Home

Monday, 18 January 2016

അല്‍ അമ്പിയാഅ്



അമ്പിയാഅ് എന്ന വാക്ക് അറബിയാണെങ്കിലും അതറിയാത്ത മുസ്‌ലിംകളുണ്ടാകയില്ല. പ്രവാചകന്മാര്‍ എന്നാണിതിന്റെ അര്‍ത്ഥം. ബഹുവചനമാണത്; ഏകവചനം നബിയ്യ്. ഇതു ലോപിച്ച് നമ്മുടെ പ്രയോഗം ''നബി''യായി. ഈ അധ്യായത്തിന്നു പേര് അല്‍ അമ്പിയാഅ് എന്നാണ്. സൂറകള്‍ക്കു പേരു ലഭിക്കുന്നത് പല നിയലിലുമാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ കാരണം വ്യക്തമാണ്. മഹാന്മാരായ പല പ്രവാചകന്മാരുടെയും സുദീര്‍ഘ ചരിത്രത്തിന്റെ ഏടുകള്‍ ഇതിലനാവരണം ചെയ്യുന്നുണ്ട്-ചിലരുടേത് ദീര്‍ഘമായി, മറ്റുചിലത് വളരെ ഹ്രസ്വമായി. ഇടക്കിടെ ഖുര്‍ആന്‍ ഇങ്ങനെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം നാം ഗ്രഹിച്ചുവെച്ചിട്ടുണ്ട്-പ്രവാചകന്മാരെല്ലാം ഒരേ ശൃംഖലയിലെ കണ്ണികളാണ്, സഹോദരങ്ങളാണവര്‍; അവരുടെ ദൗത്യവും ഒന്നുതന്നെ. ആ ശൃംഖലയുടെ അവസാനത്തെ കണ്ണിയായി വന്ന മുഹമ്മദ് നബിയും അവിടന്നു പ്രബോധനം ചെയ്യുന്ന ഖുര്‍ആനും മുന്‍സമൂഹങ്ങളുടെ ദീന്‍ തന്നെയാണ് ലോകസമക്ഷം സമര്‍പ്പിക്കുന്നത്, ഒരു പുത്തന്‍മതമല്ല. സൂറത്തുല്‍ അമ്പിയാഅ് ഹിജ്‌റക്കുമുമ്പവതരിച്ചതാണ്. മക്കയിലവതരിക്കുന്ന സൂറകളുടെ മുഖമുദ്ര ഇതിലും സ്വാഭാവികമായും കാണും. വിശ്വാസം ബന്ധമായ വിഷയങ്ങള്‍ ഇതില്‍ വരുന്നുണ്ട്. ഏകദൈവത്വം, പ്രവാചകത്വം, പുനരുത്ഥാനം, അന്ത്യനാള്‍, അന്തിമ പ്രതിഫലദാനം മുതലായവയൊക്കെ പരാമര്‍ശിച്ചിരിക്കുന്നു. വിശ്വാസകാര്യങ്ങള്‍ സയുക്തികമായിത്തന്നെ സ്ഥാപിക്കുവാനും ദൃഢീകരിക്കുവാനുമുള്ള ശ്രമം നടന്നിരിക്കുന്നതായി കാണാം. ആകാശവും ഭൂമിയുമൊന്നും നാം വെറുതെ സൃഷ്ടിച്ചതല്ല എന്ന ആ രാജകീയത ധ്വനിക്കുന്ന ശബ്ദം അല്പം ബുദ്ധിയും ചിന്താശീലവുമുള്ള ആരെയും പിടിച്ചിരുത്താന്‍ പര്യാപ്തമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ മറ്റൊന്നിലേക്കും സൂറ പാരായകരെ കൈപിടിച്ചു കൊണ്ടുപോകുന്നുണ്ട്. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. എന്നിട്ട് നാമതിനെ വിച്ഛേദിച്ചു-ഇതു സത്യനിഷേധികള്‍ കാണുന്നില്ലേ? പര്‍വ്വതങ്ങള്‍, മലയിടുക്കുകള്‍, രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ പല കാര്യങ്ങളെകുറിച്ചും പരാമര്‍ശങ്ങളുണ്ട്-ബുദ്ധിയുള്ളവര്‍ ചിന്തിച്ചെങ്കിലോ! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണല്ലോ മനുഷ്യര്‍. അവന്റെ ക്ഷേമത്തിന്നാണ് പ്രപഞ്ചത്തിലെ ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഈ പവിത്ര പരിഗണനയുടെ താല്‍പര്യമെന്നോണം മനുഷ്യന്റെ സന്‍മാര്‍ഗ പ്രാപ്തിക്കും രാജാധിരാജന്‍ പദ്ധതികളാവിഷ്‌കരിച്ചു. ജനസമൂഹങ്ങളെ നേര്‍വഴിയിലൂടെ നയിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന വിശിഷ്ട വ്യക്തികളെ അവന്‍ മുര്‍സലുകളാക്കി. അവര്‍ക്കൊക്കെ ദിവ്യസന്ദേശങ്ങെഥ്തിച്ചു. ആ പ്രവാചക ശൃംഖല ദുര്‍മാര്‍ഗത്തിന്റെ കോട്ടകൊത്തളങ്ങള്‍ തല്ലിയുടച്ചു. ഏകദൈവത്വത്തിന്റെ പൊന്‍പ്രഭ അവര്‍ പ്രകാശിപ്പിക്കുകയുണ്ടായി. എല്ലാവരുടെയും മതവും സിദ്ധാന്തവും ഒന്നു തന്നെ-അല്ലാഹു എന്ന ഏകദൈവമേയുള്ളൂ; അവനെ മാത്രമേ ആരാധിക്കാവൂ. ഈ പവിത്ര ദൗത്യത്തില്‍ മികച്ച ഭാഗഭാഗിത്വം വഹിച്ച ചിലരെ പിന്നെ എടുത്തുപറയുന്നുണ്ട്. മൂസാ, ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, ലൂഥ്, നൂഹ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, ഇസ്മാഈല്‍, ഇദ്‌രീസ്, ദുല്‍കിഫ്ല്‍, ദുആന്‍(യൂനുസ്), സകരിയ്യാ, യഹ്‌യാ, ഈസാ(അ) എന്നീ മഹാന്മാര്‍ ഇങ്ങനെ എടുത്തു പറയപ്പെട്ടിരിക്കുന്നു. ഇവരില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രമാണിവിടെ ഏറ്റം നീട്ടിപറഞ്ഞിട്ടുള്ളത്-51 മുതല്‍ 73 വരെ ആയത്തുകളില്‍. ഇവര്‍ സഹിച്ച ത്യാഗങ്ങളിലേക്കു വിരല്‍ചൂണ്ടി തിരുനബി(സ്വ)യുടെ രിസാലത്തിനെക്കുറിച്ചു പറഞ്ഞു ഉപസംഹരിക്കുകയാണ്. ഇങ്ങനെ മനുഷ്യരാശിയുടെ ചരിത്രത്തിന്റെ രത്‌നസംഗ്രഹം മരതകച്ചെപ്പിലാക്കിക്കൊടുത്തിട്ടും സത്യത്തിലേക്കു തിരിഞ്ഞുനോക്കാത്ത അസത്യത്തെയും ദുര്‍മാര്‍ഗത്തെയും അന്ധകാരത്തെയും വാരിപ്പുണരുന്ന നിഷേധികളുടെ വിവേകശൂന്യതയെക്കുറിച്ചും പരാമര്‍ശമുണ്ട്. നബിയെ പരിഹസിക്കുകയും അവഹേളിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന അവരുടെ ദയനീയപരിണതിയെക്കുറിച്ചും പരലോക ശിക്ഷയെക്കുറിച്ചുമൊക്കെ സഗൗരവം ഉണര്‍ത്തിയിരിക്കുന്നു. ഇങ്ങനെയൊക്കെയായിട്ടെന്ത്? അവര്‍ സത്യനിഷേധത്തില്‍ തന്നെ പാറപോലെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്! ''സത്യവിശ്വാസംകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ഇസ്‌ലാമിലേക്ക് നമ്മെ നയിക്കുകയും ചെയ്ത അല്ലാഹുവിനത്രേ സമസ്തസ്‌ത്രേത്രങ്ങളും.''

No comments:

Post a Comment

Note: only a member of this blog may post a comment.