അന്നംല് എന്നാണ് ഈ അധ്യായത്തിന്റെ പേര്. ഉറുമ്പ് എന്ന് വാക്കര്‍ത്ഥം. സുലൈമാന്‍ നബി(അ)ന്റെ കഥാകഥനത്തിനിടെ ഒരു ഉറുമ്പിന്‍ പറ്റത്തിന്റെയും അവയുടെ നായകന്റെയും പരാമര്‍ശം വന്നതാണ് നാമകരണത്തിന് നിദാനം. മക്കിയ്യായ ഈ സൂറയില്‍ തൊണ്ണൂറ്റിമൂന്ന് സുക്തങ്ങളാണുള്ളത്. തൊട്ടു മുമ്പ് കഴിഞ്ഞ അശ്ശുഅറാഅ് സൂറയുടെ ഘടന തന്നെയാണ് ഇതിനും. അതിന്റെ തൊട്ടുപിന്നിലായി തന്നെയായിരുന്നു ഇതും അവതരിച്ചത്. മറ്റൊരു നിലക്ക് പറഞ്ഞാല്‍ അവതരണ ക്രമത്തില്‍ തന്നെയാണ് ഇവ രണ്ടും മുസ്ഹഫില്‍ ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം വരുന്ന ''അല്‍ഖസ്വസ്വി''ന്റെ അവതരണം ഇതിന്റെ വഴിയെ ആയിരുന്നു. അവതരണത്തിലും ക്രോഡീകരണത്തിലും ഇവ മൂന്നും ക്രമത്തിലാണെന്ന് ചുരുക്കം. ഉള്ളടക്കത്തിന്റെ സ്വഭാവവും വിഷയാടിസ്ഥാനത്തിലുള്ള ഘടനയും ഇവ മൂന്നിലും തുല്യമാണ്. മക്കീ സൂറത്തുകളില്‍ വിശ്വാസ സംഹിതകളാണല്ലോ പ്രധാനമായും പറയുക. സത്യത്തിന്റെ സന്ദേശം ഉദ്‌ബോധനം ചെയ്യപ്പെടുകയും എന്നിട്ടത് നിഷേധിക്കുക വഴി ദൈവിക ശിക്ഷക്ക് പാത്രീഭൂതരാവുകയും ചെയ്ത വിവിധ ജനസമൂഹങ്ങളുടെ ചരിത്രം ഈ മൂന്ന് അധ്യായങ്ങളിലും കാണാം. കഴിഞ്ഞ സൂറയില്‍ മുര്‍സലുകളായ മൂസാ, ഇബ്‌റാഹീം, നൂഹ്, ഹൂദ്, സ്വാലിഹ്, ലൂഥ്, ശുഐബ്(അ) എന്നീ മഹാന്മാരെ സംബന്ധിച്ച് പറഞ്ഞിരുന്നുവല്ലോ. ഇവിടെയും നബിമാരുടെ ചരിത്രങ്ങള്‍ വരുന്നുണ്ട്. അവിടെ വിസ്തരിക്കാത്ത ഭാഗങ്ങള്‍ ഇതില്‍ പരത്തിപ്പറഞ്ഞതായും കാണാം. നേരത്തെ കഴിഞ്ഞ പുണ്യപുരുഷന്മാരുടെ ജീവിതത്തിലേക്ക് തന്നെ പുതിയ വെളിച്ചം വീശുന്നുമുണ്ട്. മാത്രമല്ല, ഈ അധ്യായത്തില്‍ ദാവൂദ് നബി, മകന്‍ സുലൈമാന്‍ നബി(അ) എന്നിവരുടെ ചരിത്രവും പരാമര്‍ശിച്ചിരിക്കുന്നു. അവര്‍ക്കു നല്‍കിയ ധാരാളം അനുഗ്രഹങ്ങള്‍ അവിടെ എണ്ണിയിട്ടുണ്ട്. ഖുര്‍ആനെ പരാമര്‍ശിക്കുന്ന ആയത്തുകളും പ്രബോധന മാര്‍ഗത്തിലുണ്ടാകുന്ന കഷ്ടപ്പാടുകളും ഈ മൂന്ന് സൂറകളിലും കാണാം. സൂറയുടെ അടിസ്ഥാന പ്രമേയവും മൗലികാശയവും തൗഹീദ് തന്നെയാണെന്ന് പറയാം. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ; അവന്റെ മഹച്ഛക്തിയില്‍ വിശ്വസിക്കുകയും അതംഗീകരിക്കുകയും വേണം. പരലോകം, അവിടെയുള്ള രക്ഷ-ശിക്ഷകള്‍, സ്വര്‍ഗ-നരകങ്ങള്‍ എല്ലാം ശരിവെച്ചേ പറ്റൂ. പ്രവാചകന്മാര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ദിവ്യബോധനങ്ങളിലൂടെയാണ് ഇത്തരം അദൃശ്യ കാര്യങ്ങളെ കുറിച്ച അറിവു ലഭിക്കുക. അതുകൊണ്ട് ആ വഹ്‌യിലും അത് ലഭിക്കുന്ന പ്രവാചകന്മാരിലും പരിപൂര്‍ണമായ വിശ്വാസം അര്‍പ്പിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്യാദി സിദ്ധാന്തങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ഉള്ളടക്കമാണ് പൊതുവെ സൂറയില്‍. ഇത് നിഷേധിക്കുന്നവരുടെ ദയനീയ അന്ത്യവും പരാമൃഷ്ടമായിട്ടുണ്ട്. അധ്യായത്തിന്റെ ആമുഖമെന്ന നിലക്കുള്ള അഞ്ചാറ് സൂക്തങ്ങള്‍ക്ക് ശേഷം മൂസാനബി(അ)ന്റെ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അദ്ദേഹം അത്യദ്ഭുതകരമായ പ്രകാശം കണ്ടു; അതിനടുത്തു ചെന്നു; അല്ലാഹുവിന്റെ വിളിയും പ്രവാചകത്വ ദാനവുമുണ്ടായി; ഒടുവില്‍ ഫിര്‍ഔനും കൂട്ടരും നബിയെയും സത്യത്തെയും നിഷേധിച്ചു. ഫലമുണ്ടായതോ? ശത്രുക്കളുടെ ഉന്മൂലനാശം. അതേ ചിത്രം തന്നെയാണ് ഖുര്‍ആന്റെ അഭിസംബോധിതരിലും എന്നുണര്‍ത്തുകയാണിവിടെ ലക്ഷ്യം. തിരുനബി (സ്വ)ക്കും അത്യദ്ഭുതകരമായ പ്രകാശ ദര്‍ശനമുണ്ടാകുന്നു, ഹിറാഗുഹയില്‍; നുബുവ്വത്ത് ലഭിച്ചു. അബൂജഹ്‌ലും കൂട്ടരും നബി (സ്വ)യെയും സത്യത്തെയും നിഷേധിച്ചു. ഫലമുണ്ടായതും അതേ രീതിയില്‍-ബദ്‌റില്‍ വെച്ച് ശത്രുക്കളുടെ ഉന്മൂല നാശം. അതിനു മുമ്പേ ഇവര്‍ പാഠം പഠിക്കേണ്ടതായിരുന്നു. അതുണ്ടായില്ല, കഷ്ടം! ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും ചരിത്രമാണ് തുടര്‍ന്നുവരുന്നത്. അവര്‍ക്ക് അനേകം അനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയുണ്ടായി. ഉറുമ്പുകളുടെ സംഭവം, മരംകൊത്തിപ്പക്ഷിയുടെ അദ്ഭുത വൃത്താന്തം, ജിന്നുകളും മനുഷ്യരും പക്ഷി മൃഗാദികളും ഉള്‍ക്കൊള്ളുന്ന സൈന്യശേഖരം തുടങ്ങിയവയൊക്കെ ചിന്തോദ്ദീപകമായ സംഭവങ്ങളത്രേ. ഷീബാ (സബഅ്) രാജ്ഞിയുടെ ഇസ്‌ലാമാശ്ലേഷ കഥക്ക് ഇവിടെ പ്രത്യേക പ്രസക്തിയുള്ളതായും കാണാം. സുലൈമാന്‍ നബി(അ)ന്റെ ഒരു കത്താണ് പൗരാണിക കാലത്തെ പ്രതാപ ശാലികളായ ശീബാ സാമ്രാജ്യാധിപരുടെ സന്മാര്‍ഗാശ്ലേഷത്തിന് വഴി തെളിക്കുന്നത്. എന്നാല്‍ ആ സുലൈമാന്‍ നബി(അ) ഉള്‍ക്കൊള്ളുന്ന പ്രവാചക ശൃംഖലയുടെ അവസാനക്കണ്ണിയും അവരിലെ ഒന്നാം റാങ്കിന്റെ ഉടമയുമായ മുഹമ്മദ് മുസ്ഥഫാ തിരുനബി (സ്വ) ഒരു കിതാബ് തന്നെ കൊണ്ടുവന്ന് കൊടുത്തിട്ടും ''മക്കാ പഞ്ചായത്ത് ബോര്‍ഡ് മെമ്പര്‍''മാര്‍ക്ക് അത് മുഖവിലക്കെടുക്കാന്‍ കഴിഞ്ഞതുമില്ല. ശീബാ സാമ്രാജ്യക്കാര്‍ സത്യം ഗ്രഹിച്ച് സന്മാര്‍ഗത്തിലേക്ക് വരുന്നു; മക്കക്കാര്‍ സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുകയും ശിര്‍ക്കിന്റെയും ദുര്‍മാര്‍ഗത്തിന്റെയും അന്ധകാരത്തില്‍ ചടഞ്ഞുകൂടാന്‍ തന്നെ ഉഗ്രപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. രണ്ടു സമൂഹങ്ങളും തമ്മില്‍ എന്തൊരന്തരം! രണ്ടു നാടുകളുമായി ആ രണ്ടു നബിമാര്‍ക്കുമുള്ള ബന്ധവും അവിടെ അവര്‍ക്കുള്ള സ്ഥാനവും കൂടി മനസ്സിലാക്കണം. അപ്പോഴേ ചിത്രത്തിന്റെ വൈകൃതം സുഗ്രാഹ്യമാകൂ. സുലൈമാന്‍ നബി(അ)നെക്കുറിച്ച് ശീബാ സാമ്രാജ്യക്കാര്‍ക്ക് കേട്ടറിവ് മാത്രമേയുള്ളു; മക്കക്കാരാകട്ടെ തിരുനബി (സ്വ)യുടെ സ്ഫടിക സ്ഫുടമായ ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളുടെ ഓരോ പുറവും സ്പഷ്ടമായി പഠിച്ചുവെച്ചിട്ടുള്ളവരാണ്. എന്നിട്ടും നിഷേധത്തിലുറച്ചു നില്‍ക്കാനേ അവര്‍ക്കായുള്ളൂ എന്നതാണ് ഏറെ വിസ്മയകരമായിരിക്കുന്നത്. മൂടുറച്ച ധിക്കാരത്തിനും സത്യനിഷേധത്തിനും ചികിത്സ യാതൊന്നുമില്ല! തുടര്‍ന്നു വരുന്നത് സ്വാലിഹ് നബി(അ)ന്റെ കഥയാണ്. സമൂദ് സമുദായത്തിന്റെ മാര്‍ഗദര്‍ശിയും നായകനുമായി ആ മഹാനുഭാവന്‍ രംഗപ്രവേശനം ചെയ്തതും അവസാനം മുഅ്ജിസത്തിന്റെ ഒട്ടകത്തെ കൊന്ന് അവര്‍ ഉഗ്രശിക്ഷ ഏറ്റുവാങ്ങിയതും മുന്‍സൂറയില്‍ നാം പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ സ്വാലിഹ് നബി(അ)നെ നിഗൂഢമായി കൊലപ്പെടുത്താന്‍ അക്രമിസംഘം തീരുമാനിച്ച ഒരു ഞെട്ടിക്കുന്ന സംഭവം കൂടി ഇവിടെ വിവരിക്കുന്നുണ്ട്. എന്നാല്‍ സത്യവിശ്വാസികളൊന്നിച്ച് ആ മഹാപ്രവാചകനെ അല്ലാഹു രക്ഷപ്പെടുത്തി. അത്യന്തം മ്ലേച്ഛവും ഹീനവും പ്രാകൃതവും മനുഷ്യത്വ രഹിതവുമായ പ്രകൃതി വിരുദ്ധ നടപടികളില്‍ ഏര്‍പെട്ട സമൂദുകാരെപ്പറ്റിയാണ് തുടര്‍ന്നു പറയുന്നത്. ലൂഥ്‌നബി(അ)നെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത ആ ജനം അവസാനം ഭീഷണി മുഴക്കി-ലൂഥിനെയും അനുയായികളെയും പുറത്താക്കണം! ഒടുവില്‍ അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ അവര്‍ തലകുനിക്കേണ്ടി വന്നു. ഖുറൈശിന്റെ സ്ഥിതിയും ഇതുതന്നെ. തിരുനബി (സ്വ)യെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത അവര്‍ നാട്ടില്‍ നിന്ന് അവിടത്തെ പുറത്താക്കാന്‍ തീരുമാനിച്ചു.... ഇത്തരം ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശിയ ശേഷം 59-ാം സൂക്തം മുതല്‍ ചിന്താശീലനായ മനുഷ്യനെ തൊട്ടുണര്‍ത്തുന്ന തിരുസൂക്തങ്ങളുടെ വരവായി-അല്ലാഹുവാണോ ഉത്തമന്‍, അതോ ബഹുദൈവ വിശ്വാസികള്‍ പൂജിച്ചാരാധിക്കുന്ന കൃത്രിമ ദൈവങ്ങളോ?-ഈ ഉഗ്രന്‍ ചോദ്യത്തിന് ക്രിയാത്മകമായി മറുപടി നല്‍കാന്‍ സത്യവിശ്വാസികള്‍ക്കല്ലാതെ സാധിക്കുമോ? ധാരാളം ചിന്തോദ്ദീപകമായ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അവിടെ നിരത്തിയിരിക്കുന്നതായി കാണാം. വിജ്ഞാനത്തിനും തന്മൂലമുണ്ടാകുന്ന മഹിതപദവിക്കും അങ്ങേയറ്റത്തെ പരിഗണനയാണുള്ളതെന്ന് സൂറയുടെ വിവിധ സൂക്തങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. സുലൈമാന്‍ നബി (സ്വ)ക്ക് വളരെ വിദൂരതയില്‍ നിന്ന് ഷീബാ റാണിയുടെ സിംഹാസനം എത്തിച്ചുകൊടുത്തത് വിജ്ഞാനം കൈവശമുണ്ടായിരുന്ന ഓരതിമാനുഷനാണെന്ന പ്രസ്താവം ഇതില്‍ ഏറെ ശ്രദ്ധേയമത്രേ. ഖിയാമ നാളും അതിന്റെ ലക്ഷണങ്ങളില്‍ പെട്ട ''ദാബ്ബത്തുല്‍അര്‍ളും'' അവസാനഭാഗത്ത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ശരിയായ മുസ്‌ലിം ആയി ജീവിക്കുക, വിശിഷ്യ ലോകത്തിന്റെ വെളിച്ചവും മാനവന്റെ ഭരണഘടനയുമായ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നീ കാര്യങ്ങള്‍ അധ്യായത്തിന്റെ അന്ത്യത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അവസാനം, സ്‌നേഹമസൃണവും ബുദ്ധിപൂര്‍വകവുമൊക്കെയായ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ശേഷം ധിക്കാരത്തിലും നിഷേധത്തിലും തന്നെ തുടരുന്നവര്‍ക്ക് ഒരുഗ്രന്‍ താക്കീതുനല്‍കി ഉപസംഹരിക്കുകയാണ്-സമസ്ത സ്‌തോത്രങ്ങളും അല്ലാഹുവിനത്രേ; അവസാനം (നിശ്ചലമായ സമയത്ത്) നിങ്ങള്‍ക്കവ ബോധ്യപ്പെടുക തന്നെ ചെയ്യും. നിങ്ങള്‍ അനുവര്‍ത്തിക്കുന്ന കെടുകാര്യങ്ങളെ കുറിച്ച് അവന്‍ അശ്രദ്ധനൊന്നുമല്ല!....
No comments:
Post a Comment
Note: only a member of this blog may post a comment.