സൂറത്തുത്തൗബ എന്നാല്‍ പശ്ചാത്താപത്തിന്റെ സൂറ എന്നര്‍ഥം. സത്യവിശ്വാസികളുടെ പശ്ചാത്താപസ്വീകാരത്തെക്കുറിച്ച് ഒന്നിലേറെ സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നതിനാലാണാ പേരു വന്നത്. ആദ്യപദം പരിഗണിച്ച് സൂറത്തുല്‍ ബറാഅ എന്നും ഇതിന് പേരുണ്ട്. മദീനയില്‍ അവതരിച്ചതാണിതെന്നതില്‍ പണ്ഡിതന്മാര്‍ ഏകകണ്ഠരാണ്. നൂറ്റി ഇരുപത്തൊമ്പത് സൂക്തങ്ങളാണിതില്‍. രണ്ടായിരത്തി നാനൂറ്റി തൊണ്ണൂറ്റിയേഴ് പദങ്ങളും പതിനായിരത്തി എഴുനൂറ്റി എണ്‍പത്തിയേഴ് അക്ഷരങ്ങളും ഇതിലുണ്ട്. ലാം, മീം, നൂന്‍, റാഅ്, ബാഅ് എന്നീ അഞ്ചിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങളവസാനിക്കുന്നത്. എന്നാല്‍, ലാമിലും ബാഇലും അവസാനിക്കുന്ന ഓരോ ആയത്തുകളേയുള്ളൂ-സൂക്തം 38, 78. റാഇല്‍ അവസാനിക്കുന്ന ഏതാനും സൂക്തങ്ങളുണ്ട്. അവയുടെയെല്ലാം തൊട്ടുമുമ്പ് യാഅ് ആണ് വരുന്നത്. എട്ടുപേരുകളും ഇതിനുണ്ട്.....(ബസ്വാഇര്‍ 1:227) മദനീ സൂറകളുടെ പൊതുസ്വഭാവം ഇതിലും മികച്ചുനില്‍ക്കുന്നതു കാണാം. നിയമനിര്‍മാണ സംബന്ധമായ വളരെ സൂക്തങ്ങള്‍ ഇതിലുണ്ട്. മാത്രമല്ല, മുന്‍ അധ്യായത്തിലെ പല കാര്യങ്ങളുടെയും വിശദീകരണങ്ങളും വിവരണങ്ങളും ഇതിലുണ്ട്. മതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളായി മുന്‍സൂറത്തില്‍ വന്ന ചില കാര്യങ്ങളും ഇതില്‍ പരത്തിപ്പറഞ്ഞിരിക്കുന്നു. ബഹുദൈവവിശ്വാസികളോടും വേദക്കാരോടുമുള്ള യുദ്ധകാര്യങ്ങള്‍ സംബന്ധിച്ച് മുന്‍സൂറയില്‍ പരാമര്‍ശമുണ്ടായിരുന്നുവല്ലോ. എന്നാല്‍, ഇതില്‍ അക്കാര്യം കൂടുതല്‍ വിസ്തരിച്ചുപറയുന്നുണ്ട്. അവിടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് അവര്‍ ആളുകളെ ഉപരോധിച്ചിരുന്ന കാര്യം പറഞ്ഞിരുന്നു. (സൂക്തം 34) അവര്‍ മസ്ജിദുല്‍ ഹറാമിന്റെ സംരക്ഷകരോ ഗുണകാംക്ഷികളോ അല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇവിടെ 17-ാം സൂക്തം മുതല്‍ അക്കാര്യം കൂടുതല്‍ വിവരിക്കുന്നുണ്ട്. ഉടമ്പടികളും കരാറുകളും സംബന്ധിച്ച് ചില വിഷയങ്ങള്‍ അന്‍ഫാലില്‍ പറഞ്ഞുവെങ്കിലും ഇവിടെ സൂറത്ത് ആരംഭിക്കുന്നതു തന്നെ അതിന്റെ പ്രതിപാദനത്തോടെയാകുന്നു. അല്ലാഹുവിന്റെ വഴിയില്‍ ധനം ചെലവഴിക്കുന്നത് സംബന്ധിച്ച് അന്‍ഫാല്‍ 3, 60 മുതലായ സൂക്തങ്ങളില്‍ ഹ്രസ്വമായി പരാമര്‍ശിക്കുകയാണ് ചെയ്തതെങ്കില്‍ ഈ അധ്യായത്തില്‍ അക്കാര്യം വളരെയേറെ സൂക്തങ്ങളില്‍ പരാമൃഷ്ടമായിരിക്കുന്നു. കപടവിശ്വാസികളെ സംബന്ധിച്ചും പല സൂക്തങ്ങളിലൂടെ വിസ്തൃത പരാമര്‍ശങ്ങള്‍ ഈ സൂറയില്‍ വരുന്നു. ഈദൃശമായ കാരണങ്ങളാല്‍ അന്‍ഫാലിന്റെ തുടര്‍ച്ചയാണ് ഇതെന്നും അതുകൊണ്ടാണ് ഇതില്‍ ''ബിസ്മി'' രേഖപ്പെടുത്താത്തത് എന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, ''ബിസ്മി'' രേഖപ്പെടുത്താതിരിക്കാന്‍ കാരണം, ഇതിലെ ദൈവകോപത്തെയും ശിക്ഷയെയും യുദ്ധകാര്യങ്ങളെയും സംബന്ധിച്ച വ്യാപകമായ പ്രതിപാദനമാണ് എന്നത്രെ പ്രബലാഭിപ്രായം. ഹുദൈഫത്തുബ്‌നുല്‍ യമാന്‍(റ) തന്റെ കൂട്ടുകാരോട് പറഞ്ഞു: നിങ്ങള്‍ ഈ അധ്യായത്തിന് സൂറത്തുത്തൗബ എന്നാണല്ലോ പറയുന്നത്. യഥാര്‍ഥത്തിലിത് ശിക്ഷയുടെ സൂറയാകുന്നു. ഒരൊറ്റ കപടവിശ്വാസിയെയും പിടികൂടാതെ വിട്ടുകളഞ്ഞിട്ടില്ല. (തഫ്‌സീര്‍ കശ്ശാഫ് 2: 241). ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: എന്താണ് ''ബറാഅത്ത് സൂറ''യില്‍ ബിസ്മി എഴുതാത്തത് എന്ന് അലി(റ)യോട് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണമിതായിരുന്നു: ബിസ്മി ഒരു വിശ്വസ്തതയാണ്; ബറാഅത്ത് സൂറ അവതരിച്ചതാകട്ടെ വാളുംകൊണ്ടാകുന്നു. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ ബിസ്മി എഴുതപ്പെട്ടിട്ടില്ല. കാരണം, ബിസ്മി ചൊല്ലല്‍ റഹ്മത്ത് (കാരുണ്യം) ആണ്; കാരുണ്യമെന്നത് വിശ്വസ്തതയും. ഈ സൂറ അവതരിച്ചത് കപടവിശ്വാസികളെ പരമാര്‍ശിച്ചും വാളിനെക്കുറിച്ച് പറഞ്ഞുകൊണ്ടുമാണ്. കപടവിശ്വാസികള്‍ക്ക് യാതൊരു വിശ്വസ്തതയും ഇല്ലല്ലോ. (ഖുര്‍ഥുബി 8:63 ഉം ഇബ്‌നു കസീര്‍ രണ്ടാം വാല്യം മുന്നൂറ്റിമുപ്പത്തൊന്നാം പേജും കാണുക) ഖുര്‍ആന്റെ ഉല്ലേഖനകാര്യത്തില്‍ സ്വഹാബത്ത് പാലിച്ചിരുന്ന കാര്‍ക്കശ്യത്തിന് ബിസ്മിയുടെ ഇവിടത്തെ അഭാവം ഓരൊന്നാന്തരം തെളിവുകൂടിയായി മനസ്സിലാക്കാം. ഖുര്‍ആനിലെ നൂറ്റിപ്പതിനാലു സൂറകളില്‍ ഒമ്പതാമത്തേത് ഇതാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. നൂറ്റിപ്പതിമൂന്ന് സൂറകളും ബിസ്മികൊണ്ട് ആരംഭിക്കുമ്പോള്‍ ഇത് മാത്രം അതില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ സൂറയും ഇന്നിന്ന സ്ഥലങ്ങളില്‍ വെക്കേണ്ടതാണെന്നും ഓരോന്നിന്റെയും മുമ്പും പിമ്പുമുള്ളത് ഏതാണെന്നും തിരുനബി(സ്വ) നിര്‍ദേശിച്ചുകൊടുത്തതനുസരിച്ചുമാത്രമാണ് സ്വഹാബികള്‍ രേഖപ്പെടുത്തിവെച്ചിരുന്നത്. റസൂല്‍(സ്വ) വഫാതാകുന്നതുവരെയും ബിസ്മി ബറാഅത്ത് സൂറയില്‍ ഉള്‍പ്പെട്ടതായി ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നിട്ടില്ലായിരുന്നു എന്ന ഉസ്മാന്‍(റ)ന്റെ പ്രസ്താവം അവിടത്തെ നിര്‍ദേശവും വിവരണവുമനുസരിച്ച് മാത്രമായിരുന്നു സൂറകള്‍ ക്രമീകരിച്ചുവെച്ചിരുന്നതെന്നതിന് തെളിവാകുന്നു എന്ന് ഇമാം ഖുര്‍ഥുബി രേഖപ്പെടുത്തിയിരിക്കുന്നു. (അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 8:63) ഏറ്റം അവസാനമായി ഇറങ്ങിയ സൂറത്ത് ഇതാണ് എന്ന ഹദീസ് ബഹാഉബ്‌നു ആസിബ്(റ)വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, സൂറത്തുനസ്വ്ര്‍ ആണ് അവസാനമവതരിച്ചത് എന്നത്രേ ചില പണ്ഡിതരുടെ അഭിപ്രായം. സൂറത്തുത്തൗബയുടെ ആദ്യവചനങ്ങള്‍ തബൂക്കില്‍ നിന്നു മടങ്ങവേ (സൂറത്തുന്നസ്വ്‌റിനു മുമ്പ്) അവതരിച്ചു എന്നതായിരിക്കണം അവരങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം. ''നസ്വ്‌റി''ന്റെ അവതരണം ഹുനൈനില്‍ നിന്ന് മടങ്ങവേ ആയിരുന്നു എന്ന് ഇമാം വാഹിദി രേഖപ്പെടുത്തിയിട്ടുണ്ട്. (അസ്ബാബുന്നുസൂല്‍ 261) ഇമാം ഇബ്‌നുകസീര്‍(റ) എഴുതുന്നു: ഈ അധ്യായത്തിന്റെ പ്രാരംഭം തിരുനബി (സ്വ) തബൂക്കില്‍ നിന്നു മടങ്ങവേയാണവതരിച്ചത്. ജനങ്ങളുടെ ഹജ്ജ്കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാനായി അബൂബക്ര്‍ സിദ്ദീഖ്(റ)വിനെ റസൂല്‍ (സ്വ) അയച്ചിരുന്നു. അദ്ദേഹം മടങ്ങുമ്പോള്‍, ഈ സൂക്തത്തിലെ വിധികള്‍ ജനമധ്യേ വിളംബരം ചെയ്യാനായി അവിടന്ന് അലി(റ)യെ മക്കയിലേക്കയച്ചു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 2:331) ഹിജ്‌റ ഒമ്പതാം വര്‍ഷമാണ് ഈ സൂറത്ത് അവതരിച്ചത്. പല പ്രമുഖ യുദ്ധങ്ങളും നടന്നത് ഈ വര്‍ഷത്തിലായിരുന്നു തബൂക്ക്, മുഅ്ത്ത, ദാത്തുസ്സലാസില്‍, മക്ക ഫത്ഹ് തുടങ്ങിയവ ഉദാഹരണം. ഇവയില്‍ തബൂക്ക് ആയിരുന്നു ഏറ്റം സാഹസികമായി വിശ്വാസികള്‍ക്കനുഭവപ്പെട്ടത്. കാരണം, അത് കൊടുംചൂടിന്റെ സമയമായിരുന്നു. മദീനയില്‍ നിന്ന് 600 ലധികം കിലോമീറ്റര്‍ ദൂരമുണ്ടങ്ങോട്ട്. മാത്രമല്ല, ഈത്തപ്പനകൃഷിയിലേര്‍പ്പെട്ടവരാണല്ലോ പലരും. ആ വര്‍ഷം നല്ല ചൂടായതിനാല്‍ ഈത്തപ്പനക്കുലകള്‍ നിറഞ്ഞുതിങ്ങി തൂങ്ങിനില്‍ക്കുകയായിരുന്നു. അതിന്റെ വിളവെടുപ്പിനു സമയവുമായിരിക്കുന്നു. വെയിലും തീക്കാറ്റും അത്യുഷ്ണവുമൊക്കെ സഹിച്ച് വളര്‍ത്തിയുണ്ടാക്കിയ ഈത്തപ്പഴക്കുലകള്‍ പറിച്ചെടുക്കാന്‍ സമയത്താണ് തബൂക്കിലേക്കുള്ള അല്ലാഹുവിന്റെ വിളി. ശരിയായ, കര്‍ക്കശമായ ഒരു പരീക്ഷണത്തിന്റെ ഘട്ടം. സത്യവിശ്വാസികള്‍ അതില്‍ വിജയിക്കുക തന്നെ ചെയ്തു. പല കാര്യങ്ങളിലുമുള്ള വിധികള്‍ക്കു പുറമെ ബഹുദൈവവിശ്വാസികളോടും കപടവിശ്വാസികളോടുമുള്ള ഇടപാടുകള്‍ സംബന്ധിച്ച ഇസ്‌ലാമിക വിധി ഈ സൂറയില്‍ അടിസ്ഥാനപരമായി തന്നെ വിവരിച്ചിട്ടുണ്ട്. മറ്റൊന്ന്, മുഅ്ത യുദ്ധത്തിന് ആഹ്വാനമുണ്ടായപ്പോള്‍ ജനങ്ങളുടെ മനഃസ്ഥിതി അനാവരണം ചെയ്തതാണ്. ഒരു വിദേശ യുദ്ധമായിരുന്നു അത്. ഈ രണ്ടു കാര്യങ്ങളും അന്നു നിലവിലുണ്ടായിരുന്ന പശ്ചാത്തലത്തിലെന്നല്ല ലോകാവസാനം വരെയും നിലനില്‍ക്കേണ്ട അത്യന്തം നിര്‍ണായകമായ കാര്യങ്ങളായിരുന്നു: മുശ്‌രിക്കുകളും സത്യനിഷേധികളും മറ്റു ശത്രുക്കളുമൊക്കെ ഒന്നാം തിയ്യതി മുതലേ ഇസ്‌ലാമിന്റെ മുമ്പില്‍ ഉപരോധിക്കുവാനായി സജ്ജരായിരുന്നു. രണ്ടു പതിറ്റാണ്ടുകാലം ഇപ്പോള്‍ പിന്നിട്ടിരിക്കുകയാണ്. തങ്ങളുടെ ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തിക്കൊണ്ടും കുത്സിത പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും പൂര്‍വോപരി സജീവമാക്കിക്കൊണ്ടും അവര്‍ ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍, അവരെ തകര്‍ത്ത് നാമാവശേഷമാക്കാന്‍ അല്ലാഹു അശക്തനായതുകൊണ്ടായിരുന്നില്ല ഇത്. മറിച്ച്, മേല്‍ക്കുമേലുള്ള പ്രബോധനവും മാര്‍ഗദര്‍ശനവും കൊണ്ട് ഫലം ഉണ്ടായെങ്കിലോ എന്നു വെച്ചാണവന്‍ അവധാനത കൈക്കൊണ്ടത്. മുന്‍സൂറയില്‍ അതിന്റെ ന്യയീകരണം അല്ലാഹു വ്യക്തമാക്കുകയുണ്ടായി. (സൂക്തം 42) എന്നാല്‍, ഇനിയും ഈ അരക്ഷിതാവസ്ഥ തുടരാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഇനിയങ്ങോട്ട് ഒരു നിര്‍ണായക വഴിത്തിരിവായി നിശ്ചയിച്ചിരിക്കുകയാണ് അല്ലാഹു. അങ്ങനെ ശത്രുക്കളുമായി ചെയ്ത കരാറുകളെക്കുറിച്ച് അന്തിമതീരുമാനമുണ്ടാക്കി. അതുവരെയും ശിര്‍ക്കും കുഫ്‌റുമൊക്കെ വെച്ചുപുലര്‍ത്തിക്കൊണ്ടു തന്നെ ആളുകള്‍ കഅ്ബ ഥവാഫ് ചെയ്തിരുന്നു. നഗ്നരായിക്കൊണ്ട് അവരക്കാര്യം നിര്‍വഹിച്ചിരുന്നത് മുമ്പ് വിവരിച്ചിട്ടുണ്ട്. എന്നാല്‍, ഇനി മേല്‍ ബഹുദൈവ വിശ്വാസികള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്ന നിരോധനം വന്നു. സത്യവിശ്വാസികളും സത്യനിഷേധികളുമായി പലവിധ ഉഭയകക്ഷി ബന്ധങ്ങളുമുണ്ടായിരുന്നു. അവ തുടര്‍ന്നുകൂടെന്ന് കല്‍പിച്ചു. തങ്ങളെ അടിച്ചമര്‍ത്തി നാമാവശേഷമാക്കുക എന്ന ഏകപ്രതിജ്ഞയുമായി നടക്കുന്നവരോട് മുസ്‌ലിംകള്‍ എങ്ങനെ സഹവര്‍ത്തിത്വം പുലര്‍ത്തും. എന്നാല്‍, അതേ സമയം ചില വ്യവസ്ഥകള്‍ക്ക് വിധേയമായി അവര്‍ക്ക് അറേബ്യയില്‍ താമസിക്കാനും അവരുമായി ഇടപാടുകള്‍ നടത്താനും അനുമതി നല്‍കി. രാഷ്ട്രീയ ബന്ധങ്ങളും നയതന്ത്രപരമായ ഇടപാടുകളുമൊക്കെ വളരെ ബുദ്ധിപൂര്‍വകവും മാതൃകായോഗ്യവുമായ നിലയില്‍ തിരുനബി(സ്വ)യുടെ ഇസ്‌ലാമിക സ്റ്റേറ്റില്‍ നിലവിലുണ്ടായിരുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്‌ലാമിന്റെ പ്രവാചകന്‍ കൈക്കൊണ്ട അത്തരം നയങ്ങളും തന്ത്രങ്ങളുമൊക്കെ വളരെ കൗതുകപൂര്‍വമാണ് രാജ്യതന്ത്രജ്ഞന്മാര്‍ ഈ ആധുനിക യുഗത്തില്‍ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. ഈ നിലക്ക് തിരുനബിക്കും ബഹുദൈവ വിശ്വാസികള്‍ക്കുമിടയില്‍ പല കരാറുകളും ഉടമ്പടികളും നിലവിലുണ്ടായിരുന്നു. വേദക്കാരുമായും പല കരാറുകളും അവിടന്ന് ചെയ്തു. എന്നാല്‍, ഇവരൊക്കെ ആ സന്ധികളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും നബിയെയും മുസ്‌ലിംകളെയും വഞ്ചിക്കുകയും ചെയ്തു. ജൂതന്മാരുമായി ഗൂഢാലോചന നടത്തിയാണ് ബഹുദൈവവിശ്വാസികള്‍ പലപ്പോഴും രംഗത്തുവന്നത്. ബനൂന്നളീര്‍, ബനൂഖുറൈള, ബനൂ ഖൈനുഖാഅ് മുതലായ ജൂതഗോത്രങ്ങള്‍ നബിയെ ചതിച്ചതിന് കൈയും കണക്കുമില്ല. ഈദൃശമായ പശ്ചാത്തലത്തിലാണ് ബറാഅത്ത് സൂറത്ത് അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിംകളെ അല്ലാഹു പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്: സത്യദീക്ഷയുടെയും നീതീബോധത്തിന്റേയും പേരില്‍ ഇനിയും നിങ്ങള്‍ ആ കരാറുകളിലും സന്ധികളിലും ഉറച്ചുനില്‍ക്കുകയെന്നത് ദൗര്‍ബല്യമാണ്. മുസ്‌ലിംകള്‍ കഥയില്ലാത്തവരാണെന്നാണ് ഇതിനെപ്പറ്റി ചരിത്രം രേഖപ്പെടുത്തുക. അതുകൊണ്ട് ഇനിമേല്‍ നിങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും വേണ്ട. വേദക്കാരുടെ കാര്യവും പ്രത്യേകം എടുത്തുപറഞ്ഞു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത....... വേദക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക എന്നാണ് അല്ലാഹു കല്‍പിച്ചത്. പത്തിരുപത് സൂക്തങ്ങള്‍ ആ വിഭാഗത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നുണ്ട്. അവരുടെ കുതന്ത്രങ്ങളും ഗൂഢാലോചനകളും ദുര്‍മോഹങ്ങളും തനിനിറവുമൊക്കെ അവിടെ അനാവരണം ചെയ്യുന്നുണ്ട്. അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ വ്യര്‍ഥശ്രമം നടത്തുന്ന യഹൂദികള്‍ പരാജയപ്പെടുകതന്നെ ചെയ്യുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു. എത്ര ചിന്തോദ്ദീപകമാണ് ആ സൂക്തങ്ങള്‍. സത്യവിശ്വാസികളൊന്നിച്ച് നടക്കുകയും കാപട്യം ഉള്ളിലൊളിച്ചുവെക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടായിരുന്നു മദീനയില്‍. മുന്‍സൂറയിലും അല്‍ബഖറയുടെ ആരംഭത്തിലുമൊക്കെ അവരെക്കുറിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇവിടെ അവരെ തൊലിയുരിച്ചുതന്നെ കാണിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ സൂറത്തുല്‍ ഫാളിഹ എന്ന ഒരു പേരുതന്നെ ഈ അധ്യായത്തിനു ലഭിച്ചിട്ടുണ്ട്. ഹസ്രത്ത് സഈദുബ്‌നു ജുബൈര്‍(റ) പറയുന്നു: ഇബ്‌നു അബ്ബാസി(റ)നോട് സൂറത്തുത്തൗബയെപ്പറ്റി ഞാന്‍ ചോദിച്ചു. അതാണ് സൂറത്തുല്‍ ഹാഫിള എന്നദ്ദേഹം പറഞ്ഞു. കാരണം വമിന്‍ഹും...... വമിന്‍ഹും.... (അവരില്‍ ഇങ്ങനെയുള്ളവരുണ്ട്.......) എന്നാരംഭിച്ചുകൊണ്ടാണ് അതവതരിച്ചുകൊണ്ടിരുന്നത്. ഒരാളെയും ഈ സൂറ വെറുതെവിടില്ല എന്നുവരെ ഞങ്ങള്‍ ഭയപ്പെട്ടുപോയി. (തഫ്‌സീര്‍ ഖുര്‍ഥുബി 8:61) മുസ്‌ലിംകളുടെ ഭദ്രതയും ഐക്യവും സുരക്ഷിതത്വവും വിശ്വാസദൃഢതയുമൊക്കെ ശിഥിലമാക്കുന്നതിന് ഏറ്റവും വലിയ ഭീഷണി ഈ കപടന്മാരായിരുന്നു. ബദ്ധവൈരികളായ മുശ്‌രിക്കുകള്‍ പോലും ഇവരുടെയത്ര അപകടകാരികളായിരുന്നില്ല. അല്ലാഹുവിന്റെ ഭവനമാകുന്ന പള്ളി നിര്‍മിച്ച് തങ്ങളുടെ കുത്സിത ശ്രമങ്ങള്‍ക്ക് ഏകീഭാവം നല്‍കാനും വ്യവസ്ഥാപിത ക്രമമുണ്ടാക്കാനും വരെ ഇവര്‍ സന്നദ്ധരായി. അങ്ങനെയവര്‍ മസ്ജിദുള്ളിറാര്‍ നിര്‍മ്മിക്കുകയും നബി(സ്വ)യെ കൊണ്ടത് ഉദ്ഘാടനം ചെയ്യിക്കാന്‍ വിഫല ശ്രമം നടത്തുകയും ചെയ്തു. സത്യത്തിന്റെ മുഖം മൂടിയണിയിച്ച് അസത്യം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എക്കാലവും ഇത് പാഠമാണ്. സുന്നത്ത് ജമാഅത്തിന്റെ പേര്പറഞ്ഞ്, അതിന്റെ കുപ്പായവും തലപ്പാവുമണിഞ്ഞ് രംഗത്തുവരുന്ന കപടഭക്തന്മാരെയും ശുഭ്രവേഷധാരികളെയുമൊക്കെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാം വായിച്ചുമനസ്സിലാക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment
Note: only a member of this blog may post a comment.