Home

Saturday, 23 January 2016

ലുഖ്മാന്‍

ലുഖ്മാന്‍ എന്നത് ഒരു വ്യക്തിയുടെ പേരാണ്. വലിയ തത്വജ്ഞാനിയും പണ്ഡിതനും ഭക്തനുമായിരുന്ന ''ലുഖ്മാനുല്‍ഹകീം'' ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് പാഠമായിട്ടുള്ള കുറേ ഉപദേശങ്ങള്‍ തന്റെ പ്രിയപുത്രന് നല്‍കിയിട്ടുണ്ടായിരുന്നു. അതില്‍ ചിലത് ഈ സൂറയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടാണ് അധ്യായത്തിന് ആ മഹാപുരുഷന്റെ പേരുനല്‍കിയത്. ഇതിന്റെ അവതരണം മക്കയില്‍ ആണ്. മുപ്പത്തിനാല് സൂക്തങ്ങളാണുള്ളത്. മറ്റു മക്കീ സൂറകളെപ്പോലെ തന്നെയാണിതും. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, ഖബ്‌റിലെ ജീവിതം, പുനരുത്ഥാനം എന്നിവയാണിതിന്റെ മുഖ്യപ്രമേയം. ഖണ്ഡിതാക്ഷരങ്ങളോടുകൂടിയാണിതിന്റെ തുടക്കം. ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചെടുക്കാനാണിത്. അലിഫും ലാമും മീമുമൊക്കെ നിങ്ങള്‍ക്ക് സുപരിചിതമാണ്. ആ ചിരപരിചിതമായ അക്ഷരമാലയില്‍ നിന്ന് ക്രോഡീകരിച്ചെടുത്ത വാക്കുകള്‍ തന്നെയാണ് ഈ ഖുര്‍ആന്‍. ഈ വശ്യമായ ഗ്രന്ഥത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കൂ എന്നാണത് പ്രഖ്യാപിക്കുന്നത്. ഈ ദിവ്യഗ്രന്ഥം സന്മാര്‍ഗകാംക്ഷികളുടെ രക്ഷാകവചമാണ്. നമസ്‌കാരവും നോമ്പും മറ്റു മതശാസനകളുമൊക്കെ അനുഷ്ഠിക്കുന്ന സച്ചരിതര്‍ക്ക് ഈ ഗ്രന്ഥം ഒരു പ്രകാശഗോപുരം കണക്കെ വഴിവെളിച്ചം നല്‍കിക്കൊണ്ടിരിക്കുകയാണ്. സാക്ഷാല്‍ വിജയവും ശാശ്വത നേട്ടവും അവര്‍ക്കാണുണ്ടാവുക. എന്നാല്‍ ജീവിതം വെറുതെ ഹോമിച്ചുകളയുന്ന എത്രയെത്ര ആളുകളുണ്ട്! കളിയും വിനോദവും തമാശയും തന്നെയാണവരുടെ ജീവിതം. അത്യാവശ്യകാര്യങ്ങളിലും സൃഷ്ടിപരമായ വിഷയങ്ങളിലും നിന്ന് വ്യതിചലിപ്പിച്ചുകളയുന്ന ഫലശൂന്യ പ്രവൃത്തികളാണവര്‍ ചെയ്യുക. ഇതിന്റെ ഫലമെന്താകുമെന്നല്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തിലും സത്യത്തിന്റെ പന്ഥാവിലും നിന്ന് അവന്‍ സ്വയം അകലും; മറ്റുള്ളവരുടെ അകല്‍ച്ചക്കും അതുവഴിതെളിക്കും. അത്തരം ദുഷ്‌ചെയ്തികള്‍ക്കെതിരെ, ഇനി ആരെങ്കിലും അവനെ ഗുണദോഷിച്ചാലോ? അതവന്‍ തിരസ്‌കരിക്കും. സദുപദേശകന്മാരെ പരിഹസിക്കാനും അവഹേളിക്കാനും അവനത് നിമിത്തമാക്കും. എന്നാല്‍ ഈ നിലക്ക് ജീവിതം തുലക്കേണ്ട വല്ല കാര്യവുമുണ്ടോ? സത്യവിശ്വാസികളുടെ ജീവിതം അതാ മറുവശത്ത്. അവര്‍ക്ക് ഇവിടെ സമാധാനപൂര്‍ണമായ ജീവിതം; നാളെ പരലോകത്ത് സ്വര്‍ഗവും. ഈ സത്യം ലോകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചത്. അവര്‍ യുക്തിയുക്തവും സുസമ്മതവുമായി അല്ലാഹുവിനെയും അവന്റെ ദീനിനെയും സംബന്ധിച്ച് ജനങ്ങളെ പഠിപ്പിച്ചു. ബുദ്ധിമാന്മാരായ മനുഷ്യരുടെ ശ്രദ്ധ ആകാശങ്ങളിലേക്കും ഭൂമിയിലേക്കും മറ്റു വിവിധ പ്രാപഞ്ചിക വിസ്മയങ്ങളിലേക്കും തിരിച്ചു. അവ പഠിക്കുകയും ചിന്തിക്കുകയും ചെയ്ത് അല്ലാഹുവിനെ കണ്ടുപിടിക്കണമെന്നാണ് ഖുര്‍ആന്റെ താല്‍പര്യം. തൗഹീദും ഏകദൈവാരാധനയും എന്ന ആശയം തന്നെ മറ്റൊരു രീതിയിലും ഇവിടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. 12-ാം സൂക്തം മുതലുള്ള ലുഖ്മാനുല്‍ഹകീമിന്റെ ചരിത്രം അതാണ്. ഏറെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച വ്യക്തിയാണ് ലുഖ്മാന്‍. ആ പൗരാണിക കാലത്തും മനുഷ്യന്റെ സംസ്‌കൃതിക്കുവേണ്ടി അല്ലാഹു സംവിധാനങ്ങള്‍ ചെയ്തുവെന്നത് ഇവിടെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിക്കണമെന്ന് ആ മഹാനോട് കല്‍പിച്ചതായി അവിടെ ഉണര്‍ത്തുന്നുണ്ട്. തുടര്‍ന്ന് താന്‍ പ്രിയപുത്രന് നല്‍കിയ ഉപദേശങ്ങള്‍ പറയുകയാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിന് പങ്കുകാരെ സ്ഥാപിക്കരുത് എന്നത്രേ. മാനവകുലത്തിലെ ഭൂരിപക്ഷമാളുകളും ശിര്‍ക്ക് എന്ന ബുദ്ധിശൂന്യത പ്രകടിപ്പിക്കുന്നവരാണ്. അത് ഗുരുതരമായ അക്രമമാണെന്ന് അവിടെ പറയുന്നുണ്ട്. വ്യക്തിയുമായി ഏറ്റം കടപ്പാടുള്ള മാതാപിതാക്കള്‍ പോലും ശിര്‍ക്കിന് മക്കളോട് കല്‍പിക്കയാണെങ്കില്‍ അവരെ അനുസരിക്കാന്‍ പാടില്ല. ശിര്‍ക്കും നിഷേധവുമായി നടക്കുന്ന മനുഷ്യന്‍ തന്റെ ഭാവിയെക്കുറിച്ച് സഗൗരവം ചിന്തിക്കണമെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മരിച്ചുപോകേണ്ടവനല്ലേ മനുഷ്യന്‍? ശിര്‍ക്കിന്റെ കാര്യമിരിക്കട്ടെ, അഹിതകരമായൊരു കാര്യം, കുറ്റകരമായ ഒരു പ്രവൃത്തി അതീവ രഹസ്യമായി ചെയ്തതാണെങ്കില്‍ പോലും-അത് ആകാശ ലോകങ്ങളിലോ ഭൂമിയുടെ ഉള്ളറകളിലോ, വലിയൊരു പാറക്കല്ലിന്റെ ഉള്ളിലോ വെച്ച് ചെയ്തതാണെങ്കിലും-അല്ലാഹു അതിനെപ്പറ്റി ചോദ്യം ചെയ്യും, ശിക്ഷ നടപ്പാക്കും. നന്മ കല്‍പിക്കുക, തിന്മ നിരോധിക്കുക, പ്രയാസങ്ങളില്‍ ക്ഷമിക്കുക തുടങ്ങിയവയും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് ലുഖ്മാനുല്‍ഹകീം മകനെ ഉപദേശിക്കുന്നു. അതോടൊപ്പം മികച്ച മാന്യതയും പുലര്‍ത്തേണ്ടതുണ്ട്. തന്‍പോരിമയും ധിക്കാരവുമൊക്കെ മനുഷ്യന്‍ കൈവെടിയണം. അത്തരം ദുര്‍വിചാരങ്ങളും ചീത്ത സ്വഭാവങ്ങളുമൊക്കെ മനുഷ്യന്റെ അധഃപതനത്തിനേ വഴിതെളിക്കൂ. പ്രപഞ്ചമാകെ അല്ലാഹു മനുഷ്യനുവേണ്ടി സംവിധാനിച്ചിരിക്കുകയാണ്. ഇരുപതാം സൂക്തം അക്കാര്യം ശക്തമായ ശൈലിയില്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യനെ തട്ടിയുണര്‍ത്തുന്നു. ബാഹ്യവും ആന്തരികവുമായ എത്രയെത്ര അനുഗ്രഹങ്ങളാണ് മനുഷ്യന്‍ ആസ്വദിക്കുന്നത്. എന്നിട്ടും ആ അനുഗ്രഹദാതാവിനെ നിഷേധിക്കുകയാണവന്‍. അവന്റെ കാര്യത്തിലുള്ള തര്‍ക്കവിതര്‍ക്കങ്ങളാണ് എപ്പോഴും മനുഷ്യന്‍ ഇളക്കിവിടുന്നത്. ഈ ഭൗതിക ജീവിതത്തില്‍ മതിമറന്നു കണ്ണുകാണാതാവുകയാണവന്‍ യഥാര്‍ത്ഥത്തില്‍. പക്ഷെ, ഈ ലോകം ശാശ്വതമാണോ? വളരെ തുച്ഛം സമയത്തേക്ക് നാം അവര്‍ക്ക് ഭൗതികാസ്വാദനങ്ങള്‍ നല്‍കുന്നുവെന്ന് മാത്രം-സൂക്തം 24. സൂറയുടെ അവസാന ഭാഗങ്ങളില്‍ ചിന്തോദ്ദീപകമായ മറ്റുപല ദൃഷ്ടാന്തങ്ങളും ദൈവികാനുഗ്രഹങ്ങളുമൊക്കെ എടുത്തുപറയുന്നുണ്ട്. അല്ലാഹുവിന്റെ സമഗ്രാധിപത്യത്തിനുള്ള തെളിവുകള്‍ ധാരാളം കാണാം. ഖിയാമത്ത് നാളിനെ കുറിച്ച് ജാഗ്രതയോടെ ഗ്രഹിക്കുവാനും അതിനെ ഭയപ്പെടുവാനുമുള്ള കല്‍പനയുമുണ്ട്. ഓരോ വസ്തുവിനെയും സമഗ്രമായി ചൂഴ്ന്നുനില്‍ക്കുന്ന അല്ലാഹുവിന്റെ വിജ്ഞാനത്തെക്കുറിച്ച വിളംബരത്തോടെയാണ് അധ്യായം അവസാനിക്കുന്നത്-അല്ലാഹു സര്‍വജ്ഞാനിയും സൂക്ഷ്മജ്ഞനുമത്രേ.

No comments:

Post a Comment

Note: only a member of this blog may post a comment.