Home

Thursday, 14 January 2016

അല്‍ കഹ്ഫ്


മക്കീ സൂറത്തുകളില്‍ പെട്ടതാണിത്. പ്രപഞ്ചസ്രഷ്ടാവും ലോകനിയന്താവും രാജാധിരാജനും അധൃഷ്യനുമായ അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങളര്‍പിച്ച് കൊണ്ടാരംഭിക്കുന്ന അഞ്ചു സൂറത്തുകളിലൊന്നാണത്രേ ഇത്. അല്‍ഫാത്തിഹ, അല്‍അന്‍ആം, അല്‍കഹ്ഫ്, സബഅ്, ഫാത്വിര്‍ എന്നിവയാണ് ആ അധ്യായങ്ങള്‍. ഏതാനും യുവാക്കളുടെ അദ്ഭുതാവഹമായ ഗുഹാവാസത്തെക്കുറിച്ച് ഈ സൂറയില്‍ പ്രതിപാദിക്കുന്നുണ്ട്. അത്‌കൊണ്ടാണ് ''ഗുഹ'' എന്ന അര്‍ഥം വരുന്ന അല്‍കഹ്ഫ് എന്ന് ഇതിന് പേര് ലഭിച്ചത്. മക്കീ സൂറകളുടെ പൊതുവായ മുഖമുദ്ര ഇതിലും വ്യക്തമാണ്. വിശ്വാസത്തിന്റെ ശുദ്ധീകരണമത്രേ പ്രധാനമായും ഇതിന്റെ പ്രമേയം. മനുഷ്യന്റെ ചിന്തയും വീക്ഷണവുമൊക്കെ ആ സ്ഫടിക സ്ഫുടമായ വിശ്വാസ സംഹിതക്കനുസരിച്ച് ക്രമീകരിച്ച് കൊണ്ടുവരണമെന്നാണിതിലെ താല്‍പര്യം. സുപ്രധാനമായ ഈ പ്രമേയത്തിലൂന്നിക്കൊണ്ട് പല ചരിത്രസംഭവങ്ങളും ഇതില്‍ പരാമൃഷ്ടമായതായി കാണാം. നൂറ്റിപ്പത്തു സൂക്തങ്ങളില്‍ എഴുപതും ചരിത്ര പരാമര്‍ശങ്ങളാണ്. ഗുഹാവാസികളുടെ കഥ, രണ്ടു തോട്ടങ്ങളുടെ പരിണാമം, ആദം ഇബ്‌ലീസ് സംഭവം, മൂസാനബി(അ)ന്റെയും ഖളിര്‍(അ)ന്റെയും സഹയാത്ര, ദുല്‍ഖര്‍നൈന്റെ പശ്ചിമ-പൗരസ്ത്യ സഞ്ചാരം എന്നിവയിലൂടെ അധ്യായം കടന്നുപോകുന്നു. ഇവക്കിടയിലൂടെ നാം മുകളില്‍ പറഞ്ഞ തൗഹീദിന്റെയും അല്ലാഹുവിന്റെ അജയ്യമായ ശക്തിയുടെയും ദൃഢീകരണം നടക്കുകയാണ്. അവസാനം ഖിയാമത്ത്‌നാളിലെ ചില രംഗങ്ങളും കാണാം. നബി (സ്വ) യെ സംബന്ധിച്ച് ഖുറൈശ് വേദക്കാരായ യഹൂദി പണ്ഡിതന്മാരോട് ചോദിച്ചു. അപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: ''പണ്ടുകാലത്ത് നാട് വിട്ടുപോയ ചില യുവാക്കളെക്കുറിച്ചും കിഴക്കും പടിഞ്ഞാറും നാടുകളില്‍ പര്യടനം നടത്തിയ ഒരു മനുഷ്യനെ സംബന്ധിച്ചും റൂഹിനെപ്പറ്റിയും നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുക. ഇതിന് മറുപടി തന്നാല്‍ അദ്ദേഹം യഥാര്‍ഥ നബിയാണ്; മറുപടി തന്നില്ലെങ്കില്‍ അയാളെ സംബന്ധിച്ച് നിങ്ങള്‍ കണ്ടത് പ്രവര്‍ത്തിച്ചു കൊള്ളുക.'' ജൂത പണ്ഡിതന്മാരുടെ ഉപദേശം അനുസരിച്ച് ഖുറൈശ് നബി (സ്വ) യോട് ചോദിച്ചു. നാളെ പറയാമെന്ന് നബി (സ്വ) മറുപടി നല്‍കി. അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യ് പ്രതീക്ഷിച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍ ''ഇന്‍ശാഅല്ലാഹ്'' എന്നു പറയുവാന്‍ അവിടന്ന് വിട്ടുപോയി. പ്രതീക്ഷിച്ച പോലെ അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചില്ല. അങ്ങനെ രണ്ടാഴ്ചയോളം നീങ്ങി. ശത്രുക്കള്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. നബി (സ്വ) വലിയ ദുഃഖത്തിലായി. ആ സന്ദര്‍ഭത്തിലായിരുന്നു ഈ സൂറത്ത് അവതരിച്ചത്. അവരുടെ ചോദ്യം കൊണ്ടുദ്ദേശിച്ച ഗുഹാവാസികളുടെയും ദുല്‍ഖര്‍നൈനിന്റെയും സംഭവം ഇതില്‍ വിവരിച്ചിട്ടുണ്ട്. റൂഹിനെക്കുറിച്ച ചോദ്യത്തിന്റെ മറുപടി 17:85ല്‍ കാണാം. ഒരു വിഷയത്തെക്കുറിച്ച് ''ഭാവിയില്‍ ചെയ്യാം'' എന്ന് പറയുമ്പോള്‍ ''ഇന്‍ശാഅല്ലാഹ്'' എന്നുകൂടി ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ഈ സൂറയിലെ 23, 24 വാക്യങ്ങള്‍. ''അല്‍കഹ്ഫി''ന്റെ പ്രാധാന്യത്തെക്കുറിക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. നബി (സ്വ) പറയുന്നു: സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തില്‍ നിന്നും പത്ത് വാക്യങ്ങള്‍ ആരെങ്കിലും മനഃപാഠമാക്കിയാല്‍ അവന്‍ ദജ്ജാലില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ് (മുസ്‌ലിം). മറ്റൊരു ഹദീസില്‍ സൂറത്തുല്‍ കഹ്ഫിന്റെ അവസാനത്തിലുള്ള പത്ത് വാക്യങ്ങള്‍ ഒരാള്‍ ഓതിയാല്‍ അവന് ദജ്ജാലില്‍ നിന്നുള്ള രക്ഷയാണത് എന്നുണ്ട് (മുസ്‌ലിം). മറ്റൊരു തിരുവചനത്തില്‍, ആരെങ്കിലും വെള്ളിയാഴ്ച ദിവസം അല്‍കഹ്ഫ് സൂറത്ത് ഓതുന്നതായാല്‍ അവന്റെയും രണ്ട് ജുമുഅയുടെയും ഇടയിലുള്ള കാലം അവന് പ്രകാശമയമായിത്തീരുന്നതാണ് എന്ന് വന്നിരിക്കുന്നു (ഹാകിം, ബൈഹഖി). വല്ലവനും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് ഓതിയാല്‍ അവന് എല്ലാ ഫിത്‌നയില്‍ നിന്നും എട്ട് ദിവസം സുരക്ഷിതനാകുമെന്നും ദജ്ജാല്‍ പുറപ്പെട്ടാല്‍ അവനില്‍ നിന്നും രക്ഷിക്കപ്പെടുമെന്നും നബി (സ്വ) പ്രസ്താവിച്ചതായി അല്‍ഹാഫിള് ളിയാഉല്‍ മഖ്ദസീ ഉദ്ധരിച്ചിട്ടുണ്ട് (തഫ്‌സീറുല്‍ഖുര്‍ആനില്‍അളീം-ഇബ്‌നു കസീര്‍ 3:71).

No comments:

Post a Comment

Note: only a member of this blog may post a comment.