Home

Monday, 18 January 2016

അല്‍ ഹജ്ജ്

 ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം ലക്ഷ്യം വെക്കുക, കരുതുക എന്നൊക്കെയാണ്. സാങ്കേതികമായി മക്കയിലെ കഅ്ബയെക്കരുതിയും അതിനെ ലക്ഷ്യമാക്കിയുമുള്ള പ്രത്യേകയാത്രക്ക് ഹജ്ജ് എന്നു പറയുന്നു. ഇസ്‌ലാമിന്റെ പഞ്ചസംതംഭങ്ങളില്‍ അവസാനത്തേതും അതിമഹത്തായ ആരാധനാകര്‍മവുമത്രേ ഹജ്ജ്. ആ പവിത്ര കര്‍മം കൊണ്ടാണ് ഈ അദ്ധ്യായത്തിന്നു പേരു നല്‍കപ്പെട്ടിരിക്കുന്നത്-സൂറത്തുല്‍ ഹജ്ജ്. ഇതിലെ ഇരുപത്തിആറു മുതലുള്ള കുറേ സൂക്തങ്ങള്‍ ഹജ്ജ് സംബന്ധമായ വിവരങ്ങളാണ്. അതില്‍ പാലിക്കേണ്ട പല മുറകളും അവിടെ പ്രസ്താവിച്ചിട്ടുണ്ട്. തന്റെ ആത്മമിത്രമായ ഇബ്രാഹീം നബിയോട്, താങ്കള്‍ മാലോകരെ ഹജ്ജിനു ക്ഷണിച്ചുകൊണ്ടുള്ള വിളംബരം നിര്‍വഹിക്കുക എന്ന് (സൂക്തം 27) അല്ലാഹു കല്‍പിച്ചു. ഇബ്രാഹീം നബി കഅ്ബയുടെ നിര്‍മാണജോലി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. കല്‍പന പോലെ താന്‍ വിളിച്ചു. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും കുറേയാളുകള്‍ അതിനുത്തരം നല്‍കി - ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.....! ഈ അത്ഭുതസംഭവത്തിന്റെ സ്മരണ ശാശ്വതീകരിക്കാന്‍ സര്‍വശക്തനായ അല്ലാഹു ഉദ്ദേശിച്ചു. ഇതാണ് നാമകരണ പശ്ചാത്തലം. മദനീവിഭാഗത്തിലാണ് ഈ അദ്ധ്യായം എണ്ണിവരുന്നത്. അഥവാ ഹിജ്‌റക്കു ശേഷം അവതീര്‍ണായ സൂറകളില്‍. എന്നാല്‍ മക്കയില്‍ ഇറങ്ങിയവയും ഇതിലുണ്ട്. ഇബ്‌നു അബ്ബാസ്, മുജാഹിദ്, ളഹ്ഹാക്ക്, ഖതാദ(റ) തുടങ്ങിയ മഹാന്മാരായ വ്യാഖ്യാതക്കള്‍ക്കിടയില്‍ മക്കി-മദനി വിഭജനത്തില്‍ അഭിപ്രായവിത്യാസമുള്ളതായി കാണാം. അഥു പക്ഷേ, സൂക്തങ്ങളുടെ അര്‍ത്ഥസമ്പുഷ്ടതയെയോ ആശയ ഗാംഭീര്യത്തെയോ ബാധിക്കുന്നതല്ലോ. ഇമാം ഖുര്‍ഥുബി ഇങ്ങനെ ഉദ്ധരിക്കുന്നു: ഇതൊരു അദ്ഭുതകരമായ സൂറയാണ്- രാത്രിയും പകലും നാട്ടിലും യാത്രയിലും മക്കയിലും മദീനയിലും സമാധനഘട്ടത്തിലും യുദ്ധാവസ്ഥയിലുമൊക്കെ അവതരിച്ചവ ഇതിലുണ്ട്; നാസിഖ്, മന്‍സൂഖ്, മുഹ്ക്കം, മുതശാബിഹ് എന്നിവയും ഇതില്‍ സ്ഥലം പിടിച്ചിരിക്കുന്നു. (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍ 12:4) നിയമനിര്‍മാണ സംബന്ധമായ വിഷയങ്ങളാണല്ലോ മദനീസൂറകളുടെ മുഖമുദ്ര. ഇസ്‌ലാമിക ശരീഅത്തിലെ സുപ്രാധാനവും അതീവ നിര്‍ണായകവുമായ ഒരു നിയമം ഇതിലാണ് വരുന്നത്-പ്രതിരോധത്തിനുവേണ്ടി ആയുധമെടുക്കാന്‍. അതുവരെയും ക്രൂരമായ മര്‍ദനപീഡനങ്ങള്‍ക്കു വിധേയരായിരുന്ന സത്യവിശ്വാസികളുടെ വഴിത്താരയില്‍ ഇതൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. മാത്രവുമല്ല, ഇതിനുമുമ്പ്, ആയുധമെടുക്കരുതെന്നും പരമമായ ക്ഷമകൈക്കൊള്ളണമെന്നും ആഹ്വാനം ചെയ്തുകൊണ്ടവതരിച്ച സൂക്തങ്ങള്‍ എഴുപതിലേറെയായിരുന്നുവെന്നോര്‍ക്കണം. ഇസ്‌ലാമിക പ്രബോധനത്തിന്റെയും തൗഹീദിന്റെയും ചരിത്രത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലുതന്നെയായിരുന്നു ഈ നിയമം. 38-41 സൂക്തങ്ങളില്‍ ഇതുകാണാം. ഈ സൂറത്തിലൂടെ ലഭിച്ച മറ്റൊരു നിയമം പ്രതിക്രിയയുടെതാണ്. 60-ാം സൂക്തത്തില്‍ അതാണ് പറയുന്നത്. ഹജ്ജിന്റെയും ബലിമൃഗങ്ങളുടെയും വിധികളും ദീനിചിഹ്നങ്ങളുടെ സംരക്ഷവും വരുന്നുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തിലെ ധര്‍മസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ മക്കയിലവതരിച്ച സൂറകളുടെ സ്വഭാവം പലേടത്തും ഇതില്‍ കാണാവുന്നതാണ്. അന്ത്യനാളിന്റെ ഭയാനകതയെയും ഗൗരവത്തെയും തനതായി പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ധ്യായത്തിന്റെ ആരംഭം തന്നെ. പത്തൊമ്പത് മുതല്‍ ഇരുപത്തിരണ്ടുവരെ സൂക്തങ്ങള്‍ നരകത്തെകുറിച്ചാണ്- സത്യ നിഷേധികള്‍ക്ക് നരകത്തിന്റെ വസ്ത്രം മുറിച്ചു നല്‍കപ്പെടും.... തൊട്ടുപിന്നില്‍ സ്വര്‍ഗത്തെപ്പറ്റിയും. ബഹുദൈവവിശ്വാസിയുടെ ഉപമ വിവരിക്കുന്നത് ആകാശത്തുനിന്ന് വീണു ചിന്നിച്ചിതറിപ്പോകുന്നവനോടാണ്. തൗഹീദിന്റെ പ്രസക്തിയും ഊന്നിപ്പറയുന്നുണ്ട്. ഫൈറൂസാബാദി എഴുന്നത് പത്തൊമ്പത് മുതല്‍ ഇരുപത്തിനാലു വരെയുള്ള ആറുസൂക്തങ്ങളൊഴിച്ച് ഈ സൂറയിലെ മറ്റെല്ലാം മക്കിയ്യാണെന്നാണ്. രണ്ടായിരത്തി ഒരുനൂറ്റിതൊണ്ണൂറ്റി ഒന്ന് പദങ്ങളാണിതില്‍; അയ്യായിരത്തതി എഴുപത്തിയഞ്ച് അക്ഷരങ്ങളും. ..................എന്ന സമുച്ചയത്തിലുള്ള പന്ത്രണ്ടിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ സമാപ്തി. ഇവയില്‍ ''ഹംസ''യില്‍ അവസാനിക്കുന്ന ഒറ്റ സൂക്തമേയുള്ളൂ-18. (ബസ്വാഇര്‍ 1: 323)

No comments:

Post a Comment

Note: only a member of this blog may post a comment.