അല്‍ഖസ്വസ്വ് എന്നാണ് ഈ അധ്യായത്തിന്റെ പേര്. സംഭവം, ചരിത്രം, കഥ എന്നൊക്കെയാണര്‍ത്ഥം. ഇതിലെ ഇരുപത്തിയഞ്ചാം ആയത്തില്‍ ''അല്‍ഖസ്വസ്വ്'' എന്ന വാക്ക് വരുന്നുണ്ട്. അതാണ് നാമകരണത്തിന്റെ നിദാനം. വിശദ വിവരങ്ങളും പശ്ചാത്തലവും അവിടെനിന്ന് മനസ്സിലാക്കാം. മക്കയില്‍ അവതരിച്ചതാണിത്. സൂക്തങ്ങള്‍ എണ്‍പത്തിയെട്ടാണ്. എന്നാല്‍ 52-55, 85 എന്നീ വചനങ്ങള്‍ തിരുനബി (സ്വ)യുടെ ഹിജ്‌റ യാത്രയില്‍ മക്ക വിട്ട ശേഷം, മദീനയോടടുത്ത ജുഹ്ഫയില്‍ അവതരിച്ചതായതിനാല്‍ ആ അഞ്ച് ആയത്തുകള്‍ മദനീഗണത്തില്‍ പെട്ടതാണ് എന്നത്രേ ഇമാം മുഖാത്തിലിന്റെ പക്ഷം. തൊട്ടുമുമ്പുള്ള അശ്ശുഅറാഇന്റെയും അന്നംലിന്റെയും പിന്നിലായാണ് ഇതിന്റെ അവതരണം. ഈ മൂന്ന് സൂറകളുടെയും പ്രമേയങ്ങള്‍ പരസ്പര ബന്ധിതമാണെന്ന് മുമ്പ് നാം പറഞ്ഞിട്ടുണ്ട്. മൂസാനബി(അ)ന്റെ ചരിത്രം ആ രണ്ടു സൂറകളിലും പരാമര്‍ശിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, തദ്വിഷയകമായി അവിടങ്ങളില്‍ ഹ്രസ്വമാക്കിയത് പരത്തിപ്പറഞ്ഞിട്ടുണ്ട്. വിശിഷ്യ മൂസാനബിയുടെ ബാല്യകാല ചരിത്രം. ഫിര്‍ഔന്‍ തന്നെ വളര്‍ത്തിയത് ഇവിടെ വിവരിക്കുന്നുണ്ട്. ഇസ്രയേല്യരിലെ ആണ്‍കുട്ടികളെയൊന്നടങ്കം അവന്‍ അറുകൊല നടത്താന്‍ തുടങ്ങിയതും തന്മൂലം മാതാവ് തന്നെ നദിയിലെറിഞ്ഞതും പിന്നീട് ഖിബ്ഥിയെ കൊന്നതും മദ്‌യനിലേക്ക് ഒളിച്ചോടിയതും ശുഐബ് നബി(അ)ന്റെ മകളെ വിവാഹം ചെയ്തതും ശേഷം നുബുവ്വത്തും രിസാലത്തും കിട്ടിയതുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. കഴിഞ്ഞ സൂറയില്‍ 83-85 സൂക്തങ്ങളില്‍ ബഹുദൈവ വിശ്വാസികള്‍ അല്ലാഹുവിന്റെ ചോദ്യം ചെയ്യലിനുമുമ്പില്‍ നിശ്ശബ്ദരും സ്തബ്ധരുമായി നിന്നുപോകുന്ന കാര്യം സംഗ്രഹിച്ച് പറഞ്ഞിരുന്നു. ഇവിടെ അറുപത്തൊന്ന് മുതലുള്ള പത്ത് സൂക്തങ്ങളില്‍ അത് സവിസ്തരം വിവരിച്ചിരിക്കുകയാണ്. മുന്‍സൂറകളില്‍ രണ്ടിലും ദൈവിക ശിക്ഷമൂലം നിശിപ്പിക്കപ്പെട്ട വിവിധ സമൂഹങ്ങളുടെ കഥാകഥനങ്ങളുണ്ടായിരുന്നു. അവയത്രയും ആവാഹിച്ചുകൊണ്ട് ഇവിടെ വീണ്ടും ആ സംഭവ പരമ്പരകളിലേക്ക് അതീവസംഗൃഹീതമായി വെളിച്ചം തെളിച്ചിരിക്കുന്നു-ജീവിതത്തില്‍ അഹന്ത നടിച്ച എത്രയെത്ര നാട്ടുകാരെ നാം സംഹരിച്ചിരിക്കുന്നു! അതാ നോക്കൂ, അവരുടെ ആവാസ കേന്ദ്രങ്ങള്‍; അവര്‍ യാത്രയായ ശേഷം വളരെക്കുറച്ചുമാത്രമേ അവിടങ്ങളില്‍ നിവാസമുള്ളു. നാമാണവയുടെ അവകാശികളായത്! (സൂക്തം 58). സത്യവും അസത്യവും, വെളിച്ചവും ഇരുട്ടും, അനുസരണവും ധിക്കാരവും-ഇതൊക്കെയാണ് പ്രധാനമായും സൂറയുടെ പ്രമേയം. അല്ലാഹുവിന്റെ അനുയായികളുടെയും പിശാചിന്റെ പിണിയാളുകളുടെയും ഇടക്കു നടന്ന ശ്രദ്ധേയമായ സംഘട്ടനങ്ങളുമുണ്ട്. അധികാരവും ചെങ്കോലും കൈപിടിയിലൊതുക്കുകയും രാജാധിപത്യവും കിരീടവും തലയിലേറ്റുകയും ചെയ്ത് ധിക്കാരത്തിന്റെ കൊടുമുടിയിലേറിയ ഫിര്‍ഔന്റേതാണ് ഒരു ചരിത്രം. ഇസ്രയേല്യരെ ഹീനവും മൃഗീയവുമായി അവന്‍ പീഢിപ്പിച്ചു. അവരുടെ പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുകയും ആണ്‍ശിശുക്കളെയപ്പടി കൊന്നുകളയുകയും ചെയ്തു. നിങ്ങള്‍ ഞാനല്ലാതെ വേറെയൊരു ദൈവമുള്ളതായറിയില്ല എന്നവന്‍ തട്ടിവിട്ടു-അധികാരപ്രമത്തതയുടെയും സിംഹാസനത്തിന്റെയും ഭ്രാന്ത്! പണത്തിന്റെ കൊഴുപ്പിലും സമ്പാദ്യത്തിന്റെ പളപളപ്പിലും മതിമറന്ന ഒരു ഭാഗ്യദോഷിയുടേതാണ് മറ്റൊരു സുപ്രധാന ചരിത്രം-ഖാറൂന്‍ മുതലാളിയുടെ. രണ്ടും അധുനാതന സമൂഹത്തിന്റെ ഗാത്രത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ദ്രവിച്ചുനാറുന്ന ജീര്‍ണത! ഇല്ലായ്മയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും ദാരിദ്ര്യത്തിന്റെ കൊച്ചുകൂരകളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഉന്നതങ്ങളിലെത്തുന്നവര്‍ പട്ടാപകലും കണ്ണുകാണാത്തവരായിത്തീരുന്നത് എന്തൊരു അല്‍പത്വവും കൃതഘ്‌നതയുമാണ്! ഐശ്വര്യം വരുമ്പോള്‍ അര്‍ദ്ധരാത്രിയും കുടപിടിക്കുന്ന അല്‍പന്മാര്‍ കാഴ്ചക്കാര്‍ക്ക് കൗതുകമുളവാക്കുന്ന വിചിത്ര വസ്തുക്കള്‍ തന്നെ! മ്യൂസിയങ്ങളിലെ ചില്ലുകൂടുകളാണ് തങ്ങളര്‍ഹിക്കുന്ന ആവാസകേന്ദ്രങ്ങളെന്ന് ഈ പാവങ്ങള്‍ക്കറിയില്ല. ഫറോവയുടെ ധിക്കാരത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന സൂറത്ത് മൂസാ നബി(അ)ന്റെ ജനനത്തിലേക്കും ശൈശവത്തിലേക്കും സാമാന്യം വിശദമായി വെളിച്ചം വീശുന്നു. പ്രസവിച്ചുവീണപ്പോള്‍ ഉമ്മക്ക് ഫിര്‍ഔന്‍ കിങ്കരന്മാരെക്കുറിച്ച പേടിയായി. ഉടനെ ശിശുവിനെ പെട്ടിയിലാക്കി നൈല്‍നദിയിലിടാന്‍ അല്ലാഹു തോന്നിച്ചു. അവരങ്ങനെ ചെയ്തു. ആജന്മശത്രുവായ ഫിര്‍ഔന്‍ ആ പിഞ്ചുകുഞ്ഞിനെയെടുത്ത് രാജകീയമായ പരിഗണനയോടെ വളര്‍ത്തി. ''രാജകുമാരന്‍'' വളര്‍ന്നുവലുതായി. തുടര്‍ന്ന് മിസ്വ്‌റിന്റെ തെക്കുകിഴക്ക് ഭാഗത്തായി മദ്‌യനിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതാവസ്ഥയില്‍ നാടുവിട്ടുപോയി മദ്‌യനിലെത്തിയപ്പോള്‍ അവിടത്തെ ശുഐബ് നബി മൂസാ നബി(അ)ന് അഭയം നല്‍കി; മകളെ ജീവിതസഖിയാക്കിക്കൊടുത്തു. കുറേ കഴിഞ്ഞ് ഈജിപ്തിലേക്ക് മടങ്ങവെ നുബുവ്വത്ത് കിട്ടി. ഫിര്‍ഔനെയും ആളുകളെയും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കണം; ഇസ്രാഈല്യരെ ഫറോവയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണം-വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് അല്ലാഹു ഏല്‍പിക്കുന്നത്. ഈജിപ്തിലെത്തി രാജാവിനെ കണ്ടു. സംഭവബഹുലമായ പ്രബോധനരംഗം സംഘട്ടനാത്മകം കൂടിയായി. അവസാനം ധിക്കാരികള്‍ ചെങ്കടലില്‍ മുങ്ങിച്ചത്തു. സത്യം ജയിച്ചു. ഖാറൂന്‍ കഥയുടെ സന്ദേശവും ഇതുതന്നെ-ധിക്കാരികള്‍ക്ക് നിലനില്‍പില്ല. സത്യമേ അന്തിമ വിജയം നേടൂ. ആനുഷംഗികമായി മറ്റുചില പരാമര്‍ശങ്ങളും സൂറയില്‍ വന്നിട്ടുള്ളതായി കാണാം.
No comments:
Post a Comment
Note: only a member of this blog may post a comment.