ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ മക്കീവിഭാഗം സൂറകളില്‍ ഊന്നിപ്പറയാറുണ്ടെന്ന് മുമ്പു നാം പ്രസ്താവിച്ചിട്ടുണ്ട്. തൗഹീദിന്റെ മാര്‍ഗ്ഗത്തില്‍ മുന്‍പ്രവാചകന്മാര്‍ സഹിച്ച വേദനകളും കഷ്ടപ്പാടുകളുമൊക്കെ ആ ഗണത്തില്‍ വിവരിക്കുക ഖുര്‍ആന്റെ പതിവത്രെ. യൂസുഫ് നബി(അ)ന്റെ ചരിത്രം സവിസ്തരമായി ഈ സൂറയില്‍ പരാമൃഷ്ടമാകുന്നത് ആ നിലക്കാണ്. ഇതിന് തൊട്ടു മുമ്പ് കഴിഞ്ഞ അധ്യായം ഹൂദ് ആണല്ലോ. അതിന്റെ തൊട്ടു പിന്നാലെയാണ് ഈ സൂറയുടെ അവതരണം. ഹൂദ് സൂറത്തിന്റെ അവതരണ പശ്ചാത്തലം അതിന്റെ ആമുഖത്തില്‍ നാം വിവരിച്ചിരുന്നു. ആ നീറുന്ന സാഹചര്യവും കുടുസ്സായ സാമൂഹിക പശ്ചാത്തലവും തന്നെയാണ് ഇവിടെയും. മക്കയില്‍ പ്രവാചകത്വത്തിനു ശേഷമുള്ള ഓരോ നാളും നബി (സ്വ) യെയും സത്യവിശ്വാസികളെയും സംബന്ധിച്ചിടത്തോളം വേദനാജനകവും ത്യാഗ പൂര്‍ണ്ണവുമായി വരികയായിരുന്നു. ധനാഢ്യയായ സഹധര്‍മ്മിണി ഖദീജബീവി(റ)യും സമൂഹത്തില്‍ ഉന്നത സ്ഥാനീയനായ പിതൃവ്യന്‍ അബൂഥാലിബും മാത്രമായിരുന്നു നബിക്ക് താങ്ങും തണലും. ക്രിസ്ത്വബ്ദം 620-ല്‍ അവരിരുവരും അടുത്തടുത്ത നാളുകളിലായി മരണപ്പെട്ടു പോയി. പിന്നെയുള്ള ഒരു വര്‍ഷക്കാലം കടുത്ത വേദനയും കഷ്ടപ്പാടും തന്നെയായിരുന്നു. മാര്‍ക്കറ്റുകളിലും അങ്ങാടികളിലും ചന്തകളിലുമൊക്കെപ്പോയി നബി പുരുഷാരങ്ങളെ അഭിസംബോധന ചെയ്യും; അവരെ ഇസ്‌ലാമിലേക്കു ക്ഷണിക്കും. ഇമാം വാഖിദി(റ) ഉദ്ധരിക്കുന്നു: ബനൂ അബസ്, ബനൂ സുലൈം, ബനൂ മുഹാരിബ്, ഫസാറ, മുര്‍റ, ബനുന്നള്ര്‍, അദിറ, ഹളാരിമ തുടങ്ങിയ ഗോത്രങ്ങളെയൊക്കെ നബി അഭിമുഖീകരിച്ചു. ഏറ്റം ഹീനമാം വിധം നബിയെ ഇറക്കി വിടുകയാണവര്‍ ചെയ്തത്. ''നിന്റെ കുടുംബത്തിനും ഗോത്രത്തിനുമല്ലേ നിന്നെപ്പറ്റി കൂടുതല്‍ അറിയുക? അവര്‍ തന്നെ നിന്നെ ആട്ടി വിടുകയല്ലേ?'' എന്നവര്‍ പ്രതികരിച്ചു. പക്ഷെ, തിരുമേനി നിരന്തരം ഈ പ്രക്രിയയിലേര്‍പ്പെട്ടു. ''ഒരാളെയും ഞാന്‍ നിര്‍ബന്ധിക്കുകയില്ല. എന്റെ ദൗത്യം തൃപ്തികരമാണെന്ന് തോന്നുന്നവര്‍ക്കത് പിന്തുടരാം; തൃപ്തിപ്പെടാത്തവരില്‍ ഞാന്‍ നിര്‍ബന്ധം ചെലുത്തുന്നുമില്ല!'' പക്ഷെ, ജനത്തിന് മനസ്സുണര്‍ന്നില്ല. സ്വന്തം ഗോത്രത്തെ നശിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്ത ഒരാള്‍ നമ്മെ നന്നാക്കുമോ എന്നായിരുന്നു അവരുടെ ചോദ്യം (മുഹമ്മദുര്‍റസൂലുല്ലാഹ് പേജ് 122 നോക്കുക). ഈ സാഹചര്യത്തിലായിരുന്നു ഹൂദ് സൂറയുടെ അവതരണമെന്ന് നാം പറഞ്ഞിട്ടുണ്ട്. പല പ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചു നബി (സ്വ) യെ സാന്ത്വനിപ്പിക്കുകയായിരുന്നു അവിടെ ചെയ്തത്. ഇവിടെയും ലക്ഷ്യം അതുതന്നെ. നബിയെ സംബന്ധിച്ചിടത്തോളം പ്രവാചക കുടുംബത്തില്‍ തന്റെ ജ്യേഷ്ഠ സഹോദരനാണ് യൂസുഫ് (അ). ആ പ്രവാചകന്‍ സഹിച്ച യാതനകള്‍ക്കും വേദനകള്‍ക്കും കൈയും കണക്കുമില്ല. ശോകച്ഛവി പരന്ന സന്താപവത്സരത്തില്‍ കഴിയുന്ന നബിക്ക് തീര്‍ത്തും ഇവ ആശ്വാസ വചനങ്ങള്‍ തന്നെയായിരുന്നു. ആരായിരുന്നു യൂസുഫ്? നബി (സ്വ) യെപ്പോലെത്തന്നെ സമൂഹത്തില്‍ സമുന്നത പദവിക്കര്‍ഹനായ ആദരണീയ വ്യക്തി. അല്ലാഹുവിന്റെ ആത്മ മിത്രമായ ഇബ്‌റാഹീം നബിയുടെ പ്രപൗത്രന്‍. പാമരം പോലെ പന്തലിച്ചുനിന്ന ഇസ്രയേല്‍ കുടുംബത്തിന്റെ വന്ദ്യപിതാവായ യഅ്ഖൂബ് നബിയുടെ പ്രിയപുത്രന്‍. ഈ മഹാപുരുഷനാണ് പരീക്ഷണത്തിന്റെ തീച്ചൂളകളില്‍ കിടന്നു പുളഞ്ഞു മറിയുന്നത്! സ്വന്തം സഹോദരന്മാര്‍ വിജനസ്ഥലത്തു വെച്ചു കൊല്ലാനൊരുങ്ങുന്നു. നൊടിയിട കൊണ്ട് കൊലയില്‍ നിന്ന് മോചിതനായി പൊട്ടക്കിണറ്റിലെറിയപ്പെടുന്നു. ജനശൂന്യമായ മണല്‍ക്കാട്ടിലെ ബീഭത്സമായ പൊട്ടക്കിണറ്റില്‍ ഏകാന്തനായിക്കഴിയുന്ന പ്രവാചകപുത്രന്‍! അവിടന്ന് യാത്രക്കാര്‍ പൊക്കിയെടുത്ത് അടിമച്ചന്തയില്‍ ചില്ലിക്കാശുകള്‍ക്ക് വില്‍ക്കുന്നു. അടിമത്തത്തിന്റെ കൂച്ചുവിലങ്ങുകള്‍ കൈകാലുകളിലും മൃദുലകണ്‍ഠത്തിലും അണിഞ്ഞ പ്രവാചക പുത്രന്‍! ഓമനിക്കാനും വാത്സല്യം ചൊരിയാനും സ്‌നേഹിക്കാനും പോകട്ടെ, സമയത്തിന് അന്നവും വെള്ളവും കിട്ടാത്ത, ''യജമാനന്മാ''രുടെ ക്രൂരമായ ദര്‍ശനത്തില്‍ ചൂളിപ്പോകുന്ന പ്രവാചക പുത്രന്‍! കൊട്ടാരത്തിലെ യുവതികളുടെ ഒളിയമ്പുകള്‍, പച്ചമാംസം പങ്കുവെക്കാനുള്ള അവരുടെ അടങ്ങാത്ത ആവേശം. ഇതിനൊന്നും വഴങ്ങാത്തതിന്, അല്ലാഹുവിനെ പേടിച്ച് ജീവിച്ചതിന് ജയില്‍ ശിക്ഷ. ഇതൊക്കെക്കഴിഞ്ഞ് സംഗതികള്‍ കീഴ്‌മേല്‍മറിഞ്ഞ് വന്നു കിട്ടുന്ന ചെങ്കോല്‍, സിംഹാസനം, രാജ്യ ഭരണം, ഖജനാവുകള്‍, ..... ഇങ്ങനെ എന്തെല്ലാം. ആ യൂസുഫ് നബി(അ)യുടെ ചരിത്രം എത്ര ത്യാഗനിര്‍ഭരമായിരുന്നു!........ നബിക്ക് ആശ്വാസം കൊള്ളാതിരിക്കാനാവുമോ? ഈ സൂറത്ത് മക്കയില്‍ അവതരിച്ചതാണെന്നതില്‍ രണ്ടു പക്ഷമില്ല. ആയത്തുകളുടെ എണ്ണവും ഏകകണ്ഠം തന്നെ- നൂറ്റിപ്പതിനൊന്ന്. ആയിരത്തി എഴുനൂറ്റി എഴുപത്താറ് വാക്കുകളാണിതില്‍; അക്ഷരങ്ങള്‍ ഏഴായിരത്തി ഒരുനൂറ്റി അറുപത്താറും. ...............എന്ന നാലിലൊരക്ഷരത്തിലാണ് ആയത്തുകള്‍ സമാപിക്കുന്നത്. ലാമില്‍ അവസാനിക്കുന്നത് 66-ാം സൂക്തം മാത്രം. യൂസുഫ് നബി(അ)ന്റെ സമ്പൂര്‍ണ ചരിത്രമുള്ളതിനാല്‍ ''യൂസുഫ്'' എന്നല്ലാതെ മറ്റൊരു പേര് ഇതിനില്ല (ബസ്വാഇര്‍ 1:255). ഖുര്‍ആനില്‍ പലേടത്തും ചരിത്ര ശകലങ്ങള്‍ ഉദ്ധരിക്കുന്നതു സംബന്ധിച്ച് നാം വിശദീകരിച്ചിട്ടുണ്ട്. പല പ്രവാചകന്മാരുടെയും ചരിത്രങ്ങള്‍ പലേടത്തും കാണാം. ചിലരുടെ ഒരേ ചിത്രം തന്നെ പല ആവൃത്തി ഉദ്ധരിച്ചിരിക്കയാണെങ്കില്‍ മറ്റു പലേടത്തും ചിലരുടെ വ്യത്യസ്ത ചിത്രങ്ങളാണു കാണുക. ഒരു പ്രവാചകന്റെ ജീവിതാദ്ധ്യായങ്ങള്‍ പല സൂറകളില്‍ നിന്ന് പെറുക്കിയെടുക്കാന്‍ കഴിയും. എന്നാല്‍ ഈ സൂറ അതില്‍ നിന്നു വ്യത്യസ്തമത്രെ. യൂസുഫ് നബിയുടെ ചരിത്രം ഈ സൂറയില്‍ മാത്രമേയുള്ളു. തന്നെയുമല്ല, ഈ സൂറയിലുള്ളത് ആ മഹാന്റെ മാത്രം ചരിത്രവുമത്രെ. ഇതിനു പുറത്ത് രണ്ടിടത്ത് യൂസുഫ് നബി(അ)ന്റെ പേരു പറയുക മാത്രം ചെയ്തിട്ടുണ്ട്- അല്‍അന്‍ആം 84ലും ഗാഫിര്‍ 34ലും. ഇതിന്റെ സാഹിത്യ ശൈലിയും വാചക ഘടനകളും പദപ്രയോഗങ്ങളുമൊക്കെ സവിശേഷ രീതിയിലാണ്. മക്കീ സൂറകളില്‍ അല്ലാഹുവിനെയും പരലോകത്തെയും സംബന്ധിച്ചൊക്കെപ്പറയുന്നതിന്റെ ഭാഗമായി ശിക്ഷകളും താക്കീതുകളും പരക്കെക്കാണാം- എന്നാല്‍ ഇത് അതില്‍ നിന്നൊഴിവാണ്. ഇമാം ഖാലിദുബ്‌നു മഅ്ദാന്‍(റ) പറയുന്നു: ''സ്വര്‍ഗത്തില്‍ വെച്ച് യൂസുഫ്, മര്‍യം എന്നീ സൂറകള്‍ സ്വര്‍ഗവാസികള്‍ ആനന്ദത്തിനു വേണ്ടി പാരായണം ചെയ്യുന്നതാണ്''. അഥാഅ്(റ) പ്രസ്താവിച്ചു: ''ദുഃഖാകുലനായ ഒരു മനുഷ്യന്‍ സൂറത്തു യൂസുഫ് ശ്രവിച്ചാല്‍ സന്തുഷ്ടനാകാതിരിക്കില്ല!'' (ഹാശിയ സ്വാവീ 2:233- ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്). എന്നാല്‍ എല്ലാ പ്രവാചകന്മാരുടെയും കഥാകഥനത്തില്‍ നിന്നു ഭിന്നമായി ഇവിടെ മാത്രം ഇങ്ങനെ ഒരു ശൈലി സ്വീകരിച്ചതു കൊണ്ട് ഖുര്‍ആന്റെ സാഹിതീസവിശേഷത്തിനു വല്ല ന്യൂനതയും ദൃശ്യമാണോ? ഒരിക്കലും ഇല്ല. അതും ഖുര്‍ആന്റെ അമാനുഷികതക്ക് മകുടം ചാര്‍ത്തുന്നു! ഇമാം ഖുര്‍ഥുബി(റ) എഴുതുന്നത് കാണുക: സാഹിത്യത്തിന്റെ വിവിധ ശൈലികളില്‍, വ്യത്യസ്ത പദങ്ങളില്‍, ഭിന്ന രൂപങ്ങളില്‍ ഒരേ ആശയം തന്നെ ആവര്‍ത്തിച്ചു കൊണ്ട് അല്ലാഹു ഖുര്‍ആനില്‍ പ്രവാചകരുടെ ചരിത്രം പറയുന്നുണ്ട്. യൂസുഫ് നബി(അ)ന്റെ ചരിത്രമാകട്ടെ ആവര്‍ത്തിച്ചിട്ടുമില്ല. എന്നാല്‍ ഉപര്യുക്തമായ ആവര്‍ത്തനത്തെ എതിര്‍ക്കുവാനോ ഇവിടെയുള്ള ആവര്‍ത്തന രാഹിത്യത്തെ വിമര്‍ശിക്കുവാനോ ഒരു പ്രതിയോഗിക്കും സാധ്യമാകുകയില്ല. ചിന്തിക്കുന്നവര്‍ക്ക് ഇതിലെ അമാനുഷികത്വം പ്രസ്പഷ്ടമത്രേ (തഫ്‌സീര്‍ ഖുര്‍ഥുബീ 9:118). പ്രവാചകന്മാരുടെ നാടാണല്ലോ ശാം അഥവാ സിറിയ. യഅ്ഖൂബ് നബി(അ)ന്റെ ആസ്ഥാനവും അവിടെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്ന യൂസുഫ് നബി(അ) ആകട്ടെ ഈജിപ്തിലെ രാജാവായി വാണു. ഇതിന്റെ ചരിത്ര പശ്ചാത്തലം ജൂതന്മാര്‍ക്ക് നന്നായി അറിയാമായിരുന്നു. ബൈബിള്‍ പഴയ നിയമത്തില്‍ യൂസുഫ് നബി(അ)ന്റെ ചരിത്രമുണ്ട് (ഉല്‍പത്തി-അദ്ധ്യായം 37-50). എന്നാല്‍ നബി (സ്വ) ക്ക് ഇതറിയില്ലെന്നും അതിനാല്‍ ചോദിച്ച് മുട്ടുകുത്തിക്കാമെന്നും ജൂതന്മാര്‍ വ്യാമോഹിച്ചു. ഇമാം റാസി(റ) എഴുതുന്നു: ജൂതപണ്ഡിതന്മാര്‍ മുശ്‌രിക്കുകളിലെ നേതാക്കളോടാവശ്യപ്പെട്ടു. -''യഅ്ഖൂബ് കുടുംബം എന്തിനാണ് സിറിയയില്‍ നിന്ന് ഈജിപ്തിലേക്ക് മാറിയതെന്നും യൂസുഫ് നബി(അ)ന്റെ ചരിത്രം എങ്ങനെയായിരുന്നുവെന്നും നിങ്ങള്‍ മുഹമ്മദി (സ്വ) നോട് ചോദിക്കുക''. തല്‍സമയമാണ് അല്ലാഹു ഇതവതരിപ്പിച്ചത് (റാസി 18:83).
No comments:
Post a Comment
Note: only a member of this blog may post a comment.