Home

Tuesday, 12 January 2016

അന്നഹ്ല്‍

സൂറത്തുന്നഹ്ല്‍ എന്നാണ് ഈ അധ്യായത്തിന്റെ പേര്. നഹ്ല്‍ എന്നാല്‍ തേനീച്ച. അദ്ഭുതകരമായ ഈ ജീവിയെയും അതുണ്ടാക്കുന്ന തേനിനെയും കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്-സൂക്തം 68, 69. നാമകരണത്തിന്റെ ന്യായീകരണം അതാണ്. മക്കീസൂറകളില്‍ പെട്ടതാണ് ഈ അധ്യായം. അത്‌കൊണ്ടുതന്നെ വിശ്വാസസംബന്ധമായ വിഷയങ്ങളാണ് പ്രധാനമായും പരാമര്‍ശിക്കുന്നത്. ഏകദൈവ വിശ്വാസം, ദിവ്യസന്ദേശം, അന്ത്യനാള്‍, പുനരുത്ഥാനം തുടങ്ങിയ അടിസ്ഥാന വിശ്വാസകാര്യങ്ങളവതരിപ്പിക്കുകയും അവയുടെ വിവരണത്തിനായി മറ്റു പല പാര്‍ശ്വങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിധി ഇതാ എത്തിക്കഴിഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് സൂറയുടെ ആരംഭം. നിഷേധികള്‍ അല്ലാഹുവിനെ മറന്നും ധിക്കരിച്ചും കൊണ്ട് സര്‍വതന്ത്ര സ്വതന്ത്രമായ അനിയന്ത്രിത ജീവിതം നയിക്കുന്നത് ഏറെ നീണ്ടുനില്‍ക്കയില്ലെന്നും അവരെ അല്ലാഹുവിന്റെ ഘോരശിക്ഷ പിടികൂടുമെന്നും തിരുനബി (സ്വ) ഇടക്കിടെ പറയാറുണ്ടായിരുന്നു. അവരാകട്ടെ അതും നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യും. അങ്ങനെയിരിക്കെയാണിതിന്റെ അവതരണം. ഇമാം റാസി(റ) ഉദ്ധരിക്കുന്നു: ''അന്ത്യദിനം സമീപസ്ഥമായി; ചന്ദ്രന്‍ പിളര്‍ന്നിരിക്കുന്നു'' എന്ന സൂക്തം (54:1) അവതരിച്ചപ്പോള്‍ നിഷേധികള്‍ പരസ്പരം പറഞ്ഞു: ''അവസാനനാള്‍ അടുത്തിരിക്കുന്നുവെന്നല്ലേ മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്, അത്‌കൊണ്ട് നമ്മുടെ ചില ചെയ്തികള്‍ നിറുത്തിവെച്ച് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം''. കുറേ കഴിഞ്ഞിട്ടും ഒന്നും ഉണ്ടാകാതിരുന്നപ്പോള്‍ ''നീ അപ്പറഞ്ഞതൊന്നും കാണുന്നില്ലല്ലോ മുഹമ്മദേ'' എന്നവര്‍ പരിഹസിച്ചു. അപ്പോള്‍ ''ജനങ്ങളുടെ വിചാരണ അടുത്തിരിക്കുന്നു'' എന്ന സൂക്തം (21:1) അവതീര്‍ണമായി. പേടിച്ചരണ്ടുപോയ നിഷേധികള്‍ പിന്നെയും കുറച്ച് പ്രതീക്ഷിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല. ''നീ ഭീഷണിപ്പെടുത്തുന്ന അന്ത്യനാളൊന്നും ഞങ്ങള്‍ കാണുന്നില്ലല്ലോ'' എന്ന് വീണ്ടും അവര്‍ പരിഹസിച്ചു. അപ്പോള്‍ ഈ ആയത്തിറങ്ങി: ''അല്ലാഹുവിന്റെ ശിക്ഷ വന്നുകഴിഞ്ഞിരിക്കുന്നു; എന്നാല്‍ നിങ്ങളതിന് ധൃതികൂട്ടേണ്ട!....'' (മഫാതീഹുല്‍ഗൈബ് 19:218, അസ്ബാബുന്നുസൂല്‍ 159). ഈ സൂറ മക്കിയ്യാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഏറ്റവുമവസാനത്തെ മൂന്ന് സൂക്തങ്ങള്‍ മദനീ വിഭാഗത്തില്‍ പെട്ടതാണ്. സൂക്തങ്ങളുടെ ആകെ എണ്ണം നൂറ്റിഇരുപത്തിയെട്ട്. രണ്ടായിരത്തി എണ്ണൂറ്റി നാല്‍പത് പദങ്ങളും ഏഴായിരത്തി എഴുനൂറ്റി ഏഴ് അക്ഷരങ്ങളുമാണിതില്‍. നൂന്‍, മീം, റാ എന്നീ മൂന്നിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ അന്ത്യം... (ബസ്വാഇര്‍ 1:278). അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ മഹത്ത്വത്തെയും കുറിച്ച് പ്രധാനമായും ഇതില്‍ വിവരണമുണ്ട്. അതിന്റെ ഭാഗമായി ആകാശം, അതിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍, ഭൂമി, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, സമതലങ്ങള്‍, താഴ്‌വരകള്‍, വൃക്ഷ-സസ്യലതാദികള്‍, സൂര്യ-ചന്ദ്ര-നക്ഷത്രങ്ങള്‍ ഇങ്ങനെയുള്ള ഒട്ടേറെ സൃഷ്ടികളുമായി തൊട്ടുരുമ്മിയാണ് പ്രതിപാദനം മുന്നോട്ട് നീങ്ങുന്നത്. ചിന്ത തട്ടിയുണര്‍ത്തുന്ന അതിശ്രദ്ധേയമായ ശൈലി. വഹ്‌യിനെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത് നബി (സ്വ) യെ ധിക്കരിക്കുക മക്കയിലെ മുശ്‌രിക്കുകളുടെ സ്ഥിരം സ്വഭാവമായിരുന്നു. അവര്‍ക്ക് ശരിയായ താക്കീത് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മഹത്തരങ്ങളും എണ്ണമറ്റതുമായ അനുഗ്രഹങ്ങളെ മറന്നുകളഞ്ഞ് ധിക്കാരികളായി കഴിയുന്നവരുടെ വേദനാജനകവും ദയനീയവുമായ അന്ത്യത്തെക്കുറിച്ചും പ്രതിപാദനമുണ്ട്. അല്ലാഹുവിന്റെ ദീനിലേക്ക് യൂക്തിപൂര്‍ണവും സദുപദേശാധിഷ്ഠിതവുമായ ശൈലി സ്വീകരിച്ച് പ്രബോധനം നിര്‍വഹിക്കാനാഹ്വാനം ചെയ്തുകൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്. തേനീച്ചയെയും തേനിനെയും കുറിച്ച് വരുന്ന പരാമര്‍ശങ്ങള്‍ ഇന്നും ശാസ്ത്രലോകത്തിന് കൗതുകകരമായി നിലകൊള്ളുകയാണ്.

No comments:

Post a Comment

Note: only a member of this blog may post a comment.