Home

Tuesday, 12 January 2016

അല്‍ഇസ്‌റാഅ്

സൂറത്തുല്‍ ഇസ്‌റാഅ് എന്നാണ് ഈ അധ്യായത്തിന്റെ പേര്. നബി (സ്വ) മക്കയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒരൊറ്റ രാത്രി സഞ്ചരിച്ച രാപ്രയാണസംഭവം ഇതില്‍ പറയുന്നുണ്ട്. അല്‍ ഇസ്‌റാഅ് എന്നാല്‍ നിശാപ്രയാണം എന്നാണ്. അന്ന് തന്നെ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴാകാശങ്ങളിലും അതിനപ്പുറവുമൊക്കെ നബി (സ്വ) സന്ദര്‍ശിച്ചു മടങ്ങി. ഇതാണ് മിഅ്‌റാജ്. ഇസ്രയേല്യരെ സംബന്ധിച്ച പല സംഭവങ്ങളും പരാമര്‍ശിക്കുന്നതിനാല്‍ ഈ അധ്യായത്തിന് സൂറത്തു ബനീഇസ്രാഈല്‍ എന്നും പേരുണ്ട്. ഈ സൂറത്ത് മക്കയിലവതരിച്ചതാണെന്നതില്‍ രണ്ടു പക്ഷമില്ല. സൂക്തങ്ങള്‍ നൂറ്റിപ്പതിനൊന്നാകുന്നു. ആയിരത്തി അഞ്ഞൂറ്റി അറുപത്തിമൂന്ന് പദങ്ങളും, ആറായിരത്തി നാനൂറ്ററുപത് അക്ഷരങ്ങളുമാണിതില്‍. 107-ാം സൂക്തമായ ...................... എന്നിടത്ത് ആയത്ത് അവസാനിക്കുന്നില്ലെന്ന് ഒരു പക്ഷമുണ്ട്. ഒന്നാം സൂക്തമൊഴിച്ച് മറ്റെല്ലാം അലിഫിലാണവസാനിക്കുന്നത്. ഒന്നാം ആയത്ത് റാഇലാണ് (ബസ്വാഇര്‍ 1:288). മക്കക്കാര്‍ ബഹുദൈവ വിശ്വാസികളും പരലോക ജീവിതത്തെ നിഷേധിക്കുന്നവരുമായിരുന്നുവല്ലോ. തന്നിമിത്തം ഈ സൂറയില്‍ ഏകദൈവ സിദ്ധാന്തങ്ങളെ കുറിച്ച് ആവര്‍ത്തിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. പരലോകജീവിത വിശ്വാസം യുക്തിഹീനമാണെന്നും വിഡ്ഢിത്തമാണെന്നും മറ്റും പറഞ്ഞു പുച്ഛിച്ചുതള്ളുകയായിരുന്നു മുശ്‌രിക്കുകള്‍. തന്നിമിത്തം ആ തത്വം ന്യായയുക്തമായ നിലക്ക് ഈ അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അറബികള്‍ ഇസ്മാഈല്‍ നബി(അ)ന്റെ സന്തതികളാണല്ലോ. അദ്ദേഹത്തിന്റെ സഹോദരനായ ഇസ്ഹാഖ് നബി(അ)ന്റെ സന്താന പരമ്പരയാണ് ഇസ്രാഈല്യര്‍. അവര്‍ ലോകജനതയില്‍ വെച്ച് വളരെ വളര്‍ന്ന് കഴിഞ്ഞവരായിരുന്നു, സംസ്‌കാരം സിദ്ധിച്ചവരായിരുന്നു. എന്നാല്‍ ഇസ്രയേല്യരെ ക്രമേണ ധിക്കാരവും അഴിമതിയും ബാധിച്ചു. അവസാനം അല്ലാഹു അവരെ ശിക്ഷിച്ചു. അവരുടെ പക്കലുണ്ടായിരുന്ന തൗറാത്തിന്റെ ഒരേയൊരു കോപ്പി തന്നെ നശിച്ചുപോയി. അവരുടെ പള്ളി ശത്രുക്കള്‍ തകര്‍ത്തു. ഈ സംഭവങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ അറബികളുടെ മുമ്പില്‍ ഈ സൂറയില്‍ ഉണര്‍ത്തുകയാണ്. എന്തിനെന്നാല്‍, അറബികള്‍ ഉണര്‍ന്ന് പാഠം പഠിക്കാന്‍. ഇല്ലെങ്കില്‍ അവരുടെ അനുഭവവും അത്തന്നെയായിരിക്കുമെന്ന് മനസ്സിലാക്കുവാന്‍. അറബികള്‍ ആവശ്യപ്പെട്ട പല അമാനുഷിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും ഈ അധ്യായത്തില്‍ എടുത്തു പറയുന്നു. സദാചാര നടപടികളും കടുത്ത ദുരാചാര നടപടികളും ഇതില്‍ എണ്ണിപ്പറയുന്നുണ്ട്. ഖുര്‍ആന്റെ സാധാരണ സമ്പ്രദായം പോലെ ഇടക്കിടക്ക് മറ്റുപല വിഷയങ്ങളും എടുത്തുദ്ധരിക്കുന്നത് കാണാം. എന്നാല്‍ ലോക ചരിത്രത്തില്‍ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമായിരുന്നു നബി (സ്വ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി മക്കയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം ചെയ്തതും അവിടെ നിന്ന് അനന്തവിദൂരമായ ഉപരിലോകങ്ങളിലേക്ക് ആരോഹണവും പര്യടനവും നടത്തി മക്കയില്‍ തന്നെ തിരിച്ചെത്തിയതും. അത്‌കൊണ്ട് ആ സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് സൂറത്ത് തുടങ്ങുന്നത്.

No comments:

Post a Comment

Note: only a member of this blog may post a comment.