Home

Saturday, 9 January 2016

അല്‍ മാഇദ

ഹിജ്‌റ ആറാം വര്‍ഷാവസാനം ദുല്‍ഖഅ്ദയില്‍ ആയിരുന്നു ഹുദൈബിയ്യ സന്ധി- ക്രിസ്തബ്ദം 628 ഫെബ്രുവരിയില്‍. പിന്നീട് നാലു വര്‍ഷം കഴിഞ്ഞു തിരുനബി (സ്വ) വഫാത്തായി. ഹുദൈബിയ്യ സന്ധി കഴിഞ്ഞു തിരിച്ചുവരവേയാണ് ഈ അധ്യായം അവതീര്‍ണമായത്. പ്രവാചകജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണെന്നു ചുരുക്കം. അതിനാല്‍ നിയമനിര്‍മാണ ശാഖയില്‍ പെട്ടതായാണ് ഇതിലെ ബഹുഭൂരിഭാഗം സൂക്തങ്ങളും അവതരിച്ചത്. മുകളില്‍ പറഞ്ഞ കാരണത്താല്‍ തന്നെ മദനീവിഭാഗത്തിലാണ് ഈ സുദീര്‍ഘാധ്യായം ഉള്‍ക്കൊള്ളുന്നത്. ഏതാനും ആയത്തുകള്‍ വഴിയെ അവതരിച്ചതാണ്. ''ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നു...'' എന്ന സുപ്രസിദ്ധ സൂക്തം (3) ഹജ്ജത്തുല്‍ വിദാഇലാണിറങ്ങിയത്; 8-ാം ആയത്താകട്ടെ മക്കാഫത്ഹിലും. പ്രവാചക ജീവിതാന്ത്യത്തിലായിരുന്നു ഇതിന്റെ അവതരണമെന്നു പറഞ്ഞുവല്ലോ. ഇസ്‌ലാമിക സ്റ്റേറ്റിന്റെ നിയമനിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാര്‍ഗഭംശത്തില്‍ നിന്നും പാളിച്ചകളില്‍ നിന്നുമൊക്കെ സമൂഹത്തെ സംരക്ഷിക്കുകയും സൃഷ്ടിപരവും പുരോഗമനാത്മകവും പ്രായോഗികവും മാതൃകായോഗ്യവുമായൊരു ജീവിത വ്യവസ്ഥിതി നിര്‍മിക്കുകയുമായിരുന്നു ആവശ്യം. ഇതിന്റെ ഭാഗമെന്നോണം സുപ്രധാനമായ പല കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. പ്രതിജ്ഞകള്‍, കരാറുകള്‍, ഉടമ്പടികള്‍ എന്നിവയുടെ സാക്ഷാല്‍കാരം, അറുക്കപ്പെടുന്ന മൃഗങ്ങള്‍, മൃഗങ്ങളില്‍ അനുവദനീയമായതും അല്ലാത്തതും, വേട്ടയാടല്‍, ഇഹ്‌റാം ചെയ്യല്‍, വേദക്കാരികളെ വിവാഹം കഴിക്കല്‍, മതഭ്രഷ്ട്, ശുദ്ധീകരണമുറകള്‍, മോഷണം രാജ്യദ്രോഹം കലാപമുണ്ടാക്കല്‍ തുടങ്ങിയവയുടെ ശിക്ഷ, മദ്യപാനവും ചൂതാട്ടവും, ശപഥം ചെയ്താലുള്ള പ്രായശ്ചിത്തം, ഹജ്ജ്-ഉംറകളില്‍ പ്രവേശിച്ചാലുള്ള വേട്ട, മരണസമയത്തുള്ള വസിയ്യത്ത്, ബിംബങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ മൃഗങ്ങള്‍, അല്ലാഹുവിന്റെ നിയമനടപടികള്‍ ധിക്കരിച്ചവരുടെ വിധികള്‍ തുടങ്ങി പല കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരണങ്ങളും ഇതില്‍ വരുന്നുണ്ട്.

No comments:

Post a Comment

Note: only a member of this blog may post a comment.