സബഅ് എന്നത് അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തെ ഒരു പുരാതന രാജ്യത്തിന്റെ പേരാണ്. പ്രശോഭിതമായൊരു സംസ്‌കാരവും ഉയര്‍ന്ന നാഗരികതയും നിലനിന്നിരുന്ന പ്രാചീനസാമ്രാജ്യമാണ് സബഅ്. ഷീബാ സാമ്രാജ്യം എന്നും ഇതറിയപ്പെടുന്നു. അവിടെ സിംഹാസനത്തിലിരുന്ന ബില്‍ഖീസ് രാജ്ഞിയെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചതായി കാണാം: സുലൈമാന്‍ നബി(അ)ന്റെ മരംകൊത്തി ഒരിക്കല്‍ അപ്രത്യക്ഷമാവുകയുണ്ടായി. കുറേകഴിഞ്ഞ് തിരിച്ചെത്തിയ പക്ഷി ബോധിപ്പിച്ചു-...സബഇല്‍ നിന്ന് ചില സൂക്ഷ്മവൃത്താന്തങ്ങളുമായാണ് ഞാന്‍ വരുന്നത്. അന്നാട്ടുകാരുടെ ആധിപത്യം വാഴുന്ന രാജ്ഞിയെ ഞാന്‍ കണ്ടു; അവള്‍ക്ക് സര്‍വവിധ ഭൗതികസൗകര്യങ്ങളുമുണ്ട്; ഒരു മഹാസിംഹാസനവും... (അധ്യായം 27 അന്നംല്, സൂക്തം 20-44 നോക്കുക). ഷീബാസാമ്രാജ്യത്തെക്കുറിച്ച് ബൈബിളിലും പരാമൃഷ്ടമായിട്ടുണ്ട്. ഉയര്‍ന്ന നാഗരികതയും സാമ്പത്തിക സുസ്ഥിതിയും പ്രാപിച്ചിരുന്നു അവര്‍. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍ മുതലായ അമൂല്യവസ്തുക്കള്‍ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു എന്ന് ചരിത്രങ്ങളില്‍ കാണാം. ഇങ്ങനെ നാനാവിധേനയുള്ള ദിവ്യാനുഗ്രഹങ്ങളാല്‍ സൗഭാഗ്യവാന്മാരായിരുന്നു അവര്‍. ഈ സൂറയിലും അവര്‍ക്കുലഭിച്ച ഭൗതിക നേട്ടങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, അനുഗ്രഹങ്ങള്‍ക്കവര്‍ നന്ദികാണിച്ചില്ല. അവയുടെ ദാതാവായ സര്‍വശക്തനെ അവര്‍ വിസ്മരിച്ചു. വിസ്മൃതി പിന്നെപ്പിന്നെ ധിക്കാരത്തിനും നിഷേധത്തിനും അരാജകത്വത്തിനുമൊക്കെ വഴിമാറിക്കൊടുത്തു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദകന്മാര്‍ അവന്റെ ബദ്ധവൈരികളും ധിക്കാരികളുമായി. ഇതുപക്ഷെ, ഏറെക്കാലം അവന്‍ വെച്ചുപൊറുപ്പിക്കുമോ? അണക്കെട്ടുപൊട്ടി ആ ഇഹലോക സ്വര്‍ഗം തകര്‍ന്നു തരിപ്പണമായി. 15-18 സൂക്തങ്ങളില്‍ ഇതിന്റെ വിവരണം വരുന്നുണ്ട്. ചുരുക്കത്തില്‍ ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ പ്രസ്തുത സംഭവമുദ്ധരിച്ചിരിക്കയാലാണ് അധ്യായത്തിന് ആ പേര് നല്‍കിയിരിക്കുന്നത്. മക്കയില്‍ അവതരിച്ചതാണ് ഈ സൂറ. വിശ്വാസപ്രമാണങ്ങളില്‍ സുപ്രധാനമായവ ഇതില്‍ പ്രതിപാദ്യമാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, പുനരുത്ഥാനം, പരലോകം തുടങ്ങിയവ. ഇഹലോക വാസം വെടിഞ്ഞ് പാരത്രിക ലോകത്തെത്തിച്ചേരുന്ന ഏതു മനുഷ്യനും വിജയവും സന്തുഷ്ടിയും സമാധാനവും കാംക്ഷിക്കുന്നവനായിരിക്കും. എന്നാല്‍ അവ കൈവരുവാന്‍ സത്യവിശ്വാസവും സല്‍കര്‍മങ്ങളും മാത്രമാണ് പ്രതിവിധിയെന്ന് ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. മറ്റെന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും അതൊക്കെ അവിടെ അവഗണിക്കപ്പെടുക മാത്രമേ ഉണ്ടാകൂ. മരണാനന്തരമുണ്ടാകുന്ന പുനര്‍ജന്മം, ആ ജന്മത്തില്‍ അഥവാ പരലോകത്ത് ഉണ്ടാകുന്ന രക്ഷാശിക്ഷകള്‍-ഇവ രണ്ടും സംബന്ധിച്ച് ശക്തിയുക്തമായും തെളിവുകള്‍ നിരത്തിയും ഇവിടെ സംസാരിക്കുന്നുണ്ട് അല്ലാഹു. ഇഹ-പരലോകങ്ങള്‍ക്കിടയിലെ ഭിത്തിയാണല്ലോ ഖിയാമത്ത് നാള്‍. അതിന്റെ നിഷേധകരായിരുന്നു മക്കാമുശ്‌രിക്കുകള്‍. സൂറയുടെ ആദ്യഭാഗത്തുതന്നെ അവരെ ഖണ്ഡിക്കുന്നത് ഇപ്രകാരമാണ്-സത്യനിഷേധികള്‍ ജല്‍പിച്ചു: ''ഞങ്ങള്‍ക്ക് അന്ത്യനാള്‍ വന്നെത്തുകയൊന്നുമില്ല''. അവര്‍ക്ക് മറുപടി നല്‍കാന്‍ അല്ലാഹു നബി (സ്വ)യെ ഉണര്‍ത്തുകയാണ്: ''അങ്ങു പറയുക; അല്ല, അന്ത്യനാള്‍ നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്!...'' (സൂക്തം 3). സത്യവിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുക, സത്യനിഷേധികളെ ശിക്ഷിക്കുക എന്നിവക്കുവേണ്ടിയാണ് അന്ത്യനാളിന്റെ ആഗമമെന്നും സ്പഷ്ടമാക്കിയിരിക്കുന്നു (സൂക്തം 4, 5). സത്യത്തിന്റെ സ്വീകാരത്തില്‍ അന്ധമായ വാശിയായിരുന്നു മുശ്‌രിക്കുകള്‍ക്ക്. നബി (സ്വ)യെയും വിശ്വാസികളെയും അവര്‍ പരിഹസിച്ചും അവഹേളിച്ചും പൊറുതിമുട്ടിച്ചു. ''നാം മരിച്ചുപോയാല്‍ പിന്നെയും ഒരു പുതിയ ജീവിതമുണ്ടെന്നാണിവന്‍ പറയുന്നത്; ഇവന് ഭ്രാന്തു തന്നെയാണ്'' എന്നൊക്കെയായിരുന്നു അവരുടെ പ്രഖ്യാപനങ്ങള്‍ (സൂക്തം 7, 8). പരലോകത്തെക്കുറിച്ചും പരിഹാസകരും നിഷേധികളുമായ ആളുകള്‍ക്ക് അവിടെ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും ഉദ്‌ബോധനമുള്ളതായി കാണാം (സൂക്തം 8). അല്ലാഹുവിന്റെ ശക്തിവിശേഷങ്ങള്‍ മേല്‍ക്കുമേല്‍ പറഞ്ഞുപഠിപ്പിക്കുകയും അതിന്നുള്ള ദൃഷ്ടാന്തങ്ങള്‍ ദൈനംദിനം ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തിട്ടും ആ സര്‍വശക്തനെയും അവന്റെ തിരുദൂതരെയും ദിവ്യഗ്രന്ഥത്തെയും നിഷേധിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരെ എത്ര ഉദ്‌ബോധനം നടത്തിയിട്ടെന്ത്! എന്നാലും ഖുര്‍ആന്‍ ഇവിടെ അന്ത്യനാളിലെ പല ദയനീയ രംഗങ്ങളും ബീഭത്സ ദൃശ്യങ്ങളും അനാവരണം ചെയ്യുന്നുണ്ട്: ''സത്യനിഷേധം വഴി അക്രമകാരികളായ ജനങ്ങള്‍ മഹ്ശറില്‍ അല്ലാഹുവിന്റെ മുന്നില്‍ അണിനിരത്തപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതൊരു ഗുരുതര ദൃശ്യം തന്നെയായിരിക്കും'' എന്നു തുടങ്ങുന്ന സൂക്തം (31) അല്‍പമെങ്കിലും ചിന്താശക്തിയുള്ളവര്‍ക്ക് പാഠമായിരിക്കേണ്ടതാണ്. ''രാജാധിരാജനായ റബ്ബിന്റെ മുമ്പില്‍ നിരര്‍ത്ഥകമായ വാദപ്രതിവാദം നടത്തുന്ന കാഫിറുകള്‍ ഒടുവില്‍ ഇളിഭ്യരായി ചങ്ങലകളില്‍ കുരുക്കപ്പെടുകയും നരകത്തിലെറിയപ്പെടുകയുമാണുണ്ടാവുക'' എന്ന് അവിടെ വിശദീകരിക്കുന്നുണ്ട്. സൂറയുടെ അവസാനവും ഏകദേശം ഇതേ രംഗംതന്നെ. ''അവര്‍ ആകെ അസ്വസ്ഥരാകും; സത്യവിശ്വാസം പുല്‍കാന്‍ തയ്യാറാകും! പക്ഷെ എന്തുഫലം?'' (സൂക്തം 51-54). അല്ലാഹുവിനോടുകൂടെ സ്വയംകൃത ''ദൈവങ്ങ''ളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നവരാണല്ലോ മക്കാമുശ്‌രിക്കുകള്‍. ബുദ്ധിശൂന്യവും പരിഹാസ്യവുമായ ഈ നയം പതിനാലു നൂറ്റാണ്ടുകഴിഞ്ഞ് ഇന്നും കുറെ മനുഷ്യര്‍ വെച്ചുപുലര്‍ത്തുന്നു. അന്ന് കല്ലും മണ്ണും കൊണ്ട് അവര്‍ സ്വകരങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കിയിരുന്നുവെങ്കില്‍ ഇന്ന് പ്ലാസ്റ്റിക്കും ഫൈബറും കൊണ്ട് ഇവര്‍ യന്ത്രങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കുന്നു എന്ന വ്യത്യാസം മാത്രം; അന്ന് ശിലായുഗ ശിര്‍ക്ക്, ഇന്ന് യന്ത്രയുഗ ശിര്‍ക്ക്. ഈ ദൈവങ്ങള്‍ക്ക് വല്ല ''ക്വാളിഫികേഷനും'' ഉണ്ടോ? യാതൊന്നുമില്ല. അരാധകര്‍ക്കെല്ലാം ഇത് വ്യക്തമായി അറിയുകയും ചെയ്യാം. ഈ പശ്ചാത്തലത്തിലാണ് സൂറയില്‍ പലേടത്തും അല്ലാഹുവിന്റെ ശക്തിവിശേഷണങ്ങള്‍ എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പതിനായിരത്തിലൊരംശം പോലും സ്വായത്തമാക്കാനാകാത്ത കൃത്രിമ ''ദൈവങ്ങള്‍''ക്ക് ബുദ്ധിയുള്ള മനുഷ്യന്‍ എങ്ങനെ ദിവ്യത്വം കല്‍പിക്കും? മഹാകഷ്ടം തന്നെ! മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ചില അറബികള്‍ വാദിച്ചിരുന്നു. ചിലര്‍ അവയെ ആരാധിക്കുകയും ചെയ്തുവന്നു. ആ മലക്കുകളും സ്വന്തം ബഹുദൈവങ്ങളും പരലോകത്ത് തങ്ങളടെ സഹായകരും ശുപാര്‍ശകരുമാകുമെന്നും മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. ആ അന്ധവിശ്വാസത്തിനും മറുപടി പറയുന്നുണ്ട്. ''തന്റെ അനുമതിയോടു കൂടി മാത്രമേ ആരും അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യൂ'' (സൂക്തം 23). അമ്പിയാ-ഔലിയാക്കളായിരിക്കും അല്ലാഹുവിന്റെ അനുമതി ലഭിക്കുന്ന ശുപാര്‍ശകര്‍. അല്ലെങ്കിലും നിഷേധികള്‍ക്ക് ആര് അവിടെ ശുപാര്‍ശ ചോദിക്കാന്‍? ബഹുദൈവ വിശ്വാസികളെയും ബിംബാരാധകരെയും ഉത്തരം മുട്ടിക്കാനായി പ്രത്യേക നടപടികള്‍ തന്നെ അവിടെയുണ്ടാകുമെന്ന് സൂറ വ്യക്തമാക്കുന്നുണ്ട് (സൂക്തം 22, 40). ജിന്നുകളും പിശാചുക്കളുമൊക്കെ അദ്യശ്യമായ കാര്യങ്ങള്‍ അറിയുമെന്ന മൂഢവിശ്വാസം ആ മുശ്‌രിക്കുകളില്‍ പരക്കെ ഉണ്ടായിരുന്നു. അതിന്റെ നിഷേധത്തിനായി സുലൈമാന്‍ നബി(അ)ന്റെ വഫാത്ത് വൃത്താന്തവും പറഞ്ഞതായി കാണാം (സൂക്തം 14). ഭൂലോക ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബി(അ)ന്റെയും പിതാവ് ദാവൂദ് നബി(അ)ന്റെയും ചരിത്രത്തിലേക്ക് ഹ്രസ്വമായി വെളിച്ചം വീശുകയും അവര്‍ക്ക് നല്‍കിയ ചില മഹത്തായ അനുഗ്രഹങ്ങളുടെ രത്‌നച്ചുരുക്കം പറയുകയും ചെയ്തിട്ടുണ്ട്. പ്രവാചകത്വം, വഹ്‌യ്, ഖുര്‍ആന്‍ എന്നിവയൊക്കെ വ്യാജമായി മുദ്രയടിക്കുകയും പരിഹാസ പാത്രമാക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളുടെ നിഷേധാത്മക നിലപാടിന് സൂറയിലുടനീളം മറുപടി നല്‍കിയിരിക്കുന്നതായി കാണാം.
No comments:
Post a Comment
Note: only a member of this blog may post a comment.