റോമാസാമ്രാജ്യത്തിന് ഒരു യുദ്ധത്തിലുണ്ടായ പരാജയം പരാമര്‍ശിച്ചുകൊണ്ടാണ് സൂറയുടെ തുടക്കം. റോമക്ക് അറബിയില്‍ അര്‍റൂം എന്നു പറയുന്നു. അതുകൊണ്ടാണ് ഈ അധ്യാത്തിന് സൂറത്തുര്‍റൂം എന്ന പേരുവന്നത്. മക്കയിലവതരിച്ച ഇതില്‍ അറുപത് സൂക്തങ്ങളാണ്. അലിന്‍ശിഖാഖ് സൂറക്ക് ശേഷമായിരുന്നു ഇതിന്റെ അവതരണം. മുമ്പുകഴിഞ്ഞ അല്‍അന്‍കബൂത്തും ഇതും തമ്മില്‍ ആശയപരമായ ബന്ധം ഉള്ളതായി കാണാം. ജിഹാദിന്റെ കാര്യം പറഞ്ഞും അതിന്റെ അനിവാര്യത സൂചിപ്പിച്ചും പൂര്‍വികരുടെ അനുഭവം അതായിരുന്നുവെന്ന് വ്യക്തമാക്കിയുമാണ് അല്‍അന്‍കബൂത്ത് ആരംഭിച്ചിരിക്കുന്നത്; അവസാനിക്കുന്നതും അക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്. അതായത്, വെറുതെ സുഖിച്ചുല്ലസിച്ച്, തിന്നുകുടിച്ച്, ആസ്വാദനങ്ങളില്‍ മുഴുകി ഞെക്കിക്കൊല്ലാനുള്ളതല്ല ജീവിതം. മറിച്ച് ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും പ്രശ്‌നങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കുകയും ചെയ്ത് അത് കര്‍മധന്യമാക്കുകയാണ് മനുഷ്യന്റെ ചുമതല. അത്തരമൊരു പശ്ചാത്തലത്തില്‍ ജീവിതത്തിലനുഭവപ്പെടുന്ന മാധുര്യവും ആസ്വാദ്യതയും മറ്റെവിടെനിന്നും ലഭിക്കില്ല. അത്തരം ത്യാഗനിര്‍ഭരമായ ജീവിതത്തിന് സര്‍വശക്തനായ അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവുമുണ്ടാകും. പരലോകത്ത് മാത്രമല്ല, ഇഹലോകത്തുതന്നെയും ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്. ഈ സൂറയുടെ പ്രാരംഭം ഈ മഹത്തായ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേര്‍ഷ്യക്കാരായ സൃഷ്ടിപൂജകരും, അവിശ്വാസികളും തങ്ങള്‍ക്ക് യുദ്ധവിജയമുണ്ടായപ്പോള്‍ അഹന്തനടിച്ച് അഹങ്കരിച്ചു. എന്നാല്‍ അന്നത്തെ പരാജിതര്‍ റോമക്കാരായിരുന്നു-ഈസാനബി(അ)ന്റെ അനുയായികള്‍, വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍. നിഷേധികളുടെ അഹന്തക്ക് അല്ലാഹു അറുതി വരുത്തി. പരാജിതരായ റോമക്കാര്‍ അടുത്ത യുദ്ധത്തില്‍ തിരിച്ചടിച്ചു. ശത്രുവിനെ പരാജയപ്പെടുത്തി. മുന്‍ സൂറയില്‍ പറഞ്ഞ ജിഹാദിന്റെ അവസാനഫലം, ഈ സൂറയുടെ തുടക്കത്തില്‍ വ്യക്തമാക്കിയ വിജയം ആയിരിക്കും എന്ന് താല്‍പര്യം. അല്‍അന്‍കബൂത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ഹ്രസ്വമായ നിര്‍ദേശമുണ്ടായിരുന്നു-സൂക്തം 20. എന്നാല്‍ ഇവിടെ കുറേകൂടി വിശദമായി അക്കാര്യം അവതരിപ്പിച്ചിരിക്കുന്നത് കാണാം. മനുഷ്യന്റെ സ്വശരീരങ്ങള്‍, ആകാശങ്ങള്‍, ഭൂമി, അന്തരീക്ഷം തുടങ്ങിയവയെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ ഇവിടെ ആഹ്വാനമുണ്ട്. കൂടാതെ ഭൂമിയില്‍ സഞ്ചരിക്കുവാനും പൂര്‍വികരുടെ ദുര്യോഗങ്ങളും ഭവിഷ്യത്തുകളും മനസ്സിലാക്കുവാനും അവരുടെ സ്ഥിതിഗതികള്‍, ശക്തികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചിന്താവിഷയമാക്കുവാനുമൊക്കെ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഒടുവില്‍ അവരുടെ അന്തിമാവസ്ഥയുടെ ദയനീയ രംഗങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിട്ടുമുണ്ട്-സൂക്തങ്ങള്‍ 8-11. ഇത്യാദി പ്രമേയപരമായ ബന്ധങ്ങള്‍ പരസ്പരമുള്ളതായി കാണാം. ഇന്നത്തെ മനുഷ്യന്‍ ഭൗതികശക്തിയില്‍ സമ്പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് കഴിയുന്നവനാണ്. ഈ മൂഢവിശ്വാസത്തെ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ സോദാഹരണം ഖണ്ഡിച്ചിട്ടുണ്ട്. താന്‍ സ്വയം പര്യാപ്തനാണെന്ന് കാണുന്നതിനാല്‍ മനുഷ്യന്‍ വഴി തെറ്റിപ്പോകുന്നു എന്ന് ഒരിടത്ത് ഖുര്‍ആന്‍(അല്‍അലഖ് 6, 7) സ്പഷ്ടമാക്കുകയുണ്ടായി. ഈ സൂറയുടെ ആരംഭത്തില്‍ പറയുന്ന പേര്‍ഷ്യാ-റോമായുദ്ധ സംഭവവും ആ ഉഗ്രയാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേര്‍ഷ്യയില്‍ ഷാപ്പൂര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഈ യുദ്ധം നടന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്; റോമാസാമ്രാജ്യത്തിന്റെ അധിപതി ഹെറാക്ലിയസ് ചക്രവര്‍ത്തിയും. ക്രിസ്ത്വബ്ദം 613-614 ലായിരുന്നു യുദ്ധം. ഇന്നത്തെ സിറിയയും ജോര്‍ദാനും ഫലസ്ഥീനും അറേബ്യന്‍ ഉപദ്വീപിന്റെ ചില ഭാഗങ്ങളുമൊക്കെ അന്ന് റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഘോരയുദ്ധമുണ്ടായി ഷാപ്പൂര്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ നടുവൊടിച്ചു. ഹെറാക്ലിയസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നാടുകടത്തി തടവിലിട്ടു. ഇതാണ് ഇവിടെ രണ്ടാം സൂക്തത്തില്‍ പരാമൃഷ്ടമായ റോമന്‍ പരാജയം. എന്നാല്‍ യുദ്ധവിജയാനന്തരം പേര്‍ഷ്യയില്‍ ചില അഭ്യന്തര ഗുഢാലോചനകള്‍ നടന്നു. ഷാപ്പൂര്‍ ചക്രവര്‍ത്തി തന്റെ ചില സേനാമേധാവികളെ വധിച്ചുകളയാന്‍ തീരുമാനിച്ചു. അവരിത് മണത്തറിയുകയും പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയുമുണ്ടായി. ഷാപ്പൂറിനാല്‍ പരാജയപ്പെടുത്തപ്പെട്ട് വിപ്രവാസിയായി തടവില്‍ കഴിയുന്ന ഹെറാക്ലിയസിനെ കണ്ട് അവര്‍ സംഭാഷണങ്ങള്‍ നടത്തി. വിനഷ്ട സാമ്രാജ്യം തിരിച്ചുപിടിക്കാനും ഷാപ്പൂര്‍ ചക്രവര്‍ത്തിയെ കൊന്നുകളയാനും തങ്ങള്‍ സഹായിക്കാമെന്ന് വാക്കുകൊടുത്തു. റോമിനെ തകര്‍ത്ത സമരാഹ്ലാദമുണ്ടായിക്കഴിഞ്ഞ് ഏഴുസംവല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഒരു ഘോരയുദ്ധത്തെ കൂടി സ്വാഗതം ചെയ്യുകയായിരുന്നു. രൂക്ഷമായ പ്രതികാരവാഞ്ഛയോടെ റോമാപേര്‍ഷ്യന്‍ സൈന്യങ്ങള്‍ വീണ്ടും ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. പേര്‍ഷ്യന്‍ സൈന്യം അപ്രതിരോധ്യമായ സംഹാരം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഷാപ്പൂര്‍ ചക്രവര്‍ത്തിയും സൈന്യാധിപരും പിടികൂടപ്പെടുകയും റോമാസേനക്കനുകൂലമായി യുദ്ധം പര്യവസാനിക്കുകയും ചെയ്തു. ഷാപ്പൂര്‍ വധിക്കപ്പെട്ടു. അങ്ങനെ ഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. ഇത് ക്രിസ്ത്വബ്ദം 621-ലായിരുന്നു. ഇത് കേവലം ഒരു യുദ്ധകഥയല്ല ഖുര്‍ആന്റെ കാഴ്ചപ്പാടില്‍. രണ്ടു രാഷ്ട്രങ്ങളില്‍ ഒന്നിനോടുള്ള സവിശേഷ മമതയോ വിദ്വേഷമോ പ്രത്യേകം പ്രസക്തവുമല്ല. മറിച്ച് ഒരു പ്രാപഞ്ചിക ചിത്രം വരച്ചുവെക്കുകയാണ് ഉദ്ദേശ്യം. ആദ്യം റോമിന്റെ പരാജയമുണ്ടായപ്പോള്‍ ഖുര്‍ആന്റെ പ്രഖ്യാപനം വരികയാണ്-താമസിയാതെ ഇവര്‍ തന്നെ ജയം തിരിച്ചുപിടിക്കുമെന്ന്. മുസ്‌ലിംകളുടെ വിശ്വാസവും അവരുടെ വേദഗ്രന്ഥത്തിന്റെ ദൈവികമായ പവിത്രതയുമൊക്കെ അന്നവിടെ നിര്‍ലജ്ജം പരിഹസിക്കപ്പെടുകയായിരുന്നു. മുഹമ്മദിന്റെ പ്രസ്താവങ്ങളും ഖുര്‍ആന്റെ പ്രഖ്യാപനങ്ങളും മുസ്‌ലിംകളുടെ വിശ്വാസങ്ങളുമൊക്കെ കൂട്ടിക്കെട്ടി മരുഭൂമിയില്‍ മണ്ണിട്ടു മൂടണമെന്നായിരുന്നു നിഷേധികളുടെ ആക്രോശം. പക്ഷെ, വിശ്വാസികള്‍ പതറിയില്ല. അവര്‍ ഖുര്‍ആന്റെ പ്രസ്താവനയില്‍ അടിയുറച്ചുനിന്നു. ആ ദീര്‍ഘദര്‍ശനത്തിന് അടിവരയിട്ട് സമൂഹമധ്യേ പ്രദര്‍ശിപ്പിക്കാന്‍ അശേഷം അവര്‍ മടിച്ചില്ല. പ്രവചിച്ചുകഴിഞ്ഞ സന്ദര്‍ഭമാകുമ്പോഴേക്കതാ വരുന്നു ഖുര്‍ആന് അംഗീകാരം! റോമക്കാര്‍ വിജയം കൊയ്‌തെടുത്തിരിക്കുന്നു-ഈ ഉഗ്രസത്യം ഏതുകാലഘട്ടത്തിലായാലും മാനവകുലം ഗ്രഹിച്ചിരിക്കണം-അതാണ് പാഠം. ഇങ്ങനെ, അല്‍പമെങ്കിലും ബുദ്ധിയുള്ള മനുഷ്യനാണെങ്കില്‍, ആ ബുദ്ധികൊണ്ട് ചിന്തിക്കാനും സത്യം ഗ്രഹിക്കാനും അവന്‍ ഒരുക്കമാണെങ്കില്‍ ഈ അജയ്യ ഗ്രന്ഥം, അനിഷേധ്യവെളിച്ചം ഇതാ ചില അന്ധകാരങ്ങളിലേക്ക് പ്രകാശം തെളിക്കുന്നുവെന്നാണ് അല്ലാഹു പറയുന്നത്. എന്നിട്ട് മരണം, പുനരുത്ഥാനം, ഖിയാമനാളിലെ ചില രംഗങ്ങള്‍, സത്യനിഷേധികള്‍ക്കും വിശ്വാസികള്‍ക്കും അവിടെയുണ്ടാകുന്ന ഏതാനും അനുഭവങ്ങള്‍ തുടങ്ങിയവ അനാവരണം ചെയ്യുകയാണ്. മനുഷ്യ പ്രകൃതിയുടെ ചാഞ്ചല്യവും അനിശ്ചിതത്വവും ഈ സൂറ പ്രതിപാദിക്കുന്ന മറ്റൊരു സുപ്രധാന കാര്യമാണെന്ന് കാണാം. ദേഹേച്ഛയും ഭൗതിക താല്‍പര്യങ്ങളും മാനസിക പ്രേരണകളും മനുഷ്യനെ ഏതെല്ലാം മേഖലകളിലൂടെയൊക്കെയാണ് വട്ടംകറക്കുക! ഈ സാഹചര്യത്തില്‍ ജീവിതത്തിന് മോക്ഷവും വഴിവെളിച്ചവും കിട്ടാന്‍ ഒരു ദിവ്യമായ പ്രകാശവും പവിത്രമായ വ്യവസ്ഥിതിയും അത്യാവശ്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതിലേക്കായി പല വസ്തുതകളും വിവിധ സൂക്തങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നിഷേധികള്‍ പഠിച്ചതേ പാടൂ. അവരില്‍ നിന്ന് സൃഷ്ടിപരമായി യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ക്ക് സ്വയം സന്മാര്‍ഗവെളിച്ചം ലക്ഷ്യമല്ല എന്നതുതന്നെ കാരണം. അത്തരക്കാരുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു സീല്‍ വെച്ചിരിക്കുകയാണ് (സൂക്തം 59). അവരില്‍ നിന്ന് എപ്പോഴും പ്രതിബന്ധങ്ങളും തടസ്സങ്ങളും പ്രകോപനങ്ങളുമൊക്കെ സ്വാഭാവികം മാത്രം. അവയില്‍ ക്ഷമിക്കണമെന്നാണ് കല്‍പിക്കുന്നത്. വഴിയെ അല്ലാഹുവിന്റെ സഹായം വരിക തന്നെ ചെയ്യും. മറിച്ച് നിഷേധികള്‍ വിശ്വാസികളെ കീഴ്‌പെടുത്തിക്കളയുന്ന ദുരവസ്ഥ സംജാതമായിക്കൂടാ എന്നാഹ്വാനം ചെയ്തുകൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്.
No comments:
Post a Comment
Note: only a member of this blog may post a comment.