ഇസ്‌ലാമിന്റെ ആധാരശിലകളായ തൗഹീദ്, പ്രവാചകത്വം, പുനര്‍ജീവിതം, പാരത്രിക പ്രതിഫലം, തുടങ്ങിയ സിദ്ധാന്തങ്ങള്‍ ഈ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മക്കീ സൂറകളുടെ പൊതുസ്വഭാവമാണതെന്ന് മുമ്പ് നാം മനസ്സിലാക്കിയിരുന്നുവല്ലോ. ഇമാം ഫൈറൂസാബാദി എഴുതുന്നു: ഈ സൂറത്ത് മക്കയില്‍ അവതരിച്ചതാണെന്നത് ഏകകണ്ഠമാണ്. നൂറ്റി ഇരുപത്തിമൂന്നാണ് ഇതിലെ സൂക്തങ്ങള്‍. പദങ്ങളുടെ എണ്ണം ആയിരത്തിത്തൊള്ളായിരത്തി പതിനൊന്നും അക്ഷരങ്ങളുടേത് ഏഴായിരത്തി പതിനൊന്നും ആകുന്നു. ഖസ്വദ്ത്തു ലിനള്മി ഥബര്‍സദ് എന്ന സമുച്ചയത്തിലെ പതിമൂന്നിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങള്‍ സമാപിക്കുന്നത്. ഹൂദ് നബി(അ)യുടെ ചരിത്രം വിവരിച്ചിരിക്കുന്നതുകൊണ്ടാണ് സൂറയ്ക്ക് ''ഹൂദ്'' എന്ന് നാമകരണം ചെയ്യപ്പെട്ടത്. (ബസ്വാഇര്‍ 1:246) സുപ്രധാനമായ പല കാര്യങ്ങളിലേക്കും ഈ അധ്യായത്തിലെ സൂക്തങ്ങള്‍ കടന്നുചെല്ലുന്നുണ്ട്. വിശുദ്ധഖുര്‍ആന്റെ യഥാര്‍ഥ നിലപാടിലേക്കും അതിന്റെ അജയ്യതയിലേക്കും വിരല്‍ ചൂണ്ടിക്കൊണ്ടാണ് ആരംഭം. സൃഷ്ടികളുടെ ഉള്ളും പുറവുമൊക്കെ ഒരു പോലെ അറിയുന്നവനാണ് സര്‍വശക്തനെന്നും സമസ്ത ജീവജാലങ്ങളുടെയും സംരക്ഷണം അവന്റെ ബാധ്യതയാണെന്നും വ്യക്തമാക്കുന്നു. അവര്‍ശിന്റെ സൃഷ്ടിപ്പ്, സത്യനിഷേധികളുടെ ഭിന്നസ്ഥിതികള്‍, നബി(സ) ഖുര്‍ആനു തുല്യമായ സാഹിത്യസൃഷ്ടി കൊണ്ടുവരാന്‍ ലോകത്തെ വെല്ലുവിളിച്ചത്, ഭൗതികതയുടെ അടിമകളെ ആക്ഷേപിക്കല്‍, സത്യവും അസത്യവും തമ്മിലുള്ള അകല്‍ച്ച, നമസ്‌കാരം നിലനിറുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങി പല കാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ കുറേ പ്രവാചകന്‍മാരുടെ ചരിത്രങ്ങളും അവര്‍ സഹിച്ച ത്യാഗങ്ങളും വിവരിച്ചിരിക്കുന്നതായി കാണാം. ഈ സൂറത്തിനു ഇതിന്റെ മുമ്പുകഴിഞ്ഞ സൂറത്തുയൂനുസുമായി വലിയ ബന്ധമുണ്ട്. സത്യം ചെവികൊടുത്തു കേള്‍ക്കാതെയും സത്യാസത്യങ്ങള്‍ വിഭജിച്ചു മനസ്സിലാക്കുന്നതിന് അല്ലാഹു നല്‍കിയ മാര്‍ഗങ്ങള്‍ വിനിയോഗിക്കാതെയും നടന്ന ജനവിഭാഗങ്ങളെ കഴിഞ്ഞ സൂറത്തില്‍ സൗമ്യമായി ഉപദേശിച്ചു. അല്ലാഹു മനുഷ്യര്‍ക്ക് ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹങ്ങള്‍ അവരെ ഓര്‍മപ്പെടുത്തി. പ്രവാചകന്‍മാരെ നിയോഗിക്കുന്നത് ഏറ്റവും വലിയ ഒരനുഗ്രഹമാണെന്നും അതിനെ ധിക്കരിക്കുന്നത് വമ്പിച്ച നഷ്ടമാണെന്നും അവരെ ഗ്രഹിപ്പിച്ചു. അക്കാര്യം അവരെ ബോധ്യപ്പെടുത്താനായി പൂര്‍വ സമുദായങ്ങളുടെ ചരിത്രങ്ങള്‍ പലതും ഈ സൂറയില്‍ എടുത്തുകാട്ടുന്നുണ്ട്. അത്തരം ചരിത്രമെല്ലാം ഈ സുറയില്‍ എടുത്തുവെച്ചതിന്റെ ഉദ്ദേശ്യം 120-ാം വാക്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മക്കയിലാണ് സൂറയുടെ അവതരണമെന്ന് പറഞ്ഞുവല്ലോ. അവിടത്തെ ജീവിതത്തിന് കാലപ്പഴക്കം ചെല്ലുന്തോറും നബി(സ)യോട് ഖുറൈശിനുള്ള ശാത്രവും സ്പര്‍ധയും കൂടിക്കൂടി വരികയായിരുന്നു. സഹധര്‍മിണി ഖദീജാ ബീവിയുടെ ധനശേഷിയും പിതൃവ്യന്‍ അബൂത്വാലിബിന്റെ സാമൂഹിക പ്രൗഢിയും മാത്രമായിരുന്നു നബി(സ)ക്ക് ആശ്രയം. അബൂത്വാലിബ് തന്റെ സഹോദര പുത്രന്റെ മുന്നില്‍ പാറപോലെ ഉറച്ചുനിന്നു. നബിയുടെ സത്യമതം സ്വീകരിച്ചില്ലെങ്കിലും എല്ലാ വിധ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. അപ്രതിരോധ്യരായി വന്ന ഖുറൈശ് പ്രമാണിമാരെ അദ്ദേഹം ചങ്കൂറ്റത്തോടെ തടുത്തുനിര്‍ത്തി. ഖുറൈശ് എന്തൊക്കെ പ്രകോപനങ്ങളുയര്‍ത്തിവിട്ടാലും പ്രലോഭനങ്ങള്‍ കാണിച്ചാലും നീ പരിഗണിക്കാതെ സ്വന്തം മാര്‍ഗത്തിലൂടെ മുന്നോട്ടു നീങ്ങുക എന്നു പറഞ്ഞ് അദ്ദേഹം നബി(സ)ക്ക് ധൈര്യം പകര്‍ന്നു. കൂട്ടുകുടുംബങ്ങളൊക്കെ തന്റെ മുന്നില്‍ മതില്‍കെട്ടുകളുയര്‍ത്താനും മാര്‍ഗതടസ്സം സൃഷ്ടിക്കാനും പ്രതിജ്ഞചെയ്ത് ഇറങ്ങിയ നാളുകളില്‍ പിതൃവ്യന്റെ ഈ തണല്‍ വിലമതിക്കാത്തതായിരുന്നു. അന്ന് നബിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അബുഥാലിബ് പാടി: (മകനേ, അല്ലാഹു തന്നെ സത്യം, ഇവര്‍ എല്ലാം കൂടി സംഘടിച്ചുവന്നാലും എന്റ തല മണ്ണില്‍ വെക്കുന്നതു വരെ ഇവര്‍ നിന്നെ സ്പര്‍ശിക്കയേ ഇല്ല. അതിനാല്‍ ആഹ്ലാദഭരിതനായി, സന്തുഷ്ടനായി നിന്റെ മതം നീ പ്രബോധനം ചെയ്തുകൊള്ളുക; നിനക്ക് യാതൊരു വിധ നിന്ദ്യതയുമുണ്ടാകില്ല. നിന്റെ മതത്തിലേക്ക് എന്നെ നീ ക്ഷണിച്ചുവെന്നത് ശരി, നീ എന്റെ ഗുണകാംക്ഷിയാണെന്നെനിക്കറിയാം. സത്യസന്ധമായ പ്രവര്‍ത്തി തന്നെയാണ് നീ ചെയ്തത്; അതിനാല്‍ നീ വിശ്വസ്തനാവുകയും ചെയ്തിരിക്കുന്നു. ലോകത്ത് എല്ലാ മതങ്ങളിലും വെച്ച് ഉത്തമമായതാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്ന മതമാണ് എന്റെ മുമ്പില്‍ നീ സമര്‍പ്പിച്ചത്. എന്നാല്‍, ജനങ്ങള്‍ അധിക്ഷേപിക്കുകയും ചീത്തപറയുമെന്ന ഭയവുമില്ലായിരുന്നിങ്കില്‍ ഈ മതം സ്പഷ്ടമായി പിന്‍പറ്റുന്നത് നിനക്ക് കാണാമായിരുന്നു...!) ഇതായിരുന്നു അബൂഥാലിബിന്റെ അവസ്ഥ. ഖദീജാ ബീവിയും നബിയുടെ ജീവിതത്തിന് അങ്ങേയറ്റം താങ്ങും തണലുമായിരുന്നു. ആദ്യം വഹ്‌യ് ലഭിച്ച ഉടനെ നബി(സ) പരിഭ്രാന്തി പൂണ്ട് തിരിച്ചുവന്നതും ആ മഹതി അവിടത്തേക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ആശ്വാസമേകിയതും ഇമാം ബുഖാരിയും മറ്റും ഉദ്ധരിച്ച സുപ്രസിദ്ധ ഹദീസുകളിലുണ്ടല്ലോ. ചുരുക്കത്തില്‍, നബി(സ)ക്ക് ഈ രണ്ട് അവലംബങ്ങളും ഏറെക്കുറെ ഒറ്റയടിക്ക് നഷ്ടപ്പെട്ടുപോയി. ക്രിസ്താബ്ദം 620 ല്‍ അബൂഥാലിബ് മരണപ്പെട്ടു. അധികം താമസിയാതെ പ്രിയപ്രേയസി ഖദീജാബീവിയും വഫാത്തായി. ഈ രണ്ടു മരണങ്ങള്‍ക്കുമിടയില്‍ മൂന്നു ദിവസത്തെ വിടവേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. (മുഹമ്മദുര്‍റസൂലുല്ലാഹ് 112.) തിരുനബി(സ)യുടെ ശിഷ്ട ജീവിതത്തിലുടനീളം ശോകച്ഛെവി പരത്തിയ ഈ വിയോഗങ്ങള്‍ നടന്ന വര്‍ഷം സന്താപവല്‍സരം ( ) എന്ന പേരിലാണറിയപ്പെടുന്നത്. ഇതോടെ ഖുറൈശിന്റെ മട്ടുമാറി. അവര്‍ മൃഗീയവും പൈശാചികവുമായ പീഢന മര്‍ദന മുറകള്‍ അഴിച്ചുവിടാന്‍ തുടങ്ങിയത് ഇവിടം മുതലായിരുന്നു. ദൂഃഖം തളംകെട്ടി നിന്ന ഈ പശ്ചാത്തലത്തിലാണ് ഈ സൂറയുടെയും അവതരണം. അത്യുന്നത കുടുംബത്തില്‍ ജനിച്ച്, നാല്‍പതു വയസ്സുവരെ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ സമാര്‍ജിച്ച്, സത്യത്തിന്റെ പാത ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ വന്ന താന്‍ ഇത്രമാത്രം മൃഗീയ പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്നതില്‍ നബി(സ)ക്ക് അസ്വസ്ഥത അനുഭവപ്പെടാമല്ലോ. ഈ സാഹചര്യത്തിലാണ് മുന്‍കഴിഞ്ഞ പ്രവാചക ശ്രേഷ്ടരുടെ ചരിത്രം ഈ സുറയില്‍ വിവരിക്കുന്നത്. ആദ്യം വരുന്നത് നൂഹ് നബി(അ)യുടെ ചരിത്രമാണ്, ഏറ്റമധികം കാലം ജീവിച്ച പ്രവാചക വര്യന്‍. മനുഷ്യരാശിയുടെ രണ്ടാം പിതാവാണദ്ധേഹം. കാരണം, ഥൂഫാന്‍(ജലപ്രളയം) കഴിഞ്ഞപ്പോള്‍ നൂഹ് നബിയുടെ പിന്നിലുള്ളവര്‍ മാത്രമേ ഈ ലോകത്തുണ്ടായിരുന്നുള്ളു. ഏറ്റവുമധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച പ്രവാചകനും നൂഹ് നബി തന്നെ. തുടര്‍ന്ന് ഹുദ് നബി(അ)യുടെ ചരിത്രം വരുന്നു. ആദ് സമുദായത്തിന്റെ മാര്‍ഗദര്‍ശിയും നേതാവും. അത്യന്തം ശക്തനും വീരപരാക്രമികളുമായിരുന്ന അവര്‍ അല്ലാഹുവിനെയും നബി(സ)യെയും ധിക്കരിച്ചു. ഫലമോ? കാറ്റുകൊണ്ട് അവര്‍ ഉച്ഛാടനം ചെയ്യപ്പെടുകയായിരുന്നു! തുടര്‍ന്ന് സ്വാലിഹ് നബി, ലൂഥ് നബി, ശുഐബ് നബി, ഹാറൂന്‍ നബി(അ) എന്നീ മഹാന്‍മാരുടെ ചരിത്രങ്ങള്‍ വരുന്നു. അവര്‍ സത്യത്തിന്റ മാര്‍ഗത്തില്‍ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ അനാവരണം ചെയ്തിട്ടുണ്ട്. ഈ മഹാ പുരുഷന്‍മാര്‍ക്കൊക്കെയും താങ്കളുടേതു പോലുള്ള തന്നെയാണഭിമുഖീകരിക്കേണ്ടി വന്നതെന്നും അതുകൊണ്ട് ഈ അക്രമണങ്ങളിലും മര്‍ദനപീഢനങ്ങളിലുമൊന്നും പരിഭവിക്കേണ്ടതില്ലെന്നും പറഞ്ഞ് തിരുനബി(സ)യെ സമാശ്വസിപ്പിക്കുകയാണ്. ആ ഉദ്ധരണികള്‍ക്ക് അല്ലാഹു സമാപനം കുറിക്കുന്നതിങ്ങനെയത്രെ: പൂര്‍വികരായ പ്രവാചക ശ്രേഷ്ടന്‍മാരുടെ ചരിത്രത്തില്‍ നിന്ന് താങ്കളുടെ ഹൃദയത്തിന് സ്ഥൈര്യം പകരുന്ന കാര്യങ്ങള്‍ നാം വിവരിച്ചുതരികയാണ്. ഇതില്‍ താങ്കള്‍ക്ക് സത്യവും വിശ്വാസികള്‍ക്ക് സദുപദേശവും ലഭിച്ചിരിക്കുന്നു. (സൂക്തം 120) സത്യത്തിന്റെയും അസത്യത്തിന്റെയും സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും ശരിയായ ഒരു താരതമ്യ വിശകലനവും ഇതില്‍ വരുന്നുണ്ട്. സത്യത്തിന്റെ വാക്താക്കള്‍ കാഴ്ചയുള്ളവരാണെങ്കില്‍ അസത്യത്തിന്റെ ആളുകള്‍ അന്ധരാണ്. കേള്‍വിയുള്ളവരോടാണ് സന്മാര്‍ഗനിഷ്ഠരെ ഉപമിക്കാവുന്നതെങ്കില്‍ ബധിരരോടാണ് ദുര്‍മാര്‍ഗികളെ ഉപമിക്കാവുന്നത്. വിശ്വാസികള്‍ സത്യം കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്നുവെങ്കില്‍ നിഷേധികള്‍ അന്ധരും ബധിരരുമായിക്കഴിയും-ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനെയും ബധിരനെയും കാഴ്ചയുള്ളവനെയും കേള്‍വിയുള്ളവനെയും പോലെയാകുന്നു; ഈ രണ്ടു വിഭാഗവും തുല്യമാകുമോ? (സൂക്തം 24)
No comments:
Post a Comment
Note: only a member of this blog may post a comment.