ഈ അധ്യായം തിരുനബി (സ്വ) യുടെ മക്കാ ജീവിതത്തിന്റെ അവസാന സന്ദര്‍ഭങ്ങളില്‍ അവതരിച്ചതാണ്. ഫാഥിര്‍ എന്നാല്‍ സ്രഷ്ടാവ് എന്നാണ് അര്‍ത്ഥം. മുന്‍മാതൃകയൊന്നുമില്ലാതെ സൃഷ്ടി നടത്തുക, അഥവാ നേരത്തെ അറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരു പ്രവൃത്തി തുടങ്ങുക-ഇതിനാണ് ''ഫഥറ'' എന്നു പ്രയോഗിക്കുക എന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുഅബ്ബാസ്(റ)വിന്റെ ഒരു പ്രസ്താവം അതിന് തെളിവാണ്. താന്‍ പറയുന്നു: ''ഫാഥിര്‍'' എന്ന പദത്തിന്റെ സൂക്ഷ്മമായ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. ഇങ്ങനെയിരിക്കെയാണ് രണ്ടു ഗ്രാമീണര്‍ (അവരുടെ ഭാഷ ശുദ്ധവും സ്പഷ്ടവും സൂക്ഷ്മവുമായിരിക്കും) ഒരു കേസുമായി എന്നെ സമീപിക്കുന്നത്. ഒരു കിണറ്റിന്റെ കാര്യത്തില്‍, അത് ആരു കുഴിച്ചു എന്നതാണ് തര്‍ക്കം. അതില്‍ ഒരാള്‍ പറഞ്ഞു: ഞാനാണ് അത് കുഴിക്കാന്‍ തുടങ്ങിയത്-(തഫ്‌സീര്‍ ഇബ്‌നുകസീര്‍ 3:546 നോക്കുക). ''ഫഥറ'' എന്ന ക്രിയയുടെ കര്‍തൃവാചിയാണ് ''ഫാഥിര്‍''. സൂറയുടെ ഒന്നാം ആയത്തില്‍ തന്നെ ആകാശഭൂമികളുടെ സ്രഷ്ടാവ് എന്ന് പരാമര്‍ശിച്ചതില്‍ നിന്നാണ് പേരുവന്നത്. അതേ സൂക്തത്തില്‍ തന്നെ മലക്കുകളെ പറ്റിയും അവരുടെ സൃഷ്ടിപ്പുരീതിയെ കുറിച്ചും പറയുന്നതിനാല്‍ ''സൂറത്തുല്‍മലാഇക'' എന്നും ഇതിനു പേരുണ്ട്. മക്കയിലായിരുന്നു ഇതിന്റെ അവതരണമെന്നു പറഞ്ഞുവല്ലോ. അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ കുറേ ശക്തമായിത്തന്നെ ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. അവയത്രയും വളരെ ഹഠാദാകര്‍ഷകവും ചിന്തനീയവും അനിഷേധ്യവുമായ രീതിയിലാണ് എന്ന വിശേഷത കൂടി സൂറയിലുടനീളം കണ്ണോടിച്ചാല്‍ കാണാം. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ മഹത്വവും വൈപുല്യവും എത്രമാത്രം ചിന്തോദ്ദീപകമാണ് എന്ന് ഏതുമരവിച്ച മനസ്സിനെയും ബോധ്യപ്പെടുത്തുംവിധമുള്ള പരാമര്‍ശങ്ങള്‍ നിരത്തിവെച്ചിരിക്കയാണിതില്‍. ഈ പ്രഞ്ചത്തിന്റെ ഔജ്ജ്വല്യം, അതില്‍ പരക്കെ വിന്യസിക്കപ്പെട്ടിരിക്കുന്ന അത്യദ്ഭുത പ്രതിഭാസങ്ങള്‍, എങ്ങും ദൃശ്യമാകുന്ന നൂറുനൂറായിരം ദൈവികാനുഗ്രഹങ്ങള്‍-ഇവയൊക്കെ ചര്‍ച്ചാവിഷയമാണ്. ചിന്തിക്കുന്ന മനുഷ്യന് ഇവയുടെയൊക്കെ സ്രോതസ്സ് ഒന്നുമാത്രമാണെന്നു കാണാം. പ്രപഞ്ചത്തിന്റെ സര്‍വാധിപതി അല്ലാഹുവാണെന്നും അവനാണ് സമസ്ത സ്‌തോത്രങ്ങള്‍ക്കും അര്‍ഹനെന്നും വിളംബരം ചെയ്തുകൊണ്ടാണ് സൂറയുടെ തുടക്കം. അതിനു അനിഷേധ്യതെളിവുകള്‍ ഒരു കൊച്ചു ചെപ്പിലെന്നവണ്ണം അവിടെ ഒതുക്കിയിരിക്കുന്നു-പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് അല്ലാഹു. രണ്ടും മൂന്നും നാലുമൊക്കെ ചിറകുള്ളവരായി മലക്കുകളെ സൃഷ്ടിക്കുന്നതും നിയോഗിക്കുന്നതും അവനാണ്. ഇനി, മാലാഖമാരുടെ ചിറകുകളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഇന്ന രീതിയിലേ സൃഷ്ടിക്കൂ, സൃഷ്ടിക്കാവൂ എന്ന വല്ല വ്യവസ്ഥകളും അവന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആരെങ്കിലുമുണ്ടോ? ഏയ്, ഇല്ല. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ കൂടുതല്‍ ചെയ്യും. കാരണം, എന്തിനും കഴിവുറ്റവനത്രേ അല്ലാഹു. അവന്‍ ആര്‍ക്കെങ്കിലും നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടം തുറന്നുകൊടുത്താല്‍ ആര്‍ക്കാണ് അത് അടക്കാനും തടുക്കാനും കഴിയുക? സര്‍വശക്തന്‍ തടഞ്ഞിട്ട വഴി തുറക്കാന്‍ പോന്നവരും ആരുമില്ല. ഇത് പ്രാപഞ്ചിക വ്യവസ്ഥയാണ്. നിഷേധികള്‍ക്കെന്താ, മറിച്ചുവല്ലതും ചെയ്യാനാകുമോ? പരലോകത്തെ പുനരുത്ഥാനമാണല്ലോ നിഷേധികള്‍ക്ക് തീരെ ദഹിക്കാത്തത്. എന്നാല്‍ ഒരിക്കല്‍ മനുഷ്യനെ സൃഷ്ടിച്ച സര്‍വശക്തന് അവനെ പുനഃസൃഷ്ടിക്കുക എന്നത് ഒരു പ്രയാസമുള്ള കാര്യമാണോ? സാമാന്യ ബുദ്ധിക്കു തന്നെ അതിന്റെ സാധ്യതയും സാധുതയും ഉള്‍ക്കൊള്ളാനാകും. പുറമെ ചിന്താശീലര്‍ക്കിത് ഗ്രഹിക്കുവാന്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട് ഭൂമിയുടെ ഉപരിതലത്തില്‍! ഉണങ്ങിവരണ്ട് സസ്യനിശ്യൂന്യമായി കിടക്കുന്ന ഭൂമിയില്‍ അല്ലാഹു നടത്തുന്ന പുനഃസൃഷ്ടി കണ്ണുള്ളവര്‍ക്കൊക്കെ കാണാവുന്നതല്ലേ; ആകാശത്ത് കാര്‍മേഘങ്ങളുടെ സാന്നിധ്യമുണ്ടാകുന്നു; കാറ്റുകള്‍ അവയെ അന്തരീക്ഷത്തില്‍ പലഭാഗത്ത് വിന്യസിക്കുന്നു; താമസിയാതെ മഴ പെയ്യുകയായി. വരണ്ടുണങ്ങിയ ഭൂപ്രദേശങ്ങള്‍ മഴവെള്ളത്തില്‍ കുളിച്ച് നാളുകള്‍ കഴിയുമ്പോഴേക്കതാ ആ പ്രതലങ്ങളാകെ കിളിര്‍ത്തു പച്ചപിടിക്കുന്നു! ആയിരക്കണക്കിന് സസ്യലതാദികള്‍-ഇങ്ങനെ തന്നെയാണ് മനുഷ്യരുടെ പുനരുത്ഥാനവും. സൂക്തം ഒമ്പത് അനാവരണം ചെയ്യുന്നത് ഈ ചിത്രമാണ്. അല്ലാഹുവിന്റെ സവിധത്തിങ്കലല്ലാതെ പ്രതാപവും യശസ്സും അന്വേഷിക്കുന്നവര്‍ ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ പരതുകയാണെന്ന് ഖുര്‍ആന്‍ പലവുരു വ്യക്തമാക്കിയതാണ്. ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുവെങ്കില്‍, അതിന്റെ പ്രഭവസ്ഥാനത്താണ് അന്വേഷിക്കേണ്ടത്-സര്‍വപ്രതാപവും അല്ലാഹുവിന്നത്രേ എന്ന് സൂക്തം പത്ത് പഠിപ്പിക്കുന്നു. മനുഷ്യസൃഷ്ടിയുടെ ചിന്തോദ്ദീപകമായ ഭിന്നഘട്ടങ്ങള്‍ ആരുടെയും ശ്രദ്ധക്ക് വിഷയീഭവിക്കേണ്ടതാണ്; മറുവശത്ത് ബീജാണ്ഡ സങ്കലനത്തിലൂടെ രൂപം പ്രാപിക്കുകയും ഒരേതരം പേശീവ്യൂഹങ്ങളും എല്ലുകളും രക്ത-മാംസങ്ങളുമായി ''സംഘടിപ്പിക്ക''പ്പെടുന്ന മനുഷ്യരില്‍ ചിലര്‍ ഒന്നാം വയസ്സിലും വേറെചിലര്‍ പതിനൊന്നാം വയസ്സിലും മറ്റുചിലര്‍ നൂറ്റിപതിനൊന്നാം വയസ്സിലും മരിക്കുന്നു-എന്താണീ മാറ്റങ്ങള്‍ക്ക് നിദാനം, കാരണം? ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍! പക്ഷേ, മറുപടിയുണ്ട്-സര്‍വജ്ഞനായ റബ്ബിന്റെ നിര്‍ണയമാണ് എല്ലാം. മുന്‍നിശ്ചയമനുസരിച്ചേ എന്തും നടക്കുന്നുള്ളൂ. പക്ഷേ, അല്‍പജ്ഞനായ മനുഷ്യന് അതിന്റെയൊന്നും രഹസ്യമറിയില്ല. തനിക്കും അതെല്ലാം അറിയണമെന്ന വാശി അവന്റെ മൗഢ്യത്തില്‍ നിന്ന് മുളപൊട്ടുന്നതാണ്. വലിയതും ചെറിയതുമായ വസ്തുക്കളത്രയും കര്‍ശനമായ ആസൂത്രിത പദ്ധതികളോടെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനാണ് അല്ലാഹു. എന്നാല്‍ സര്‍വശക്തനായ അവന് എത്രയും അനായാസകരമത്രേ അതെല്ലാം-സൂക്തം 11. രാത്രിയും പകലും വ്യവസ്ഥാപിതമായി മാറിമാറി വരുന്നു. സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ നിശ്ചിത ഭ്രമണപഥങ്ങളിലൂടെയുള്ള പ്രയാണം നിര്‍വിഘ്‌നം തുടരുകയാണ്. ഇതൊക്കെ വൃഥാ സംഭവിക്കുമോ? ലാത്തും ഉസ്സായും മനാത്തും ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്ന മറ്റു ബിംബങ്ങളും എത്ര സെന്റീമീറ്റര്‍ മഴ പെയ്യിക്കുന്നുണ്ട്, എത്ര നക്ഷത്രങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്? അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന ''ദൈവങ്ങള്‍''ക്ക് ഒരു പുല്‍കൊടിയുടെ കഴിവുപോലുമില്ല-സൂക്തം പതിമൂന്നിന്റെ പ്രഖ്യാപനം അതാണ്! ഇനി മഴവര്‍ഷിച്ചുണ്ടാകുന്ന സസ്യങ്ങള്‍ അവലോകനം ചെയ്താലോ? അവ വിവിധ തരത്തിലും സ്വഭാവത്തിലുമാണ് വളരുന്നത്. ഇലകളും ശിഖരങ്ങളും വ്യത്യസ്ത വര്‍ണങ്ങളില്‍. പുഷ്പങ്ങളും മൊട്ടുകളും തളിരുകളും തഥൈവ. ഒരേ വെള്ളം നനച്ചുണ്ടാകുന്ന കായ്കനികള്‍ ഭിന്നരുചികളില്‍ ലഭിക്കുന്നു-പുളി, മധുരം, കയ്പ്, കവര്‍പ്പ്, എരിവ്.... ഒരേ വര്‍ഗം മാവില്‍ നിന്ന് ലഭിക്കുന്ന മാങ്ങകള്‍ തന്നെ പുളിരസത്തില്‍ വ്യത്യസ്തം. പഴവര്‍ഗങ്ങളിലും മറ്റുമെല്ലാം ഈ വൈജാത്യം കാണാം. മനുഷ്യരിലും മൃഗങ്ങളിലും പക്ഷിപറവകളിലും കാണും ഈ വ്യത്യാസം. വെറുതെയങ്ങ് സംഭവിക്കുകയാണോ ഇതൊക്കെ? സൂക്തം 27, 28 ഇത്തരം പ്രാപഞ്ചിക വിസ്മയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധിമാന്മാരെ ആഹ്വാനം ചെയ്യുകയുമാണ്. നേരത്തെ സൂചിപ്പിച്ച പോലെ, അല്ലാഹുവിന്റെ അജയ്യമായ കഴിവുകളിലേക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത ദിവ്യത്വത്തിലേക്കും ശക്തമായി വിരല്‍ചൂണ്ടുന്ന മേല്‍പരാമര്‍ശിച്ച വിധമുള്ള ധാരാളം പ്രതിപാദനങ്ങള്‍ ഈ സൂറയിലുണ്ട്. ''ഹേ, ജനങ്ങളേ, നിങ്ങളെല്ലാം അല്ലാഹുവിന്റെ ആശ്രിതരത്രേ-ഐശ്വര്യനും സ്തുത്യര്‍ഹനും സല്‍ഗുണ സമ്പൂര്‍ണനും അല്ലാഹു മാത്രം'' (സൂക്തം 15) എന്ന് വസ്തുതകള്‍ ആകമാനം ആറ്റിക്കുറുക്കി ഇതില്‍ പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല, ഈ അധൃഷ്യത ചോദ്യംചെയ്യപ്പെടാനാകാത്തതാണെന്ന് ഗ്രഹിക്കുവാന്‍ പര്യാപ്തമായ വാക്കുകളും പ്രയോഗങ്ങളും ഇടതടവില്ലാതെ ചേര്‍ത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു. ചില പ്രയോഗങ്ങള്‍ കാണുക: അല്ലാഹു സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ (സൂക്തം 1), പ്രതാപശാലിയും യുക്തിമാനുമാകുന്നു (സൂക്തം 2), കാര്യങ്ങളെല്ലാം മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാണ് (4), അവര്‍ പ്രവര്‍ത്തിക്കുന്നത് നന്നായി അറിയുന്നവനാണവന്‍ (8).... അവയത്രയും അവന് നിഷ്പ്രയാസകരമാണ് (11), അവനാണ് നിങ്ങളുടെ റബ്ബ്, രാജാധിപത്യവും അവനുതന്നെ (13), അതവന് ഒരു ഭാരിച്ച കൃത്യമൊന്നുമല്ല (17), അവന്റെ അടുത്തേക്കാണ് മടക്കം (18), അവന്‍ പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമാകുന്നു (28), സൃഷ്ടികളുടെ കാര്യങ്ങള്‍ കാണുന്നവനും സൂക്ഷ്മജ്ഞനും തന്നെയാണ് അവന്‍ (31), പ്രപഞ്ച രഹസ്യങ്ങളും മനുഷ്യ മനസ്സിലുള്ളതും അറിയുന്നവന്‍ (38), പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവനെ തോല്‍പിക്കാന്‍ കഴിയില്ല (44)-ഇത്യാദി പ്രയോഗങ്ങളും അതിലൂടെയുള്ള വിശ്വാസ സിദ്ധാന്തങ്ങളുടെ അനാവരണവും ഈ അധ്യായത്തിന് സവിശേഷമായൊരു മുഖമുദ്ര തന്നെ സമ്മാനിച്ചിരിക്കുകയാണ്. സ്രഷ്ടാവ് അഥവാ ''ഫാഥിര്‍'' എന്ന നാമകരണത്തോട് തികച്ചും ഔചിത്യം പുലര്‍ത്തുന്ന ഉള്ളടക്കം.
No comments:
Post a Comment
Note: only a member of this blog may post a comment.