല്‍ഹിജ്ര്‍ എന്ന പേര് വന്നത് (ബസ്വാഇര്‍ 2:272). മുന്‍അധ്യായം ''ഇബ്‌റാഹീം'' ആയിരുന്നല്ലോ. ഇവ രണ്ടിന്റെയും ഉള്ളടക്കത്തില്‍ സാദൃശ്യമുള്ളതായി കാണാം. രണ്ടിന്റെയും ആരംഭം ഖുര്‍ആനെ വിശേഷിപ്പിക്കുന്ന ആയത്തുകളാണ്. അന്ത്യ നാളില്‍ സത്യനിഷേധികളുടെ ദുരവസ്ഥ രണ്ടിലും പരാമൃഷ്ടമാകുന്നുണ്ട്. ആകാശഭൂമികളെ സംബന്ധിച്ച വിവരണം, ഇബ്‌റാഹീം നബി(അ)ന്റെ കഥാകഥനം, നബി (സ്വ) യെ സാന്ത്വനിപ്പിക്കല്‍ എന്നിവയും രണ്ടുസൂറകളും ഉള്‍ക്കൊണ്ടിരിക്കുന്നു. ഈ അധ്യായത്തില്‍ പ്രവാചക ശ്രേഷ്ഠന്മാരുടെ മതപ്രബോധനം ചര്‍ച്ചാവിഷയമായിട്ടുണ്ട്. സത്യത്തോട് പരാങ്മുഖഭാവം നടിച്ചിരുന്ന നിര്‍ഭാഗ്യവാന്മാരായ നിഷേധികളില്‍ നിന്ന് എന്നും പ്രവാചകരോട് ഒരേയൊരു പ്രതികരണമാണല്ലോ ഉണ്ടായത്. അതും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. സമസ്ത പ്രവാചകവര്യരോടും സന്ധിയില്ലാസമരം എന്ന നയമായിരുന്നു നിഷേധികളുടേത്. മറ്റൊരു നിലക്ക് പറഞ്ഞാല്‍ മുഴുവന്‍ പ്രവാചകരും അവഹേളനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അസഭ്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിഷേധത്തിനും പാത്രീഭൂതരായി. അപ്പോള്‍ അത് നിഷേധികളുടെ പാരമ്പര്യവും സ്വഭാവവും കീഴ്‌വഴക്കവുമാണ്. മറ്റൊന്നവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ. അതിനാല്‍ നബി (സ്വ) തങ്ങള്‍ക്കും അങ്ങനെയേ ഉണ്ടാകൂ; മറിച്ചൊന്നു പ്രതീക്ഷിക്കാവതല്ല. അത് തന്നെ സംഭവിക്കുകയും7 ചെയ്തു. അല്ലാഹു മനുഷ്യന്റെ സന്മാര്‍ഗപ്രാപ്തിയാണുദ്ദേശിക്കുന്നത്. അതിനാവശ്യമായ സകലമാധ്യമങ്ങളും അവന്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രപഞ്ചം തന്നെയും ഒരു തുറന്ന പുസ്തകമാക്കി സൃഷ്ടിച്ചിരിക്കുകയാണവന്‍. മറിച്ച്‌നോക്കി സത്യം തെരഞ്ഞുപിടിക്കാന്‍ ''സമയമില്ലാത്തവര്‍''ക്ക് വലിയൊരനുഗ്രഹമാണത്. കണ്ണുതുറന്ന് നോക്കുന്നതൊക്കെയും അല്ലാഹുവിനെ കണ്ടുപിടിക്കാനും തദ്വാരാ സന്മാര്‍ഗത്തിലെത്താനും പര്യാപ്തമായവ. ആ അടിസ്ഥാനത്തില്‍ പല പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ഈ സൂറയില്‍ പരാമര്‍ശിച്ചിട്ടുണ്ട്-ആകാശം, ഭൂമി, കാറ്റുകള്‍, നക്ഷത്രഭ്രമണപഥങ്ങള്‍, പര്‍വതങ്ങള്‍, സസ്യസൃഷ്ടി, മനുഷ്യസൃഷ്ടി തുടങ്ങി പലതും. ഇവയൊക്കെ ബുദ്ധിയും ചിന്താശീലവുമുള്ള മനുഷ്യനോട് അല്ലാഹുവിനെപ്പറ്റി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയാണല്ലോ. പക്ഷെ, സത്യം കണ്ടുപിടക്കണമെന്നും സത്യത്തിന്റെ അനുയായിയാകണമെന്നുമുള്ള ബോധം മനുഷ്യനുണ്ടായേ പറ്റൂ. അതില്ലെങ്കില്‍ ഏത് ദൃഷ്ടാന്തവും നിഷ്ഫലമായിരിക്കും. പല നാട്ടുകാരും ഗോത്രക്കാരും പ്രവാചകന്മാരെ നിഷേധിച്ചിരുന്നുവല്ലോ. ആ ഗണത്തില്‍ ശുഐബ് നബി(അ)ന്റെ ആളുകളായ മദ്‌യന്‍കാരും ലൂത്ത് നബി(അ)ന്റെ നാട്ടുകാരും ഖുര്‍ആനില്‍ പലേടത്തും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഈ സൂറയിലും ആ രണ്ടുവിഭാഗത്തിന്റെ ചരിത്രം പരാമൃഷ്ടമായിരിക്കുന്നു. മക്കക്കാര്‍ സിറിയയിലേക്ക് കച്ചവടത്തിന് പോയിക്കൊണ്ടിരിക്കുന്നവരാണല്ലോ. അവരുടെ ആ വഴിയിലാണ് ഹിജ്ര്‍, മദ്‌യന്‍, ലൂത്ത് നബി(അ)യുടെ നാടായ സദൂം എന്നിവയൊക്കെ. ആ നിഷേധികളുടെ ദയനീയ പരിണിതിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഖുറൈശിനെ സഗൗരവം താക്കീത് ചെയ്യുക കൂടിയാണ് ഈ അധ്യായം.
No comments:
Post a Comment
Note: only a member of this blog may post a comment.