Home

Sunday, 10 January 2016

അര്‍റഅ്ദ്

ഈ അധ്യായം മക്കിയ്യാണോ മദനിയ്യാണോ എന്നതില്‍ ഭിന്നാഭിപ്രായമാണ്. ഒരു വിഭാഗം മുഫസ്സിറുകളും മറ്റും മക്കിയ്യാണെന്ന് വിലയിരുത്തുമ്പോള്‍ മറ്റു പലരും മദനിയ്യാണെന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ സൂറത്തിന്റെ പൊതു സ്വഭാവം വെച്ച് നോക്കുമ്പോള്‍ മക്കിയ്യാണെന്നാണ് മനസ്സിലാവുക. തൗഹീദും അതിനോടനുബന്ധിച്ച അടിസ്ഥാന വിഷയങ്ങളുമാണ് മക്കീസൂറകളുടെ മുഖമുദ്രയെന്ന് നാം മുമ്പ് പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ സൂറയുടെ ഉള്ളടക്കം നോക്കാം: ആദ്യ സൂക്തം തന്നെ ജനങ്ങള്‍ സത്യവിശ്വാസം കൈക്കൊള്ളുന്നില്ലെന്നാണ് പറയുന്നത്. തൊട്ടടുത്ത ആയത്താകട്ടെ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അങ്ങനെ പാരത്രിക ജീവിതം ദൃഢമായി അംഗീകരിക്കാനും ആഹ്വാനം നല്‍കുന്നു. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, നദികള്‍ വൃക്ഷങ്ങള്‍ ഫലങ്ങള്‍ കായ്കനികള്‍ ആദിയായവയുടെ സംവിധാന സജ്ജീകരണങ്ങള്‍ തുടങ്ങിയവയിലൂടെ അല്ലാഹുവിനെ കണ്ടെത്തുന്നതിലാണ് സൂറയുടെ ആദ്യഭാഗം ഊന്നല്‍ നല്‍കുന്നത്. ഗര്‍ഭസ്ഥശിശുക്കളുടെ സൃഷ്ടി, അല്ലാഹുവിന്റെ അദൃശ്യ ജ്ഞാനം, മേഘങ്ങള്‍, ഇടി, മിന്നല്‍ തുടങ്ങിയവയും പരാമര്‍ശിക്കുന്നു. ബിംബാരാധനയുടെ ഫലശൂന്യതയും നിരര്‍ഥകതയുമാണ് മറ്റൊരു വിഷയം. സത്യവിശ്വാസികളുടെ അന്തിമ നിവാസ കേന്ദ്രമായ സ്വര്‍ഗം, നിഷേധികളുടെ സങ്കേതമായ നരകം എന്നിവയെക്കുറിച്ചും പറയുന്നു. -എല്ലാം നബി (സ്വ) യുടെ മക്കയിലെ ജീവിതത്തിലെ അത്യന്തം പ്രസക്തമായ കാര്യങ്ങള്‍. നാല്‍പത്തിമൂന്ന് സൂക്തങ്ങളാണ് ഈ അധ്യായത്തില്‍. എണ്ണൂറ്റി അറുപത്തഞ്ച് പദങ്ങളും മൂവായിരത്തി അഞ്ഞൂറ്റിആറ് അക്ഷരങ്ങളുമാണ്. നൂന്‍, ഖാഫ്, റാഅ്, ദാല്‍, ഐന്‍, ബാഅ്, ലാം എന്നീ ഏഴിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ സമാപനം. ഇതില്‍ ഐനില്‍ അവസാനിക്കുന്ന ഒരൊറ്റ ആയത്തേയുള്ളു, സൂക്തം 26. കുറേ സൂക്തങ്ങള്‍ ''നൂന്‍''ലാണവസാനിക്കുന്നത്; അവിടെയൊക്കെ അതിന് മുമ്പ് ''വാവ്'' ആകുന്നു. വേറെ കുറേ വാക്യങ്ങള്‍ ''ബാഇ''ലാണവസാനിക്കുന്നത്; എന്നാല്‍ അവയുടെ മുമ്പൊക്കെ അലിഫാണ്; ഒരപവാദം മാത്രം സൂക്തം 28 (ബസ്വാഇര്‍ 2:262). സൂറത്തുര്‍റഅ്ദ് എന്നാണിതിന്റെ പേര്. ''റഅ്ദ്'' എന്നാല്‍ ഇടി. ഇതിലെ 13-ാം സൂക്തത്തില്‍, ഇടി അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു എന്ന് പറയുന്നുണ്ട്. അതില്‍ നിന്നാണ് പേര് വന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലേ കുരുക്കഴിക്കാനാകാത്ത ഒരത്യദ്ഭുത പ്രതിഭാസമായിരുന്നു ഇടിയും മിന്നലും ഇടിത്തീയുമെല്ലാം. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ജ്യോതിശാസ്ത്രവും ഗോളശാസ്ത്രവും വാനശാസ്ത്രവുമൊക്കെ അചിന്ത്യമായിരുന്ന ഒരു കാലത്ത് അന്തരീക്ഷത്തിലും മേഘപടലങ്ങളിലും വെച്ച് മനുഷ്യനെ ഭീഷണിപ്പെടുത്തിയിരുന്ന ഇടിയും മിന്നലും ഖുര്‍ആനില്‍ ചര്‍ച്ചാവിധേയമായത് എത്ര ശ്രദ്ധേയവും കൗതുകകരവുമായിരിക്കുന്നു! ആധുനിക ശാസ്ത്രം ഈ അദ്ഭുതപ്രതിഭാസത്തെക്കുറിച്ച് ചില വിവരങ്ങളെല്ലാം മനുഷ്യരാശിക്ക് നല്‍കുന്നുണ്ട്. പക്ഷെ, ആ ശാസ്ത്രകാരന്മാര്‍ അതില്‍ സംതൃപ്തരല്ലെന്നതാണ് വസ്തുത. അന്തരീക്ഷ വൈദ്യുതിയുടെ വിസര്‍ജ്ജനം മൂലമുണ്ടാകുന്ന പ്രകാശമാണ് മിന്നലെന്നും അതിന്റെ ശബ്ദമാണ് ഇടിനാദമെന്നും ശാസ്ത്രം സിദ്ധാന്തിക്കുന്നു. ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ഈ കാര്യത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ തിരിച്ചുവെങ്കില്‍, കേവലം രണ്ടര നൂറ്റണ്ട് മുമ്പ് ജീവിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ എന്ന അമേരിക്കന്‍ ശാസ്ത്രകാരനാണ് ഏറ്റമാദ്യമായി (എ.സി. 1752ല്‍) ഈ വിഷയകമായ ഗവേഷണം നടത്തിയത്. കാര്‍മേഘ പടലങ്ങളില്‍ സൂക്ഷ്മമായ ഒട്ടേറെ ജലകണങ്ങളുണ്ടെന്നും പോസിറ്റീവോ നെഗറ്റീവോ ആയ വൈദ്യുതചാര്‍ജ് ഇവക്ക് ഓരോന്നിനും ഉണ്ടെന്നും ശാസ്ത്രം പറയുന്നു. ഇവ ക്രമീകരിക്കപ്പെടുന്നത്, നെഗറ്റീവ് ചാര്‍ജ് കണങ്ങള്‍ അടിഭാഗത്തും മറ്റേത് മുകള്‍ ഭാഗത്തുമായാണ്. കാര്‍മേഘങ്ങള്‍ സമയം ചെല്ലുന്തോറും തണുത്തുവന്നുകൊണ്ടിരിക്കും. അതനുസരിച്ച് നെഗറ്റീവ് ചാര്‍ജും കൂടിക്കൂടി വരും. ഈ വര്‍ധിച്ചുവന്ന നെഗറ്റീവ് ചാര്‍ജുകള്‍ (ഇലക്‌ട്രോണുകള്‍) ഭൗമോപരിതലത്തിലെ പോസിറ്റീവ് ചാര്‍ജുമായി സന്ധിക്കുന്നതിന് തിങ്ങിനില്‍ക്കുന്ന വായുവിനെ ഭേദിച്ച്‌കൊണ്ട് അതിദ്രുതം കുതിക്കുന്നതാണ്. തല്‍സമയം വായുവിലുള്ള അണുക്കള്‍ ചൂടുപിടിച്ച് വരകളെപ്പോലെ പ്രകാശ രൂപത്തില്‍ വെളിപെടും. അതാണ് മിന്നല്‍. ഈ അതിശക്തമായ പ്രവാഹം മൂലം വായുപാളികളിലുണ്ടാകുന്ന തരംഗങ്ങളത്രേ ശബ്ദമായി നാം കേള്‍ക്കുന്ന ഇടി. ഇതാണ് ഇടിമിന്നലിനെക്കുറിച്ചുള്ളൊരു ശാസ്ത്രീയ വീക്ഷണം. എന്നാല്‍ തികച്ചും സ്പഷ്ടവും വ്യക്തവും സുസമ്മതവുമായി ഈ പ്രതിഭാസത്തെ അനാവരണം ചെയ്യാന്‍ ശാസ്ത്രത്തിനായിട്ടില്ല എന്നതാണ് വസ്തുത. അദ്ഭുതകരമായ ഈ പ്രതിഭാസത്തിന് തികച്ചും തൃപ്തികരമായ ഒരു ശാസ്ത്രീയ വിശദീകരണം ഇന്നുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും മേഘങ്ങളില്‍ വൈദ്യുതാരോപം ഉണ്ടാകുന്നതെങ്ങനെയെന്ന് ഇപ്പോഴും അറിവായിട്ടില്ലെന്നും അപൂര്‍ണങ്ങളായ ഭിന്ന വീക്ഷണങ്ങളാണ് ഇതിലുള്ളതെന്നുമാണ് ശാസ്ത്രത്തിന്റെ പ്രഖ്യാപനം (സര്‍വ്വ വിജ്ഞാന കോശം വാള്യം 3: പേജ് 636 നോക്കുക). ഇങ്ങനെ എത്രയെത്ര സര്‍വ്വസാധാരണമായ നഗ്നയാഥാര്‍ഥ്യങ്ങളുണ്ട് മനുഷ്യനറിയാത്തവ! പക്ഷെ, താന്‍ സര്‍വ്വജ്ഞനാണെന്ന് അതേ സമയം മനുഷ്യന്‍ അഹങ്കരിക്കുകയും ചെയ്യുന്നു. ഏതായാലും അല്ലാഹുവാണതിനെ ഉണ്ടാക്കുന്നത്. അത് തന്റെ മഹത്വം പ്രകീര്‍ത്തിക്കുകയാണെന്ന് ആ സ്രഷ്ടാവ് പറയുന്നു. നമുക്കതംഗീകരിക്കാന്‍ മറ്റൊരാളുടെ ചീട്ടു വേണ്ടല്ലോ. ബുദ്ധിയില്ലാത്ത ജീവികള്‍ മാത്രമല്ല, നിര്‍ജീവ വസ്തുക്കള്‍ പോലും അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്നുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. നിങ്ങള്‍ക്കത് ഗ്രഹിക്കാനാവില്ല എന്നും ഒരിടത്ത് മനുഷ്യനെ ഉണര്‍ത്തിയിട്ടുണ്ട് (അല്‍ഇസ്‌റാഅ് 44, അന്നൂര്‍ 41, അല്‍ഹശ്ര്‍ 24, അല്‍ജുമുഅ 1, അല്‍അമ്പിയാ 79, സ്വാദ് 18 മുതലായവ നോക്കുക).

No comments:

Post a Comment

Note: only a member of this blog may post a comment.