Home

Saturday, 9 January 2016

അല്‍ അന്‍ആം



ഈ സൂറ മക്കീവിഭാഗത്തില്‍ പെട്ടതാണ്. നൂറ്റി അറുപത്തിയഞ്ചു സൂക്തങ്ങളാണ് ആകെ. എന്നാല്‍, ആറ് ആയത്തുകള്‍-മൂന്നു വീതം-രണ്ടു പ്രാവശ്യമായി മദീനയിലാണവതരിച്ചത്. 91, 92, 93 ആയത്തുകളും, 151, 152, 153 ആയത്തുകളും. ബാക്കിയുള്ളവ ഒറ്റ പ്രാവശ്യമായി മക്കയിലും അവതരിച്ചു. ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അന്‍ആം സൂറ ഒരു രാത്രിയില്‍ ഒറ്റയടിക്ക് മക്കയിലാണ് ഇറങ്ങിയത്. എഴുപതിനായിരം മലക്കുകള്‍ തസ്ബീഹാരവങ്ങളോടെ അതൊന്നിച്ചുണ്ടായിരുന്നു. (മഹാസിനത്തഅ്‌വീല്‍ 6:2232) ഈ സൂറയുടെ പദങ്ങള്‍ മൂവായിരത്തി അമ്പത്തിരണ്ടും അക്ഷരങ്ങള്‍ പന്തീരായിരത്തി ഇരുനൂറ്റി നാല്‍പതുമാണ്..... ലാം, മീം, നൂന്‍, ളാഅ്, റാഅ് എന്നീ അഞ്ചിലൊരക്ഷരത്തിലാണ് ഇതിലെ ആയത്തുകളുടെ പരസമാപ്തി. (ബസ്വാഇര്‍ 1:186) സുദീര്‍ഘമായ മക്കീ സൂറകളിലൊന്നാണിത്. വിശ്വാസകാര്യങ്ങളും അവയുടെ പ്രമാണങ്ങളും നിദാനങ്ങളുമൊക്കെയാണ് മുഖ്യമായും ഇതിന്റെ പ്രമേയം. ഇതിനു മുമ്പ് കഴിഞ്ഞ ദീര്‍ഘ സൂറകളൊക്കെ മദനീ വിഭാഗത്തില്‍ പെട്ടതായിരുന്നുവല്ലോ. നോമ്പ്, ഹജ്ജ്, ശിക്ഷാനടപടികള്‍, കുടുംബവ്യവസ്ഥിതികള്‍, യുദ്ധകാര്യങ്ങള്‍ തുടങ്ങി സാമൂഹിക പ്രധാനങ്ങളായ വിഷയങ്ങളും വേദക്കാരുടെയും മറ്റും പ്രശ്‌നങ്ങളുമായിരുന്നു അവയിലെ മുഖ്യചര്‍ച്ചാവിഷയം. എന്നാല്‍, അവയൊക്കെ നബിയും മുസ്‌ലിംകളും മദീനയിലെത്തിയ പശ്ചാത്തലത്തിലാണ് അവതരിച്ചത്. സമൂഹം അന്ന് വിശ്വാസത്തിലും സിദ്ധാന്തങ്ങളിലുമൊക്കെ അടിയുറച്ചു കഴിഞ്ഞിരുന്നു. ഇതാകട്ടെ, വിശ്വാസത്തിന്റെ സ്ഥിരപ്രതിഷ്ഠക്കു മുമ്പാണവതരിക്കുന്നത്, മക്കയില്‍ വെച്ച്. ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരെ ഒരു നിലക്കും വെച്ചുപൊറുപ്പിച്ചുകൂടെന്ന വാശിയുള്ള സമൂഹമായിരുന്നുവല്ലോ അവിടെ. ഈ പശ്ചാത്തലം മുന്നില്‍ കണ്ടുകൊണ്ടാണ് ദൈവവിശ്വാസം, പ്രവാചകത്വം, പുനരുത്ഥാനം എന്നീ മൂന്ന് അടിസ്ഥാന കാര്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഈ സൂറത്ത് സംസാരിക്കുന്നത്. ഒരു ചിന്താശീലന്റെ ഹൃദയത്തിലേക്ക് രൂക്ഷമായി തുളഞ്ഞുകയറുന്ന ഇതിലെ പ്രതിപാദന ശൈലിയും ശ്രദ്ധേയമാണ്. അംഗീകാരശൈലി, ബോധനശൈലി എന്നീ രണ്ടു ശൈലികളും ഇതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്, അവന്‍ അടിമകളെ അതിജയിക്കുന്നവനാണ്, അവനാണ് സത്യസന്ധമായി ആകാശഭൂമികളെ സൃഷ്ടിച്ചത്, അവന്‍ ആകാശത്തുനിന്ന് മഴ വര്‍ഷിച്ചവനാകുന്നു തുടങ്ങിയവയാണ് അംഗീകാരശൈലി. ഉദ്‌ബോധന ശൈലിയാകട്ടെ ചോദ്യോത്തരരീതിയിലാണിതിലുള്ളത്: ചോദിക്കുക, ആകാശഭൂമികളിലുള്ള വസ്തുക്കള്‍ ആര്‍ക്കുള്ളതാണ്? പറയുക, അല്ലാഹുവിന്....... ചോദിക്കുക, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്? പറയുക, അല്ലാഹു.... ഇങ്ങനെ പോകുന്നു സവിശേഷമായ ആ രീതി. അനേകം സൂക്തങ്ങളില്‍ ഇതു കാണാം. പ്രമാണങ്ങളും തെളിവുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ ചിന്തോദ്ദീപകമായ നിരത്തിവെച്ച് ബഹുദൈവവിശ്വാസികളെ വിമര്‍ശിക്കുന്നുമുണ്ട്. ഈ നിലക്കെല്ലാം നോക്കുമ്പോള്‍ മതവിശ്വാസത്തെ ദൃഢീകരിക്കുന്നതില്‍ ഈ അധ്യായത്തിന് അദ്വിതീയമായ പങ്കാണുള്ളത്. ഇമാം റാസി എഴുതുന്നു: രണ്ടു സവിശേഷതകള്‍ കൊണ്ട് ഈ അധ്യായത്തിന് വ്യതിരിക്തതയുണ്ട്. ഒന്ന്, ഒറ്റ പ്രാവശ്യമായിട്ടാണ് ഇത് അവതരിച്ചത്. എഴുപതിനായിരം മലക്കുകള്‍ ഇതിന് അകമ്പടി സേവിച്ചിരിക്കുന്നു. ഏകദൈവവിശ്വാസം, നീതി, പ്രവാചകത്വം, പരലോകം, നിരീശ്വര-നിര്‍മിത വാദികളുടെ വാദങ്ങള്‍ തകര്‍ക്കല്‍ എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് കാരണം. (തഫ്‌സീര്‍ കബീര്‍ 12:141) ഇമാം ഖുര്‍ഥുബി രേഖപ്പെടുത്തുന്നു: ബഹുദൈവ വിശ്വാസികളോടും മറ്റു പുത്തന്‍വാദികളോടും പുനരുത്ഥാന നിഷേധികളോടുമുള്ള വാഗ്വാദത്തില്‍ ഒരാധാരമത്രെ ഈ അധ്യായം. ഇത് ഒറ്റയടിക്ക് അവതരിക്കണമെന്നതും അതിന്റെ താല്‍പര്യമാകുന്നു. (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍ 6:383) പ്രപഞ്ചത്തിന്റെ സൃഷ്ടി, സംരക്ഷണം,സൃഷ്ടികള്‍ക്കുള്ള നിയമനിര്‍മാണം എന്നിവയിലെല്ലാം അല്ലാഹു ഒരേയൊരുവനാണെന്നാണ് ആദ്യം ഊന്നിപ്പറയുന്നത്. പൂര്‍വകാല പ്രവാചകന്മാര്‍ നേരിട്ട നിഷേധാത്മക സാഹചര്യങ്ങള്‍, ആ നിഷേധികള്‍ക്കുണ്ടായ ദുര്‍ഗതി, പ്രതിഫലത്തിന്റെയും അന്ത്യനാളിന്റെയും വിവരങ്ങള്‍ എന്നിവയും പരാമര്‍ശിക്കുന്നുണ്ട്. ഇബ്രാഹീം നബി(അ)യെയും ചില സന്തതികളെയും അനുസ്മരിച്ചുകൊണ്ട് അവരുടെ സുന്ദരമായ പാത അനുധാവനം ചെയ്യാന്‍ കല്‍പിക്കുന്നു. അല്‍ അന്‍ആം എന്നാണ് ഈ സൂറയുടെ പേര്. കാലികള്‍ എന്നാണ് ആ പദത്തിന്റെ അര്‍ഥം. ഏകവചനം നഅം. ബിംബാരാധകരായിരുന്ന അറബികള്‍ തങ്ങളുടെ ആ ദൈവങ്ങളുടെ സാമീപ്യവും സംതൃപ്തിയും നേടുവാനെന്ന വിശ്വാസത്തില്‍ വ്യത്യസ്ത മേല്‍വിലാസങ്ങളില്‍ കാലികളെ നേര്‍ച്ച വഴിപാടുകള്‍ ചെയ്യാറുണ്ടായിരുന്നു. ബഹീറ, സാഇബ, വസ്വീല, ഹാം തുടങ്ങിയവയെ സംബന്ധിച്ച് കഴിഞ്ഞ അധ്യായത്തില്‍ (സൂക്തം 103) നാം മനസ്സിലാക്കിയല്ലോ. ഈ സൂറയിലും കാലികളെ സംബന്ധിച്ച വിവിധ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. മൂന്ന് പ്രാവശ്യം അന്‍ആം എന്ന പദം ഇതിലാവര്‍ത്തിതമായതായും കാണാം. ഇക്കാരണത്താല് സൂറത്തിന് ആ പേര് വന്നത്.

No comments:

Post a Comment

Note: only a member of this blog may post a comment.