അല്‍മുഅ്മിനൂന്‍ എന്നാണ് ഈ അധ്യായത്തിന്റെ പേര്. സത്യവിശ്വാസികള്‍ എന്നര്‍ത്ഥം. ഉള്ളടക്കം വളരെ സ്പഷ്ടമായി പ്രതിബിംബിക്കുന്ന സുന്ദരനാമം. മക്കയിലാണ് ഇതവതരിച്ചത് എന്നതില്‍ ഭിന്നപക്ഷമില്ല. ആയിരത്തി ഇരുനൂറ്റി നാല്‍പത് പദങ്ങളാണ് ഇതിലുള്ളത്. അക്ഷരങ്ങളാകട്ടെ നാലായിരത്തി എണ്ണൂറ്റിഒന്ന്. മീം, നൂന്‍ എന്നീ രണ്ടിലൊരക്ഷരത്തില്‍ മാത്രമാണ് സൂക്തങ്ങളുടെ പരിസമാപ്തി. സത്യവിശ്വാസികളുടെ വിജയം പറഞ്ഞുകൊണ്ടാരംഭിച്ചതിനാലാണ് ഇതിന് സൂത്തുല്‍മുഅ്മിനൂന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് (ബസ്വാഇര്‍ ദവിത്തംയീസ്-ഫൈറൂസാബാദീ 1:329). അധ്യായത്തിന്റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ഇതിനെ നാലായി വിഭജിക്കാവുന്നതാണ്. സത്യവിശ്വാസികളുടെ വിജയം സ്ഥിരീകരിച്ച് സ്പഷ്ടമാക്കുന്ന ആദ്യഭാഗമാണ് ഒന്ന്. സത്യവിശ്വാസത്തിന്റെ അസ്തിത്വവും ഉയര്‍ച്ചയും അതിന്റെ യാഥാര്‍ത്ഥ്യവും വരഞ്ഞുകാട്ടുന്നതാണ് രണ്ടാംഭാഗം. മുഴുവന്‍ പ്രവാചകന്മാരും അത് ലോകത്തോട് ഉദ്‌ഘോഷിച്ചതായി അവിടെ പറയുന്നുണ്ട്. സത്യനിഷേധികള്‍ അവയോട് പരാങ്മുഖത്വം നടിച്ചതും കാലാകാലങ്ങളില്‍ വന്ന പ്രവാചക ശ്രേഷ്ഠരെ ധിക്കരിച്ചതും അവിടെ അനാവരണം ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ വിജയത്തിന്റെ ഉടമകളാണ്. സമസ്ത പ്രവാചകന്മാരും ഈമാനിന്റെ യാഥാര്‍ഥ്യം മാലോകരെ പഠിപ്പിച്ചു. എന്നിട്ട് ജനങ്ങളതില്‍ നിന്നകന്ന് ഭിന്നിച്ചുപോയ നടുക്കുന്നതും ചിന്തോദ്ദീപകവുമായ കാര്യമാണ് മൂന്നാം ഭാഗത്ത് പരാമര്‍ശിക്കുന്നത്. ഭൗതിക സുഖാസ്വാദനങ്ങളില്‍ ചെന്ന് അന്ധമായി നിപതിക്കുകയായിരുന്നു അവര്‍. കട്ടപിടിച്ച ഈ അന്ധകാരത്തില്‍ നിന്ന്, ദൈവനിഷേധത്തിന്റെ ഈ അഗാധഗര്‍ത്തങ്ങളില്‍ നിന്ന് സ്വവിജയമോര്‍ത്ത് രക്ഷപ്പെടാന്‍ ആഹ്വാനം ചെയ്യുകയാണ് നാലാം ഭാഗം. ബുദ്ധിയുള്ള മനുഷ്യന് ഈ പ്രതിപാദനങ്ങള്‍ ഫലം ചെയ്തുവെങ്കില്‍ എത്ര നന്നായിരിക്കും! സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു എന്ന വിളംബരം എത്ര ഹൃദയാവര്‍ജകമായിരിക്കുന്നു. അന്ധവിശ്വാസങ്ങളും മൂഢധാരണകളും കൈവെടിഞ്ഞ് സത്യവിശ്വാസവും കളങ്കരഹിതമായ ഈമാനും അവലംബിച്ച ഏതൊരു ശുദ്ധാത്മാവിനും അങ്ങേയറ്റം ആഹ്ലാദജനകമാണ് ഈ പ്രഖ്യാപനം. തുടര്‍ന്ന് ആ വിശ്വാസികളെക്കുറിച്ചുള്ള വിവരണമാണ്. അവരുടെ വിശേഷണങ്ങളും ലക്ഷണങ്ങളും പ്രതിപാദിക്കുകയാണ് അല്ലാഹു-നമസ്‌കാരത്തില്‍ ഭക്തിയുള്ളവര്‍, അനാവശ്യങ്ങളൊന്നും പ്രവര്‍ത്തിക്കാത്തവര്‍, സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നവര്‍, ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നവര്‍, കരാറുകളും സത്യങ്ങളുമൊക്കെ യഥാവിധി പാലിക്കുന്നവര്‍, നമസ്‌കാരങ്ങള്‍ സമയം തെറ്റാതെ അനുഷ്ഠിക്കുന്നവര്‍.... എത്രയെത്ര വിദൂരധ്രുവങ്ങളുമായി ബന്ധിച്ചു നില്‍ക്കുന്ന പുണ്യകൃത്യങ്ങള്‍! ഇവക്ക് വിജയമല്ലാതെ ഉണ്ടാകുമോ? സ്വര്‍ഗമല്ലാതെ മറ്റെന്തു പ്രതിഫലം ഇവര്‍ക്കു നല്‍കും? സത്യത്തിന്റെ ഈ രാജപാത കണ്ടുപിടിക്കാന്‍ പര്യാപ്തമാകും വിധം ബൗദ്ധികമായ പല തെളിവുകളും ഇതോടനുബന്ധിച്ച് ഉദ്ധരിക്കുന്നുണ്ട്: ഇതില്‍ ഏറ്റം ശ്രദ്ധേയമായിരിക്കുന്നത് മനുഷ്യസൃഷ്ടിയുടെ ആദ്യനാളുകളെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളാണ്. മനുഷ്യന്‍ എന്ന പ്രതിഭാസത്തിന്റെ ആരംഭം മുതല്‍ ഏറ്റവും അവസാനം വരെയുള്ള ഘട്ടം അഞ്ചു(12-16) സൂക്തങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്റെ സ്മൃതിപഥത്തില്‍ ഉദിക്കുക പോലും ചെയ്തിട്ടില്ലാത്ത പൗരാണിക കാലത്തായിരുന്നു ഈ വിളംബരം എന്നുകൂടി ഓര്‍ക്കുക (വിശദ വിവരങ്ങള്‍ തല്‍സ്ഥാനത്ത് വരുന്നതാണ്). ആകാശങ്ങളുടെ സൃഷ്ടി, മഴ വര്‍ഷിക്കുന്നത്, സസ്യലതാദികളുടെയും ഫലവൃക്ഷങ്ങളുടെയും ജലയാനങ്ങളുടെയും കാലികളുടെയും പരാമര്‍ശങ്ങള്‍ തുടങ്ങി പലതിലേക്കും മനുഷ്യന്റെ-കേവലം ഇരുകാലി മൃഗമല്ല, ചിന്തിക്കുന്ന മനുഷ്യന്‍-ശ്രദ്ധ ക്ഷണിച്ചിരിക്കുന്നു. ഇപ്പറഞ്ഞതില്‍ ഏതെങ്കിലും ഒരു സാധനത്തിന്റെ ഒരംശം പോരേ ചിന്താശീലനായ ഒരാള്‍ക്ക് കണ്ണുതെളിയാന്‍? കാര്യകാരണ സഹിതവും യുക്തിയുക്തവുമായി സത്യവിശ്വാസത്തിന്റെ അവസ്ഥ തുറന്നു കാണിച്ച ശേഷം മറുവശം ചിത്രീകരിക്കുന്നുണ്ട്. സത്യത്തെ പുറംകാല്‍ കൊണ്ട് തട്ടിമാറ്റിയ നിഷേധികളുടെ ദൈന്യതയര്‍ഹിക്കുന്ന ചിത്രങ്ങള്‍! നൂഹ് നബി(അ)ന്റെ ആള്‍ക്കാര്‍ ജലപ്രളയത്തിന്റെ അത്യുഗ്രന്‍ തിരമാലകള്‍ക്കടിയിലകപ്പെട്ട് അന്ത്യം കണ്ടു. നിഷേധികള്‍ ഇങ്ങനെ എത്രയെത്ര! ഏതു നിഷേധീസമൂഹവും ഇപ്രകാരം നാശം വരിക്കും. നിര്‍ഭാഗ്യം ഏറ്റുവാങ്ങും. ഒടുവില്‍ പരലോകത്ത് ചെല്ലുമ്പോഴോ? പ്രവാചകന്മാരെ ധിക്കരിക്കുകയും സത്യത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമൊക്കെ ചെയ്ത ഈ വീരശൂരപരാക്രമികളുടെ മുഴുവന്‍ ധൈര്യവും ചോര്‍ന്നൊലിച്ച് പോകും! രക്ഷിതാവേ, സദയം ഞങ്ങളെ ഭൗതിക ലോകത്തേക്ക് ഒന്നുകൂടി അയച്ചു തരണേ, എങ്കില്‍ ഞങ്ങള്‍ ഒരിക്കലും അക്രമത്തിലേക്ക് മടങ്ങില്ല എന്നവര്‍ കേണപേക്ഷിക്കും. പക്ഷെ, എന്തു ഫലം? വണ്ടി സ്റ്റേഷന്‍ വിട്ട ശേഷം സമയത്തിനെത്താത്തതില്‍ ദുഃഖിച്ചിട്ട് വല്ല കാര്യവുമുണ്ടാകുമോ? ചുരുക്കത്തില്‍ വിജയത്തിന്റെ അവകാശികള്‍ സത്യവിശ്വാസികള്‍ മാത്രമാണ്, ''സത്യനിഷേധികള്‍ വിജയം കൈവരിക്കയില്ല, തീര്‍ച്ച''-സൂക്തം 117. പാപങ്ങള്‍ മനുഷ്യനില്‍ നിന്നുണ്ടാവുക സ്വാഭാവികം മാത്രമാണ്. അതില്‍ നിന്ന് പശ്ചാതപിക്കുവാനും അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുവാനും ദിവ്യകാരുണ്യത്തിനെ കൈക്കുമ്പിള്‍ നീട്ടിക്കൊണ്ടിരിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് അധ്യായം സമാപിക്കുന്നത്.
No comments:
Post a Comment
Note: only a member of this blog may post a comment.