ഈ അധ്യായം മക്കീ വിഭാഗത്തില്‍ പെട്ടതാണ്. നബി(സ്വ) യുടെ ജനത കുഫ്‌റിലും ശിര്‍ക്കിലും മര്‍ക്കടമുഷ്ടിയോടെ അടിയുറച്ചുനിന്ന കാലമായിരുന്നല്ലോ ഹിജ്‌റയുടെ മുമ്പുള്ളത്. അതുകൊണ്ട് മക്കീ സൂറകളില്‍ പൊതുവെ തൗഹീദിന്റെ ആധാരശിലകളുറപ്പിക്കുകയും ശിര്‍ക്കിനെ തൂത്തുവാരുകയും ചെയ്യും വിധമുള്ള വിവരണങ്ങളാണ് സ്ഥലം പിടിച്ചിട്ടുള്ളത്. മരണാനന്തര ജീവിതം, രിസാലത്ത് എന്നീ വിഷയങ്ങളും അവയില്‍ കാണാം. മതത്തിന്റെ മൂല പ്രമാണങ്ങള്‍ തന്നെയാണല്ലോ അവ. ഇക്കാര്യം മുമ്പ് നാം വിവരിച്ചിട്ടുണ്ട്. ഈ മക്കീ സൂറയില്‍ മൂറ്റി ഒമ്പത് സൂക്തങ്ങളാണുള്ളത് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് പദങ്ങളും ഏഴായിരത്തി അറുപത്തഞ്ച് അക്ഷരങ്ങളുമുണ്ട്. ലാം, മീം, നൂന്‍ എന്നിവയിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ പര്യവസാനം. എന്നാല്‍, ''ലാമി''ല്‍ അവസാനിക്കുന്ന ഒരൊറ്റ ആയത്തേയുള്ളൂ. 57-ആമത്തേത്. ''മീം'' അന്ത്യാക്ഷരമായി വരുമ്പോഴൊക്കെ അതിന്റെ തൊട്ടുമുമ്പ് ''യാ'' ആണ് വരുന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. (ബസ്വാഇര്‍- ഫൈറുസാബാദി 1: 238) സൂറത്തു യൂനുസ് എന്നാണ് ഇതന്റെ പേര്. ഖുര്‍ആനില്‍ പറയപ്പെട്ട ഇരുപത്തഞ്ച് മുര്‍സലുകളില്‍ ഒരാളാണ് ഹസ്രത്ത് യൂനുസ് (അ). ആ മഹാനുഭാവനെപ്പറ്റിയും തന്റെ ജനത ദൈവിക ശിക്ഷയുടെ പ്രകടമായ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ പശ്ചാത്തപിച്ചു മടങ്ങിയതും ഇതില്‍ വിവരിക്കുന്നുണ്ട്. അതാണ് നാമകരണത്തിന്റെ ന്യായീകരണം. പ്രവാചകപ്രഭുവിനെയും പ്രവാചകത്വത്തെയും സംബന്ധിച്ചാണ് ആദ്യത്തില്‍ പ്രത്പാദിക്കുന്നത്. ഈ പ്രവാചക നിയോഗമെന്നത് അല്ലാഹുവിന്റെ പണ്ടുമുതലേയുള്ള നപടിയാണെന്നും വിവരിക്കുന്നുണ്ട്. ഒരൊറ്റ സമുദായത്തിലേക്കും താക്കീതുകാരനെ അയക്കാതിരുന്നിട്ടില്ല. ആ നിലക്ക് നോക്കുമ്പോള്‍ മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വലബ്ധിയില്‍ മക്കയിലെ മുശ്‌രിക്കുകള്‍ അത്ഭുതം കൂറേണ്ട കാര്യമേതുമുണ്ടായിരുന്നില്ല. സൂറയുടെ രണ്ടാം സൂക്തത്തില്‍ ചോദിക്കുന്നത് അതാണ് -തങ്ങളില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്ക് നാം പ്രവാചകത്വം നല്‍കുകയും ദിവ്യസന്ദേശങ്ങളവതരിപ്പിക്കുകയും ചെയ്യുന്നതില്‍ മക്കയിലെ ജനങ്ങള്‍ ഇത്ര അത്ഭുതം പ്രകടിപ്പിക്കാന് എന്തിരിക്കുന്നുവെന്നാണിതിലെ ചോദ്യം. അതി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു നബിയുടെ ആഗമനം സംബന്ധിച്ച് അവരില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് കാണാം. എന്നാല്‍, അത് അബ്ദുല്‍ മുഥലിബിന്റെ പുത്രന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് (സ്വ) ആയതിലാണവര്‍ക്ക് അസഹ്യതയുണ്ടായിരുന്നത്. പ്രവാചകത്വലബ്ധിവരെ വിശ്വസ്തനും സച്ചരിതനും സദാചാരശീലനും ജനങ്ങളുടെ അംഗീകാരം പിടിച്ചു പറ്റിയ വ്യക്തിയുമൊക്കെയായിരുന്നു നബി (സ്വ) എങ്കിലും, അന്ന് നേതൃമാന്യന്മാരായിരുന്ന ചില ''വലിയവരു''ണ്ടായിരുന്നു. അവര്‍ക്കെങ്ങനെ ഇത് സഹിക്കും? അവര്‍ ചേദിച്ചു: ''ഈ ഖുര്‍ആന്‍ മക്കയിലോ ഥാഇഫിലോ ഉള്ള നേതാവായ ഒരു മനുഷ്യന് എന്തുകൊണ്ട് അവതരിക്കപ്പെട്ടില്ല?'' (സുഖ്‌റുഫ് 31) പ്രവാചകത്വം സംബന്ധിച്ച ഈ പരാമര്‍ശത്തിനു ശേഷം ആര് ഈ പ്രവാചകനെ -മറ്റു പ്രവാചക സഹസ്രങ്ങളെയും- അയച്ചുവോ അവനെ സംബന്ധിച്ച്, സര്‍വശക്തനും സര്‍വജ്ഞാനിയുമായ ആ മഹച്ഛക്തിയെക്കുറിച്ച് സംസാരിക്കുകയാണ് -നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, ഇങ്ങനെ പ്രവാചകന്മാരെ അയച്ച അല്ലാഹു, മനുഷ്യന്‍ തന്റെ ദീന്‍ അനുധാവനം ചെയ്യണമെന്ന് കല്‍പിച്ച അല്ലാഹു ആരാണെന്നറിയാമോ? പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണവന്‍. ആ സൃഷ്ടി നടന്നതുതന്നെ ആറു ദിവസങ്ങള്‍ക്കകം. അവങ്കലേക്കാണ് നിങ്ങളുടെ യാത്ര. സൂര്യചന്ദ്രന്മാരെയും വാനഭുവനങ്ങളെയും നിശ്ശൂന്യാന്തരീക്ഷത്തില്‍ പറന്നുകിടക്കുന്ന ഗാലക്‌സികെയും മറ്റുമൊക്കെ സൃഷ്ടിച്ചത് അവന്‍ തന്നെ. അവന്റെ ശക്തിയെയും നിയമവ്യവസ്ഥകളെയും മറികടക്കാന്‍ ഇവിടെ ആരുണ്ട്? അതിനാല്‍ ആ രാജാദിരാജനുമായി ആഹ്ലാദമോദാനന്ദ സംതൃപ്തിയോടെ കാണണം. അത് നിഷേധിക്കുന്നവന്‍ മഹാ നിര്‍ഭാഗ്യവാനും അങ്ങേയറ്റത്തെ പരാജിതനുമത്രേ- അവന്റെ സങ്കേതം നരകമാണ്. ഖുര്‍ആനില്‍ ഉന്നീതമായ പല വെല്ലുവിളികളുമുണ്ട്. അവയില്‍ സുപ്രധാനമത്രേ അതിന് സദൃശമായ ഒരു ഗ്രന്ഥനിര്‍മിതി. ഖുര്‍ആന്‍ മനുഷ്യനിര്‍മിത ഗ്രന്ഥമാണെന്ന പഴകിപ്പുറിച്ച വാദഗതി ഇന്നും തല്‍പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ട് നടക്കുന്നുണ്ട്. ഖുര്‍ആന്‍ ചൂടോടെ അവതരിച്ചുകൊണ്ടിരുന്ന കാലത്താണിതിന്റെ തുടക്കം. ഓരോ പ്രവാചകനും അല്ലാഹു മുഅ്ജിസത്തുകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. തങ്ങളുടെ കാലത്തെ ജനങ്ങളുടെ ശ്രദ്ധ ഏറ്റവും സജീവവും ശ്രദ്ധേയവുമായ നിലയില്‍ തട്ടിയുണര്‍ത്താന്‍ പര്യാപ്തമായിരുന്നു അവ. ആ നിലക്ക് മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന പ്രധാന മുഅ്ജിസത്ത് ഖുര്‍ആന്‍ ആയിരുന്നു. സ്വാഭാവികമായും ശത്രുക്കള്‍ അതിനെ എതിര്‍ത്തു. മുഹമ്മദിന് ഒരു മനുഷ്യന്‍ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതാണ് ഖുര്‍ആന്‍ എന്ന് അവര്‍ തട്ടിവിട്ടു. (അന്നഹ്ല്‍ 103). നബി ജ്യോത്സ്യനും ആഭിചാരകനുമൊക്കെയാണെന്നവര്‍ പ്രചരിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു. തത്തുല്യമായ ഒരു സൂക്തം കൊണ്ടുവരാന്‍. ഇന്നേ തീയതിവരെയും ആ വെല്ലുവിളിക്കുമുമ്പില്‍ മുട്ടുമടക്കി നില്‍ക്കുകയാണ് തല്‍പരകക്ഷികള്‍. 38-ാം സൂക്തത്തില്‍ ഈ വെല്ലുവിളി വരുന്നുണ്ട്. ബുദ്ധിയും ചിന്താശീലവുമുള്ള മനുഷ്യന്റെ മുമ്പില്‍ ചില ചോദ്യങ്ങള്‍ ഇട്ടുകൊടുക്കുന്നുണ്ട് ഈ അധ്യായം. ആകാശത്തുനിന്ന് മഴ വര്‍ഷിച്ച് ഭൂമിയില്‍ ധആന്യങ്ങളും സസ്യലതാദികളുമുണ്ടാകുന്നു. അതാണ് മനുഷ്യന്റെ ആഹാരം. ഇങ്ങനെ വ്യവസ്ഥാപിതമായി നിനക്ക് ഭക്ഷണം തരുന്നത് ആരാണ് എന്ന് അല്ലാഹു ചോദിക്കുന്നു. കണ്ണും കാതുമൊക്കെ മനുഷ്യജീവിതത്തിന്റെ സുപ്രധാനവും അമൂല്യവുമായ ഘടകങ്ങളാണ്. ഇതൊക്കെ ആര് സംവിധാനിച്ചു? ഈ കാഴ്ചയുടെയും കേള്‍വിയുടെയുമൊക്കെ കടിഞ്ഞാണ്‍ മനുഷ്യന്റെ കൈയിലുണ്ടോ? നിര്‍ജീവവസ്തുക്കളില്‍ നിന്ന് ജീവനുള്ളവ പുറത്തുവരുന്നത് നാം കാണുന്നു. ആരാണിതിന്റെയൊക്കെ വിധാതാവ്? പ്രപഞ്ചം എന്ന മഹത്തായ പ്രതിഭാസം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഉദിക്കുന്നു. സഞ്ചരിക്കുന്നു. അസ്തമിക്കുന്നു. യാതൊരു വിഘ്‌നവും സംഘട്ടനവും ക്രമക്കേടും അവയിലൊന്നുമുണ്ടാകുന്നില്ല -ആരാണിതൊക്കെ ഇങ്ങനെ സംവിധാനിച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്? ചിന്താശീലനായ മനുഷ്യന് ഒരൊറ്റ മറുപടിയേ ഉണ്ടാകൂ - അല്ലാഹു. ഇത്തരം പരാമര്‍ശങ്ങളും അധ്യായത്തില്‍ വരുന്നുണ്ട്. എന്നാല്‍, പല ഘട്ടങ്ങളിലും മനുഷ്യന്‍ തന്റെ ചിന്താശീലം ഉപയോഗപ്പെടുത്താറില്ല. അത് മറച്ചു വെച്ച് അവന്‍ താന്തോന്നിയായി നടക്കും. മുഴുവന്‍ ജനപഥങ്ങളിലും ഇത്തരം ബുദ്ധിശൂന്യന്മാരുമുണ്ടായിരുന്നു. അവിടെയാണ് പ്രവാചകനിയോഗത്തിന്റെ പ്രസക്തി. ഈ വഴിക്കുള്ള വിവരണം നൂഹ് നബി, മൂസാനബി, ഹാറൂന്‍ നബി(അ) എന്നിവരിലൂടെ ചെന്ന് യൂനുസ് നബി(അ)യിലെത്തുന്നു. മുമ്പുണ്ടായിരുന്നവരെപ്പോലെ യൂനുസ് നബി(അ)യുടെ ജനതയും അല്ലാഹുവിന്റെ ദീനിനെയും പ്രവാചകനെയും നിഷേധിച്ചു. ഒടുവില്‍ ധിക്കാരത്തിനു പകരമായി ശിക്ഷയുടെ ലക്ഷണം ദൃശ്യമായി. അവര്‍ പേടിച്ചുവിറച്ചു പശ്ചാത്തപിച്ചു. അത് അങ്ങേയറ്റം ആത്മാര്‍ത്ഥമായിരുന്നതിനാല്‍ അല്ലാഹു സ്വീകരിച്ചു. ആസംഭവവും വിവരിക്കുന്നുണ്ട്. അവസാനം അല്ലാഹുവിന്റെ മതം മുറുപകെപ്പിടിച്ച് ജീവിക്കുവാനും ആ രംഗത്ത് ഏല്‍ക്കേണ്ടിവരുന്ന സമസ്ത ത്യാഗങ്ങളും തൃണവല്‍ഗണിച്ച് മുന്നോട്ട് നീങ്ങുവാനും നബിയോടുണര്‍ത്തിക്കൊണ്ട് സൂറത്ത് അവസാനിക്കുകയാണ്.
No comments:
Post a Comment
Note: only a member of this blog may post a comment.