അശ്ശുഅറാഅ് എന്നാണീ സൂറയുടെ നാമധേയം. ''ശാഇര്‍'' എന്നതിന്റെ ബഹുവചനമാണ് ശുഅറാഅ്. കവികള്‍ എന്നര്‍ത്ഥം. ഈ അധ്യായത്തിലെ 224-ാം സൂക്തത്തില്‍ കവികളെ കുറിച്ച പരാമര്‍ശമുണ്ട്. അതാണ് നാമകരണത്തിന് നിദാനം. മക്കയില്‍ അവതരിപ്പിച്ചതാണിത്. അതുകൊണ്ട് മക്കീസൂറകളുടെ പൊതുലക്ഷണങ്ങള്‍ ഇതിലും കാണാം-തൗഹീദ്, രിസാലത്ത്, പുനരുത്ഥാനം, പാത്രിക ലോകം തുടങ്ങിയവയൊക്കെയുണ്ട്. മുമ്പ് കഴിഞ്ഞ അല്‍ഫുര്‍ഖാനും ഇതും തമ്മില്‍ ചില ബന്ധങ്ങളുള്ളതായി കാണാം. അതില്‍ ഹ്രസ്വമായി പരാമര്‍ശിക്കപ്പെട്ട പലതും ഇവിടെ വിസ്തരിക്കുന്നുണ്ട്. അവിടെ പ്രാരംഭം ഖുര്‍ആന്‍ സംബന്ധിച്ച പരാമര്‍ശത്തേടെയായിരുന്നെങ്കില്‍ ഇവിടെയും അങ്ങനെ തന്നെയാണ് തുടക്കം. അല്‍ഫുര്‍ഖാന്‍ സമാപിച്ചത് നിഷേധികള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടായിരുന്നു-നിശ്ചയം നിങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്; അതുകൊണ്ട് ശിക്ഷ നിങ്ങളെ പിടികൂടുക തന്നെ ചെയ്യും (സൂക്തം 77). അശ്ശുഅറാഇന്റെ ഉപസംഹാരവും ഇതേരീതിയില്‍ തന്നെ-അക്രമകാരികളായ ആളുകള്‍ വഴിയെ മനസ്സിലാക്കും, ഏതുനിലക്കുള്ള മടക്കമായിരിക്കും തങ്ങളുടേതെന്ന്! (സൂക്തം 227). സൃഷ്ടികള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കാനാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യകത്തിന്റെ ഏതേതു രോഗങ്ങള്‍ക്കുമുള്ള ഔഷധമാണത്. എന്തെന്തു പ്രതിസന്ധികളും ഖുര്‍ആന്‍ കുരുക്കഴിക്കും. ഈ മഹോന്നത പദവിയുള്ളതുകൊണ്ട് പവിത്ര ഗ്രന്ഥത്തെ പരാമര്‍ശിച്ചുകൊണ്ടാണ് സൂറയാരംഭിക്കുന്നത്. സ്പഷ്ടമായ ഗ്രന്ഥത്തില്‍ നിന്നുള്ള സൂക്തങ്ങളാണ് ഇവ എന്ന ആ ഒറ്റ സൂക്തം എത്രമേല്‍ ഘനഗംഭീരമായിരിക്കുന്നു! എന്താണിതിന്റെ സ്പഷ്ടത? സര്‍വത്ര സ്പഷ്ടത തന്നെ. ഭാഷയില്‍, ശൈലിയില്‍, അവതരണത്തില്‍, പാരായണത്തില്‍, ക്രോഡീകരണത്തില്‍, ആശയസമ്പുഷ്ടതയില്‍, ദീര്‍ഘ ദര്‍ശനങ്ങളില്‍, അക്ഷരങ്ങളുടെയും വാക്യങ്ങളുടെയും ഘടനയില്‍, നാനാവിധമായ വശ്യതയില്‍.... എലലാമെല്ലാം. ഇത്യാദി കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുമാത്രം വിലയിരുത്താന്‍ കഴിയുന്ന ഒരു മനുഷ്യന് ഈ ഖുര്‍ആന്‍ നിഷേധിക്കുക തീര്‍ത്തും അസാധ്യമായിരിക്കും. അവിശ്വാസികളുടെ നിഷേധാത്മകവും മാന്യത തൊട്ടുതീണ്ടാത്തതുമായ നിലപാടിലേക്കും പ്രതിപാദനം നീണ്ടുപോകുന്നുണ്ട്. ഈ ഖുര്‍ആനെ അവര്‍ നിഷേധിച്ചുകളയുന്നതിന് വല്ല നീതീകരണവും ന്യായീകരണവും ഉണ്ടോ? മധ്യാഹ്ന സൂര്യനെപ്പോലെ കത്തിജ്വലിച്ചിട്ടും ഇതിനെതിരെ അന്ധത നടിക്കുകയാണവര്‍. അധൃഷ്യവും ജയിച്ചടക്കാനാകാത്തതുമായ ഖുര്‍ആന്‍ വന്നുകിട്ടിയപ്പോള്‍ ''വേറെ എന്തെങ്കിലും ദൃഷ്ടാന്തം വേണം'' എന്നാണവര്‍ ജല്‍പിക്കുന്നത്! വേണമെങ്കില്‍ അവരെ നിര്‍ബന്ധിച്ച് വിധേയരാക്കുന്ന ദൃഷ്ടാന്തം നാമിറക്കിയേനെ; അപ്പോഴവര്‍ അതിനുമുമ്പില്‍ ഗത്യന്തരമില്ലാതെ തലകുനിക്കും. പക്ഷെ, അതുവേണ്ട എന്നാണ് അല്ലാഹു പറയുന്നത്. ഈ നിഷേധത്തിന് കടുത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുമെന്നും സ്പഷ്ടമാക്കുന്നുണ്ട്-സൂക്തം 6, 227. സൂറയുടെ മുഖ്യമായൊരു ഭാഗം പ്രവാചക പ്രവരന്മാരുടെ ചരിത്ര കഥനത്തിനായി നീക്കിവെച്ചിട്ടുണ്ട്. നൂറ്റിഎണ്‍പതോളം ആയത്തുകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതില്‍ തന്നെ അറുപതോളം സൂക്തങ്ങളില്‍ മൂസാനബി(അ)ന്റെ ചരിത്രമാണ് വിവരിക്കുന്നത്. ധിക്കാരിയായ ഫറോവയുമായുള്ള മൂസാനബി(അ)ന്റെ സംവാദങ്ങളും സംഭവ പരമ്പരകളും ഖുര്‍ആനില്‍ പലേടത്തും വിവരിക്കുന്നുണ്ടല്ലോ. അസത്യത്തിന്റെ നട്ടെല്ലൊടിച്ച് ഭസ്മീകരിച്ച അധൃഷ്യദൃഷ്ടാന്തം നല്‍കിയനുഗ്രഹിച്ച സംഭവം ഇവിടെ പ്രതിപാദിക്കുന്നുണ്ട്. പിന്നീട് മുസ്‌ലികളുടെ ആത്മിക പിതാവായ ഇബ്‌റാഹീം നബി(അ)ന്റെ ചരിത്രവും കാണാം. ആ മഹാനായ നേതാവിന്റെ അചഞ്ചലമായ നിലപാട്, പിതാവുമായും സ്വജനതയുമായുമുണ്ടായ സംവാദം, ചിന്തോദ്ദീപകമായ പ്രബോധനം തുടങ്ങിയവയൊക്കെ അവിടെ വരുന്നു. ശൈഖുല്‍അമ്പിയാ നൂഹ്‌നബി(അ), ഹുദ്, സ്വാലിഹ്, ലൂഥ്, ശുഐബ്(അ) എന്നീ പ്രവാചകന്മാരും ഈ സൂറയിലൂടെ പാരായകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ സമൂഹങ്ങളുമായി അവര്‍ കൈക്കൊണ്ട വിവിധ നിലപാടുകളും വ്യത്യസ്ത രംഗങ്ങളും ചിന്തോദ്ദീപകമായ പ്രബോധന പാഠങ്ങളും അതതു സ്ഥലങ്ങളില്‍ വരുന്നുണ്ട്. തുടര്‍ന്ന് 192-ാം സൂക്തം മുതല്‍ ഖുര്‍ആനിന്റെ മഹത്വവും അപ്രമാദിത്വവും സ്വീകാര്യതയും വിളംബരം ചെയ്യുന്ന പുണ്യസൂക്തങ്ങളുടെ വരവായി. ഖുര്‍ആന്‍ മുഹമ്മദിന് പിശാച് ഓതിക്കൊടുക്കുന്ന വേദാന്തമാണ് എന്ന ബുദ്ധിശൂന്യമായ ജല്‍പനത്തിനുള്ള മറുപടിയും അവിടെ കാണാം. അങ്ങനെ ഖുര്‍ആനെ കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങി അങ്ങനെ തന്നെ അവസാനിക്കുന്നു-വശ്യമായ അവതരണ ശൈലിതന്നെ! പുരാതന അറേബ്യന്‍ സമൂഹത്തില്‍ കവികള്‍ക്ക് പവിത്രമായ സ്ഥാനമാണുണ്ടായിരുന്നത്. ഗോത്രത്തിന്റെയും സമൂഹത്തിന്റെയും മാനം കാത്തിരുന്നതും അവരെ സ്തുതികീര്‍ത്തനങ്ങളിലൂടെയും അപദാന പ്രകീര്‍ത്തനങ്ങളിലൂടെയും ഉയര്‍ത്തിക്കാണിച്ചിരുന്നതും കവികളായിരുന്നു. തിരുനബി (സ്വ) ഖുര്‍ആനുമായി വന്നപ്പോള്‍, ഈ സാമൂഹികാവസ്ഥയുടെ വെളിച്ചത്തില്‍ അവര്‍ നബിയെ കവിയും ഖുര്‍ആനെ കവിതയുമാക്കി. എന്നാല്‍ കവികളും നബിയും അജഗജാന്തരമുള്ളവരാണെന്ന് ഉണര്‍ത്തി അവരുടെ മിഥ്യാധാരണ തിരുത്തുകയാണ് ഖുര്‍ആന്‍-കവികളെ പിന്‍പറ്റുക ദുര്‍മാര്‍ഗികളായിരക്കും.... (224-226). എന്നാല്‍ നബിയെ അനുധാവനം ചെയ്യുന്നതോ? ദുര്‍മാര്‍ഗത്തില്‍ നിന്ന് നിശ്ശേഷം അകന്നുനില്‍ക്കുന്നവരാണ് നബിയുടെ അനുയായികള്‍. ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ അന്തരമാണവക്കിടയിലെന്നര്‍ത്ഥം. എന്നാല്‍ തിരുനബി (സ്വ)ക്കും കവികളുണ്ടായിരുന്നു. സൃഷ്ടിപരവും നിര്‍മാണാത്മകവും സാംസ്‌കാരിക നിബന്ധിതവുമായ കവിതകളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അതുവഴി കുറ്റമല്ലാത്ത, ആക്ഷേപാര്‍ഹമല്ലാത്ത കവിത എതെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ഹസ്സാനുബ്‌നുസാബിത്, കഅ്ബുബ്‌നുമാലിക്, അബ്ദുല്ലാഹിബ്‌നുറവാഹ(റ) തുടങ്ങിയവരൊക്കെ തിരുനബി (സ്വ)യുടെയും ഇസ്‌ലാമിന്റെയും കവികളായിരുന്നു. ''അല്ലാഹുവേ, ഹസ്സാനെ ജിബ്‌രീലിനെ കൊണ്ട് നീ സഹായിക്കേണമേ'' എന്ന് വരെ തിരുനബി (സ്വ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ രണ്ടു വിഭാഗമായി പിരിഞ്ഞിരുന്നു. ഓരോ വിഭാഗത്തിനും ഓരോ കവിയായിരുന്നു നോതാവ്. ഇവര്‍ പസ്പരം ആക്ഷേപാധിക്ഷേപ നിര്‍ഭരമായ കവിതകളാലപിച്ചു. ആ രണ്ടു നേതാക്കളെ കുറിച്ചാണ് മുകളില്‍ പറഞ്ഞ സൂക്തങ്ങള്‍ അവതരിച്ചതെന്ന് മഹാന്മാര്‍ പ്രസ്താവിച്ചതായി കാണാം (മഹാസിനുത്തഅ്‌വീല്‍ 4604).
No comments:
Post a Comment
Note: only a member of this blog may post a comment.